“നൽകപ്പെട്ടവർ,” യഹോവയുടെ കരുതൽ
“അന്യർ യഥാർത്ഥമായി എഴുന്നേൽക്കുകയും നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയിക്കുകയും ചെയ്യും.”—യെശയ്യാവ് 61:5.
1. “ദാതാവ്” എന്ന പദം യഹോവയെ നമ്മുടെ മനസ്സിലേക്ക് വരുത്തിയേക്കാവുന്നതെന്തുകൊണ്ട്?
ദൈവം എത്ര ഉദാരനായ ദാതാവാണ്! അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “[യഹോവ] തന്നെ സകല ആളുകൾക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നു.” (പ്രവൃത്തികൾ 17:25, NW) നാം ദൈവത്തിൽനിന്നു സ്വീകരിക്കുന്ന അനേകം ‘നല്ല ദാനങ്ങളെയും പൂർണ്ണതയുള്ള സമ്മാനങ്ങളെയും’ കുറിച്ച് വിചിന്തനംചെയ്യുന്നതിനാൽ നമ്മിലോരോരുത്തർക്കും പ്രയോജനമനുഭവിക്കാൻ കഴിയും.—യാക്കോബ് 1:5, 17, NW; സങ്കീർത്തനം 29:11; മത്തായി 7:7; 10:19; 13:12; 21:43.
2, 3. (എ) ദൈവത്തിന്റെ ദാനങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം? (ബി) ഏതർത്ഥത്തിലായിരുന്നു ലേവ്യർ “നൽകപ്പെട്ടവർ” ആയിരുന്നത്?
2 നല്ല കാരണത്തോടെ, താൻ യഹോവക്ക് എങ്ങനെ മടക്കിക്കൊടുക്കുമെന്ന് സങ്കീർത്തനക്കാരൻ അറിയാനാഗ്രഹിച്ചു. (സങ്കീർത്തനം 116:12) നമ്മുടെ സ്രഷ്ടാവിന് യഥാർത്ഥത്തിൽ മനുഷ്യർക്കുണ്ടായിരിക്കാവുന്നതോ കൊടുക്കാൻ കഴിയുന്നതോ ആയ യാതൊന്നിന്റെയും ആവശ്യമില്ല. (സങ്കീർത്തനം 50:10, 12) ആളുകൾ വിലമതിപ്പോടെ സത്യാരാധനയിൽ തങ്ങളേത്തന്നെ വിട്ടുകൊടുക്കുമ്പോൾ തനിക്ക് അതു പ്രസാദകരമാണെന്ന് യഹോവ സൂചിപ്പിക്കുന്നു. (എബ്രായർ 10:5-7) സകല മനുഷ്യരും തങ്ങളുടെ സ്രഷ്ടാവിന് സമർപ്പണത്തിൽ തങ്ങളേത്തന്നെ കൊടുക്കണം. പകരം അവൻ പുരാതന ലേവ്യരുടെ കാര്യത്തിലെന്നപോലെ, വർദ്ധിച്ച പദവികൾ നീട്ടിക്കൊടുത്തേക്കാം. സകല ഇസ്രയേല്യരും ദൈവത്തിന് സമർപ്പിക്കപ്പെട്ടവരായിരുന്നെങ്കിലും, സമാഗമന കൂടാരത്തിലും ആലയത്തിലും യാഗങ്ങളർപ്പിക്കുന്നതിന് പുരോഹിതൻമാരായി അവൻ തെരഞ്ഞെടുത്തത് അഹരോന്റെ ലേവ്യകുടുംബത്തെയായിരുന്നു. ലേവ്യരിൽ ശേഷിച്ചവരെ സംബന്ധിച്ചെന്ത്?
3 യഹോവ മോശയോട് ഇങ്ങനെ പറഞ്ഞു: “ലേവിഗോത്രത്തെ അടുക്കൽ വരുത്തുക . . . അവർ സമാഗമനകൂടാരത്തിലെ സകല ഉപകരണങ്ങളും സംരക്ഷിക്കണം . . . നീ ലേവ്യരെ അഹരോനും അവന്റെ പുത്രൻമാർക്കും കൊടുക്കണം. അവർ നൽകപ്പെട്ടവരാണ് (എബ്രായർ, നെഥൂനിം), ഇസ്രയേൽപുത്രൻമാരിൽനിന്ന് അവനു നൽകപ്പെട്ടവർതന്നെ.” (സംഖ്യാപുസ്തകം 3:6, 8, 9, 41, NW) ലേവ്യർ സമാഗമനകൂടാരത്തിലെ സേവനത്തിന്റെ ചുമതലകൾ നിർവഹിക്കാൻ അഹരോനു “കൊടുക്കപ്പെട്ടു,” തന്നിമിത്തം ദൈവത്തിന് ഇങ്ങനെ പറയാൻ കഴിയുമായിരുന്നു: “അവർ നൽകപ്പെട്ടവരാണ്, ഇസ്രയേൽപുത്രൻമാരിൽനിന്ന് എനിക്ക് നൽകപ്പെട്ടവർതന്നെ.” (സംഖ്യാപുസ്തകം 8:16, 19; 18:6) ചില ലേവ്യർ ലളിതമായ ജോലികളാണ് നിർവഹിച്ചത്; മററു ചിലർക്ക് ദൈവനിയമങ്ങൾ പഠിപ്പിക്കുന്നതുപോലെയുള്ള മുന്തിയ പദവികൾ കിട്ടി. (സംഖ്യാപുസ്തകം 1:50, 51; 1 ദിനവൃത്താന്തം 6:48; 23:3, 4, 24-32; 2 ദിനവൃത്താന്തം 35:3-5) നമുക്കിപ്പോൾ നമ്മുടെ പരിചിന്തനം “നൽകപ്പെട്ട” മറെറാരു ജനത്തിലേക്കും ഒരു ആധുനിക സമാന്തരത്തിലേക്കും മാററാം.
ഇസ്രയേല്യർ ബാബിലോനിൽനിന്നു മടങ്ങിപ്പോകുന്നു
4, 5. (എ) ബാബിലോനിലെ പ്രവാസത്തിൽനിന്ന് ഏത് ഇസ്രയേല്യരാണ് മടങ്ങിവന്നത്? (ബി) ആധുനിക കാലങ്ങളിൽ, പ്രവാസത്തിൽനിന്നുള്ള ഇസ്രയേലിന്റെ മടങ്ങിവരവിനോട് അനുരൂപമായിരിക്കുന്നതെന്ത്?
4 ഇസ്രയേല്യരുടെ ഒരു ശേഷിപ്പ് നാടുവാഴിയായിരുന്ന സെരുബ്ബാബേലിനാൽ നയിക്കപ്പെട്ട് സത്യാരാധന പുനഃസ്ഥാപിക്കാൻ ബാബിലോനിൽനിന്ന് തങ്ങളുടെ ദേശത്തേക്കു എങ്ങനെ മടങ്ങിയെന്ന് എസ്രായും നെഹെമ്യാവും പ്രതിപാദിക്കുന്നു. മടങ്ങിപ്പോയവർ മൊത്തം 42,360 പേർ ആയിരുന്നുവെന്ന് രണ്ടു വിവരണങ്ങളും റിപ്പോർട്ടുചെയ്യുന്നു. ആ സംഖ്യയിൽ ആയിരക്കണക്കിനു പേർ “ഇസ്രയേൽജനത്തിൽപെട്ട ആളുകളാ”യിരുന്നു. വിവരണങ്ങൾ അടുത്തതായി പുരോഹിതൻമാരെ പട്ടികപ്പെടുത്തുന്നു. പിന്നീട് ലേവ്യസംഗീതക്കാരും വാതിൽകാവൽക്കാരും ഉൾപ്പെടെയുള്ള ഏതാണ്ട് 350 ലേവ്യർ വരുന്നു. എസ്രായും നെഹെമ്യാവും പ്രത്യക്ഷത്തിൽ ഇസ്രയേല്യരായിരുന്ന, ഒരുപക്ഷേ പുരോഹിതൻമാർപോലുമായിരുന്ന, കൂടുതലായ ആയിരങ്ങളെക്കുറിച്ചും എഴുതുന്നു, എന്നാൽ അവർക്ക് തങ്ങളുടെ വംശാവലി തെളിയിക്കാൻ കഴിഞ്ഞില്ല.—എസ്രാ 1:1, 2; 2:2-42, 59-64; നെഹെമ്യാവ് 7:7-45, 61-66.
5 പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടവരും പിന്നീട് യെരൂശലേമിലേക്കും യഹൂദ്യയിലേക്കും മടങ്ങിപ്പോയവരുമായ ഇസ്രയേലിന്റെ ഈ ശേഷിപ്പ് ദൈവത്തോടു മുന്തിയ ഭക്തിയും സത്യാരാധനയോട് അഗാധമായ പ്രതിബദ്ധതയും പ്രകടമാക്കി. സൂചിപ്പിക്കപ്പെട്ടതുപോലെ, മഹാബാബിലോന്റെ അടിമത്തത്തിൽനിന്ന് 1919-ൽ പുറത്തുവന്ന ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പിൽ നാം ഒരു ഉചിതമായ ആനുരൂപ്യം കാണുന്നു.
6. ദൈവം നമ്മുടെ കാലത്ത് ആത്മീയ ഇസ്രയേലിനെ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
6 ക്രിസ്തുവിന്റെ അഭിഷിക്തസഹോദരൻമാരുടെ ശേഷിപ്പിന്റെ 1919-ലെ വിടുതൽ മുതൽ അവർ സത്യാരാധനയിൽ തീക്ഷ്ണതയോടെ മുന്നേറിയിരിക്കുന്നു. “ദൈവത്തിന്റെ ഇസ്രയേൽ” ആയിരിക്കുന്ന 1,44,000ത്തിന്റെ അവസാനത്തെ അംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു. (ഗലാത്യർ 6:16; വെളിപ്പാട് 7:3, 4) ഒരു കൂട്ടമെന്ന നിലയിൽ, അഭിഷിക്തശേഷിപ്പാണ് ജീവദായകമായ ധാരാളം ആത്മീയാഹാരം പ്രദാനംചെയ്യുന്നതിന് ഉപയോഗിക്കപ്പെടുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ”വർഗ്ഗമായിരിക്കുന്നത്. അവർ അത് ലോകവ്യാപകമായി വിതരണംചെയ്യുന്നതിന് കഠിനവേല ചെയ്തിരിക്കുന്നു.—മത്തായി 24:45-47.
7. സത്യാരാധനയിൽ അഭിഷിക്തരോട് ആർ സഹവസിക്കുന്നു?
7 മുൻ ലേഖനം പ്രകടമാക്കിയപ്രകാരം, ഇപ്പോൾ പെട്ടെന്നുതന്നെ വരാനിരിക്കുന്ന മഹോപദ്രവത്തെ അതിജീവിക്കാനുള്ള ദൈവദത്തമായ പ്രത്യാശയുള്ള ദശലക്ഷക്കണക്കിന് “വേറെ ആടുകൾ” യഹോവയുടെ ജനത്തിൽ ഉൾപ്പെടുന്നു. അവർ യഹോവയെ എന്നേക്കും ഭൂമിയിൽ സേവിക്കാൻ ആഗ്രഹിക്കുന്നു, അവിടെ അവർക്ക് മേലാൽ വിശക്കുകയോ ദാഹിക്കുകയോ ഇല്ല, അവിടെ ദുഃഖത്തിന്റെ കണ്ണുനീർ മേലാൽ ഒഴുകുകയില്ല. (യോഹന്നാൻ 10:16; വെളിപ്പാട് 7:9-17; 21:3-5) ബാബിലോനിൽനിന്ന് മടങ്ങിപ്പോയവരെ സംബന്ധിച്ചുള്ള വിവരണത്തിൽ നാം അങ്ങനെയുള്ളവരോട് ആനുരൂപ്യമുള്ള എന്തെങ്കിലും കണ്ടെത്തുന്നുണ്ടോ? ഉവ്വ്.
ഇസ്രയേല്യേതരരും മടങ്ങിപ്പോകുന്നു
8. ബാബിലോനിൽനിന്ന് മടങ്ങിപ്പോയ ഇസ്രയേല്യരോടുകൂടെ ആർ ഉണ്ടായിരുന്നു?
8 ബാബിലോനിൽ യഹോവയെ സ്നേഹിക്കുന്നവർ വാഗ്ദത്തദേശത്തേക്കു മടങ്ങിപ്പോകാനുള്ള ആഹ്വാനം പുറപ്പെട്ടപ്പോൾ, ആയിരക്കണക്കിന് ഇസ്രയേല്യേതരർ പ്രതികരിച്ചു. എസ്രായും നെഹെമ്യാവും പ്രദാനംചെയ്യുന്ന പട്ടികകളിൽ നാം “നെഥിനീമി”നെക്കുറിച്ചും (അർത്ഥം, “നൽകപ്പെട്ടവർ”) “ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരെ”ക്കുറിച്ചും വായിക്കുന്നു, അവരുടെ മൊത്തം സംഖ്യ 392 ആയിരുന്നു. വിവരണങ്ങൾ വേറെ 7,500ലധികം പേരെക്കുറിച്ചും പറയുന്നു: ‘ദാസൻമാരും ദാസിപ്പെണ്ണുങ്ങളും’ അതുപോലെതന്നെ ലേവ്യരല്ലാത്ത “ഗായകൻമാരും ഗായികമാരും” തന്നെ. (എസ്രാ 2:43-58, 65; നെഹെമ്യാവ് 7:46-60, 67) മടങ്ങിപ്പോകാൻ ഇത്രയധികം ഇസ്രയേല്യേതരരെ പ്രേരിപ്പിച്ചതെന്തായിരുന്നു?
9. പ്രവാസത്തിൽനിന്നുള്ള മടങ്ങിപ്പോക്കിൽ ദൈവാത്മാവ് ഉൾപ്പെട്ടിരുന്നതെങ്ങനെ?
9 എസ്രാ 1:5 (NW) “പോകുന്നതിനും യഹോവയുടെ ആലയം പുനർനിർമ്മിക്കുന്നതിനും സത്യദൈവം ആത്മാവുണർത്തിയ ഏവനെ”ക്കുറിച്ചും പറയുന്നു. അതെ, മടങ്ങിപ്പോയവരെയെല്ലാം പ്രേരിപ്പിച്ചത് യഹോവയായിരുന്നു. അവൻ അവരുടെ ആത്മാവിനെ, അതായത് പ്രചോദകമായ അവരുടെ മാനസികചായ്വിനെ, ഉത്തേജിപ്പിച്ചു. തന്റെ പരിശുദ്ധാത്മാവിനെ, തന്റെ പ്രവർത്തനനിരതമായ ശക്തിയെ, ഉപയോഗിച്ചുകൊണ്ട് സ്വർഗ്ഗത്തിൽനിന്നുപോലും ദൈവത്തിന് ഇത് ചെയ്യാൻ കഴിയുമായിരുന്നു. അങ്ങനെ “പോകുന്നതിനും യഹോവയുടെ ആലയം പുനർനിർമ്മിക്കുന്നതിനും” ഉണർന്ന എല്ലാവരും “[ദൈവത്തിന്റെ] ആത്മാവിനാൽ” സഹായിക്കപ്പെട്ടു.—സെഖര്യാവ് 4:1, 6; ഹഗ്ഗായി 1:14.
ആധുനികനാളിലെ ഒരു സമാന്തരം
10, 11. ബാബിലോനിൽനിന്ന് മടങ്ങിപ്പോയ ഇസ്രയേല്യേതരരോടു സമാന്തരമായുള്ളതാരാണ്?
10 മടങ്ങിപ്പോയ ഇസ്രയേല്യേതരർ ആരെയാണ് മുൻനിഴലാക്കുന്നത്? ‘നെഥിനീം ഇന്നത്തെ “വേറെ ആടുകളോട്” ഒക്കുന്നു’ എന്ന് അനേകം ക്രിസ്ത്യാനികൾ മറുപടി പറഞ്ഞേക്കാം. സത്യംതന്നെ, എന്നാൽ നെഥിനീം മാത്രമല്ല; എന്തുകൊണ്ടെന്നാൽ മടങ്ങിപ്പോയ സകല ഇസ്രയേല്യേതരരും ആത്മീയ ഇസ്രയേല്യരല്ലാത്ത ഇന്നത്തെ ക്രിസ്ത്യാനികളെ പ്രതിനിധാനംചെയ്യുന്നു.
11 നിങ്ങൾ അർമ്മഗെദ്ദോനെ അതിജീവിച്ച് ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് കടന്നേക്കാംa[ഇംഗ്ലീഷ്] എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിച്ചു: “42,360 ഇസ്രയേല്യരടങ്ങിയ ശേഷിപ്പ് മാത്രമായിരുന്നില്ല നാടുവാഴിയായിരുന്ന സെരുബ്ബാബേലിനോടുകൂടെ ബാബിലോൻ വിട്ടുപോയത്. ആയിരക്കണക്കിന് ഇസ്രയേല്യേതരരുമുണ്ടായിരുന്നു . . . നെഥിനീം കൂടാതെ മററു ഇസ്രയേല്യേതരരുണ്ടായിരുന്നു, അടിമകളും ഗായകരും ഗായികമാരും ശലോമോൻരാജാവിന്റെ ദാസൻമാരുടെ സന്തതികളും തന്നെ.” പുസ്തകം ഇങ്ങനെ വിശദീകരിച്ചു: “നെഥിനീമും അടിമകളും ഗായകരും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരും, അടിമത്തത്തിന്റെ ദേശം വിടുകയും ഇസ്രയേല്യശേഷിപ്പിനോടുകൂടെ മടങ്ങിപ്പോകുകയും ചെയ്തു—എല്ലാവരും ഇസ്രയേല്യേതരരായിരുന്നു. . . . ഇന്ന് ആത്മീയ ഇസ്രയേല്യരല്ലാത്തവരായി വ്യത്യസ്ത ദേശങ്ങളിൽപെട്ട ആളുകൾ ആത്മീയ ഇസ്രയേലുമായി സഹകരിക്കുമെന്നും അവരോടൊത്ത് യഹോവയുടെ ആരാധന പുരോഗമിപ്പിക്കുമെന്നും ചിന്തിക്കുന്നത് ശരിയാണോ? ഉവ്വ്.” അങ്ങനെയുള്ളവർ ‘ഇന്ന് ആധുനികനാളിലെ പ്രതിമാതൃകാനെഥിനീമും ഗായകരും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരും ആയിത്തീർന്നിരിക്കുന്നു.’
12. ദൈവം ആത്മീയ ഇസ്രയേല്യർക്കുവേണ്ടി തന്റെ ആത്മാവിനെ ഒരു പ്രത്യേക വിധത്തിൽ ഉപയോഗിക്കുന്നതെങ്ങനെ, എന്നാൽ അത് അവന്റെ സകല ആരാധകർക്കും ലഭ്യമാണെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
12 പുരാതന മാതൃകയിലെന്നപോലെ, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവർക്കും ദൈവം തന്റെ ആത്മാവിനെ പ്രദാനംചെയ്യുന്നു. അവർ വീണ്ടും ജനിച്ചവരല്ല എന്നത് സത്യംതന്നെ. 1,44,000ത്തിൽപെട്ട ഓരോരുത്തർക്കും ദൈവത്തിന്റെ ഒരു ആത്മീയ പുത്രനായി ജനിക്കുന്നതിന്റെയും അവന്റെ ആത്മാവിനാൽ അഭിഷേകംചെയ്യപ്പെടുന്നതിന്റെയും ഒരിക്കൽമാത്രമുള്ള പദവിയുണ്ട്. (യോഹന്നാൻ 3:3, 5; റോമർ 8:16; എഫേസ്യർ 1:13, 14) തീർച്ചയായും, ആ അഭിഷേകം ചെറിയ ആട്ടിൻകൂട്ടത്തിനുവേണ്ടിയുള്ള ദൈവാത്മാവിന്റെ അനന്യസാധാരണമായ ഒരു പ്രത്യക്ഷതയാണ്. എന്നാൽ ദൈവത്തിന്റെ ഇഷ്ടം നിറവേററുന്നതിനും അവന്റെ ആത്മാവ് ആവശ്യമാണ്. അതുകൊണ്ട് ‘സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ കൊടുക്കുന്നു’ എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 11:13) ചോദിക്കുന്നയാൾക്ക് സ്വർഗ്ഗീയ പ്രത്യാശയായാലും, അല്ലെങ്കിൽ അയാൾ വേറെ ആടുകളിൽ പെട്ടയാളായാലും, യഹോവയുടെ ഇഷ്ടം നിറവേററുന്നതിന് അവന്റെ ആത്മാവ് സമൃദ്ധമായി ലഭ്യമാണ്.
13. ആത്മാവിന് ദൈവദാസൻമാരുടെമേലെല്ലാം പ്രവർത്തിക്കാൻ കഴിയുന്നതെങ്ങനെ?
13 ദൈവത്തിന്റെ ആത്മാവ് യെരൂശലേമിലേക്കു മടങ്ങാൻ ഇസ്രായേല്യരെയും ഇസ്രായേല്യേതരരെയും പ്രേരിപ്പിച്ചു. അത് ഇന്ന് അവന്റെ സകല വിശ്വസ്തരെയും സഹായിക്കുന്നു. ഒരു ക്രിസ്ത്യാനിയുടെ, ദൈവത്താൽ പ്രദാനംചെയ്യപ്പെടുന്ന പ്രത്യാശ സ്വർഗ്ഗത്തിലെ ജീവനായാലും ഭൂമിയിലെ ജീവനായാലും, അയാൾ സുവാർത്ത പ്രസംഗിക്കണം, അതിൽ വിശ്വസ്തനായിരിക്കാൻ പരിശുദ്ധാത്മാവ് അയാളെ പ്രാപ്തനാക്കുന്നു. നമ്മിൽ ഓരോരുത്തരും—നമ്മുടെ പ്രത്യാശ എന്തുതന്നെയായിരുന്നാലും—ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തേണ്ടയാവശ്യമുണ്ട്, അത് നമുക്കെല്ലാം പൂർണ്ണമായ അളവിൽ ആവശ്യമാണ്.—ഗലാത്യർ 5:22-26.
പ്രത്യേകസേവനത്തിനുവേണ്ടി നൽകപ്പെട്ടവർ
14, 15. (എ) മടങ്ങിപ്പോയ ഇസ്രയേല്യേതരരുടെ കൂട്ടത്തിൽ ഏതു രണ്ടു കൂട്ടങ്ങൾ വേർതിരിച്ചുപറയപ്പെട്ടു? (ബി) നെഥിനീം ആരായിരുന്നു, അവർ എന്തു ചെയ്തു?
14 മടങ്ങിപ്പോകാൻ ആത്മാവ് പ്രചോദിപ്പിച്ച ആയിരക്കണക്കിന് ഇസ്രയേല്യേതരരുടെ ഇടയിൽ ദൈവത്തിന്റെ വചനം വേർതിരിച്ചുപറഞ്ഞ രണ്ടു ചെറിയ കൂട്ടങ്ങളുണ്ടായിരുന്നു—നെഥിനീമും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരും. അവർ ആരായിരുന്നു? അവർ എന്തു ചെയ്തു? ഇത് ഇന്ന് എന്തർത്ഥമാക്കിയേക്കാം?
15 നെഥിനീം ഇസ്രയേല്യേതര ഉത്ഭവമുണ്ടായിരുന്ന ഒരു കൂട്ടമായിരുന്നു, അവർക്ക് ലേവ്യരോടൊത്തു ശുശ്രൂഷിക്കുന്നതിനുള്ള പദവിയുമുണ്ടായിരുന്നു. “സമൂഹത്തിനും യഹോവയുടെ യാഗപീഠത്തിനും വേണ്ടി വിറകുശേഖരിക്കുന്നവരും വെള്ളംകോരുന്നവരു”മായിത്തീർന്ന ഗിബെയോനിൽനിന്നുള്ള കനാന്യരെ ഓർക്കുക. (യോശുവ 9:27) അവരുടെ സന്തതികളിൽ ചിലരും അതുപോലെതന്നെ ദാവീദിന്റെ വാഴ്ചക്കാലത്തും മററു കാലങ്ങളിലും നെഥനീമായി ചേർക്കപ്പെട്ട മററുള്ളവരും ബാബിലോനിൽനിന്ന് മടങ്ങിപ്പോയ നെഥിനീമിന്റെ ഇടയിൽ ഉണ്ടായിരിക്കാനിടയുണ്ട്. (എസ്രാ 8:20) നെഥിനീം എന്താണ് ചെയ്തത്? പുരോഹിതൻമാരെ സഹായിക്കാനാണ് ലേവ്യർ കൊടുക്കപ്പെട്ടത്. പിന്നീട് ലേവ്യരെ സഹായിക്കാൻ നെഥിനീം കൊടുക്കപ്പെട്ടു. പരിച്ഛേദനയേററ വിദേശികൾക്കുപോലും ഇതൊരു പദവിയായിരുന്നു.
16. കാലക്രമത്തിൽ നെഥിനീമിന്റെ ധർമ്മത്തിനു മാററമുണ്ടായതെങ്ങനെ?
16 കൂട്ടം ബാബിലോനിൽനിന്ന് മടങ്ങിവന്നപ്പോൾ, പുരോഹിതൻമാരോടോ നെഥിനീമിനോടോ “ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരോ”ടോ ഉള്ള താരതമ്യത്തിൽ ലേവ്യർ അധികമില്ലായിരുന്നു. (എസ്രാ 8:15-20) ജെയിംസ് ഹേസ്ററിംഗ്സിന്റെ ദ ഡിക്ഷ്ണറി ഓഫ് ദ ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു കാലത്തിനുശേഷം [നെഥിനീം] ഒരു വിശുദ്ധ ഔദ്യോഗിക വർഗ്ഗമായി തികച്ചും സ്ഥാപിതമായതുകൊണ്ട് അവർക്ക് പദവികൾ കൊടുക്കപ്പെടുന്നതായി നാം കാണുന്നു.” വേററസ് റെറസ്ററമെൻറം എന്ന പണ്ഡിതോചിതമായ പത്രിക ഇങ്ങനെ സൂചിപ്പിക്കുന്നു: “ഒരു മാററം സംഭവിച്ചു. പ്രവാസത്തിൽനിന്നുള്ള മടങ്ങിവരവിനുശേഷം, ഈ വിദേശികൾ ആലയത്തിലെ അടിമകളായി വീക്ഷിക്കപ്പെട്ടില്ല, പിന്നെയോ അതിലെ ശുശ്രൂഷകർ ആയിട്ടായിരുന്നു, ആലയത്തിൽ കൃത്യങ്ങൾ നിർവഹിച്ച മററു സമൂഹങ്ങളുടേതിനോടു സമാനമായ പദവി ആസ്വദിക്കുന്നവർ തന്നെ.—“ഒരു മാററം ഭവിച്ച പദവി” എന്ന ചതുരം കാണുക.
17. നെഥിനീമിന് കൂടുതൽ ചെയ്യാൻ കിട്ടിയതെന്തുകൊണ്ട്, ഇതിന് ബൈബിൾപരമായ എന്തു തെളിവുണ്ട്?
17 തീർച്ചയായും നെഥിനീം പുരോഹിതൻമാരുടെയോ ലേവ്യരുടെയോ സമൻമാരായിത്തീർന്നില്ല. ഒടുവിൽ പറഞ്ഞ കൂട്ടങ്ങൾ യഹോവയാൽത്തന്നെ തെരഞ്ഞെടുക്കപ്പെട്ട ഇസ്രയേല്യരായിരുന്നു, ഇസ്രയേല്യേതരരാൽ നികത്തപ്പെടാവുന്നവരല്ലായിരുന്നു. എന്നിരുന്നാലും, ലേവ്യരുടെ സംഖ്യ കുറഞ്ഞുപോയതുകൊണ്ട് നെഥിനീമിന് ദൈവസേവനത്തിൽ കൂടുതൽ കൊടുക്കപ്പെട്ടുവെന്നാണ് ബൈബിൾപരമായ സൂചനകൾ. അവർക്ക് ആലയത്തിനടുത്ത് പാർപ്പിടങ്ങൾ കൊടുക്കപ്പെട്ടു. നെഹെമ്യാവിന്റെ നാളിൽ അവർ ആലയത്തിനടുത്തുള്ള മതിലുകളുടെ കേടുപോക്കുന്നതിന് പുരോഹിതൻമാരോടുകൂടെ പ്രവർത്തിച്ചു. (നെഹെമ്യാവ് 3:22-26) നെഥിനീമിനെ നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് പേർഷ്യയിലെ രാജാവ് വിധിച്ചു, ആലയസേവനംനിമിത്തം ലേവ്യർ ഒഴിവാക്കപ്പെട്ടതുപോലെതന്നെ. (എസ്രാ 7:24) ഈ “നൽകപ്പെട്ടവർ” (ലേവ്യരും നെഥിനീമും) ആത്മീയ കാര്യങ്ങളോട് എങ്ങനെ ബന്ധിക്കപ്പെട്ടിരുന്നുവെന്നും ലേവ്യരായിരിക്കുന്നതായി ഒരിക്കലും ഗണിക്കപ്പെട്ടിരുന്നില്ലെങ്കിലും നെഥിനീമിന്റെ നിയമനങ്ങൾ ആവശ്യാനുസരണം എങ്ങനെ വർദ്ധിപ്പിക്കപ്പെട്ടിരുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു. മടങ്ങിപ്പോകുന്നതിന് എസ്രാ പിന്നീട് പ്രവാസികളെ കൂട്ടിവരുത്തിയപ്പോൾ പ്രാരംഭത്തിൽ അവരുടെ ഇടയിൽ ലേവ്യരില്ലായിരുന്നു. അതുകൊണ്ട് അവരെ കൂട്ടിവരുത്തുന്നതിനുള്ള ശ്രമം അവൻ ഉർജ്ജിതപ്പെടുത്തി. ഇത് 38 ലേവ്യരും 220 നെഥിനീമും “നമ്മുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള ശുശ്രൂഷക”രായി സേവിക്കുന്നതിന് മടങ്ങിപ്പോകുന്നതിൽ കലാശിച്ചു.—എസ്രാ 8:15-20.
18. ശലോമോന്റെ ദാസൻമാരുടെ പുത്രൻമാർ ഏതു ധർമ്മം നിറവേററിയിരിക്കാം?
18 വേർതിരിക്കപ്പെട്ട രണ്ടാമത്തെ ഒരു കൂട്ടം ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരായിരുന്നു. ബൈബിൾ അവരെക്കുറിച്ച് അധികം വിശദാംശങ്ങൾ നൽകുന്നില്ല. ചിലർ “സോഫേരെത്തിന്റെ പുത്രൻമാർ” ആയിരുന്നു. എസ്രാ ആ പേരിനോട് ഒരു നിശ്ചയോപപദം ചേർത്തുകൊണ്ട് അതിനെ ഹാസോഫേരെത്ത് എന്നാക്കുന്നു, അതിന്റെ അർത്ഥം “ശാസ്ത്രി” എന്നായിരിക്കാനിടയുണ്ട്. (എസ്രാ 2:55; നെഹെമ്യാവ് 7:57) അങ്ങനെ അവർ ശാസ്ത്രിമാരുടെ അല്ലെങ്കിൽ പകർപ്പെഴുത്തുകാരുടെ ഒരു ഉദ്യോഗസ്ഥവൃന്ദമായിരുന്നിരിക്കാം, സാദ്ധ്യതയനുസരിച്ച് ആലയ⁄ ഭരണനിർവഹണ ശാസ്ത്രിമാർ. വിദേശീയ ഉത്ഭവമുള്ളവരായിരുന്നെങ്കിലും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാർ ബാബിലോൻ വിട്ടുപോയതിനാലും യഹോവയുടെ ആരാധന പുനഃസ്ഥാപിക്കുന്നതിന് മടങ്ങിപ്പോയതിനാലും യഹോവയോടുള്ള തങ്ങളുടെ ഭക്തി തെളിയിച്ചു.
ഇന്ന് നമ്മേത്തന്നെ കൊടുക്കൽ
19. ഇന്നത്തെ അഭിഷിക്തരും വേറെ ആടുകളും തമ്മിലുള്ള ബന്ധമെന്താണ്?
19 നമ്മുടെ കാലത്ത്, നിർമ്മലാരാധനക്ക് നേതൃത്വം വഹിക്കുന്നതിനും സുവാർത്ത പ്രസംഗിക്കുന്നതിനും ദൈവം അഭിഷിക്ത ശേഷിപ്പിനെ ശക്തമായി ഉപയോഗിച്ചിരിക്കുന്നു. (മർക്കോസ് 13:10) ഇവർ വേറെ ആടുകളിൽപെട്ട ദശസഹസ്രങ്ങൾ, ശതസഹസ്രങ്ങൾ, പിന്നെ ദശലക്ഷങ്ങൾ ആരാധനയിൽ തങ്ങളോടു ചേരുന്നത് കണ്ടതിൽ എത്ര സന്തോഷിച്ചിരിക്കുന്നു! ശേഷിപ്പും വേറെ ആടുകളും തമ്മിൽ എത്ര ഉല്ലാസപ്രദമായ സഹകരണമാണുള്ളത്!—യോഹന്നാൻ 10:16.
20. നെഥിനീമിനോടും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരോടുമുള്ള ഒരു സമാന്തരംസംബന്ധിച്ച ഏതു പുതിയ ഗ്രാഹ്യം ന്യായയുക്തമാണ്? (സദൃശവാക്യങ്ങൾ 4:18)
20 പുരാതന ബാബിലോനിലെ പ്രവാസത്തിൽനിന്ന് മടങ്ങിവന്ന സകല ഇസ്രയേല്യേതരരും ഇപ്പോൾ ആത്മീയ ഇസ്രയേലിനോടു ചേർന്ന് സേവിക്കുന്ന മഹാപുരുഷാരത്തോടു സമാന്തരമാണ്. എന്നിരുന്നാലും, ബൈബിൾ നെഥിനീമിനെയും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരെയും വേർതിരിച്ചുപറയുന്നുവെന്ന വസ്തുതസംബന്ധിച്ചെന്ത്? മാതൃകയിൽ നെഥിനീമിനും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാർക്കും മടങ്ങിപ്പോയ ഇസ്രയേല്യരല്ലാത്ത മററുള്ളവരുടേതിലും കവിഞ്ഞ പദവികൾ കൊടുക്കപ്പെട്ടു. ഇതിന്, പക്വതയും സന്നദ്ധതയുമുള്ള ചില വേറെ ആടുകൾക്ക് കൂടുതലായ പദവികൾ ദൈവം നീട്ടിക്കൊടുത്തിരിക്കുന്നതിനെ മുൻനിഴലാക്കാൻ കഴിയും.
21. ഭൗമികപ്രത്യാശയുള്ള ചില സഹോദരൻമാർക്ക് കൂടുതലായ ചുമതലകളും പദവികളും ലഭിച്ചിരിക്കുന്നതെങ്ങനെ?
21 നെഥിനീമിന്റെ കൂടുതലായ പദവികൾ ആത്മീയ പ്രവർത്തനങ്ങളോട് നേരിട്ട് ബന്ധിക്കപ്പെട്ടിരുന്നു. ശലോമോന്റെ ദാസൻമാരുടെ പുത്രൻമാർക്ക് ഭരണപരമായ ഉത്തരവാദിത്തങ്ങൾ ലഭിച്ചിരുന്നതായി തോന്നുന്നു. സമാനമായി ഇന്ന്, യഹോവയുടെ ജനത്തിന്റെ ആവശ്യങ്ങൾ നോക്കുന്നതിന് അവൻ അവർക്ക് “മനുഷ്യരാം ദാനങ്ങൾ” കൊടുത്ത് അനുഗ്രഹിച്ചിരിക്കുന്നു. (എഫേസ്യർ 4:8, 11, 12) ഈ കരുതലിൽ സർക്കിട്ട് മേൽവിചാരകൻമാരായും ഡിസ്ട്രിക്ററ് മേൽവിചാരകൻമാരായും സേവിച്ചുകൊണ്ടും വാച്ച്ററവർ സൊസൈററിയുടെ 98 ബ്രാഞ്ചുകളിലെ ബ്രാഞ്ച് കമ്മിററികളിൽ സേവിച്ചുകൊണ്ടും ‘ആട്ടിൻകൂട്ടങ്ങളെ മേയിക്കുന്നതിൽ’ പങ്കെടുക്കുന്ന പക്വമതികളും പരിചയസമ്പന്നരുമായ അനേകം സഹോദരൻമാർ ഉൾപ്പെടുന്നു. (യെശയ്യാവ് 61:5) സൊസൈററിയുടെ ലോക ഹെഡ്ക്വാർട്ടേഴ്സിൽ “വിശ്വസ്ത ഗൃഹവിചാരക”ന്റെയും അതിന്റെ ഭരണസംഘത്തിന്റെയും മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ പ്രാപ്തിയുള്ള പുരുഷൻമാർക്ക് ആത്മീയ ഭക്ഷ്യങ്ങൾ തയ്യാറാക്കുന്നതിൽ സഹായിക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നുണ്ട്. (ലൂക്കോസ് 12:42) സമർപ്പിച്ചിട്ട് ദീർഘകാലമായ മററ് സന്നദ്ധസേവകർ ബെഥേൽഭവനങ്ങളും ഫാക്റററികളും പ്രവർത്തിപ്പിക്കുന്നതിനും ക്രിസ്തീയാരാധനക്കുവേണ്ടിയുള്ള പുതിയ ബ്രാഞ്ച് സൗകര്യങ്ങളും ഹാളുകളും നിർമ്മിക്കുന്നതിൽ ലോകവ്യാപകമായുള്ള പരിപാടികളുടെ മേൽനോട്ടം വഹിക്കുന്നതിനും പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു. അവർ രാജകീയ പുരോഹിതവർഗ്ഗത്തിന്റെ ഭാഗമായിരിക്കുന്ന അഭിഷിക്തശേഷിപ്പിന്റെ ഉററ സഹായികളായി സേവിക്കുന്നതിൽ മികച്ചുനിന്നിരിക്കുന്നു.—1 കൊരിന്ത്യർ 4:17; 14:40 താരതമ്യപ്പെടുത്തുക; 1 പത്രോസ് 2:9.
22. ഇപ്പോൾ വേറെ ആടുകളിൽ ചിലർക്ക് ഘനമുള്ള ഉത്തരവാദിത്തങ്ങൾ കൊടുക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്, നാം ഇതിനോട് എങ്ങനെ പ്രതികരിക്കണം?
22 പുരാതന കാലങ്ങളിൽ, പുരോഹിതൻമാരും ലേവ്യരും യഹൂദൻമാരുടെ ഇടയിൽ തുടർന്നു സേവിച്ചിരുന്നു. (യോഹന്നാൻ 1:19) എന്നിരുന്നാലും, ഭൂമിയിലെ ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പ് കുറഞ്ഞുകൊണ്ടേയിരിക്കണം. (യോഹന്നാൻ 3:30 വിപരീത താരതമ്യംചെയ്യുക.) ഒടുവിൽ, മഹാബാബിലോന്റെ നാശത്തിനുശേഷം, ‘മുദ്രയിടപ്പെട്ടവരായ’ 1,44,000ത്തിലെ എല്ലാവരും കുഞ്ഞാടിന്റെ കല്യാണത്തിനുവേണ്ടി സ്വർഗ്ഗത്തിലായിരിക്കും. (വെളിപ്പാട് 7:1-3; 19:1-8) എന്നാൽ ഇപ്പോൾ വേറെ ആടുകൾ വർദ്ധിച്ചുകൊണ്ടിരിക്കണം. നെഥിനീമിനോടും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരോടും താരതമ്യപ്പെടുത്താവുന്ന അവരിൽ ചിലർക്ക് ഇപ്പോൾ ഘനമുള്ള ഉത്തരവാദിത്തങ്ങൾ നിയമിച്ചുകൊടുക്കപ്പെടുന്നുവെന്ന വസ്തുത അവർ ധിക്കാരികളാകുന്നതിനോ ആത്മപ്രാധാന്യം തോന്നുന്നതിനോ ഇടയാക്കുന്നില്ല. (റോമർ 12:3) ഇത് ദൈവത്തിന്റെ ജനം “മഹോപദ്രവത്തിൽനിന്ന് പുറത്തുവരു”മ്പോൾ വേറെ ആടുകളുടെ ഇടയിൽ നേതൃത്വം വഹിക്കുന്നതിന് ഒരുങ്ങിയിരിക്കുന്ന പരിചയസമ്പന്നരായ പുരുഷൻമാർ—“പ്രഭുക്കൻമാർ”—ഉണ്ടായിരിക്കുമെന്നുള്ള ഉറപ്പുനൽകുന്നു.—വെളിപ്പാട് 7:14, NW; യെശയ്യാവ് 32:1; പ്രവൃത്തികൾ 6:2-7 താരതമ്യപ്പെടുത്തുക.
23. ദൈവികസേവനം സംബന്ധിച്ച് നമ്മളെല്ലാം ഒരു കൊടുക്കലിന്റെ ആത്മാവ് നട്ടുവളർത്തേണ്ടതെന്തുകൊണ്ട്?
23 ബാബിലോനിൽനിന്ന് മടങ്ങിപ്പോയ സകലരും കഠിനവേല ചെയ്യുന്നതിനും യഹോവയുടെ ആരാധനയാണ് തങ്ങളുടെ മനസ്സിലും ഹൃദയത്തിലും ഒന്നാമതു നിൽക്കുന്നതെന്നു തെളിയിക്കുന്നതിനും സന്നദ്ധരായിരുന്നു. ഇന്നും അതുപോലെതന്നെയാണ്. അഭിഷിക്ത ശേഷിപ്പിനോടുകൂടെ, “അന്യർ യഥാർത്ഥമായി എഴുന്നേൽക്കുകയും . . . ആട്ടിൻകൂട്ടങ്ങളെ മേയിക്കുകയും ചെയ്യും.” (യെശയ്യാവ് 61:5, NW) നമുക്ക് ദൈവം കരുതിയിരിക്കുന്ന ഏതു പ്രത്യാശയുണ്ടായിരുന്നാലും, അർമ്മഗെദ്ദോനിലെ യഹോവയുടെ സംസ്ഥാപന ദിവസത്തിനു മുമ്പ് ആത്മ-നിയമിത മൂപ്പൻമാർക്ക് ഏതു പദവികൾ നീട്ടിക്കൊടുക്കപ്പെട്ടാലും, നമുക്കെല്ലാം നിസ്വാർത്ഥവും ഉദാത്തവുമായ ഒരു കൊടുക്കലിന്റെ ആത്മാവ് നട്ടുവളർത്താം. യഹോവയുടെ മഹത്തായ സകല പ്രയോജനങ്ങൾക്കുംവേണ്ടി നമുക്ക് ഒരിക്കലും അവനു തിരികെ കൊടുക്കാൻ കഴികയില്ലെങ്കിലും, സ്ഥാപനത്തിനുള്ളിൽ നാം ചെയ്യുന്ന എന്തിലും നമുക്ക് മുഴുദേഹിയോടെ പ്രവർത്തിക്കാം. (സങ്കീർത്തനം 116:12-14; കൊലോസ്യർ 3:23) അങ്ങനെ “ഭൂമിമേൽ രാജാക്കൻമാരായി ഭരിക്കാൻ” നിർണ്ണയിക്കപ്പെട്ടിരിക്കുന്ന അഭിഷിക്തരോടുകൂടെ വേറെ ആടുകൾ അടുത്തുസേവിക്കുമ്പോൾ നമുക്കെല്ലാം സത്യാരാധനക്കുവേണ്ടി നമ്മേത്തന്നെ കൊടുക്കാൻ കഴിയും.—വെളിപ്പാട് 5:9, 10, NW.
[അടിക്കുറിപ്പ്]
a പേജുകൾ 142-8; വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
ഓർത്തിരിക്കാനുള്ള ആശയങ്ങൾ
◻ പുരാതന ഇസ്രയേലിൽ ഏതു വിധത്തിലാണ് ലേവ്യർ “നൽകപ്പെട്ടവർ” ആയിരുന്നത്?
◻ ഏത് ഇസ്രയേല്യേതരർ പ്രവാസത്തിൽനിന്ന് മടങ്ങിപ്പോയി, ആരെ മുൻനിഴലാക്കിക്കൊണ്ട്?
◻ നെഥിനീമിന് ഏതു മാററമുണ്ടായതായി തോന്നുന്നു?
◻ നെഥിനീമിനെയും ശലോമോന്റെ ദാസൻമാരുടെ പുത്രൻമാരെയും സംബന്ധിച്ച് ഇപ്പോൾ ഏതു സമാന്തരം ഗ്രഹിക്കപ്പെടുന്നു?
◻ അഭിഷിക്തരും വേറെ ആടുകളും തമ്മിലുള്ള സഹകരണത്താൽ ഏതു വിശ്വാസം ജനിപ്പിക്കപ്പെടുന്നു?
[14-ാം പേജിലെ ചതുരം]
മാററംവന്ന ഒരു പദവി
പ്രവാസത്തിൽനിന്ന് മടങ്ങിപ്പോയ ഇസ്രയേല്യരല്ലാത്തവർക്ക് അനുഭവപ്പെട്ട ചില മാററങ്ങളെക്കുറിച്ച് അനേകം ബൈബിൾനിഘണ്ടുക്കളും എൻസൈക്ലോപ്പീഡിയാകളും അഭിപ്രായംപറയുന്നു. ദൃഷ്ടാന്തത്തിന്, “അവരുടെ സ്ഥാനത്തിലെ മാററം” എന്നതിൻകീഴിൽ എൻസൈക്ലോപ്പീഡിയ ബിബ്ലിക്കാ പറയുന്നു: “സൂചിപ്പിക്കപ്പെട്ടുകഴിഞ്ഞതുപോലെ, അതേസമയം അവരുടെ സ്ഥാനം അവശ്യം ഉയർത്തപ്പെട്ടു. [നെഥിനീം] മേലാൽ പദത്തിന്റെ കൃത്യമായ അർത്ഥപ്രകാരം അടിമകളായി കാണപ്പെടുന്നില്ല.” (ചേനും ബ്ലാക്കും എഡിററുചെയ്ത വാല്യം III, പേജ് 3399) ദി സൈക്ലോപ്പീഡിയാ ഓഫ് ബിബ്ലിക്കൽ ലിറററേച്ചറിൽ ജോൺ കിറേറാ എഴുതുന്നു: “പലസ്തീനിലെ ഈ എളിയ നിലയിലേക്ക് അവരിൽ [നെഥിനീം] അനേകരും മടങ്ങിപ്പോകുമെന്ന് പ്രതീക്ഷിക്കാമായിരുന്നില്ല . . . ഈ ആളുകൾ അങ്ങനെ പ്രത്യക്ഷമാക്കിയ സ്വമേധയായുള്ള അർപ്പണബോധം നെഥിനീമിന്റെ നിലയെ ഉയർത്തി.” (വാല്യം II, പേജ് 417) ദി ഇൻറർനാഷനൽ സ്ററാൻഡേർഡ് ബൈബിൾ എൻസൈക്ലോപ്പീഡിയാ “ഈ സഹവാസത്തിന്റെയും ശലോമോന്റെ കാലഘട്ടത്തിലെ അവരുടെ പശ്ചാത്തലത്തിന്റെയും വെളിച്ചത്തിൽ, രണ്ടാമത്തെ ആലയത്തിൽ ശലോമോന്റെ ദാസൻമാർക്ക് സാർത്ഥകമായ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നുവെന്ന് കാണാൻ കഴിയും.”—ജി. ഡബ്ലിയൂ. ബ്രോമിലി എഡിററ്ചെയ്തത്, വാല്യം 4, പേജ് 570.
[15-ാം പേജിലെ ചിത്രം]
ഇസ്രയേല്യർ യെരൂശലേം പുതുക്കിപ്പണിയാൻ മടങ്ങിപ്പോയപ്പോൾ ആയിരക്കണക്കിന് ഇസ്രയേല്യേതരർ അവരോടുകൂടെ പോയി
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[17-ാം പേജിലെ ചിത്രം]
കൊറിയയിലെ ബ്രാഞ്ച് കമ്മിററി. പുരാതന നെഥിനീമിനുണ്ടായിരുന്നതുപോലെ, ഇന്ന് വേറെ ആടുകളിൽ പെട്ട പുരുഷൻമാർക്ക് സത്യാരാധനയിൽ ഘനമുള്ള ഉത്തരവാദിത്തങ്ങളുണ്ട്