ഇയ്യോബ് സഹിച്ചുനിന്നു—നമുക്കും കഴിയും!
“നോക്കൂ! സഹിച്ചുനിന്നവരെ നാം സന്തുഷ്ടരായി പ്രഖ്യാപിക്കുന്നു.”—യാക്കോബ് 5:11, NW.
1. തന്റെ പരിശോധനകളെപ്പററി പ്രായംചെന്ന ഒരു ക്രിസ്ത്യാനി പറഞ്ഞതെന്തായിരുന്നു?
‘പിശാച് എന്റെ പിന്നാലെയുണ്ട്! എനിക്ക് ഇയ്യോബിനെപ്പോലെ തോന്നുന്നു!’ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുവെച്ച് എ. എച്ച്. മാക്മില്ലൻ ഒരു ഉററസുഹൃത്തിനോടു തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചത് അങ്ങനെയായിരുന്നു. 89-ാമത്തെ വയസ്സിൽ, അതായത് 1966 ആഗസ്ററ് 26-നു മാക്മില്ലൻ സഹോദരന്റെ ഭൗമിക ജീവിതഗതി അവസാനിച്ചു. തന്നെപ്പോലെയുള്ള അഭിഷിക്തരായ ക്രിസ്ത്യാനികളുടെ വിശ്വസ്ത സേവനത്തിനുള്ള ബഹുമതി “അവരെ പിന്തുടരുന്നു” എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. (വെളിപ്പാടു 14:13) തീർച്ചയായും, സ്വർഗത്തിലെ അമർത്ത്യജീവനിലേക്കുള്ള പുനരുത്ഥാനത്തിലൂടെ യഹോവയുടെ സേവനത്തിൽ അവർ നിർവിഘ്നം തുടരും. ആ പ്രതിഫലം മാക്മില്ലനു ലഭിച്ചുവെന്നതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അതിയായി സന്തോഷിച്ചു. എന്നിരുന്നാലും, ആയുസ്സിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പലവിധ പീഡകളിൽപ്പെട്ടുഴലുകയായിരുന്നു. ദൈവത്തോടുള്ള തന്റെ നിർമലത തകർക്കാനുള്ള സാത്താന്റെ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹത്തെ വളരെയധികം ബോധവാനാക്കുന്നതായിരുന്നു പ്രസ്തുത പ്രശ്നങ്ങൾ.
2, 3. ഇയ്യോബ് ആരായിരുന്നു?
2 തനിക്ക് ഇയ്യോബിനെപ്പോലെ തോന്നിയെന്നു മാക്മില്ലൻ പറഞ്ഞപ്പോൾ അദ്ദേഹം പരാമർശിച്ചത് വിശ്വാസത്തിന്റെ വലിയ പരിശോധനകൾ സഹിച്ച ഒരു മനുഷ്യനെയായിരുന്നു. ഇയ്യോബ് ജീവിച്ചിരുന്നത് “ഊസ് ദേശ”ത്തായിരുന്നു. സാധ്യതയനുസരിച്ച്, ഈ പ്രദേശം ഉത്തര അറേബ്യയിലായിരിക്കണം. നോഹയുടെ പുത്രനായ ശേമിന്റെ പിൻഗാമിയായ അദ്ദേഹം യഹോവയുടെ ഒരു ആരാധകനായിരുന്നു. ഇയ്യോബിന്റെ പരിശോധനകൾ നടന്നത് യോസേഫിന്റെ മരണത്തിനും മോശ നേരുള്ളവനെന്നു തെളിയിച്ച സമയത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലാണെന്നു തോന്നുന്നു. കാരണം ആ കാലഘട്ടത്ത്, ദൈവഭക്തിയിൽ ഇയ്യോബിനോടു തുല്യനായി ഭൂമിയിൽ മററാരും ഉണ്ടായിരുന്നില്ല. നിഷ്കളങ്കനും നേരുള്ളവനും ദൈവഭയമുള്ള മനുഷ്യനുമായിട്ടാണു യഹോവ ഇയ്യോബിനെ വീക്ഷിച്ചത്.—ഇയ്യോബ് 1:1, 8.
3 “സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്ന” ഇയ്യോബിനു ധാരാളം ഭൃത്യൻമാരും 11,500 കന്നുകാലികളും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഏററവും പ്രാധാന്യം ആത്മീയ സമ്പത്തായിരുന്നു. ദൈവഭയമുള്ള ഇന്നത്തെ പിതാക്കൻമാരെപ്പോലെ ഇയ്യോബ് തന്റെ ഏഴു പുത്രൻമാരെയും മൂന്നു പുത്രിമാരെയും യഹോവയെക്കുറിച്ചു പഠിപ്പിച്ചിരിക്കാൻ ഏറെ സാധ്യതയുണ്ട്. വീട്ടിൽനിന്നു മാറിത്താമസിച്ചതിനുശേഷവും അവർ പാപം ചെയ്യുന്നപക്ഷം അവർക്കുവേണ്ടി യാഗങ്ങൾ അർപ്പിച്ചുകൊണ്ട് അദ്ദേഹം കുടുംബപുരോഹിതനായി പ്രവർത്തിച്ചു.—ഇയ്യോബ് 1:2-5.
4. (എ) പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾ ഇയ്യോബ് എന്ന മനുഷ്യനെക്കുറിച്ചു ചിന്തിക്കേണ്ടത് എന്തുകൊണ്ട്? (ബി) ഇയ്യോബിനെ സംബന്ധിച്ച് നാം ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും?
4 പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കു സ്വയം ശക്തിപ്പെടാനും അങ്ങനെ ക്ഷമാപൂർവം സഹിച്ചുനിൽക്കാനും വേണ്ടി പരിചിന്തിക്കാനുള്ള ഒരുവനാണ് ഇയ്യോബ്. ശിഷ്യനായ യാക്കോബ് എഴുതി: “നോക്കൂ! സഹിച്ചുനിന്നവരെ നാം സന്തുഷ്ടരായി പ്രഖ്യാപിക്കുന്നു. നിങ്ങൾ ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു കേൾക്കുകയും യഹോവ അവനോട് അവസാനം എന്തു പ്രവർത്തിച്ചുവെന്നു കാണുകയും ചെയ്തിരിക്കുന്നു. യഹോവ പ്രീതിയിൽ വളരെ ആർദ്രതയുള്ളവനും അനുകമ്പയുള്ളവനുമാണ്.” (യാക്കോബ് 5:11, NW) ഇയ്യോബിനെപ്പോലെ, യേശുവിന്റെ അഭിഷിക്താനുഗാമികൾക്കും ഇക്കാലത്തെ “മഹാപുരുഷാര”ത്തിനും വിശ്വാസത്തിന്റെ പരിശോധനകൾ നേരിടുന്നതിനു സഹിഷ്ണുത ആവശ്യമാണ്. (വെളിപ്പാടു 7:1-9) അതുകൊണ്ട്, ഏതു പരിശോധനകളാണ് ഇയ്യോബ് സഹിച്ചുനിന്നത്? അവ സംഭവിച്ചതിന്റെ കാരണമെന്ത്? അദ്ദേഹത്തിന്റെ അനുഭവങ്ങളിൽനിന്നു നമുക്കു പ്രയോജനം നേടാനാവുന്നതെങ്ങനെ?
ഒരു പരമപ്രധാന വാദവിഷയം
5. ഇയ്യോബ് അറിയാതെ, സ്വർഗത്തിൽ എന്തു സംഭവിക്കുകയായിരുന്നു?
5 ഇയ്യോബ് അറിയാതെ, ഒരു വലിയ വാദവിഷയം ഉടനെ സ്വർഗത്തിൽ ഉന്നയിക്കപ്പെടാൻ പോകുകയായിരുന്നു. “ഒരു ദിവസം ദൈവപുത്രൻമാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു.” (ഇയ്യോബ് 1:6) ദൈവത്തിന്റെ ഏകജാതപുത്രനായ വചനം അവിടെ സന്നിഹിതനായിരുന്നു. (യോഹന്നാൻ 1:1-3) അവിടെ അങ്ങനെ സന്നിഹിതരായവരിൽ നീതിനിഷ്ഠരായ ദൂതൻമാരും ‘ദൈവപുത്രൻമാരായ’ അനുസരണംകെട്ട ദൂതൻമാരുമുണ്ടായിരുന്നു. (ഉല്പത്തി 6:1-3) സാത്താനും സന്നിഹിതനായിരുന്നു, കാരണം 1914-ലെ രാജ്യസ്ഥാപനം നടക്കുന്നതുവരെ അവനെ സ്വർഗത്തിൽനിന്നു പുറത്താക്കുകയില്ലായിരുന്നു. (വെളിപ്പാടു 12:1-12) ഇയ്യോബിന്റെ നാളിൽ സാത്താൻ പരമപ്രധാന വാദവിഷയം ഉന്നയിക്കാൻ പോകുകയായിരുന്നു. സകല സൃഷ്ടികളുടെയുംമേലുള്ള യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യം അവൻ ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു.
6. സാത്താൻ എന്തു ചെയ്യാൻ ശ്രമിക്കുകയായിരുന്നു, അവൻ യഹോവക്ക് എതിരെ ദൂഷണം പറഞ്ഞതെങ്ങനെ?
6 “നീ എവിടെനിന്നു വരുന്നു” എന്നു യഹോവ ചോദിച്ചു. “ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു” സാത്താൻ ഉത്തരം പറഞ്ഞു. (ഇയ്യോബ് 1:7) അവൻ ആരെയെങ്കിലും വിഴുങ്ങാൻ നോക്കിനടക്കുകയായിരുന്നു. (1 പത്രൊസ് 5:8, 9) യഹോവയെ സേവിക്കുന്ന വ്യക്തികളുടെ നിർമലത തകർത്തുകൊണ്ട്, സ്നേഹത്താൽ പ്രചോദിതരായി ആരുംതന്നെ ദൈവത്തെ മുഴുവനായി അനുസരിക്കില്ലെന്നു തെളിയിക്കാൻ സാത്താൻ ശ്രമിക്കുമായിരുന്നു. വാദവിഷയം എടുത്തിട്ടുകൊണ്ട്, യഹോവ സാത്താനോടു ചോദിച്ചു: “എന്റെ ദാസനായ ഇയ്യോബിൻമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ.” (ഇയ്യോബ് 1:8) തന്റെ അപൂർണതകൾ കണക്കിലെടുത്തുകൊണ്ട് സ്ഥാപിച്ചിരുന്ന ദിവ്യനിലവാരങ്ങൾക്കു ചേർച്ചയിലുള്ളതായിരുന്നു ഇയ്യോബിന്റെ ജീവിതം. (സങ്കീർത്തനം 103:10-14) എന്നാൽ സാത്താൻ ഇങ്ങനെ തിരിച്ചടിച്ചു: “വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്? നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുററും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.” (ഇയ്യോബ് 1:9, 10) യഹോവ എങ്ങനെയുള്ളവനെന്നു മനസ്സിലാക്കി ആരും അവനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നില്ലെന്നും തന്നെ സേവിക്കുന്നതിന് അവൻ സൃഷ്ടികൾക്കു കൈക്കൂലി കൊടുക്കുകയാണെന്നും ധ്വനിപ്പിച്ച പിശാച് അങ്ങനെ യഹോവക്കെതിരായി ദൂഷണം പറഞ്ഞു. ഇയ്യോബ് ദൈവത്തെ സേവിച്ചത്, സ്നേഹമുള്ളതുകൊണ്ടല്ല, മറിച്ച് സ്വാർഥ നേട്ടങ്ങൾക്കുവേണ്ടിയാണെന്നു സാത്താൻ ആരോപിച്ചു.
സാത്താൻ ആക്രമിക്കുന്നു!
7. പിശാച് ഏതു വിധത്തിൽ ദൈവത്തെ വെല്ലുവിളിച്ചു, യഹോവ പ്രതികരിച്ചതെങ്ങനെ?
7 “തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയു”മെന്നു സാത്താൻ പറഞ്ഞു. ആക്ഷേപിച്ചുകൊണ്ടുള്ള അത്തരമൊരു വെല്ലുവിളിയോടു ദൈവം എങ്ങനെയായിരിക്കും പ്രതികരിക്കുക? യഹോവ പറഞ്ഞു: “ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേററം ചെയ്യരുതു.” ഇയ്യോബിന്റെ സമ്പത്തിന് അനുഗ്രഹവും വർധനവും സംരക്ഷണവും ലഭിച്ചിരുന്നുവെന്നാണ് പിശാച് പറഞ്ഞത്. ശരീരത്തെ തൊടാൻ അനുവദിക്കുന്നില്ലെങ്കിലും ദൈവം ഇപ്പോൾ ഇയ്യോബിനു ദുരിതങ്ങൾ വന്നുകൂടാൻ അനുവദിക്കാൻ പോകയാണ്. ദുരിതം വരുത്താൻ ദൃഢചിത്തനായി സാത്താൻ രംഗം വിട്ടു.—ഇയ്യോബ് 1:11, 12.
8. (എ) ഇയ്യോബിനു നേരിട്ട ഭൗതികനഷ്ടങ്ങളെന്തെല്ലാം? (ബി) “ദൈവത്തിന്റെ തീ”യെക്കുറിച്ചുള്ള സത്യമെന്തായിരുന്നു?
8 ഉടനെതന്നെ സാത്താന്യ ആക്രമണം ആരംഭിച്ചു. ഒരു ഭൃത്യൻ ഈ അശുഭ വാർത്തയുമായി ഇയ്യോബിന്റെയടുക്കൽ വന്നു: “കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു; പെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചുകൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു.” (ഇയ്യോബ് 1:13-15) ഇയ്യോബിന്റെ സ്വത്തുക്കളുടെമേലുണ്ടായിരുന്ന സംരക്ഷണം നീക്കിയിരുന്നു. താമസിയാതെതന്നെ, അവ ഭൂതശക്തികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. മറെറാരു ഭൃത്യൻ റിപ്പോർട്ടു ചെയ്തു: “ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി.” (ഇയ്യോബ് 1:16) തന്റെ സ്വന്തം ദാസൻമാർക്കു സംഭവിച്ച അത്തരം ദുരന്തത്തിന് ഉത്തരവാദി ദൈവമായിരുന്നുവെന്ന പ്രതീതിയുളവാക്കിയത് എന്തൊരു പൈശാചികമായിരുന്നു! മിന്നൽ ആകാശത്തുനിന്നായതുകൊണ്ട്, യഹോവയെ എളുപ്പം പഴിചാരാനാകുമായിരുന്നു. എന്നാൽ വാസ്തവത്തിൽ ആ അഗ്നിക്ക് കാരണക്കാർ ഭൂതങ്ങളായിരുന്നു.
9. സാമ്പത്തിക നഷ്ടം ദൈവവുമായുള്ള ഇയ്യോബിന്റെ ബന്ധത്തെ ബാധിച്ചതെങ്ങനെ?
9 സാത്താന്റെ ആക്രമണം തുടരവേ, കല്ദയർ ഇയ്യോബിന്റെ ഒട്ടകങ്ങളെ എടുത്തുവെന്നും മററുള്ള വേലക്കാരെയെല്ലാം വധിച്ചുവെന്നും മറെറാരു ഭൃത്യൻ വന്നുപറഞ്ഞു. (ഇയ്യോബ് 1:17) ഇങ്ങനെ ഇയ്യോബിനു സാമ്പത്തിക നഷ്ടങ്ങൾ നേരിട്ടുവെങ്കിലും, ഇതു ദൈവവുമായുള്ള അവന്റെ ബന്ധത്തെ തകർത്തില്ല. യഹോവയോടുള്ള നിങ്ങളുടെ നിർമലതയ്ക്കു ഭംഗം വരാതെ വലിയ സാമ്പത്തിക നഷ്ടം സഹിക്കാൻ നിങ്ങൾക്കു കഴിയുമോ?
കൂടുതൽ വലിയ ദുരന്തം ആഞ്ഞടിക്കുന്നു
10, 11. (എ) ഇയ്യോബിന്റെ പത്തു മക്കൾക്ക് എന്തു സംഭവിച്ചു? (ബി) ഇയ്യോബിന്റെ കുട്ടികളുടെ അത്യാഹിതമരണത്തിനുശേഷം, അവൻ യഹോവയെ വീക്ഷിച്ചതെങ്ങനെയായിരുന്നു?
10 ഇയ്യോബിനെ ആക്രമിക്കുന്നതു പിശാച് നിർത്തിയില്ല. മറെറാരു ഭൃത്യൻ വന്നു റിപ്പോർട്ടു ചെയ്തു: “നിന്റെ പുത്രൻമാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാററുവന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു; അതു യൌവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു.” (ഇയ്യോബ് 1:18, 19) ആ കാററിനാലുള്ള പ്രസ്തുത വിപത്ത് ‘ദൈവത്തിന്റെ ഒരു പ്രവൃത്തി’യായിരുന്നുവെന്നു തെററായവിവരങ്ങൾ ലഭിച്ചവർ പറഞ്ഞേക്കാം. എന്നുവരികിലും, ഇയ്യോബിനു വളരെയേറെ മനോനൊമ്പരം ഉണ്ടാക്കാനാവുന്ന ഒരു വശത്തായിരുന്നു ഭൂതങ്ങൾ തൊട്ടത്.
11 ദുഃഖം സഹിക്കാനാവാതെ ഇയ്യോബ് “വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു.” എങ്കിലും അവന്റെ വാക്കുകൾ ശ്രദ്ധിക്കുക. “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.” തുടർന്നു വിവരണം ഇങ്ങനെ പറയുന്നു: “ഇതിലൊന്നും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.” (ഇയ്യോബ് 1:20-22) സാത്താൻ വീണ്ടും പരാജയപ്പെട്ടു. ദൈവദാസൻമാർ എന്നനിലയിൽ ഉററവർ മരിക്കുകയും തൻമൂലം നാം ദുഃഖം അനുഭവിക്കേണ്ടിവരികയും ചെയ്താലോ? ഇയ്യോബിനെപ്പോലെ, യഹോവയോടുള്ള നിസ്വാർഥ ഭക്തിയും അവനിലുള്ള വിശ്വാസവും നിർമലതാപാലകർ എന്നനിലയിൽ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കും. അഭിഷിക്തർക്കും ഭൗമിക പ്രത്യാശയുള്ള അവരുടെ സഹകാരികൾക്കും ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചുള്ള ഈ വിവരണത്തിൽനിന്നു നിശ്ചയമായും ആശ്വാസവും ശക്തിയും ആർജിക്കാനാവും.
വാദവിഷയത്തിനു ചൂടുകൂടുന്നു
12, 13. സ്വർഗത്തിൽ മറെറാരു സമ്മേളനസദസ്സിൽവെച്ച് സാത്താൻ ഏത് ആവശ്യം ഉന്നയിച്ചു, ദൈവം എങ്ങനെ പ്രതികരിച്ചു?
12 യഹോവ സ്വർഗീയ സദസ്സിൽ മറെറാരു സമ്മേളനം വിളിച്ചുകൂട്ടുന്നു. ഇയ്യോബ് ഇപ്പോൾ സന്താനരഹിതനും ദരിദ്രനുമായ ഒരു മനുഷ്യനായിത്തീർന്നിരിക്കുകയാണ്. അതിനു കാരണക്കാരൻ ദൈവമാണെന്ന പ്രതീതിയുണ്ടെങ്കിലും അവന്റെ നിർമലതയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. ദൈവത്തിനും ഇയ്യോബിനും എതിരായി ഉന്നയിച്ച ആരോപണങ്ങൾ സാത്താൻ തീർച്ചയായും തെററാണെന്നു സമ്മതിക്കാൻ പോകുന്നില്ല. പിശാചിന്റെ വാദവിഷയം പരസ്യമാക്കി ഒരു ഏററുമുട്ടലിനു തയ്യാറാകാൻ തക്കവണ്ണം യഹോവ കാര്യങ്ങൾ ഇണക്കി. ഇപ്പോൾ ‘ദൈവപുത്രൻമാ’രെല്ലാം വാദപ്രതിവാദങ്ങൾ കേൾക്കാൻപോകുകയാണ്.
13 വിശദീകരണത്തിനായി സാത്താനെ ക്ഷണിച്ചുകൊണ്ട്, യഹോവ ചോദിച്ചു: ‘നീ എവിടെനിന്നു വരുന്നു?’ അതിനുള്ള മറുപടിയോ? “ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു.” അപ്പോഴും നിർമലത മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്ന നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനുമായ ഇയ്യോബിന്റെ കാര്യം യഹോവ വീണ്ടും എടുത്തിടുന്നു. പിശാച് ഇങ്ങനെ മറുപടി പറഞ്ഞു: “ത്വക്കിന്നു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും. നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” അതുകൊണ്ടു ദൈവം പറഞ്ഞു: “ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെ മാത്രം തൊടരുതു.” (ഇയ്യോബ് 2:2-6) യഹോവ ഇപ്പോഴും സകല സംരക്ഷണ വേലികളും നീക്കിയിട്ടില്ലെന്നു സൂചിപ്പിച്ചുകൊണ്ട്, ഇയ്യോബിന്റെ അസ്ഥികൾക്കും മാംസത്തിനും കേടുവരുത്താൻ സാത്താൻ ആവശ്യപ്പെട്ടു. ഇയ്യോബിനെ വധിച്ചുകളയാൻ പിശാചിനെ അനുവദിക്കുന്നില്ല; എങ്കിലും ശാരീരിക രോഗം അവനെ വേദനിപ്പിക്കുമെന്നും രഹസ്യമായ പാപങ്ങൾക്കു ദൈവത്തിൽനിന്നുള്ള ശിക്ഷയാണു താൻ അനുഭവിക്കുന്നത് എന്ന് അവനു തോന്നുമെന്നും പിശാച് വിചാരിച്ചു.
14. സാത്താൻ ഇയ്യോബിന് എന്തു വരുത്തി, പ്രസ്തുത ബാധയേററയാൾക്ക് ആശ്വാസം പകരാൻ യാതൊരു മനുഷ്യനും കഴിയില്ലാഞ്ഞത് എന്തുകൊണ്ട്?
14 സമ്മേളനസദസ്സിൽനിന്നു പറഞ്ഞുവിടപ്പെട്ട സാത്താൻ അതിക്രൂരമായ നിർവൃതിയോടെ ഇറങ്ങിത്തിരിച്ചു. അവൻ ഇയ്യോബിനെ “ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.” ഇയ്യോബ് ചാരത്തിൽ ഇരുന്ന് ഓട്ടുകഷണംകൊണ്ടു ശരീരം ചുരണ്ടിക്കൊണ്ടിരുന്നപ്പോൾ എന്തൊരു കഷ്ടപ്പാടാണു സഹിച്ചത്! (ഇയ്യോബ് 2:7, 8) ഭയങ്കരമാംവിധം വേദനാജനകമായ, ബീഭത്സമായ, ലജ്ജാകരമായ ഈ ബാധയിൽനിന്ന് അവന് ആശ്വാസം കൈവരുത്താൻ യാതൊരു മാനുഷവൈദ്യനും കഴിയുമായിരുന്നില്ല. കാരണം സാത്താന്യ ശക്തിയാലുള്ളതായിരുന്നു ആ ബാധ. യഹോവക്കു മാത്രമേ ഇയ്യോബിനെ സുഖപ്പെടുത്താനാവുമായിരുന്നുള്ളൂ. വേദനയനുഭവിക്കുന്ന ഒരു ദൈവദാസനാണു നിങ്ങളെങ്കിൽ, സഹിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കാനും വേദനയില്ലാത്ത ഒരു പുതിയ ലോകത്തു നിങ്ങൾക്കു ജീവൻ നൽകാനും ദൈവത്തിനാവുമെന്ന കാര്യം ഒരിക്കലും മറക്കരുത്.—സങ്കീർത്തനം 41:1-3; യെശയ്യാവു 33:24.
15. ഇയ്യോബിന്റെ ഭാര്യ അവനോട് എന്തു ചെയ്യാൻ ആവശ്യപ്പെട്ടു, അവന്റെ പ്രതികരണം എന്തായിരുന്നു?
15 അവസാനം ഇയ്യോബിന്റെ ഭാര്യ പറഞ്ഞു: “നീ ഇനിയും നിന്റെ ഭക്തി [“നിർമലത,” NW] മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക!” നിഷ്കളങ്കമായ ഭക്തിയെയാണ് “നിർമലത” സൂചിപ്പിക്കുന്നത്. അപ്പോൾ ഇയ്യോബ് ദൈവത്തെ ശപിച്ചുപറയാൻ വേണ്ടിയായിരിക്കാം അവൾ പരിഹാസപൂർവം സംസാരിച്ചത്. എന്നാൽ അവൻ ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നൻമ കൈക്കൊള്ളുന്നു; തിൻമയും കൈക്കൊള്ളരുതോ.” സാത്താന്റെ ഈ തന്ത്രവും ഫലിച്ചില്ല, കാരണം “ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല” എന്നു നമ്മോടു പറയുന്നു. (ഇയ്യോബ് 2:9, 10) ഒരാവശ്യവുമില്ലാതെ ക്രിസ്തീയജീവിതരീതിയിൽ മുഴുകി നാം ജീവിതം പാഴാക്കുകയാണെന്നും അതിനാൽ യഹോവയാം ദൈവത്തെ ഉപേക്ഷിക്കണമെന്ന് എതിർപ്പുള്ള കുടുംബാംഗങ്ങൾ നമ്മോടു പറയുന്നുവെന്നും സങ്കൽപ്പിക്കുക. ഇയ്യോബിനെപ്പോലെ നമുക്ക് അത്തരം പരിശോധനകളെ സഹിച്ചുനിൽക്കാനാവും. എന്തെന്നാൽ നാം യഹോവയെ സ്നേഹിക്കുകയും അവന്റെ പരിശുദ്ധനാമത്തെ പുകഴ്ത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 145:1, 2; എബ്രായർ 13:15.
ഗർവിഷ്ഠരായ മൂന്നു തട്ടിപ്പുകാർ
16. ഇയ്യോബിനെ ആശ്വസിപ്പിക്കാനെന്നമട്ടിൽ വന്നത് ആരൊക്കെയായിരുന്നു, സാത്താൻ അവരെ തന്റെ ചട്ടുകങ്ങളാക്കിയതെങ്ങനെ?
16 സാത്താൻ ആവിഷ്കരിച്ച മറെറാരു തന്ത്രമായിരുന്നു ഇയ്യോബിനെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ എത്തിയ മൂന്നു “സ്നേഹിതൻമാർ.” എലീഫസ് ആയിരുന്നു അതിലൊരാൾ. സാധ്യതയനുസരിച്ച് ഏശാവിലൂടെവന്ന അബ്രഹാമിന്റെ ഒരു പിൻഗാമിയായിരിക്കണം അയാൾ. എലീഫസ് ആദ്യം സംസാരിച്ചതുകൊണ്ട്, നിസ്സംശയമായും വയസ്സുകൊണ്ടു മുമ്പൻ അയാളായിരുന്നിരിക്കണം. കെതൂറയുമായുള്ള ബന്ധത്തിൽ അബ്രഹാമിന് ഉണ്ടായ പുത്രൻമാരിൽ ഒരുവനായ ശൂവാഹിന്റെ ഒരു പിൻഗാമിയായ ബിൽദാദും സന്നിഹിതനായിരുന്നു. സോഫർ ആയിരുന്നു മൂന്നാമത്തെയാൾ. ഒരുപക്ഷേ വടക്കുപടിഞ്ഞാറേ അറേബ്യയിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെയോ താമസസ്ഥലത്തെയോ തിരിച്ചറിയിക്കാനായിരിക്കാം നയമാത്യനായ എന്ന പേരോടെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. (ഇയ്യോബ് 2:11; ഉല്പത്തി 25:1, 2; 36:4, 11) ദൈവത്തെ ഉപേക്ഷിക്കാൻ ഇന്നു യഹോവയുടെ സാക്ഷികളെ നിർബന്ധിക്കുന്നവരെപ്പോലെ, ഈ മൂവർ സാത്താന്റെ ചട്ടുകങ്ങളായിരുന്നു. ഇയ്യോബിനെക്കൊണ്ടു വ്യാജകുററാരോപണങ്ങൾ സമ്മതിപ്പിച്ച് അവന്റെ നിർമലത തകർക്കാനുമുള്ള സാത്താന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.
17. സന്ദർശകരായ മൂവർ എന്തു ചെയ്തു, ഏഴു പകലും ഏഴു രാത്രിയും അവർ എന്തു ചെയ്തില്ല?
17 കരഞ്ഞുകൊണ്ടും തങ്ങളുടെ വസ്ത്രങ്ങൾ കീറിക്കൊണ്ടും തലയിൽ പൊടി വാരിവിതറിക്കൊണ്ടും ഈ മൂവർ ഒരു വൻ സഹതാപപ്രകടനമൊക്കെ നടത്തി. പിന്നെ അവർ ഏഴു രാവും ഏഴു പകലും ഒരു ആശ്വാസവചനംപോലും ഉച്ചരിക്കാതെ ഇയ്യോബിന് അടുത്തു കുത്തിയിരുന്നു! (ഇയ്യോബ് 2:12, 13; ലൂക്കൊസ് 18:10-14) ഗർവിഷ്ഠരായ ഈ മൂന്നു തട്ടിപ്പുകാർക്ക് ആത്മീയതയുടെ തരിമ്പുപോലുമുണ്ടായിരുന്നില്ല, കാരണം യഹോവയെക്കുറിച്ചോ അവന്റെ വാഗ്ദാനങ്ങളെക്കുറിച്ചോ ആശ്വാസവചനങ്ങളൊന്നും അവരുടെ പക്കലില്ലായിരുന്നു. എന്നിട്ടും പരസ്യദുഃഖാചരണ നടപടിക്രമങ്ങളെല്ലാം എത്രയും വേഗം നിർവഹിച്ചശേഷം തെററായ നിഗമനങ്ങളിൽ എത്തിച്ചേർന്നുകൊണ്ട് അവ ഇയ്യോബിന് എതിരായി ഉപയോഗിക്കാൻ അവർ ഒരുങ്ങുകയായിരുന്നു. രസകരമെന്നു പറയട്ടെ, ഏഴുദിന-മൗനാചരണം അവസാനിക്കുന്നതിനുമുമ്പ്, യുവാവായ എലീഹൂ അവരുടെ സംസാരം കേൾക്കാവുന്ന ദൂരത്തിൽ വന്നിരുന്നു.
18. മരിച്ചു സ്വസ്ഥത പ്രാപിക്കാമെന്ന് ഇയ്യോബ് വിചാരിച്ചത് എന്തുകൊണ്ട്?
18 അവസാനം ഇയ്യോബ് മൗനം ഭഞ്ജിച്ചു. സന്ദർശകരായ മൂവരിൽനിന്ന് ആശ്വാസം ലഭിക്കാതെ അവൻ തന്റെ ജൻമദിനത്തെ ശപിക്കുകയും ദുരിതപൂർണമായ തന്റെ ഈ ജീവിതം എന്തിനിങ്ങനെ നീണ്ടുപോകണമെന്നു ചിന്തിക്കുകയും ചെയ്തു. മരിക്കുന്നതിനുമുമ്പു തനിക്കിനി എപ്പോഴെങ്കിലും യഥാർഥ സന്തുഷ്ടി ലഭിക്കുമോ എന്നുഭാവനയിൽ കാണുകപോലും ചെയ്യാതെ അവൻ മരിച്ചു സ്വസ്ഥത പ്രാപിക്കാമെന്നു വിചാരിച്ചു. ഇപ്പോൾ അവൻ അനാഥനും വിയോഗം നേരിട്ടവനും ഗുരുതരമായി രോഗബാധിതനുമായിരുന്നു. എന്നാൽ ഇയ്യോബ് മരിച്ചുപോകാൻ തക്കവണ്ണം ബാധിക്കപ്പെടാൻ ദൈവം അനുവദിക്കില്ല.—ഇയ്യോബ് 3:1-26.
ഇയ്യോബിന്റെ കുററാരോപകർ ആക്രമിക്കുന്നു
19. എലീഫസ് ഇയ്യോബിനെതിരെ വ്യാജകുററാരോപണം നടത്തിയത് ഏതെല്ലാം കാര്യങ്ങളിലായിരുന്നു?
19 ഇയ്യോബിന്റെ നിർമലതയെ കൂടുതലായി പരിശോധിച്ച മൂന്നു സംവാദങ്ങളിലും ആദ്യം എലീഫസ് സംസാരിച്ചു. ആദ്യ സംസാരത്തിൽ എലീഫസ് ചോദിച്ചു: “നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ?” ദൈവശിക്ഷ ലഭിക്കാൻ തക്കവണ്ണം ഇയ്യോബ് എന്തെങ്കിലും ദുഷ്ടകാര്യം ചെയ്തിരിക്കണമെന്ന് അവൻ നിഗമനം ചെയ്തു. (ഇയ്യോബ് 4, 5 അധ്യായങ്ങൾ) രണ്ടാമത്തെ സംസാരത്തിൽ എലീഫസ് ഇയ്യോബിന്റെ ജ്ഞാനത്തെ പരിഹസിച്ചുകൊണ്ടു ചോദിച്ചു: “ഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു?” സർവശക്തനെക്കാൾ ശ്രേഷ്ഠനാണ് ഇയ്യോബ് എന്നു കാണിക്കാൻ അവൻ ശ്രമിക്കുകയായിരുന്നുവെന്നാണ് എലീഫസ് സൂചിപ്പിച്ചത്. രണ്ടാമത്തെ ആക്രമണം അവസാനിപ്പിച്ചുകൊണ്ട്, അവൻ ഇയ്യോബിനെ വിശ്വാസത്യാഗം, കൈക്കൂലി, വഞ്ചന എന്നീ കുററങ്ങൾ ചെയ്തവനായി ചിത്രീകരിച്ചു. (ഇയ്യോബ്, 15-ാം അധ്യായം) അവസാനത്തെ സംസാരത്തിൽ, പിടിച്ചുപറി, ദരിദ്രർക്കുള്ള ഭക്ഷണപാനീയങ്ങൾ പിടിച്ചുവെക്കൽ, വിധവമാരെയും അനാഥരെയും അടിച്ചമർത്തൽ എന്നിങ്ങനെയുള്ള അനേകം വ്യാജകുററങ്ങൾ എലീഫസ് ഇയ്യോബിൽ ആരോപിച്ചു.—ഇയ്യോബ്, 22-ാം അധ്യായം.
20. ഇയ്യോബിനു നേരെയുള്ള ബിൽദാദിന്റെ ആക്രമണങ്ങളുടെ സ്വഭാവം എന്തായിരുന്നു?
20 മൂന്നു സംവാദങ്ങളിലും രണ്ടാമതു സംസാരിച്ച ബിൽദാദ് പൊതുവേ എലീഫസിന്റെ രീതിതന്നെ അവലംബിച്ചു. ബിൽദാദിന്റെ സംസാരം ഹ്രസ്വമായിരുന്നെങ്കിലും കടുപ്പം കൂടിയതായിരുന്നു. ഇയ്യോബിന്റെ മക്കൾ തെററു ചെയ്തുവെന്നും അങ്ങനെയാണവർ മരണത്തിനർഹരായതെന്നുപോലും അവൻ ആരോപിച്ചു. തെററായ ന്യായവാദത്തോടെ അവൻ ഈ ദൃഷ്ടാന്തം ഉപയോഗിച്ചു: ഞാങ്ങണയും പൊട്ടപ്പുല്ലും വെള്ളമില്ലാതെ വരണ്ടുണങ്ങി നശിക്കുന്നതുപോലെയാണ് “ദൈവത്തെ മറക്കുന്ന എല്ലാവരുടെയും” കാര്യം. ആ പ്രസ്താവന ശരിയായിരുന്നെങ്കിലും അത് ഇയ്യോബിനെ ബാധിക്കുന്നതായിരുന്നില്ല. (ഇയ്യോബ്, 8-ാം അധ്യായം) ബിൽദാദ് ഇയ്യോബിന്റെ ബാധകളെ ദുഷ്ടൻമാർക്കു വരുന്നവയായി പട്ടികപ്പെടുത്തി. (ഇയ്യോബ്, 18-ാം അധ്യായം) ഹ്രസ്വമായ മൂന്നാമത്തെ സംസാരത്തിൽ, മനുഷ്യൻ “പുഴു”വും “കൃമി”യുമാണെന്നും, അതുകൊണ്ടുതന്നെ ദൈവമുമ്പാകെ അശുദ്ധമാണെന്നും വാദിച്ചു.—ഇയ്യോബ്, 25-ാം അധ്യായം.
21. എന്തു കുററമാണു സോഫർ ഇയ്യോബിൽ ചുമത്തിയത്?
21 സംവാദത്തിൽ മൂന്നാമതു സംസാരിച്ചതു സോഫർ ആയിരുന്നു. പൊതുവേ, എലീഫസിന്റെയും ബിൽദാദിന്റെയും ചിന്താധാരതന്നെയായിരുന്നു അദ്ദേഹവും പിൻപററിയത്. ഇയ്യോബ് ദുഷ്ടത ചെയ്തുവെന്ന് ആരോപിച്ച സോഫർ പാപപൂർണമായ നടപടികൾ ഒഴിവാക്കാൻ അവനെ ഉദ്ബോധിപ്പിച്ചു. (ഇയ്യോബ് 11, 20 അധ്യായങ്ങൾ) രണ്ടു വട്ടം സംസാരിച്ച സോഫർ സംസാരം നിർത്തി. മൂന്നാം വട്ടം എന്തെങ്കിലും കൂടുതലായി അവതരിപ്പിക്കാൻ അദ്ദേഹത്തിന്റേതായി ഒന്നുമില്ലായിരുന്നു. എന്നിരുന്നാലും, ഉടനീളം ഇയ്യോബ് ധൈര്യസമേതം തന്റെ കുററാരോപകർക്ക് ഉത്തരം കൊടുത്തു. ഉദാഹരണത്തിന്, ഒരവസരത്തിൽ അവൻ പറഞ്ഞു: “നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകൻമാർ. വ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ?”—ഇയ്യോബ് 16:2, 3.
നമുക്കു സഹിച്ചുനിൽക്കാനാവും
22, 23. (എ) ഇയ്യോബിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, യഹോവയാം ദൈവത്തോടുള്ള നമ്മുടെ നിർമലത തകർക്കാൻ പിശാച് എങ്ങനെ പ്രവർത്തിച്ചേക്കാം? (ബി) ഇയ്യോബ് പലവിധ പരിശോധനകൾ സഹിക്കുകയായിരുന്നെങ്കിലും, അവന്റെ മനോഭാവത്തെക്കുറിച്ചു നാം എന്തു ചോദിച്ചേക്കാം?
22 ഇയ്യോബിനെപ്പോലെ നാം ചിലപ്പോൾ ഒരേസമയം ഒന്നിലധികം പരിശോധനകൾ അനുഭവിച്ചേക്കാം. മടുപ്പോ മററു സംഗതികളോ നമ്മുടെ നിർമലത തകർക്കാനുള്ള തന്റെ ശ്രമത്തിന്റെ ഭാഗമായി സാത്താൻ ഉപയോഗിച്ചേക്കാം. നമുക്കു സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കിൽ അവൻ നമ്മെ യഹോവക്ക് എതിരെ തിരിക്കാൻ ശ്രമിച്ചേക്കാം. പ്രിയപ്പെട്ട ആരെങ്കിലും മരിക്കുന്നെങ്കിലോ നമുക്കു രോഗങ്ങൾ പിടിപെടുന്നെങ്കിലോ അവയ്ക്കെല്ലാം ദൈവത്തെ പഴിചാരാൻ സാത്താൻ നമ്മെ പ്രേരിപ്പിച്ചേക്കാം. ഇയ്യോബിന്റെ സുഹൃത്തുക്കളെപ്പോലെ, ആരെങ്കിലും നമ്മെ വ്യാജമായി കുററപ്പെടുത്തുകപോലും ചെയ്തേക്കാം. മാക്മില്ലൻ സഹോദരൻ സൂചിപ്പിച്ചതുപോലെ, സാത്താൻ ചിലപ്പോൾ ‘നമുക്കു പിന്നാലെ’ ഉണ്ടായിരിക്കാം, പക്ഷേ നമുക്കു സഹിച്ചുനിൽക്കാനാവും.
23 നാം ഇതുവരെ കണ്ടതുപോലെ, ഇയ്യോബ് തനിക്കു നേരിട്ട പലവിധ പരിശോധനകൾ സഹിച്ചുനിൽക്കുകയായിരുന്നു. എന്നിരുന്നാലും, അവൻ കേവലം സഹിച്ചുനിൽക്കുക മാത്രമായിരുന്നോ? വാസ്തവത്തിൽ അവന്റെ ആവേശം തീർത്തും നഷ്ടപ്പെട്ടുവോ? ഇയ്യോബ് വാസ്തവത്തിൽ സകല പ്രത്യാശയും കൈവെടിഞ്ഞോ എന്ന് നമുക്കു നോക്കാം.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
◻ ഇയ്യോബിന്റെ നാളിൽ സാത്താൻ ഏതു വലിയ വാദവിഷയം ഉയർത്തി?
◻ ഏതുമുഖാന്തരം ഇയ്യോബ് അങ്ങേയററം പരിശോധിക്കപ്പെട്ടു?
◻ ഇയ്യോബിന്റെ മൂന്നു “സ്നേഹിതൻമാർ” അവനെ എന്തു സംബന്ധിച്ചു കുററപ്പെടുത്തി?
◻ ഇയ്യോബിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, യഹോവയോടുള്ള നമ്മുടെ നിർമലത തകർക്കാൻ പിശാച് എങ്ങനെ പ്രവർത്തിച്ചേക്കാം?
[10-ാം പേജിലെ ചിത്രം]
എ. എച്ച്. മാക്മില്ലൻ