ഇയ്യോബിന്റെ പ്രതിഫലം പ്രത്യാശയുടെ ഒരു ഉറവിടം
‘യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു.’—ഇയ്യോബ് 42:12.
1. യഹോവയുടെ ജനത്തെ പരിശോധനകൾ കാര്യമായി ദുർബലമാക്കുമ്പോൾപ്പോലും അവൻ അവർക്കുവേണ്ടി എന്തു ചെയ്യുന്നു?
യഹോവ “തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു പ്രതിഫലദായകൻ ആയിത്തീരുന്നു.” (എബ്രായർ 11:6, NW) പരിശോധനകളാൽ ജീവച്ഛവംപോലെ ബലഹീനരായിത്തീർന്നാൽപ്പോലും ധൈര്യസമേതം സാക്ഷീകരിക്കാനുള്ള പ്രചോദനം അവൻ തന്റെ സമർപ്പിത ജനത്തിനു കൊടുക്കുകയും ചെയ്യുന്നു. (ഇയ്യോബ് 26:5; വെളിപ്പാടു 11:3, 7, 11) കഷ്ടപ്പാടുകൾക്കു വിധേയനായ ഇയ്യോബിന്റെ കാര്യത്തിൽ അതു സത്യമായി. മൂന്നു വ്യാജ ആശ്വാസകരാൽ നിന്ദിതനായെങ്കിലും അവൻ മനുഷ്യഭയത്താൽ നിശ്ശബ്ദനായിപ്പോയില്ല. മറിച്ച്, അവൻ ധീരമായ സാക്ഷ്യം കൊടുത്തു.
2. പീഡനങ്ങളും പ്രയാസങ്ങളും സഹിച്ചിട്ടുണ്ടെങ്കിലും യഹോവയുടെ സാക്ഷികൾ പരിശോധനകളെ അതിജീവിച്ചിരിക്കുന്നതെങ്ങനെ?
2 യഹോവയുടെ ആധുനിക നാളിലെ പല സാക്ഷികൾക്കും വലിയ പീഡനങ്ങളും പ്രയാസങ്ങളും നേരിട്ടിട്ടുണ്ട്. അവരിൽപ്പലരും മരണത്തിന്റെ വക്കോളമെത്തുകയും ചെയ്തു. (2 കൊരിന്ത്യർ 11:23) എങ്കിലും, ഇയ്യോബിനെപ്പോലെ, അവർ ദൈവത്തോടു സ്നേഹം പ്രകടമാക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. (യെഹെസ്കേൽ 14:14, 20) യഹോവയെ പ്രീതിപ്പെടുത്താൻ ദൃഢചിത്തരായി, ധീരസാക്ഷ്യം കൊടുക്കാൻ കരുത്തരായി, യഥാർഥ പ്രതീക്ഷയാൽ നിറഞ്ഞവരായി അവർ പരിശോധനകളെ അതിജീവിച്ചെത്തിയിരിക്കുന്നു.
ഇയ്യോബ് ഒരു ധീരസാക്ഷ്യം കൊടുക്കുന്നു
3. തന്റെ ഒടുവിലത്തെ സംസാരത്തിൽ ഇയ്യോബ് ഏതുതരം സാക്ഷ്യം നൽകി?
3 തന്റെ അവസാന സംസാരത്തിൽ, ഇയ്യോബ് മുമ്പു കൊടുത്തതിനെക്കാൾ മഹത്തായ ഒരു സാക്ഷ്യം കൊടുത്തു. തന്റെ വ്യാജ ആശ്വാസകരെ അവൻ പൂർണമായും നിശ്ശബ്ദരാക്കി. കടുത്ത പരിഹാസത്തോടെ അവൻ പറഞ്ഞു: “നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു?” (ഇയ്യോബ് 26:2) തന്റെ ശക്തിയാൽ ഭൂഗോളത്തെ ശൂന്യാകാശത്ത് എങ്ങുംതൊടാതെ തൂക്കിനിർത്തുകയും ജലവാഹികളായ മേഘങ്ങളെ ഭൂമിക്കുമീതെ താങ്ങിനിർത്തുകയും ചെയ്തിരിക്കുന്ന യഹോവയെ ഇയ്യോബ് പുകഴ്ത്തിപ്പറഞ്ഞു. (ഇയ്യോബ് 26:7-9) എന്നിട്ടും, അത്തരം അത്ഭുതങ്ങളെല്ലാം ‘യഹോവയുടെ വഴികളുടെ അററങ്ങൾ മാത്രമേ ആകുന്നുള്ളൂ’ എന്ന് ഇയ്യോബ് പറഞ്ഞു.—ഇയ്യോബ് 26:14.
4. നിർമലതയെക്കുറിച്ച് ഇയ്യോബ് എന്തു പറഞ്ഞു, അത്തരത്തിൽ സ്വയം പ്രകടിപ്പിക്കാൻ അവനു കഴിഞ്ഞതെന്തുകൊണ്ട്?
4 തന്റെ നിഷ്കളങ്കതയെക്കുറിച്ച് ഉറപ്പുണ്ടായിരുന്ന ഇയ്യോബ് പ്രഖ്യാപിച്ചു: “മരിക്കുന്നതുവരെ ഞാൻ എന്റെ നിർമലത എന്നിൽനിന്ന് എടുത്തുകളയുകയില്ല!” (ഇയ്യോബ് 27:5, NW) അവനു നേരിട്ടതെല്ലാം അർഹിക്കുന്നതായിരുന്നു എന്ന വ്യാജാരോപണങ്ങൾ ഉന്നയിക്കാൻമാത്രം അവൻ യാതൊന്നും ചെയ്തിട്ടില്ലായിരുന്നു. യഹോവ വിശ്വാസത്യാഗികളുടെ പ്രാർഥനകൾ കേൾക്കില്ലെന്നും എന്നാൽ നിർമലതാപാലകർക്കു പ്രതിഫലം കൊടുക്കുമെന്നും ഇയ്യോബിന് അറിയാമായിരുന്നു. അർമഗെദോന്റെ കൊടുങ്കാററ് ദുഷ്ടൻമാരെ അവരുടെ അധികാരസ്ഥാനങ്ങളിൽനിന്നു ചുഴററിയെറിയുമെന്നും ദൈവത്തിന്റെ എങ്ങുമെത്തുന്ന കരങ്ങളിൽനിന്ന് അവരാരും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ഇതു നമ്മെ നന്നായി അനുസ്മരിപ്പിച്ചേക്കാം. അതുവരെ, യഹോവയുടെ ജനം നിർമലതയിൽ നടക്കും.—ഇയ്യോബ് 27:11-23.
5. ഇയ്യോബ് ശരിയായ ജ്ഞാനത്തെ നിർവചിച്ചതെങ്ങനെ?
5 ഭൂമിയിലും സമുദ്രത്തിലും സ്വർണം, വെള്ളി, കൂടാതെ മററുപല നിധികളും കണ്ടെത്താൻ മനുഷ്യൻ തന്റെ വൈദഗ്ധ്യങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും “ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ” എന്ന് ഇയ്യോബ് പ്രകടമാക്കിയപ്പോൾ അതു ശ്രദ്ധിച്ചുകൊണ്ടിരുന്ന ലൗകിക ജ്ഞാനികളായ മൂവരെ ഭാവനയിൽ കാണുക. (ഇയ്യോബ് 28:18) ഇയ്യോബിന്റെ വ്യാജ ആശ്വാസകർക്കു ശരിയായ ജ്ഞാനം വാങ്ങാൻ കഴിഞ്ഞില്ല. കാററ്, മഴ, മിന്നൽ, ഇടിവെട്ട് എന്നിവയുടെ സ്രഷ്ടാവാണ് അതിന്റെ ഉറവ്. തീർച്ചയായും, ഭയഭക്തിയോടെയുള്ള “യഹോവ ഭയംതന്നേ ജ്ഞാനം, ദോഷം വിട്ടകലുന്നതു വിവേകവും.”—ഇയ്യോബ് 28:28, NW.
6. തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഇയ്യോബ് സംസാരിച്ചത് എന്തുകൊണ്ട്?
6 ദുരിതങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും, ഇയ്യോബ് ദൈവത്തെ സേവിക്കുന്നതു നിർത്തിയില്ല. അത്യുന്നതനിൽനിന്ന് അകലുന്നതിനുപകരം, നിർമലതയുള്ള ഈ മനുഷ്യൻ താൻ മുമ്പ് ആസ്വദിച്ചിരുന്ന “ദൈവത്തിന്റെ സഖ്യത”യ്ക്കായി വാഞ്ഛിച്ചു. (ഇയ്യോബ് 29:4) അവൻ ‘തുണയററവനെ വിടുവിച്ചു, നീതിയെ ധരിച്ചു, ദരിദ്രൻമാർക്കു അപ്പനായിരുന്നു’ എന്നൊക്കെ വിവരിച്ചപ്പോൾ ഇയ്യോബ് വീമ്പിളക്കുകയായിരുന്നില്ല. (ഇയ്യോബ് 29:12-16) മറിച്ച്, യഹോവയുടെ ഒരു വിശ്വസ്തദാസൻ എന്നനിലയിൽ അവൻ തന്റെ ജീവിതത്തിലെ വസ്തുതകൾ നിരത്തുകയായിരുന്നു. അതുപോലുള്ള ഒരു ഉത്തമ രേഖയാണോ നിങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്? കപടഭക്തരായ മൂന്നു തട്ടിപ്പുകാർ ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരവും ഇയ്യോബ് തീർച്ചയായും തുറന്നുകാട്ടുകയായിരുന്നു.
7. ഇയ്യോബ് ഏതുതരം വ്യക്തിയായിരുന്നു?
7 ഇയ്യോബിനെക്കാൾ പ്രായംകുറഞ്ഞവർ അവനെ നോക്കി പരിഹസിച്ചു ചിരിച്ചു. ‘അവരുടെ അപ്പൻമാരെ അവന്റെ ആട്ടിൻകൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാൻപോലും അവൻ നിരസിക്കുമായിരുന്നു.’ അവനോട് അവർ വെറുപ്പോടെ പെരുമാറുകയും അവനെ തുപ്പുകയും ചെയ്തു. മാരകമായി ഞെരുക്കപ്പെട്ടിട്ടും അവർ ഇയ്യോബിനോട് ഒരു പരിഗണനയും കാട്ടിയില്ല. (ഇയ്യോബ് 30:1, 10, 30) എന്നിരുന്നാലും, യഹോവക്കു സമ്പൂർണമായി സമർപ്പിച്ചിരുന്ന അവന് ഒരു ശുദ്ധമനസ്സാക്ഷിയുണ്ടായിരുന്നു. അതുകൊണ്ട്, അവന് ഇങ്ങനെ പറയാൻ സാധിച്ചു: “ദൈവം എന്റെ പരമാർത്ഥത (“നിർമലത,” NW) അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ.” (ഇയ്യോബ് 31:6) ഇയ്യോബ് ഒരു വ്യഭിചാരിയോ സൂത്രക്കാരനോ ആയിരുന്നില്ല, അവൻ അവശരെ സഹായിക്കാതിരുന്നിട്ടില്ല. ധനവാനായിരുന്നിട്ടും ഒരിക്കലും ഭൗതിക സമ്പത്തിൽ ആശ്രയിച്ചില്ല. അതിലുപരി, ചന്ദ്രനെപ്പോലെയുള്ള അചേതന വസ്തുക്കളെ പൂജിച്ചുകൊണ്ട്, വിഗ്രഹാരാധനയിൽ ഏർപ്പെട്ടില്ല. (ഇയ്യോബ് 31:26-28) നിർമലതാപാലകൻ എന്നനിലയിൽ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, അവൻ ഒരു ഉത്തമ മാതൃക വെച്ചു. തനിക്കു നേരിട്ട സകല ദുരിതങ്ങളും വ്യാജ ആശ്വാസകരുടെ സാന്നിധ്യവുമൊക്കെ ഉണ്ടായിരുന്നിട്ടും ഇയ്യോബ് തന്റെ വശം വിദഗ്ധമായി ന്യായീകരിക്കുകയും ഒരു തകർപ്പൻ സാക്ഷ്യം കൊടുക്കുകയും ചെയ്തു. സംസാരം അവസാനിപ്പിച്ചിട്ട്, അവൻ തന്റെ ന്യായാധിപനും പ്രതിഫലദായകനും എന്നനിലയിൽ ദൈവത്തിലേക്കു തിരിഞ്ഞു.—ഇയ്യോബ് 31:35-40.
എലീഹൂ സംസാരിക്കുന്നു
8. എലീഹൂ ആരായിരുന്നു, അവൻ ആദരവും ധൈര്യവും പ്രകടമാക്കിയതെങ്ങനെ?
8 യുവാവായ എലീഹൂ സമീപമുണ്ടായിരുന്നു. നാഹോരിന്റെ പുത്രനായ ബൂസിന്റെ പിൻഗാമിയായ എലീഹൂ യഹോവയുടെ സ്നേഹിതനായിരുന്ന അബ്രഹാമിന്റെ ഒരു അകന്ന ബന്ധുവായിരുന്നു. (യെശയ്യാവു 41:8) സംവാദത്തിന്റെ ഇരുവശവും ശ്രദ്ധിച്ചുകൊണ്ട് എലീഹൂ പ്രായമേറിയ പുരുഷൻമാരോട് ആദരവു പ്രകടമാക്കി. എന്നിട്ടും, അവർ തെററായി പറഞ്ഞ സംഗതികളെക്കുറിച്ച് അവൻ ധൈര്യമായി സംസാരിച്ചു. ഉദാഹരണത്തിന്, “ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചതുകൊണ്ടു” ഇയ്യോബിനു നേരെ അവന്റെ കോപം ജ്വലിച്ചു. എലീഹൂ വിശേഷിച്ചും വ്യാജ ആശ്വാസകർക്കു നേരെ രോഷംകൊണ്ടു. അവരുടെ പ്രസ്താവനകൾ ദൈവത്തെ പുകഴ്ത്തുന്ന പ്രതീതിയുളവാക്കുന്നതായിരുന്നെങ്കിലും, വിവാദത്തിൽ സാത്താന്റെ വശത്തെ പിന്താങ്ങിയതുകൊണ്ട് വാസ്തവത്തിൽ ദൈവത്തിനു നിന്ദ വരുത്തുകയാണ് ചെയ്തത്. “മൊഴികൾകൊണ്ടു തിങ്ങി”യവനും പരിശുദ്ധാത്മാവിനാൽ പ്രേരിതനുമായ എലീഹൂ യഹോവയുടെ ഒരു നിഷ്പക്ഷ സാക്ഷിയായിരുന്നു.—ഇയ്യോബ് 32:2, 18, 21.
9. ഇയ്യോബിനു പുനഃസ്ഥാപനമുണ്ടെന്ന് എലീഹൂ സൂചിപ്പിച്ചതെങ്ങനെ?
9 ദൈവത്തിന്റേതിനെക്കാൾ തന്റെതന്നെ സംസ്ഥാപനത്തിലായിരുന്നു ഇയ്യോബിന്റെ ശ്രദ്ധ. വാസ്തവത്തിൽ, അവൻ ദൈവത്തോട് എതിർവാദം നടത്തിയിരുന്നു. എന്നുവരികിലും, ഇയ്യോബിന്റെ മരണം ആസന്നമായതോടെ പുനഃസ്ഥാപനത്തെക്കുറിച്ച് ഒരു സൂചനയുണ്ടായിരുന്നു. അതെങ്ങനെ? “കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു . . . അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും” എന്ന സന്ദേശത്തോടെ ഇയ്യോബിൽ യഹോവ സംപ്രീതനാണെന്നു പറയാൻ എലീഹൂ പ്രേരിതനായി.—ഇയ്യോബ് 33:24, 25.
10. ഏത് അളവോളം ഇയ്യോബ് പരിശോധിക്കപ്പെടേണ്ടിയിരുന്നു, എന്നാൽ 1 കൊരിന്ത്യർ 10:13-ന്റെ വെളിച്ചത്തിൽ നമുക്ക് എന്ത് ഉറപ്പുള്ളവരായിരിക്കാൻ കഴിയും?
10 നിർമലത പാലിച്ചുകൊണ്ട് ദൈവത്തിൽ ഉല്ലാസം കണ്ടെത്തുന്നതിൽ യാതൊരു നേട്ടവുമില്ലെന്നു പറഞ്ഞതിന് എലീഹൂ ഇയ്യോബിനെ തിരുത്തി. എലീഹൂ പറഞ്ഞു: “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല. അവൻ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തന്നു അവനവന്റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും.” സ്വന്തനീതിക്ക് ഊന്നൽ കൊടുത്തുകൊണ്ട് ഇയ്യോബ് എടുത്തുചാടി പ്രവർത്തിച്ചു. പക്ഷേ മതിയായ അറിവോ ഉൾക്കാഴ്ചയോ ഇല്ലാതെയായിരുന്നു അവൻ അങ്ങനെ ചെയ്തത്. “ഇയ്യോബ് ദുഷ്ടൻമാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം” എന്നും എലീഹൂ പറഞ്ഞു. (ഇയ്യോബ് 34:10, 11, 35, 36) അതുപോലെ, ഏതെങ്കിലും വിധത്തിൽ നാമും ‘ആദിയോടന്തം പരിശോധിക്കപ്പെടു’ന്നെങ്കിൽമാത്രമേ നമ്മുടെ വിശ്വാസവും നിർമലതയും പൂർണമായി തെളിയിക്കപ്പെടുകയുള്ളൂ. എന്നുവരികിലും, സഹിക്കാവുന്നതിനപ്പുറം നാം പരീക്ഷിക്കപ്പെടാൻ നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവ് അനുവദിക്കയില്ല.—1 കൊരിന്ത്യർ 10:13.
11. കഠിനമായി പരിശോധിക്കപ്പെടുമ്പോൾ, നാം എന്ത് ഓർക്കണം?
11 ഇയ്യോബ് സ്വന്തം നീതിക്ക് അങ്ങേയററം പ്രാധാന്യം കൊടുക്കുകയായിരുന്നു എന്ന് എലീഹൂവിന്റെ തുടർന്നുള്ള സംസാരം വീണ്ടും പ്രകടമാക്കി. കൂടാതെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നമ്മുടെ മഹദ്നിർമാതാവിൽ ആയിരിക്കണം. (ഇയ്യോബ് 35:2, 6, 10) ദൈവം “ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതൻമാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു” എന്ന് എലീഹൂ പറഞ്ഞു. (ഇയ്യോബ് 36:6) ദൈവത്തിന്റെ വഴിയെ ചോദ്യം ചെയ്യാനും അവൻ അനീതി കാട്ടിയെന്നു പറയാനും ആർക്കും കഴിയില്ല. നമുക്ക് അറിയാവുന്നതിനെക്കാൾ കൂടുതൽ ഉന്നതനാണ് അവൻ. തേടിച്ചെല്ലാനാവാത്തവിധം അനന്തമാണ് അവന്റെ വർഷങ്ങൾ. (ഇയ്യോബ് 36:22-26) കഠിനമായി പരിശോധിക്കപ്പെടുമ്പോൾ, ഓർക്കുക, നമ്മുടെ നിത്യനായ ദൈവം നീതിമാനാണ്, അവനു മഹത്ത്വം കരേററുന്ന നമ്മുടെ വിശ്വസ്ത പ്രവൃത്തികൾക്ക് അവൻ പ്രതിഫലം നൽകും.
12. ദുഷ്ടൻമാരുടെമേൽ ദൈവം നടത്താനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് എലീഹൂവിന്റെ ഉപസംഹാരവാക്കുകൾ എന്തു സൂചിപ്പിക്കുന്നു?
12 എലീഹൂ സംസാരിക്കുന്നേരം ഒരു ചുഴലിക്കാററു രൂപംകൊള്ളുകയായിരുന്നു. അത് അടുത്ത് എത്തിയപ്പോൾ, അവന്റെ ഹൃദയമിടിപ്പു ഭയങ്കരമായി. യഹോവ ചെയ്തിരിക്കുന്ന വൻകാര്യങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവൻ പറഞ്ഞു: “ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക.” ഇയ്യോബിനെപ്പോലെ, നാം ദൈവത്തിന്റെ അത്ഭുത കൃത്യങ്ങളും ഭയഗംഭീര മാഹാത്മ്യവും പരിചിന്തിക്കേണ്ടയാവശ്യമുണ്ട്. എലീഹൂ പറഞ്ഞു: “സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുന്നു.” (ഇയ്യോബ് 37:1, 14, 23, 24) ദൈവം ഉടൻതന്നെ ദുഷ്ടൻമാരുടെമേൽ ന്യായവിധി നടപ്പാക്കുമ്പോൾ ന്യായവും നീതിയും ലഘൂകരിക്കുകയില്ലെന്നും ഭയഭക്തിയുള്ള തന്റെ ആരാധകർ എന്നനിലയിൽ തന്നെ ഭയപ്പെടുന്നവരെ കാത്തുപരിപാലിക്കുമെന്നും എലീഹൂവിന്റെ ഉപസംഹാരവാക്കുകൾ നമ്മെ അനുസ്മരിപ്പിക്കുന്നു. സാർവത്രിക പരമാധികാരി എന്നനിലയിൽ യഹോവയെ അംഗീകരിക്കുന്ന അത്തരം നിർമലതാപാലകരുടെ ഇടയിലായിരിക്കുന്നത് എന്തൊരു പദവിയാണ്! ഇയ്യോബിനെപ്പോലെ സഹിച്ചുനിൽക്കുക. ഈ സന്തുഷ്ടജനത്തിനിടയിലുള്ള നിങ്ങളുടെ അനുഗൃഹീത സ്ഥാനത്തുനിന്നു നിങ്ങളെ അകററാൻ ഒരിക്കലും പിശാചിനെ അനുവദിക്കാതിരിക്കുക.
യഹോവ ഇയ്യോബിന് ഉത്തരം നൽകുന്നു
13, 14. (എ) യഹോവ ഇയ്യോബിനെ എന്തിനെക്കുറിച്ചു ചോദ്യം ചെയ്യാൻ തുടങ്ങി? (ബി) ദൈവം ഇയ്യോബിനോടു ചോദിച്ച മററു ചോദ്യങ്ങളിൽനിന്ന് ഏതെല്ലാം ആശയങ്ങൾ മനസ്സിലാക്കാനാവും?
13 ചുഴലിക്കാററിൽനിന്നു യഹോവ അവനോടു സംസാരിച്ചപ്പോൾ ഇയ്യോബിനെ അത് എത്ര അത്ഭുതപ്പെടുത്തിയിരിക്കണം! ആ ചുഴലിക്കാററ് ദൈവത്തിന്റെ ഒരു പ്രവൃത്തിയായിരുന്നു. അത് വീടു തകർത്ത് ഇയ്യോബിന്റെ കുട്ടികളെ കൊല്ലാൻ സാത്താൻ ഉപയോഗപ്പെടുത്തിയ വൻകാററു പോലെയായിരുന്നില്ല. “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രൻമാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ . . . അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുമുമ്പിൽ ഇയ്യോബ് നിശ്ശബ്ദനായിപ്പോയി. (ഇയ്യോബ് 38:4, 6, 7) സമുദ്രം, അതിന്റെ മേഘാവരണം, അരുണോദയം, മരണത്തിന്റെ വാതായനങ്ങൾ, ഇരുളും വെളിച്ചവും, താരാഗണങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ യഹോവ ഇയ്യോബിനുമുമ്പാകെ ഒന്നൊന്നായി നിരത്തി. “ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?” എന്നു ചോദിച്ചപ്പോൾ ഇയ്യോബിന് ഒന്നും പറയാനായില്ല.—ഇയ്യോബ് 38:33.
14 മനുഷ്യനെ സൃഷ്ടിച്ച് മത്സ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ എന്നിവയുടെ മേൽ ആധിപത്യം കൊടുക്കുന്നതിനുമുമ്പ്, യാതൊരു മനുഷ്യന്റെയും സഹായമോ ഉപദേശമോ കൂടാതെ ദൈവം അവയെ പരിപാലിക്കുകയായിരുന്നു എന്ന് മററുള്ള ചോദ്യങ്ങൾ സൂചിപ്പിച്ചു. കാളക്കൂററൻ, ഒട്ടകപ്പക്ഷി, കുതിര എന്നിങ്ങനെയുള്ള സൃഷ്ടികളെ പരാമർശിക്കുന്നതായിരുന്നു യഹോവയുടെ തുടർന്നുള്ള ചോദ്യങ്ങൾ. “നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടു വെക്കുകയും ചെയ്യുന്നതു?” എന്ന് ഇയ്യോബിനോടു ചോദിക്കയുണ്ടായി. (ഇയ്യോബ് 39:27) തീർച്ചയായും അല്ല! “ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ?” എന്ന് അവനോടു ദൈവം ചോദിച്ചപ്പോൾ ഇയ്യോബ് എങ്ങനെ പ്രതികരിച്ചിരിക്കാമെന്നു വിഭാവന ചെയ്യുക. “ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു” എന്ന് ഇയ്യോബ് പറഞ്ഞതിൽ അപ്പോൾ അതിശയിക്കാനൊന്നുമില്ല. (ഇയ്യോബ് 40:2, 4) യഹോവ എല്ലായ്പോഴും ശരിയായത് ചെയ്യുന്നതുകൊണ്ട്, അവനെതിരെ പരാതിപ്പെടാൻ നമുക്ക് എപ്പോഴെങ്കിലും തോന്നിയാൽ നാം ‘വായ് പൊത്തണം.’ സൃഷ്ടിയിൽ പ്രകടമായിരിക്കുന്ന പ്രകാരമുള്ള തന്റെ ശ്രേഷ്ഠത, കുലീനത, ശക്തി എന്നിവയെയും ദൈവത്തിന്റെ ചോദ്യങ്ങൾ മഹത്ത്വീകരിച്ചു.
ബീഹിമതും ലിവ്യാഥാനും
15. ബീഹിമത് പൊതുവേ ഏതു മൃഗമായി കരുതപ്പെടുന്നു, അതിന്റെ ചില സവിശേഷതകൾ എന്തെല്ലാം?
15 യഹോവ അടുത്തതായി നദീഹയത്തെ [ബീഹിമത്] പരാമർശിച്ചു. പൊതുവേ, ഇതു ഹിപ്പൊപ്പൊട്ടാമസ് ആണെന്നു കരുതപ്പെടുന്നു. (ഇയ്യോബ് 40:15-24) ബൃഹത്തായ ആകൃതിക്കും ഭയങ്കര ഭാരത്തിനും തൊലിക്കട്ടിക്കും പേരുകേട്ട സസ്യഭുക്കായ ഈ മൃഗം “പുല്ലു തിന്നുന്നു.” അതിന്റെ ശക്തിയുടെയും ഊർജത്തിന്റെയും ഉറവിടം അതിന്റെ ഇടുപ്പുകളിലും വയറിന്റെ മാംസപേശികളിലുമാണ്. അതിന്റെ കാലിലെ അസ്ഥികൾ “ചെമ്പുകുഴൽ”പോലെ ശക്തമാണ്. മലവെള്ളപ്പാച്ചലിൽ ബീഹിമത് പരിഭ്രാന്തിയിലാകുന്നില്ല, എന്നാൽ ഒഴുക്കിനെതിരെ അത് അനായാസം നീന്തുന്നു.
16. (എ) ലിവ്യാഥാനെക്കുറിച്ചുള്ള വിവരണം ഏതു ജീവിയോടാണു യോജിക്കുന്നത്, അതിനെക്കുറിച്ചുള്ള ഏതാനും വസ്തുതകളേവ? (ബി) ബീഹിമത്തിന്റെയും ലിവ്യാഥാന്റെയും ശക്തി യഹോവയുടെ സേവനത്തിലെ നിയമനങ്ങൾ നിവർത്തിക്കുന്നതു സംബന്ധിച്ച് എന്തു സൂചിപ്പിച്ചേക്കാം?
16 “മഹാനക്രത്തെ (“ലിവ്യാഥാൻ,” NW) ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ടു അമർത്താമോ?” എന്നും ദൈവം ഇയ്യോബിനോടു ചോദിച്ചു. മുതലയോടു യോജിക്കുന്നതാണു ലിവ്യാഥാനെക്കുറിച്ചുള്ള വിവരണം. (ഇയ്യോബ് 41:1-34) അത് ആരുമായും ഒരു സമാധാനസന്ധിയിലേർപ്പെടില്ല. ഈ ഇഴജന്തുവിനെ ഇളക്കിവിടാനുള്ള ധൈര്യം ജ്ഞാനിയായ ഒരു മനുഷ്യനും കാണിക്കുകയില്ല. അമ്പ് എയ്താലൊന്നും അവ ഓടാൻപോകുന്നില്ല. “വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.” അരിശംപൂണ്ട ലിവ്യാഥാൻ കലത്തെപ്പോലെ ആഴങ്ങളെ തിളപ്പിച്ചു തൈലംപോലെയാക്കുന്നു. ലിവ്യാഥാനും ബീഹിമതും ഇയ്യോബിനെക്കാൾ വളരെയധികം കരുത്തു കൂടിയവയായിരുന്നുവെന്ന വസ്തുത താഴ്മ കാട്ടാൻ ഇയ്യോബിനെ സഹായിച്ചു. നാം നമ്മിൽത്തന്നെ ശക്തരല്ലെന്നു നാമും താഴ്മയോടെ അംഗീകരിക്കണം. സാത്താൻ എന്ന സർപ്പത്തിന്റെ വിഷപ്പല്ലുകളിൽനിന്നു കുതറിമാറി യഹോവയുടെ സേവനത്തിലുള്ള നമ്മുടെ നിയമനങ്ങൾ നിറവേററണമെങ്കിൽ, നമുക്കു ദൈവത്തിന്റെ ജ്ഞാനവും ശക്തിയും ആവശ്യമാണ്.—ഫിലിപ്പിയർ 4:13; വെളിപ്പാടു 12:9.
17. (എ) ഇയ്യോബ് ‘ദൈവത്തെ കണ്ട’തെങ്ങനെ? (ബി) ഇയ്യോബിന് ഉത്തരം കൊടുക്കാൻ കഴിയാഞ്ഞ ചോദ്യങ്ങളാൽ എന്തു തെളിയിക്കപ്പെട്ടു, ഇതിനു നമ്മെ സഹായിക്കാനാവുന്നതെങ്ങനെ?
17 സമ്പൂർണമായി താഴ്ത്തപ്പെട്ട ഇയ്യോബ് തന്റെ തെററായ കാഴ്ചപ്പാടുകൾ സമ്മതിക്കുകയും അറിവില്ലാതെയാണു താൻ സംസാരിച്ചത് എന്ന് ഏററുപറയുകയും ചെയ്തു. എന്നിട്ടും, താൻ ‘ദൈവത്തെ കാണു’മെന്ന വിശ്വാസം അവൻ പ്രകടിപ്പിച്ചിരുന്നു. (ഇയ്യോബ് 19:25-27) യഹോവയെ കണ്ട് ജീവിച്ചിരിക്കാൻ യാതൊരു മനുഷ്യനും കഴിയാത്തതുകൊണ്ട്, ഇതെങ്ങനെ സാധിക്കും? (പുറപ്പാടു 33:20) വാസ്തവത്തിൽ, ഇയ്യോബ് ദിവ്യശക്തിയുടെ പ്രകടനം കാണുകയും ദൈവത്തിന്റെ വാക്കുകൾ കേൾക്കുകയും ചെയ്തിരുന്നു. അങ്ങനെ യഹോവയെ സംബന്ധിച്ചുള്ള സത്യം മനസ്സിലാക്കാൻ അവന്റെ ഗ്രാഹ്യക്കണ്ണുകൾ തുറന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട്, ഇയ്യോബ് ‘സ്വയം വെറുത്ത് പൊടിയിലും ചാരത്തിലും കിടന്ന് അനുതപിച്ചു.’ (ഇയ്യോബ് 42:1-6) അവന് ഉത്തരം കൊടുക്കാൻ കഴിയാഞ്ഞ അനേകം ചോദ്യങ്ങൾ ദൈവത്തിന്റെ പരമാധികാരത്തിന്റെ തെളിവായിത്തീരുകയും ഇയ്യോബിനെപ്പോലെ യഹോവക്കു സമർപ്പിച്ചിരിക്കുന്ന മമനുഷ്യന്റെ നിസ്സാരത്ത്വം പ്രകടമാക്കുകയും ചെയ്തു. യഹോവയുടെ നാമവിശുദ്ധീകരണത്തെയും അവന്റെ പരമാധികാര സംസ്ഥാപനത്തെയുംകാൾ ഉപരിയായി നമ്മുടെ താത്പര്യങ്ങൾ വരരുതെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. (മത്തായി 6:9, 10) നമ്മുടെ മുഖ്യതാത്പര്യം യഹോവയോടുള്ള നിർമലതാപാലനവും അവന്റെ നാമത്തെ ബഹുമാനിക്കലും ആയിരിക്കണം.
18. ഇയ്യോബിന്റെ വ്യാജ ആശ്വാസകർ എന്തു ചെയ്യേണ്ടയാവശ്യമുണ്ടായിരുന്നു?
18 എന്നുവരികിലും, സ്വയനീതിക്കാരായ വ്യാജ ആശ്വാസകരുടെ കാര്യമോ? ഇയ്യോബ് ചെയ്തതിനു വ്യത്യസ്തമായി, തന്നെക്കുറിച്ചു സത്യം സംസാരിക്കാതിരുന്നതിനു യഹോവക്ക് എലീഫസിനെയും ബിൽദാദിനെയും സോഫറിനെയും ന്യായമായും വധിച്ചുകളയാമായിരുന്നു. “നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊററനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിപ്പിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും” എന്നു ദൈവം പറഞ്ഞു. അത് അനുസരിക്കാൻ ആ മൂവർക്കു സ്വയം താഴ്ത്തേണ്ടതുണ്ടായിരുന്നു. നിർമലതാപാലകനായ ഇയ്യോബ് അവർക്കുവേണ്ടി പ്രാർഥിക്കണമായിരുന്നു. യഹോവക്ക് ആ പ്രാർഥന സ്വീകാര്യമായിരുന്നു. (ഇയ്യോബ് 42:7-9) എന്നാൽ ദൈവത്തെ ശപിച്ച് മരിക്കാൻ ഉപദേശിച്ച ഇയ്യോബിന്റെ ഭാര്യയുടെ കാര്യമോ? ദൈവകൃപയാൽ അവൾ അവനോട് അനുരഞ്ജനത്തിലായി എന്നാണു തോന്നുന്നത്.
വാഗ്ദത്തപ്രതിഫലങ്ങൾ നമുക്കു പ്രത്യാശയേകുന്നു
19. ഇയ്യോബിനോടുള്ള ബന്ധത്തിൽ, യഹോവ പിശാചിന്റെമേലുള്ള തന്റെ അധീശത്വം പ്രകടമാക്കിയതെങ്ങനെ?
19 ഇയ്യോബ് തന്റെ ദുരിതങ്ങളെക്കുറിച്ചു പ്രയാസപ്പെടുന്നതു നിർത്തി ദൈവസേവനത്തിൽ വീണ്ടും സജീവമാകാൻ തുടങ്ങിയ ഉടൻ ദൈവം അവന്റെ കാര്യങ്ങൾക്കു മാററം വരുത്തി. ഇയ്യോബ് മൂവർക്കുവേണ്ടി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ, ദൈവം ‘അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും അവനു ഇരട്ടിയായി കൊടുത്തു.’ രോഗബാധയുണ്ടാക്കുന്ന പിശാചിന്റെ കരങ്ങളെ തടുക്കുകയും ഇയ്യോബിനെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് യഹോവ പിശാചിന്റെമേലുള്ള തന്റെ അധീശത്വം പ്രകടമാക്കി. ദൈവം ഭൂതപ്പരിഷകളെ ഓടിക്കുകയും തന്റെ ദൂതൻമാരെ താവളമടിപ്പിച്ചുകൊണ്ട് ഇയ്യോബിനു വീണ്ടും വേലികെട്ടി അവർക്കെതിരെ കാവൽ ഏർപ്പെടുത്തുകയും ചെയ്തു.—ഇയ്യോബ് 42:10; സങ്കീർത്തനം 34:7.
20. യഹോവ ഇയ്യോബിന് ഏതെല്ലാം വിധങ്ങളിൽ പ്രതിഫലവും അനുഗ്രഹവും നൽകി?
20 ഇയ്യോബിന്റെ സഹോദരീസഹോദരൻമാരും മുൻപരിചയക്കാരും അവന്റെ അടുക്കൽ വന്നുകൊണ്ടിരുന്നു. അവനോടൊത്തു ഭക്ഷണം കഴിച്ച അവർ അവന്റെ കാര്യമോർത്തു സഹതപിക്കുകയും അവന്റെമേൽ വന്നുഭവിക്കാൻ യഹോവ അനുവദിച്ച ദുരന്തങ്ങളെപ്രതി അവനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഓരോരുത്തരും ഇയ്യോബിനു പണവും പൊൻമോതിരവും സമ്മാനിച്ചു. യഹോവ ഇയ്യോബിന്റെ ശേഷിച്ച ജീവിതം മുമ്പിലത്തേതിനെക്കാൾ ധന്യമാക്കി. അങ്ങനെ അവനു 14,000 ആടുകളും 6,000 ഒട്ടകങ്ങളും 1,000 ഏർ കന്നുകാലികളും 1,000 പെൺകഴുതകളും ഉണ്ടായി. ഇയ്യോബിനു മുമ്പുണ്ടായിരുന്നത്രയും മക്കൾ വീണ്ടുമുണ്ടായി, ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും. അവന്റെ പുത്രിമാരായ യെമീമാ, കെസീയാ, കേരെൻ-ഹപ്പൂക് എന്നിവർ ആ നാട്ടിലെ ഏററവും സുന്ദരികളായിരുന്നു. ഇയ്യോബ് അവരുടെ സഹോദരങ്ങൾക്കൊപ്പം അവർക്കും അവകാശം കൊടുത്തു. (ഇയ്യോബ് 42:11-15) കൂടാതെ, ഇയ്യോബ് പിന്നെയും 140 വർഷംകൂടി ജീവിച്ച് സന്താനങ്ങളുടെ നാലു തലമുറകൾ കാണുകയും ചെയ്തു. വിവരണം ഇങ്ങനെ അവസാനിക്കുന്നു: “അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു. (ഇയ്യോബ് 42:16, 17) അവന്റെ ആയുസ്സു നീട്ടിക്കൊടുത്തതു യഹോവയാം ദൈവത്തിന്റെ അത്ഭുതപ്രവൃത്തിയായിരുന്നു.
21. ഇയ്യോബിനെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണം നമ്മെ എങ്ങനെ സഹായിക്കുന്നു, നാം എന്തു ചെയ്യാൻ ദൃഢചിത്തരാകണം?
21 ഇയ്യോബിനെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണം സാത്താന്റെ തന്ത്രങ്ങളെക്കുറിച്ചു നമ്മെ കൂടുതൽ ബോധവാൻമാരാക്കുകയും സാർവത്രികപരമാധികാരം മാനുഷനിർമലതയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ഇയ്യോബിനെപ്പോലെ, ദൈവത്തെ സ്നേഹിക്കുന്ന എല്ലാവരും പരിശോധിക്കപ്പെടും. എന്നാൽ ഇയ്യോബിനെപ്പോലെ, നമുക്കു സഹിച്ചുനിൽക്കാനാവും. വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ പരിശോധനകളെ അതിജീവിച്ചപ്പോൾ അവനു ലഭിച്ച പ്രതിഫലങ്ങൾ അനവധിയായിരുന്നു. ഇന്നു യഹോവയുടെ ദാസൻമാർ എന്നനിലയിൽ നമുക്കു സത്യവിശ്വാസവും പ്രത്യാശയുമുണ്ട്. എന്തൊരു മഹത്തായ പ്രതീക്ഷയാണു മഹാപ്രതിഫലദാതാവു നമ്മിൽ ഓരോരുത്തരുടെയും മുന്നിൽ വെച്ചിരിക്കുന്നത്! സ്വർഗീയ പ്രതിഫലം മനസ്സിൽ പിടിക്കുന്നതു ഭൂമിയിൽ തങ്ങളുടെ ശേഷിക്കുന്ന ജീവിതം ദൈവത്തെ വിശ്വസ്തമായി സേവിക്കാൻ അഭിഷിക്തരായവരെ സഹായിക്കും. ഭൗമിക പ്രത്യാശയുള്ള അനേകർ ഒരിക്കലും മരിക്കുകയില്ല, എന്നാൽ മരിച്ചുപോകുന്നവർക്കുള്ള പ്രതിഫലം ഭൂമിയിലെ പറുദീസയിലേക്കുള്ള പുനരുത്ഥാനമായിരിക്കും. അക്കൂട്ടത്തിൽ ഇയ്യോബും ഉണ്ടായിരിക്കും. ഹൃദയത്തിലും മനസ്സിലും അത്തരം യഥാർഥ പ്രത്യാശ നിലനിർത്തിക്കൊണ്ട് ദൈവത്തെ സ്നേഹിക്കുന്ന എല്ലാവരും, നിർമലതാപാലകരും അവന്റെ സാർവത്രികപരമാധികാരത്തെ ഉറപ്പോടെ പിന്താങ്ങുന്നവരും എന്നനിലയിൽ, യഹോവയുടെ വശത്ത് ഉറച്ചുനിന്നുകൊണ്ട് സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കട്ടെ.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
◻ വ്യാജ ആശ്വാസകർക്ക് ഇയ്യോബ് കൊടുത്ത അവസാന മറുപടിയിൽനിന്നുള്ള ചില ആശയങ്ങൾ എന്തെല്ലാമാണ്?
◻ എലീഹൂ യഹോവയുടെ ഒരു നിഷ്പക്ഷ സാക്ഷിയാണെന്നു തെളിഞ്ഞതെങ്ങനെ?
◻ ഇയ്യോബിനോടുള്ള ദൈവത്തിന്റെ ചോദ്യങ്ങളിൽ ചിലത് ഏതെല്ലാം, അവയ്ക്ക് എന്തു ഫലമുണ്ടായി?
◻ ഇയ്യോബിനെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണത്തിൽനിന്നു നിങ്ങൾ പ്രയോജനം നേടിയിരിക്കുന്നതെങ്ങനെ?
[18-ാം പേജിലെ ചിത്രം]
ബീഹിമത്തിനെയും ലിവ്യാഥാനെയും കുറിച്ചുള്ള യഹോവയുടെ പ്രസ്താവനകൾ ഇയ്യോബിനെ താഴ്മയുള്ളവനാക്കാൻ ഉതകി