അധ്യായം 35
എനിക്ക് എങ്ങനെ ദൈവത്തിന്റെ കൂട്ടുകാരനാകാം?
ജെരമിയുടെ ജീവിതത്തിൽ വലിയൊരു പ്രശ്നമുണ്ടായപ്പോൾ യഹോവയുമായി ഒരു സൗഹൃദം ഉണ്ടായിരിക്കുന്നത് എത്ര വിലപ്പെട്ടതാണെന്ന് അവനു മനസ്സിലാക്കാനായി. അവൻ പറയുന്നു: “എനിക്കു 12 വയസ്സുള്ളപ്പോൾ പപ്പ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ്. ഒരു ദിവസം രാത്രി കരഞ്ഞുകൊണ്ട് ഞാൻ യഹോവയോടു പ്രാർഥിച്ചു. പപ്പയെ തിരിച്ചുകൊണ്ടുവരണേ എന്ന്.”
ഇതൊക്കെ ആലോചിക്കുമ്പോൾ അവന് ആകെ വിഷമമായിരുന്നു. എങ്കിലും അവൻ ബൈബിൾ വായിക്കാൻ തുടങ്ങി. സങ്കീർത്തനത്തിലെ ഒരു വാക്യം വായിച്ചപ്പോൾ അവന്റെ കണ്ണ് നിറഞ്ഞുപോയി. അവിടെ യഹോവയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിർഭാഗ്യവാനായ ആ ഇര അങ്ങയിലേക്കു തിരിയുന്നു. പിതാവില്ലാത്ത കുട്ടിക്ക് അങ്ങ് തുണയായുണ്ടല്ലോ.” (സങ്കീർത്തനം 10:14, അടിക്കുറിപ്പ്) ജെരമി പറയുന്നു: “യഹോവ എന്നോട് ഇങ്ങനെ പറയുന്നതുപോലെ എനിക്കു തോന്നി, ‘നിന്നെ സഹായിക്കാൻ ഞാനില്ലേ. ഞാൻ നിന്റെ പിതാവല്ലേ.’ ശരിയാ, യഹോവയെക്കാൾ നല്ല പിതാവ് വേറെയില്ല.”
നിങ്ങളുടെ സാഹചര്യം ജെരമിയുടേതുപോലെ ആണെങ്കിലും അല്ലെങ്കിലും ബൈബിൾ പറയുന്നത് യഹോവ നിങ്ങളുടെ സുഹൃത്തായിരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. ബൈബിൾ ഇങ്ങനെ പറയുന്നു: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.” (യാക്കോബ് 4:8) അതെക്കുറിച്ച് ഒന്ന് ചിന്തിക്കുക. നിങ്ങൾക്ക് യഹോവയെ കാണാൻ പറ്റില്ല. യഹോവയ്ക്കു നിങ്ങളുടെ അതേ പ്രായവും അല്ല. എങ്കിലും തന്റെ കൂട്ടുകാരനാകാൻ യഹോവ നിങ്ങളെ ക്ഷണിക്കുകയാണ്.
എന്നാൽ അങ്ങനെ ദൈവത്തിന്റെ ഒരു കൂട്ടുകാരനാകണമെങ്കിൽ നിങ്ങൾ ചിലതു ചെയ്യണം. ഒരു ഉദാഹരണം നോക്കാം. നിങ്ങൾ വീടിനുള്ളിൽ ഒരു ചെടിച്ചട്ടിയിൽ ഒരു ചെടി വെച്ചിട്ടുണ്ട്. അതു തനിയെ വളരുമോ? ഇല്ല. നമ്മൾ അതിനു പതിവായി വെള്ളം ഒഴിച്ചുകൊടുക്കണം. വളരാൻ പറ്റിയ സാഹചര്യവും അതിനു വേണം. അതുപോലെതന്നെയാണ് ദൈവവുമായുള്ള സൗഹൃദം. അതു തനിയെ വളരുകയില്ല. അതിനു നമ്മൾ എന്താണ് ചെയ്യേണ്ടത്?
പഠനം പ്രധാനം
ഒരാളെ സുഹൃത്താക്കണമെങ്കിൽ നമ്മൾ വെറുതേ സംസാരിച്ചാൽ മാത്രം പോരാ, അവർ പറയുന്നതു കേൾക്കുകയും ചെയ്യണം. യഹോവയെ സുഹൃത്താക്കണമെങ്കിൽ യഹോവ സംസാരിക്കുമ്പോൾ നമ്മൾ കേൾക്കണം. നമ്മൾ ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ ദൈവം പറയുന്നതു കേൾക്കുകയാണ്.—സങ്കീർത്തനം 1:2, 3.
പഠിക്കുന്നതു നിങ്ങൾക്ക് അത്ര ഇഷ്ടമല്ലായിരിക്കും. മറ്റു ചെറുപ്പക്കാരെപ്പോലെ ടിവി കണ്ടിരിക്കാനും ഗെയിം കളിക്കാനും കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകാനും ഒക്കെയായിരിക്കും നിങ്ങളുടെയും ആഗ്രഹം. പക്ഷേ ദൈവത്തെ കൂട്ടുകാരനാക്കണമെങ്കിൽ അതിനു വേറെ എളുപ്പവഴിയൊന്നുമില്ല. ദൈവം സംസാരിക്കുമ്പോൾ അതു കേൾക്കുകതന്നെ വേണം. അതിനു ബൈബിൾ പഠിക്കണം.
എന്നാൽ ഇങ്ങനെ പഠിക്കുന്നത് ഒരു ബോറായിട്ട് നിങ്ങൾക്കു തോന്നുന്നുണ്ടോ? വിഷമിക്കേണ്ട. പഠിക്കാൻ നിങ്ങൾക്ക് അത്ര ഇഷ്ടമൊന്നുമല്ലെങ്കിലും പഠനം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. അതിന് ആദ്യം ചെയ്യേണ്ടതു ബൈബിൾ പഠിക്കാനായി കുറച്ച് സമയം മാറ്റിവെക്കുക എന്നതാണ്. ലൈസ് എന്നൊരു പെൺകുട്ടി ഇങ്ങനെ പറയുന്നു: “എനിക്ക് ഒരു ടൈം ടേബിൾ ഉണ്ട്. രാവിലെ എഴുന്നേറ്റാൽ ഞാൻ ആദ്യം ബൈബിളിലെ ഒരു അധ്യായം വായിക്കും.” 15 വയസ്സുള്ള മരിയ മറ്റൊരു സമയത്താണ് അതു ചെയ്യുന്നത്. “എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് ഞാൻ കുറച്ചുനേരം ബൈബിൾ വായിക്കും” എന്ന് അവൾ പറയുന്നു.
ബൈബിൾ നന്നായി പഠിക്കാൻ നിങ്ങൾക്കും ലക്ഷ്യം വെക്കാം. അതിനു നിങ്ങളെ സഹായിക്കുന്ന ചില വിവരങ്ങൾ “ബൈബിൾ പഠിക്കാം” എന്ന ചതുരത്തിലുണ്ട്. അതൊന്നു നോക്കിയിട്ട് ദൈവവചനം പഠിക്കാൻ ദിവസവും ഒരു അരമണിക്കൂർ നിങ്ങൾക്ക് എപ്പോൾ മാറ്റിവെക്കാനാകുമെന്ന് താഴെ എഴുതുക.
․․․․․
ബൈബിൾ വായിക്കുന്നതിന് ഒരു സമയം വെക്കാൻ എളുപ്പമാണ്. എന്നാൽ വായിച്ചുതുടങ്ങുമ്പോൾ ഇത് അത്ര രസമില്ലല്ലോ എന്നു നിങ്ങൾക്കു തോന്നിയേക്കാം. 11 വയസ്സുള്ള ജസ്രീലിനും അതുതന്നെയാണ് തോന്നിയത്. അവൻ തുറന്നുപറയുന്നു: “ബൈബിളിന്റെ ചില ഭാഗങ്ങൾ വായിക്കാൻതന്നെ വലിയ പാടാണ്. ചിലപ്പോൾ ബോറടിക്കും.” നിങ്ങൾക്കും ഇങ്ങനെ തോന്നിയാൽ വായന നിറുത്തിക്കളയരുത്. കാരണം നിങ്ങൾ ബൈബിൾ വായിച്ചില്ലെങ്കിൽ നിങ്ങളുടെ കൂട്ടുകാരനായ യഹോവ പറയുന്നതു നിങ്ങൾക്ക് എങ്ങനെ കേൾക്കാനാകും? അത് എപ്പോഴും ഓർക്കുക. ബൈബിൾ പഠിക്കാൻ നിങ്ങൾ എത്രയധികം ശ്രമം ചെയ്യുന്നോ അത്രയധികം നിങ്ങൾ അത് ആസ്വദിച്ചുതുടങ്ങും!
പ്രാർഥന അനിവാര്യം
പ്രാർഥിക്കുമ്പോൾ നമ്മൾ ദൈവത്തോടു സംസാരിക്കുകയാണ്. അത് എത്ര വലിയൊരു സമ്മാനമാണ്! രാത്രിയോ പകലോ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് യഹോവയോടു സംസാരിക്കാം. ഏതു സമയത്തും കേൾക്കാൻ യഹോവ തയ്യാറാണെന്നു മാത്രമല്ല നിങ്ങൾ പറയുന്നതു കേൾക്കാൻ യഹോവയ്ക്ക് ആഗ്രഹവുമുണ്ട്. അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പറയുന്നത്: “കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ നന്ദിവാക്കുകളോടെ ദൈവത്തെ അറിയിക്കുക.”—ഫിലിപ്പിയർ 4:6.
ഈ വാക്യം പറയുന്നതുപോലെ നിങ്ങൾക്ക് യഹോവയോടു പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങളുടെ പ്രശ്നങ്ങളും നിങ്ങളെ ടെൻഷൻ അടിപ്പിക്കുന്ന കാര്യങ്ങളും യഹോവയോടു പറയാം. പല കാര്യങ്ങൾക്കും നന്ദി പറയാനുമുണ്ടാകും. നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്തുതന്നാൽ നിങ്ങൾ നന്ദി പറയില്ലേ? ഇതുപോലെ യഹോവയോടും നന്ദി പറയുക. നിങ്ങളുടെ ഒരു സുഹൃത്തിനും ഒരിക്കലും ചെയ്തുതരാനാകാത്ത അത്രയും കാര്യങ്ങൾ യഹോവ നിങ്ങൾക്കു ചെയ്തുതന്നിട്ടുണ്ട്.—സങ്കീർത്തനം 106:1.
നിങ്ങൾക്ക് യഹോവയോടു നന്ദി പറയണമെന്നു തോന്നിയിട്ടുള്ള ചില കാര്യങ്ങൾ താഴെ എഴുതുക.
․․․․․
ചിലപ്പോഴൊക്കെ നിങ്ങൾക്കു ടെൻഷനും പേടിയും ഒക്കെ തോന്നിയേക്കാം. സങ്കീർത്തനം 55:22 പറയുന്നു: “നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതിമാൻ വീണുപോകാൻ ദൈവം ഒരിക്കലും അനുവദിക്കില്ല.”
നിങ്ങളെ ടെൻഷനടിപ്പിക്കുന്ന എന്തൊക്കെ കാര്യങ്ങൾ യഹോവയോടു പറയാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അവ താഴെ എഴുതുക.
․․․․․
നിങ്ങളുടെതന്നെ അനുഭവങ്ങൾ
യഹോവയുമായുള്ള നിങ്ങളുടെ സൗഹൃദം ശക്തമാക്കുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. സങ്കീർത്തനക്കാരനായ ദാവീദ് എഴുതി: “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!” (സങ്കീർത്തനം 34:8) ജീവിതത്തിൽ ഭയാനകമായ ഒരു സാഹചര്യത്തെ നേരിട്ടതിനു ശേഷം ദാവീദ് എഴുതുന്ന സങ്കീർത്തനമാണ് ഇത്. ശൗൽ ദാവീദിനെ കൊല്ലാനായി പിന്നാലെയുണ്ട്. രക്ഷപ്പെടാനായി ദാവീദ് ചെന്നെത്തിയതു ശത്രുസൈന്യമായ ഫെലിസ്ത്യരുടെ നഗരത്തിലാണ്. എന്നാൽ അവർ തന്നെ കൊല്ലുമെന്നു മനസ്സിലായപ്പോൾ ദാവീദ് ബുദ്ധിഭ്രമമുള്ളവനെപ്പോലെ അഭിനയിച്ച് അവിടെനിന്ന് രക്ഷപ്പെടുന്നു.—1 ശമുവേൽ 21:10-15.
തന്റെ കഴിവുകൊണ്ടാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നു ദാവീദ് ചിന്തിച്ചില്ല. പകരം യഹോവയാണ് തന്നെ സഹായിച്ചതെന്ന് ദാവീദ് മനസ്സിലാക്കി. മുമ്പ് പറഞ്ഞ ആ സങ്കീർത്തനത്തിന്റെ തുടക്കത്തിൽ ദാവീദ് ഇങ്ങനെ എഴുതി: “ഞാൻ യഹോവയോടു ചോദിച്ചു; ദൈവം എനിക്ക് ഉത്തരം തന്നു. എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ മോചിപ്പിച്ചു.” (സങ്കീർത്തനം 34:4) അതുകൊണ്ട് സ്വന്തം അനുഭവത്തിൽനിന്നാണ് ദാവീദിന് ഇങ്ങനെ പറയാനായത്: “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”a
യഹോവയ്ക്കു നിങ്ങളോടു സ്നേഹമുണ്ടെന്നു തോന്നിയ ഒരു സംഭവം ഓർത്തെടുക്കാനാകുന്നുണ്ടോ? അതു താഴെ എഴുതുക. അതു വലിയവലിയ കാര്യങ്ങളായിരിക്കണം എന്നില്ല. ഓരോ ദിവസവും നിങ്ങൾക്കു കിട്ടുന്ന ചെറിയ അനുഗ്രഹങ്ങളും എഴുതാം. അതു ചിലപ്പോൾ നമ്മൾ നിസ്സാരമായി കാണുന്നവയായിരിക്കും.
․․․․․
ഒരുപക്ഷേ പപ്പയും മമ്മിയും നിങ്ങളെ ബൈബിൾ പഠിപ്പിച്ചിട്ടുണ്ടാകും. ഉണ്ടെങ്കിൽ അതൊരു അനുഗ്രഹംതന്നെയാണ്. എന്നാൽ യഹോവ നിങ്ങളുടെ കൂട്ടുകാരനായി മാറണം. അതിനു നിങ്ങൾതന്നെ ശ്രമിക്കണം. നിങ്ങൾക്ക് ഇതുവരെ അതിനു കഴിഞ്ഞിട്ടില്ലെങ്കിൽ ഈ അധ്യായത്തിലെ വിവരങ്ങൾ അതിനു നിങ്ങളെ സഹായിക്കും. നിങ്ങൾ അതിനായി ശ്രമിക്കുമ്പോൾ യഹോവ അനുഗ്രഹിക്കും. ബൈബിൾ പറയുന്നു: “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും.”—മത്തായി 7:7.
[അടിക്കുറിപ്പ്]
a “രുചിച്ചറിയൂ” എന്ന പദപ്രയോഗം ചില ബൈബിൾ ഭാഷാന്തരങ്ങളിൽ കാണുന്നതു “സ്വയം കണ്ടെത്തൂ,” “നിങ്ങൾതന്നെ തിരിച്ചറിയൂ,” “അനുഭവിച്ചറിയുക” എന്നൊക്കെയാണ്.—സമകാലീന ഇംഗ്ലീഷ് ഭാഷാന്തരം, ടുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം, ഓശാന.
[പ്രധാനതിരുവെഴുത്ത്]
“ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”—മത്തായി 5:3.
ഓർക്കാം
ദിവസവും ആറ് പേജ് വീതം വായിച്ചാൽ ഏകദേശം ഒരു വർഷംകൊണ്ട് ബൈബിൾ മുഴുവൻ വായിച്ചുതീർക്കാനാകും.
നിങ്ങൾക്ക് അറിയാമോ . . .
യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടാണ് നിങ്ങൾക്ക് ഇപ്പോൾ ഈ പുസ്തകം ലഭിച്ചതും ഇതിലെ ബൈബിൾനിർദേശങ്ങൾ അനുസരിക്കാനാകുന്നതും.—യോഹന്നാൻ 6:44.
ചെയ്യാൻപോകുന്നത്!
ബൈബിൾ പഠിക്കുമ്പോൾ കൂടുതൽ പ്രയോജനം കിട്ടാൻ, ഞാൻ
മുടക്കംവരാതെ പ്രാർഥിക്കാൻ, ഞാൻ
ഈ വിഷയത്തെക്കുറിച്ച് മാതാപിതാക്കളോട് എന്തു ചോദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്?
നിങ്ങൾക്ക് എന്ത് തോന്നുന്നു?
• ബൈബിൾ പഠിക്കുന്നത് എങ്ങനെ കുറച്ചുകൂടെ രസകരമായിട്ട് ചെയ്യാം?
• നമ്മൾ അപൂർണരാണെങ്കിലും യഹോവ നമ്മുടെ പ്രാർഥനകൾ കേൾക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
• പ്രാർഥന കുറച്ചുകൂടെ മെച്ചപ്പെടുത്താൻ എന്തു ചെയ്യാനാകും?
[ആകർഷകവാക്യം]
“ചെറുതായിരുന്നപ്പോൾ ഞാൻ എല്ലാ ദിവസവും ഒരേ കാര്യങ്ങൾതന്നെയാണ് പ്രാർഥിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ഓരോ ദിവസവും ഉണ്ടാകുന്ന നല്ലതും ചീത്തയും ആയ കാര്യങ്ങൾ ദൈവത്തോടു പറയാൻ ഞാൻ ശ്രമിക്കാറുണ്ട്. എല്ലാ ദിവസവും ഒരുപോലെയല്ലല്ലോ. ഇപ്പോൾ എനിക്ക് ദൈവത്തോടു പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്.’’—ഈവ്
[ചതുരം/ചിത്രം]
ബൈബിൾ പഠിക്കാം
1. വായിക്കാൻ ഇഷ്ടമുള്ള ഒരു ബൈബിൾവിവരണം തിരഞ്ഞെടുക്കുക. അവ മനസ്സിലാക്കുന്നതിന് ആവശ്യമായ ജ്ഞാനം തരണേ എന്നു പ്രാർഥിക്കുക.
2. ശ്രദ്ധിച്ചുവായിക്കുക. ഓടിച്ച് വായിക്കരുത്. വായിക്കുമ്പോൾ ആ സംഭവങ്ങൾ മനസ്സിൽ കാണുക. നിങ്ങളും അവിടെയുണ്ട്. അതിലെ കഥാപാത്രങ്ങൾ പറയുന്നതെല്ലാം നിങ്ങൾക്കു കേൾക്കാം, ചെയ്യുന്നതൊക്കെ കാണാം. വായുവിൽ തങ്ങി നിൽക്കുന്ന മണം നിങ്ങളുടെ മൂക്കിൽ തുളച്ചുകയറുന്നുണ്ട്, ആ ഭക്ഷണത്തിന്റെ രുചി നിങ്ങളുടെ നാവിലുണ്ട്. അങ്ങനെ ഓരോ ചെറിയ കാര്യങ്ങളും നിങ്ങൾ ഭാവനയിൽ കാണുക.
3. വായിച്ചതിനെക്കുറിച്ച് ഒന്നുകൂടെ ചിന്തിക്കുക. താഴെ കൊടുത്തിരിക്കുന്നതുപോലുള്ള ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുക:
• യഹോവ എന്തിനാണ് ഈ കാര്യങ്ങൾ തന്റെ വചനത്തിൽ എഴുതിവെച്ചിരിക്കുന്നത്?
• ഇതിൽ പറയുന്ന ആരെയൊക്കെ അനുകരിക്കാം, ആരെയൊക്കെ അനുകരിക്കരുത്?
• ഇതിൽനിന്ന് എന്തൊക്കെ പാഠങ്ങൾ ഞാൻ പഠിച്ചു?
• ഈ വിവരണം യഹോവയെക്കുറിച്ചും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തെക്കുറിച്ചും എന്നെ എന്താണ് പഠിപ്പിച്ചത്?
4. ചെറുതായൊന്നു പ്രാർഥിക്കുക. ഈ വിവരണത്തിൽനിന്ന് നിങ്ങൾ എന്തൊക്കെ പഠിച്ചെന്നും അതിനു ചേർച്ചയിൽ എന്തൊക്കെ ചെയ്യുമെന്നും യഹോവയോടു പറയുക. ബൈബിൾ ഒരു സമ്മാനമായി തന്നതിന് യഹോവയോട് എപ്പോഴും നന്ദി പറയുക.
[ചിത്രം]
“അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപവും എന്റെ വഴികൾക്ക് ഒരു വെളിച്ചവും ആണ്.”—സങ്കീർത്തനം 119:105.
[ചതുരം/ചിത്രം]
ആദ്യം ചെയ്യേണ്ടത് ആദ്യം
പ്രാർഥിക്കാൻ സമയമില്ലേ? ബൈബിൾ പഠിക്കാൻ സമയമില്ലേ? ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ആദ്യം ചെയ്യാത്തതുകൊണ്ടായിരിക്കുമോ അങ്ങനെ?
ചെയ്തുനോക്കാം: ഒരു ബക്കറ്റ് എടുക്കുക. അതിലേക്ക് ആദ്യം കുറെ വലിയ കല്ലുകൾ ഇടുക. എന്നിട്ട് ആ കല്ലുകളുടെ മുകളിലേക്ക്, ബക്കറ്റ് നിറയുന്നതുവരെ മണൽ ഇടുക. ഇപ്പോൾ ബക്കറ്റിൽ കല്ലുമുണ്ട്, മണലുമുണ്ട്. ശരി, ഇപ്പോൾ എല്ലാം പുറത്തേക്കെടുക്കുക. ഇനി നമുക്കു ബക്കറ്റിലേക്ക് ആദ്യം ആ മണലിടാം. എന്നിട്ട് മണലിനു മുകളിൽ കല്ലുകൾ വെക്കാൻ നോക്കാം. കല്ലുകളെല്ലാം കൊള്ളുന്നില്ല, അല്ലേ? ഇത്തവണ ആദ്യം മണൽ നിറച്ചതുകൊണ്ടാണ് കല്ലുകൾ വെക്കാൻ സ്ഥലമില്ലാതായത്.
എന്തു മനസ്സിലാക്കാം? ബൈബിൾ പറയുന്നു: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’ (ഫിലിപ്പിയർ 1:10) ജീവിതത്തിൽ വിനോദംപോലുള്ള ചെറിയ കാര്യങ്ങളാണ് ആദ്യം നിറയ്ക്കുന്നതെങ്കിൽ ദൈവസേവനംപോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾക്കു സമയം കിട്ടാതെവരും. പക്ഷേ ഫിലിപ്പിയർ 1:10 പറയുന്നതുപോലെ ചെയ്താൽ നിങ്ങൾക്ക് ആത്മീയകാര്യങ്ങൾക്കും വിനോദത്തിനും സമയം കിട്ടും. നിങ്ങൾ ബക്കറ്റിൽ ആദ്യം എന്ത് ഇടുന്നു എന്നതു പ്രധാനമാണ്.
[ചിത്രം]
ഒരു ചെടിയുടെ കാര്യത്തിലെന്നപോലെ ദൈവവുമായുള്ള സൗഹൃദവും വളരണമെങ്കിൽ നമ്മൾ ചിലതു ചെയ്യണം