യഹോവ നമ്മുടെ സ്തുതിക്ക് അർഹൻ
“യഹോവയെ സ്തുതിപ്പിൻ.”—സങ്കീ. 111:1.
1, 2. “ഹല്ലെലൂയ്യാ” എന്നതിന്റെ അർഥമെന്ത്, എന്തിനോട് ബന്ധപ്പെട്ടാണ് വെളിപ്പാടിൽ അത് ഉപയോഗിച്ചിരിക്കുന്നത്?
ക്രൈസ്തവ ദേവാലയങ്ങളിൽ പതിവായി മുഴങ്ങിക്കേൾക്കുന്ന വാക്കാണ് “ഹല്ലെലൂയ്യാ.” ചിലരാകട്ടെ ഈ വാക്ക് ഉപയോഗിക്കാതെ ഒരു വാചകംപോലും പൂർത്തിയാക്കില്ല. എന്നാൽ അതിന്റെ പാവനമായ അർഥം അറിയാവുന്നവർ നന്നേ ചുരുക്കമാണ്; അത് ഉരുവിടുന്ന പലരുടെയും ജീവിതരീതിയോ, ദൈവനിന്ദാകരവും. (തീത്തൊ. 1:16) ഹല്ലെലൂയ്യാ എന്ന പദത്തിന് ഒരു ബൈബിൾ നിഘണ്ടു നൽകുന്ന വിശദീകരണം ഇങ്ങനെയാണ്: “യഹോവയെ സ്തുതിക്കുന്നതിൽ ഒപ്പം ചേരാൻ മറ്റുള്ളവരെ ആഹ്വാനം ചെയ്യുന്നതിനുവേണ്ടി സങ്കീർത്തനങ്ങളുടെ രചയിതാക്കൾ ഉപയോഗിച്ചിരുന്ന പദം.” “യാഹിനെ [അതായത്] യഹോവയെ സ്തുതിപ്പിൻ” എന്ന അർഥമാണ് “ഹല്ലെലൂയ്യാ” എന്ന പദത്തിനുള്ളത് എന്ന അഭിപ്രായക്കാരാണ് അനേകം ബൈബിൾ പണ്ഡിതന്മാരും.
2 അതുകൊണ്ടുതന്നെ സത്യവേദപുസ്തകം സങ്കീർത്തനം 111:1-ൽ “യഹോവയെ സ്തുതിപ്പിൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. വ്യാജമതത്തിന്റെ അന്ത്യം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് വെളിപ്പാടു 19:1-6-ൽ “ഹല്ലെലൂയ്യാ” എന്ന പദം നാലുതവണ ഉപയോഗിച്ചിരിക്കുന്നതായി നമുക്കു കാണാനാകും. വ്യാജമതങ്ങൾ നാമവശേഷമായിക്കഴിയുമ്പോൾ “ഹല്ലെലൂയ്യാ” പാടി യഹോവയെ സ്തുതിക്കാൻ സത്യാരാധകർക്ക് ഈടുറ്റ കാരണമുണ്ട്.
ദൈവത്തിന്റെ കരവേലകൾ
3. നാം പതിവായി കൂടിവരുന്നതിന്റെ മുഖ്യ ഉദ്ദേശ്യം എന്താണ്?
3 നമ്മുടെ ഐകകണ്ഠ്യേനയുള്ള സ്തുതിക്ക് യഹോവ യോഗ്യനായിരിക്കുന്നത് എന്തുകൊണ്ടാണ്? സങ്കീർത്തനം 111-ന്റെ എഴുത്തുകാരൻ പല കാരണങ്ങളും നിരത്തുന്നു. ഒന്നാം വാക്യം പറയുന്നു: “ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.” ഇതേ വികാരമാണ് ഇന്നത്തെ യഹോവയുടെ സാക്ഷികൾക്കും ഉള്ളത്. പ്രാദേശിക സഭകളിലും വലിയ കൺവെൻഷനുകളിലും നാം പതിവായി കൂടിവരുന്നതിന്റെ മുഖ്യ ഉദ്ദേശ്യം യഹോവയെ സ്തുതിക്കുക എന്നതുതന്നെയാണ്.
4. യഹോവയുടെ പ്രവൃത്തികൾ മനുഷ്യർക്ക് എങ്ങനെ ശോധന ചെയ്യാം?
4 “യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.” (സങ്കീ. 111:2) “ശോധന ചെയ്യേണ്ടിയവ” എന്ന പ്രയോഗം ശ്രദ്ധിക്കുക. ദൈവത്തിന്റെ പ്രവൃത്തികൾ “അഗാധമായും ഭയഭക്തിയോടെയും ധ്യാനിക്കുകയും അവയെ പഠനവിഷയമാക്കുകയും” ചെയ്യുന്ന വ്യക്തികൾക്കാണ് ഈ വാക്യം ബാധകമാകുന്നതെന്ന് ഒരു പരാമർശഗ്രന്ഥം പ്രസ്താവിക്കുന്നു. യഹോവയുടെ ഓരോ സൃഷ്ടിക്കുപിന്നിലും മഹത്തായ ഉദ്ദേശ്യമുണ്ട്. അവൻ സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും പരസ്പര ബന്ധിതമായി അതാതിന്റെ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നു. നമ്മുടെ ഭൂഗ്രഹത്തിന് ആവശ്യമായ ചൂടും വെളിച്ചവും ലഭിക്കുന്നതിനും അതുപോലെ ദിനരാത്രങ്ങളും ഋതുഭേദങ്ങളും വേലിയേറ്റ വേലിയിറക്കങ്ങളും ഉണ്ടാകുന്നതിനും പര്യാപ്തമായ വിധത്തിലാണ് ദൈവം അവയെ ക്രമീകരിച്ചിരിക്കുന്നത്.
5. ചുരുളഴിഞ്ഞിരിക്കുന്ന പ്രപഞ്ചസത്യങ്ങൾ വെളിപ്പെടുത്തുന്നത് എന്താണ്?
5 സൗരയൂഥത്തിൽ ഭൂമിയുടെ സ്ഥാനം, അതിന്റെ ഉപഗ്രഹമായ ചന്ദ്രന്റെ വലിപ്പം, പിണ്ഡം, ഭ്രമണപഥം എന്നിവയെല്ലാം ഭൂമിയുടെ ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ വിധത്തിലാണു ക്രമീകരിച്ചിരിക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. ഈ ആകാശഗോളങ്ങൾ ക്രമീകരിച്ചിരിക്കുന്ന വിധവും അവയുടെ പരസ്പര ബന്ധവുമാണ് മനോഹരമായ ഋതുഭേദങ്ങൾ വന്നുപോകാൻ ഇടയാക്കുന്നത്. കൂടാതെ, പ്രപഞ്ചത്തിലെ ഭൗതിക ബലങ്ങളുടെ അതിസൂക്ഷ്മമായ ചിട്ടപ്പെടുത്തൽ സംബന്ധിച്ച പല വിവരങ്ങളും ചുരുളഴിച്ചെടുക്കാൻ ശാസ്ത്രജ്ഞന്മാർക്കു കഴിഞ്ഞിട്ടുണ്ട്. ഒരു മെക്കാനിക്കൽ എൻജിനീയറിങ് പ്രൊഫസർ, പ്രപഞ്ചത്തിന്റെ രൂപകൽപ്പനയെപ്പറ്റി ചർച്ചചെയ്യുന്ന തന്റെ ഒരു ലേഖനത്തിൽ എഴുതി: “കഴിഞ്ഞ 30 വർഷക്കാലത്തിനുള്ളിൽ അനേകം ശാസ്ത്രജ്ഞർ അവരുടെ ചിന്താഗതി തിരുത്തിയത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. ബാഹ്യാകാശത്ത് യാദൃശ്ചികമായിനടന്ന ഒരു വിസ്ഫോടനത്തിന്റെ ഫലമായാണ് പ്രപഞ്ചം ഉണ്ടായതെന്നു സ്വയം വിശ്വസിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു എന്നവർ സമ്മതിക്കുന്നു. അതിസൂക്ഷ്മതയോടെ മനഞ്ഞെടുത്തിരിക്കുന്ന നമ്മുടെ ഈ വാസസ്ഥലത്തെക്കുറിച്ച് എത്രയധികം നാം മനസ്സിലാക്കുന്നുവോ, ബുദ്ധിശക്തിയുള്ള ഒരു രൂപസംവിധായകന്റെ സാന്നിദ്ധ്യം അംഗീകരിക്കാൻ അത്രയധികം നാം നിർബന്ധിതരാകും.”
6. ദൈവം മനുഷ്യനെ നിർമിച്ച വിധത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
6 ഇനി, സൃഷ്ടിയിലെ മറ്റൊരു വിസ്മയമായ മനുഷ്യന്റെ കാര്യമെടുക്കൂ. (സങ്കീ. 139:14) ആവശ്യമായ എല്ലാ അവയവങ്ങളുമുള്ള പ്രവർത്തനസജ്ജമായ ഒരു ശരീരം, ജോലിചെയ്യാനുള്ള കഴിവും ശേഷിയും, ഒരു മനസ്സ് ഇതെല്ലാം സഹിതമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. സംസാരിക്കാനും കേൾക്കാനും എഴുതാനും വായിക്കാനും ഒക്കെയുള്ള ദൈവദത്ത പ്രാപ്തികളെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ, ഇതൊക്കെയും മനുഷ്യർക്കു ലഭിച്ച അത്ഭുതസിദ്ധികളല്ലേ? നിവർന്നുനിൽക്കാനുള്ള മനുഷ്യന്റെ പ്രാപ്തിയിൽ ദൈവത്തിന്റെ കരവിരുതല്ലേ ദൃശ്യമാകുന്നത്? ചലിക്കാനും പ്രവൃത്തി ചെയ്യാനും ഉതകുന്ന വിധത്തിൽ രൂപസംവിധാനം ചെയ്തിരിക്കുന്ന നമ്മുടെ ശരീരവും അതിനുള്ളിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുമെല്ലാം നമ്മെ ആശ്ചര്യഭരിതരാക്കും, തീർച്ച. അതിലേറെ നമ്മെ അതിശയിപ്പിക്കുന്നതാണ് നമ്മുടെ മനസ്സിനെയും ഇന്ദ്രിയങ്ങളെയും പ്രവർത്തനക്ഷമമാക്കുന്ന സങ്കീർണമായ നാഡീശൃംഖല. അതിനെ വെല്ലാൻ കഴിയുന്ന ഒരു കണ്ടുപിടുത്തവും നടത്താൻ ശാസ്ത്രലോകത്തിനു ഇനിയും കഴിഞ്ഞിട്ടില്ല. മനസ്സും ജ്ഞാനേന്ദ്രിയങ്ങളും ഉള്ളതുകൊണ്ടാണ് മനുഷ്യന് ഇന്നോളം എന്തെങ്കിലും നേട്ടം കൈവരിക്കാൻ കഴിഞ്ഞിരിക്കുന്നത്. നമ്മുടെ കൈവിരലുകൾപോലെ സുന്ദരവും ഉപയോഗപ്രദവുമായ ഒരു ഉപകരണം നിർമിക്കാൻ പ്രതിഭാധനരായ എൻജിനീയർമാർക്കുപോലും കഴിഞ്ഞിട്ടില്ല. ഒന്നോർത്തുനോക്കൂ: ‘ദൈവം ഈ വിരലുകൾ തന്നില്ലായിരുന്നെങ്കിൽ മഹത്തായ കലാസൃഷ്ടികളും നിർമിതികളും പിറവിയെടുക്കുമായിരുന്നോ?’
യഹോവയുടെ മഹദ്കൃത്യങ്ങളും ഗുണങ്ങളും
7. ദൈവത്തിന്റെ മഹദ്സൃഷ്ടികളിലൊന്നായി നാം ബൈബിളിനെ വീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
7 അതിശയകരമായ മറ്റു പല കാര്യങ്ങളും മനുഷ്യവർഗത്തിനായി യഹോവ ചെയ്തിരിക്കുന്നുവെന്ന് നാം ബൈബിളിൽ കാണുന്നു. ദൈവവചനംതന്നെ അവന്റെ ഒരു ഉത്കൃഷ്ട സൃഷ്ടിയാണ്, അതിലെ 66 പുസ്തകങ്ങൾ തമ്മിലുള്ള യോജിപ്പു നോക്കിയാൽ മതി അതു മനസ്സിലാകാൻ. മറ്റു പുസ്തകങ്ങളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി അത് ‘ദൈവശ്വാസീയവും ഉപദേശത്തിനു പ്രയോജനമുള്ളതും’ ആണ്. (2 തിമൊ. 3:16, 17) നോഹയുടെ കാലത്ത് ദൈവം എങ്ങനെയാണ് ദുഷ്ടലോകത്തെ തുടച്ചുനീക്കിയതെന്ന് ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തി വിവരിക്കുന്നു. ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചുകൊണ്ട്, താൻ മാത്രമാണ് സത്യദൈവമെന്ന് യഹോവ തെളിയിച്ചു. അത് എങ്ങനെയെന്ന് രണ്ടാം പുസ്തകമായ പുറപ്പാടിൽ നമുക്കു കാണാനാകും. പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ സങ്കീർത്തനക്കാരന്റെ മനസ്സിൽ ഒളിമങ്ങാതെ നിന്നത് ആ സംഭവങ്ങളൊക്കെ ആയിരിക്കണം: “അവന്റെ [യഹോവയുടെ] പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.” (സങ്കീ. 111:3, 4) ഈ ആധുനിക കാലത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടെ ചരിത്രത്തിലുടനീളം യഹോവ ചെയ്ത വൻകാര്യങ്ങൾ അവന്റെ ‘മഹത്വത്തിന്റെയും തേജസ്സിന്റെയും’ ജ്ഞാപകമായി അഥവാ സ്മരണയായി നിലകൊള്ളുന്നു എന്നതിനോടു നിങ്ങൾ യോജിക്കില്ലേ?
8, 9. (എ) ദൈവത്തിന്റെ പ്രവർത്തനങ്ങൾ മനുഷ്യരുടേതിൽനിന്ന് ഭിന്നമായിരിക്കുന്നത് എങ്ങനെ? (ബി) നിങ്ങളുടെ മനസ്സിനെ ആകർഷിച്ച ചില ദൈവിക ഗുണങ്ങൾ ഏതെല്ലാം?
8 യഹോവയുടെ നീതി, കൃപ, കരുണ എന്നീ ശ്രേഷ്ഠഗുണങ്ങൾ സങ്കീർത്തനക്കാരൻ എടുത്തുപറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. എന്നാൽ പാപികളായ മനുഷ്യരുടെ ചെയ്തികൾ പലതും നീതിക്കുനിരക്കുന്നതല്ല എന്നു നമുക്കറിയാം. അവയിൽ പലതിലും മുറ്റിനിൽക്കുന്നത് അത്യാഗ്രഹവും അസൂയയും അഹങ്കാരവുമാണ്. സാമ്പത്തിക നേട്ടങ്ങൾക്കും യുദ്ധാവശ്യങ്ങൾക്കുമായി മനുഷ്യൻ ഉണ്ടാക്കിയിരിക്കുന്ന മാരകായുധങ്ങൾ അതിനുള്ള തെളിവാണ്. നിരപരാധികളായ ദശലക്ഷങ്ങൾക്ക് ഈ യുദ്ധങ്ങൾ സമ്മാനിച്ചിരിക്കുന്നത് ഭീതിയും എണ്ണിയാലൊടുങ്ങാത്ത കഷ്ടനഷ്ടങ്ങളുംമാത്രം! പാവങ്ങളെ ചൂഷണം ചെയ്തുകൊണ്ടാണു പലപ്പോഴും മനുഷ്യൻ നേട്ടങ്ങളുടെ പടവുകൾ കയറിയിരിക്കുന്നത്. അഹങ്കാരികളായ ഫറവോന്മാരുടെ ശവകുടീരങ്ങളായി വർത്തിക്കുന്ന പിരമിഡുകളുടെയും മറ്റും നിർമിതിക്കായി പണിയെടുത്തിരുന്ന അടിമകളുടെ ചിത്രമായിരിക്കാം പലരുടെയും മനസ്സിലേക്ക് ഇപ്പോൾ വരുന്നത്. ഇന്നും മനുഷ്യന്റെ പല പ്രവർത്തനങ്ങൾക്കും പറയാനുള്ളത് അടിച്ചമർത്തലുകളുടെ കഥയാണ്, മാത്രമല്ല അവന്റെ ചെയ്തികളിൽ മിക്കതും ‘ഭൂമിയെ നശിപ്പിക്കുന്നവയും’ ആണ്.—വെളിപ്പാടു 11:18 വായിക്കുക.
9 ഇവയിൽനിന്നെല്ലാം എത്രയോ വ്യത്യസ്തമാണ് യഹോവയുടെ പ്രവർത്തനങ്ങൾ! അവ എല്ലായ്പോഴും നീതിപൂർവമായിരിക്കും! പാപികളായ മനുഷ്യരുടെ രക്ഷയ്ക്കായി അവൻ കരുണയോടെ പ്രവർത്തിച്ചിരിക്കുന്നു. മറുവില പ്രദാനംചെയ്തുകൊണ്ട് ദൈവം ‘തന്റെ നീതി പ്രദർശിപ്പിച്ചു.’ (റോമ 3:25, 26) ‘അവന്റെ നീതി എന്നേക്കും നിലനില്ക്കും’ എന്നതിൽ സംശയമില്ല. പാപികളായ മനുഷ്യരോട് ദൈവം ക്ഷമയോടെ ഇടപെട്ട വിധത്തിൽ അവന്റെ കൃപയാണ് നമുക്കു ദർശിക്കാനാകുന്നത്. ദുഷിച്ച വഴികൾ ഉപേക്ഷിച്ചു തിരികെവരാനും നല്ലതു ചെയ്യാനും അവൻ തന്റെ ജനത്തോട് ദയാപുരസ്സരം അപേക്ഷിക്കുകപോലും ചെയ്തിട്ടുണ്ട്.—യെഹെസ്കേൽ 18:25 വായിക്കുക.
വാഗ്ദാനങ്ങൾ പാലിക്കുന്നവൻ
10. അബ്രാഹാമ്യ ഉടമ്പടിയോടുള്ള ബന്ധത്തിൽ യഹോവ വിശ്വസ്തതയോടെ പ്രവർത്തിച്ചിരിക്കുന്നത് എങ്ങനെ?
10 “തന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.” (സങ്കീ. 111:5) അബ്രാഹാമുമായി യഹോവ ചെയ്ത നിയമം ആയിരിക്കാം സങ്കീർത്തനക്കാരന്റെ മനസ്സിലുണ്ടായിരുന്നത്. അബ്രാഹാമിന്റെ സന്തതിയെ അനുഗ്രഹിക്കുമെന്നും അവർ ശത്രുപട്ടണങ്ങൾ കൈവശമാക്കുമെന്നും യഹോവ വാഗ്ദാനം ചെയ്തു. (ഉല്പ. 22:17, 18; സങ്കീ. 105:8, 9) ആ വാഗ്ദാനങ്ങളുടെ ആദ്യനിവൃത്തിയിൽ അബ്രാഹാമിന്റെ സന്തതിയായി വന്നത് ഇസ്രായേൽ ജനത ആയിരുന്നു. ആ ജനത വളരെക്കാലം ഈജിപ്തിന്റെ അടിമത്തത്തിലായിരുന്നു എങ്കിലും, ‘ദൈവം അബ്രാഹാമിനോടു തനിക്കുള്ള നിയമം ഓർക്കുകയും’ അവരെ വിടുവിക്കുകയും ചെയ്തു. (പുറ. 2:24) പിന്നീട് യഹോവ അവരോട് ഇടപെട്ട വിധം അവൻ എത്ര ഉദാരമതിയാണെന്നതിന്റെ തെളിവാണ്. അവർക്കാവശ്യമായ ഭൗതിക ആഹാരം മാത്രമല്ല, മനസ്സിനെയും ഹൃദയത്തെയും പോഷിപ്പിക്കാൻ മതിയായ ആത്മീയ ആഹാരവും അവൻ പ്രദാനംചെയ്തു. (ആവ. 6:1-3; 8:4; നെഹെ. 9:21) തുടർന്നുവന്ന നൂറ്റാണ്ടുകളിൽ അവർ പലതവണ അവനിൽനിന്ന് അകന്നുപോയെങ്കിലും മടങ്ങിവരാനുള്ള ക്ഷണവുമായി അവൻ അവരുടെ അടുത്തേക്ക് പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നു. ഇസ്രായേല്യരെ ഈജിപ്തിൽനിന്നു വിടുവിച്ച് ഏതാണ്ട് 1,500 വർഷങ്ങൾ കഴിഞ്ഞപ്പോൾ യഹോവ തന്റെ ഏകജാതപുത്രനെത്തന്നെ ഭൂമിയിലേക്ക് അയച്ചു. എന്നാൽ യഹൂദരിൽ ഭൂരിഭാഗവും യേശുവിനെ തള്ളിക്കളയുകയും അവനെ വധിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു. അതേത്തുടർന്ന് യഹോവ ഒരു പുതിയ ആത്മീയ ജനതയ്ക്ക്, ‘ദൈവത്തിന്റെ യിസ്രായേലിന്’ രൂപംകൊടുത്തു. ക്രിസ്തുവും അവനോടൊപ്പം ആ ജനതയും അബ്രാഹാമിന്റെ ആത്മീയ സന്തതിയുടെ ഭാഗമായിത്തീർന്നു. മനുഷ്യവർഗത്തെ അനുഗ്രഹിക്കാൻ യഹോവ ഉപയോഗിക്കുമെന്നു പറഞ്ഞ സന്തതി ഇതാണ്.—ഗലാ. 3:16, 29; 6:16.
11. അബ്രാഹാമിനോടുള്ള ‘തന്റെ നിയമം’ യഹോവ ഇന്നും ‘ഓർക്കുന്നത്’ എങ്ങനെ?
11 യഹോവ ഇന്നും ‘തന്റെ നിയമവും’ വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങളും ‘ഓർക്കുന്നുണ്ട്.’ അവൻ നൽകുന്ന ആത്മീയ ഭക്ഷണം നാനൂറിലധികം ഭാഷകളിലായി ഇന്ന് നിർലോഭം ലഭ്യമാണ്. “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ” എന്ന വാക്കുകൾക്കു ചേർച്ചയിൽ ഭൗതിക ആവശ്യങ്ങൾക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾക്കും അവൻ ഉത്തരം നൽകുന്നു.—ലൂക്കൊ. 11:3; സങ്കീ. 72:16, 17; യെശ. 25:6-8.
ഭയജനകമായ ശക്തിയുള്ളവൻ
12. പുരാതന ഇസ്രായേലിന് “ജാതികളുടെ അവകാശം” ലഭിച്ചത് എങ്ങനെയാണ്?
12 “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ. 111:6) ഈജിപ്തിൽനിന്നുള്ള ഇസ്രായേലിന്റെ അത്ഭുതകരമായ വിടുതലായിരിക്കാം സങ്കീർത്തനക്കാരന്റെ മനസ്സിലുണ്ടായിരുന്ന ഒരു സുപ്രധാന സംഭവം. വാഗ്ദത്തദേശത്തേക്കു കടക്കാൻ യഹോവ ഇസ്രായേല്യരെ അനുവദിച്ചതോടെ യോർദാൻനദിക്ക് കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളെ തോൽപ്പിക്കാൻ അവർക്കു കഴിഞ്ഞു. (നെഹെമ്യാവു 9:22-25 വായിക്കുക.) യഹോവ “ജാതികളുടെ അവകാശം” ഇസ്രായേലിനു കൊടുക്കുകതന്നെ ചെയ്തു. ദിവ്യശക്തിയുടെ അതുല്യമായ പ്രകടനം!
13, 14. (എ) ബാബിലോണിയരോടുള്ള ബന്ധത്തിൽ ദൈവശക്തിയുടെ ഏതു പ്രകടനമായിരിക്കാം സങ്കീർത്തനക്കാരന്റെ മനസ്സിലുണ്ടായിരുന്നത്? (ബി) വിടുവിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയുടെ ശ്രേഷ്ഠമായ മറ്റ് ഏതു തെളിവുകളുണ്ട്?
13 ഇസ്രായേൽ ജനത്തിനു വേണ്ടതെല്ലാം യഹോവ ചെയ്തുകൊടുത്തെങ്കിലും അവർ അവനെയോ അവരുടെ പൂർവപിതാക്കന്മാരായ അബ്രാഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരെയോ മാനിച്ചില്ല എന്നത് പകൽപോലെ വ്യക്തമാണ്. ദേശം ശൂന്യമാക്കാനും അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകാനും യഹോവ ബാബിലോണിനെ അനുവദിക്കുന്നതുവരെ അവർ മത്സരിച്ചുകൊണ്ടിരുന്നു. (2 ദിന. 36:15-17; നെഹെ. 9:28-30) ചില ബൈബിൾ പണ്ഡിതന്മാർ അനുമാനിക്കുന്നതുപോലെ ബാബിലോന്യപ്രവാസത്തിൽനിന്ന് ഇസ്രായേൽ മടങ്ങിവന്നശേഷമാണ് സങ്കീർത്തനം 111 രചിച്ചതെങ്കിൽ, യഹോവയെ അവന്റെ വിശ്വസ്തതയുടെയും ശക്തിയുടെയും പേരിൽ സ്തുതിക്കാൻ സങ്കീർത്തനക്കാരനു കൂടുതലായ കാരണമുണ്ടായിരുന്നു. തടവുകാരെ വിട്ടയ്ക്കുന്ന രീതി ഇല്ലായിരുന്ന ബാബിലോന്യ സാമ്രാജ്യത്തിൽനിന്ന് യഹൂദന്മാരെ വിടുവിച്ചുകൊണ്ട് താൻ വിശ്വസ്തനും ശക്തനുമാണെന്ന് യഹോവ തെളിയിച്ചു.—യെശ. 14:4, 17.
14 ഏതാണ്ട് അഞ്ചുനൂറ്റാണ്ടിനുശേഷം, അനുതാപമുള്ള മനുഷ്യരെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു വിടുവിച്ചുകൊണ്ട് യഹോവ തന്റെ ശക്തി അതിലും ഗംഭീരമായ വിധത്തിൽ പ്രകടിപ്പിച്ചു. (റോമ. 5:12) മനുഷ്യരിൽ 1,44,000 പേർക്ക് ക്രിസ്തുവിന്റെ ആത്മാഭിഷിക്ത അനുഗാമികളാകാനുള്ള വഴിതുറന്നു എന്നതാണ് അതിന്റെ ഒരു ഫലം. 1919-ൽ ഈ അഭിഷിക്തരുടെ ഒരു ചെറിയ ശേഷിപ്പിനെ തന്റെ ശക്തി ഉപയോഗിച്ച് യഹോവ വ്യാജമതത്തിന്റെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു. ഈ അവസാന നാളുകളിൽ യഹോവയുടെ ശക്തിയാലാണ് അവർ ഇന്നു കാണുന്ന നേട്ടങ്ങൾ മുഴുവനും കൈവരിച്ചിരിക്കുന്നത്. മരണപര്യന്തം വിശ്വസ്തതപാലിക്കുന്ന അവർക്ക് യേശുക്രിസ്തുവിനോടൊപ്പം സ്വർഗത്തിലിരുന്ന് അനുതാപമുള്ള മനുഷ്യവർഗത്തിന്റെ നന്മയ്ക്കായി ഭൂമിയുടെമേൽ ഭരണം നടത്താനുള്ള പദവിയുണ്ട്. (വെളി. 2:26, 27; 5:9, 10) പുരാതന ഇസ്രായേല്യരെക്കാൾ എത്രയോ ശ്രേഷ്ഠമായ വിധത്തിലാണ് അവർ ഭൂമിയെ അവകാശമാക്കുന്നത്!—മത്താ. 5:5.
എന്നേക്കും നിലനിൽക്കുന്ന, വിശ്വാസ്യമായ തത്ത്വങ്ങൾ
15, 16. (എ) ദൈവത്തിന്റെ കൈകളുടെ പ്രവൃത്തികളിൽ എന്തെല്ലാം ഉൾപ്പെടുന്നു? (ബി) പുരാതന ഇസ്രായേലിന് ദൈവം ഏതു കൽപ്പനകൾ നൽകി?
15 “അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ. അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.” (സങ്കീ. 111:7, 8) ഇസ്രായേല്യർക്കുള്ള പത്തുകൽപ്പനകൾ ആലേഖനം ചെയ്ത രണ്ടുകൽപ്പലകകൾ യഹോവയുടെ ‘കൈകളുടെ പ്രവൃത്തികളിൽപ്പെടുന്നു.’ (പുറ. 31:18) ഈ കൽപ്പനകളും മോശൈക ന്യായപ്രമാണത്തിന്റെ ഭാഗമായിത്തീർന്ന മറ്റു നിയമങ്ങളും എന്നേക്കും നിലനിൽക്കുന്ന, വിശ്വാസ്യമായ തത്ത്വങ്ങളിൽ അധിഷ്ഠിതമായിരുന്നു.
16 ഉദാഹരണത്തിന് അതിൽ ഒരു കൽപ്പനയിൽ ഇങ്ങനെ പറയുന്നു: ‘നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു. . . . എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയ കാണിക്കും.’ “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നും “മോഷ്ടിക്കരുത്” എന്നും ഉള്ള കാലാതീത കൽപ്പനകളും, മറ്റുള്ളവന്റെ വസ്തുക്കൾ മോഹിക്കുന്നതിന് എതിരെ നൽകിയ ഉദാത്ത ജ്ഞാനം പ്രതിഫലിക്കുന്ന കൽപ്പനയും ആ ഫലകങ്ങളിൽ ഉൾക്കൊള്ളിച്ചിരുന്നു.—പുറ. 20:5, 6, 12, 15, 17.
വിശുദ്ധനായ, ഭയാദരവുണർത്തുന്ന വീണ്ടെടുപ്പുകാരൻ
17. യഹോവയുടെ നാമത്തെ വിശുദ്ധമായിക്കരുതാൻ ഇസ്രായേല്യർക്ക് എന്തു കാരണങ്ങൾ ഉണ്ടായിരുന്നു?
17 “അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.” (സങ്കീ. 111:9) അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയോടുള്ള യഹോവയുടെ വിശ്വസ്തത ആയിരിക്കാം ഈ സന്ദർഭത്തിലും സങ്കീർത്തനക്കാരന്റെ മനസ്സിൽ. ഒരിക്കൽ, ഈജിപ്തിൽ അടിമകളായും പിന്നീട് ബാബിലോണിൽ പ്രവാസികളായും കഴിഞ്ഞ തന്റെ ജനത്തെ ആ അവസ്ഥയിൽ ഉപേക്ഷിച്ചുകളയാതെ യഹോവ ആ ഉടമ്പടിക്കു ചേർച്ചയിൽ പ്രവർത്തിച്ചു. ആ രണ്ട് അവസരങ്ങളിലും ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുകതന്നെ ചെയ്തു. യഹോവയുടെ നാമത്തെ വിശുദ്ധമായിക്കരുതാൻ ഇസ്രായേല്യർക്ക് ആ രണ്ട് സംഭവങ്ങൾത്തന്നെ ധാരാളമായിരുന്നു.—പുറപ്പാടു 20:7; റോമർ 2:23, 24 വായിക്കുക.
18. ദൈവനാമം വഹിക്കുന്നത് ഒരു പദവിയാണെന്നു നിങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ട്?
18 ക്രിസ്ത്യാനികളുടെ കാര്യത്തിലും ഇതു സത്യമാണ്. ഒരിക്കൽ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ ആശയറ്റ് കഴിഞ്ഞിരുന്ന അവരെ വീണ്ടെടുത്തത് യഹോവയല്ലേ? മാതൃകാ പ്രാർഥനയിലെ, “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന അപേക്ഷയ്ക്കു ചേർച്ചയിൽ ജീവിക്കാൻ നാം കഴിവിന്റെ പരമാവധി യത്നിക്കേണ്ടതുണ്ട്. (മത്താ. 6:9) ഉത്കൃഷ്ടമായ ആ നാമത്തെക്കുറിച്ചു ധ്യാനിക്കുന്നത് നമ്മിൽ ദൈവഭയം അങ്കുരിപ്പിക്കണം. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന [അവന്റെ കൽപ്പനകൾ അനുസരിക്കുന്ന] എല്ലാവർക്കും നല്ലബുദ്ധി ഉണ്ട്” എന്നു പറഞ്ഞപ്പോൾ ദൈവഭയത്തെക്കുറിച്ചു തനിക്കുള്ള ശരിയായ മനോഭാവം വെളിപ്പെടുത്തുകയായിരുന്നു ഈ സങ്കീർത്തനക്കാരൻ.—സങ്കീ. 111:10.
19. അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ചചെയ്യും?
19 തിന്മയെ വെറുക്കാനും സങ്കീർത്തനം 112-ൽ വർണിച്ചിരിക്കുന്ന യഹോവയുടെ മനോജ്ഞമായ ഗുണങ്ങൾ ജീവിതത്തിൽ പകർത്താനും ദൈവഭയം നമ്മെ സഹായിക്കും. അടുത്ത ലേഖനത്തിൽ ആ ഗുണങ്ങൾ നാം പരിചിന്തിക്കും. യഹോവയെ എന്നെന്നും വാഴ്ത്തുന്ന ദശലക്ഷങ്ങളോടൊപ്പം ആയിരിക്കാനുള്ള യോഗ്യതപ്രാപിക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് ആ സങ്കീർത്തനം കാണിച്ചുതരുന്നു. “അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.” (സങ്കീ. 111:10) അതെ, എന്തുകൊണ്ടും നമ്മുടെ സ്തുതിക്കു യോഗ്യനാണ് യഹോവ.
ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ
• യഹോവ നമ്മുടെ സ്തുതിക്ക് അർഹനായിരിക്കുന്നത് എന്തുകൊണ്ട്?
• യഹോവയുടെ പ്രവൃത്തികൾ അവന്റെ ഏതെല്ലാം ഗുണങ്ങൾ വെളിപ്പെടുത്തുന്നു?
• ദൈവനാമം വഹിക്കുന്ന പദവിയെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
[20-ാം പേജിലെ ചിത്രം]
യഹോവയെ സ്തുതിക്കുക എന്നതാണ് നാം പതിവായി കൂടിവരുന്നതിന്റെ മുഖ്യ ഉദ്ദേശ്യം
[23-ാം പേജിലെ ചിത്രം]
എന്നേക്കും നിലനിൽക്കുന്ന, വിശ്വാസ്യമായ തത്ത്വങ്ങളിൽ അധിഷ്ഠിതമാണ് യഹോവയുടെ എല്ലാ കൽപ്പനകളും