ചെറുപ്പക്കാരേ, സംതൃപ്തികരമായ ജീവിതം നിങ്ങൾക്കു സ്വന്തമാക്കാം
“അങ്ങ് എനിക്കു ജീവന്റെ പാത കാണിച്ചുതരുന്നു.”—സങ്കീ. 16:11.
1, 2. ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നു റ്റോണി എന്ന ഹൈസ്കൂൾ വിദ്യാർഥിയുടെ അനുഭവം കാണിക്കുന്നത് എങ്ങനെ?
റ്റോണി എന്നാണ് അവന്റെ പേര്. അച്ഛനില്ലാതെയാണ് അവൻ വളർന്നുവന്നത്. പഠിത്തത്തിൽ ഉഴപ്പനായിരുന്ന അവൻ ഹൈസ്കൂളിൽനിന്ന് പുറത്താകുന്ന ഘട്ടത്തോളമെത്തി. സിനിമ കണ്ടും കൂട്ടുകാരുടെകൂടെ കളിച്ചും ഒക്കെ ശനിയും ഞായറും അങ്ങു പോകും. അവൻ വഴക്കടിക്കുന്നവനോ മയക്കുമരുന്നിന് അടിമയോ ഒന്നും ആയിരുന്നില്ല. ജീവിതത്തിന് ഒരു ലക്ഷ്യമില്ലായിരുന്നു, അതായിരുന്നു അവന്റെ പ്രശ്നം. ഒരു ദൈവമുണ്ടോ എന്നും അവൻ സംശയിച്ചിരുന്നു. അങ്ങനെയിരിക്കെ അവൻ ഒരു സാക്ഷിദമ്പതികളെ കണ്ടുമുട്ടി. തന്നെ അലട്ടിയിരുന്ന സംശയങ്ങൾ അവൻ അവരോടു പറഞ്ഞു. അവർ റ്റോണിക്ക്, ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ, ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്) എന്നീ രണ്ടു ലഘുപത്രികകൾ കൊടുത്തു.
2 തിരിച്ചുവന്ന ആ ദമ്പതികൾ കണ്ടത് ‘പഴയ’ റ്റോണിയെ അല്ല. അവർ കൊടുത്ത ലഘുപത്രികകൾ അവൻ ശരിക്കും പഠിച്ചു. “ഒരു ദൈവമുണ്ട്, ഇല്ലാതെ പറ്റില്ല” എന്ന് അവൻ പറഞ്ഞു. ഒരു ബൈബിൾപഠനത്തിനു സമ്മതിച്ചു. ജീവിതത്തെക്കുറിച്ചുള്ള അവന്റെ കാഴ്ചപ്പാട് പതിയെപ്പതിയെ മാറാൻ തുടങ്ങി. മുമ്പ് ഉഴപ്പനായിരുന്ന റ്റോണി സ്കൂളിലെ ഏറ്റവും നല്ലൊരു വിദ്യാർഥിയായി. പ്രിൻസിപ്പാൾപോലും ഈ മാറ്റം ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞു: “നീ ആളാകെ മാറിയല്ലോ, എല്ലാ വിഷയത്തിനും നല്ല മാർക്കുമുണ്ടല്ലോ. യഹോവയുടെ സാക്ഷികളുടെകൂടെ കൂടിയതിന്റെയാണോ ഈ മാറ്റം?” “അതെ” എന്നു റ്റോണി പറഞ്ഞു. പ്രിൻസിപ്പാളിനോടു നല്ല രീതിയിൽ സാക്ഷീകരിക്കാനും ആ അവസരം ഉപയോഗിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റ്റോണി ഇന്ന് ഒരു സാധാരണ മുൻനിരസേവകനും ശുശ്രൂഷാദാസനും ആയി സേവിക്കുന്നു. പിതാവില്ലാതിരുന്ന അവനു സ്നേഹവാനായ ഒരു പിതാവിനെയും കിട്ടി, യഹോവ. റ്റോണി ഇന്ന് ഏറെ സന്തുഷ്ടനാണ്.—സങ്കീ. 68:5.
യഹോവയെ അനുസരിച്ചാൽ ജീവിതത്തിൽ വിജയിക്കും
3. ഏതു പാത തിരഞ്ഞെടുക്കാനാണ് യഹോവ ചെറുപ്പക്കാരെ ഉപദേശിക്കുന്നത്?
3 ചെറുപ്പക്കാരേ, നിങ്ങളുടെ കാര്യത്തിൽ യഹോവയ്ക്ക് ആഴമായ താത്പര്യമുണ്ടെന്നാണു റ്റോണിയുടെ അനുഭവം പഠിപ്പിക്കുന്നത്. നിങ്ങൾ ജീവിതത്തിൽ വിജയിക്കാനും സംതൃപ്തി ആസ്വദിക്കാനും ആണ് ദൈവം ആഗ്രഹിക്കുന്നത്. അതുകൊണ്ട് യഹോവ ഈ ഉപദേശം തരുന്നു: “യൗവനകാലത്ത് നിന്റെ മഹാസ്രഷ്ടാവിനെ ഓർക്കുക.” (സഭാ. 12:1) ഇന്നത്തെ ലോകത്തിൽ ഇത് അത്ര എളുപ്പമല്ല. എന്നാൽ അതിന്റെ അർഥം അത് അസാധ്യമാണെന്നല്ല. ദൈവത്തിന്റെ സഹായത്താൽ നിങ്ങൾക്കു വിജയിക്കാൻ കഴിയും, യുവാവായിരിക്കുന്ന കാലത്ത് മാത്രമല്ല, മുന്നോട്ടുള്ള ജീവിതം മുഴുവൻ. അതു മനസ്സിലാക്കാൻ, വാഗ്ദത്തദേശം പിടിച്ചടക്കിയ ഇസ്രായേല്യരുടെ അനുഭവവും ദാവീദും ഗൊല്യാത്തും തമ്മിലുള്ള ഏറ്റുമുട്ടലും നിങ്ങളെ സഹായിക്കും.
4, 5. കനാന്യരെ കീഴടക്കിയ ഇസ്രായേല്യരുടെ അനുഭവത്തിൽനിന്നും ഗൊല്യാത്തുമായുള്ള ദാവീദിന്റെ ഏറ്റുമുട്ടലിൽനിന്നും നമുക്ക് എന്തു പഠിക്കാം? (ലേഖനാരംഭത്തിലെ ചിത്രങ്ങൾ കാണുക.)
4 ഇസ്രായേല്യർ വാഗ്ദത്തദേശത്തോട് അടുത്തപ്പോൾ ആയുധങ്ങൾ ഉപയോഗിക്കാനുള്ള അവരുടെ കഴിവ് വർധിപ്പിക്കാനോ യുദ്ധപരിശീലനം നേടാനോ അല്ല ദൈവം പറഞ്ഞത്. (ആവ. 28:1, 2) പകരം, തന്റെ കല്പനകൾ അനുസരിക്കാനും തന്നിൽ ആശ്രയിക്കാനും ആണ് ദൈവം ആവശ്യപ്പെട്ടത്. (യോശു. 1:7-9) മനുഷ്യന്റെ കണ്ണിലൂടെ നോക്കിയാൽ ആ ഉപദേശം വെറും വിഡ്ഢിത്തമായി തോന്നാം. പക്ഷേ അതായിരുന്നു ഏറ്റവും നല്ല ഉപദേശം. കാരണം യഹോവ തന്റെ ജനത്തിനു വിജയം നൽകി. ഒന്നിനു പുറകേ ഒന്നായി കനാനിലെ രാജ്യങ്ങൾ ഇസ്രായേല്യരുടെ മുന്നിൽ മുട്ടുകുത്തി. (യോശു. 24:11-13) തീർച്ചയായും, ദൈവത്തെ അനുസരിക്കുന്നതിനു വിശ്വാസം ആവശ്യമാണ്. ആ വിശ്വാസമാകട്ടെ, എപ്പോഴും വിജയത്തിലേക്കും നയിക്കും. കാലം കടന്നുപോകുന്നതനുസരിച്ച് ഈ വസ്തുതയ്ക്കു മാറ്റമുണ്ടാകില്ല. ഇന്നും അതു സത്യമാണ്.
5 ഏകദേശം 2.9 മീറ്റർ (9.5 അടി) ഉയരമുണ്ടായിരുന്ന, ആയുധസജ്ജനായ, ശക്തനായ ഒരു യോദ്ധാവായിരുന്നു ഗൊല്യാത്ത്. (1 ശമു. 17:4-7) മറുവശത്ത്, ദാവീദിനു കൈമുതലായി എന്താണുണ്ടായിരുന്നത്? ഒരു കവണയും പിന്നെ ദൈവമായ യഹോവയിലുള്ള വിശ്വാസവും. വിശ്വാസമില്ലാത്തവർക്കു ദാവീദ് ഒരു വിഡ്ഢിയാണെന്നേ തോന്നുമായിരുന്നുള്ളൂ. പക്ഷേ അവർക്കു തെറ്റിപ്പോയെന്നു പിന്നീടുണ്ടായ സംഭവം തെളിയിച്ചു! ശരിക്കും വിഡ്ഢിയായത് ഗൊല്യാത്താണ്.—1 ശമു. 17:48-51.
6. നമ്മൾ എന്തിനെക്കുറിച്ചാണു വിശദമായി പഠിക്കാൻപോകുന്നത്?
6 ജീവിതത്തിൽ വിജയം നേടുന്നതിനും സന്തോഷം ലഭിക്കുന്നതിനും സഹായിക്കുന്ന നാലു കാര്യങ്ങളെക്കുറിച്ച് നമ്മൾ കഴിഞ്ഞ ലേഖനത്തിൽ പഠിച്ചു. ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്തുക, ദൈവത്തെ സ്നേഹിക്കുന്ന നല്ല സുഹൃത്തുക്കളെ കണ്ടെത്തുക, അർഥവത്തായ ലക്ഷ്യങ്ങൾ വെക്കുക, ദൈവജനമെന്ന നിലയിൽ നമുക്കുള്ള സ്വാതന്ത്ര്യം വിലയേറിയതായി കാണുക ഇവയായിരുന്നു അത്. 16-ാം സങ്കീർത്തനത്തിലെ ചില തത്ത്വങ്ങൾകൂടെ കണക്കിലെടുത്തുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് നമുക്കു കുറച്ചുകൂടെ വിശദമായി പഠിക്കാം.
നിങ്ങളുടെ ആത്മീയാവശ്യം തൃപ്തിപ്പെടുത്തുക
7. (എ) ഒരു ആത്മീയവ്യക്തിയെ നിങ്ങൾ എങ്ങനെ വർണിക്കും? (ബി) എന്തായിരുന്നു ദാവീദിന്റെ “ഓഹരി,” അത് അദ്ദേഹത്തെ എങ്ങനെയാണു സ്വാധീനിച്ചത്?
7 ഒരു ആത്മീയവ്യക്തിക്കു ദൈവത്തിൽ വിശ്വാസമുണ്ട്, വ്യത്യസ്തകാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ചിന്ത എന്താണെന്ന് അദ്ദേഹത്തിന് അറിയാം. മാർഗനിർദേശത്തിനായി അദ്ദേഹം ദൈവത്തിലേക്കു നോക്കുന്നു, ദൈവത്തെ അനുസരിക്കാൻ അദ്ദേഹം ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്. (1 കൊരി. 2:12, 13) ഇക്കാര്യത്തിൽ ദാവീദ് ഒരു നല്ല മാതൃകയാണ്. അദ്ദേഹം പാടി: “യഹോവയാണ് എന്റെ പങ്ക്, എന്റെ ഓഹരിയും എന്റെ പാനപാത്രവും.” (സങ്കീ. 16:5) ദാവീദിനു ദൈവവുമായി ഒരു അടുത്ത ബന്ധമുണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ “ഓഹരി.” ആ ദൈവത്തെയാണു ദാവീദ് അഭയമാക്കിയത്. (സങ്കീ. 16:1) എന്തായിരുന്നു ഫലം? “ഞാൻ വലിയ ആഹ്ലാദത്തിലാണ്” എന്നു ദാവീദ് എഴുതി. ദൈവവുമായുള്ള അടുത്ത ബന്ധത്തെക്കാൾ ദാവീദിനു സന്തോഷം നൽകിയ മറ്റൊന്നുമുണ്ടായിരുന്നില്ല.—സങ്കീർത്തനം 16:9, 11 വായിക്കുക.
8. ജീവിതത്തിൽ ശരിക്കും സംതൃപ്തി കിട്ടാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഏവ?
8 ഉല്ലാസത്തെയും സമ്പത്തിനെയും ചുറ്റിപ്പറ്റി ജീവിക്കുന്നവർക്കു ദാവീദ് ആസ്വദിച്ചിരുന്ന സന്തോഷം ഒരിക്കലും ലഭിക്കില്ല. (1 തിമൊ. 6:9, 10) കാനഡയിലെ ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “ശരിക്കുള്ള സംതൃപ്തിയുടെ അടിസ്ഥാനം നമുക്ക് എന്തു കിട്ടുന്നു എന്നതല്ല, പകരം എല്ലാ നല്ല ദാനങ്ങളും തരുന്ന യഹോവയ്ക്കു നമ്മൾ എന്തു കൊടുക്കുന്നു എന്നതാണ്.” (യാക്കോ. 1:17) യഹോവയിൽ വിശ്വാസം വളർത്തിയെടുക്കുന്നതും യഹോവയെ സേവിക്കുന്നതും നിങ്ങളുടെ ജീവിതത്തിന് ഒരു അർഥം പകരും, നിങ്ങൾക്കു ശരിക്കും സംതൃപ്തി തരും. നിങ്ങൾക്ക് എങ്ങനെ വിശ്വാസത്തിൽ വളരാം? നിങ്ങൾ യഹോവയോടൊപ്പം സമയം ചെലവഴിക്കണം. എങ്ങനെ? ദൈവവചനം വായിക്കുകയും സൃഷ്ടിയെ നിരീക്ഷിക്കുകയും ദൈവം നിങ്ങളോടു കാണിച്ച സ്നേഹം ഉൾപ്പെടെ ദൈവത്തിന്റെ എല്ലാ ഗുണങ്ങളെയും കുറിച്ച് ചിന്തിക്കുകയും ചെയ്തുകൊണ്ട് അതു ചെയ്യാം.—റോമ. 1:20; 5:8.
9. ദൈവവചനം ദാവീദിനെ രൂപപ്പെടുത്തിയതുപോലെ നിങ്ങളെയും രൂപപ്പെടുത്താൻ എങ്ങനെ അനുവദിക്കാം?
9 പുരോഗമിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകിക്കൊണ്ട് ഒരു പിതാവിനെപ്പോലെ ദൈവം നമ്മളോടുള്ള സ്നേഹം കാണിക്കുന്നു. ദാവീദ് അത്തരം ഉപദേശം സന്തോഷത്തോടെ സ്വീകരിച്ചു. അദ്ദേഹം പറഞ്ഞു: “എനിക്ക് ഉപദേശം നൽകിയ യഹോവയെ ഞാൻ വാഴ്ത്തും. രാത്രിയാമങ്ങളിൽപ്പോലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ എന്നെ തിരുത്തുന്നു.” (സങ്കീ. 16:7) ഈ വാക്യം പറയുന്നതുപോലെ ദാവീദ് ദൈവത്തിന്റെ ചിന്തകളെക്കുറിച്ച് ധ്യാനിച്ചു. ആ ചിന്തകൾ തന്റെ സ്വന്തമാക്കി, അവ തന്നെ രൂപപ്പെടുത്താൻ അനുവദിച്ചു. നിങ്ങളും വിശ്വാസത്തോടെ അങ്ങനെ ചെയ്യുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹവും ദൈവത്തെ അനുസരിക്കാനുള്ള നിങ്ങളുടെ ആഗ്രഹവും വർധിക്കും. നിങ്ങൾ പക്വതയുള്ള ഒരു വ്യക്തിയായിത്തീരുകയും ചെയ്യും. ക്രിസ്റ്റിൻ എന്നു പേരുള്ള ഒരു സഹോദരി പറയുന്നു: “ഞാൻ ആഴത്തിൽ പഠിക്കുകയും വായിച്ചതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോൾ യഹോവ അത് എഴുതിച്ചത് എനിക്കുവേണ്ടിയാണോ എന്നു തോന്നിപ്പോകും!”
10. യശയ്യ 26:3 പറയുന്നതുപോലെ, ജീവിതത്തെക്കുറിച്ച് ഒരു ആത്മീയകാഴ്ചപ്പാടുള്ളതുകൊണ്ട് എന്തൊക്കെ പ്രയോജനങ്ങളുണ്ട്?
10 ഒരു ആത്മീയകാഴ്ചപ്പാട് നിങ്ങൾക്ക് അറിവും ഉൾക്കാഴ്ചയും തരും. എങ്ങനെ? അത്തരം ഒരു കാഴ്ചപ്പാട് ഈ ലോകത്തെയും അതിന്റെ ഭാവിയെയും ദൈവത്തിന്റെ കണ്ണിലൂടെ കാണാൻ നിങ്ങളെ പ്രാപ്തരാക്കും. എന്തുകൊണ്ടാണു ദൈവം നിങ്ങൾക്ക് ഈ അറിവും ഉൾക്കാഴ്ചയും തരുന്നത്? നിങ്ങൾ ജീവിതത്തിൽ ശരിയായ കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാനും ബുദ്ധിപൂർവമായ തീരുമാനങ്ങളെടുക്കാനും ധൈര്യത്തോടെ ഭാവിയിലേക്കു നോക്കാനും ദൈവം ആഗ്രഹിക്കുന്നു. (യശയ്യ 26:3 വായിക്കുക.) യഹോവയോടു ചേർന്നുനിൽക്കുന്നെങ്കിൽ പ്രാധാന്യം കൂടിയ കാര്യം ഏതാണ്, പ്രാധാന്യം കുറഞ്ഞ കാര്യം ഏതാണ് എന്നു വ്യക്തമായി മനസ്സിലാക്കാൻ കഴിയും എന്ന് ഐക്യനാടുകളിലുള്ള ജോഷ്വാ എന്ന സഹോദരൻ പറയുന്നു.
നല്ല സുഹൃത്തുക്കളെ കണ്ടെത്തുക
11. യഥാർഥ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനുള്ള താക്കോൽ എന്താണെന്നാണു ദാവീദ് പറയുന്നത്?
11 സങ്കീർത്തനം 16:3 വായിക്കുക. നല്ല സുഹൃത്തുക്കളെ കണ്ടെത്താനുള്ള രഹസ്യം ദാവീദിന് അറിയാമായിരുന്നു. യഹോവയെ സ്നേഹിച്ചവരെ സ്നേഹിതരാക്കിയതു ദാവീദിന് ‘ഏറെ ആഹ്ലാദമേകി.’ “വിശുദ്ധർ” എന്നാണ് അവരെ വിളിച്ചിരിക്കുന്നത്. അവർ ധാർമികമായി ശുദ്ധരും നേരുള്ളവരും ആയിരുന്നു. കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മറ്റൊരു സങ്കീർത്തനക്കാരനും ഇങ്ങനെതന്നെയാണു തോന്നിയത്. അദ്ദേഹം എഴുതി: “അങ്ങയെ ഭയപ്പെടുന്ന ഏവർക്കും അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നവർക്കും ഞാൻ സ്നേഹിതൻ.” (സങ്കീ. 119:63) കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, യഹോവയെ ഭയപ്പെടുകയും അനുസരിക്കുകയും ചെയ്യുന്ന ധാരാളം പേരെ സുഹൃത്തുക്കളാക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. അതിൽ പല പ്രായക്കാരായ ആളുകൾ ഉൾപ്പെടും.
12. ദാവീദും യോനാഥാനും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം എന്തായിരുന്നു?
12 തന്റെ അതേ പ്രായത്തിലുള്ള ആളുകളെ മാത്രമല്ല ദാവീദ് സുഹൃത്തുക്കളാക്കിയത്. ദാവീദിന്റെ ഉറ്റ സുഹൃത്തെന്നു പറയുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നതു യോനാഥാന്റെ കാര്യമായിരിക്കും. വാസ്തവത്തിൽ, തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും മനോഹരമായ സുഹൃദ്ബന്ധങ്ങളിൽ ഒന്നാണു ദാവീദിന്റെയും യോനാഥാന്റെയും. എന്നാൽ യോനാഥാനു ദാവീദിനെക്കാൾ ഏകദേശം 30 വയസ്സു കൂടുതലായിരുന്നെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? സമപ്രായക്കാരല്ലാതിരുന്നിട്ടും അവരുടെ സൗഹൃദത്തിന്റെ അടിസ്ഥാനം എന്തായിരുന്നു? ദൈവത്തിലുള്ള വിശ്വാസം, പരസ്പരമുള്ള ബഹുമാനം, ദൈവത്തിന്റെ ശത്രുക്കളെ നേരിടാൻ ഇരുവരും കാണിച്ച ധൈര്യം.—1 ശമു. 13:3; 14:13; 17:48-50; 18:1.
13. നിങ്ങളുടെ സുഹൃദ്വലയം എങ്ങനെ വിശാലമാക്കാം? ഒരു ഉദാഹരണം പറയുക.
13 ദാവീദിനെയും യോനാഥാനെയും പോലെ, യഹോവയെ സ്നേഹിക്കുകയും യഹോവയിലുള്ള വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നവരെ സ്നേഹിതരാക്കുന്നതു നമുക്കും “ഏറെ ആഹ്ലാദമേകുന്നു.” വർഷങ്ങളായി ദൈവത്തെ സേവിക്കുന്ന കൈറ സഹോദരി പറയുന്നു: “ലോകത്തിന്റെ പല ഭാഗങ്ങളിൽ, വ്യത്യസ്ത പശ്ചാത്തലങ്ങളിലും സംസ്കാരങ്ങളിലും ഉള്ള ആളുകൾ എന്റെ സുഹൃത്തുക്കളാണ്.” ഇക്കാര്യത്തിൽ നിങ്ങൾ വിശാലരാകുന്നെങ്കിൽ, ആളുകളെ ഒറ്റക്കെട്ടായി നിറുത്താനുള്ള ദൈവവചനത്തിന്റെയും ദൈവാത്മാവിന്റെയും ശക്തി നിങ്ങൾ കാണും.
നല്ലനല്ല ലക്ഷ്യങ്ങൾ വെക്കുക
14. (എ) ജീവിതത്തിൽ നല്ല ലക്ഷ്യങ്ങൾ വെക്കാൻ നിങ്ങളെ എന്തു സഹായിക്കും? (ബി) ആത്മീയലക്ഷ്യങ്ങൾ വെക്കുന്നതിനെക്കുറിച്ച് ചില ചെറുപ്പക്കാർക്ക് എന്താണു തോന്നുന്നത്?
14 സങ്കീർത്തനം 16:8 വായിക്കുക. ജീവിതത്തിൽ യഹോവയെ സേവിക്കുന്നതിലായിരുന്നു ദാവീദ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യഹോവയെ സേവിക്കുന്നതിനു പ്രാധാന്യം കൊടുക്കുകയും യഹോവയുടെ ഇഷ്ടം മനസ്സിലാക്കി ലക്ഷ്യങ്ങൾ വെക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്കും സംതൃപ്തികരമായ ജീവിതം നയിക്കാൻ കഴിയും. സ്റ്റീവൻ എന്നു പേരുള്ള ഒരു സഹോദരൻ പറയുന്നു: “ഒരു ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയും അതു നേടിയെടുക്കുകയും, അതിനു ശേഷം ഞാൻ എത്രമാത്രം പുരോഗമിച്ചെന്നു വിലയിരുത്തുകയും ചെയ്യുന്നത് എനിക്കു വളരെയധികം സംതൃപ്തി തരുന്നു.” ഇപ്പോൾ മറ്റൊരു രാജ്യത്ത് സേവിക്കുന്ന, ജർമൻകാരനായ ഒരു യുവസഹോദരൻ പറയുന്നു: “വൃദ്ധനായശേഷം തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ചെയ്തതെല്ലാം എനിക്കുവേണ്ടിയായിരുന്നല്ലോ എന്നോർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” നിങ്ങൾക്കും അങ്ങനെതന്നെയാണു തോന്നുന്നത് എന്നു ഞങ്ങൾ കരുതുന്നു. അങ്ങനെയെങ്കിൽ ദൈവത്തെ ആദരിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങളുടെ കഴിവുകൾ ഉപയോഗിക്കുക. (ഗലാ. 6:10) ആത്മീയലക്ഷ്യങ്ങൾ വെക്കുക, അവയിൽ എത്തിച്ചേരാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. അത്തരം പ്രാർഥനകൾക്ക് ഉത്തരം തരാൻ യഹോവയ്ക്ക് ഇഷ്ടമാണ്.—1 യോഹ. 3:22; 5:14, 15.
15. നിങ്ങൾക്ക് ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാനാകും? (“നിങ്ങൾക്കു വെക്കാനാകുന്ന ചില ലക്ഷ്യങ്ങൾ” എന്ന ചതുരം കാണുക.)
15 നിങ്ങൾക്ക് ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാനാകും? മീറ്റിങ്ങുകളിൽ സ്വന്തം വാക്കുകളിൽ ഉത്തരം പറയാനും മുൻനിരസേവനം ചെയ്യാനും ബഥേലിൽ സേവിക്കാനും ഒക്കെ ലക്ഷ്യം വെക്കാം. മറ്റൊരു ഭാഷാവയലിൽ സേവിക്കുക എന്ന ലക്ഷ്യത്തിൽ ആ ഭാഷ പഠിക്കാനും നിങ്ങൾക്കു ശ്രമിക്കാനാകും. ചെറുപ്പക്കാരനായ ബറാക് എന്ന ഒരു മുഴുസമയസേവകൻ പറയുന്നു: “എന്റെ ഊർജം മുഴുവൻ യഹോവയ്ക്കുവേണ്ടിയാണു ചെലവഴിക്കുന്നതെന്ന അറിവോടെയാണു ഞാൻ ഓരോ പ്രഭാതത്തിലും കണ്ണു തുറക്കുന്നത്. വേറൊരു കാര്യത്തിനും അത്രയും സംതൃപ്തി തരാൻ കഴിയില്ല.”
ദൈവം തന്ന സ്വാതന്ത്ര്യം വിലയേറിയതായി കാണുക
16. യഹോവയുടെ നീതിയുള്ള നിലവാരങ്ങളെക്കുറിച്ച് ദാവീദിന് എന്താണു തോന്നിയത്, എന്തുകൊണ്ട്?
16 സങ്കീർത്തനം 16:2, 4 വായിക്കുക. കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, നന്മയോടുള്ള സ്നേഹവും തിന്മയോടുള്ള വെറുപ്പും വളർത്തിയെടുക്കാൻ സഹായിച്ചുകൊണ്ട് ദൈവത്തിന്റെ നീതിയുള്ള നിയമങ്ങളും തത്ത്വങ്ങളും നമ്മളെ സ്വതന്ത്രരാക്കുന്നു. (ആമോ. 5:15) സങ്കീർത്തനക്കാരനായ ദാവീദ് യഹോവയെ തന്റെ ‘നന്മയുടെ ഉറവ്’ എന്നാണു വിളിച്ചത്. നന്മ എന്നാൽ ധാർമികവൈശിഷ്ട്യം അഥവാ സദ്ഗുണം എന്നാണ് അർഥം. യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നന്മ നിറഞ്ഞുനിൽക്കുന്നു, നമുക്കുള്ള നല്ലതെല്ലാം യഹോവയിൽനിന്ന് വരുന്നതാണ്. ദൈവത്തെ അനുകരിക്കാനും ദൈവത്തിന്റെ നന്മ തന്റെ സ്വന്തമാക്കാനും ദാവീദ് ശരിക്കും പ്രയത്നിച്ചു. ദൈവം തിന്മയെന്നു പറയുന്ന കാര്യങ്ങളോടു ദാവീദ് വെറുപ്പു വളർത്തിയെടുത്തു. അതിൽ വിഗ്രഹാരാധനയും ഉൾപ്പെടുന്നു. മനുഷ്യരുടെ വിലയിടിച്ചുകളയുന്ന, യഹോവയ്ക്ക് അർഹമായ മഹത്ത്വം കവർന്നെടുക്കുന്ന ഒന്നാണു വിഗ്രഹാരാധന.—യശ. 2:8, 9; വെളി. 4:11.
17, 18. (എ) വ്യാജാരാധനയുടെ അനന്തരഫലങ്ങൾ എന്തൊക്കെയാണെന്നാണു ദാവീദ് നിരീക്ഷിച്ചത്? (ബി) ഇന്ന് ആളുകൾ ‘തങ്ങളുടെ സങ്കടങ്ങൾ കൂട്ടുന്നത്’ എങ്ങനെയാണ്?
17 ബൈബിൾക്കാലങ്ങളിൽ, വ്യാജാരാധനയിൽ മിക്കപ്പോഴും അങ്ങേയറ്റം മ്ലേച്ഛമായ ലൈംഗിക അധാർമികത ഉൾപ്പെട്ടിരുന്നു. (ഹോശേ. 4:13, 14) ജഡം പാപപൂർണമായതുകൊണ്ട് ആരാധനയുടെ ഇത്തരം രൂപങ്ങൾ ജഡത്തെ ആകർഷിക്കുന്നതായിരുന്നു. പക്ഷേ അതിൽ ഏർപ്പെട്ടവർക്ക് അതു നിലനിൽക്കുന്ന സന്തോഷം കൊടുത്തില്ല. പകരം അതു വിപരീതഫലമാണ് ഉണ്ടാക്കിയത്. ‘മറ്റു ദൈവങ്ങളുടെ പിന്നാലെ പോയവർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടി’ എന്നാണു ദാവീദ് പറഞ്ഞത്. അവർ അവരുടെ മക്കളെപ്പോലും വ്യാജദേവന്മാർക്കു കുരുതി കൊടുത്തു. (യശ. 57:5) അത്തരം ക്രൂരമായ പ്രവൃത്തികൾ യഹോവയ്ക്ക് അറപ്പാണ്! (യിരെ. 7:31) ആ കാലത്താണു നിങ്ങൾ ജീവിച്ചിരുന്നതെങ്കിൽ, ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മാതാപിതാക്കളുള്ളതിൽ നിങ്ങൾ തീർച്ചയായും നന്ദിയുള്ളവനായിരുന്നേനേ എന്നതിൽ ഒരു സംശയവുമില്ല.
18 ഇന്നും വ്യാജാരാധന മിക്കപ്പോഴും ലൈംഗിക അധാർമികതയ്ക്ക്, സ്വവർഗസംഭോഗത്തിനുപോലും, സമ്മതം കൊടുക്കുന്നു. സ്വാതന്ത്ര്യം എന്നാണ് അവർ അതിനെ വിളിക്കുന്നത്. പക്ഷേ ഇത്തരം കാര്യങ്ങളിൽ ആഹ്ലാദം കണ്ടെത്തുന്നവർ ദാരുണമായ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും, ബൈബിൾക്കാലങ്ങളിലേതുപോലെതന്നെ. (1 കൊരി. 6:18, 19) ആളുകൾ ‘തങ്ങളുടെ സങ്കടങ്ങൾ കൂട്ടുന്നത്’ നിങ്ങൾതന്നെ നിരീക്ഷിച്ചിട്ടുണ്ടാകും. അതുകൊണ്ട് ചെറുപ്പക്കാരേ, നിങ്ങളുടെ സ്വർഗീയപിതാവ് പറയുന്നതിനു ശ്രദ്ധ കൊടുക്കുക. ദൈവത്തെ അനുസരിച്ചാൽ നിങ്ങൾക്കു നന്മയേ വരൂ എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക. തെറ്റു ചെയ്യുന്നതുകൊണ്ട് നിങ്ങൾക്കു താത്കാലികമായ സന്തോഷം തോന്നിയേക്കാം. പക്ഷേ അതുണ്ടാക്കുന്ന കുഴപ്പങ്ങളുമായി താരതമ്യം ചെയ്താൽ ആ സന്തോഷം ഒന്നുമല്ല എന്ന കാര്യം നിങ്ങളുടെ മനസ്സിനെ ബോധ്യപ്പെടുത്തുക. (ഗലാ. 6:8) നേരത്തേ പരാമർശിച്ച ജോഷ്വാ പറയുന്നു: “ഇഷ്ടമുള്ള രീതിയിൽ നമുക്കു നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കാം. പക്ഷേ അതു ദുരുപയോഗം ചെയ്താൽ നമുക്കു സംതൃപ്തി ലഭിക്കില്ല.”
19, 20. യഹോവയെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരെ എന്ത് അനുഗ്രഹങ്ങളാണു കാത്തിരിക്കുന്നത്?
19 യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:31, 32) ആ സ്വാതന്ത്ര്യത്തിൽ വ്യാജമതത്തിൽനിന്നും അറിവില്ലായ്മയിൽനിന്നും അന്ധവിശ്വാസങ്ങളിൽനിന്നും ഉള്ള മോചനം ഉൾപ്പെടുന്നു. എന്നാൽ അതു മാത്രമല്ല. നമ്മൾ പഠിച്ചതുപോലെ, ഒടുവിൽ ‘ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യവും’ നമ്മൾ നേടും. (റോമ. 8:21) ‘ക്രിസ്തുവിന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ’ നമുക്ക് ഇപ്പോൾത്തന്നെ ആ സ്വാതന്ത്ര്യം രുചിച്ചുനോക്കാൻ കഴിയും. സത്യം പഠിക്കുക മാത്രമല്ല, അതിനനുസരിച്ച് ജീവിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ ‘സത്യം അറിയും.’
20 ചെറുപ്പക്കാരേ, ദൈവം നിങ്ങൾക്കു തന്നിരിക്കുന്ന സ്വാതന്ത്ര്യം വിലയേറിയതായി കാണുക. ആ സ്വാതന്ത്ര്യം ജ്ഞാനത്തോടെ ഉപയോഗിക്കുക. അങ്ങനെ ഭാവിക്കായി നല്ല ഒരു അടിത്തറയിടാൻ നിങ്ങൾക്കു കഴിയും. ഒരു യുവസഹോദരൻ പറയുന്നു: “ചെറുപ്പമായിരിക്കുമ്പോൾ സ്വാതന്ത്ര്യം ജ്ഞാനപൂർവം ഉപയോഗിച്ചാൽ, അതു ഭാവിയിൽ ഏതു ജോലി തിരഞ്ഞെടുക്കണം, വിവാഹം കഴിക്കണോ, കുറച്ച് കാലത്തേക്ക് ഏകാകിയായി ജീവിക്കണോ തുടങ്ങിയ വലിയവലിയ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട സാഹചര്യം വരുമ്പോൾ നിങ്ങളെ സഹായിക്കും.”
21. ‘യഥാർഥജീവനിലേക്കുള്ള’ പാതയിൽക്കൂടി നമുക്ക് എങ്ങനെ യാത്ര തുടരാം?
21 ഈ പഴയ ലോകത്തിൽ, നല്ലതെന്ന് ആളുകൾ വിളിക്കുന്ന ജീവിതംപോലും ഹ്രസ്വമാണ്. നാളെ എന്തു സംഭവിക്കുമെന്നു നമുക്ക് അറിയില്ല. (യാക്കോ. 4:13, 14) അതുകൊണ്ട് ‘യഥാർഥജീവനിലേക്കുള്ള,’ നിത്യജീവനിലേക്കുള്ള പാതയിലൂടെതന്നെ യാത്ര തുടരുന്നതാണു ബുദ്ധി. (1 തിമൊ. 6:19) ആ വഴിയിലൂടെ നടക്കാൻ യഹോവ നമ്മളെ നിർബന്ധിക്കുന്നില്ല. തീരുമാനം നമ്മുടേതാണ്. യഹോവയെ നിങ്ങളുടെ ‘ഓഹരിയാക്കുക.’ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ‘നല്ല കാര്യങ്ങളെ’ മാറോടു ചേർത്തുപിടിക്കുക. (സങ്കീ. 103:5) അങ്ങനെയെങ്കിൽ നമ്മുടെ ജീവിതത്തിൽ ‘ആഹ്ലാദം അലതല്ലും,’ യഹോവ നമുക്കു നിത്യസന്തോഷം തരും.—സങ്കീ. 16:11.