“ദൈവമേ, എന്നെ ശോധന” ചെയ്യണമേ
“ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.”—സങ്കീർത്തനം 139:23, 24.
1. യഹോവ തന്റെ ദാസൻമാരുമായി ഇടപെടുന്നത് എങ്ങനെയാണ്?
സഹാനുഭൂതിയുള്ള, നമ്മുടെ സാഹചര്യങ്ങൾ കണക്കിലെടുക്കുന്ന, നമുക്ക് അബദ്ധം പററുമ്പോൾ നമ്മെ സഹായിക്കുന്ന, നമുക്കു ചെയ്യാൻ കഴിയുന്നതിലധികം നമ്മോട് ആവശ്യപ്പെടാത്ത, ആരെങ്കിലും നമ്മോട് ഇടപെടുന്നതു നമ്മളെല്ലാം ഇഷ്ടപ്പെടുന്നു. ആ വിധത്തിലാണു യഹോവയാം ദൈവം തന്റെ ദാസൻമാരോട് ഇടപെടുന്നത്. സങ്കീർത്തനം 103:14 പറയുന്നു: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” തന്റെ പിതാവിനെ പൂർണമായി പ്രതിഫലിപ്പിക്കുന്ന യേശുക്രിസ്തു ഊഷ്മളമായ ഈ ക്ഷണം വെച്ചുനീട്ടുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു [അല്ലെങ്കിൽ “എന്നോടൊപ്പം എന്റെ നുകത്തിനു കീഴെ വരുവിൻ,” NW അടിക്കുറിപ്പ്] എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30.
2. പിൻവരുന്നവരെ സംബന്ധിച്ച യഹോവയുടെ വീക്ഷണവും മനുഷ്യരുടെ വീക്ഷണവും തമ്മിൽ വിപരീത താരതമ്യം ചെയ്യുക (എ) യേശുക്രിസ്തു, (ബി) ക്രിസ്തുവിന്റെ അനുഗാമികൾ.
2 തന്റെ ദാസൻമാരെ സംബന്ധിച്ച യഹോവയുടെ വീക്ഷണം പലപ്പോഴും മനുഷ്യരുടേതിൽനിന്നു വളരെ വ്യത്യസ്തമാണ്. അവിടുന്നു വ്യത്യസ്ത കാഴ്ചപ്പാടിൽ കാര്യങ്ങളെ വീക്ഷിക്കുകയും മററുള്ളവർക്കു യാതൊന്നും അറിയാൻ പാടില്ലാത്ത വശങ്ങൾ കണക്കിലെടുക്കുകയും ചെയ്യുന്നു. യേശുക്രിസ്തു ഭൂമിയിൽ നടന്നപ്പോൾ അവിടുന്നു “മനുഷ്യരാൽ നിന്ദിക്കപ്പെ”ടുകയും “ത്യജിക്കപ്പെ”ടുകയും ചെയ്തു. മിശിഹ എന്നനിലയിൽ യേശുവിൽ വിശ്വാസം അർപ്പിക്കാഞ്ഞവർ അവിടുത്തെ “ആദരിച്ചതുമില്ല.” (യെശയ്യാവു 53:3; ലൂക്കൊസ് 23:18-21) എന്നിട്ടും ദൈവത്തിന്റെ ദൃഷ്ടിയിൽ അവിടുന്നു “[ദൈവത്തിന്റെ] പ്രിയ പുത്രൻ” ആയിരുന്നു, അവിടുത്തെ സംബന്ധിച്ചു പിതാവു പറഞ്ഞു: “നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (ലൂക്കൊസ് 3:22; 1 പത്രൊസ് 2:4) യേശുക്രിസ്തുവിന്റെ അനുഗാമികളുടെ ഇടയിൽ ഹീനരായി വീക്ഷിക്കപ്പെടുന്ന ആളുകൾ ഉണ്ട്, കാരണം അവർ ഭൗതികമായി ദരിദ്രരും വളരെയധികം കഷ്ടങ്ങൾ സഹിക്കുന്നവരും ആണ്. എങ്കിലും യഹോവയുടെയും അവിടുത്തെ പുത്രന്റെയും ദൃഷ്ടികളിൽ അത്തരക്കാർ സമ്പന്നരായിരിക്കാം. (റോമർ 8:35-39; വെളിപ്പാടു 2:9) വീക്ഷണത്തിലുള്ള ഈ വ്യത്യാസം എന്തുകൊണ്ടാണ്?
3. (എ) ആളുകളെക്കുറിച്ചുള്ള യഹോവയുടെ കാഴ്ചപ്പാടു പലപ്പോഴും മനുഷ്യരുടേതിൽനിന്നു വളരെ വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നാം അകമേ ഏതുതരം വ്യക്തിയെന്നു പരിശോധിക്കുന്നതു നമുക്കു മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 യിരെമ്യാവു 11:20 ഇപ്രകാരം മറുപടി പറയുന്നു: “യഹോവ . . . വൃക്കകളെയും ഹൃദയത്തെയും പരിശോധിക്കുന്നു.” (NW) നാം അകമേ എന്താണെന്ന്, മററുള്ളവരുടെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്ന നമ്മുടെ വ്യക്തിത്വത്തിന്റെ വശങ്ങൾ എന്താണെന്നു പോലും അവിടുന്നു കാണുന്നു. അവിടുത്തെ പരിശോധനയിൽ താനുമായി ഒരു നല്ലബന്ധത്തിനു മർമപ്രധാനമായ, നമുക്ക് ഏററവും കൂടുതൽ നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്ന, ഗുണഗണങ്ങൾക്കും അവസ്ഥകൾക്കും അവിടുന്നു മുൻതൂക്കം നൽകുന്നു. അത് അറിയുന്നതുതന്നെ പൂർണവിശ്വാസം നൽകുന്നു; അതു നമ്മെ പ്രശാന്തരുമാക്കുന്നു. നാം അകമേ ആരാണെന്നുള്ളതു യഹോവ ശ്രദ്ധിക്കുന്നതുകൊണ്ട് അവിടുന്നു തന്റെ പുതിയ ലോകത്തിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നതരം വ്യക്തികളാണു നാമെന്നു തെളിയണമെങ്കിൽ നാം അകമേ ആരായിരിക്കുന്നു എന്നു പരിശോധിക്കുന്നത് പ്രധാനമാണ്. അത്തരമൊരു പരിശോധന നടത്താൻ അവിടുത്തെ വചനം നമ്മെ സഹായിക്കുന്നു.—എബ്രായർ 4:12, 13.
ദൈവത്തിന്റെ ചിന്തകൾ എത്ര അമൂല്യം!
4. (എ) ദൈവത്തിന്റെ ചിന്തകൾ തനിക്കു മൂല്യവത്താണെന്നു പ്രഖ്യാപിക്കാൻ സങ്കീർത്തനക്കാരനെ പ്രേരിപ്പിച്ചത് എന്താണ്? (ബി) അവ നമുക്കു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
4 തന്റെ ദാസൻമാരെക്കുറിച്ചുള്ള ദൈവത്തിന്റെ അറിവിന്റെ പരപ്പിനെയും ആഴത്തെയും അവർക്ക് ആവശ്യമായിവരുന്ന എന്തു സഹായവും ചെയ്തുകൊടുക്കാനുള്ള അവിടുത്തെ അസാധാരണ കഴിവിനെയും സംബന്ധിച്ചു ധ്യാനിച്ചിട്ട് സങ്കീർത്തനക്കാരനായ ദാവീദ് എഴുതി: “നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ!” (സങ്കീർത്തനം 139:17എ) തന്റെ എഴുതപ്പെട്ട വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ആ ചിന്തകൾ, മനുഷ്യരുടെ ആശയങ്ങൾ എത്ര തിളക്കമാർന്നതായി തോന്നിയാലും ശരി, അവരിൽനിന്നുള്ള എന്തിനെക്കാളും ഉയർന്നതാണ്. (യെശയ്യാവു 55:8, 9) ജീവിതത്തിൽ വാസ്തവത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവിടുത്തെ സേവനത്തിൽ തീക്ഷ്ണതയുള്ളവരായിരിക്കാനും ദൈവത്തിന്റെ ചിന്തകൾ നമ്മെ സഹായിക്കുന്നു. (ഫിലിപ്പിയർ 1:9-11) ദൈവം വീക്ഷിക്കുന്നതുപോലെ കാര്യങ്ങളെ വീക്ഷിക്കേണ്ടതെങ്ങനെയെന്ന് അവ നമുക്കു കാണിച്ചുതരുന്നു. നമ്മോടുതന്നെ സത്യസന്ധരായിരിക്കാനും ഹൃദയത്തിൽ നാം യഥാർഥത്തിൽ ഏതുതരം വ്യക്തിയാണെന്നു സമ്മതിക്കാനും അവ നമ്മെ സഹായിക്കുന്നു. നിങ്ങൾ അതു ചെയ്യാൻ സന്നദ്ധനാണോ?
5. (എ) “മറെറന്തിനെക്കാളും കൂടുതലായി” കാത്തുകൊള്ളാൻ ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെയാണ്? (ബി) കയീനെ സംബന്ധിച്ച ബൈബിൾ രേഖ നമുക്കു പ്രയോജനകരമായിരിക്കുന്നത് എങ്ങനെ? (സി) നാം മോശൈക ന്യായപ്രമാണത്തിൻകീഴിൽ അല്ലെങ്കിലും യഹോവയെ പ്രസാദിപ്പിക്കുന്നത് എന്തെന്നു മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നതെങ്ങനെ?
5 മനുഷ്യർ ബാഹ്യമായ സംഗതികൾക്കു കണക്കിലധികം പ്രാധാന്യം കൊടുക്കാൻ ചായ്വുള്ളവരാണ്, എന്നാൽ തിരുവെഴുത്തുകൾ നമ്മെ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “സകല ജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക.” (സദൃശവാക്യങ്ങൾ 4:23) അനുശാസനങ്ങളാലും മാതൃകകളാലും ബൈബിൾ അതു ചെയ്യാൻ നമ്മെ സഹായിക്കുന്നു. കയീൻ തന്റെ സഹോദരനായ ഹാബേലിനോടുള്ള അമർഷത്താലും പിന്നെ വെറുപ്പിനാലും തിളച്ച് മനസ്സില്ലാമനസ്സോടെ ദൈവത്തിനു യാഗമർപ്പിച്ചതായി അതു നമ്മോടു പറയുന്നു. നാം അദ്ദേഹത്തെപ്പോലെ ആകാതിരിക്കാൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (ഉല്പത്തി 4:3-5; 1 യോഹന്നാൻ 3:11, 12) അനുസരണം ആവശ്യപ്പെടുന്ന മോശൈക ന്യായപ്രമാണം അതു രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ യഹോവയെ ആരാധിക്കുന്നവർ അവിടുത്തെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണദേഹിയോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കണമെന്ന ന്യായപ്രമാണത്തിന്റെ പരമപ്രധാനമായ നിബന്ധനക്ക് അതു ദൃഢത കൊടുക്കുന്നു; അവർ തങ്ങളുടെ അയൽക്കാരെ തങ്ങളെപ്പോലെതന്നെ സ്നേഹിക്കണമെന്ന കൽപ്പനക്കാണ് അടുത്ത പ്രാധാന്യമെന്ന് അതു പ്രസ്താവിക്കുന്നു.—ആവർത്തനപുസ്തകം 5:32, 33; മർക്കൊസ് 12:28-31.
6. സദൃശവാക്യങ്ങൾ 3:1 ബാധകമാക്കുന്നതിൽ നാം നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യങ്ങൾ ഏവ?
6 സദൃശവാക്യങ്ങൾ 3:1 നമ്മെ പ്രോത്സാഹിപ്പിക്കുന്നതു കേവലം ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കാൻ അല്ല, യഥാർഥത്തിൽ അനുസരണം നമ്മുടെ ഹൃദയത്തിലുള്ളതിന്റെ ഒരു പ്രകടനമാണ് എന്ന് ഉറപ്പുവരുത്താനാണ്. വ്യക്തിഗതമായി നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കേണ്ട ആവശ്യമുണ്ട്, ‘ദൈവത്തിന്റെ നിബന്ധനകളോടുള്ള എന്റെ അനുസരണം സംബന്ധിച്ച് അതു സത്യമാണോ?’ ചില സംഗതികളിൽ നമ്മുടെ പ്രചോദനമോ ചിന്തയോ അപര്യാപ്തമാണെന്നു—നാം പാളിച്ചകൾ പററാത്തവരാണെന്നു നമുക്കാർക്കും പറയാനും സാധിക്കില്ലല്ലോ—തിരിച്ചറിയുന്നെങ്കിൽ നാം ഇപ്രകാരം ചോദിക്കേണ്ട ആവശ്യമുണ്ട്, ‘സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ ഞാൻ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്?’—സദൃശവാക്യങ്ങൾ 20:9; 1 യോഹന്നാൻ 1:8.
7. (എ) മത്തായി 15:3-9-ലെ പരീശൻമാരെ സംബന്ധിച്ച യേശുവിന്റെ അപലപനം നമ്മുടെ ഹൃദയത്തെ കാത്തുകൊള്ളുന്നതിനു നമ്മെ സഹായിച്ചേക്കാവുന്നതെങ്ങനെ? (ബി) നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ശിക്ഷണവിധേയമാക്കാൻ ശക്തമായ നടപടികൾ എടുക്കുന്നതിന് ഏതു സാഹചര്യങ്ങൾ നമ്മെ നിർബന്ധിച്ചേക്കാം?
7 സ്വന്ത താത്പര്യത്താൽ പ്രചോദിതമായ ഒരു ആചാരത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടു യഹൂദ പരീശൻമാർ ദൈവത്തെ ബഹുമാനിക്കുന്നുവെന്ന നാട്യം കാണിച്ചപ്പോൾ യേശു അവരെ കപടഭക്തരായി കുററം വിധിക്കുകയും അവരുടെ ആരാധന നിഷ്ഫലമാണെന്നു പ്രകടമാക്കുകയും ചെയ്തു. (മത്തായി 15:3-9) വികാരാവേശത്തോടുകൂടിയ സുഖാനുഭൂതി ഉന്നംവെച്ചുകൊണ്ടു നാം അധാർമിക ചിന്തകളിൽ സ്ഥിരമായി മുഴുകവേ, ബാഹ്യമായി മാത്രം ധാർമിക ജീവിതം നയിക്കുന്നത് ഹൃദയം കാണുന്ന ദൈവത്തെ പ്രീതിപ്പെടുത്താൻ മതിയായിരിക്കുന്നില്ലെന്നു യേശു മുന്നറിയിപ്പു നൽകി. നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ശിക്ഷണവിധേയമാക്കാൻ കർശനമായ നടപടികൾ ആവശ്യമായേക്കാം. (സദൃശവാക്യങ്ങൾ 23:12; മത്തായി 5:27-29) നമ്മുടെ ലൗകിക ജോലിയുടെയും വിദ്യാഭ്യാസത്തിലെ നമ്മുടെ ലക്ഷ്യങ്ങളുടെയും അല്ലെങ്കിൽ വിനോദങ്ങളുടെ കാര്യത്തിലുള്ള നമ്മുടെ തെരഞ്ഞെടുപ്പിന്റെയും ഫലമായി ലോകത്തിന്റെ നിലവാരങ്ങൾക്കനുസൃതമായി നമ്മെ കരുപ്പിടിപ്പിക്കാൻ അതിനെ അനുവദിച്ചുകൊണ്ടു നാം ലോകത്തിന്റെ അനുകാരികളായിത്തീരുന്നെങ്കിൽ അപ്പോഴും അത്തരം ശിക്ഷണം ആവശ്യമാണ്. ദൈവവുമായി ബന്ധം അവകാശപ്പെടുകയും എന്നാൽ ലോകത്തിന്റെ സുഹൃത്തുക്കളാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെ യാക്കോബ് അഭിസംബോധന ചെയ്യുന്നതു “വ്യഭിചാരിണികൾ” എന്നാണെന്നു നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. എന്തുകൊണ്ടെന്നാൽ “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.”—യാക്കോബ് 4:4; 1 യോഹന്നാൻ 2:15-17; 5:19.
8. ദൈവത്തിന്റെ അമൂല്യ ചിന്തകളിൽനിന്നു പൂർണമായി പ്രയോജനം അനുഭവിക്കാൻ നാം എന്തു ചെയ്യേണ്ട ആവശ്യമുണ്ട്?
8 ഇവയെയും മററു സംഗതികളെയും സംബന്ധിച്ചുള്ള ദൈവത്തിന്റെ ചിന്തകളിൽനിന്നു പൂർണമായി പ്രയോജനം നേടാൻ നാം അവ വായിക്കാനും കേൾക്കാനും സമയം മാററിവെക്കേണ്ടതുണ്ട്. അതിലുപരി, നാം അവ പഠിക്കുകയും അവയെക്കുറിച്ചു സംസാരിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്. വീക്ഷാഗോപുരത്തിന്റെ അനേകം വായനക്കാർ ബൈബിളിന്റെ ചർച്ച നടക്കുന്ന യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങളിൽ പതിവായി സംബന്ധിക്കുന്നു. അതു ചെയ്യാൻവേണ്ടി അവർ മററു വ്യാപാരങ്ങളിൽനിന്നു സമയം വിലയ്ക്കു വാങ്ങുന്നു. (എഫെസ്യർ 5:15-17) അവർക്കു തിരികെ ലഭിക്കുന്നതു ഭൗതിക സമ്പത്തിനെക്കാൾ വളരെയേറെ മൂല്യമുള്ളതാണ്. നിങ്ങൾക്ക് അങ്ങനെയല്ലേ തോന്നുന്നത്?
9. ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുക്കുന്ന ചിലർ മററുള്ളവരെ അപേക്ഷിച്ചു കൂടുതൽ സത്വരം പുരോഗതി വരുത്തുന്നത് എന്തുകൊണ്ട്?
9 എന്നിരുന്നാലും, ഈ യോഗങ്ങളിൽ പങ്കെടുക്കുന്ന ചിലർ മററുള്ളവരെ അപേക്ഷിച്ചു കൂടുതൽ സത്വരമായ ആത്മീയ പുരോഗതി വരുത്തുന്നു. അവർ തങ്ങളുടെ ജീവിതത്തിൽ സത്യത്തെ കൂടുതൽ തികവോടെ ബാധകമാക്കുന്നു. ഇതിനു കാരണം എന്താണ്? പലപ്പോഴും ഒരു മുഖ്യഘടകം വ്യക്തിപരമായ പഠനത്തിലെ അവരുടെ ശുഷ്കാന്തിയാണ്. അപ്പംകൊണ്ടു മാത്രമല്ല നാം ജീവിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നു; ഭൗതിക ഭക്ഷണം പതിവായി കഴിക്കുന്നതുപോലെ പ്രധാനമാണു ദിവസേനയുള്ള ആത്മീയ ഭക്ഷണവും. (മത്തായി 4:4; എബ്രായർ 5:14) അതുകൊണ്ട് അവർ ദിവസവും ബൈബിളോ അതിനെ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങളോ വായിക്കാൻ അൽപ്പസമയമെങ്കിലും ചെലവഴിക്കുന്നു. അവർ പാഠഭാഗങ്ങൾ നേരത്തെ പഠിച്ചുകൊണ്ടും തിരുവെഴുത്തുകൾ എടുത്തു പരിശോധിച്ചുകൊണ്ടും സഭായോഗങ്ങൾക്കുവേണ്ടി ഒരുങ്ങുന്നു. അവർ വിവരങ്ങൾ വായിക്കുന്നതിലധികം ചെയ്യുന്നു; അവർ അതിനെ സംബന്ധിച്ചു ധ്യാനിക്കുന്നു. അവരുടെ പഠനസമ്പ്രദായത്തിൽ തങ്ങൾ പഠിക്കുന്നതു തങ്ങളുടെ ജീവിതത്തിൻമേൽ ഉണ്ടാക്കേണ്ട ഫലത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്നത് ഉൾപ്പെടുന്നു. അവരുടെ ആത്മീയത വളരുന്തോറും അവർക്കു സങ്കീർത്തനക്കാരനെപ്പോലെ തോന്നാനിടവരുന്നു, അദ്ദേഹം ഇങ്ങനെ എഴുതി: “അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു! . . . അങ്ങയുടെ കല്പനകൾ വിസ്മയാവഹമാണ്.”—സങ്കീർത്തനങ്ങൾ 1:1-3; 119:97, 129, പി.ഒ.സി. ബൈ.
10. (എ) ദൈവവചനത്തിന്റെ പഠനം എത്ര ദീർഘ മായി തുടരുന്നതാണു പ്രയോജനപ്രദമായിരിക്കുന്നത്? (ബി) തിരുവെഴുത്തുകൾ ഇത് എങ്ങനെ പ്രകടമാക്കുന്നു?
10 നാം ദൈവത്തിന്റെ വചനം ഒരു വർഷമോ 5 വർഷമോ 50 വർഷമോ പഠിച്ചിരിക്കുന്നുവെങ്കിലും, ദൈവത്തിന്റെ ചിന്തകൾ നമുക്കു മൂല്യവത്താണെങ്കിൽ അത് ഒരിക്കലും കേവലം ആവർത്തനമായിത്തീരുന്നില്ല. തിരുവെഴുത്തുകളിൽനിന്നു നാം എത്രമാത്രം പഠിച്ചിട്ടുണ്ടെങ്കിലും നാം അറിയാത്തതായി പലതും ഇനിയുമുണ്ട്. “അവയുടെ ആകത്തുകയും എത്ര വലിയതു!” എന്നു ദാവീദ് പറഞ്ഞു. “അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം.” എണ്ണാനുള്ള നമ്മുടെ കഴിവിനതീതമാണു ദൈവത്തിന്റെ ചിന്തകൾ. പകൽ മുഴുവനും നാം ദൈവത്തിന്റെ ചിന്തകൾ എണ്ണിപ്പറയാൻ ഒരുമ്പെടുകയും നാം അങ്ങനെ ചെയ്ത് ഉറങ്ങിപ്പോയെങ്കിൽ പ്രഭാതത്തിൽ ഉണരുമ്പോൾ നമുക്കു ചിന്തിക്കാൻ പിന്നെയും ധാരാളം ഉണ്ടാകും. അതുകൊണ്ടു ദാവീദ് ഇങ്ങനെ എഴുതി: “ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.” (സങ്കീർത്തനം 139:17, 18) യഹോവയെയും അവിടുത്തെ വഴികളെയും സംബന്ധിച്ച് നമുക്കു സകല നിത്യതയിലും പഠിക്കാൻ കൂടുതൽ ഉണ്ടാകും. നമുക്കു സകലതും അറിയാവുന്ന ഒരു ഘട്ടത്തിൽ നാം ഒരിക്കലും എത്തിച്ചേരില്ല.—റോമർ 11:33.
യഹോവ വെറുക്കുന്നതിനെ വെറുക്കൽ
11. ദൈവത്തിന്റെ ചിന്തകൾ അറിയുന്നതു മാത്രമല്ല, അവിടുത്തെ വികാരങ്ങൾ പകർത്തുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 ദൈവവചനം സംബന്ധിച്ച നമ്മുടെ പഠനം കേവലം നമ്മുടെ ശിരസ്സിനെ വസ്തുതകൾകൊണ്ടു നിറക്കാനുള്ള ലക്ഷ്യത്തോടെ ആയിരിക്കുന്നില്ല. നാം അതിനെ നമ്മുടെ ഹൃദയത്തിലേക്കു ചൂഴ്ന്നിറങ്ങാൻ അനുവദിക്കുമ്പോൾ, നാം ദൈവത്തിന്റെ വികാരങ്ങളിൽ പങ്കുപററാനും തുടങ്ങുന്നു. അത് എത്ര പ്രധാനമാണ്! നാം അത്തരം വികാരങ്ങൾ വികസിപ്പിച്ചെടുക്കുന്നില്ലെങ്കിൽ എന്തായിരിക്കാം ഫലം? ബൈബിൾ പറയുന്നത് ആവർത്തിക്കാൻ നമുക്കു കഴിഞ്ഞേക്കാമെങ്കിലും നാം ഒരുപക്ഷേ നിഷിദ്ധമായ സംഗതികളെ അഭികാമ്യമായി വീക്ഷിച്ചേക്കാം, അല്ലെങ്കിൽ ആവശ്യമായിരിക്കുന്ന സംഗതികൾ ഒരു ഭാരമായി നമുക്കു തോന്നിയേക്കാം. തെററായ സംഗതികളെ നാം വെറുക്കുന്നെങ്കിൽപ്പോലും മാനുഷിക അപൂർണത നിമിത്തം നമുക്ക് ഒരു പോരാട്ടം ഉണ്ടായിരിക്കാമെന്നതു സത്യമാണ്. (റോമർ 7:15) എന്നാൽ നാം അകമേ ആയിരിക്കുന്നതിനെ ശരിയായിരിക്കുന്നതിനോടുള്ള ചേർച്ചയിൽ കൊണ്ടുവരാൻ നാം ആത്മാർഥമായ ശ്രമം നടത്തുന്നില്ലെങ്കിൽ, “ഹൃദയങ്ങളെ ശോധന ചെയ്യുന്ന”വനായ യഹോവയെ പ്രീതിപ്പെടുത്താനാവുമെന്നു പ്രതീക്ഷിക്കാൻ നമുക്കാവുമോ?—സദൃശവാക്യങ്ങൾ 17:3.
12. ദൈവിക സ്നേഹവും ദൈവിക വെറുപ്പും പ്രധാനമായിരിക്കുന്നത് എങ്ങനെ?
12 ദൈവിക സ്നേഹം ശരി ചെയ്യുന്നതിനെ ഒരു സുഖാനുഭൂതിയാക്കുന്നതുപോലെ, ദൈവിക വെറുപ്പു തെററു ചെയ്യുന്നതിനെതിരെയുള്ള ഒരു ശക്തമായ സംരക്ഷണമാണ്. (1 യോഹന്നാൻ 5:3) സ്നേഹവും വെറുപ്പും നട്ടുവളർത്താൻ തിരുവെഴുത്തുകൾ നമ്മെ ആവർത്തിച്ചു പ്രോത്സാഹിപ്പിക്കുന്നു. “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ.” (സങ്കീർത്തനം 97:10) “തിൻമയെ ദ്വേഷിക്കുവിൻ; നൻമയെ മുറുകെപ്പിടിക്കുവിൻ.” (റോമാ 12:9, പി.ഒ.സി. ബൈ.) നാം അതു ചെയ്യുന്നുണ്ടോ?
13. (എ) ദുഷ്ടൻമാരുടെ നാശം സംബന്ധിച്ച ദാവീദിന്റെ ഏതു പ്രാർഥനയോടാണു നാം പൂർണയോജിപ്പിൽ ആയിരിക്കുന്നത്? (ബി) ദാവീദിന്റെ പ്രാർഥനയിൽ പ്രകടമാക്കുന്നതുപോലെ ദൈവം നശിപ്പിക്കണമെന്ന് അദ്ദേഹം പ്രാർഥിച്ച ദുഷ്ടൻമാർ ആരായിരുന്നു?
13 യഹോവ ഭൂമിയിൽനിന്നു ദുഷ്ടൻമാരെ വേരോടെ പിഴുതെറിഞ്ഞ് നീതി വസിക്കുന്ന ഒരു പുതിയ ഭൂമി ആനയിക്കാനുള്ള തന്റെ ഉദ്ദേശ്യം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. (സങ്കീർത്തനം 37:10, 11; 2 പത്രൊസ് 3:13) അതു സംഭവിക്കുന്ന സമയം വരാൻ നീതിസ്നേഹികൾ അതിയായി ആഗ്രഹിക്കുന്നു. അവർ സങ്കീർത്തനക്കാരനായ ദാവീദുമായി പൂർണ യോജിപ്പിലാണ്, അദ്ദേഹം ഇങ്ങനെ പ്രാർഥിച്ചു: “ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു; രക്തപാതകൻമാരേ, എന്നെ വിട്ടുപോകുവിൻ. അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.” (സങ്കീർത്തനം 139:19, 20) ദാവീദ് അത്തരം ദുഷ്ടൻമാരെ നിഗ്രഹിക്കാൻ വ്യക്തിപരമായി കാംക്ഷിച്ചില്ല. പ്രതികാരം യഹോവയുടെ കരങ്ങളാൽ വരണമേ എന്ന് അദ്ദേഹം പ്രാർഥിച്ചു. (ആവർത്തനപുസ്തകം 32:35; എബ്രായർ 10:30) ഇവർ ഏതെങ്കിലും വിധത്തിൽ ദാവീദിനെ കേവലം വ്യക്തിപരമായി ദ്രോഹിച്ചിരുന്ന ആളുകളായിരുന്നില്ല. അവർ ദൈവത്തിന്റെ നാമം അയോഗ്യമായ വിധത്തിൽ എടുത്തുകൊണ്ട് അവിടുത്തെ തെററായി പ്രതിനിധാനം ചെയ്തിരുന്നു. (പുറപ്പാടു 20:7) സത്യസന്ധതയില്ലാതെ, അവിടുത്തെ സേവിക്കുന്നു എന്ന് അവർ അവകാശപ്പെട്ടു. എന്നാൽ അവർ അവിടുത്തെ നാമം തങ്ങളുടേതായ സ്വന്തം പദ്ധതികൾ പുരോഗമിപ്പിക്കാൻവേണ്ടി ഉപയോഗിക്കുകയായിരുന്നു. ദൈവത്തിന്റെ എതിരാളികളാകാൻ തീരുമാനിച്ചവരോടു ദാവീദിന് ഒരു പ്രതിപത്തിയും ഇല്ലായിരുന്നു.
14. നമുക്കു സഹായിക്കാവുന്ന ദുഷ്ടജനങ്ങൾ ഉണ്ടോ? അങ്ങനെയെങ്കിൽ എപ്രകാരം?
14 യഹോവയെ അറിയാത്ത കോടിക്കണക്കിനാളുകൾ ഉണ്ട്. ദുഷ്ടമെന്നു ദൈവവചനം പ്രകടമാക്കുന്ന കാര്യങ്ങൾ അവരിൽ പലരും അജ്ഞതയിൽ ചെയ്തുകൊണ്ടിരിക്കുന്നു. ഈ ജീവിതരീതിയിൽ അവർ ശാഠ്യപൂർവം നിലനിൽക്കുന്നെങ്കിൽ മഹോപദ്രവത്തിൽ നശിക്കുന്നവരുടെ ഇടയിൽ അവരുമുണ്ടാകും. എന്നുവരികിലും, ദുഷ്ടൻമാരുടെ മരണത്തിൽ യഹോവക്ക് ഒരു സന്തോഷവുമില്ല, നമ്മളും സന്തോഷിക്കരുത്. (യെഹെസ്കേൽ 33:11) സമയം അനുവദിക്കുന്നിടത്തോളം യഹോവയുടെ വഴികൾ പഠിക്കാനും ബാധകമാക്കാനും അത്തരം ആളുകളെ സഹായിക്കാൻ നാം ശ്രമിക്കുന്നു. എന്നാൽ ചിലയാളുകൾ യഹോവയോടു കടുത്ത വിദ്വേഷം പ്രകടമാക്കുന്നെങ്കിൽ എന്ത്?
15. (എ) “യഥാർഥ ശത്രുക്ക”ളായി സങ്കീർത്തനക്കാരൻ വീക്ഷിച്ചത് ആരെയാണ്? (ബി) യഹോവക്കെതിരെ മത്സരിക്കുന്നവരെ നാം വെറുക്കുന്നുവെന്നു നമുക്ക് ഇന്ന് എങ്ങനെ പ്രകടമാക്കാനാകും?
15 അവരെ സംബന്ധിച്ചു സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.” (സങ്കീർത്തനം 139:21, 22) അവർ യഹോവയെ തീവ്രമായി വെറുത്തതുകൊണ്ടായിരുന്നു ദാവീദ് അവരെ വെറുപ്പോടെ വീക്ഷിച്ചത്. അവിടുത്തേക്ക് എതിരായി മത്സരിച്ചുകൊണ്ടു തങ്ങളുടെ യഹോവാവിദ്വേഷം പ്രകടമാക്കുന്നവരുടെ കൂട്ടത്തിൽ വിശ്വാസത്യാഗികളും ഉൾപ്പെടുന്നു. വിശ്വാസത്യാഗം വാസ്തവത്തിൽ യഹോവക്ക് എതിരെയുള്ള ഒരു മത്സരമാണ്. ചില വിശ്വാസത്യാഗികൾ ദൈവത്തെ അറിയുന്നുവെന്നും സേവിക്കുന്നുവെന്നും അവകാശപ്പെടുന്നു, എന്നാൽ അവിടുത്തെ വചനത്തിൽ പ്രതിപാദിച്ചിട്ടുള്ള ഉപദേശങ്ങളെയോ നിബന്ധനകളെയോ അവർ നിരാകരിക്കുന്നു. മററുള്ളവർ ബൈബിളിൽ വിശ്വസിക്കുന്നുവെന്ന് അവകാശവാദം നടത്തുന്നു, എന്നാൽ അവർ യഹോവയുടെ സ്ഥാപനത്തെ ത്യജിക്കുകയും അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ശരി എന്തെന്നു മനസ്സിലാക്കിയശേഷം അത്തരം ദുഷ്ടത പ്രവർത്തിക്കാൻ അവർ മനഃപൂർവം തീരുമാനിക്കുമ്പോൾ, തങ്ങളുടെ രൂപഘടനയുടെ അവിഭാജ്യഘടകമാകുമാറു ദുഷ്ടത അവരിൽ അത്രയ്ക്കു രൂഢമൂലമായിത്തീരുമ്പോൾ, ദുഷ്ടതയുമായി അഭേദ്യമായി ബന്ധിപ്പിച്ചിട്ടുള്ളവരെ ഒരു ക്രിസ്ത്യാനി (ആ വാക്കിനു ബൈബിൾ പറയുന്ന അർഥത്തിൽത്തന്നെ) വെറുക്കണം. അത്തരം വിശ്വാസത്യാഗികളോടുള്ള യഹോവയുടെ വികാരങ്ങളെ സത്യ ക്രിസ്ത്യാനികൾ പകർത്തുന്നു; വിശ്വാസത്യാഗപരമായ ആശയങ്ങൾ സംബന്ധിച്ച് അവർക്ക് ജിജ്ഞാസയില്ല. നേരെമറിച്ച്, തങ്ങളെത്തന്നെ ദൈവത്തിന്റെ ശത്രുക്കളാക്കിയിരിക്കുന്നവരോട് അവർക്ക് “ഒരു അറപ്പു തോന്നുന്നു,” എന്നാൽ പ്രതികാരം നടത്തൽ അവർ യഹോവക്കു വിട്ടുകൊടുക്കുന്നു.—ഇയ്യോബ് 13:16; റോമർ 12:19; 2 യോഹന്നാൻ 9, 10.
ദൈവം നമ്മെ ശോധന ചെയ്യുമ്പോൾ
16. (എ) തന്നെ യഹോവ ശോധന ചെയ്യണമെന്നു ദാവീദ് ആഗ്രഹിച്ചത് എന്തുകൊണ്ട്? (ബി) നമ്മുടെ ഹൃദയത്തെ സംബന്ധിച്ചു വിവേചന നടത്തുന്നതിനു നമ്മെ സഹായിക്കാൻ ദൈവത്തോടു നാം ചോദിക്കേണ്ടതായി എന്താണുള്ളത്?
16 ഒരു തരത്തിലും ദുഷ്ടൻമാരെപ്പോലെ ആയിത്തീരാൻ ദാവീദ് ആഗ്രഹിച്ചില്ല. തങ്ങൾ അകമേ എന്താണെന്നു മറച്ചുപിടിക്കാൻ അനേകം ആളുകൾ ശ്രമിക്കുന്നു, എന്നാൽ ദാവീദ് താഴ്മയോടെ ഇപ്രകാരം പ്രാർഥിച്ചു: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ; വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.” (സങ്കീർത്തനം 139:23, 24) തന്റെ ഹൃദയത്തെ പരാമർശിച്ചപ്പോൾ, ദാവീദ് ശരീരാവയവത്തെയല്ല അർഥമാക്കിയത്. ആ പദത്തിന്റെ പ്രതീകാത്മക അർഥത്തോടുള്ള ചേർച്ചയിൽ താൻ അകമേ ആരായിരിക്കുന്നുവോ ആ ആന്തരിക മനുഷ്യനെയാണ് അദ്ദേഹം പരാമർശിച്ചത്. ദൈവം നമ്മുടെ ഹൃദയത്തെ ശോധന ചെയ്യാനും നമുക്ക് അനുചിതമായ ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ വികാരങ്ങളോ ഉദ്ദേശ്യങ്ങളോ ചിന്തകളോ ആന്തരങ്ങളോ ഉണ്ടോ എന്നു കാണാനും നാമും ആഗ്രഹിക്കണം. (സങ്കീർത്തനം 26:2) യഹോവ നമ്മെ ക്ഷണിക്കുന്നു: “മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.”—സദൃശവാക്യങ്ങൾ 23:26.
17. (എ) അസ്വാസ്ഥ്യജനകമായ ചിന്തകളെ മറച്ചുവെക്കുന്നതിനു പകരം നാം ചെയ്യേണ്ടത് എന്താകുന്നു? (ബി) നമ്മുടെ ഹൃദയത്തിൽ തെററായ പ്രവണതകൾ കണ്ടെത്തുന്നെങ്കിൽ അതു നമ്മെ അതിശയിപ്പിക്കണമോ, അവ സംബന്ധിച്ചു നാം എന്തു ചെയ്യണം?
17 തെററായ ആഗ്രഹങ്ങളോ തെററായ ആന്തരങ്ങളോ നിമിത്തം അല്ലെങ്കിൽ നമ്മുടെ ഭാഗത്തെ ഏതെങ്കിലും തെററായ നടത്ത നിമിത്തം വേദനാജനകവും അസ്വാസ്ഥ്യജനകവും ആയ ഏതെങ്കിലും ചിന്തകൾ നമ്മിൽ മറഞ്ഞിരിപ്പുണ്ടെങ്കിൽ സംഗതി നേരെയാക്കാൻ യഹോവ നമ്മെ സഹായിക്കണമെന്നു നാം നിശ്ചയമായും ആഗ്രഹിക്കുന്നു. “വ്യസനത്തിന്നുള്ള മാർഗ്ഗം” എന്ന പദപ്രയോഗത്തിനു പകരം മോഫററിന്റെ പരിഭാഷ “ഒരു തെററായ ഗതി” എന്ന പ്രയോഗം ഉപയോഗിക്കുന്നു; ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ പറയുന്നു: “നിന്നെ [അതായതു ദൈവത്തെ] ദുഃഖിപ്പിക്കുന്ന ഏതെങ്കിലും വഴി.” നമ്മുടെ അസ്വസ്ഥജനകമായ ചിന്തകളെ നാംതന്നെ വ്യക്തമായി മനസ്സിലാക്കാതിരിക്കുകയും അതിനാൽ നമ്മുടെ പ്രശ്നം ദൈവത്തോട് എങ്ങനെ അറിയിക്കണം എന്നു അറിയാതിരിക്കുകയും ചെയ്തേക്കാം, എന്നാൽ നമ്മുടെ കാര്യം അവിടുന്നു മനസ്സിലാക്കുന്നു. (റോമർ 8:26, 27) നമ്മുടെ ഹൃദയത്തിൽ ദോഷകരമായ പ്രവണതകൾ ഉണ്ടെങ്കിൽ അതു നമ്മെ അതിശയിപ്പിക്കരുത്; അതേസമയം നാം അവയെ അഗണ്യമായി വിട്ടുകളയുകയും അരുത്. (ഉല്പത്തി 8:21) അവയെ പിഴുതെറിയാൻ നാം ദൈവത്തിന്റെ സഹായം തേടണം. നാം യഹോവയെയും അവിടുത്തെ വഴികളെയും സത്യമായും ഇഷ്ടപ്പെടുന്നെങ്കിൽ “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണെന്ന ആത്മവിശ്വാസത്തോടെ അത്തരം സഹായത്തിനായി നമുക്ക് അവിടുത്തെ സമീപിക്കാനാകും.—1 യോഹന്നാൻ 3:19-21.
18. (എ) യഹോവ നമ്മെ ശാശ്വതമാർഗത്തിൽ നയിക്കുന്നതെങ്ങനെ? (ബി) നാം യഹോവയുടെ മാർഗനിർദേശങ്ങൾ പിൻപററുന്നതിൽ തുടരുന്നെങ്കിൽ ഏത് ഊഷ്മളമായ അഭിനന്ദനം സ്വീകരിക്കാൻ നമുക്കു പ്രതീക്ഷിക്കാനാകും?
18 യഹോവ തന്നെ ശാശ്വത മാർഗത്തിൽ നടത്തണമേ എന്ന സങ്കീർത്തനക്കാരന്റെ പ്രാർഥനയോടുള്ള ചേർച്ചയിൽ യഹോവ തീർച്ചയായും താഴ്മയും അനുസരണയും ഉള്ള തന്റെ ദാസൻമാരെ നയിക്കുകതന്നെ ചെയ്യുന്നു. ദുഷ്ടത പ്രവർത്തിക്കുന്നതിന്റെ പേരിൽ അകാലത്തിൽ അവർ ഛേദിക്കപ്പെടാത്തതിനാൽ ദീർഘിച്ച ജീവിതത്തെ അർഥമാക്കാവുന്ന വഴിയിൽ മാത്രമല്ല, നിത്യജീവിതത്തിലേക്കു നയിക്കുന്ന വഴിയിലും അവിടുന്ന് അവരെ നയിക്കുന്നു. യേശുവിന്റെ ബലിയുടെ പാപപരിഹാര മൂല്യത്തിന്റെ ആവശ്യം അവിടുന്നു നമ്മെ ബോധ്യപ്പെടുത്തുന്നു. നമുക്ക് അവിടുത്തെ ഇഷ്ടം ചെയ്യാൻ കഴിയത്തക്കവണ്ണം അവിടുത്തെ വചനത്തിലൂടെയും അവിടുത്തെ സ്ഥാപനത്തിലൂടെയും മർമപ്രധാനമായ പ്രബോധനം അവിടുന്നു നമുക്കു പ്രദാനം ചെയ്യുന്നു. അകമേ നാം പുറമേ അവകാശപ്പെടുന്നതരം വ്യക്തി ആയിത്തീരുന്നതിനുവേണ്ടി അവിടുന്നു നൽകുന്ന സഹായത്തോടു പ്രതികരിക്കുന്നതിന്റെ പ്രാധാന്യം അവിടുന്നു നമ്മോട് ഊന്നിപ്പറയുന്നു. (സങ്കീർത്തനം 86:11) അവിടുന്നു നമ്മെ നീതിയുള്ള ഒരു പുതിയ ലോകത്തിൽ ഏക സത്യദൈവമായ അവിടുത്തെ സേവിക്കുന്നതിൽ ഉപയോഗിക്കുന്നതിനു പൂർണാരോഗ്യത്തോടെയുള്ള ഒരു നിത്യജീവന്റെ പ്രതീക്ഷ നൽകി പ്രോത്സാഹിപ്പിക്കുന്നു. അവിടുത്തെ മാർഗനിർദേശത്തോടു നാം വിശ്വസ്തതയോടെ പ്രതികരിക്കുന്നതിൽ തുടരുന്നെങ്കിൽ അവിടുന്നു തന്റെ പുത്രനോടു പറഞ്ഞപോലെ, ഫലത്തിൽ നമ്മോടും പറയും: “നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.”—ലൂക്കൊസ് 3:22; യോഹന്നാൻ 6:27; യാക്കോബ് 1:12.
നിങ്ങളുടെ അഭിപ്രായം എന്താണ്?
◻ തന്റെ ദാസൻമാരെ സംബന്ധിച്ച യഹോവയുടെ കാഴ്ചപ്പാടു പലപ്പോഴും മനുഷ്യരുടേതിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
◻ ദൈവം നമ്മുടെ ഹൃദയത്തെ ശോധന ചെയ്യുമ്പോൾ അവിടുന്നു കാണുന്നതെന്തെന്നു വിവേചിക്കാൻ എന്തിനു നമ്മെ സഹായിക്കാനാകും?
◻ വസ്തുതകൾ പഠിക്കാനും നമ്മുടെ ഹൃദയത്തെ കാത്തുകൊള്ളാനും ഏതുതരം പഠനം നമ്മെ സഹായിക്കുന്നു?
◻ ദൈവം പറയുന്നതെന്തെന്ന് അറിയുന്നതു മാത്രമല്ല അവിടുത്തെ വികാരങ്ങൾ പകർത്തുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ” എന്നു നാം വ്യക്തിപരമായി പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
പഠന സമയത്തു ദൈവത്തിന്റെ ചിന്തകളെയും വികാരങ്ങളെയും നിങ്ങളുടെ സ്വന്തമാക്കാൻ ശ്രമിക്കുക
[18-ാം പേജിലെ ചിത്രം]
യഹോവയുടെ ചിന്തകൾ “മണലിനെക്കാൾ അധികം”
[കടപ്പാട്]
Pictorial Archive (Near Eastern History) Est.