യിരെമ്യ
11 യിരെമ്യക്ക് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം: 2 “ജനമേ, ഈ ഉടമ്പടിയിലെ വാക്കുകൾ കേൾക്കൂ!
“ഈ വാക്കുകൾ യഹൂദാപുരുഷന്മാരോടും യരുശലേംനിവാസികളോടും പറയുക.* 3 അവരോടു പറയേണ്ടത് ഇതാണ്: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “ഈ ഉടമ്പടിയിലെ വാക്കുകൾ അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ.+ 4 ഇരുമ്പുചൂളയായ+ ഈജിപ്ത് ദേശത്തുനിന്ന് ഞാൻ നിങ്ങളുടെ പൂർവികരെ വിടുവിച്ച് കൊണ്ടുവന്ന അന്നു ഞാൻ അവരോടു കല്പിച്ചതായിരുന്നു ഇത്.+ അന്നു ഞാൻ പറഞ്ഞു: ‘എന്റെ വാക്കു കേട്ടനുസരിച്ച് ഞാൻ നിങ്ങളോടു കല്പിക്കുന്നതൊക്കെയും ചെയ്താൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും.+ 5 പാലും തേനും ഒഴുകുന്ന ദേശം നൽകുമെന്നു നിങ്ങളുടെ പൂർവികരോട് ആണയിട്ടതു ഞാൻ നിവർത്തിക്കും.’+ നിങ്ങൾ ഇന്നുവരെയും അവിടെയാണല്ലോ താമസിക്കുന്നത്.”’”
അപ്പോൾ ഞാൻ, “യഹോവേ, ആമേൻ”* എന്നു പറഞ്ഞു.
6 പിന്നെ യഹോവ എന്നോടു പറഞ്ഞു: “യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും ഈ വാക്കുകൾ ഘോഷിക്കുക: ‘ഈ ഉടമ്പടിയിലെ വാക്കുകൾ കേട്ട് അത് അനുസരിച്ച് ജീവിക്കുക. 7 കാരണം, നിങ്ങളുടെ പൂർവികരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുപോന്ന നാൾമുതൽ ഇന്നുവരെ, “എന്റെ വാക്കു കേട്ടനുസരിക്കുക” എന്നു ഞാൻ അവരെ കാര്യമായി ഉപദേശിച്ചതാണ്; പല തവണ* ഞാൻ ഇങ്ങനെ ചെയ്തു.+ 8 പക്ഷേ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല. പകരം, ഓരോരുത്തനും ശാഠ്യത്തോടെ തന്റെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടന്നു.+ അതുകൊണ്ട് ഈ ഉടമ്പടിയിൽ പറഞ്ഞിരുന്നതെല്ലാം ഞാൻ അവരുടെ മേൽ വരുത്തി; ഉടമ്പടിയിലെ വ്യവസ്ഥകൾ അനുസരിക്കാൻ കല്പിച്ചിട്ടും അവർ അതിനു കൂട്ടാക്കിയില്ലല്ലോ.’”
9 യഹോവ ഇങ്ങനെയും എന്നോടു പറഞ്ഞു: “യഹൂദാപുരുഷന്മാരും യരുശലേമിൽ താമസിക്കുന്നവരും എനിക്ക് എതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നു. 10 എന്റെ വാക്കുകൾ അനുസരിക്കാൻ കൂട്ടാക്കാതിരുന്ന പണ്ടത്തെ പൂർവികരുടെ തെറ്റുകളിലേക്ക് അവരും തിരിഞ്ഞിരിക്കുന്നു.+ മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവരും അവയെ സേവിക്കുന്നു.+ അവരുടെ പൂർവികരുമായി ഞാൻ ചെയ്ത ഉടമ്പടി ഇസ്രായേൽഗൃഹവും യഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.+ 11 അതുകൊണ്ട്, യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തുന്നു;+ അവർ അതിൽനിന്ന് രക്ഷപ്പെടില്ല. സഹായത്തിനുവേണ്ടി അവർ എന്നെ വിളിക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.+ 12 അപ്പോൾ, യഹൂദാനഗരങ്ങളും യരുശലേംനിവാസികളും അവർ ബലി അർപ്പിക്കുന്ന ദൈവങ്ങളുടെ മുന്നിൽ ചെന്ന് സഹായത്തിനുവേണ്ടി നിലവിളിക്കും.+ പക്ഷേ അവർക്കു ദുരന്തം വരുമ്പോൾ ഈ ദൈവങ്ങൾ അവരെ രക്ഷിക്കില്ല, തീർച്ച! 13 യഹൂദേ, നിന്റെ നഗരങ്ങളുടെ അത്രയുംതന്നെ ദൈവങ്ങൾ നിനക്ക് ഇപ്പോഴുണ്ടല്ലോ. ഈ നാണംകെട്ട വസ്തുവിനുവേണ്ടി* യരുശലേമിലെ തെരുവുകളുടെ അത്രയുംതന്നെ യാഗപീഠങ്ങൾ നീ ഉണ്ടാക്കിയിരിക്കുന്നു, ബാലിനു ബലി അർപ്പിക്കാനുള്ള യാഗപീഠങ്ങൾ.’+
14 “നീയോ,* ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്. അവർക്കുവേണ്ടി എന്നോട് അപേക്ഷിക്കുകയോ എന്നോടു പ്രാർഥിക്കുകയോ അരുത്.+ കാരണം, ദുരന്തം വരുമ്പോൾ അവർ എന്നോട് എത്ര വിളിച്ചപേക്ഷിച്ചാലും ഞാൻ കേൾക്കാൻപോകുന്നില്ല.
15 അനേകം ദുഷ്ടപദ്ധതികൾ നടപ്പിലാക്കിയ എന്റെ പ്രിയപ്പെട്ടവൾക്ക്
ഇനി എന്റെ ഭവനത്തിൽ എന്തു കാര്യം?
നിനക്കു ദുരന്തമുണ്ടാകുമ്പോൾ വിശുദ്ധമാംസംകൊണ്ട്* അവർക്ക് അതു തടയാനാകുമോ?
ആ സമയത്ത് നീ ആഹ്ലാദിക്കുമോ?
16 ‘നല്ല പഴങ്ങൾ കായ്ച്ച് തഴച്ചുവളരുന്ന ഭംഗിയുള്ള ഒലിവ് മരം’ എന്ന്
ഒരിക്കൽ യഹോവ നിന്നെ വിളിച്ചിരുന്നു.
പക്ഷേ ദൈവം മഹാഗർജനത്തോടെ അവൾക്കു തീ ഇട്ടിരിക്കുന്നു;
അവർ അതിന്റെ കൊമ്പുകൾ ഒടിച്ചുകളഞ്ഞിരിക്കുന്നു.
17 “ബാലിനു ബലി അർപ്പിച്ച് എന്നെ കോപിപ്പിച്ച ഇസ്രായേൽഗൃഹവും യഹൂദാഗൃഹവും ചെയ്ത ദുഷ്ടത കാരണം നിനക്കു ദുരന്തം വരുമെന്നു+ നിന്നെ നട്ടുപിടിപ്പിച്ച സൈന്യങ്ങളുടെ അധിപനായ യഹോവ+ പ്രഖ്യാപിക്കുന്നു.”
18 എനിക്കു കാര്യങ്ങൾ മനസ്സിലാകാൻ യഹോവ അത് എന്നെ അറിയിച്ചു;
അവർ ചെയ്തുകൊണ്ടിരുന്നത് അങ്ങ് ആ സമയത്ത് എനിക്കു കാണിച്ചുതന്നു.
19 ഞാനാകട്ടെ, അറുക്കാൻ കൊണ്ടുവന്ന ഒരു പാവം ചെമ്മരിയാട്ടിൻകുട്ടിയെപ്പോലെയായിരുന്നു.
അവർ എനിക്ക് എതിരെ പദ്ധതികൾ മനയുന്ന കാര്യം ഞാൻ അറിഞ്ഞില്ല.+ അവർ പറഞ്ഞു:
“നമുക്ക് ആ മരം കായ്കൾ സഹിതം നശിപ്പിച്ചുകളയാം.
ജീവനുള്ളവരുടെ ദേശത്തുനിന്ന് നമുക്ക് അവനെ ഇല്ലാതാക്കാം;
അവന്റെ പേരുപോലും ഇനി ആരും ഓർക്കരുത്.”
20 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവ നീതിയോടെയാണു വിധിക്കുന്നത്;
ഹൃദയവും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ദൈവം പരിശോധിക്കുന്നു.+
അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;
അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.
21 “യഹോവയുടെ നാമത്തിൽ നീ പ്രവചിക്കരുത്;+ പ്രവചിച്ചാൽ, നീ ഞങ്ങളുടെ കൈകൊണ്ട് മരിക്കും” എന്നു പറഞ്ഞ് നിന്റെ ജീവനെടുക്കാൻ നോക്കുന്ന അനാഥോത്തിലെ+ പുരുഷന്മാരോട് യഹോവയ്ക്കു പറയാനുള്ളത് ഇതാണ്. 22 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരോടു കണക്കു ചോദിക്കാൻപോകുന്നു. അവരുടെ യുവാക്കൾ വാളിന് ഇരയാകും;+ അവരുടെ മക്കൾ ക്ഷാമം കാരണം മരിക്കും.+ 23 അവരിൽ ആരും ബാക്കിയുണ്ടാകില്ല; കാരണം, അനാഥോത്തുകാരോടു+ കണക്കു ചോദിക്കുന്ന ആണ്ടിൽ ഞാൻ അവർക്കു ദുരന്തം വരുത്താനിരിക്കുകയാണ്.”