പഠനലേഖനം 31
പ്രാർഥിക്കാനുള്ള അവസരത്തെ വലിയൊരു അനുഗ്രഹമായി കാണുക
‘തിരുസന്നിധിയിൽ എന്റെ പ്രാർഥന, പ്രത്യേകം തയ്യാർ ചെയ്ത സുഗന്ധക്കൂട്ടുപോലെ ആയിരിക്കട്ടെ.’—സങ്കീ. 141:2.
ഗീതം 47 എല്ലാ ദിവസവും യഹോവയോടു പ്രാർഥിക്കുക
ചുരുക്കംa
1. യഹോവയോടു പ്രാർഥിക്കാൻ കിട്ടുന്ന അവസരത്തെ നമ്മൾ എങ്ങനെ കാണണം?
പ്രാർഥന ദൈവം നമുക്കു തന്നിട്ടുള്ള അമൂല്യമായ ഒരു സമ്മാനമാണ്. ആകാശവും ഭൂമിയും ഒക്കെ സൃഷ്ടിച്ച ദൈവത്തോടു സംസാരിക്കാനാകുന്ന എത്ര വലിയൊരു അവസരമാണ് അത്! ഏതു സമയത്തും ഏതു ഭാഷയിലും നമ്മുടെ ഉള്ളിലുള്ളതെല്ലാം നമുക്കു ദൈവത്തോടു പറയാനാകും. അതിനുവേണ്ടി മുൻകൂട്ടി അനുവാദമൊന്നും വാങ്ങേണ്ടതില്ല. ഇനി, എവിടെവെച്ച് വേണമെങ്കിലും പ്രാർഥിക്കാം. ആശുപത്രിയിലായിരിക്കുമ്പോഴോ ജയിലിലായിരിക്കുമ്പോഴോ പോലും അതിനു കഴിയും. സ്നേഹവാനായ പിതാവ് നമ്മുടെ പ്രാർഥന കേൾക്കുമെന്നു നമുക്കു പൂർണ ഉറപ്പുണ്ട്. ദൈവം തന്ന ഈ സമ്മാനത്തിനു നമുക്ക് എന്നും നന്ദിയുള്ളവരായിരിക്കാം.
2. പ്രാർഥിക്കാനുള്ള അവസരത്തെ വളരെ വിലപ്പെട്ടതായി ദാവീദ് കണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
2 യഹോവയോടു പ്രാർഥിക്കാനുള്ള അവസരത്തെ വളരെ വിലപ്പെട്ട ഒന്നായാണു ദാവീദ് രാജാവ് കണ്ടത്. ഒരിക്കൽ ദാവീദ് ഇങ്ങനെ പാടി: ‘എന്റെ പ്രാർഥന, പ്രത്യേകം തയ്യാർ ചെയ്ത സുഗന്ധക്കൂട്ടുപോലെ ആയിരിക്കട്ടെ.’ (സങ്കീ. 141:1, 2) ദാവീദ് ജീവിച്ചിരുന്ന സമയത്ത് പുരോഹിതന്മാർ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധ സുഗന്ധക്കൂട്ട് വളരെ ശ്രദ്ധയോടെയാണു തയ്യാറാക്കിയിരുന്നത്. (പുറ. 30:34, 35) ദാവീദ് എന്തുകൊണ്ടാണു തന്റെ പ്രാർഥന സുഗന്ധക്കൂട്ടുപോലെ ആയിരിക്കട്ടെ എന്നു പറഞ്ഞത്? തന്റെ സ്വർഗീയപിതാവിനോട് എന്തു പറയുമെന്നു നേരത്തേതന്നെ ചിന്തിച്ചിട്ടു പ്രാർഥിക്കാൻ ദാവീദ് ആഗ്രഹിച്ചെന്നാണ് അതു കാണിക്കുന്നത്. പ്രാർഥിക്കുമ്പോൾ നമുക്കും ദാവീദിന്റെ ഈ മാതൃക അനുകരിക്കാം. കാരണം യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ പ്രാർഥിക്കാൻ നമ്മളും ആഗ്രഹിക്കുന്നു.
3. പ്രാർഥനയിൽ നമ്മൾ യഹോവയോടു സംസാരിക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട മനോഭാവം എന്തായിരിക്കണം, അത് എന്തുകൊണ്ടാണ്?
3 പ്രാർഥിക്കുമ്പോൾ, ആരോടാണു സംസാരിക്കുന്നതെന്നു ചിന്തിച്ച് ആദരവോടെ വേണം അതു ചെയ്യാൻ. യശയ്യയ്ക്കും യഹസ്കേലിനും ദാനിയേലിനും യോഹന്നാനും ലഭിച്ച ദർശനങ്ങളെക്കുറിച്ച് ചിന്തിക്കുക. ഓരോ ദർശനവും വ്യത്യസ്തമായിരുന്നെങ്കിലും അവയിലെല്ലാം പൊതുവായ ഒന്നുണ്ട്: അവരെല്ലാം ദർശനത്തിൽ യഹോവയെ കാണുന്നത് മഹാനായ ഒരു രാജാവായിട്ടാണ്. യശയ്യ കണ്ടത് ‘യഹോവ ഉന്നതമായ, ഉയർന്ന ഒരു സിംഹാസനത്തിൽ ഇരിക്കുന്നതായിട്ടാണ്.’ (യശ. 6:1-3) യഹോവ സ്വർഗീയരഥത്തിൽ ഇരിക്കുന്നതായും അതിനു ചുറ്റും ‘മഴവില്ലിന്റേതുപോലെ ശോഭയുള്ള ഒരു പ്രഭാവലയം’ ഉള്ളതായും യഹസ്കേൽ കാണുന്നു. (യഹ. 1:26-28) ഇനി ദാനിയേൽ, “പുരാതനകാലംമുതലേ ഉള്ളവൻ” വെൺമയുള്ള വസ്ത്രം ധരിച്ചിരിക്കുന്നതായും അദ്ദേഹത്തിന്റെ സിംഹാസനത്തിൽനിന്ന് അഗ്നിജ്വാലകൾ പുറപ്പെടുന്നതായും പറയുന്നു. (ദാനി. 7:9, 10) ഇനി യോഹന്നാൻ അപ്പോസ്തലൻ, യഹോവ സിംഹാസനത്തിൽ ഇരിക്കുന്നതായും അതിനു ചുറ്റും മരതകംപോലുള്ള ഒരു മഴവില്ലുള്ളതായും കാണുന്നു. (വെളി. 4:2-4) യഹോവയുടെ വലിയ മഹത്ത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് യഹോവയോടു പ്രാർഥിക്കാൻ കഴിയുന്നത് എത്ര വലിയൊരു അനുഗ്രഹമാണെന്നും അത് എത്ര ആദരവോടെ ചെയ്യേണ്ടതാണെന്നും നമുക്കു മനസ്സിലാകുന്നില്ലേ? എന്നാൽ നമ്മൾ എങ്ങനെയാണു പ്രാർഥിക്കേണ്ടത്?
“നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക”
4. മത്തായി 6:9, 10-ലെ മാതൃകാപ്രാർഥനയുടെ ആദ്യഭാഗത്തുനിന്ന് നമുക്ക് എന്തു പഠിക്കാം?
4 മത്തായി 6:9, 10 വായിക്കുക. മലയിലെ പ്രസംഗത്തിൽ യേശു ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിൽ എങ്ങനെ പ്രാർഥിക്കാമെന്നു ശിഷ്യന്മാരെ പഠിപ്പിച്ചു. “നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക” എന്നു പറഞ്ഞതിനു ശേഷം പ്രാർഥനയിൽ യേശു ആദ്യം ഉൾപ്പെടുത്തിയത് യഹോവയുടെ ഉദ്ദേശ്യവുമായി നേരിട്ടു ബന്ധമുള്ള കാര്യങ്ങളാണ്. ദൈവത്തിന്റെ പേര് പരിശുദ്ധമാകാനും ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്ന ദൈവരാജ്യം വരാനും ഭൂമിയുടെ കാര്യത്തിലും മനുഷ്യരുടെ കാര്യത്തിലും ദൈവത്തിന്റെ ഇഷ്ടം നടക്കാനും വേണ്ടി യേശു പ്രാർഥിച്ചു. നമ്മുടെ പ്രാർഥനയിലും ഈ കാര്യങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ നമ്മൾ ദൈവത്തിന്റെ ഇഷ്ടത്തിനാണു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നു തെളിയിക്കുകയായിരിക്കും.
5. നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി യഹോവയോടു പ്രാർഥിക്കുന്നതു ശരിയാണോ?
5 മാതൃകാപ്രാർഥനയുടെ അടുത്ത ഭാഗത്ത് വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ കഴിയുമെന്നു യേശു പഠിപ്പിച്ചു. നമുക്ക് യഹോവയോട് ഓരോ ദിവസത്തെ ഭക്ഷണത്തിനും പാപങ്ങൾ ക്ഷമിക്കാനും പ്രലോഭനങ്ങളിൽ വീണുപോകാതെ സംരക്ഷിക്കാനും ദുഷ്ടനിൽനിന്ന് വിടുവിക്കാനും വേണ്ടി പ്രാർഥിക്കാൻ കഴിയും. (മത്താ. 6:11-13) ഈ കാര്യങ്ങളൊക്കെ ചോദിച്ച് പ്രാർഥിക്കുമ്പോൾ യഹോവയിലുള്ള നമ്മുടെ ആശ്രയവും യഹോവയുടെ അംഗീകാരം കിട്ടാനുള്ള നമ്മുടെ ആഗ്രഹവും ആണ് നമ്മൾ തെളിയിക്കുന്നത്.
6. മാതൃകാപ്രാർഥനയിൽ പറഞ്ഞ വിഷയങ്ങൾ മാത്രമേ നമുക്കു പ്രാർഥനയിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളോ? വിശദീകരിക്കുക.
6 തന്റെ അനുഗാമികൾ മാതൃകാപ്രാർഥനയിലുള്ള അതേ വാചകങ്ങൾ പ്രാർഥനയിൽ ഉപയോഗിക്കാനല്ല യേശു ആഗ്രഹിച്ചത്. യേശുവിന്റെ മറ്റു പ്രാർഥനകൾ നോക്കിയാൽ അതു മനസ്സിലാകും. ആ ഓരോ സമയത്തും തന്റെ മനസ്സിനെ അലട്ടിയ കാര്യങ്ങൾ യേശു പ്രാർഥനയിൽ ഉൾപ്പെടുത്തി. (മത്താ. 26:39, 42; യോഹ. 17:1-26) യേശുവിനെപ്പോലെ നമുക്കും, നമ്മളെ അലട്ടുന്ന ഏതു പ്രശ്നത്തെക്കുറിച്ചും പ്രാർഥിക്കാൻ കഴിയും. ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ ജ്ഞാനത്തിനും വിവേകത്തിനും വേണ്ടി പ്രാർഥിക്കാം. (സങ്കീ. 119:33, 34) ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യേണ്ടിവരുമ്പോൾ അതു നന്നായി ചെയ്യാനുള്ള സഹായത്തിനുവേണ്ടി പ്രാർഥിക്കാം. (സുഭാ. 2:6) ഇനി, മാതാപിതാക്കൾക്കു മക്കൾക്കുവേണ്ടിയും മക്കൾക്കു മാതാപിതാക്കൾക്കുവേണ്ടിയും പ്രാർഥിക്കാനാകും. അതുപോലെ, നമുക്ക് എല്ലാവർക്കും ബൈബിൾവിദ്യാർഥികൾക്കുവേണ്ടിയും നമ്മൾ സന്തോഷവാർത്ത അറിയിക്കുന്ന ആളുകൾക്കുവേണ്ടിയും പ്രാർഥിക്കാം, നമ്മളെല്ലാം അങ്ങനെ ചെയ്യേണ്ടതുമാണ്. എന്നാൽ നമ്മുടെ പ്രാർഥനകൾ സഹായത്തിനുവേണ്ടിയുള്ള അപേക്ഷകൾ മാത്രമായിരിക്കരുത്.
7. പ്രാർഥനയിൽ നമ്മൾ യഹോവയെ സ്തുതിക്കേണ്ടത് എന്തുകൊണ്ട്?
7 പ്രാർഥനയിൽ യഹോവയെ സ്തുതിക്കാൻ നമ്മൾ ഒരിക്കലും മറക്കരുത്. കാരണം നമ്മുടെ ദൈവത്തെക്കാൾ സ്തുതിക്ക് അർഹനായ വേറെ ആരുമില്ല. യഹോവ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണ്. കൂടാതെ, “കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹവും വിശ്വസ്തതയും നിറഞ്ഞവൻ.” (സങ്കീ. 86:5, 15) ഇവയും ദൈവത്തിന്റെ മറ്റു ഗുണങ്ങളും ദൈവം ചെയ്യുന്ന കാര്യങ്ങളും ദൈവമായ യഹോവയെ സ്തുതിക്കാൻ നമുക്കു ധാരാളം കാരണങ്ങൾ നൽകുന്നു.
8. ഏതൊക്കെ കാര്യങ്ങൾക്കുവേണ്ടി നമുക്ക് യഹോവയ്ക്കു നന്ദി കൊടുക്കാൻ കഴിയും? (സങ്കീർത്തനം 104:12-15, 24)
8 പ്രാർഥനയിൽ നമ്മൾ യഹോവയെ സ്തുതിക്കുന്നതോടൊപ്പം യഹോവ നമുക്കുവേണ്ടി ചെയ്തുതന്നിരിക്കുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി പറയുകയും വേണം. ഉദാഹരണമായി, പൂക്കളിലെ മനോഹരമായ നിറങ്ങൾ കാണുമ്പോൾ, രുചികരമായ പല തരം ഭക്ഷണസാധനങ്ങൾ കഴിക്കുമ്പോൾ, സുഹൃത്തുക്കളോടൊപ്പം സന്തോഷിക്കുമ്പോൾ ഒക്കെ നമുക്കു യഹോവയോടു നന്ദി പറയാനാകും. നമ്മുടെ സന്തോഷത്തിനുവേണ്ടി മാത്രമാണു സ്നേഹവാനായ പിതാവ് ഇതും ഇതുപോലുള്ള മറ്റു പലതും ചെയ്തിരിക്കുന്നത്. (സങ്കീർത്തനം 104:12-15, 24 വായിക്കുക.) ഇനി, യഹോവയ്ക്കു നന്ദി കൊടുക്കേണ്ടതിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണം നമ്മുടെ വിശ്വാസം ശക്തമാക്കാൻ ആവശ്യമായ ആത്മീയഭക്ഷണം യഹോവ ഇന്നു തരുന്നു എന്നതാണ്. അതോടൊപ്പം ഭാവിയിലേക്ക് യഹോവ നമുക്കു നല്ലൊരു പ്രത്യാശയും നൽകിയിരിക്കുന്നു.
9. മറക്കാതെ യഹോവയ്ക്കു നന്ദി കൊടുക്കാൻവേണ്ടി നമുക്ക് എന്തു ചെയ്യാം? (1 തെസ്സലോനിക്യർ 5:17, 18)
9 യഹോവ നമുക്കുവേണ്ടി ചെയ്തുതന്നിരിക്കുന്ന ഓരോ കാര്യവും എടുത്തുപറഞ്ഞ് നന്ദി പറയാൻ ഒരുപക്ഷേ നമ്മൾ മറന്നുപോയേക്കാം. അതു പരിഹരിക്കാൻ എന്താണ് ഒരു വഴി? നിങ്ങൾ യഹോവയോട് അപേക്ഷിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട് അവയിൽ ഏതൊക്കെ യഹോവ നടത്തിത്തന്നെന്ന് ഇടയ്ക്കിടെ നോക്കുക. എന്നിട്ട് ആ കാര്യങ്ങൾ എടുത്തുപറഞ്ഞ് യഹോവയ്ക്കു നന്ദി കൊടുക്കാം. (1 തെസ്സലോനിക്യർ 5:17, 18 വായിക്കുക.) മറ്റുള്ളവർ നമ്മളോടു നന്ദി പറയുമ്പോൾ നമുക്കു സന്തോഷം തോന്നും, അവർ നമ്മളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാകുകയും ചെയ്യും. ഇതുപോലെ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടുമ്പോൾ നമ്മൾ യഹോവയ്ക്കു നന്ദി കൊടുക്കുകയാണെങ്കിൽ യഹോവയ്ക്ക് എന്തുമാത്രം സന്തോഷം തോന്നും. (കൊലോ. 3:15) ഇനി, ദൈവത്തിനു നമ്മൾ നന്ദി കൊടുക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് നോക്കാം.
തന്റെ പ്രിയ മകനെ തന്നതിനു നമുക്ക് യഹോവയോടു നന്ദി പറയാം
10. 1 പത്രോസ് 2:21 അനുസരിച്ച് യേശുവിനെ ഭൂമിയിലേക്ക് അയച്ചതിനു നമ്മൾ യഹോവയോടു നന്ദി പറയേണ്ടത് എന്തുകൊണ്ടാണ്?
10 1 പത്രോസ് 2:21 വായിക്കുക. നമ്മളെ പഠിപ്പിക്കുന്നതിനുവേണ്ടി പ്രിയ മകനെ അയച്ചതിനു നമ്മൾ യഹോവയോടു നന്ദി പറയണം. യേശുവിന്റെ ജീവിതത്തെക്കുറിച്ച് പഠിക്കുന്നതിലൂടെ യഹോവയെക്കുറിച്ചും യഹോവയെ സന്തോഷിപ്പിക്കാൻ എന്തു ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചും നമുക്ക് ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാനാകും. ഇനി, യേശുവിന്റെ ബലിയിൽ വിശ്വാസം അർപ്പിക്കുകയാണെങ്കിൽ യഹോവയുമായി സമാധാനത്തിലാകാനും യഹോവയുടെ അടുത്ത കൂട്ടുകാരനാകാനും നമുക്കു കഴിയും.—റോമ. 5:1.
11. നമ്മൾ യേശുവിന്റെ നാമത്തിൽ പ്രാർഥിക്കേണ്ടത് എന്തുകൊണ്ടാണ്?
11 യേശു വഴി യഹോവയോടു പ്രാർഥിക്കാൻ പറ്റുന്നതിനു നമുക്ക് യഹോവയ്ക്കു നന്ദി കൊടുക്കാം. കാരണം യേശുവിന്റെ നാമത്തിൽ നമ്മൾ പ്രാർഥിക്കുമ്പോൾ യഹോവ അതു കേൾക്കുകയും ഉത്തരം തരുകയും ചെയ്യും. യേശു പറഞ്ഞു: “നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഞാൻ അതു ചെയ്തുതരും. അങ്ങനെ പുത്രൻ മുഖാന്തരം പിതാവ് മഹത്ത്വപ്പെടും.” (യോഹ. 14:13, 14) ഇതു കാണിക്കുന്നതു നമ്മുടെ അപേക്ഷകൾ യഹോവ നടത്തിത്തരുന്നതു യേശുവിലൂടെയാണെന്നാണ്.
12. തന്റെ മകനെ നൽകിയതിനു നമ്മൾ യഹോവയ്ക്കു നന്ദി കൊടുക്കേണ്ടതിന്റെ മറ്റൊരു കാരണം എന്താണ്?
12 യേശു നൽകിയ മോചനവിലയുടെ അടിസ്ഥാനത്തിലാണ് യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നത്. ബൈബിളിൽ യേശുവിനെ വർണിക്കുന്നത്, ‘സ്വർഗത്തിൽ അത്യുന്നതന്റെ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന ഒരു മഹാപുരോഹിതൻ’ എന്നാണ്. (എബ്രാ. 8:1) യേശു ‘പിതാവിന്റെ അടുത്ത് നമുക്കൊരു സഹായിയായും’ പ്രവർത്തിക്കുന്നു. (1 യോഹ. 2:1) നമ്മുടെ പ്രശ്നങ്ങൾ നന്നായി മനസ്സിലാക്കുന്ന, ദൈവത്തോടു ‘നമുക്കുവേണ്ടി അപേക്ഷിക്കുന്ന,’ സഹതാപമുള്ള ഒരു മഹാപുരോഹിതനെ യഹോവ നമുക്കു തന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്, അല്ലേ? (റോമ. 8:34; എബ്രാ. 4:15) യേശു തന്റെ ജീവൻ ബലിയായി നൽകിയില്ലായിരുന്നെങ്കിൽ പാപികളായ മനുഷ്യർക്ക് യഹോവയോടു പ്രാർഥിക്കാൻ കഴിയുമായിരുന്നില്ല. തന്റെ പ്രിയ മകനെ ഒരു സമ്മാനമായി നമുക്കു നൽകിയതിന് യഹോവയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കുക
13. താൻ ശിഷ്യന്മാരെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നു മരണത്തിന്റെ തലേ രാത്രിപോലും യേശു തെളിയിച്ചത് എങ്ങനെ?
13 തന്റെ മരണത്തിന്റെ തൊട്ടുമുമ്പുള്ള രാത്രി യേശു ശിഷ്യന്മാർക്കുവേണ്ടി ഏറെ നേരം പ്രാർഥിച്ചു. “ദുഷ്ടനായവനിൽനിന്ന് അവരെ കാത്തുകൊള്ളണമെന്നാണു” യേശു പിതാവിനോട് അപേക്ഷിച്ചത്. (യോഹ. 17:15) യേശുവിനുതന്നെ വലിയൊരു പരീക്ഷണം നേരിടാൻപോകുകയായിരുന്നു. അപ്പോൾപ്പോലും ശിഷ്യന്മാരെക്കുറിച്ചായിരുന്നു യേശുവിന്റെ ചിന്ത. യേശുവിനു ശിഷ്യന്മാരോട് ഒരുപാടു സ്നേഹമുണ്ടായിരുന്നു എന്നല്ലേ അതു കാണിക്കുന്നത്?
14. നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം?
14 നമുക്കു യേശുവിന്റെ മാതൃക അനുകരിക്കാം. സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി മാത്രം പ്രാർഥിക്കാതെ പതിവായി നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിയും പ്രാർഥിക്കാം. അങ്ങനെ ചെയ്യുമ്പോൾ തമ്മിൽത്തമ്മിൽ സ്നേഹിക്കാനുള്ള യേശുവിന്റെ കല്പന നമ്മൾ അനുസരിക്കുകയാണ്. കൂടാതെ, നമ്മൾ സഹാരാധകരെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അതിലൂടെ യഹോവയ്ക്കു കാണാനുമാകും. (യോഹ. 13:34) നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നത് അവരെ ഒരുപാടു സഹായിക്കും. കാരണം “നീതിമാന്റെ ഉള്ളുരുകിയുള്ള പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ട്” എന്നാണു ദൈവവചനം പറയുന്നത്.—യാക്കോ. 5:16.
15. നമ്മൾ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കേണ്ടത് എന്തുകൊണ്ടാണ്?
15 സഹോദരങ്ങൾക്കുവേണ്ടി നമ്മൾ പ്രാർഥിക്കണം. കാരണം അവർ പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. ചിലർക്കു രോഗങ്ങളാണ്, മറ്റു ചിലർക്കു പ്രകൃതിവിപത്തുകളോ യുദ്ധങ്ങളോ ഉപദ്രവമോ മറ്റു ബുദ്ധിമുട്ടുകളോ ഒക്കെ സഹിക്കേണ്ടിവരുന്നു. ഇനി, ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാൻവേണ്ടി കഠിനാധ്വാനം ചെയ്യുന്ന സഹോദരീസഹോദരന്മാർക്കുവേണ്ടിയും നമുക്കു പ്രാർഥിക്കാൻ കഴിയും. ഒരുപക്ഷേ ഇതുപോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ചിലരെ നമുക്ക് അറിയാമായിരിക്കും. നമ്മുടെ വ്യക്തിപരമായ പ്രാർഥനയിൽ അവരുടെ പേരുകൾ എടുത്തുപറഞ്ഞ് പ്രാർഥിക്കാനാകുമോ? ബുദ്ധിമുട്ടുകൾ സഹിച്ചുനിൽക്കാൻ അവരെ സഹായിക്കണേ എന്നു പ്രാർഥിക്കുമ്പോൾ നമ്മൾ അവരെ ശരിക്കും സ്നേഹിക്കുന്നുണ്ടെന്നു കാണിക്കുകയാണ്.
16. നേതൃത്വമെടുക്കുന്ന സഹോദരങ്ങൾക്കുവേണ്ടി നമ്മൾ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
16 സഭയിൽ നേതൃത്വമെടുക്കുന്നവർക്കുവേണ്ടി നമ്മൾ പ്രാർഥിക്കുമ്പോൾ അത് അവർക്ക് ഒരുപാടു ഗുണം ചെയ്യുന്നു, അവർ അതു വളരെയധികം വിലമതിക്കുന്നുമുണ്ട്. അപ്പോസ്തലനായ പൗലോസിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. ഒരിക്കൽ അദ്ദേഹം ഇങ്ങനെ എഴുതി: “സന്തോഷവാർത്തയുടെ പാവനരഹസ്യം പേടി കൂടാതെ അറിയിക്കാൻ എനിക്കു വാക്കുകൾ കിട്ടേണ്ടതിന് എനിക്കുവേണ്ടിയും പ്രാർഥിക്കുക.” (എഫെ. 6:19) പൗലോസിനെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന ധാരാളം സഹോദരങ്ങൾ നമ്മുടെ ഇടയിലുമുണ്ട്. അവരുടെ പ്രവർത്തനങ്ങളിൽ യഹോവയുടെ അനുഗ്രഹമുണ്ടായിരിക്കാൻവേണ്ടി നമ്മൾ പ്രാർഥിക്കുമ്പോൾ നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കുകയാണ്.
മറ്റുള്ളവരോടൊപ്പം പ്രാർഥിക്കുമ്പോൾ
17-18. മറ്റുള്ളവരുടെ മുമ്പാകെ പ്രാർഥിക്കാനുള്ള അവസരം ഏതൊക്കെ സന്ദർഭങ്ങളിൽ ഒരാൾക്കു കിട്ടിയേക്കാം, അപ്പോൾ മനസ്സിൽപ്പിടിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
17 ചില സമയത്ത് നമുക്കു മറ്റുള്ളവരോടൊപ്പം പ്രാർഥിക്കേണ്ട സാഹചര്യം വന്നേക്കാം. ഉദാഹരണത്തിന്, ബൈബിൾപഠനം നടത്തുന്ന ഒരു സഹോദരി തന്റെ കൂടെ വരുന്ന സഹോദരിയോടു പ്രാർഥിക്കാൻ ആവശ്യപ്പെട്ടേക്കാം. ആ സഹോദരിക്കു വിദ്യാർഥിയെ അത്ര പരിചയമില്ലാത്തതുകൊണ്ട് ചിലപ്പോൾ അവസാനത്തെ പ്രാർഥനയായിരിക്കും അവർ നടത്തുക. അങ്ങനെയാകുമ്പോൾ വിദ്യാർഥിയെ ഒന്നു മനസ്സിലാക്കാനും പ്രാർഥനയിൽ ആ വ്യക്തിക്കുവേണ്ടി എന്തൊക്കെ കാര്യങ്ങൾ പറയാനാകുമെന്നു ചിന്തിക്കാനും സഹോദരിക്കു കഴിയും.
18 ഒരു സഹോദരനു വയൽസേവന യോഗത്തിനോ സഭായോഗത്തിനോ പ്രാർഥിക്കാൻ നിയമനം ലഭിച്ചേക്കാം. അങ്ങനെ നിയമനം കിട്ടുന്ന സഹോദരന്മാർ ആ മീറ്റിങ്ങിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിക്കണം. ഇനി, മറ്റുള്ളവർക്ക് ഉപദേശം കൊടുക്കാനോ അറിയിപ്പുകൾ നടത്താനോ ഉള്ള അവസരമായി പ്രാർഥനയെ കാണരുത്. മിക്ക സഭായോഗങ്ങൾക്കും തുടക്കത്തിലും അവസാനത്തിലും പാട്ടിനും പ്രാർഥനയ്ക്കും വേണ്ടി അഞ്ചു മിനിട്ട് വീതമാണു പട്ടികപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പ്രാർഥിക്കാൻ നിയമനം കിട്ടിയ സഹോദരൻ ‘വാക്കുകളുടെ എണ്ണം കൂട്ടി’ നീണ്ട ഒരു പ്രാർഥന നടത്തരുത്, പ്രത്യേകിച്ച് മീറ്റിങ്ങിന്റെ തുടക്കത്തിലാണു പ്രാർഥിക്കുന്നതെങ്കിൽ.—മത്താ. 6:7.
പ്രാർഥനയ്ക്കു ജീവിതത്തിൽ പ്രാധാന്യം നൽകുക
19. യഹോവയുടെ ന്യായവിധിദിവസത്തിനുവേണ്ടി ഒരുങ്ങിയിരിക്കാൻ നമ്മളെ എന്താണു സഹായിക്കുന്നത്?
19 യഹോവയുടെ ന്യായവിധിദിവസം അടുത്തുവരുന്ന ഈ സമയത്ത് പ്രാർഥനയ്ക്കു നമ്മൾ മുമ്പത്തെക്കാൾ പ്രാധാന്യം കൊടുക്കണം. അതെക്കുറിച്ച് യേശു പറഞ്ഞത് ഇതാണ്: ‘സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാൻ എപ്പോഴും ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് ഉണർന്നിരിക്കുക.’ (ലൂക്കോ. 21:36) നമ്മൾ കൂടെക്കൂടെ പ്രാർഥിക്കുകയാണെങ്കിൽ നമുക്ക് ആത്മീയമായി ഉണർന്നിരിക്കാനാകും. ന്യായവിധിദിവസത്തെ നേരിടാൻ നമ്മൾ തയ്യാറായിരിക്കുകയും ചെയ്യും.
20. നമ്മുടെ പ്രാർഥനകൾ എങ്ങനെ സുഗന്ധക്കൂട്ടുപോലെയാക്കാൻ കഴിയും?
20 നമ്മൾ എന്താണ് ഈ ലേഖനത്തിൽ പഠിച്ചത്? പ്രാർഥിക്കാനുള്ള ഓരോ അവസരത്തെയും വലിയൊരു അനുഗ്രഹമായി നമ്മൾ കാണുന്നു. നമ്മുടെ പ്രാർഥനകളിൽ യഹോവയുടെ ഉദ്ദേശ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്കായിരിക്കണം ഏറ്റവും പ്രാധാന്യം. അതോടൊപ്പം ദൈവപുത്രനെ നമുക്കു നൽകിയതിനും ദൈവരാജ്യത്തിനും യഹോവയോടു നന്ദി പറയുകയും വേണം. നമ്മുടെ സഹാരാധകർക്കുവേണ്ടി പ്രാർഥിക്കാനും നമ്മൾ മറക്കരുത്. തീർച്ചയായും ഓരോ ദിവസത്തെയും നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടിയും ദൈവവുമായുള്ള ബന്ധം ശക്തമാക്കി നിറുത്താനുള്ള സഹായത്തിനുവേണ്ടിയും നമുക്കു പ്രാർഥിക്കാവുന്നതാണ്. ഇതുപോലുള്ള വിഷയങ്ങളെക്കുറിച്ചൊക്കെ നന്നായി ചിന്തിച്ചിട്ടു പ്രാർഥിക്കുന്നെങ്കിൽ, നമുക്കു കിട്ടിയിരിക്കുന്ന പ്രാർഥന എന്ന സമ്മാനത്തെ വിലമതിക്കുന്നുണ്ടെന്നു നമ്മൾ തെളിയിക്കുകയാണ്. മാത്രമല്ല നമ്മുടെ പ്രാർഥനകൾ സുഗന്ധക്കൂട്ടു കത്തിക്കുമ്പോഴുണ്ടാകുന്ന വാസനപോലെ യഹോവയ്ക്ക് അനുഭവപ്പെടും. അത് യഹോവയെ ‘സന്തോഷിപ്പിക്കും.’—സുഭാ. 15:8.
ഗീതം 45 എന്റെ ഹൃദയത്തിൻ ധ്യാനം
a യഹോവയോടു പ്രാർഥിക്കാൻ കിട്ടുന്ന ഓരോ അവസരവും വലിയൊരു അനുഗ്രഹമായിട്ടാണു നമ്മൾ കാണുന്നത്. നമ്മുടെ പ്രാർഥനകൾ സുഗന്ധക്കൂട്ടിന്റെ വാസനപോലെ യഹോവയെ സന്തോഷിപ്പിക്കുന്നതായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. ഈ ലേഖനത്തിൽ, നമുക്ക് എന്തൊക്കെ കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാമെന്നു ചർച്ച ചെയ്യും. കൂടാതെ, മറ്റുള്ളവരോടൊപ്പം പ്രാർഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും നമ്മൾ പഠിക്കും.
b ചിത്രങ്ങളുടെ വിവരണം: ഒരു ഭർത്താവ് ഭാര്യയോടൊപ്പം പ്രാർഥിക്കുകയാണ്. മകൾ സ്കൂളിൽ സുരക്ഷിതയായിരിക്കുന്നതിനുവേണ്ടിയും പ്രായമായ അപ്പന്റെ ആരോഗ്യത്തിനുവേണ്ടിയും ബൈബിൾവിദ്യാർഥിനിയുടെ പുരോഗതിക്കുവേണ്ടിയും അവർ പ്രാർഥിക്കുന്നു.
c ചിത്രങ്ങളുടെ വിവരണം: മോചനവിലയായി യേശുവിനെ തന്നതിനും മനോഹരമായ ഈ ഭൂമിയും ഭക്ഷണസാധനങ്ങളും ഒക്കെ തന്നതിനും ഒരു യുവസഹോദരൻ യഹോവയോടു നന്ദി പറയുന്നു.
d ചിത്രങ്ങളുടെ വിവരണം: പരിശുദ്ധാത്മാവിനെ നൽകി ഭരണസംഘത്തെ അനുഗ്രഹിക്കണേ എന്നും ദുരന്തങ്ങളും എതിർപ്പുകളും നേരിടുന്നവരെ സഹായിക്കണേ എന്നും ഒരു സഹോദരി പ്രാർഥിക്കുന്നു.