“അവൻ നിങ്ങളോടു അടുത്തുവരും”
“[ദൈവം] നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല.”—പ്രവൃത്തികൾ 17:27.
1, 2. (എ) നക്ഷത്രനിബിഡമായ ആകാശത്തേക്കു നോക്കിനിൽക്കവേ സ്രഷ്ടാവിനെ കുറിച്ച് ഏതു ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർന്നു വന്നേക്കാം? (ബി) മനുഷ്യർ യഹോവയുടെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണ് എന്ന് ബൈബിൾ ഉറപ്പു നൽകുന്നത് എങ്ങനെ?
തെളിഞ്ഞ ഒരു രാത്രിയിൽ നക്ഷത്രനിബിഡമായ ആകാശത്തേക്കു നോക്കി നിങ്ങൾ എപ്പോഴെങ്കിലും അത്ഭുതം കൂറിയിട്ടുണ്ടോ? നക്ഷത്രങ്ങളുടെ പെരുപ്പവും ബഹിരാകാശത്തിന്റെ വിസ്തൃതിയും നമ്മിൽ ഭയാശ്ചര്യം ഉണർത്തുന്നു. അതിബൃഹത്തായ പ്രപഞ്ചത്തിലെ ചെറിയൊരു പൊട്ട് മാത്രമാണു ഭൂമി. “സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ” ആയതിനാൽ സ്രഷ്ടാവ് മനുഷ്യരുടെ കാര്യത്തിൽ താത്പര്യം എടുക്കുകയില്ലെന്ന് അതിന് അർഥമുണ്ടോ? അല്ലെങ്കിൽ അവർക്ക് അന്വേഷിച്ചു കണ്ടെത്താൻ കഴിയാത്തവിധം അകലെയാണോ അവൻ?—സങ്കീർത്തനം 83:18.
2 മനുഷ്യർ യഹോവയുടെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണ് എന്ന് ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു. വാസ്തവത്തിൽ, “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്നു പറഞ്ഞുകൊണ്ട് അവനെ അന്വേഷിക്കാൻ ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (പ്രവൃത്തികൾ 17:27; 1 ദിനവൃത്താന്തം 28:9) ദൈവത്തോട് അടുത്തു ചെല്ലാൻ നാം പടികൾ സ്വീകരിക്കുന്നെങ്കിൽ അവൻ തീർച്ചയായും നമ്മുടെ ശ്രമങ്ങളോടു പ്രതികരിക്കും. എങ്ങനെ? 2003-ലെ നമ്മുടെ വാർഷിക വാക്യം ഹൃദയോഷ്മളമായ ഈ ഉത്തരം നൽകുന്നു: “അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ് 4:8) തന്നോട് അടുക്കുന്നവരുടെമേൽ യഹോവ ചൊരിയുന്ന അത്ഭുതകരമായ ചില അനുഗ്രഹങ്ങളെ കുറിച്ച് നമുക്കിപ്പോൾ ചർച്ച ചെയ്യാം.
യഹോവയിൽനിന്നുള്ള വ്യക്തിപരമായ ഒരു ദാനം
3. തന്നോട് അടുത്തു വരുന്നവർക്ക് യഹോവ നൽകുന്ന ദാനം എന്ത്?
3 ഒന്നാമതായി, ഒരു അമൂല്യ ദാനം യഹോവ തന്റെ ദാസന്മാർക്കു നൽകുന്നു. അത് അവൻ തന്റെ ജനത്തിനായി മാത്രം കരുതിവെച്ചിട്ടുള്ള ഒന്നാണ്. ഈ ലോകം വെച്ചുനീട്ടുന്ന അധികാരത്തിനും സമ്പത്തിനും വിദ്യാഭ്യാസത്തിനും ഒന്നും നേടിത്തരാൻ കഴിയാത്ത ഒന്നാണ് അത്. അതു വ്യക്തിപരമായ ഒരു ദാനമാണ്, യഹോവ തന്നോട് അടുത്തു വരുന്നവർക്കു മാത്രം നൽകുന്ന ഒന്ന്. എന്താണ് അത്? ദൈവവചനം ഉത്തരം നൽകുന്നു: “നീ . . . വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ [“മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങളെ പോലെ,” NW] തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നതു.” (സദൃശവാക്യങ്ങൾ 2:3-6) അപൂർണ മനുഷ്യർ “ദൈവപരിജ്ഞാനം” കണ്ടെത്തുന്നതിനെ കുറിച്ചു ചിന്തിക്കുക! ആ ദാനത്തെ—ദൈവവചനത്തിൽ കാണുന്ന പരിജ്ഞാനത്തെ—‘മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങളോട്’ ഉപമിച്ചിരിക്കുന്നു. എന്തുകൊണ്ട്?
4, 5. ‘ദൈവപരിജ്ഞാനത്തെ’ ‘മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങളോട്’ ഉപമിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? ഉദാഹരണ സഹിതം വ്യക്തമാക്കുക.
4 ദൈവപരിജ്ഞാനം അമൂല്യമാണ് എന്നതാണ് ഒരു കാരണം. അതു നേടിത്തരുന്ന ഏറ്റവും വിലപ്പെട്ട അനുഗ്രഹങ്ങളിൽ ഒന്ന് നിത്യജീവന്റെ പ്രത്യാശയാണ്. (യോഹന്നാൻ 17:3) എന്നാൽ ഇപ്പോൾ പോലും ആ പരിജ്ഞാനം നമ്മുടെ ജീവിതത്തെ സമ്പുഷ്ടമാക്കുന്നു. ഉദാഹരണത്തിന്, ദൈവവചനത്തിന്റെ സൂക്ഷ്മമായ പഠനത്തിലൂടെ ദൈവത്തിന്റെ പേര് എന്താണ് (സങ്കീർത്തനം 83:18), മരിച്ചവരുടെ അവസ്ഥ യഥാർഥത്തിൽ എന്താണ് (സഭാപ്രസംഗി 9:5, 10), ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത് (യെശയ്യാവു 45:18) എന്നിങ്ങനെയുള്ള പല സുപ്രധാന ചോദ്യങ്ങൾക്കുമുള്ള ഉത്തരം നാം കണ്ടെത്തിയിരിക്കുന്നു. കൂടാതെ, ബൈബിളിന്റെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ടു ജീവിക്കുന്നതാണ് ഏറ്റവും മികച്ച ജീവിതരീതി എന്നു മനസ്സിലാക്കാനും നമുക്കു സാധിച്ചിരിക്കുന്നു. (യെശയ്യാവു 30:20, 21; 48:17, 18) അങ്ങനെ ജീവിത ഉത്കണ്ഠകളെ നേരിടാനും യഥാർഥ സന്തുഷ്ടിയും സംതൃപ്തിയും പ്രദാനം ചെയ്യുന്ന ജീവിതഗതി പിന്തുടരാനും സഹായിക്കുന്ന ഉത്തമ മാർഗനിർദേശം നമുക്കു ലഭിച്ചിരിക്കുന്നു. സർവോപരി ദൈവവചനത്തിന്റെ പഠനം യഹോവയുടെ അത്ഭുതകരമായ ഗുണങ്ങൾ മനസ്സിലാക്കി അവനോട് അടുത്തു ചെല്ലാൻ നമ്മെ സഹായിച്ചിരിക്കുന്നു. “ദൈവപരിജ്ഞാന”ത്തിൽ അധിഷ്ഠിതമായ, യഹോവയുമായുള്ള അടുത്ത ബന്ധത്തെക്കാൾ മൂല്യവത്തായി മറ്റെന്താണുള്ളത്?
5 ദൈവപരിജ്ഞാനത്തെ ‘മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങളോട്’ ഉപമിക്കുന്നതിന് മറ്റൊരു കാരണം കൂടെയുണ്ട്. മിക്ക നിധികളുടെയും കാര്യത്തിൽ സത്യമായിരിക്കുന്നതു പോലെതന്നെ ഇതും അപൂർവമായി മാത്രം കാണപ്പെടുന്ന ഒന്നാണ്. 600 കോടി വരുന്ന ലോകജനതയിൽ യഹോവയെ ആരാധിക്കുന്ന 60 ലക്ഷത്തോളം പേർ, അതായത് ഏതാണ്ട് 1,000 പേരിൽ ഒരാൾ മാത്രമേ “ദൈവപരിജ്ഞാനം” കണ്ടെത്തിയിട്ടുള്ളൂ. ദൈവവചനത്തിലെ സത്യം മനസ്സിലാക്കുന്നത് എത്ര അപൂർവമായ ഒരു പദവിയാണെന്നു വ്യക്തമാകുന്നതിന് ഈ ഒരു ബൈബിൾ ചോദ്യം പരിചിന്തിക്കുക: മരിക്കുമ്പോൾ മനുഷ്യർക്ക് എന്തു സംഭവിക്കുന്നു? മനുഷ്യൻ മരിക്കുന്നുവെന്നും മരിച്ചവർക്ക് ഒന്നിനെ കുറിച്ചും ബോധമില്ലെന്നും തിരുവെഴുത്തുകളിൽനിന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. (യെശയ്യാവു 38:18) എന്നാൽ മിക്ക ലോകമതങ്ങളും മനുഷ്യന്റെ ഉള്ളിലുള്ള എന്തോ മരണശേഷം തുടർന്നു ജീവിക്കുന്നു എന്ന തെറ്റായ വിശ്വാസമാണു സ്വീകരിച്ചിരിക്കുന്നത്. ഈ വിശ്വാസം ക്രൈസ്തവ മതങ്ങളുടെ ഒരു അവിഭാജ്യ ഭാഗമാണ്. കൂടാതെ, ഇസ്ലാംമതം, ജൈനമതം, താവോമതം, ബുദ്ധമതം, യഹൂദമതം, ഷിന്റോമതം, സിക്കുമതം, ഹിന്ദുമതം എന്നിവയും ഇതു പഠിപ്പിക്കുന്നു. എത്ര കോടി ജനങ്ങളാണ് ഈ ഒരൊറ്റ വ്യാജ പഠിപ്പിക്കലിനാൽ വഞ്ചിതരായിരിക്കുന്നത് എന്നു ചിന്തിക്കുക!
6, 7. (എ) “ദൈവപരിജ്ഞാനം” കണ്ടെത്താൻ ആർക്കു മാത്രമേ കഴിയൂ? (ബി) ‘ജ്ഞാനികളും വിവേകികളും’ ആയ അനേകർക്കും ഇല്ലാത്ത ഉൾക്കാഴ്ച നൽകി യഹോവ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു എന്ന് ഏത് ഉദാഹരണം കാണിക്കുന്നു?
6 കൂടുതൽ പേർ “ദൈവപരിജ്ഞാനം” കണ്ടെത്തിയിട്ടില്ലാത്തത് എന്തുകൊണ്ടാണ്? കാരണം, ദൈവത്തിന്റെ സഹായമില്ലാതെ അവന്റെ വചനത്തിന്റെ അർഥം പൂർണമായി ഗ്രഹിക്കാൻ കഴിയില്ല. ഓർക്കുക, ഈ പരിജ്ഞാനം ഒരു ദാനമാണ്. തന്റെ വചനം ആത്മാർഥതയോടും താഴ്മയോടും കൂടെ പരിശോധിക്കാൻ മനസ്സൊരുക്കം കാട്ടുന്നവർക്കു മാത്രമാണ് യഹോവ അതു നൽകുന്നത്. അങ്ങനെയുള്ളവർ “ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ” അല്ലായിരിക്കാം. (1 കൊരിന്ത്യർ 1:26) അവരിൽ അനേകരും ലോകനിലവാരങ്ങൾ അനുസരിച്ച് “പഠിപ്പില്ലാത്തവരും സാമാന്യരുമായ” ആളുകൾ പോലും ആയിരിക്കാം. (പ്രവൃത്തികൾ 4:13) എന്നാൽ അതൊരു പ്രശ്നമല്ല. നമ്മുടെ ഹൃദയത്തിൽ കാണുന്ന ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് യഹോവ നമുക്കു “ദൈവപരിജ്ഞാനം” നൽകുന്നത്.
7 ഒരു ഉദാഹരണം പരിചിന്തിക്കുക. ക്രൈസ്തവലോകത്തിലെ അനേകം പണ്ഡിതന്മാർ ബൈബിളിനെ കുറിച്ചുള്ള വിപുലമായ ഭാഷ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അത്തരം സംശോധക ഗ്രന്ഥങ്ങളിൽ ചരിത്ര പശ്ചാത്തലം, എബ്രായ-ഗ്രീക്കു പദങ്ങളുടെ അർഥം എന്നിങ്ങനെയുള്ള സംഗതികൾ അടങ്ങിയിരിക്കാം. ഇത്രയെല്ലാം അറിവ് ഉണ്ടായിരുന്നിട്ടും ഈ പണ്ഡിതന്മാർ യഥാർഥത്തിൽ “ദൈവപരിജ്ഞാനം” കണ്ടെത്തിയിരിക്കുന്നു എന്നു പറയാൻ കഴിയുമോ? ശരി, ബൈബിളിന്റെ പ്രതിപാദ്യവിഷയം സ്വർഗീയ രാജ്യം മുഖാന്തരമുള്ള, ദൈവത്തിന്റെ പരമാധികാരത്തിന്റെ സംസ്ഥാപനം ആണെന്ന് അവർ വ്യക്തമായി ഗ്രഹിക്കുന്നുണ്ടോ? യഹോവയാം ദൈവം ഒരു ത്രിത്വത്തിന്റെ ഭാഗമല്ലെന്ന് അവർക്ക് അറിയാമോ? എന്നാൽ നമുക്ക് ഇത്തരം സംഗതികളെ കുറിച്ചുള്ള കൃത്യമായ ഗ്രാഹ്യം ഉണ്ട്. എന്തുകൊണ്ട്? ആത്മീയ സത്യങ്ങളെ കുറിച്ച്, ‘ജ്ഞാനികളും വിവേകികളും [“ബുദ്ധിമാന്മാരും,’’ NW] ആയ അനേകർക്കും ഇല്ലാത്ത ഉൾക്കാഴ്ച തന്ന് യഹോവ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. (മത്തായി 11:25) തന്നോട് അടുത്തു വരുന്നവരെ യഹോവ എത്ര സമൃദ്ധമായാണ് അനുഗ്രഹിക്കുന്നത്!
‘യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും കാവൽ ചെയ്യുന്നു’
8, 9. (എ) യഹോവയോട് അടുത്തു ചെല്ലുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു അനുഗ്രഹം ദാവീദ് വിവരിച്ചത് എങ്ങനെ? (ബി) സത്യ ക്രിസ്ത്യാനികൾക്കു ദിവ്യ സംരക്ഷണം ആവശ്യമുള്ളത് എന്തുകൊണ്ട്?
8 യഹോവയോട് അടുത്തു ചെല്ലുന്നവർ മറ്റൊരു അനുഗ്രഹവും ആസ്വദിക്കുന്നു—ദിവ്യ സംരക്ഷണം. ഒട്ടനവധി പ്രശ്നങ്ങളും പ്രയാസങ്ങളും നേരിട്ട ഒരു വ്യക്തിയായ സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ എഴുതി: “യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും. യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു [“കാവൽ ചെയ്യുന്നു,” ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം].” (സങ്കീർത്തനം 145:18-20) അതേ, യഹോവ തന്നെ സ്നേഹിക്കുന്നവർക്കു സമീപസ്ഥനാണ്. അതുകൊണ്ട് സഹായത്തിനുള്ള അവരുടെ നിലവിളികളോട് അവനു സത്വരം പ്രതികരിക്കാനാകും.
9 നമുക്കു ദിവ്യ സംരക്ഷണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ ‘ദുർഘടസമയങ്ങളിൽ’ ജീവിക്കുന്നതു മൂലമുള്ള പ്രയാസങ്ങൾക്കു പുറമേ സത്യക്രിസ്ത്യാനികൾ യഹോവയുടെ മുഖ്യ എതിരാളിയായ പിശാചായ സാത്താന്റെ പ്രത്യേക ആക്രമണ ലക്ഷ്യവുമാണ്. (2 തിമൊഥെയൊസ് 3:1) കുടിലനായ ആ ശത്രു നമ്മെ ‘വിഴുങ്ങാനായി’ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. (1 പത്രൊസ് 5:8) സാത്താൻ നമുക്കു നേരെ പീഡനവും സമ്മർദങ്ങളും പ്രലോഭനങ്ങളും കൊണ്ടുവരുന്നു. കൂടാതെ, തനിക്കു മുതലെടുക്കാനാകുന്ന ഏതെങ്കിലും മനോഭാവങ്ങൾ നമ്മുടെ മനസ്സിലോ ഹൃദയത്തിലോ ഉണ്ടോ എന്ന് അവൻ എപ്പോഴും നോക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വിശ്വാസത്തെ ദുർബലമാക്കുകയും ആത്മീയമായി നമ്മെ നശിപ്പിക്കുകയും ചെയ്യുക എന്നതാണ് അവന്റെ ലക്ഷ്യം. (വെളിപ്പാടു 12:12, 17) നമുക്ക് ഇത്രയും ശക്തനായ ഒരു എതിരാളിയെ നേരിടേണ്ടതുള്ളതിനാൽ ‘യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും കാവൽ ചെയ്യുന്നു’ എന്ന അറിവ് ആശ്വാസദായകമല്ലേ?
10. (എ) യഹോവ തന്റെ ജനത്തെ കാവൽ ചെയ്യുന്നത് എങ്ങനെ? (ബി) ഏതുതരം സംരക്ഷണമാണ് ഏറ്റവും പ്രധാനം, എന്തുകൊണ്ട്?
10 എന്നാൽ യഹോവ തന്റെ ജനത്തെ കാവൽ ചെയ്യുന്നത് എങ്ങനെയാണ്? നമ്മെ സംരക്ഷിക്കുമെന്ന അവന്റെ വാഗ്ദാനം ഈ വ്യവസ്ഥിതിയിലെ നമ്മുടെ ജീവിതം പ്രശ്നവിമുക്തമായിരിക്കുമെന്ന് അർഥമാക്കുന്നില്ല; അതുപോലെ നമുക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അവനു കടപ്പാടുണ്ടെന്നും അതു സൂചിപ്പിക്കുന്നില്ല. എന്നിരുന്നാലും, ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ജനത്തിന് ജഡിക സംരക്ഷണം നൽകുന്നുണ്ട്. സത്യാരാധകരെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ അവൻ ഒരിക്കലും പിശാചിനെ അനുവദിക്കുകയില്ല! (2 പത്രൊസ് 2:9) എല്ലാറ്റിനും ഉപരിയായി യഹോവ നമ്മെ ആത്മീയമായി സംരക്ഷിക്കുന്നു. പരിശോധനകളെ സഹിച്ചുനിൽക്കാനും അവനുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാനും ആവശ്യമായ സഹായം പ്രദാനം ചെയ്തുകൊണ്ട് അവൻ നമ്മെ സജ്ജരാക്കുന്നു. ആത്യന്തികമായി നോക്കുമ്പോൾ ആത്മീയ സംരക്ഷണം തന്നെയാണ് ഏറ്റവും പ്രധാനം. എന്തുകൊണ്ട്? കാരണം, യഹോവയുമായി നമുക്ക് ബന്ധം ഉള്ളിടത്തോളം കാലം നമുക്ക് നിലനിൽക്കുന്ന ഹാനി വരുത്താൻ ഒന്നിനും, മരണത്തിനു പോലും, കഴിയില്ല.—മത്തായി 10:28.
11. തന്റെ ജനത്തിന്റെ ആത്മീയ സംരക്ഷണത്തിനായി യഹോവ എന്തു കരുതലുകളാണു ചെയ്തിരിക്കുന്നത്?
11 തന്നോട് അടുത്തു നിലകൊള്ളുന്നവരുടെ ആത്മീയ സംരക്ഷണത്തിനായി യഹോവ സമൃദ്ധമായ കരുതലുകൾ ചെയ്തിട്ടുണ്ട്. തന്റെ വചനമായ ബൈബിളിലൂടെ വിവിധ പരീക്ഷകളെ വിജയകരമായി നേരിടുന്നതിനു വേണ്ട ജ്ഞാനം അവൻ നൽകുന്നു. (യാക്കോബ് 1:2-5) തിരുവെഴുത്തുകളിൽ കാണുന്ന പ്രായോഗിക ബുദ്ധിയുപദേശം ബാധകമാക്കുന്നത് അതിൽത്തന്നെ ഒരു സംരക്ഷണം ആണ്. ഇതിനു പുറമേ, യഹോവ “തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ” നൽകുന്നു. (ലൂക്കൊസ് 11:13) അഖിലാണ്ഡത്തിലെ ഏറ്റവും പ്രബലമായ ശക്തിയാണ് പരിശുദ്ധാത്മാവ്. അതുകൊണ്ട് ഏതൊരു പരീക്ഷയെയും പ്രലോഭനത്തെയും വിജയകരമായി നേരിടുന്നതിനു നമ്മെ സജ്ജരാക്കാൻ തീർച്ചയായും അതിനു കഴിയും. ക്രിസ്തുവിലൂടെ യഹോവ “മനുഷ്യരാം ദാനങ്ങളെ” പ്രദാനം ചെയ്തിരിക്കുന്നു. (എഫെസ്യർ 4:8, NW) സഹാരാധകരെ സഹായിക്കുമ്പോൾ യഹോവയെ പോലെതന്നെ ആഴമായ അനുകമ്പയുള്ളവരായിരിക്കാൻ ആത്മീയ യോഗ്യതയുള്ള ഈ പുരുഷന്മാർ യത്നിക്കുന്നു.—യാക്കോബ് 5:14, 15.
12, 13. (എ) യഹോവ നമുക്ക് തക്കസമയത്ത് ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നത് എങ്ങനെ? (ബി) നമ്മുടെ ആത്മീയ ക്ഷേമത്തിനായി യഹോവ ചെയ്യുന്ന കരുതലുകൾ സംബന്ധിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
12 നമ്മെ സംരക്ഷിക്കുന്നതിന് യഹോവ മറ്റൊന്നുകൂടെ ലഭ്യമാക്കുന്നു: തക്കസമയത്തുള്ള ആത്മീയ ആഹാരം. (മത്തായി 24:45) വീക്ഷാഗോപുരം, ഉണരുക! മാസികകൾ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ, യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെയെല്ലാം നമുക്കാവശ്യമുള്ളത്, ആവശ്യമുള്ള സമയത്തുതന്നെ യഹോവ പ്രദാനം ചെയ്യുന്നു. ഒരു ക്രിസ്തീയ യോഗത്തിലോ സമ്മേളനത്തിലോ കൺവെൻഷനിലോ വെച്ച് നിങ്ങളുടെ ഹൃദയത്തെ ആഴമായി സ്പർശിക്കുകയും നിങ്ങൾക്കു ശക്തിയും ആശ്വാസവും പ്രദാനം ചെയ്യുകയും ചെയ്ത എന്തെങ്കിലും കേട്ടിട്ടുള്ളതായി നിങ്ങൾക്ക് ഓർമയുണ്ടോ? മേൽപ്പറഞ്ഞ മാസികകളിലെ ഏതെങ്കിലുമൊരു ലേഖനം വായിച്ചിട്ട് അത് നിങ്ങൾക്കുവേണ്ടിത്തന്നെ എഴുതിയതാണ് എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
13 സാത്താന്റെ ഏറ്റവും ഫലകരമായ ആയുധങ്ങളിൽ ഒന്ന് നിരുത്സാഹം ആണ്. ‘അത് എന്നെ ബാധിക്കുകയില്ല’ എന്ന് ഉറപ്പിച്ചു പറയാൻ നമുക്കാർക്കും കഴിയില്ല. ദീർഘകാലം കടുത്ത നിരാശയുമായി മല്ലിടേണ്ടിവരുമ്പോൾ നമ്മുടെ ശക്തി ചോർന്നു പോകുമെന്നും അങ്ങനെ നമ്മെ പെട്ടെന്ന് ആക്രമിച്ചു കീഴ്പെടുത്താനാകുമെന്നും സാത്താനു നന്നായി അറിയാം. (സദൃശവാക്യങ്ങൾ 24:10, NW) സാത്താൻ നിഷേധാത്മക വികാരങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നതിനാൽ നമുക്കു സഹായം ആവശ്യമാണ്. വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ നിരുത്സാഹത്തെ ചെറുക്കാൻ സഹായകമായ വിവരങ്ങൾ അടങ്ങിയ പല ലേഖനങ്ങളും വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ലേഖനത്തെ കുറിച്ച് ഒരു ക്രിസ്തീയ സഹോദരി ഇങ്ങനെ എഴുതി: “ആ ലേഖനം ഞാൻ എല്ലാ ദിവസവുംതന്നെ വായിക്കാറുണ്ട്. ഇപ്പോഴും അതു വായിക്കുമ്പോൾ എന്റെ കണ്ണു നിറയും. നിരുത്സാഹം തോന്നുമ്പോൾ ഉടനെ എടുത്തു വായിക്കാനായി ഞാനതു കിടക്കയുടെ അരികിൽത്തന്നെ വെച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ലേഖനങ്ങൾ വായിക്കുമ്പോൾ യഹോവയുടെ സംരക്ഷക കരങ്ങൾ എന്നെ വലയം ചെയ്യുന്നത് എനിക്ക് യഥാർഥത്തിൽ അനുഭവപ്പെടുന്നു.”a തക്കസമയത്തെ ആത്മീയ ആഹാരം നമുക്കു പ്രദാനം ചെയ്യുന്നതിന് നാം യഹോവയോടു നന്ദിയുള്ളവരല്ലേ? നമ്മുടെ ആത്മീയ ക്ഷേമത്തിനായി അവൻ ചെയ്യുന്ന കരുതലുകൾ അവൻ നമ്മോട് അടുത്തു നിലകൊള്ളുന്നുവെന്നും നമ്മെ തന്റെ സംരക്ഷണത്തിൽ ആക്കിവെച്ചിരിക്കുന്നു എന്നുമുള്ളതിന്റെ തെളിവാണെന്ന് ഓർക്കുക.
‘പ്രാർത്ഥന കേൾക്കുന്നവനെ’ സമീപിക്കാനുള്ള സ്വാതന്ത്ര്യം
14, 15. (എ) തന്നോട് അടുത്തു നിലകൊള്ളുന്നവർക്ക് യഹോവ നൽകുന്ന വ്യക്തിപരമായ അനുഗ്രഹം എന്ത്? (ബി) യഹോവയെ പ്രാർഥനയിൽ സ്വാതന്ത്ര്യത്തോടെ സമീപിക്കാൻ കഴിയുക എന്നത് മഹത്തായ ഒരു പദവി ആയിരിക്കുന്നത് എന്തുകൊണ്ട്?
14 മനുഷ്യർക്കു കൂടുതൽ അധികാരവും പദവിയും ലഭിക്കുമ്പോൾ സാധാരണമായി അവരുടെ കീഴിലുള്ളവർക്ക് അവരെ സമീപിക്കുക കൂടുതൽ ബുദ്ധിമുട്ട് ആയിത്തീരുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാൽ യഹോവയാം ദൈവത്തെ സംബന്ധിച്ചെന്ത്? നിസ്സാരരായ മനുഷ്യർ തന്നോടു പറയുന്നതിൽ താത്പര്യം എടുക്കാതെ അവരിൽനിന്ന് അകന്നിരിക്കുന്നവനാണോ അവൻ? തീർച്ചയായും അല്ല! വാസ്തവത്തിൽ പ്രാർഥന എന്ന ദാനം തന്നോട് അടുത്തു നിലകൊള്ളുന്നവർക്ക് യഹോവ നൽകുന്ന മറ്റൊരു അനുഗ്രഹമാണ്. ‘പ്രാർഥന കേൾക്കുന്നവനെ’ സ്വാതന്ത്ര്യത്തോടെ സമീപിക്കാൻ കഴിയുക എന്നതു തീർച്ചയായും മഹത്തായ ഒരു പദവിയാണ്. (സങ്കീർത്തനം 65:2) എന്തുകൊണ്ട്?
15 ഒരു ഉദാഹരണം പരിചിന്തിക്കുക: ഒരു വലിയ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവിന് വളരെയധികം ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും. ഏതൊക്കെ കാര്യങ്ങൾ താൻ വ്യക്തിപരമായി കൈകാര്യം ചെയ്യണം, എന്തൊക്കെ മറ്റുള്ളവരെ ഏൽപ്പിക്കണം എന്ന് അദ്ദേഹം തീരുമാനിക്കുന്നു. സമാനമായി അഖിലാണ്ഡത്തിന്റെ പരമോന്നത ഭരണാധികാരിക്ക് എന്തൊക്കെ താൻതന്നെ ചെയ്യണം, എന്തൊക്കെ മറ്റുള്ളവരെ ഏൽപ്പിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. യഹോവ തന്റെ പ്രിയ പുത്രനായ യേശുവിനെ എന്തെല്ലാമാണു ഭരമേൽപ്പിച്ചിരിക്കുന്നത് എന്നു നോക്കുക. ‘ന്യായവിധി നടത്തുവാനുള്ള അധികാരം’ അവൻ പുത്രനു നൽകിയിരിക്കുന്നു. (യോഹന്നാൻ 5:27) ‘ദൂതന്മാരെ അവനു കീഴാക്കി’ വെച്ചിരിക്കുന്നു. (1 പത്രൊസ് 3:22, NW) ഭൂമിയിലെ തന്റെ ശിഷ്യന്മാരെ നയിക്കുന്നതിൽ യഹോവയുടെ ശക്തമായ പരിശുദ്ധാത്മാവിനെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താനുള്ള അധികാരവും യേശുവിനു നൽകിയിരിക്കുന്നു. (യോഹന്നാൻ 15:26; 16:7) അതുകൊണ്ട് യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്തായി 28:18) എന്നാൽ നമ്മുടെ പ്രാർഥനയുടെ കാര്യം വരുമ്പോൾ അവ കേൾക്കാനുള്ള ഉത്തരവാദിത്വം യഹോവ മറ്റാരെയും ഭരമേൽപ്പിച്ചിട്ടില്ല, സ്വന്തമായി അതു ചെയ്യാൻ അവൻ തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടാണ് യേശുവിന്റെ നാമത്തിൽ യഹോവയോടു മാത്രം പ്രാർഥിക്കാൻ ബൈബിൾ നമ്മോടു പറയുന്നത്.—സങ്കീർത്തനം 69:13; യോഹന്നാൻ 14:6, 13.
16. യഹോവ യഥാർഥത്തിൽ നമ്മുടെ പ്രാർഥനകൾ കേൾക്കുന്നു എന്ന് നമുക്കു ബോധ്യം ഉണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
16 യഹോവ യഥാർഥത്തിൽ നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടോ? യഹോവയ്ക്കു നമ്മുടെ പ്രാർഥനകളിൽ താത്പര്യം ഇല്ലായിരുന്നെങ്കിൽ അവൻ ഒരിക്കലും ‘പ്രാർത്ഥനയിൽ ഉററിരിപ്പാനും’ നമ്മുടെ സകല ഭാരവും ചിന്താകുലവും തന്റെ മേൽ ഇടാനും നമ്മെ പ്രോത്സാഹിപ്പിക്കുമായിരുന്നില്ല. (റോമർ 12:13; സങ്കീർത്തനം 55:22; 1 പത്രൊസ് 5:7) ബൈബിൾ കാലങ്ങളിലെ വിശ്വസ്ത ദാസന്മാർക്ക് യഹോവ പ്രാർഥന കേൾക്കുന്നു എന്ന പൂർണ ബോധ്യം ഉണ്ടായിരുന്നു. (1 യോഹന്നാൻ 5:14) തന്നിമിത്തം സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പറഞ്ഞു: ‘[യഹോവ] എന്റെ പ്രാർഥന കേൾക്കുന്നു.’ (സങ്കീർത്തനം 55:17, ന്യൂ ഇന്ത്യാ ഭാഷാന്തരം) യഹോവ നമുക്ക് സമീപസ്ഥനാണെന്നും നമ്മുടെ സകല വിചാരങ്ങളും ഉത്കണ്ഠകളും കേൾക്കാൻ ഒരുക്കമുള്ളവനാണെന്നും ഉള്ള ഉറപ്പുണ്ടായിരിക്കാൻ നമുക്കും സകല കാരണവും ഉണ്ട്.
യഹോവ തന്റെ ദാസന്മാർക്കു പ്രതിഫലം നൽകുന്നു
17, 18. (എ) ബുദ്ധിയുള്ള തന്റെ സൃഷ്ടികളുടെ വിശ്വസ്ത സേവനത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നു? (ബി) നമ്മുടെ കരുണാപ്രവൃത്തികൾ യഹോവയുടെ ശ്രദ്ധയിൽ പെടാതെ പോകുന്നില്ല എന്ന് സദൃശവാക്യങ്ങൾ 19:17 വ്യക്തമാക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
17 നിസ്സാരരായ മനുഷ്യർ ചെയ്യുന്നതോ ചെയ്യാൻ വിസമ്മതിക്കുന്നതോ ആയ കാര്യങ്ങൾ അഖിലാണ്ഡ പരമാധികാരി എന്ന യഹോവയുടെ സ്ഥാനത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല. എങ്കിൽപ്പോലും യഹോവ വിലമതിപ്പുള്ള ദൈവമാണ്. ബുദ്ധിയുള്ള തന്റെ സൃഷ്ടികളുടെ വിശ്വസ്ത സേവനം അവൻ വിലമതിക്കുന്നു, പ്രിയപ്പെടുക പോലും ചെയ്യുന്നു. (സങ്കീർത്തനം 147:11) യഹോവയോട് അടുത്തു ചെല്ലുന്നവർ ആസ്വദിക്കുന്ന മറ്റൊരു പ്രയോജനം അപ്പോൾ ഇതാണ്: അവൻ തന്റെ ദാസന്മാർക്കു പ്രതിഫലം നൽകുന്നു.—എബ്രായർ 11:6.
18 തന്റെ ആരാധകർ ചെയ്യുന്ന കാര്യങ്ങൾ യഹോവ വിലമതിക്കുന്നു എന്ന് ബൈബിൾ വ്യക്തമായി കാണിക്കുന്നു. ഉദാഹരണത്തിന് നാം വായിക്കുന്നു: “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും.” (സദൃശവാക്യങ്ങൾ 19:17) എളിയവരോടുള്ള യഹോവയുടെ കരുണാപൂർവകമായ പരിഗണന മോശൈക ന്യായപ്രമാണത്തിൽ പ്രതിഫലിച്ചിരുന്നു. (ലേവ്യപുസ്തകം 14:21; 19:15, NW) എളിയവരോടുള്ള ഇടപെടലുകളിൽ നാം യഹോവയുടെ കരുണ അനുകരിക്കുമ്പോൾ യഹോവ അതിനെ എങ്ങനെ കാണുന്നു? തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാതെ നാം എളിയവർക്കു കൊടുക്കുമ്പോൾ യഹോവ അതിനെ നാം അവനു നൽകുന്ന വായ്പയായിട്ടാണു കാണുന്നത്. പ്രീതിയും അനുഗ്രഹവും ചൊരിഞ്ഞുകൊണ്ട് താൻ ആ കടം വീട്ടുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. (സദൃശവാക്യങ്ങൾ 10:22; മത്തായി 6:3, 4; ലൂക്കൊസ് 14:12-14) അതേ, സഹായം ആവശ്യമുള്ള ഒരു സഹവിശ്വാസിയോടു നാം കരുണ കാണിക്കുമ്പോൾ അത് യഹോവയുടെ ഹൃദയത്തെ സ്പർശിക്കുന്നു. നാം ചെയ്യുന്ന കരുണാപ്രവൃത്തികൾ നമ്മുടെ സ്വർഗീയ പിതാവിന്റെ ശ്രദ്ധയിൽ പെടാതെ പോകുന്നില്ല എന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!—മത്തായി 5:7.
19. (എ) പ്രസംഗ, ശിഷ്യരാക്കൽ വേലയിൽ നാം ചെയ്യുന്നത് യഹോവ വിലമതിക്കുന്നുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? (ബി) തന്റെ രാജ്യത്തിന്റെ പിന്തുണയ്ക്കായി ചെയ്യപ്പെടുന്ന സേവനങ്ങൾക്ക് യഹോവ പ്രതിഫലം നൽകുന്നത് എങ്ങനെ?
19 യഹോവയുടെ രാജ്യത്തിനു വേണ്ടി നാം ചെയ്യുന്ന കാര്യങ്ങൾ അവൻ വിശേഷാൽ വിലമതിക്കുന്നു. യഹോവയോട് അടുത്തു ചെല്ലുമ്പോൾ നമ്മുടെ സമയം, ഊർജം, സമ്പത്ത് എന്നിവയെല്ലാം ഉപയോഗിച്ച് രാജ്യപ്രസംഗവേലയിലും ശിഷ്യരാക്കൽ വേലയിലും കഴിയുന്നത്ര നന്നായി പങ്കെടുക്കാൻ നാം സ്വാഭാവികമായും ആഗ്രഹിക്കും. (മത്തായി 28:19, 20) ചിലപ്പോഴൊക്കെ നാം ചെയ്യുന്നതു തീർത്തും നിസ്സാരമാണെന്ന തോന്നൽ നമുക്ക് ഉണ്ടായേക്കാം. യഹോവ നമ്മുടെ ശ്രമങ്ങളിൽ സന്തുഷ്ടനാണോ എന്ന സംശയം പോലും നമ്മുടെ അപൂർണ ഹൃദയത്തിൽ ഉടലെടുത്തേക്കാം. (1 യോഹന്നാൻ 3:19, 20) എന്നാൽ സ്നേഹത്താൽ പ്രചോദിതമായ ഒരു ഹൃദയത്തിൽ നിന്നു നൽകുന്ന എന്തും—അത് എത്ര ചെറുതായിരുന്നാലും—യഹോവ വളരെ വിലപ്പെട്ടതായി കരുതുന്നു. (മർക്കൊസ് 12:41-44) ബൈബിൾ ഈ ഉറപ്പു നൽകുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) തീർച്ചയായും തന്റെ രാജ്യത്തിന്റെ പിന്തുണയ്ക്കായി ചെയ്യപ്പെടുന്ന ഏറ്റവും ചെറിയ സേവനം പോലും യഹോവ ഓർക്കുകയും അതിനു പ്രതിഫലം നൽകുകയും ചെയ്യുന്നു. ഇപ്പോൾ സമൃദ്ധമായ ആത്മീയ അനുഗ്രഹങ്ങൾ അവൻ നമ്മുടെമേൽ ചൊരിയുന്നു. കൂടാതെ, വരാനിരിക്കുന്ന പുതിയ ലോകത്തിൽ യഹോവ തൃക്കൈ തുറന്ന് തന്നോട് അടുത്തു നിലകൊള്ളുന്ന ഏവരുടെയും നീതിപൂർവകമായ സകല ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തും. ആ സന്തുഷ്ട ജീവിതത്തിനായി നമുക്കു നോക്കിപ്പാർത്തിരിക്കാം!—സങ്കീർത്തനം 145:16, NW; 2 പത്രൊസ് 3:13.
20. 2003-ൽ ഉടനീളം ഏതു വിധത്തിൽ നമ്മുടെ വാർഷിക വാക്യം നമുക്ക് മനസ്സിൽ പിടിക്കാം, അതിന്റെ ഫലം എന്തായിരിക്കും?
20 നമ്മുടെ സ്വർഗീയ പിതാവിനോട് അടുത്തു ചെല്ലാൻ നാം തുടർച്ചയായി ശ്രമിക്കുന്നുണ്ടോ എന്ന് 2003-ൽ ഉടനീളം നമുക്കു സ്വയം ചോദിക്കാം. അങ്ങനെ ചെയ്യുന്നെങ്കിൽ വാഗ്ദാനം ചെയ്തിരിക്കുന്നതു പോലെതന്നെ അവൻ പ്രതികരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. കാരണം, ‘ദൈവത്തിനു ഭോഷ്കു പറയുക അസാധ്യമാണ്.’ (തീത്തൊസ് 1:2, NW) നിങ്ങൾ അവനോട് അടുത്തു ചെന്നാൽ അവൻ നിങ്ങളോട് അടുത്തു വരും. (യാക്കോബ് 4:8) അതിന്റെ ഫലം എന്തായിരിക്കും? ഇപ്പോൾത്തന്നെ നമുക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കും, കൂടാതെ നിത്യതയിലുടനീളം യഹോവയോട് അടുത്തു ചെല്ലുന്നതിൽ തുടരാനുള്ള പ്രതീക്ഷയും നമുക്ക് ഉണ്ടായിരിക്കും!
[അടിക്കുറിപ്പ്]
a 2000 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 28-31 പേജുകളിൽ വന്ന “യഹോവ നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ” എന്ന ലേഖനത്തോടുള്ള ഒരു പ്രതികരണം.
നിങ്ങൾ ഓർമിക്കുന്നുവോ?
• തന്നോട് അടുത്തു വരുന്നവർക്ക് യഹോവ എന്തു ദാനമാണു നൽകുന്നത്?
• തന്റെ ജനത്തിന്റെ ആത്മീയ സംരക്ഷണത്തിനായി യഹോവ എന്തൊക്കെ കരുതലുകളാണു ചെയ്യുന്നത്?
• പ്രാർഥനയിൽ യഹോവയെ സ്വാതന്ത്ര്യത്തോടെ സമീപിക്കാൻ കഴിയുക എന്നതു മഹത്തായ ഒരു പദവി ആയിരിക്കുന്നത് എന്തുകൊണ്ട്?
• ബുദ്ധിയുള്ള തന്റെ സൃഷ്ടികളുടെ വിശ്വസ്ത സേവനം യഹോവ വിലമതിക്കുന്നു എന്ന് ബൈബിൾ കാണിക്കുന്നത് എങ്ങനെ?
[15-ാം പേജിലെ ചിത്രം]
ആത്മീയ സത്യങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്ച നൽകി യഹോവ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു
[16, 17 പേജുകളിലെ ചിത്രങ്ങൾ]
യഹോവ ആത്മീയ സംരക്ഷണം നൽകുന്നു
[18-ാം പേജിലെ ചിത്രം]
യഹോവ നമുക്കു സമീപസ്ഥനാണ്, അവൻ നമ്മുടെ സകല പ്രാർഥനകളും കേൾക്കാൻ ഒരുക്കമുള്ളവനാണ്