പരിശോധനകളിൻ മധ്യേയും മങ്ങലേൽക്കാത്ത പ്രത്യാശയുമായി
ആൻഡ്രേ ഹന്നാക്ക് പറഞ്ഞപ്രകാരം
വർഷം 1943, രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയം. എന്റെ നിഷ്പക്ഷ നിലപാടു നിമിത്തം ഞാൻ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജയലിലായിരുന്നു. അവിടെവെച്ച്, താടിക്കാരനായ ഒരു ഓർത്തഡോക്സ് പുരോഹിതൻ അദ്ദേഹത്തിന്റെ ബൈബിൾ എനിക്കു നൽകാമെന്നു പറഞ്ഞു. പകരം ഞാൻ കൊടുക്കേണ്ടിയിരുന്നതോ, മൂന്നു ദിവസത്തേക്കുള്ള എന്റെ ഭക്ഷ്യവിഹിതമായ റൊട്ടിയും. വിശപ്പു മൂലം തളർന്നുപോയെങ്കിലും ഒരു നല്ല കൈമാറ്റമാണ് ഞാൻ നടത്തിയതെന്ന് എനിക്കുറപ്പുണ്ട്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികൾ ഞങ്ങളുടെ ദേശം പിടിച്ചെടുത്തപ്പോൾ, ശുദ്ധമായ ക്രിസ്തീയ മനസ്സാക്ഷി കാത്തുസൂക്ഷിക്കുക എന്നത് ഒരു വെല്ലുവിളി ആയിത്തീർന്നു. പിന്നീട്, 40 വർഷത്തിലധികം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് ഭരണകാലത്തും, ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്ച കാണിക്കാതെ നമ്മുടെ സ്രഷ്ടാവായ യഹോവയെ സേവിക്കാൻ കഠിനശ്രമം ആവശ്യമായിരുന്നു.
ദൈവത്തോടു നിർമലത പാലിക്കുന്നത് അക്കാലത്ത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നു എന്നു വിവരിക്കുന്നതിനുമുമ്പ്, എന്റെ പശ്ചാത്തലത്തെ കുറിച്ചു ചില വിവരങ്ങൾ ഞാൻ നൽകാം. ആ കാലങ്ങളിൽ യഹോവയുടെ സാക്ഷികൾ സഹിച്ചിരുന്ന കഷ്ടതകളെപ്പറ്റി മനസ്സിലാക്കുന്നത് താത്പര്യജനകമായിരിക്കുമെന്നതിനു സംശയമില്ല. ആദ്യംതന്നെ, ഞങ്ങളുടെ പ്രദേശത്തെ പ്രമുഖ മതങ്ങളെ കുറിച്ച് എന്റെ മനസ്സിൽ സംശയങ്ങൾ ഉണർത്തിയ ഒരു സാഹചര്യത്തെ കുറിച്ചു ഞാൻ പറയാം.
മതസംബന്ധമായി എന്നെ കുഴപ്പിച്ച ഒരു ചോദ്യം
സ്ലോവാക് അതിർത്തിക്ക് അടുത്തുള്ള ഒരു ഹംഗേറിയൻ ഗ്രാമമായ പാറ്റ്സിനിലാണ് ഞാൻ ജനിച്ചത്, 1922 ഡിസംബർ 3-ാം തീയതി. സ്ലോവാക്യ അന്ന് ചെക്കോസ്ലോവാക്യയുടെ കിഴക്കൻ ഭാഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയൻ ചെക്കോസ്ലോവാക്യയുടെ ഒരു വലിയ ഭാഗം കൈവശപ്പെടുത്തിയതിനെ തുടർന്ന് യൂക്രെയിനിന്റെ അതിർത്തിക്കും പാറ്റ്സിനും ഇടയ്ക്കുള്ള ദൂരം വെറും 30 കിലോമീറ്ററായി കുറഞ്ഞു.
അടിയുറച്ച റോമൻ കത്തോലിക്കാ വിശ്വാസികളായിരുന്നു എന്റെ മാതാപിതാക്കൾ. അവരുടെ അഞ്ചു മക്കളിൽ രണ്ടാമനായിരുന്നു ഞാൻ. എനിക്കു 13 വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭവം മതത്തെക്കുറിച്ചു ഗൗരവത്തോടെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഞാനും അമ്മയും 80 കിലോമീറ്റർ അകലെയുള്ള ഹംഗറിയിലെ മോറിയപോച്ച് ഗ്രാമത്തിലേക്ക് ഒരു തീർഥാടനം നടത്തി. അത്രയും ദൂരം കാൽനടയായാണ് ഞങ്ങൾ യാത്ര ചെയ്തത്, കാരണം അതു ദൈവത്തിൽനിന്നു കൂടുതൽ അനുഗ്രഹങ്ങൾ നേടിത്തരുമെന്നു ഞങ്ങൾ വിശ്വസിച്ചു. റോമൻ കത്തോലിക്കരും ഗ്രീക്ക് കത്തോലിക്കരും ആ തീർഥാടനം നടത്തിയിരുന്നു. ഈ രണ്ടു സഭകളും, ഏറെക്കുറെ ഏകീകൃതമായ ഒരു കത്തോലിക്കാ മതത്തിന്റെ ഭാഗമാണെന്നായിരുന്നു ഞാൻ മുമ്പു കരുതിയിരുന്നത്. എന്നാൽ ആ ധാരണ തെറ്റായിരുന്നെന്നു ഞാൻ താമസിയാതെ മനസ്സിലാക്കി.
ഗ്രീക്ക് കത്തോലിക്കാ സഭയുടെ കുർബാന ആയിരുന്നു ആദ്യം നടന്നത്. അതുകൊണ്ട് അതിൽ സംബന്ധിക്കാൻ ഞാൻ നിശ്ചയിച്ചു. എന്നാൽ ഞാൻ ആ കുർബാനയിലാണ് പങ്കെടുത്തതെന്നു മനസ്സിലായപ്പോൾ അമ്മയ്ക്ക് ആകെ വിഷമമായി. അമ്പരപ്പോടെ ഞാൻ ചോദിച്ചു: “ഏതു കുർബാനയിൽ സംബന്ധിച്ചാലെന്താ? നമ്മൾ എല്ലാവരും ക്രിസ്തുവിന്റെ ഏക ശരീരത്തിലല്ലേ പങ്കുപറ്റുന്നത്?”
ഉത്തരം മുട്ടിപ്പോയതുകൊണ്ട് അമ്മ ഇങ്ങനെയൊരു താക്കീതു നൽകി: “മോനേ, ഇങ്ങനെയൊക്കെ ചോദിക്കുന്നതു പാപമാണ് കേട്ടോ.” എന്റെ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിച്ചു.
എന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു
എനിക്കു 17 വയസ്സുള്ളപ്പോൾ—1939-ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങി അധികം കഴിയുന്നതിനു മുമ്പ്—ഏതാനും കിലോമീറ്ററുകൾ അകലെയുള്ള സ്റ്റ്രെഡാ നഡ് ബോഡ്രോഗോമിലേക്കു ഞാൻ താമസം മാറി. ഒരു കൊച്ചു പട്ടണമായ അത് ഇപ്പോൾ കിഴക്കൻ സ്ലോവാക്യയിലാണു സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള ഒരു കൊല്ലപ്പണിക്കാരന്റെ കൂടെനിന്ന് പണി പഠിക്കാനാണു ഞാൻ പോയത്. എന്നാൽ കുതിര ലാടവും ലോഹംകൊണ്ടുള്ള മറ്റു വസ്തുക്കളും നിർമിക്കുന്നതിനെക്കാൾ മൂല്യവത്തായ ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭവനത്തിലായിരിക്കെ എനിക്കു പഠിക്കാൻ കഴിഞ്ഞു.
അദ്ദേഹത്തിന്റെ ഭാര്യ മാരിയ പൻക്കോവിച്ച് യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു. അങ്ങനെ ഞാൻ, പകൽ സമയം അവരുടെ ഭർത്താവിന്റെ പക്കൽനിന്നു കൊല്ലപ്പണി പഠിക്കും, വൈകുന്നേരങ്ങളിൽ ബൈബിൾ പഠിക്കുകയും സാക്ഷികളോടൊപ്പം യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യും. കൊല്ലപ്പണിയിൽ പരിശീലനം നേടിക്കൊണ്ടിരുന്ന ഞാൻ സങ്കീർത്തനം 12:6-ലെ വാക്കുകൾ ഏറെ വിലമതിക്കാൻ ഇടയായി: “യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.” യഹോവയുടെ വചനങ്ങൾ പരിചിന്തിക്കാനും എന്റെ ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും കഴിഞ്ഞ ആ സായാഹ്നങ്ങൾ എത്ര സന്തോഷകരമായിരുന്നു!
എന്നാൽ താമസിയാതെതന്നെ, രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളവേ, പുതുതായി കണ്ടെത്തിയ എന്റെ വിശ്വാസം പരിശോധിക്കപ്പെടുമെന്നു ഞാൻ കരുതിയതേ ഇല്ല.
വിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെടുന്നു
ഞാൻ കൊല്ലപ്പണിയിൽ പരിശീലനം നേടാൻ തുടങ്ങി അധികം കഴിയുന്നതിനു മുമ്പ് ഹംഗറിയിലെ ചെറുപ്പക്കാർക്ക് സൈനിക പരിശീലനത്തിൽ പങ്കെടുക്കാനുള്ള ഉത്തരവു ലഭിച്ചു. എന്നാൽ, യെശയ്യാവു 2:4-ൽ നൽകിയിരിക്കുന്ന, ‘യുദ്ധം അഭ്യസിക്കരുത്’ എന്ന തത്ത്വം പിൻപറ്റാൻ ഞാൻ തീരുമാനിച്ചു. ആ തീരുമാനത്തെ പ്രതി എന്നെ പത്തു ദിവസത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. തടവിൽനിന്നു മോചിതനായശേഷം ഞാൻ ബൈബിൾ പഠനം തുടർന്നു. 1941 ജൂലൈ 15-ന് യഹോവയ്ക്കുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
അപ്പോഴേക്കും സോവിയറ്റ് യൂണിയൻ നാസി ജർമനിയുടെ അധീനതയിൽ ആയിക്കഴിഞ്ഞിരുന്നു. പൂർവ യൂറോപ്പ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. യുദ്ധ പ്രചാരണങ്ങൾ തീവ്രമായി, ദേശീയ വികാരങ്ങൾ ആളിക്കത്തി. എന്നാൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഉറച്ച ബൈബിളധിഷ്ഠിത വിശ്വാസങ്ങൾക്കു ചേർച്ചയിൽ നിഷ്പക്ഷത പാലിച്ചു.
അങ്ങനെയിരിക്കെ, 1942 ആഗസ്റ്റിൽ ഞങ്ങളുടെ നേർക്ക് കടുത്ത ഒരാക്രമണം ഉണ്ടായി. അധികാരികൾ പ്രായഭേദമന്യേ യഹോവയുടെ സാക്ഷികളെ ഒന്നടങ്കം പിടികൂടി പത്തു താവളങ്ങളിലേക്കു മാറ്റി. ഞങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നവരും എന്നാൽ സ്നാപനമേറ്റിട്ടില്ലാഞ്ഞവരുമായ ആളുകളെപ്പോലും അവർ വെറുതെവിട്ടില്ല. ഷാരൊഷ്പാറ്റക്കിലുള്ള ജയിലിലേക്കു കൊണ്ടുപോയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. എന്റെ ഗ്രാമമായ പാറ്റ്സിനിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയായിരുന്ന ഷാരൊഷ്പാറ്റക്ക് നഗരം.
ജയിലിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുപുള്ളിക്ക് മൂന്നു മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. സാക്ഷിയായ അമ്മയോടൊപ്പം അവനെയും തടവിലാക്കിയിരിക്കുകയായിരുന്നു. കുഞ്ഞിനെങ്കിലും അൽപ്പം ആഹാരം നൽകാൻ ഞങ്ങൾ അഭ്യർഥിച്ചപ്പോൾ ഗാർഡ് പരിഹാസപൂർവം പറഞ്ഞു: “അവൻ കിടന്നുകരയട്ടെ. ശക്തനായ ഒരു സാക്ഷിയായി വളരാൻ അത് അവനെ സഹായിക്കും.” ആ കുഞ്ഞിന്റെ കാര്യത്തിൽ ഞങ്ങൾക്കു സങ്കടം തോന്നി, മാത്രമല്ല, ചെറുപ്പക്കാരനായ ആ ഗാർഡിന്റെ ഹൃദയം ദേശീയ പ്രചാരണങ്ങളാൽ ഇത്രയ്ക്കു തഴമ്പിച്ചു പോയല്ലോ എന്ന ചിന്തയും ഞങ്ങളെ അത്യധികം ദുഃഖിപ്പിച്ചു.
വിചാരണ സമയത്ത് എനിക്കു രണ്ടു വർഷത്തെ തടവുശിക്ഷയാണു നൽകിയത്. പിന്നീട് എന്നെ ബുഡാപെസ്റ്റിലുള്ള 85 മോർഗീറ്റ് കറൂട്ടിലുള്ള ജയിലിലേക്കു മാറ്റി. ഏതാണ്ട് 4 മീറ്റർ നീളവും 6 മീറ്റർ വീതിയും മാത്രമുള്ള തടവറകളിൽ ഏകദേശം 50 മുതൽ 60 വരെ ആളുകളെ പാർപ്പിച്ചിരുന്നു. കുളിമുറിയോ കക്കൂസോ ഇല്ലായിരുന്ന അവിടെ ഞങ്ങൾ എട്ടു മാസത്തോളം കഴിഞ്ഞുകൂടി. ആ കാലമത്രയും കുളിക്കാനോ തുണിയലക്കാനോ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. എല്ലാവരുടെയും മേൽ പേൻ വന്നുനിറഞ്ഞു. രാത്രി കാലങ്ങളിൽ ഞങ്ങളുടെ വൃത്തിഹീനമായ ശരീരങ്ങളിലൂടെ കീടങ്ങൾ ഇഴഞ്ഞുനടക്കുമായിരുന്നു.
വെളുപ്പിന് നാലു മണിക്കു ഞങ്ങൾ ഉണരണമായിരുന്നു. ഒരു ചെറിയ കപ്പ് കാപ്പി മാത്രമായിരുന്നു ഞങ്ങളുടെ പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ഒരു ചെറിയ കപ്പ് സൂപ്പും 150 ഗ്രാമോളം വരുന്ന റൊട്ടിയും അൽപ്പം കുറുക്കുമാണ് ലഭിച്ചിരുന്നത്. വൈകിട്ട് ഭക്ഷിക്കാൻ ഒന്നും തന്നിരുന്നില്ല. 20 വയസ്സുകാരനായിരുന്ന ഞാൻ നല്ല ആരോഗ്യമുള്ള വ്യക്തിയായിരുന്നെങ്കിലും ക്രമേണ തീർത്തും അവശനായി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. പട്ടിണിയും രോഗബാധയും നിമിത്തം തടവുകാർ മരിക്കാൻ തുടങ്ങി.
ആ സമയത്താണ് പുതിയ ഒരു തടവുകാരൻ കൂടെ ഞങ്ങളുടെ തടവറയിലേക്കു വന്നത്, ഞാൻ തുടക്കത്തിൽ പരാമർശിച്ച ആ ഓർത്തഡോക്സ് പുരോഹിതൻതന്നെ. ബൈബിൾ കൈവശം വെക്കാൻ അദ്ദേഹത്തിന് അനുവാദം ഉണ്ടായിരുന്നു. അതൊന്നു വായിക്കാൻ ഞാൻ എത്ര കൊതിച്ചെന്നോ! എന്നാൽ, അതു വായിക്കാൻ തരാമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം വിസമ്മതിച്ചു. എങ്കിലും പിന്നീട് അദ്ദേഹം എന്റെയടുക്കൽ വന്നുപറഞ്ഞു: “ചെറുക്കാ, നീ വേണമെങ്കിൽ ഈ ബൈബിൾ എടുത്തോ. ഞാൻ ഇതു നിനക്കു വിൽക്കാം.”
“വിൽക്കാമെന്നോ, പക്ഷേ എന്റെ പക്കൽ പണമൊന്നുമില്ലല്ലോ,” ഞാൻ പറഞ്ഞു.
അപ്പോഴാണ്, ബൈബിളിനു പകരം മൂന്നു ദിവസത്തേക്കുള്ള എന്റെ ഭക്ഷ്യവിഹിതമായ റൊട്ടി നൽകിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞത്. ആ കൈമാറ്റം എത്ര പ്രതിഫലദായകം ആയിരുന്നെന്നോ! ശാരീരികമായി പട്ടിണി കിടക്കേണ്ടി വന്നെങ്കിലും, ആ പ്രക്ഷുബ്ധ നാളുകളിൽ പിടിച്ചുനിൽക്കാൻ എന്നെയും മറ്റുള്ളവരെയും സഹായിച്ച ആത്മീയ ആഹാരം അങ്ങനെ എനിക്കു ലഭിച്ചു. ആ ബൈബിൾ ഇന്നും ഞാൻ സൂക്ഷിക്കുന്നു.—മത്തായി 4:4.
ഞങ്ങളുടെ നിഷ്പക്ഷത പരിശോധിക്കപ്പെടുന്നു
ഹംഗറിയിലെങ്ങുനിന്നുമുള്ള സാക്ഷികളായ യുവാക്കളെ—ഞാൻ ഉൾപ്പെടെ ഏതാണ്ട് 160 പേരെ—1943 ജൂണിൽ ബുഡാപെസ്റ്റിനടുത്തുള്ള ഒരു പട്ടണമായ യാസ്ബെറേനിലേക്കു കൊണ്ടുപോയി. സൈനിക തൊപ്പിയും ത്രിവർണ കൈപ്പട്ടയും ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അധികാരികൾ ഞങ്ങളെ ചരക്കുതീവണ്ടികളിൽ കയറ്റി ബുഡാപെസ്റ്റ്-കോയെബാന്യ റെയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ, സൈനിക ഉദ്യോഗസ്ഥർ ഞങ്ങളെ ഓരോരുത്തരെ പേരു വിളിച്ച് വണ്ടിയിൽനിന്നിറക്കി, എന്നിട്ട് സൈനികരായി റിപ്പോർട്ടു ചെയ്യാൻ കൽപ്പിച്ചു.
“ഹെയ്ൽ ഹിറ്റ്ലർ”—“ഹിറ്റ്ലർ വാഴ്ത്തപ്പെടട്ടെ” എന്നർഥം—എന്നു പറയാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. ഓരോ സാക്ഷിയും അതിനു വിസമ്മതിച്ചപ്പോൾ ഉദ്യോഗസ്ഥർ അയാളെ ക്രൂരമായി മർദിച്ചു. ഒടുവിൽ, ഞങ്ങളെ ഉപദ്രവിച്ചവർ ക്ഷീണിച്ചുപോയി. അതുകൊണ്ട് അവരിൽ ഒരാൾ പറഞ്ഞു: “ഒരുത്തനെ കൂടെ നമുക്കു തല്ലാം, പക്ഷേ അത് അവന്റെ അവസാനം ആയിരിക്കും.”
കാലങ്ങളായി ഒരു സാക്ഷിയായിരുന്ന റ്റീബോർ ഹോഫ്നർ എന്ന പ്രായമായ സഹോദരന് വണ്ടിയിൽ വെച്ച് സാക്ഷികളുടെ ലിസ്റ്റിന്റെ ഒരു പ്രതി ലഭിച്ചിരുന്നു. അദ്ദേഹം എന്റെ ചെവിയിൽ മന്ത്രിച്ചു: “സഹോദരാ, അടുത്തതു താങ്കളാണ്. ധൈര്യമായിരിക്കുക! യഹോവയിൽ ആശ്രയിക്കുക.” അപ്പോൾത്തന്നെ അവർ എന്റെ പേരു വിളിച്ചു. ഞാൻ വണ്ടിയുടെ വാതിൽക്കൽനിന്നു. എന്നോട് ഇറങ്ങിച്ചെല്ലാൻ അവർ ആവശ്യപ്പെട്ടു. “ഇവന്റെ ശരീരത്തിൽ അൽപ്പമെങ്കിലും മാംസം ഉണ്ടെങ്കിലല്ലേ നമുക്കു തല്ലാൻ പറ്റൂ,” ഒരു പട്ടാളക്കാരൻ പറഞ്ഞു. എന്നിട്ട് അയാൾ എന്നോട് പറഞ്ഞു: “മര്യാദയ്ക്ക് ഞങ്ങൾ പറയുന്നതു കേട്ടാൽ, നിന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാനിടാം. ഇല്ലെങ്കിൽ നിനക്കു ചാകേണ്ടിവരും.”
“ഞാൻ യാതൊരുവിധ സൈനിക സേവനത്തിനും റിപ്പോർട്ട് ചെയ്യില്ല, എനിക്ക് വണ്ടിയിൽ എന്റെ സഹോദരന്മാരുടെ അടുത്തേക്കു തിരിച്ചുപോയാൽ മതി,” ഞാൻ മറുപടി നൽകി.
എന്നോടു സഹതാപം തോന്നിയ ഒരു പട്ടാളക്കാരൻ എന്നെ തൂക്കിയെടുത്ത് വീണ്ടും വണ്ടിയിലേക്കിട്ടു. 40 കിലോഗ്രാമിൽ താഴെ മാത്രം തൂക്കമുണ്ടായിരുന്ന എന്നെ പൊക്കിയെടുക്കാൻ അയാൾക്കു പ്രയാസമുണ്ടായിരുന്നില്ല. ഹോഫ്നർ സഹോദരൻ എന്റെ അടുക്കൽവന്നു തോളിൽ കൈവെച്ചു, എന്നിട്ട് എന്റെ മുഖം തലോടിക്കൊണ്ട് സങ്കീർത്തനം 20:1 ഉദ്ധരിച്ചു: “യഹോവ കഷ്ടകാലത്തിൽ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.”
തൊഴിൽപ്പാളയത്തിൽ
അതിനുശേഷം ഞങ്ങളെ ഒരു ബോട്ടിൽ കയറ്റി ഡാന്യൂബ് നദിവഴി യൂഗോസ്ലാവിയയിലേക്കു കൊണ്ടുപോയി. 1943 ജൂലൈയിൽ ഞങ്ങൾ, യൂറോപ്പിലെ ഏറ്റവും വലിയ ചെമ്പു ഖനികളിൽ ഒന്ന് സ്ഥിതിചെയ്തിരുന്ന ബോർ നഗരത്തിനടത്തുള്ള തൊഴിൽപ്പാളയത്തിൽ എത്തി. ക്രമേണ, ഏതാണ്ട് 6,000 യഹൂദന്മാരും 160 യഹോവയുടെ സാക്ഷികളും ഉൾപ്പെടെ വിവിധ ദേശങ്ങളിൽനിന്നുള്ള 60,000-ത്തോളം പേർ പാളയത്തിലെത്തി.
സാക്ഷികളെല്ലാം ഒരു വലിയ ബാരക്കിലായിരുന്നു. അതിന്റെ നടുവിലായി മേശകളും ബെഞ്ചുകളും ഉണ്ടായിരുന്നു, ആഴ്ചയിൽ രണ്ടു പ്രാവശ്യം ഞങ്ങൾ അവിടെ യോഗങ്ങൾ നടത്തി. ക്യാമ്പിലേക്കു കടത്തിക്കൊണ്ടുവന്ന വീക്ഷാഗോപുരം മാസികകൾ ഞങ്ങൾ പഠിച്ചു, അതുപോലെ എന്റെ ഭക്ഷ്യവിഹിതം കൊടുത്തു ഞാൻ വാങ്ങിയ ബൈബിൾ ഞങ്ങൾ വായിച്ചു. ഞങ്ങൾ ഗീതങ്ങൾ ആലപിക്കുകയും ഒരുമിച്ചു പ്രാർഥിക്കുകയും ചെയ്തു.
മറ്റ് അന്തേവാസികളുമായി നല്ല ബന്ധം പുലർത്താൻ ഞങ്ങൾ ശ്രമിച്ചിരുന്നു, അത് പ്രയോജനപ്രദമെന്നു തെളിഞ്ഞു. ഒരിക്കൽ സഹോദരന്മാരിൽ ഒരാൾക്കു കടുത്ത വയറുവേദന വന്നു, സഹായത്തിനായി എന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യാൻ ഗാർഡുകൾ തയ്യാറായില്ല. അദ്ദേഹത്തിന്റെ നില വഷളായപ്പോൾ ഒരു യഹൂദ അന്തേവാസിയായിരുന്ന ഡോക്ടർ ശസ്ത്രക്രിയ നടത്താമെന്നു സമ്മതിച്ചു. ഡോക്ടർ കാലഹരണപ്പെട്ട ചില രീതികൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ബോധംകെടുത്തി, എന്നിട്ട് ഒരു സ്പൂണിന്റെ പിടിക്കു മൂർച്ചവരുത്തി അതുപയോഗിച്ചു ശസ്ത്രക്രിയ നടത്തി. സഹോദരൻ സുഖം പ്രാപിച്ചു, യുദ്ധശേഷം വീട്ടിലേക്കു തിരിച്ചുപോവുകയും ചെയ്തു.
ഖനിയിലെ പണി തളർത്തുന്നതായിരുന്നു, ലഭിച്ചിരുന്ന ആഹാരമാകട്ടെ വളരെ തുച്ഛവും. പണിക്കിടയിൽ അപകടത്തിൽപ്പെട്ട് രണ്ടു സഹോദരന്മാർ മരിച്ചു, മറ്റൊരു സഹോദരൻ അസുഖം മൂലവും. റഷ്യൻ സൈന്യം സമീപിച്ചുകൊണ്ടിരിക്കുക ആയിരുന്നതിനാൽ 1944 സെപ്റ്റംബറിൽ പാളയം ഒഴിപ്പിക്കാൻ അധികാരികൾ തീരുമാനിച്ചു. തുടർന്നുണ്ടായ കാര്യങ്ങൾ സ്വന്ത കണ്ണുകൊണ്ട് കണ്ടില്ലായിരുന്നെങ്കിൽ എനിക്കു വിശ്വസിക്കാൻ പ്രയാസമായിരിക്കുമായിരുന്നു.
ഭയാനകമായ ഒരു പ്രയാണം
ഒരാഴ്ച നീണ്ടുനിന്ന കാൽനടയാത്രയ്ക്കു ശേഷം ഒട്ടേറെ യഹൂദ തടവുകാരോടൊപ്പം ഞങ്ങൾ അവശരായി ബെൽഗ്രേഡിൽ എത്തിച്ചേർന്നു. വീണ്ടും കുറേ ദിവസത്തെ യാത്രയ്ക്കു ശേഷം ഞങ്ങൾ ചെർവെങ്കോ ഗ്രാമത്തിൽ എത്തി.
ചെർവെങ്കോയിൽവെച്ച്, യഹോവയുടെ സാക്ഷികളോട് അഞ്ചു പേർ വീതം ഓരോ വരിയിൽ നിൽക്കാൻ പറഞ്ഞു. പിന്നീട് ഓരോ രണ്ടാമത്തെ വരിയിൽനിന്നും ഓരോ സാക്ഷിയെ വിളിച്ചുകൊണ്ടുപോയി. കണ്ണീരോടെ ഞങ്ങൾ അതു നോക്കിനിന്നു, അവരെ വധിക്കാൻ കൊണ്ടുപോവുകയായിരിക്കും എന്നാണു ഞങ്ങൾ കരുതിയത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവർ തിരിച്ചുവന്നു. എന്താണു സംഭവിച്ചത്? ജർമൻ പട്ടാളക്കാർ അവരോടു ശവക്കുഴികൾ കുഴിക്കാൻ ആവശ്യപ്പെട്ടു, എന്നാൽ അവർ ഒരാഴ്ചയായി ഒന്നും കഴിച്ചിട്ടില്ലെന്നും അതുകൊണ്ട് അവർക്കു ജോലി ചെയ്യാനുള്ള ശേഷിയില്ലെന്നും ഹംഗറിക്കാരനായ ഒരു കമാൻഡർ ആ പട്ടാളക്കാർക്കു വിശദീകരിച്ചുകൊടുത്തു.
അന്നു വൈകുന്നേരം ഞങ്ങൾ സാക്ഷികളെയെല്ലാം ഇഷ്ടിക ഉണക്കാൻ ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിന്റെ മേൽമുറിയിലേക്കു കൊണ്ടുപോയി. ഒരു ജർമൻ ഉദ്യോഗസ്ഥൻ ഞങ്ങളോടു പറഞ്ഞു: “മിണ്ടാതെ ഇവിടെ ഇരുന്നുകൊള്ളണം. ഇതൊരു കാളരാത്രിയായിരിക്കും.” എന്നിട്ട് അയാൾ വാതിൽ പൂട്ടി പുറത്തുപോയി. ഏതാനും നിമിഷങ്ങൾക്കുശേഷം ഞങ്ങൾ പട്ടാളക്കാരുടെ അലർച്ച കേട്ടു: “വേഗം! വേഗം!” പിന്നെ തോക്കുകളുടെ ഗർജനം, അതുകഴിഞ്ഞ് പേടിപ്പിക്കുന്ന നിശ്ശബ്ദതയും. വീണ്ടും അവർ വിളിച്ചു പറഞ്ഞു, “വേഗം! വേഗം!” പിന്നെ ഞങ്ങൾ കൂടുതൽ വെടിയൊച്ചകൾ കേട്ടു.
സംഭവിക്കുന്നത് എന്താണെന്നു മേൽക്കൂരയ്ക്കിടയിലൂടെ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. പട്ടാളക്കാർ യഹൂദ അന്തേവാസികളെ കൂട്ടത്തോടെ കൊണ്ടുവരും, എന്നിട്ട് അവരെ ഒരു കുഴിയുടെ വക്കിൽ നിറുത്തി വെടിവെക്കും. അതിനുശേഷം കൂടിക്കിടന്നിരുന്ന ശവശരീരങ്ങൾക്കു മീതെ പട്ടാളക്കാർ കൈബോംബുകൾ എറിയും. നേരം പുലർന്നപ്പോൾ യഹൂദ തടവുകാരിൽ എട്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചിരുന്നു. ജർമൻ പട്ടാളക്കാർ ഓടിപ്പോകുകയും ചെയ്തിരുന്നു. ഞങ്ങൾ മാനസികമായും ശാരീരികമായും തളർന്നുപോയി. ഈ കൂട്ടക്കൊല നടന്ന സമയത്ത് സാക്ഷികളായ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന യാനോഷ് ടൊയെറോയെക്കും യാൻ ബോല്ലിയും ഇന്നും ജീവിച്ചിരിപ്പുണ്ട്.
ജീവനോടെ സംരക്ഷിക്കപ്പെടുന്നു
ഹംഗറിക്കാരായ പട്ടാളക്കാരുടെ അകമ്പടിയോടെ ഞങ്ങൾ പടിഞ്ഞാറോട്ടും വടക്കോട്ടുമുള്ള ഞങ്ങളുടെ പ്രയാണം തുടർന്നു. സൈനിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കൂടെക്കൂടെ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. എങ്കിലും നിഷ്പക്ഷത പാലിച്ചുകൊണ്ടുതന്നെ ജീവനോടിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.
ഞങ്ങൾ, 1945 ഏപ്രിലിൽ ഓസ്ട്രിയ-ഹംഗറി അതിർത്തിക്കു സമീപമുള്ള സോംബോറ്റ്ഹേ നഗരത്തിൽ ജർമൻ സൈന്യത്തിനും റഷ്യൻ സൈന്യത്തിനും ഇടയിൽ കുടുങ്ങിപ്പോയി. വ്യോമാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതായി അറിഞ്ഞപ്പോൾ ഞങ്ങളുടെ ഗാർഡായിരുന്ന ഹംഗറിക്കാരനായ ഒരു ക്യാപ്റ്റൻ ചോദിച്ചു: “ഞാനും നിങ്ങളോടൊപ്പം അഭയം തേടിക്കോട്ടേ? ദൈവം നിങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.” ബോംബാക്രമണം കഴിഞ്ഞപ്പോൾ, ഞങ്ങൾ ആ നഗരം വിട്ടു. വഴിയിലുടനീളം മൃഗങ്ങളുടെയും മനുഷ്യരുടെയും ശവശരീരങ്ങൾ ചിതറിക്കിടന്നു.
യുദ്ധം ഉടനെ അവസാനിക്കുമെന്നു മനസ്സിലായപ്പോൾ മുമ്പു പറഞ്ഞ അതേ ക്യാപ്റ്റൻ ഞങ്ങളെ വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “എന്നോടു നിങ്ങൾ ബഹുമാനപൂർവം പെരുമാറിയതിനു നന്ദി. നിങ്ങൾ ഓരോരുത്തർക്കും നൽകാൻ എന്റെ കയ്യിൽ അൽപ്പം തേയിലയും പഞ്ചസാരയുമുണ്ട്. ഇതെങ്കിലുമിരിക്കട്ടെ.” ഞങ്ങളോടു മനുഷ്യത്വപരമായി പെരുമാറിയതിനു ഞങ്ങൾ അദ്ദേഹത്തിനു നന്ദി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കകം റഷ്യക്കാർ എത്തിച്ചേർന്നു, ചെറിയ കൂട്ടങ്ങളായി ഞങ്ങൾ സ്വദേശത്തേക്കു യാത്ര തിരിച്ചു. എന്നാൽ ഞങ്ങളുടെ കഷ്ടതകൾ അവിടംകൊണ്ട് അവസാനിച്ചിരുന്നില്ല. ബുഡാപെസ്റ്റിൽ എത്തിച്ചേർന്നശേഷം റഷ്യക്കാർ ഞങ്ങളെ കസ്റ്റഡിയിൽ എടുത്തു. ഇപ്രാവശ്യം ഞങ്ങളെ സോവിയറ്റ് സേനയിലേക്കു ചേർക്കാനുള്ള ശ്രമമായിരുന്നു.
നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിച്ചത് ഒരു ഡോക്ടർ ആയിരുന്നു, ഉന്നതതലത്തിലുള്ള ഒരു റഷ്യൻ ഉദ്യോഗസ്ഥൻ. ഞങ്ങൾ മുറിയിൽ പ്രവേശിച്ചപ്പോൾ ഞങ്ങൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ തിരിച്ചറിഞ്ഞു. ബോറിലെ തൊഴിൽപ്പാളയത്തിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു, നാസി വംശഹത്യയെ അതിജീവിച്ച ഏതാനും യഹൂദരിൽ ഒരാളായിരുന്നു അദ്ദേഹം. ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹം ഗാർഡുകളോട് ഉത്തരവിട്ടു: “ഇവർ എട്ടു പേരും വീട്ടിൽ പൊയ്ക്കോട്ടെ.” ഞങ്ങൾ അദ്ദേഹത്തിനു നന്ദി പറഞ്ഞു, സർവോപരി ഞങ്ങൾ യഹോവയുടെ സംരക്ഷണത്തിനായി അവനു നന്ദി നൽകി.
എന്റെ പ്രത്യാശ ഇന്നും ജ്വലിച്ചു നിൽക്കുന്നു
ഒടുവിൽ 1945 ഏപ്രിൽ 30-ന് ഞാൻ പാറ്റ്സിനിലുള്ള എന്റെ വീട്ടിൽ എത്തി. അധികം വൈകാതെ ഞാൻ എന്റെ പരിശീലനം പൂർത്തിയാക്കാനായി സ്റ്റ്രെഡാ നഡ് ബോഡ്രോഗോമിലെ കൊല്ലപ്പണിക്കാരന്റെ വീട്ടിലേക്കു പോയി. അവിടെവെച്ച് ഒരു ഉപജീവന മാർഗം മാത്രമല്ല അതിലുപരി എന്റെ ജീവിതത്തെ മാറ്റിമറിച്ച ബൈബിൾ സത്യങ്ങളും ഞാൻ പഠിച്ചിരുന്നു. ഇപ്പോൾ പൻക്കോവിച്ച് ദമ്പതികൾ എനിക്കു മറ്റൊന്നു കൂടെ തന്നു. 1946 സെപ്റ്റംബർ 23-ന് യോലാന്ന എന്ന അവരുടെ സുന്ദരിയായ മകൾ എന്റെ ഭാര്യയായി.
യോലാന്നയും ഞാനും ക്രമമായ ബൈബിൾ പഠനവും പ്രസംഗവേലയും തുടർന്നു. 1948-ൽ ഒരു മകനെ, ആൻഡ്രേയെ, നൽകി യഹോവ ഞങ്ങളെ അനുഗ്രഹിച്ചു. എന്നാൽ, മതസ്വാതന്ത്ര്യം ലഭിച്ചതിലുള്ള ഞങ്ങളുടെ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. താമസിയാതെ കമ്മ്യൂണിസ്റ്റുകാർ ഞങ്ങളുടെ ദേശം കൈയ്യടക്കി, വീണ്ടും പീഡനത്തിന്റെ അലകളുയർന്നു. 1951-ൽ ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് അധികാരികൾ എന്നെ സൈന്യത്തിലേക്ക് എടുത്തിരിക്കുന്നതായി അറിയിച്ചു. വീണ്ടും പഴയ രംഗങ്ങൾതന്നെ ആവർത്തിച്ചു: വിചാരണ, വിധി, തടവുശിക്ഷ, അടിമത്തൊഴിൽ, പട്ടിണി. എന്നാൽ ദൈവത്തിന്റെ സഹായത്താൽ ഞാൻ വീണ്ടും അതിജീവിച്ചു. ഒരു പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് 1952-ൽ ഞാൻ മോചിതനാകുകയും സ്ലോവാക്യയിലെ ലാഡ്മോവ്സെയിലുള്ള എന്റെ കുടുംബത്തോടു ചേരുകയും ചെയ്തു.
ഏതാണ്ട് 40 വർഷത്തേക്ക് ഞങ്ങളുടെ ക്രിസ്തീയ ശുശ്രൂഷ നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നെങ്കിലും ഞങ്ങൾ വിശുദ്ധ സേവനം തുടർന്നു. 1954 മുതൽ 1988 വരെ ഒരു സഞ്ചാര മേൽവിചാരകൻ ആയി സേവിക്കാൻ എനിക്കു പദവി ലഭിച്ചു. വാരാന്തങ്ങളിൽ ഞാൻ യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിക്കുകയും തങ്ങളുടെ നിർമലത കാത്തുസൂക്ഷിക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മറ്റു ദിവസങ്ങളിൽ ഞാൻ കുടുംബത്തോടൊപ്പമായിരുന്നു, ഞങ്ങളുടെ ഭൗതികാവശ്യങ്ങൾക്കായി കരുതാൻ എനിക്ക് ലൗകിക തൊഴിൽ ചെയ്യേണ്ടിയിരുന്നു. ആ സമയങ്ങളിലൊക്കെയും യഹോവയുടെ സ്നേഹപുരസ്സരമായ വഴിനടത്തൽ ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ബൈബിളിലെ സങ്കീർത്തനക്കാരന്റെ വാക്കുകൾ സത്യമാണെന്നു ഞാൻ കണ്ടെത്തി: “മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ, അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.”—സങ്കീർത്തനം 124:2, 3.
കാലാന്തരത്തിൽ, ആൻഡ്രേ വിവാഹിതനായതും ക്രമേണ പക്വതയുള്ള ഒരു ക്രിസ്തീയ മേൽവിചാരകനായി പുരോഗമിച്ചതും കാണാൻ സാധിച്ചത് എന്നെയും യോലാന്നയെയും സന്തോഷിപ്പിച്ചു. അവന്റെ ഭാര്യ എലിഷ്കയും മക്കളായ റാഡിമും ഡാനിയേലും സജീവ ക്രിസ്തീയ ശുശ്രൂഷകർ ആയിത്തീർന്നു. 1998-ൽ എന്റെ പ്രിയപ്പെട്ട യോലാന്നയുടെ മരണം എനിക്ക് ഒരു കനത്ത നഷ്ടം ആയിരുന്നു. ഞാൻ അനുഭവിച്ച പരിശോധനകളിൽ എനിക്കു സഹിക്കാൻ ഏറ്റവും പ്രയാസം ഇതാണ്. ഓരോ ദിവസവും അവളുടെ അഭാവം എനിക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും വിലതീരാത്ത പുനരുത്ഥാന പ്രത്യാശയിൽ ഞാൻ ആശ്വാസം കണ്ടെത്തുന്നു.—യോഹന്നാൻ 5:28, 29.
ഇപ്പോൾ 79-ാമത്തെ വയസ്സിൽ ഞാൻ സ്ലോവാക്യയിലുള്ള സ്ലോവെൻസ്ക്കെ നോവെ മെസ്റ്റോ ഗ്രാമത്തിലെ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. ഇവിടെ, എന്റെ അയൽക്കാരുമായി അമൂല്യമായ ബൈബിളധിഷ്ഠിത പ്രത്യാശ പങ്കുവെക്കുന്നതിൽ ഞാൻ അങ്ങേയറ്റം സന്തോഷം അനുഭവിക്കുന്നു. കഴിഞ്ഞ കാലത്തെ കുറിച്ച്, യഹോവയുടെ സേവനത്തിൽ ചെലവഴിച്ച 60-ലധികം വർഷത്തെ കുറിച്ചു ചിന്തിക്കുമ്പോൾ അവന്റെ സഹായത്താൽ നമുക്ക് ഏതു പ്രതിബന്ധങ്ങളെയും പരിശോധനകളെയും തരണം ചെയ്യാൻ സാധിക്കുമെന്ന് എനിക്കു ബോധ്യമാകുന്നു. എന്റെ ആഗ്രഹവും പ്രത്യാശയും സങ്കീർത്തനം 86:12-ൽ പറഞ്ഞിരിക്കുന്നതിനു ചേർച്ചയിലാണ്: “എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണ ഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.”(g02 4/22)
[18-ാം പേജിലെ ചിത്രം]
എന്റെ ഭക്ഷ്യവിഹിതമായ റൊട്ടിക്കു പകരം എനിക്കു ലഭിച്ച ബൈബിൾ
[19-ാം പേജിലെ ചിത്രം]
പരിശോധനാ സമയത്ത് എനിക്കു പ്രോത്സാഹനമേകിയ റ്റീബോർ ഹോഫ്നർ
[20-ാം പേജിലെ ചിത്രം]
ബോർ തൊഴിൽപ്പാളയത്തിലെ സാക്ഷികൾ
[20-ാം പേജിലെ ചിത്രം]
ബോർ തൊഴിൽപ്പാളയത്തിൽ ജർമൻ പട്ടാളക്കാരുടെ സാന്നിധ്യത്തിൽ ഒരു സാക്ഷിയുടെ ശവസംസ്കാരച്ചടങ്ങ് നടത്തുന്നു
[21-ാം പേജിലെ ചിത്രം]
യാനോഷ് ടൊയെറോയെക്കും യാൻ ബോല്ലിയും (ഇൻസെറ്റിൽ) കൂട്ടക്കൊലയുടെ സമയത്ത് സന്നിഹിതരായിരുന്നു
[21-ാം പേജിലെ ചിത്രം]
1946 സെപ്റ്റംബറിൽ യോലാന്ന എന്റെ ഭാര്യയായി
[22-ാം പേജിലെ ചിത്രം]
മകനോടും മരുമകളോടും പേരക്കുട്ടികളോടുമൊപ്പം