യഹോവയുടെ കണ്ണുകൾ സകലരെയും ശോധന ചെയ്യുന്നു
“[യഹോവയുടെ] കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.”—സങ്കീ. 11:4.
1. എങ്ങനെയുള്ള ആളുകളിലേക്കാണ് നാം ആകർഷിക്കപ്പെടുന്നത്?
അഭിപ്രായങ്ങൾ ആരായുമ്പോൾ സത്യസന്ധമായി മറുപടി നൽകുന്ന, ആവശ്യങ്ങളിൽ നമ്മെ അകമഴിഞ്ഞു സഹായിക്കുന്ന, ഉപദേശിക്കേണ്ടതുള്ളപ്പോൾ സ്നേഹത്തിന്റെ ഭാഷയിൽ അതു നൽകുന്ന വ്യക്തികളോട് നമുക്ക് സ്വാഭാവികമായും ഒരടുപ്പം തോന്നാറില്ലേ? (സങ്കീ. 141:5; ഗലാ. 6:1) യഹോവയും യേശുവും അങ്ങനെയുള്ളവരാണ്. അവർക്കു നാമോരോരുത്തരിലും ആത്മാർഥ താത്പര്യമുണ്ട്; വാസ്തവത്തിൽ, അവർക്കുള്ള അത്രയും താത്പര്യം ഒരു മനുഷ്യർക്കും നമ്മോടില്ല. സ്വാർഥതയുടെ ഒരു ലാഞ്ഛനപോലും അവരിലില്ല. നമുക്കു ‘സാക്ഷാലുള്ള ജീവൻ’ ലഭിക്കേണ്ടതിന് എന്തു സഹായവും ചെയ്തുതരാൻ അവർ ഒരുക്കമുള്ളവരാണ്.—1 തിമൊ. 6:19; വെളി. 3:19.
2. തന്റെ ദാസന്മാരിൽ യഹോവ എത്രത്തോളം താത്പര്യം കാണിക്കുന്നു?
2 “[യഹോവയുടെ] കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു” എന്നു പറഞ്ഞപ്പോൾ യഹോവയ്ക്കു നമ്മുടെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധയുണ്ടെന്നു വ്യക്തമാക്കുകയായിരുന്നു സങ്കീർത്തനക്കാരനായ ദാവീദ്. (സങ്കീ. 11:4) ദൈവം നമ്മെ കേവലം നോക്കുകയല്ല മറിച്ച് ശോധന ചെയ്യുകയാണെന്ന കാര്യം ശ്രദ്ധിക്കുക. ‘നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു, ദുരുദ്ദേശ്യമൊന്നും കണ്ടെത്തുന്നില്ല’ എന്നും അവൻ എഴുതി. (സങ്കീ. 17:3) ദൈവത്തിന് തന്നിലുള്ള താത്പര്യത്തിന്റെ ആഴം ദാവീദിന് അറിയാമായിരുന്നു എന്നല്ലേ ഇതു കാണിക്കുന്നത്? തെറ്റായ ചിന്തകളെ മനസ്സിലിട്ടു താലോലിക്കുകയോ ദുരുപായം നിരൂപിക്കുന്ന ഒരു ഹൃദയം വളർത്തിയെടുക്കുകയോ ചെയ്താൽ അത് യഹോവയെ വേദനിപ്പിക്കുമെന്നും അവന്റെ അപ്രീതിക്ക് ഇടയാക്കുമെന്നും ദാവീദിന് അറിയാമായിരുന്നു. ദാവീദിനെപ്പോലെ നിങ്ങൾക്കും യഹോവ ഒരു യാഥാർഥ്യമാണോ?
ഹൃദയങ്ങളെ നോക്കുന്ന ദൈവം
3. നമ്മുടെ അപൂർണതകളെ യഹോവ സമനിലയോടെ വീക്ഷിക്കുന്നത് എങ്ങനെ?
3 നാം അകമേ എങ്ങനെയുള്ളവരാണെന്ന് അറിയാനാണ് യഹോവ ആഗ്രഹിക്കുന്നത്. (സങ്കീ. 19:14; 26:2) നമ്മോടുള്ള സ്നേഹം നിമിത്തം അവൻ നമ്മുടെ നിസ്സാര തെറ്റുകളെ പെരുപ്പിച്ചു കാണുന്നില്ല. ചില ഉദാഹരണങ്ങൾ നോക്കാം. അബ്രാഹാമിന്റെ ഭാര്യ സാറാ തന്റെ അടുക്കൽവന്ന ദൂതനോട് ഒരിക്കൽ സത്യം മറച്ചുവെച്ചു സംസാരിച്ചു. ഭയവും അമ്പരപ്പുംമൂലമാണ് അവൾ അങ്ങനെ സംസാരിച്ചതെന്നു മനസ്സിലാക്കിയ ദൂതൻ അവളെ ചെറുതായൊന്ന് ശാസിക്കുകമാത്രം ചെയ്യുന്നു. (ഉല്പ. 18:12-15) ‘ദൈവത്തെക്കാൾ തന്നെത്തന്നെ നീതീകരിച്ചു’ സംസാരിച്ചു എന്നതുകൊണ്ട് ഇയ്യോബിൽനിന്ന് യഹോവ അനുഗ്രഹങ്ങൾ ഒന്നും പിടിച്ചുവെച്ചില്ല. സാത്താൻ അവനെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. (ഇയ്യോ. 32:2; 42:12) സാരെഫാത്തിലെ വിധവ ഏലീയാ പ്രവാചകനോട് മുഖത്തടിച്ചതുപോലെ സംസാരിച്ചിട്ടും യഹോവയ്ക്ക് അതിൽ ഈർഷ്യ തോന്നിയില്ല. ഒരേയൊരു മകൻ നഷ്ടമായതിലുള്ള അതിവേദനയാണ് അവളെക്കൊണ്ട് അതു പറയിച്ചതെന്ന് ദൈവത്തിന് അറിയാമായിരുന്നു.—1 രാജാ. 17:8-24.
4, 5. അബീമേലെക്കിനോട് യഹോവ കരുണ കാണിച്ചത് എങ്ങനെ?
4 ഹൃദയങ്ങളെ ശോധന ചെയ്യുന്ന യഹോവ അവിശ്വാസികളോടുപോലും പരിഗണന കാണിച്ചിട്ടുണ്ട്. ഫെലിസ്ത്യനഗരമായ ഗെരാരിലെ രാജാവായ അബീമേലെക്കിന്റെ കാര്യത്തിൽ എന്തു സംഭവിച്ചുവെന്നു നോക്കാം. സാറാ അബ്രാഹാമിന്റെ ഭാര്യയാണെന്നറിയാതെ അവൻ അവളെ പിടിച്ചുകൊണ്ടുപോയി, അവളെ തന്റെ ഭാര്യയാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ അബീമേലെക്ക് കൂടുതൽ എന്തെങ്കിലും പ്രവർത്തിക്കുന്നതിനുമുമ്പ് ഒരു സ്വപ്നം മുഖേന യഹോവ അവനോടു പറഞ്ഞു: “നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു. ഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കട്ടെ.”—ഉല്പ. 20:1-7.
5 വ്യാജാരാധകനായിരുന്ന അബീമേലെക്കിനോട് യഹോവയ്ക്കു വേണമെങ്കിൽ പരുഷമായിട്ട് ഇടപെടാമായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ ഹൃദയപരമാർഥതയോടെയാണ് അവൻ പെരുമാറിയത് എന്ന് യഹോവ ശ്രദ്ധിച്ചു. അതുകൊണ്ട് യഹോവ അവനോടു കരുണകാണിച്ചു. ക്ഷമ ലഭിക്കേണ്ടതിനും ‘ജീവനോടിരിക്കേണ്ടതിനും’ എന്തു ചെയ്യണമെന്ന് അവൻ അബീമേലെക്കിനോടു പറഞ്ഞു. ഇങ്ങനെയുള്ള ഒരു ദൈവത്തെ ആരാധിക്കാനല്ലേ നിങ്ങളും ഇഷ്ടപ്പെടുക?
6. യേശു തന്റെ പിതാവിനെ എങ്ങനെയെല്ലാം അനുകരിച്ചു?
6 തന്റെ പിതാവിനെ പൂർണമായി അനുകരിച്ചുകൊണ്ട് യേശു ശിഷ്യന്മാരുടെ നന്മയിൽ ശ്രദ്ധകേന്ദ്രീകരിച്ചു, അവരുടെ തെറ്റുകൾ സദയം ക്ഷമിച്ചു. (മർക്കൊ. 10:35-45; 14:66-72; ലൂക്കൊ. 22:31, 32; യോഹ. 15:15) ഈ മനോഭാവംതന്നെയല്ലേ അവന്റെ പിൻവരുന്ന വാക്കുകളിലും പ്രതിഫലിക്കുന്നത്? അവൻ പറഞ്ഞു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ. 3:17) അതേ, യഹോവയ്ക്കും യേശുവിനും നമ്മോടുള്ള സ്നേഹം അഗാധവും അചഞ്ചലവുമാണ്. നാം സാക്ഷാലുള്ള ജീവൻ നേടണമെന്നുള്ള അവരുടെ ആഗ്രഹം അതാണു തെളിയിക്കുന്നത്. (ഇയ്യോ. 14:15) യഹോവ നമ്മെ ശോധന ചെയ്ത് ആവശ്യമായ പരിഗണനകൾ നൽകി തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന്റെ പിന്നിലെ കാരണം ഈ സ്നേഹമാണ്.—1 യോഹന്നാൻ 4:8, 19 വായിക്കുക.
സ്നേഹപൂർവം ശോധന ചെയ്യുന്നു
7. എന്ത് ആന്തരത്തോടെയാണ് യഹോവ നമ്മെ പരിശോധിക്കുന്നത്?
7 യഹോവ നമ്മുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാൻ നോക്കിയിരിക്കുകയാണെന്നു ചിന്തിക്കുന്നത് ഒരിക്കലും ശരിയായിരിക്കില്ല. നമ്മെ സ്വാർഥരായി മുദ്രകുത്തുന്നതും നമുക്കെതിരെ കുറ്റാരോപണം നടത്തുന്നതും വാസ്തവത്തിൽ സാത്താനാണ്. (വെളി. 12:10) തെറ്റായ ആന്തരങ്ങളൊന്നും നമുക്കില്ലാതിരിക്കുമ്പോൾപ്പോലും അങ്ങനെയുണ്ടെന്ന് അവൻ ആരോപിക്കുന്നു. (ഇയ്യോ. 1:9-11; 2:4, 5) ദൈവത്തെക്കുറിച്ച് സങ്കീർത്തനക്കാരൻ എഴുതി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?” (സങ്കീ. 130:3) ആർക്കും സാധിക്കില്ല! (സഭാ. 7:20) മക്കൾക്ക് ആപത്തൊന്നും വരാതെ ദയയോടും കരുതലോടുംകൂടെ അവരെ സംരക്ഷിക്കാനാഗ്രഹിക്കുന്ന സ്നേഹവാനായ പിതാവിനെപ്പോലെയാണ് യഹോവ. അപൂർണതയും ദൗർബല്യങ്ങളുംമൂലം നമുക്ക് അനർഥം ഭവിക്കാതിരിക്കേണ്ടതിന് അവൻ കൂടെക്കൂടെ അവ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.—സങ്കീ. 103:10-14; മത്താ. 26:41.
8. യഹോവ തന്റെ ദാസർക്ക് മാർഗനിർദേശവും ശിക്ഷണവും നൽകുന്നത് എങ്ങനെ?
8 തിരുവെഴുത്തുകളിലൂടെയും വിശ്വസ്തനും വിവേകിയുമായ അടിമ പ്രദാനംചെയ്യുന്ന ആത്മീയ ആഹാരത്തിലൂടെയും യഹോവ മാർഗനിർദേശവും ശിക്ഷണവും നൽകുന്നു. അത് അവന്റെ സ്നേഹത്തിന്റെ പ്രകടമായ തെളിവാണ്. (മത്താ. 24:45; എബ്രാ. 12:5, 6) ക്രിസ്തീയ സഭയിലൂടെയും ‘മനുഷ്യരാകുന്ന ദാനങ്ങളിലൂടെയും’ യഹോവ സഹായഹസ്തം നീട്ടുന്നു. (എഫെ. 4:8, NW) പിതൃനിർവിശേഷമായ സ്നേഹത്തോടെ അവൻ നൽകുന്ന ശിക്ഷണത്തോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്ന് അവൻ നിരീക്ഷിക്കുന്നു, ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകാനും അവൻ ഒരുക്കമുള്ളവനാണ്. സങ്കീർത്തനം 32:8 പറയുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” അതുകൊണ്ട് നമുക്ക് എല്ലായ്പോഴും യഹോവയുടെ വാക്കുകൾക്ക് ചെവികൊടുക്കാം. സ്നേഹവാനായ പിതാവും ഗുരുവുമായി അവനെ കണ്ടുകൊണ്ട് താഴ്മയോടെ അവന്റെ മുമ്പാകെ നടക്കാം.—മത്തായി 18:4 വായിക്കുക.
9. ഏതൊക്കെ സ്വഭാവവിശേഷങ്ങൾ നാം ഒഴിവാക്കണം, എന്തുകൊണ്ട്?
9 അഹങ്കാരത്താലോ വിശ്വാസരാഹിത്യത്താലോ ‘പാപത്തിന്റെ ചതിയാലോ’ മനം തഴമ്പിച്ചുപോകാൻ നാം അനുവദിക്കരുത്. (എബ്രാ. 3:13; യാക്കോ. 4:6) അനുചിതമായ ചിന്തകൾക്കും മോഹങ്ങൾക്കും വളരാൻ ഇടംകൊടുക്കുന്നതുകൊണ്ടാണ് പലരിലും ഇത്തരം സ്വഭാവവിശേഷങ്ങൾ ദൃശ്യമാകുന്നത്. തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ തിരസ്കരിക്കുന്നതിലേക്കും ഇത് ഒരുവനെ നയിച്ചേക്കാം. എന്തിനധികം, തന്നെത്തന്നെ ദൈവത്തിന്റെ എതിരാളിയാക്കിത്തീർക്കുന്ന അളവോളം തെറ്റായ മനോഭാവം അവനിൽ രൂഢമൂലമായേക്കാം. എത്ര ഖേദകരം! (സദൃ. 1:22-31) ആദാമിന്റെയും ഹവ്വായുടെയും ആദ്യജാതനായ കയീൻ ഇതിനൊരു ഉദാഹരണമാണ്.
യഹോവ എല്ലാം കാണുന്നു, തദനുസരണം പ്രവർത്തിക്കുന്നു
10. യഹോവ കയീന്റെ യാഗം സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട്, കയീൻ എങ്ങനെ പ്രതികരിച്ചു?
10 കയീനും ഹാബെലും യഹോവയ്ക്കു വഴിപാട് കൊണ്ടുവന്നപ്പോൾ അവരുടെ ആ യാഗം മാത്രമല്ല ഹൃദയവിചാരങ്ങളും അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിശ്വാസത്താൽ ഹാബെൽ അർപ്പിച്ച യാഗത്തിൽ ദൈവം പ്രസാദിച്ചു. എന്നാൽ ഏതോ വിധത്തിൽ അവിശ്വാസം നിഴലിച്ചിരുന്നതിനാൽ കയീന്റെ യാഗം ദൈവത്തിനു സ്വീകാര്യമായില്ല. (ഉല്പ. 4:4, 5; എബ്രാ. 11:4) ഈ അനുഭവത്തിൽനിന്നു പാഠം പഠിച്ച് മനോഭാവത്തിനു മാറ്റം വരുത്തുന്നതിൽ കയീൻ പരാജയപ്പെട്ടു; അവന്റെ ഉള്ളുനിറയെ സഹോദരനോടുള്ള പകയായിരുന്നു.—ഉല്പ. 4:6.
11. കയീൻ ദുഷ്ടമനോഭാവം പ്രകടമാക്കിയത് എങ്ങനെ, അതിൽനിന്നു നമുക്കെന്തു പഠിക്കാം?
11 കയീന്റെ ഈ മനോഭാവം അപകടകരമാണെന്നു മനസ്സിലാക്കിയ യഹോവ അവനോടു ദയാപുരസ്സരം ചോദിച്ചു: “നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ?” ദുഃഖകരമെന്നു പറയട്ടെ, അവൻ തന്റെ സ്രഷ്ടാവിന്റെ ഉപദേശം തള്ളിക്കളഞ്ഞു, അനുജനെ കൊല്ലുകയും ചെയ്തു. “നിന്റെ അനുജനായ ഹാബെൽ എവിടെ” എന്ന് യഹോവ ചോദിച്ചപ്പോൾ ധാർഷ്ട്യത്തോടെ അവൻ കൊടുത്ത മറുപടിയിലും ഈ ദുഷ്ടമനോഭാവം ദൃശ്യമായിരുന്നു. “ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവല്ക്കാരനോ?” അവൻ ചോദിച്ചു. (ഉല്പ. 4:7-9) ഹൃദയത്തിന് എത്രത്തോളം വഴിതെറ്റിക്കാനാകുമെന്നു നോക്കൂ! ദൈവത്തിൽനിന്നു നേരിട്ടു ലഭിക്കുന്ന ഉപദേശം തള്ളിക്കളയുന്ന ഘട്ടത്തോളം അതിനു നമ്മെ കൊണ്ടുപോകാനാകും. (യിരെ. 17:9) അതുകൊണ്ട് ഇത്തരം വിവരണങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ട് തെറ്റായ ആന്തരങ്ങളെ നാം തത്ക്ഷണം നിരസിക്കണം. (യാക്കോബ് 1:14, 15 വായിക്കുക.) ഒരു തിരുവെഴുത്ത് ബുദ്ധിയുപദേശം ലഭിക്കുമ്പോൾ, യഹോവയ്ക്കു നമ്മോടുള്ള സ്നേഹത്തിന്റെ തെളിവായി അതിനെ കണ്ട് കൃതജ്ഞതയോടെ കൈക്കൊള്ളരുതോ?
രഹസ്യപാപം എന്നൊന്നില്ല
12. ദുഷ്പ്രവൃത്തികളോട് യഹോവ എങ്ങനെ പ്രതികരിക്കുന്നു?
12 തെറ്റു ചെയ്യുന്നത് മറ്റുള്ളവർ കാണുന്നില്ലെങ്കിൽ ശിക്ഷയിൽനിന്നു രക്ഷപെടാമെന്ന് ചിലർ ചിന്തിച്ചേക്കാം. (സങ്കീ. 19:12) ഒരർഥത്തിൽ പറഞ്ഞാൽ രഹസ്യപാപം എന്നൊന്നില്ല എന്നതാണു സത്യം. “[ദൈവത്തിനു] മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.” (എബ്രാ. 4:13) നമ്മുടെ നിഗൂഢമായ ആന്തരങ്ങൾ പരിശോധിക്കുന്ന, പിഴവുകളോട് തികഞ്ഞ നീതിയോടെ പ്രതികരിക്കുന്ന ന്യായാധിപതിയാണ് യഹോവ. “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” എന്ന് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. എന്നാൽ “മനഃപൂർവ്വം പാപം” ചെയ്യുകയോ കുടിലവും ദുഷ്ടവുമായ മനോഭാവം വെച്ചുപുലർത്തുകയോ ചെയ്യുന്ന അനുതാപമില്ലാത്തവരെ അവൻ ‘വെറുതെ വിടില്ല.’ (പുറ. 34:6, 7; എബ്രാ. 10:26) ആഖാനോടും അതുപോലെ അനന്യാസിനോടും സഫീരയോടും യഹോവ ഇടപെട്ടവിധത്തിൽനിന്ന് ഇക്കാര്യം മനസ്സിലാക്കാം.
13. ആഖാന്റെ അത്യാഗ്രഹം അവനെ ഗുരുതരമായ പാപത്തിലേക്കു നയിച്ചത് എങ്ങനെ?
13 ദൈവം നൽകിയ നിർദേശത്തിന്റെ നേരിട്ടുള്ള ലംഘനമാണ് ആഖാന്റെ കാര്യത്തിൽ സംഭവിച്ചത്. യെരീഹോ പട്ടണത്തിൽനിന്ന് കൊള്ളമുതൽ കൈക്കലാക്കിയ അവൻ സാധ്യതയനുസരിച്ച് കുടുംബാംഗങ്ങളുടെ പിന്തുണയോടെ അത് കൂടാരത്തിൽ ഒളിപ്പിച്ചുവെച്ചു. പിന്നീട് പിടിക്കപ്പെട്ടപ്പോഴുള്ള അവന്റെ പ്രതികരണം ആ തെറ്റിന്റെ ഗൗരവം അവൻ തിരിച്ചറിഞ്ഞുവെന്നു സൂചിപ്പിക്കുന്നു. അവൻ പറഞ്ഞു: ‘ഞാൻ യഹോവയോടു പിഴെച്ചു.’ (യോശു. 7:20) കയീനെപ്പോലെ ആഖാനും ഒരു ദുഷ്ടഹൃദയം വളർത്തിയെടുത്തിരുന്നു. ആഖാന്റെ കാര്യത്തിൽ അത്യാഗ്രഹമായിരുന്നു മൂലകാരണം. അത് വഞ്ചന കാണിക്കുന്നതിലേക്ക് അവനെ നയിച്ചു. യെരീഹോയിലെ കൊള്ളമുതൽ യഹോവയ്ക്ക് അർഹതപ്പെട്ടതായിരുന്നതിനാൽ ആഖാൻ വാസ്തവത്തിൽ മോഷ്ടിച്ചത് യഹോവയുടെ സ്വത്തായിരുന്നു. അത് അവന്റെയും കുടുംബാംഗങ്ങളുടെയും ജീവനഷ്ടത്തിൽ കലാശിച്ചു.—യോശു. 7:25.
14, 15. അനന്യാസും സഫീരയും ദൈവത്തിന്റെ അപ്രീതിക്കുപാത്രമായത് എങ്ങനെ, നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാം?
14 യെരൂശലേമിലുണ്ടായിരുന്ന ക്രിസ്തീയ സഭയിലെ അംഗങ്ങളായിരുന്നു അനന്യാസും സഫീരയും. എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ മറ്റു ദേശങ്ങളിൽനിന്ന് അനേകർ യെരൂശലേമിൽവന്ന് വിശ്വാസികളായിത്തീരുകയും പലരും അവിടെത്തന്നെ തങ്ങുകയും ചെയ്തു. അവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി സഹോദരങ്ങൾ നൽകിയ സ്വമേധാസംഭാവനകൾകൊണ്ട് ഒരു പൊതു ഫണ്ട് രൂപീകരിക്കുകയുണ്ടായി. അനന്യാസ് തന്റെ നിലം വിൽക്കുകയും തുകയുടെ ഒരു പങ്ക് ഈ പൊതുശേഖരത്തിലേക്കു നൽകുകയും ചെയ്തു. എന്നാൽ വിറ്റുകിട്ടിയ തുക മുഴുവൻ സംഭാവന ചെയ്യുന്നതായി അവരിരുവരും ഭാവിച്ചു. സഭയുടെ ആദരവു പിടിച്ചുപറ്റാൻ ഈ ദമ്പതികൾ ആഗ്രഹിച്ചു എന്നതിൽ സംശയമില്ല. എന്നാൽ അവർ വഞ്ചന കാണിക്കുകയായിരുന്നു. പത്രൊസ് അപ്പൊസ്തലന് യഹോവ അത്ഭുതകരമായി ഇക്കാര്യം വെളിപ്പെടുത്തികൊടുത്തു. അവൻ അനന്യാസിന്റെ തെറ്റ് വെളിച്ചത്തുകൊണ്ടുവന്നു. പത്രൊസിന്റെ വാക്കുകൾ കേട്ട അനന്യാസ് തത്ക്ഷണം നിലത്തുവീണു “പ്രാണനെ വിട്ടു.” അധികം താമസിയാതെ സഫീരയ്ക്കും അതുതന്നെ സംഭവിച്ചു.—പ്രവൃ. 5:1-11.
15 അനന്യാസും സഫീരയും ഒരു ദുർബല നിമിഷത്തിൽ ചെയ്തുപോയ തെറ്റായിരുന്നില്ല അത്. അപ്പൊസ്തലന്മാരെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അവർ പദ്ധതിയൊരുക്കുകയും അതിനു ചേർച്ചയിൽ കള്ളം പറയുകയും ചെയ്തു. വാസ്തവത്തിൽ അവർ കബളിപ്പിക്കാൻ ശ്രമിച്ചത് ദൈവത്തെയും അവന്റെ പരിശുദ്ധാത്മാവിനെയും ആയിരുന്നു. കാപട്യം കാണിക്കുന്നവരിൽനിന്നു സഭയെ സംരക്ഷിക്കാൻ യഹോവ നടപടി സ്വീകരിക്കുകതന്നെ ചെയ്യുമെന്ന് ഈ സംഭവം തെളിയിക്കുന്നു. “ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നത്” എത്ര ഭയാനകമാണ്!—എബ്രാ. 10:31.
എല്ലായ്പോഴും നിഷ്കളങ്കരായി നടക്കുക
16. (എ) സാത്താൻ ദൈവജനത്തെ ദുഷിപ്പിക്കാൻ ശ്രമിക്കുന്നത് എങ്ങനെ? (ബി) നിങ്ങളുടെ പ്രദേശത്തെ ആളുകളെ ദുഷിപ്പിക്കാൻ അവൻ ഏതെല്ലാം മാർഗങ്ങൾ അവലംബിക്കുന്നു?
16 നമ്മെ ദുഷിപ്പിക്കാനും നമുക്ക് യഹോവയുടെ അംഗീകാരം നഷ്ടപ്പെടുത്താനും സാത്താൻ തന്നാലാവതെല്ലാം ചെയ്യുന്നു. (വെളി. 12:12, 17) അവന്റെ ദുഷ്ടമനസ്സ്, അധാർമിക ലൈംഗികതയിലും അക്രമത്തിലും മുഴുകിയിരിക്കുന്ന ഈ ലോകത്തിൽ പ്രതിഫലിച്ചുകാണാം. കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും അശ്ലീലം ഇന്ന് ആളുകളുടെ വിരൽത്തുമ്പിലെത്തിക്കുന്നു. എന്നാൽ നാം ഒരിക്കലും സാത്താന്റെ തന്ത്രങ്ങൾക്കു മുന്നിൽ അടിയറവു പറയരുത്. ‘ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും’ എന്നു പാടിയ സങ്കീർത്തനക്കാരന്റെ മനോഭാവമായിരിക്കട്ടെ നമുക്കും.—സങ്കീ. 101:2.
17. (എ) എന്തു കാരണത്താലാണ് മറഞ്ഞിരിക്കുന്ന പാപങ്ങൾ യഹോവ പുറത്തുകൊണ്ടുവരുന്നത്? (ബി) നമ്മുടെ തീരുമാനം എന്തായിരിക്കണം?
17 ഗുരുതരമായ പാപങ്ങളും വഞ്ചനാകരമായ പ്രവൃത്തികളും വെളിച്ചത്തു കൊണ്ടുവരാൻ ഇന്ന് യഹോവ അത്ഭുതങ്ങൾ പ്രവർത്തിച്ചെന്നു വരില്ല. എന്നിരുന്നാലും അവൻ എല്ലാം കാണുന്നുണ്ട്. തന്റെ സമയത്തും തന്റേതായ വിധത്തിലും, ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ അവൻ പുറത്തുകൊണ്ടുവരും. പൗലൊസ് ഇങ്ങനെ പറഞ്ഞു: “ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.” (1 തിമൊ. 5:24) ദുഷ്ചെയ്തികൾ വെളിച്ചത്തുകൊണ്ടുവരാൻ യഹോവയെ പ്രേരിപ്പിക്കുന്ന മുഖ്യ സംഗതി സ്നേഹമാണ്. അവൻ സഭയെ സ്നേഹിക്കുന്നതിനാൽ അതിന്റെ വിശുദ്ധി നഷ്ടപ്പെട്ടുപോകാൻ ഒരിക്കലും അനുവദിക്കില്ല. എന്നിരുന്നാലും, യഥാർഥത്തിൽ അനുതപിക്കുന്നവരോട് അവൻ കരുണ കാണിക്കുന്നു. (സദൃ. 28:13) അതുകൊണ്ട്, നിർമലമായ ഹൃദയത്തോടെ നമുക്കു ദൈവത്തെ ആരാധിക്കാം, ദുഷിപ്പിക്കുന്ന ഏതു സ്വാധീനത്തെയും നമുക്കു ചെറുക്കാം.
പൂർണഹൃദയത്തോടെ സേവിക്കുക
18. തന്റെ പുത്രൻ ദൈവത്തെക്കുറിച്ച് എന്തു മനസ്സിലാക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു?
18 ദൈവത്തിന് തന്റെ ദാസന്മാരിലുള്ള ആഴമായ താത്പര്യം ശലോമോൻ മനസ്സിലാക്കണമെന്ന് അവന്റെ പിതാവായ ദാവീദ് ആഗ്രഹിച്ചു; ദൈവമുണ്ടെന്ന് അവൻ വിശ്വസിച്ചാൽമാത്രം മതിയായിരുന്നില്ല. ദാവീദ് പറഞ്ഞു: “നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു.” (1 ദിന. 28:9) തന്റെ ദാസന്മാരിൽ ഇത്രയധികം താത്പര്യമെടുക്കുന്ന യഹോവയോട് നിങ്ങൾ നന്ദിയുള്ളവരല്ലേ?
19, 20. സങ്കീർത്തനം 19:7-11 അനുസരിച്ച് ദൈവത്തോട് അടുത്തുചെല്ലാൻ ദാവീദിനെ സഹായിച്ചത് എന്ത്, നമുക്ക് എങ്ങനെ ദാവീദിനെ അനുകരിക്കാം?
19 ദൈവവുമായി ഒരു നല്ല ബന്ധം ആഗ്രഹിക്കുന്നവർ അവനിലേക്ക് ആകർഷിക്കപ്പെടും; ഹൃദയോഷ്മളമായ അവന്റെ ഗുണങ്ങളെക്കുറിച്ച് അറിയുമ്പോൾ അവനോട് അവർക്ക് അടുപ്പം തോന്നുകയും ചെയ്യും. ഇതറിയാവുന്ന യഹോവ നാം അവനെക്കുറിച്ചും അവന്റെ അത്യുത്തമമായ വ്യക്തിത്വത്തെക്കുറിച്ചും മനസ്സിലാക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. അവന്റെ വചനം പഠിക്കുകയും നമ്മുടെ ജീവിതത്തിൽ അവൻ ചൊരിയുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ നമുക്കതു സാധിക്കും.—സദൃ. 10:22; യോഹ. 14:9.
20 വിലമതിപ്പു നിറഞ്ഞ, പ്രാർഥനാനിരതമായ മനസ്സോടെ ദൈവവചനം നിങ്ങൾ ദിവസവും വായിക്കുന്നുണ്ടോ? ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിന്റെ മൂല്യം നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? (സങ്കീർത്തനം 19:7-11 വായിക്കുക.) അങ്ങനെ ചെയ്യുന്നെങ്കിൽ നമുക്ക് യഹോവയിലുള്ള വിശ്വാസവും അവനോടുള്ള സ്നേഹവും മേൽക്കുമേൽ വർധിക്കും. അപ്പോൾ അവൻ നമ്മോട് പൂർവാധികം അടുത്തുവരും, നമ്മുടെ കൈപിടിച്ചാലെന്നപോലെ നമ്മോടൊപ്പം നടക്കും. (യെശ. 42:7; യാക്കോ. 4:8) ജീവനിലേക്കു നയിക്കുന്ന ഞെരുക്കമുള്ള പാതയിലൂടെ നാം സഞ്ചരിക്കവെ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ടും ആത്മീയ സംരക്ഷണം നൽകിക്കൊണ്ടും നമ്മോടുള്ള സ്നേഹം യഹോവ തെളിയിക്കും.—സങ്കീ. 91:1, 2; മത്താ. 7:13, 14.
നിങ്ങളുടെ ഉത്തരം എന്താണ്?
• യഹോവ നമ്മെ ശോധന ചെയ്യുന്നതിന്റെ കാരണമെന്താണ്?
• ചില വ്യക്തികൾ യഹോവയുടെ ശത്രുക്കളായത് എങ്ങനെ?
• യഹോവ നമുക്കൊരു യാഥാർഥ്യമാണെന്ന് എങ്ങനെ തെളിയിക്കാം?
• പൂർണഹൃദയത്തോടെ നമുക്ക് എങ്ങനെ യഹോവയെ ആരാധിക്കാം?
[4-ാം പേജിലെ ചിത്രം]
കരുതലുള്ള ഒരു പിതാവിനെപ്പോലെയാണ് യഹോവ
[5-ാം പേജിലെ ചിത്രം]
അനന്യാസിന്റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു?
[6-ാം പേജിലെ ചിത്രം]
പൂർണഹൃദയത്തോടെ യഹോവയെ സേവിക്കാൻ നമ്മെ സഹായിക്കുന്നത് എന്ത്?