പഠനലേഖനം 34
‘യഹോവ നല്ലവനെന്നു രുചിച്ചറിയുക’
“യഹോവ നല്ലവനെന്നു രുചിച്ചറിയൂ! ദൈവത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ.”—സങ്കീ. 34:8.
ഗീതം 117 നന്മയെന്ന ഗുണം
പൂർവാവലോകനംa
1-2. യഹോവയുടെ നന്മ രുചിച്ചറിയാൻ നമ്മൾ എന്തു ചെയ്യണം? (സങ്കീർത്തനം 34:8)
നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു സാധനം ആരെങ്കിലും നിങ്ങൾക്കു തരുന്നെന്നു വിചാരിക്കുക. അതു കാണുകയും മണത്തുനോക്കുകയും അതിന്റെ ചേരുവകൾ അറിയുകയും അതു കഴിച്ചിട്ടുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്താൽ ആ സാധനത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ഏകദേശ ധാരണ കിട്ടും. എന്നാൽ നിങ്ങൾക്ക് അത് ഇഷ്ടപ്പെടുമോയെന്ന് അറിയണമെങ്കിൽ നിങ്ങൾതന്നെ അതു രുചിച്ചുനോക്കണം.
2 അതുപോലെ ബൈബിളും നമ്മുടെ പ്രസിദ്ധീകരണങ്ങളും വായിക്കുകയും യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ ലഭിച്ചവർ പറയുന്നതു കേൾക്കുകയും ചെയ്യുന്നതിലൂടെ യഹോവയുടെ നന്മയെക്കുറിച്ച് ചിലതെല്ലാം നമുക്കു മനസ്സിലാക്കാനാകും. എന്നാൽ യഹോവ എത്ര നല്ലവനാണെന്നു ശരിക്കും മനസ്സിലാകണമെങ്കിൽ യഹോവയുടെ നന്മ നമ്മൾതന്നെ ‘രുചിച്ചറിയണം.’ (സങ്കീർത്തനം 34:8 വായിക്കുക.) അതു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ദൃഷ്ടാന്തം നമുക്ക് ഇപ്പോൾ നോക്കാം. നിങ്ങൾക്കു മുൻനിരസേവനം തുടങ്ങാൻ ആഗ്രഹമുണ്ടെന്നു വിചാരിക്കുക. എന്നാൽ അതു ചെയ്യുന്നതിനു നിങ്ങൾ ജീവിതം ലളിതമാക്കേണ്ടതുണ്ട്. ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നെങ്കിൽ യഹോവ നമ്മുടെ ആവശ്യങ്ങൾക്കായി കരുതുമെന്ന യേശുവിന്റെ വാഗ്ദാനം നിങ്ങൾ പല തവണ വായിച്ചിട്ടുണ്ടാകും. പക്ഷേ യഹോവ അത് എങ്ങനെയാണു ചെയ്യുന്നതെന്നു നിങ്ങൾ ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ല. (മത്താ. 6:33) എങ്കിലും യേശുവിന്റെ വാക്കുകളിൽ വിശ്വസിച്ചുകൊണ്ട് ചെലവുകൾ ചുരുക്കാനും ജോലിസമയം വെട്ടിക്കുറയ്ക്കാനും പ്രസംഗപ്രവർത്തനം കൂടുതൽ ചെയ്യാനും നിങ്ങൾ തീരുമാനിക്കുന്നു. അങ്ങനെ ചെയ്യുമ്പോഴാണ് യഹോവ നമ്മുടെ ആവശ്യങ്ങൾക്കായി ശരിക്കും കരുതുമെന്നു നമ്മൾ അനുഭവിച്ചറിയുന്നത്. അപ്പോൾ യഹോവയുടെ നന്മ നമുക്കുതന്നെ ‘രുചിച്ചറിയാനാകും.’
3. സങ്കീർത്തനം 16:1, 2-നു ചേർച്ചയിൽ ആർക്കാണ് യഹോവയിൽനിന്നുള്ള നന്മ ലഭിക്കുന്നത്?
3 ‘യഹോവ എല്ലാവർക്കും നല്ലവനാണ്,’ തന്നെ അറിയാത്തവർക്കുപോലും. (സങ്കീ. 145:9; മത്താ. 5:45) പ്രത്യേകിച്ച് യഹോവയെ മുഴുഹൃദയത്തോടെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവർക്ക് യഹോവ ധാരാളം അനുഗ്രഹങ്ങൾ നൽകുന്നു. (സങ്കീർത്തനം 16:1, 2 വായിക്കുക.) യഹോവ തന്നിരിക്കുന്ന ചില നല്ല കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം.
4. താനുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരുന്നവർക്ക് യഹോവ എങ്ങനെയാണു നന്മ ചെയ്യുന്നത്?
4 യഹോവയിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ അനുസരിക്കുമ്പോഴൊക്കെ ജീവിതത്തിൽ അതിന്റെ പ്രയോജനം കാണാനാകുന്നു. ഉദാഹരണത്തിന്, നമ്മൾ യഹോവയെക്കുറിച്ച് അറിയുകയും യഹോവയെ സ്നേഹിക്കുകയും ചെയ്യാൻ തുടങ്ങിയപ്പോൾ ദൈവം വെറുക്കുന്ന ചിന്തകളും പ്രവർത്തനങ്ങളും ഒക്കെ ഉപേക്ഷിക്കാൻ യഹോവ നമ്മളെ സഹായിച്ചു. (കൊലോ. 1:21) നമ്മളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്തപ്പോൾ യഹോവയുടെ നന്മ നമുക്കു കൂടുതൽ അനുഭവിച്ചറിയാനായി. യഹോവ നമുക്കു ശുദ്ധമായ ഒരു മനസ്സാക്ഷി നൽകി, യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ നമ്മളെ സഹായിക്കുകയും ചെയ്തു.—1 പത്രോ. 3:21.
5. പ്രസംഗപ്രവർത്തനത്തിൽ നമ്മൾ എങ്ങനെയാണു യഹോവയുടെ നന്മ രുചിച്ചറിയുന്നത്?
5 ഇനി, പ്രസംഗപ്രവർത്തനം ചെയ്യുമ്പോഴും നമുക്ക് യഹോവയുടെ നന്മ രുചിച്ചറിയാനാകുന്നു. നിങ്ങൾ പൊതുവേ പരിചയമില്ലാത്തവരോടു സംസാരിക്കാൻ അൽപ്പം മടിയുള്ള കൂട്ടത്തിലാണോ? യഹോവയുടെ സാക്ഷികളിൽ പലരും അങ്ങനെയൊരു പ്രശ്നമുള്ളവരാണ്. ഒരുപക്ഷേ യഹോവയുടെ സാക്ഷിയാകുന്നതിനു മുമ്പ് ആളുകൾക്കു പൊതുവേ കേൾക്കാൻ ഇഷ്ടമില്ലാത്ത ഒരു വാർത്തയുമായി, ഒരു പരിചയവുമില്ലാത്ത ഒരാളുടെ വീട്ടുവാതിൽക്കൽ ചെന്ന് മുട്ടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഓർക്കാൻപോലും കഴിയില്ലായിരുന്നു. എന്നാൽ ഇന്നു നിങ്ങൾ അതു പതിവായി ചെയ്യുന്നു. നിങ്ങൾക്ക് അതു വളരെ ഇഷ്ടവുമാണ്. യഹോവയല്ലേ അതിനു നിങ്ങളെ സഹായിച്ചത്? പ്രസംഗപ്രവർത്തനത്തിനിടെ എതിർപ്പുണ്ടായപ്പോൾ ശാന്തരായിരിക്കാൻ യഹോവ നിങ്ങളെ സഹായിച്ചു. ആളുകൾ കേൾക്കാൻ താത്പര്യം കാണിക്കാഞ്ഞപ്പോൾപ്പോലും പ്രസംഗപ്രവർത്തനം തുടരാൻ യഹോവ നിങ്ങൾക്കു ശക്തി നൽകി. ഈ വിധങ്ങളിലെല്ലാം യഹോവ സഹായിച്ചതു നിങ്ങൾ അനുഭവിച്ചറിഞ്ഞു.—യിരെ. 20:7-9.
6. ശുശ്രൂഷയോടുള്ള ബന്ധത്തിൽ യഹോവ നമ്മളോടു നന്മ കാണിക്കുന്ന മറ്റൊരു വിധം ഏതാണ്?
6 പ്രസംഗപ്രവർത്തനത്തിനുവേണ്ടി പരിശീലിപ്പിച്ചുകൊണ്ടും യഹോവ നമ്മളോടു നന്മ കാണിച്ചിരിക്കുന്നു. (യോഹ. 6:45) നമ്മൾ കണ്ടുമുട്ടുന്ന ആളുകളോട് എന്തു പറയണം, എങ്ങനെ പറയണം എന്നതിന്റെ നല്ലനല്ല മാതൃകകൾ ഇടദിവസത്തെ മീറ്റിങ്ങുകളിലൂടെ പഠിപ്പിക്കുന്നു. ആദ്യമൊക്കെ ഈ പുതിയ അവതരണങ്ങൾ പരീക്ഷിച്ചുനോക്കാൻ നമുക്ക് അൽപ്പം മടി തോന്നിയേക്കാം. എന്നാൽ അത് ഉപയോഗിച്ചുനോക്കുമ്പോൾ നമ്മുടെ പ്രദേശത്തിന് ഏറ്റവും പറ്റിയതാണ് അതെന്നു നമുക്കു മനസ്സിലായേക്കും. ഇനി, നമ്മൾ ശുശ്രൂഷയിൽ ഇതുവരെ പരീക്ഷിച്ചുനോക്കിയിട്ടില്ലാത്ത ചില രീതികൾ ഉപയോഗിക്കാനും മീറ്റിങ്ങുകളിലൂടെയും കൺവെൻഷനുകളിലൂടെയും നമ്മളെ ഓർമിപ്പിക്കാറുണ്ട്. ഇവിടെയും ചെയ്തു ശീലിച്ച കാര്യങ്ങൾക്കു മാറ്റം വരുത്തുന്നത് അത്ര എളുപ്പമായിരിക്കില്ല. എന്നാൽ അതിനു തയ്യാറാകുന്നെങ്കിൽ യഹോവ നമ്മളെ അനുഗ്രഹിക്കും. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും യഹോവയിൽ ആശ്രയിച്ചുകൊണ്ട് ഇത്തരം പുതിയ രീതികൾ നമുക്കു പരീക്ഷിച്ചുനോക്കാനാകും. അങ്ങനെ യഹോവയ്ക്കു നമ്മുടെ ഏറ്റവും നല്ലതു കൊടുക്കുമ്പോൾ എന്തെല്ലാം അനുഗ്രഹങ്ങളാണു നമുക്കു ലഭിക്കുകയെന്നു നോക്കാം. അതിനു ശേഷം ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ നമ്മളെ എന്തെല്ലാം സഹായിക്കുമെന്നും നമ്മൾ പഠിക്കും.
യഹോവയിൽ ആശ്രയിക്കുന്നവർക്ക് അനുഗ്രഹം ഉറപ്പ്
7. ദൈവസേവനത്തിൽ കൂടുതൽ ചെയ്യുന്നെങ്കിൽ നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും?
7 യഹോവയോടു കൂടുതൽ അടുക്കാനാകും. കൊളംബിയയിൽ താമസിക്കുന്ന ഒരു മൂപ്പനായ സാമുവൽb സഹോദരന്റെയും ഭാര്യയുടെയും അനുഭവം നോക്കാം. അവർ രണ്ടു പേരും സന്തോഷത്തോടെ സ്വന്തം നാട്ടിലെ സഭയോടൊത്ത് മുൻനിരസേവനം ചെയ്യുകയായിരുന്നു. എന്നാൽ ആവശ്യം അധികമുള്ള ഒരു സഭയോടൊത്ത് പ്രവർത്തിച്ചുകൊണ്ട് ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ അവർ ആഗ്രഹിച്ചു. എന്നാൽ അതിനുവേണ്ടി അവർക്കു പല ത്യാഗങ്ങളും ചെയ്യണമായിരുന്നു. സാമുവൽ സഹോദരൻ പറയുന്നു: “മത്തായി 6:33-ലെ ഉപദേശം അനുസരിക്കാനും അത്ര ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതു നിറുത്താനും ഞങ്ങൾ തീരുമാനിച്ചു. എന്നാൽ ഞങ്ങളുടെ വീട്ടിൽനിന്ന് മാറി താമസിക്കുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു വീടായിരുന്നു അത്. അതും കടബാധ്യതകളൊന്നും ഇല്ലാതെ ഞങ്ങളുടെ സ്വന്തം പേരിലുളള ഒരു വീട്.” എന്നാൽ പുതിയ സ്ഥലത്ത് ചെന്നപ്പോൾ അവിടെ ജീവിക്കാൻ നേരത്തേ ഉണ്ടായിരുന്ന വരുമാനത്തിന്റെ ആറിലൊന്നു മതിയെന്ന് അവർക്കു മനസ്സിലായി. സാമുവൽ സഹോദരൻ പറയുന്നു: “യഹോവ ഞങ്ങളെ വഴിനയിക്കുകയും ഞങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം തരുകയും ചെയ്യുന്നത് എങ്ങനെയാണെന്നു ഞങ്ങൾ നേരിട്ട് അനുഭവിച്ചു. മുമ്പ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത വിധത്തിൽ യഹോവയുടെ അംഗീകാരവും സ്നേഹവും ഞങ്ങൾ രുചിച്ചറിഞ്ഞു.” നിങ്ങൾക്കും അങ്ങനെ ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിയുമോ? അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് യഹോവയോടു കൂടുതൽ അടുക്കാനാകും. യഹോവ നിങ്ങളുടെ ആവശ്യങ്ങൾക്കായി കരുതുകയും ചെയ്യും.—സങ്കീ. 18:25.
8. ഇവാൻ-വിക്ടോറിയ ദമ്പതികളുടെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
8 ദൈവസേവനം കൂടുതൽ സന്തോഷമുള്ളതാകും. കിർഗിസ്ഥാനിൽ മുൻനിരസേവനം ചെയ്യുന്ന ഒരു ദമ്പതികളാണ് ഇവാനും വിക്ടോറിയയും. അവരുടെ അനുഭവം നമുക്കു നോക്കാം. നിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടെ ഏതൊരു സേവനത്തിനും തങ്ങളെത്തന്നെ വിട്ടുകൊടുക്കാൻ അവർ ജീവിതം ലളിതമാക്കി. ഇവാൻ സഹോദരൻ പറയുന്നു: “ഓരോ പ്രോജക്ടിലും കഴിവിന്റെ പരമാവധി ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. വൈകുന്നേരമാകുമ്പോൾ നല്ല ക്ഷീണം കാണും. എങ്കിലും ദൈവസേവനമാണല്ലോ ചെയ്തതെന്ന് ഓർക്കുമ്പോൾ സന്തോഷവും സംതൃപ്തിയും മനസ്സമാധാനവും ഒക്കെ തോന്നും. കൂടാതെ ഞങ്ങൾക്കു കുറെ കൂട്ടുകാരെ കിട്ടി, ഒരുപിടി നല്ല ഓർമകളും. അതൊക്കെ ഞങ്ങൾക്ക് ഒത്തിരി സന്തോഷം തരുന്നു.”—മർക്കോ. 10:29, 30.
9. വെല്ലുവിളികളൊക്കെ ഉണ്ടെങ്കിലും ദൈവസേവനത്തിൽ കൂടുതൽ ഉൾപ്പെടാൻവേണ്ടി ഒരു സഹോദരി എന്തു ചെയ്തു, അതിന്റെ പ്രയോജനം എന്താണ്?
9 വെല്ലുവിളികളൊക്കെയുണ്ടെങ്കിലും യഹോവയുടെ സേവനത്തിൽ സന്തോഷം കണ്ടെത്താൻ നമുക്കാകും. പശ്ചിമാഫ്രിക്കയിൽനിന്നുള്ള മിറെ സഹോദരിയുടെ അനുഭവം അതാണു നമ്മളെ പഠിപ്പിക്കുന്നത്. സഹോദരിക്കു നല്ല പ്രായമായി, വിധവയുമാണ്. ഒരു ഡോക്ടറായിരുന്ന സഹോദരി ജോലിയിൽനിന്ന് വിരമിച്ചപ്പോൾ മുൻനിരസേവനം തുടങ്ങി. കടുത്ത സന്ധിവാതമുള്ളതുകൊണ്ട് വീടുതോറും പോകുമ്പോൾ ഒരു മണിക്കൂറിൽ കൂടുതലൊന്നും സഹോദരിക്കു നടക്കാനാകില്ല. എന്നാൽ കൂടുതൽ സമയം പരസ്യസാക്ഷീകരണം ചെയ്യാൻ സഹോദരിക്കു കഴിയുന്നു. സഹോദരിക്കു കുറെ മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും ഒക്കെയുണ്ട്. അവയിൽ ചിലതു സഹോദരി ഫോണിലൂടെയാണു നടത്തുന്നത്. പല വെല്ലുവിളികളുണ്ടെങ്കിലും യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ മിറെ സഹോദരിയെ പ്രേരിപ്പിച്ചത് എന്താണ്? “യഹോവയോടും യേശുവിനോടും ഉള്ള സ്നേഹമാണ് എന്റെ മനസ്സു നിറയെ. യഹോവയുടെ സേവനത്തിൽ എന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ സഹായിക്കണേ എന്ന് ഞാൻ എപ്പോഴും പ്രാർഥിക്കും.”—മത്താ. 22:36, 37.
10. 1 പത്രോസ് 5:10 പറയുന്നതുപോലെ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ തയ്യാറാകുന്നവർക്ക് എന്തു കിട്ടും?
10 യഹോവയിൽനിന്ന് കൂടുതൽ പരിശീലനം കിട്ടും. മൗറീഷ്യസിൽ ഒരു മുൻനിരസേവകനായി പ്രവർത്തിക്കുന്ന കെന്നി സഹോദരൻ അതു തിരിച്ചറിഞ്ഞു. സത്യം പഠിച്ചപ്പോൾ സഹോദരൻ കോളേജിലെ പഠനമൊക്കെ ഉപേക്ഷിച്ച് സ്നാനപ്പെട്ടു. എന്നിട്ട് മുൻനിരസേവനം തുടങ്ങി. സഹോദരൻ പറയുന്നു: “‘ഇതാ ഞാൻ, എന്നെ അയച്ചാലും!’ എന്നു പറഞ്ഞ യശയ്യ പ്രവാചകനെപ്പോലെയായിരിക്കാൻ ഞാനും ആഗ്രഹിച്ചു.” (യശ. 6:8) സഹോദരൻ പല നിർമാണപ്രവർത്തനങ്ങളിലും പങ്കെടുത്തു. അതുപോലെ തന്റെ മാതൃഭാഷയിലേക്കു ബൈബിൾപ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യുന്നതിൽ സഹായിക്കാനും സഹോദരനു കഴിഞ്ഞു. സഹോദരൻ പറയുന്നു: “എന്റെ നിയമനങ്ങൾ നന്നായി ചെയ്യാനുള്ള പരിശീലനം എനിക്കു കിട്ടി.” എന്നാൽ തന്നെ ഏൽപ്പിച്ച ജോലി എങ്ങനെ ചെയ്യാമെന്നു മാത്രമല്ല സഹോദരൻ പഠിച്ചത്. “എന്റെ കുറവുകളെക്കുറിച്ചും യഹോവയുടെ ഒരു നല്ല ദാസനായിരിക്കാൻ ഞാൻ വളർത്തിയെടുക്കേണ്ട ഗുണങ്ങളെക്കുറിച്ചും എനിക്കു പഠിക്കാനായി” എന്നും സഹോദരൻ പറയുന്നു. (1 പത്രോസ് 5:10 വായിക്കുക.) നിങ്ങളുടെ സാഹചര്യങ്ങൾ നോക്കിയിട്ട് യഹോവയിൽനിന്ന് കൂടുതൽ പരിശീലനം കിട്ടാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്താനാകുമെന്നു ചിന്തിക്കുക.
11. പ്രസംഗപ്രവർത്തനം കൂടുതൽ ചെയ്യുന്നതിനുവേണ്ടി ദക്ഷിണ കൊറിയയിലെ മൂന്നു സഹോദരിമാർ എന്താണു ചെയ്തത്, അതിന്റെ പ്രയോജനം എന്തായിരുന്നു? (പുറംതാളിലെ ചിത്രവും കാണുക.)
11 സേവനത്തിലെ പുതിയ രീതികൾ പരീക്ഷിക്കാൻ തയ്യാറാകുന്നതുകൊണ്ട് വർഷങ്ങളായി സാക്ഷികളായിരിക്കുന്നവർക്കുപോലും പരിശീലനം കിട്ടുന്നു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ദക്ഷിണ കൊറിയയിലെ ഒരു സഭയിൽനിന്നുള്ള മൂപ്പന്മാർ ഇങ്ങനെ എഴുതി: “ആരോഗ്യപ്രശ്നങ്ങൾ കാരണം ദൈവസേവനത്തിൽ അധികമൊന്നും ചെയ്യാൻ കഴിയാതിരുന്ന ചില സഹോദരങ്ങൾക്ക് ഇപ്പോൾ വീഡിയോ കോൺഫറൻസിങ് വഴി പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ചെയ്യാനാകുന്നു. 80-നു മേൽ പ്രായമുള്ള മൂന്നു സഹോദരിമാർ അതാണു ചെയ്യുന്നത്. അവർ പുതിയ സാങ്കേതികവിദ്യയൊക്കെ പഠിച്ചെടുത്തു. ഇപ്പോൾ ഏതാണ്ട് എല്ലാ ദിവസവുംതന്നെ പ്രസംഗപ്രവർത്തനം ചെയ്യുന്നു.” (സങ്കീ. 92:14, 15) ശുശ്രൂഷ വർധിപ്പിക്കാനും അങ്ങനെ യഹോവയുടെ നന്മ കൂടുതലായി രുചിച്ചറിയാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിനുവേണ്ടി നിങ്ങൾക്കു ചെയ്യാനാകുന്ന ചില കാര്യങ്ങളാണ് ഇനി നമ്മൾ ചർച്ച ചെയ്യാൻപോകുന്നത്.
നിങ്ങൾക്കു ചെയ്യാനാകുന്നത്
12. തന്നിൽ ആശ്രയിക്കുന്നവർക്ക് യഹോവ എന്തു വാക്കു കൊടുക്കുന്നു?
12 യഹോവയിൽ പൂർണമായി ആശ്രയിക്കാൻ പഠിക്കുക. യഹോവയിൽ ആശ്രയിക്കുകയും നമ്മുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുകയും ചെയ്യുന്നെങ്കിൽ നമ്മളെ ധാരാളമായി അനുഗ്രഹിക്കുമെന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. (മലാ. 3:10) തന്റെ കാര്യത്തിൽ യഹോവ ഈ വാക്കു പാലിക്കുന്നതു കൊളംബിയയിൽനിന്നുള്ള ഫാബിയോള സഹോദരി കണ്ടറിഞ്ഞു. സഹോദരിയുടെ വരുമാനംകൊണ്ടാണു സഹോദരിയും ഭർത്താവും മൂന്നു മക്കളും കഴിഞ്ഞിരുന്നത്. അതുകൊണ്ട് സ്നാനപ്പെട്ട ഉടനെ സാധാരണ മുൻനിരസേവനം തുടങ്ങാൻ സഹോദരിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല. എന്നാൽ ജോലിയിൽനിന്ന് വിരമിക്കാറായ സമയത്ത് തന്റെ ആഗ്രഹം സാധിച്ചു തരണേ എന്ന് സഹോദരി യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. സഹോദരി പറയുന്നു: “സാധാരണ പെൻഷന്റെ പേപ്പറൊക്കെ ശരിയായി വരാൻ കുറെ നാളെടുക്കും. പക്ഷേ എന്റെ കാര്യത്തിൽ എല്ലാം ഒരു മാസംകൊണ്ട് ശരിയായി. അത് ഒരു അത്ഭുതംതന്നെയായിരുന്നു!” രണ്ടു മാസം കഴിഞ്ഞപ്പോൾ സഹോദരി മുൻനിരസേവനം തുടങ്ങി. സഹോദരിക്ക് ഇപ്പോൾ പ്രായം 70 കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 20-ലേറെ വർഷമായി സഹോദരി മുൻനിരസേവനം ചെയ്യുന്നു. ഈ കാലംകൊണ്ട് എട്ടു പേരെ സ്നാനത്തിലേക്കു പുരോഗമിക്കാൻ സഹായിക്കുന്നതിനു സഹോദരിക്കു കഴിഞ്ഞു. സഹോദരി പറയുന്നു: “ചിലപ്പോൾ എനിക്കു വല്ലാത്ത ക്ഷീണമൊക്കെ തോന്നും. എങ്കിലും മുൻനിരസേവനത്തിൽ തുടരാൻ യഹോവ ദിവസവും എന്നെ സഹായിക്കുന്നു.”
13-14. യഹോവയിൽ ആശ്രയിച്ചുകൊണ്ട് ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ ആരുടെയെല്ലാം മാതൃകകൾ നമ്മളെ സഹായിക്കും?
13 യഹോവയിൽ ആശ്രയിച്ചവരുടെ മാതൃകയിൽനിന്ന് പഠിക്കുക. യഹോവയുടെ സേവനത്തിനുവേണ്ടി തങ്ങളെത്തന്നെ വിട്ടുകൊടുത്ത ധാരാളം പേരുടെ അനുഭവങ്ങൾ ബൈബിളിലുണ്ട്. പലപ്പോഴും അവർ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണ് യഹോവ അവരെ അനുഗ്രഹിച്ചത്. ഉദാഹരണത്തിന്, “എവിടേക്കാണു പോകുന്നതെന്ന് അറിയില്ലായിരുന്നിട്ടും” അബ്രാഹാം തന്റെ വീടും നാടും ഒക്കെ വിട്ട് പുറപ്പെട്ടു. അതിനു ശേഷമാണ് യഹോവ അബ്രാഹാമിനെ അനുഗ്രഹിച്ചത്. (എബ്രാ. 11:8) യാക്കോബിന്റെ കാര്യത്തിൽ അദ്ദേഹം ദൈവദൂതനോട് ഏറെ നേരം മല്ലുപിടിച്ച് കഴിഞ്ഞാണ് അദ്ദേഹത്തിന് അനുഗ്രഹം കിട്ടിയത്. (ഉൽപ. 32:24-30) ഇനി, ഇസ്രായേൽ ജനത്തിന്റെ കാര്യത്തിൽ, അവർ വാഗ്ദത്തദേശത്തേക്കു കടക്കുന്നതിനു തൊട്ടുമുമ്പ് പുരോഹിതന്മാർ കുത്തിയൊഴുകുന്ന യോർദാൻ നദിയിലേക്കു കാലെടുത്തു വെച്ചശേഷമാണ് അതിന്റെ ഒഴുക്കു നിന്നതും ജനത്തിന് അക്കര കടക്കാനായതും.—യോശു. 3:14-16.
14 ഇക്കാലത്ത് യഹോവയിൽ ആശ്രയിച്ചുകൊണ്ട് ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ ശ്രമിച്ചിട്ടുള്ള സഹോദരങ്ങളുടെ മാതൃകയിൽനിന്നും നമുക്കു പ്രയോജനം നേടാം. ഉദാഹരണത്തിന് പെയ്റ്റെൻ-ഡയാന ദമ്പതികളുടെ കാര്യം നോക്കാം. “ആത്മാർപ്പണത്തിന്റെ മാതൃകകൾ” എന്ന പരമ്പരയിലും മറ്റും വന്ന, ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ തങ്ങളെത്തന്നെ വിട്ടുകൊടുത്ത സഹോദരങ്ങളുടെ അനുഭവങ്ങൾ വായിക്കാൻ അവർക്ക് ഇഷ്ടമായിരുന്നു.c പെയ്റ്റെൻ സഹോദരൻ പറയുന്നു: “ആ അനുഭവങ്ങളൊക്കെ വായിച്ചപ്പോൾ മറ്റുള്ളവർ നല്ല രുചിയുള്ള ഭക്ഷണം ആസ്വദിക്കുന്നതു വെറുതേ നോക്കിനിൽക്കുന്നതുപോലെയാണു ഞങ്ങൾക്കു തോന്നിയത്. എത്ര കൂടുതൽ നേരം അതു നോക്കി നിന്നോ അത്ര അധികമായി ‘യഹോവ നല്ലവനെന്നു രുചിച്ചറിയാനുള്ള’ ആഗ്രഹം ഞങ്ങൾക്കുമുണ്ടായി.” അവസാനം അവർ രണ്ടു പേരും ആവശ്യം അധികമുള്ള ഒരു പ്രദേശത്ത് പോയി പ്രവർത്തിക്കാൻ തീരുമാനിച്ചു. ആ പരമ്പര നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇനി jw.org-ൽ വന്നിട്ടുള്ള ഒറ്റപ്പെട്ട പ്രദേശത്തു സാക്ഷീകരിക്കുന്നു—ഓസ്ട്രേലിയ, ഒറ്റപ്പെട്ട പ്രദേശത്തു സാക്ഷീകരിക്കുന്നു—അയർലൻഡ് (ഇംഗ്ലീഷ്) തുടങ്ങിയ വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇതിലെയെല്ലാം വിവരങ്ങൾ നമുക്ക് എങ്ങനെ ദൈവസേവനത്തിൽ കൂടുതൽ ചെയ്യാമെന്നു മനസ്സിലാക്കാൻ സഹായിക്കും.
15. ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നവരുടെകൂടെ സമയം ചെലവഴിക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും?
15 ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക. നമ്മൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു ഭക്ഷണം നന്നായി ആസ്വദിക്കുന്നവരുടെ കൂടെയായിരിക്കുമ്പോൾ നമുക്കും അതു കഴിച്ചുനോക്കാൻ തോന്നും. അതുപോലെ യഹോവയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നവരുടെകൂടെ സമയം ചെലവഴിക്കുകയാണെങ്കിൽ ദൈവസേവനത്തിൽ കൂടുതൽ ചെയ്യാനുള്ള ആഗ്രഹം സാധ്യതയനുസരിച്ച് നമുക്കുമുണ്ടാകും. കെന്റ്-വെറോനിക്ക ദമ്പതികളുടെ അനുഭവം അതായിരുന്നു. കെന്റ് സഹോദരൻ പറയുന്നു: “ഞങ്ങളുടെ കൂട്ടുകാരും വീട്ടുകാരും സേവനത്തിലെ വ്യത്യസ്ത രീതികൾ പരീക്ഷിച്ചു നോക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നവരുമായി സഹവസിച്ചതുകൊണ്ട് സേവനത്തിന്റെ പുതിയൊരു മേഖല പരീക്ഷിച്ചു നോക്കാനുള്ള ധൈര്യം ഞങ്ങൾക്കു കിട്ടി.” കെന്റും വെറോനിക്കയും ഇപ്പോൾ സെർബിയയിൽ പ്രത്യേക മുൻനിരസേവകരാണ്.
16. ലൂക്കോസ് 12:16-21-ലെ യേശുവിന്റെ ദൃഷ്ടാന്തം കാണിക്കുന്നതുപോലെ ത്യാഗങ്ങൾ ചെയ്യാൻ നമ്മൾ തയ്യാറാകേണ്ടത് എന്തുകൊണ്ട്?
16 യഹോവയ്ക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാകുക. യഹോവയെ സന്തോഷിപ്പിക്കാൻ നമ്മൾ ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കണമെന്നൊന്നും ഇല്ല. (സഭാ. 5:19, 20) പക്ഷേ, ജീവിതത്തിൽ നമുക്കു വളരെ ഇഷ്ടമുള്ള ചില കാര്യങ്ങൾ ഉപേക്ഷിക്കേണ്ടിവരുമല്ലോ എന്നോർത്ത് ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ നമ്മൾ മടി കാണിക്കുന്നുണ്ടോ? എങ്കിൽ യേശു ഒരു ദൃഷ്ടാന്തത്തിൽ പറഞ്ഞ ധനികനായ മനുഷ്യനെപ്പോലെയായിരിക്കും നമ്മൾ. അയാൾ തനിക്കുവേണ്ടി സമ്പത്ത് വാരിക്കൂട്ടി. എന്നാൽ ദൈവത്തെക്കുറിച്ച് ചിന്തിച്ചില്ല. അങ്ങനെയൊരു തെറ്റു പറ്റാതെ നമ്മൾ ശ്രദ്ധിക്കണം. (ലൂക്കോസ് 12:16-21 വായിക്കുക.) ഫ്രാൻസിൽ താമസിക്കുന്ന ക്രിസ്റ്റ്യൻ സഹോദരൻ പറയുന്നു: “എന്റെ സമയത്തിന്റെയും ആരോഗ്യത്തിന്റെയും ഏറ്റവും നല്ല ഭാഗം ഞാൻ മറ്റു കാര്യങ്ങൾക്കുവേണ്ടിയാണ് ഉപയോഗിച്ചത്, യഹോവയ്ക്കും എന്റെ കുടുംബത്തിനും വേണ്ടിയല്ല.” സഹോദരനും ഭാര്യയും മുൻനിരസേവനം ചെയ്യാൻ തീരുമാനിച്ചു. പക്ഷേ അതിനുവേണ്ടി അവർക്ക് അവരുടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നിട്ട് വരുമാനത്തിനുവേണ്ടി അവർ വീടുകളും ഓഫീസുകളും ഒക്കെ വൃത്തിയാക്കുന്ന ചെറിയൊരു പണി തുടങ്ങി. കുറഞ്ഞ വരുമാനംകൊണ്ട് സന്തോഷത്തോടെ കഴിയാൻ അവർ പഠിച്ചു. മുൻനിരസേവനം ചെയ്യാൻവേണ്ടി ഇങ്ങനെയൊരു ത്യാഗം ചെയ്തതിനെക്കുറിച്ച് അവർക്ക് എന്താണു തോന്നുന്നത്? ക്രിസ്റ്റ്യൻ സഹോദരൻ പറയുന്നു: “ശുശ്രൂഷ ഇപ്പോൾ ഞങ്ങൾ ശരിക്കും ഇഷ്ടപ്പെടുന്നു. ബൈബിൾവിദ്യാർഥികളും മടക്കസന്ദർശനത്തിലുള്ളവരും യഹോവയെക്കുറിച്ച് പഠിക്കുന്നതു കാണുമ്പോൾ ഞങ്ങൾക്ക് ഒരുപാടു സന്തോഷം തോന്നുന്നു.”
17. ശുശ്രൂഷയിൽ ഒരു പുതിയ രീതി പരീക്ഷിക്കാൻ ഒരു സഹോദരിയെ സഹായിച്ചത് എന്താണ്?
17 ശുശ്രൂഷയിൽ പുതിയ രീതികൾ പരീക്ഷിക്കാൻ തയ്യാറാകുക. (പ്രവൃ. 17:16, 17; 20:20, 21) ഐക്യനാടുകളിലുള്ള ഒരു മുൻനിരസേവികയാണു ഷേർളി. കോവിഡ്-19 മഹാമാരിയുടെ സമയത്ത് സഹോദരിക്കു പ്രസംഗപ്രവർത്തനത്തിന്റെ രീതികളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ടെലിഫോൺ സാക്ഷീകരണം ചെയ്തു നോക്കാൻ ആദ്യം സഹോദരിക്ക് അൽപ്പം മടിയായിരുന്നു. എന്നാൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനസമയത്ത് സഹോദരിക്ക് അതിനുവേണ്ട പരിശീലനം കിട്ടി. അതോടെ സഹോദരി പതിവായി ടെലിഫോൺ സാക്ഷീകരണം ചെയ്യാൻ തുടങ്ങി. സഹോദരി പറയുന്നു: “ആദ്യമൊക്കെ എനിക്കു നല്ല പേടിയുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ എനിക്ക് അത് ഒരുപാട് ഇഷ്ടമാണ്. വീടുതോറും പോയിരുന്നപ്പോൾ കണ്ടതിലും കൂടുതൽ ആളുകളോടു ഞങ്ങൾക്ക് ഇപ്പോൾ സംസാരിക്കാനാകുന്നു!”
18. ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ ബുദ്ധിമുട്ടു നേരിടുമ്പോൾ അതിനെ മറികടക്കാൻ നമുക്ക് എന്തു ചെയ്യാം?
18 ഒരു ലക്ഷ്യം വെച്ച് അതിൽ എത്തിച്ചേരാൻ ശ്രമിക്കുക. ഒരു പ്രശ്നമുണ്ടാകുമ്പോൾ സഹായത്തിനായി പ്രാർഥിക്കുക. എന്നിട്ട് അതു സംബന്ധിച്ച് എന്തു ചെയ്യാനാകുമെന്നു നന്നായി ചിന്തിക്കുക. (സുഭാ. 3:21) യൂറോപ്പിലെ റോമനി ഭാഷാക്കൂട്ടത്തോടൊപ്പം മുൻനിരസേവനം ചെയ്യുന്ന സോണിയ പറയുന്നു: “എന്റെ ലക്ഷ്യങ്ങളൊക്കെ ഒരു പേപ്പറിൽ എഴുതി എപ്പോഴും കാണുന്ന ഒരിടത്ത് വെക്കുന്നതാണ് എന്റെ രീതി. ഒരു വഴി രണ്ടായി പിരിയുന്നതിന്റെ ഒരു ചിത്രം ഞാൻ എന്റെ മേശപ്പുറത്ത് സൂക്ഷിച്ചിട്ടുണ്ട്. ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോൾ ഞാൻ ആ ചിത്രത്തിൽ നോക്കും. എന്നിട്ട് എന്റെ തീരുമാനം എന്നെ എവിടെ കൊണ്ടെത്തിക്കുമെന്നു ചിന്തിക്കും.” അങ്ങനെ പ്രതിസന്ധികളുണ്ടാകുമ്പോൾ നല്ലൊരു മനോഭാവം നിലനിറുത്താൻ സോണിയ ശ്രമിക്കുന്നു. “ഓരോ സാഹചര്യവും ഒന്നുകിൽ എന്റെ ലക്ഷ്യത്തിൽ എത്താൻ തടസ്സമായി നിൽക്കുന്ന ഒരു മതിൽക്കെട്ടാകാം, അല്ലെങ്കിൽ ആ ലക്ഷ്യത്തിൽ എത്താൻ സഹായിക്കുന്ന ഒരു പാലമാകാം. അതൊക്കെ എന്റെ മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്” എന്നു സോണിയ പറയുന്നു.
19. നമ്മുടെ തീരുമാനം എന്തായിരിക്കണം?
19 യഹോവ നമ്മളെ പലപല വിധങ്ങളിൽ അനുഗ്രഹിക്കുന്നുണ്ട്. യഹോവയ്ക്ക് മഹത്ത്വവും സ്തുതിയും കിട്ടാൻ നമ്മളാൽ ആകുന്നതെല്ലാം ചെയ്തുകൊണ്ട് ഈ അനുഗ്രഹങ്ങൾക്കെല്ലാം നന്ദിയുള്ളവരാണെന്നു നമുക്ക് കാണിക്കാം. (എബ്രാ. 13:15) യഹോവയുടെ സേവനത്തിൽ നമുക്ക് എങ്ങനെ കൂടുതൽ ചെയ്യാമെന്നു ചിന്തിക്കുക, അതിനുള്ള വഴികൾ കണ്ടെത്തുക. അപ്പോൾ യഹോവ നമ്മളെ കൂടുതലായി അനുഗ്രഹിക്കും. ‘യഹോവ നല്ലവനെന്നു രുചിച്ചറിയാൻ’ ഓരോ ദിവസവും നമുക്ക് എന്തു ചെയ്യാമെന്നു ചിന്തിക്കുക. അപ്പോൾ, “എന്നെ അയച്ച വ്യക്തിയുടെ ഇഷ്ടം ചെയ്യുന്നതും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്തുതീർക്കുന്നതും ആണ് എന്റെ ആഹാരം” എന്നു പറഞ്ഞ യേശുവിനെപ്പോലെ ആയിരിക്കും നമ്മളും.—യോഹ. 4:34.
ഗീതം 80 “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”
a എല്ലാ നല്ല കാര്യങ്ങളും യഹോവയിൽനിന്നാണു വരുന്നത്. അതു നല്ലവർക്കു മാത്രമല്ല ദുഷ്ടന്മാർക്കുപോലും ലഭിക്കുന്നു. എന്നാൽ തന്റെ വിശ്വസ്തദാസന്മാർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ യഹോവയ്ക്കു കൂടുതൽ ഇഷ്ടമാണ്. യഹോവ തന്റെ ആരാധകർക്കുവേണ്ടി ഇതു ചെയ്യുന്നത് എങ്ങനെയാണെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ദൈവസേവനത്തിൽ കൂടുതൽ ചെയ്യുന്നവർക്ക് യഹോവയുടെ നന്മ കൂടുതൽ ആസ്വദിക്കാനാകുന്നത് എങ്ങനെയെന്നും നമ്മൾ കാണും.
b ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.
c മുമ്പ് വീക്ഷാഗോപുരത്തിൽ വന്നിരുന്ന ഈ പരമ്പര, ഇപ്പോൾ jw.org-ലാണു കാണുന്നത്. അതിനായി ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ > ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നു എന്നതിനു കീഴിൽ നോക്കുക.