പഠനലേഖനം 50
“നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും”
“സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.”—ലൂക്കോ. 23:43.
ഗീതം 145 ദൈവം വാഗ്ദാനം ചെയ്ത പറുദീസ
ചുരുക്കംa
1. തന്റെ മരണത്തിനു തൊട്ടുമുമ്പ് യേശു കുറ്റവാളികളിൽ ഒരാളോട് എന്തു പറഞ്ഞു? (ലൂക്കോസ് 23:39-43)
യേശുവും രണ്ടു കുറ്റവാളികളും ഇഞ്ചിഞ്ചായി മരിക്കുകയാണ്. (ലൂക്കോ. 23:32, 33) ആ സമയത്തുപോലും യേശുവിനെ നിന്ദിച്ച് സംസാരിക്കുകയാണ് ആ കുറ്റവാളികൾ. അതിൽനിന്നും അവർ യേശുവിന്റെ ശിഷ്യന്മാരായിരുന്നില്ലെന്നു വ്യക്തമാണ്. (മത്താ. 27:44; മർക്കോ. 15:32) പക്ഷേ ആ കുറ്റവാളികളിൽ ഒരാൾക്കു പെട്ടെന്നു മനംമാറ്റം ഉണ്ടാകുന്നു. അയാൾ പറഞ്ഞു: “യേശുവേ, അങ്ങ് അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ.” അതിനു മറുപടിയായി യേശു അയാളോടു പറഞ്ഞു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” (ലൂക്കോസ് 23:39-43 വായിക്കുക.) യേശു തന്റെ ശുശ്രൂഷക്കാലത്ത് ആളുകളോട് അറിയിച്ചിരുന്ന, ‘സ്വർഗരാജ്യത്തെക്കുറിച്ചുള്ള’ സന്ദേശം ആ കുറ്റവാളി സ്വീകരിച്ചിരുന്നു എന്നതിനു തെളിവൊന്നുമില്ല. ഇനി, ആ രാജ്യത്തിന്റെ ഭാഗമാകാൻ അയാൾ സ്വർഗത്തിലേക്കു പ്രവേശിക്കുമെന്നു യേശു പറഞ്ഞതുമില്ല. (മത്താ. 4:17) പകരം, ഭാവിയിൽ ഭൂമിയിൽ വരാനിരിക്കുന്ന ഒരു പറുദീസയിലുണ്ടായിരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് അയാളോടു പറഞ്ഞത്. അതു നമുക്ക് എങ്ങനെ അറിയാം?
2. മാനസാന്തരപ്പെട്ട ആ കുറ്റവാളി ഒരു ജൂതനായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
2 മാനസാന്തരപ്പെട്ട ആ കുറ്റവാളി സാധ്യതയനുസരിച്ച് ഒരു ജൂതനായിരുന്നു. അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, അയാൾ കൂടെയുണ്ടായിരുന്ന മറ്റേ കുറ്റവാളിയോടു ചോദിച്ചത് “നിനക്കു ദൈവത്തെ ഒട്ടും പേടിയില്ലേ” എന്നാണ്. (ലൂക്കോ. 23:40) ജൂതന്മാർ ഏകദൈവത്തെയാണ് ആരാധിച്ചിരുന്നത്. അതേസമയം മറ്റു ജനതകൾ പല ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു. (പുറ. 20:2, 3; 1 കൊരി. 8:5, 6) ആ കുറ്റവാളികൾ ജനതകളിൽപ്പെട്ടവരായിരുന്നെങ്കിൽ “നിനക്കു ദൈവങ്ങളെയൊന്നും പേടിയില്ലേ” എന്ന് അയാൾ ചോദിച്ചേനേ. ഇനി മറ്റൊരു കാരണം, യേശുവിനെ അയച്ചതു ജനതകളുടെ അടുത്തേക്കല്ല, “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്കു മാത്രമാണ്.” (മത്താ. 15:24) ഇനി, യേശുവിനോടുള്ള അയാളുടെ വാക്കുകളെക്കുറിച്ചും ചിന്തിക്കുക. ദൈവരാജ്യത്തിന്റെ രാജാവായി ഭരിക്കാൻ യഹോവ യേശുവിനെ ഉയിർപ്പിക്കുമെന്നും ഒരുപക്ഷേ തന്നെയും പുനരുത്ഥാനപ്പെടുത്തുമെന്നും അയാൾ പ്രതീക്ഷിച്ചിരുന്നെന്ന് ആ വാക്കുകൾ സൂചിപ്പിക്കുന്നു. ജൂതനായതുകൊണ്ടായിരിക്കാം അയാൾക്ക് അങ്ങനെയൊരു പ്രതീക്ഷയുണ്ടായിരുന്നത്. കാരണം മരിച്ചവരെ പുനരുത്ഥാനപ്പെടുത്തുമെന്ന കാര്യം ഇസ്രായേല്യർക്ക് അറിയാമായിരുന്നു, ദൈവം അത് അവർക്കു വെളിപ്പെടുത്തിയിരുന്നു.
3. യേശു പറുദീസയെക്കുറിച്ച് പറഞ്ഞപ്പോൾ, മാനസാന്തരപ്പെട്ട കുറ്റവാളിയുടെ മനസ്സിലേക്ക് എന്തായിരിക്കാം വന്നത്, വിശദീകരിക്കുക. (ഉൽപത്തി 2:15)
3 ഒരു ജൂതനെന്ന നിലയിൽ മാനസാന്തരപ്പെട്ട ആ കുറ്റവാളിക്ക് ആദാമിനെയും ഹവ്വയെയും കുറിച്ചും യഹോവ അവരെ താമസിപ്പിച്ച പറുദീസയെക്കുറിച്ചും ഒക്കെ അറിയാമായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ യേശു പറുദീസയെക്കുറിച്ച് പറഞ്ഞപ്പോൾ ഭൂമിയിലെ മനോഹരമായ ഒരു തോട്ടത്തെക്കുറിച്ചുതന്നെയായിരിക്കാം അദ്ദേഹം ചിന്തിച്ചത്.—ഉൽപത്തി 2:15 വായിക്കുക.
4. കുറ്റവാളിയോടുള്ള യേശുവിന്റെ വാക്കുകൾ എന്തിനെക്കുറിച്ച് ചിന്തിക്കാൻ നമ്മളെ പ്രേരിപ്പിക്കണം?
4 കുറ്റവാളിയോടുള്ള യേശുവിന്റെ വാക്കുകൾ പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു ചിന്തിക്കാൻ നമ്മളെ പ്രേരിപ്പിക്കണം. ശലോമോൻ രാജാവിന്റെ ഭരണത്തിൻകീഴിലെ അവസ്ഥയെക്കുറിച്ച് അറിയുന്നത് അതു മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ബൈബിൾ യേശുവിനെ വലിയ ശലോമോൻ എന്നാണല്ലോ വിളിച്ചിരിക്കുന്നത്. (മത്താ. 12:42) അതുകൊണ്ട് യേശുവും സഹഭരണാധികാരികളും ചേർന്ന് ഭൂമിയെ മനോഹരമായ ഒരു പറുദീസയാക്കുമെന്നു നമുക്കു ന്യായമായും പ്രതീക്ഷിക്കാം. എന്നാൽ പറുദീസയിൽ എന്നെന്നും ജീവിക്കാനുള്ള യോഗ്യത നേടുന്നതിനുവേണ്ടി തങ്ങൾ എന്തു ചെയ്യണമെന്നും ‘വേറെ ആടുകൾ’ ചിന്തിക്കേണ്ടതുണ്ട്.—യോഹ. 10:16.
പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും?
5. പറുദീസയിലെ ജീവിതം എങ്ങനെയായിരിക്കുമെന്നാണു നിങ്ങൾക്കു തോന്നുന്നത്?
5 പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നാണു നിങ്ങൾക്കു തോന്നുന്നത്? ഒരുപക്ഷേ ഏദെൻതോട്ടംപോലുള്ള മനോഹരമായ ഒരു തോട്ടം നിങ്ങളുടെ മനസ്സിലേക്കു വന്നേക്കാം. (ഉൽപ. 2:7-9) ചുറ്റും പല തരത്തിലുള്ള ചെടികളും മനോഹരമായ പൂക്കളും. അവയുടെ നറുമണം കാറ്റത്ത് എല്ലായിടത്തും ഒഴുകിയെത്തുന്നു. ഇനി, മീഖ പ്രവാചകൻ ദൈവജനത്തോടു പറഞ്ഞ വാക്കുകളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചേക്കാം. അദ്ദേഹം എഴുതി: “അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും.” (മീഖ 4:3, 4) അവിടെ ഇഷ്ടംപോലെ ഭക്ഷണസാധനങ്ങളുണ്ടായിരിക്കും എന്നതിന്റെ സൂചനയും ബൈബിൾ നൽകുന്നുണ്ട്. (സങ്കീ. 72:16; യശ. 65:21, 22) മനോഹരമായ ആ തോട്ടത്തിൽ മേശപ്പുറത്ത് പല തരത്തിലുള്ള ഭക്ഷണസാധനങ്ങൾ നിരത്തിവെച്ചിരിക്കുന്നതു നിങ്ങൾ ഭാവനയിൽ കാണുകയാണോ? വീട്ടുകാരും കൂട്ടുകാരും ഒക്കെ ഒന്നിച്ച് ചിരിച്ചുകളിക്കുന്നതും പുനരുത്ഥാനത്തിൽ വരുന്നവരെ സ്വീകരിക്കുന്നതും ഒക്കെ എത്ര രസമായിരിക്കും, അല്ലേ? ഇവയൊന്നും വെറും സ്വപ്നമല്ല. ശരിക്കും നടക്കാനിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇവയോടൊപ്പംതന്നെ നമുക്കു സന്തോഷംതരുന്ന ചില ജോലികളും ചെയ്യാനുണ്ടായിരിക്കും.
6. പറുദീസയിൽ നമുക്ക് എന്തൊക്കെ ചെയ്യാനുണ്ടാകും? (ചിത്രം കാണുക.)
6 ജോലിയിൽ ആസ്വാദനം കണ്ടെത്താനുള്ള കഴിവോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. (സഭാ. 2:24) ക്രിസ്തുവിന്റെ ആയിരംവർഷ ഭരണകാലത്ത് നമുക്കെല്ലാം ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടാകും. മഹാകഷ്ടതയെ അതിജീവിക്കുന്നവർക്കും അതുപോലെ തിരികെ ജീവനിലേക്കു വരുന്ന ലക്ഷക്കണക്കിന് ആളുകൾക്കും വേണ്ടി വസ്ത്രവും ഭക്ഷണവും വീടും ഒക്കെ ഒരുക്കേണ്ടതുണ്ട്. അതിനെല്ലാംവേണ്ടി രസകരമായ പലതും നമുക്ക് ചെയ്യാനുണ്ടായിരിക്കും. ഇനി, ആദാമിനോടും ഹവ്വയോടും ഭൂമി മുഴുവൻ ഒരു പറുദീസയാക്കാനാണല്ലോ ദൈവം ആവശ്യപ്പെട്ടത്. അതുപോലെ ഈ ഭൂമി മുഴുവൻ ഒരു പറുദീസയാക്കുന്നതിന്റെ സന്തോഷവും നമുക്ക് അനുഭവിക്കാനാകും. കൂടാതെ അന്നു നടക്കുന്ന വലിയ വിദ്യാഭ്യാസപ്രവർത്തനത്തെക്കുറിച്ചും ഒന്നു ചിന്തിക്കുക. യഹോവയെക്കുറിച്ചും ദൈവോദ്ദേശ്യത്തെക്കുറിച്ചും കാര്യമായി ഒന്നും അറിയില്ലാത്ത ലക്ഷക്കണക്കിന് ആളുകൾ ജീവനിലേക്കു വരും. കൂടാതെ യേശു ജീവിച്ചിരുന്നതിനു വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ വിശ്വസ്തരായ ആളുകളും ഉയിർത്തെഴുന്നേൽക്കും. തങ്ങളുടെ മരണശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് അവരും പഠിക്കേണ്ടതുണ്ട്. ഇവരെയെല്ലാം പഠിപ്പിക്കാനുള്ള വലിയ ഉത്തരവാദിത്വമായിരിക്കും നമുക്കുള്ളത്. അതൊക്കെ എത്ര രസമായിരിക്കും, അല്ലേ?
7. ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം, എന്തുകൊണ്ട്?
7 പറുദീസയിൽ എല്ലായിടത്തും സമാധാനമുണ്ടായിരിക്കുമെന്നും ആളുകൾക്കു വേണ്ടതെല്ലാം സമൃദ്ധമായി കിട്ടുമെന്നും കാര്യങ്ങളൊക്കെ ചിട്ടയോടെ നടക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം. എന്തുകൊണ്ട്? തന്റെ പുത്രന്റെ ഭരണത്തിൻകീഴിൽ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നതിന്റെ ഒരു സൂചന യഹോവ നമുക്ക് ഇപ്പോൾത്തന്നെ തന്നിട്ടുണ്ട്. ശലോമോന്റെ ഭരണത്തെക്കുറിച്ചുള്ള വിവരണത്തിൽനിന്നും നമുക്ക് അതു മനസ്സിലാക്കാം.
ശലോമോന്റെ ഭരണം—പറുദീസയിലെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നു
8. ദാവീദ് രാജാവ് സങ്കീർത്തനം 37:10, 11, 29 വാക്യങ്ങളിൽ എഴുതിയ വാക്കുകൾക്ക് പണ്ട് ഒരു നിവൃത്തിയുണ്ടായത് എങ്ങനെ? (ഈ ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.)
8 ജ്ഞാനിയും വിശ്വസ്തനും ആയ ഒരു രാജാവ് ഭാവിയിൽ ഭരണം നടത്തുമ്പോൾ ഭൂമിയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു ദൈവപ്രചോദിതനായി ദാവീദ് രാജാവ് എഴുതി. (സങ്കീർത്തനം 37:10, 11, 29 വായിക്കുക.) സങ്കീർത്തനം 37:11-ലെ ആ വാക്കുകൾ മിക്കപ്പോഴും വരാനിരിക്കുന്ന ഒരു പറുദീസയെക്കുറിച്ച് പറയുമ്പോഴാണു നമ്മൾ ഉപയോഗിക്കാറുള്ളത്. അതിൽ തെറ്റൊന്നുമില്ല. കാരണം മലയിലെ പ്രസംഗത്തിൽ യേശു ആ വാക്യം ഉദ്ധരിച്ചുകൊണ്ട് അതു ഭാവിയിൽ നിറവേറുമെന്നു നമുക്കു കാണിച്ചുതന്നു. (മത്താ. 5:5) എന്നാൽ ദാവീദിന്റെ ആ വാക്കുകൾ ശലോമോന്റെ ഭരണത്തിൻകീഴിലെ അവസ്ഥ എങ്ങനെയുള്ളതായിരിക്കുമെന്നു വെളിപ്പെടുത്തുന്നതുംകൂടെയായിരുന്നു. ശലോമോൻ ഇസ്രായേലിൽ ഭരിച്ചിരുന്ന ആ സമയത്ത് ദൈവജനത്തിനു ‘പാലും തേനും ഒഴുകുന്ന ആ ദേശത്ത്’ നല്ല സമാധാനവും സമൃദ്ധിയും അനുഭവിക്കാനായി. കാരണം ദൈവം അവരോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു: “നിങ്ങൾ തുടർന്നും എന്റെ നിയമങ്ങളനുസരിച്ച് നടക്കുകയും . . . അവയ്ക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്താൽ . . . ഞാൻ ദേശത്ത് സമാധാനം തരും. ആരും നിങ്ങളെ ഭയപ്പെടുത്താതെ നിങ്ങൾ സ്വസ്ഥമായി കിടന്നുറങ്ങും.” (ലേവ്യ 20:24; 26:3, 6) ശലോമോന്റെ ഭരണകാലത്ത് ദൈവത്തിന്റെ ആ വാക്കുകൾ നിറവേറുന്നത് അവർക്കു കാണാൻ കഴിഞ്ഞു. (1 ദിന. 22:9; 29:26-28) ‘ദുഷ്ടന്മാരില്ലാത്ത’ ഒരു കാലം അവർക്കു പ്രതീക്ഷിക്കാമായിരുന്നു. (സങ്കീ. 37:10) അതുകൊണ്ട് സങ്കീർത്തനം 37:10, 11, 29-ലെ വാക്കുകൾക്കു പണ്ട് ഒരു നിവൃത്തിയുണ്ടായെന്നു നമുക്കു മനസ്സിലാക്കാം. എന്നാൽ ഭാവിയിലും ആ വാക്കുകൾ നിറവേറും.
9. ശലോമോൻ രാജാവിന്റെ ഭരണത്തെക്കുറിച്ച് ശേബയിലെ രാജ്ഞി എന്തു പറഞ്ഞു?
9 ശലോമോന്റെ ഭരണകാലത്ത് ഇസ്രായേലിൽ നിലനിന്നിരുന്ന സമാധാനത്തെയും സമൃദ്ധിയെയും കുറിച്ച് ശേബയിലെ രാജ്ഞി കേട്ടു. അതെല്ലാം നേരിൽ കാണാനായി ഒരുപാടു യാത്രചെയ്ത് അവർ യരുശലേമിൽ എത്തി. (1 രാജാ. 10:1) എല്ലാം കണ്ട് കഴിഞ്ഞപ്പോൾ രാജ്ഞി പറഞ്ഞു: “ഇതിന്റെ പാതിപോലും ഞാൻ കേട്ടിരുന്നില്ല. . . . അങ്ങയുടെ ജനവും അങ്ങയുടെ ജ്ഞാനം കേട്ടുകൊണ്ട് അങ്ങയുടെ സന്നിധിയിൽ നിത്യം നിൽക്കുന്ന ഭൃത്യന്മാരും എത്ര ഭാഗ്യവാന്മാർ!” (1 രാജാ. 10:6-8) എന്നാൽ ശലോമോന്റെ ഭരണകാലത്തെ ആ അവസ്ഥകൾ യഹോവ തന്റെ മകനായ യേശുവിന്റെ ഭരണത്തിലൂടെ മനുഷ്യർക്കു തരാനിരിക്കുന്ന അനുഗ്രഹങ്ങളുടെ ചെറിയൊരു മാതൃക മാത്രമായിരുന്നു.
10. ഏതെല്ലാം വിധങ്ങളിൽ യേശു ശലോമോനെക്കാൾ ശ്രേഷ്ഠനായ ഭരണാധികാരിയാണ്?
10 എല്ലാ രീതിയിലും യേശു ശലോമോനെക്കാൾ ശ്രേഷ്ഠനാണ്. ഒരുപാടു കുറവുകളൊക്കെയുള്ള മനുഷ്യനായിരുന്നു ശലോമോൻ. അദ്ദേഹം ഗുരുതരമായ പല തെറ്റുകളും ചെയ്തു. അതു ദൈവജനത്തിനു വളരെയേറെ കഷ്ടതകളും വരുത്തി. എന്നാൽ യേശു ഒരു കുറവുമില്ലാത്ത ഭരണാധികാരിയാണ്. അതുകൊണ്ടുതന്നെ യേശുവിനു തെറ്റു പറ്റില്ല. (ലൂക്കോ. 1:32; എബ്രാ. 4:14, 15) സാത്താനിൽനിന്ന് കഠിനമായ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും യേശു വിശ്വസ്തനായി ഉറച്ചുനിന്നു. താൻ ഒരിക്കലും പാപം ചെയ്യില്ലെന്നും വിശ്വസ്തരായ തന്റെ പ്രജകൾക്കു ദോഷംവരുന്ന ഒന്നും പ്രവർത്തിക്കില്ലെന്നും ക്രിസ്തു തെളിയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു രാജാവുണ്ടായിരിക്കുന്നതിൽ നമ്മൾ എത്ര അനുഗൃഹീതരാണ്, അല്ലേ?
11. ഭരണത്തിൽ യേശുവിനെ സഹായിക്കാൻ വേറെ ആരുംകൂടെയുണ്ടായിരിക്കും?
11 മനുഷ്യരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനും ഭൂമിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം നടപ്പാക്കാനും യേശുവിനോടൊപ്പം 1,44,000 സഹഭരണാധികാരികളുമുണ്ടായിരിക്കും. (വെളി. 14:1-3) ഭൂമിയിലായിരുന്നപ്പോൾ അവർ പല കഷ്ടങ്ങളും സഹിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് നമ്മുടെ പ്രശ്നങ്ങൾ ശരിക്കും മനസ്സിലാക്കുന്ന ഭരണാധികാരികളായിരിക്കും അവർ. അവരുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയായിരിക്കും?
അഭിഷിക്തരുടെ ഉത്തരവാദിത്വങ്ങൾ
12. യഹോവ 1,44,000 പേർക്ക് എന്ത് ഉത്തരവാദിത്വം നൽകും?
12 ശലോമോന് ഉണ്ടായിരുന്നതിനെക്കാൾ വലിയ ഉത്തരവാദിത്വങ്ങളായിരിക്കും യേശുവിനും സഹഭരണാധികാരികൾക്കും ഉണ്ടായിരിക്കുന്നത്. ഇസ്രായേൽ ഭരിച്ചിരുന്ന ശലോമോൻ രാജാവിനു തന്റെ ദേശത്തുള്ള ലക്ഷക്കണക്കിന് ആളുകളുടെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു. എന്നാൽ ദൈവരാജ്യത്തിന്റെ ഭരണാധികാരികൾക്കു ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻവേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്. 1,44,000 പേർക്ക് എത്ര മഹത്തായ പദവിയാണ് യഹോവ നൽകുന്നത്!
13. യേശുവിന്റെ സഹഭരണാധികാരികൾക്ക് ഏതു പ്രത്യേക ഉത്തരവാദിത്വംകൂടെ ഉണ്ടായിരിക്കും?
13 യേശുവിനെപ്പോലെതന്നെ 1,44,000 പേരും രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കും. (വെളി. 5:10) പണ്ട് ദൈവം മോശയിലൂടെ ഇസ്രായേല്യർക്കു നിയമം നൽകിയപ്പോൾ നല്ല ആരോഗ്യത്തോടിരിക്കാനും യഹോവയുമായി ഒരു അടുത്ത ബന്ധത്തിലായിരിക്കാനും ജനത്തെ സഹായിക്കാനുള്ള മുഖ്യ ഉത്തരവാദിത്വം പുരോഹിതന്മാർക്കായിരുന്നു. എന്നാൽ അവർക്കു നൽകിയ ആ നിയമം ‘വരാനുള്ള നന്മകളുടെ ഒരു നിഴലായിരുന്നു.’ (എബ്രാ. 10:1) അതുകൊണ്ട് യേശുവിന്റെ സഹഭരണാധികാരികൾക്കു ദൈവജനത്തിന്റെ ശാരീരികവും ആത്മീയവും ആയ ആവശ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള പ്രത്യേക ഉത്തരവാദിത്വംകൂടെ ഉണ്ടായിരിക്കുമെന്നു ന്യായമായും നമുക്കു പ്രതീക്ഷിക്കാം. അന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവരാജ്യത്തിന്റെ പ്രജകളുമായി ഈ രാജാക്കന്മാരും പുരോഹിതന്മാരും എങ്ങനെയായിരിക്കും ആശയവിനിമയം ചെയ്യുന്നത്? നമ്മൾ കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. യഹോവ അതിനുവേണ്ടി ചെയ്യുന്ന ക്രമീകരണം എന്തുതന്നെയായാലും അന്നു ഭൂമിയിലുള്ളവർക്ക് ആവശ്യമായ നിർദേശങ്ങൾ കൃത്യമായി ലഭിക്കുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം.—വെളി. 21:3, 4.
പറുദീസയിൽ ജീവിക്കാൻ “വേറെ ആടുകൾ” എന്തു ചെയ്യണം?
14. ‘വേറെ ആടുകളും’ ‘ചെറിയ ആട്ടിൻകൂട്ടവും’ തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണ്?
14 തന്നോടൊപ്പം ഭരിക്കാനുള്ളവരെ യേശു ‘ചെറിയ ആട്ടിൻകൂട്ടം’ എന്നാണു വിളിച്ചത്. (ലൂക്കോ. 12:32) എന്നാൽ മറ്റൊരു കൂട്ടത്തെക്കുറിച്ചും യേശു പറഞ്ഞു. അവരാണു ‘വേറെ ആടുകൾ.’ ഈ രണ്ടു കൂട്ടവും ഒറ്റ ആട്ടിൻകൂട്ടമാകുമെന്നു ബൈബിൾ പറഞ്ഞിരിക്കുന്നു. (യോഹ. 10:16) അവർ ഇപ്പോൾത്തന്നെ ഐക്യത്തോടെ പ്രവർത്തിക്കുകയാണ്. ഇനി, ഭൂമി പറുദീസയായശേഷവും അവർ അങ്ങനെതന്നെ തുടരും. പക്ഷേ അപ്പോഴേക്കും ‘ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവർ’ സ്വർഗത്തിലേക്കു പോയിട്ടുണ്ടാകും. അതേസമയം ‘വേറെ ആടുകൾക്ക്’ ഭൂമിയിൽ എന്നെന്നും ജീവിക്കാനുള്ള അവസരമായിരിക്കും ഉണ്ടായിരിക്കുന്നത്. അതിനുള്ള യോഗ്യത നേടുന്നതിനുവേണ്ടി ‘വേറെ ആടുകൾ’ ഇപ്പോൾത്തന്നെ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
15. (എ) വേറെ ആടുകൾ ക്രിസ്തുവിന്റെ സഹോദരന്മാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് എങ്ങനെ? (ബി) മരുന്നുകടയിൽ ചെന്ന ആ സഹോദരന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? (ചിത്രം കാണുക.)
15 മാനസാന്തരപ്പെട്ട ആ കുറ്റവാളിക്ക്, ക്രിസ്തു തനിക്കുവേണ്ടി ചെയ്ത കാര്യങ്ങൾക്കു താൻ എത്രമാത്രം നന്ദിയുള്ളവനാണെന്നു തെളിയിക്കാനായില്ല. അതിനു മുമ്പേ അയാൾ മരിച്ചുപോയി. എന്നാൽ ‘വേറെ ആടുകളിൽപ്പെട്ട’ നമുക്കു യേശുവിനോടുള്ള നന്ദിയും സ്നേഹവും തെളിയിക്കാൻ ധാരാളം അവസരങ്ങളുണ്ട്. ഉദാഹരണത്തിന്, യേശുവിന്റെ ആത്മാഭിഷിക്ത സഹോദരന്മാരോടു സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ നമുക്ക് ആ സ്നേഹം തെളിയിക്കാനാകും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ആരാണു ചെമ്മരിയാട് എന്നു യേശു വിധിക്കുന്നത്. (മത്താ. 25:31-40) ഇന്ന് ആളുകളെ സന്തോഷവാർത്ത അറിയിക്കുകയും ശിഷ്യരാക്കുകയും ചെയ്യുന്ന പ്രവർത്തനത്തിൽ ഉത്സാഹത്തോടെ പങ്കെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സഹോദരന്മാരെ നമുക്കു പിന്തുണയ്ക്കാം. (മത്താ. 28:18-20) ജീവിതം ആസ്വദിക്കാം! പുസ്തകംപോലെ, അവർ തന്നിട്ടുള്ള ബൈബിൾപഠന സഹായികൾ ഏറ്റവും നന്നായി ഉപയോഗിച്ചുകൊണ്ട് നമുക്ക് അതു ചെയ്യാം. നിങ്ങൾക്ക് ഇപ്പോൾ ഒരു ബൈബിൾപഠനമില്ലേ? എങ്കിൽ നിങ്ങൾ സന്തോഷവാർത്ത അറിയിക്കുന്ന ആളുകളുമായി ഒരു ബൈബിൾപഠനം തുടങ്ങാൻ നല്ലൊരു ശ്രമം ചെയ്യാനാകുമോ?
16. ദൈവരാജ്യത്തിലെ ഒരു പ്രജയായിരിക്കുന്നതിനു നമുക്ക് ഇപ്പോൾത്തന്നെ എന്തൊക്കെ ചെയ്യാം?
16 പറുദീസയിൽ ജീവിക്കാൻ യോഗ്യത നേടുന്നതിനു നമുക്ക് ഇപ്പോൾത്തന്നെ ഒരുങ്ങാവുന്നതാണ്. നമ്മുടെ സംസാരത്തിലും പ്രവർത്തനത്തിലും സത്യസന്ധരായിരിക്കാൻ നമുക്കു ശ്രമിക്കാം. ശീലങ്ങളിൽ മിതത്വം പാലിക്കാം. യഹോവയോടും വിവാഹ ഇണയോടും നമ്മുടെ സഹോദരങ്ങളോടും വിശ്വസ്തരായിരിക്കാം. ഈ ദുഷ്ടലോകത്തുപോലും ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച് ജീവിക്കാൻ പരമാവധി ശ്രമിക്കുന്നെങ്കിൽ പറുദീസയിൽ നമുക്ക് അങ്ങനെ ചെയ്യുന്നതു കൂടുതൽ എളുപ്പമായിരിക്കും. ഇനി, പറുദീസയിൽ ജീവിക്കാൻവേണ്ടി ഒരുങ്ങുന്നെന്നു തെളിയിക്കാൻ നമുക്കു ചില കഴിവുകളും പ്രാപ്തികളും വളർത്തിയെടുക്കാവുന്നതുമാണ്. ഈ ലക്കത്തിലെ “‘ഭൂമി അവകാശമാക്കാൻ’ നിങ്ങൾ തയ്യാറാണോ?” എന്ന ലേഖനം കാണുക.
17. മുമ്പ് ചെയ്ത തെറ്റിനെക്കുറിച്ച് ഓർത്ത് നമ്മൾ ഇപ്പോഴും വേദനിക്കേണ്ടതുണ്ടോ? വിശദീകരിക്കുക.
17 നമ്മൾ മുമ്പ് എപ്പോഴെങ്കിലും വലിയൊരു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതെക്കുറിച്ച് ഓർത്ത് ഇപ്പോഴും നീറിനീറി കഴിയേണ്ടതില്ല. തന്റെ നാളിലെ പരീശന്മാരോടു യേശു പറഞ്ഞത് ഓർക്കുക: “നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.” (മത്താ. 9:13) അതുകൊണ്ട് നമ്മൾ ഗുരുതരമായ ഒരു പാപം ചെയ്തിട്ടുള്ള ഒരാളാണെങ്കിൽപ്പോലും പശ്ചാത്തപിക്കുകയും യഹോവയോടു ക്ഷമ ചോദിക്കുകയും മൂപ്പന്മാരുടെ സഹായം സ്വീകരിക്കുകയും ജീവിതത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ യഹോവ പൂർണമായും ക്ഷമിച്ചെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. (യശ. 55:7; പ്രവൃ. 3:19) നമ്മുടെ പാപം എത്ര വലുതാണെങ്കിലും അതെല്ലാം മായ്ച്ചുകളയാൻ യേശുവിന്റെ ബലിക്കാകും. എന്നാൽ മോചനവിലയായി നൽകിയ ബലിയുടെ അടിസ്ഥാനത്തിൽ യഹോവ നമ്മളോടു ക്ഷമിക്കുമെന്നു കരുതി നമ്മൾ ‘മനഃപൂർവം പാപം ചെയ്തുകൊണ്ടിരിക്കുകയുമില്ല.’—എബ്രാ. 10:26-31.
നിങ്ങൾക്കു പറുദീസയിൽ എന്നെന്നും ജീവിക്കാനാകും
18. യേശുവിനോടൊപ്പം വധിക്കപ്പെട്ട ആ കുറ്റവാളിയോട് എന്തു ചോദിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
18 മാനസാന്തരപ്പെട്ട ആ കുറ്റവാളിയെ നിങ്ങൾ പറുദീസയിൽവെച്ച് കാണുന്നതും അദ്ദേഹത്തോടു സംസാരിക്കുന്നതും ഒന്നു ഭാവനയിൽ കാണുക. യേശു നമുക്കുവേണ്ടി മരിച്ചതിൽ എത്രമാത്രം നന്ദിയുള്ളവരാണെന്നു നിങ്ങൾ രണ്ടു പേരും സംസാരിക്കും, തീർച്ച. ഒരുപക്ഷേ നിങ്ങൾ അദ്ദേഹത്തോട് ഇങ്ങനെയൊക്കെ ചോദിക്കാൻ ആഗ്രഹിച്ചേക്കാം: ‘മരണത്തിന്റെ തൊട്ടുമുമ്പുള്ള യേശുവിന്റെ അവസ്ഥ എങ്ങനെയായിരുന്നു? അപ്പോൾ എന്തൊക്കെ സംഭവിച്ചു?’ ഇനി, ‘“നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” എന്ന യേശുവിന്റെ വാക്കു കേട്ടപ്പോൾ എന്തു തോന്നി?’ അതേസമയം അദ്ദേഹം നിങ്ങളോടും ചോദിച്ചേക്കാം: ‘സാത്താന്റെ വ്യവസ്ഥിതിയുടെ നാശത്തിനു തൊട്ടുമുമ്പുള്ള ആ കാലത്ത് ജീവിതം എങ്ങനെയുള്ളതായിരുന്നു?’ ആ മനുഷ്യനെപ്പോലെയുള്ള ആളുകളെ ബൈബിൾ പഠിപ്പിക്കുന്നത് എത്ര സന്തോഷമുള്ള അനുഭവമായിരിക്കും!—എഫെ. 4:22-24.
19. പറുദീസയിലെ ജീവിതം നമുക്കു മടുത്തുപോകില്ലാത്തത് എന്തുകൊണ്ട്? (പുറംതാളിലെ ചിത്രം കാണുക.)
19 പറുദീസയിലെ ജീവിതം നമുക്ക് ഒരിക്കലും മടുത്തുപോകില്ല. കാരണം നമുക്ക് എപ്പോഴും പലപല ആളുകളെ കാണാം, പല തരം ജോലികൾ ചെയ്യാം. ഏറ്റവും പ്രധാനമായി ഓരോ ദിവസവും നമ്മുടെ സ്വർഗീയ പിതാവിനെ അടുത്ത് അറിയാനും ദൈവം നമുക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളൊക്കെ ആസ്വദിക്കാനും കഴിയും. എപ്പോഴും യഹോവയെക്കുറിച്ചും യഹോവ ഉണ്ടാക്കിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരുപാടു പഠിക്കാനുണ്ടാകും. നമ്മൾ എത്ര കൂടുതൽ കാലം ജീവിക്കുന്നുവോ അതനുസരിച്ച് ദൈവത്തോടുള്ള സ്നേഹവും കൂടും. പറുദീസയിൽ എന്നെന്നും ജീവിക്കാനുള്ള പ്രത്യാശ യഹോവയും യേശുവും തന്നിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!
ഗീതം 22 രാജ്യം സ്ഥാപിതമായി—അതു വരേണമേ!
a പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നതിനെക്കുറിച്ച് നിങ്ങൾ കൂടെക്കൂടെ ചിന്തിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നതു നമുക്കു നല്ലൊരു പ്രോത്സാഹനമാണ്. കാരണം യഹോവ നമുക്കുവേണ്ടി കരുതിയിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് എത്രയധികം ചിന്തിക്കുന്നുവോ അത്രയധികം അതെക്കുറിച്ച് മറ്റുള്ളവരോടു പറയാനുള്ള നമ്മുടെ ഉത്സാഹവും വർധിക്കും. വരാനിരിക്കുന്ന പറുദീസയെക്കുറിച്ച് യേശു നൽകിയ വാഗ്ദാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കാൻ സഹായിക്കുന്നതാണ് ഈ ലേഖനം.
b ചിത്രത്തിന്റെ വിവരണം: വീണ്ടും ജീവനിലേക്കു വരുന്നവരെ പഠിപ്പിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന ഒരു സഹോദരൻ ഇപ്പോൾത്തന്നെ ആളുകളെ പഠിപ്പിക്കുന്നു.