പഠനലേഖനം 49
നമുക്ക് എന്നെന്നും ജീവിക്കാനാകും
“ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനും.”—റോമ. 6:23.
ഗീതം 147 നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു
ചുരുക്കംa
1. നിത്യജീവൻ തരുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് ചിന്തിക്കുന്നതു നമ്മളെ എന്തിനു പ്രേരിപ്പിക്കും?
യഹോവയെ അനുസരിക്കുന്നവർക്കു ‘നിത്യജീവൻ’ നൽകുമെന്ന് യഹോവതന്നെ വാക്കുതന്നിട്ടുണ്ട്. (റോമ. 6:23) അതു വളരെ മഹത്തായ ഒരു പ്രത്യാശയാണ്. നമ്മളെ ഒരുപാടു സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ എന്നും ജീവിച്ചിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്; നമ്മളെ പിരിഞ്ഞിരിക്കാൻ ദൈവം ഒട്ടും ആഗ്രഹിക്കുന്നില്ല. നിത്യജീവന്റെ വാഗ്ദാനത്തെക്കുറിച്ച് എത്രയധികം ചിന്തിക്കുന്നുവോ അതനുസരിച്ച് ദൈവത്തോടുള്ള നമ്മുടെ സ്നേഹം കൂടും.
2. നിത്യജീവന്റെ പ്രത്യാശ നമ്മളെ എന്തിനു സഹായിക്കുന്നു?
2 ദൈവം തന്നിരിക്കുന്ന നിത്യജീവന്റെ പ്രത്യാശ ഇന്നു നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെയൊക്കെ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നു. ശത്രുക്കൾ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാൽപ്പോലും നമ്മൾ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. എന്തുകൊണ്ട്? വിശ്വസ്തരായി മരിക്കുന്നെങ്കിൽ യഹോവ നമ്മളെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുമെന്നു നമുക്ക് അറിയാമെന്നതാണ് അതിന്റെ ഒരു കാരണം. മാത്രമല്ല നിത്യം ജീവിക്കാനുള്ള അവസരവും നമുക്കുണ്ടായിരിക്കും. (യോഹ. 5:28, 29; 1 കൊരി. 15:55-58; എബ്രാ. 2:15) നമുക്ക് എന്നെന്നും ജീവിക്കാനാകുമെന്ന് ഉറപ്പോടെ പറയാനാകുന്നത് എന്തുകൊണ്ടാണ്? അതിന്റെ ചില കാരണങ്ങൾ ഇപ്പോൾ നോക്കാം.
യഹോവ എന്നെന്നും ജീവിക്കുന്നു
3. നമുക്ക് എന്നേക്കും ജീവിച്ചിരിക്കാനാകുമെന്ന് ഉറപ്പോടെ പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (സങ്കീർത്തനം 102:12, 24, 27)
3 നമുക്ക് എന്നേക്കും ജീവിച്ചിരിക്കാനാകും. കാരണം നമുക്കു ജീവൻ തരുന്ന ജീവന്റെ ഉറവായ യഹോവ എന്നെന്നും ജീവിക്കുന്നവനാണ്. (സങ്കീ. 36:9) യഹോവ എന്നും ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും എന്നു വ്യക്തമാക്കുന്ന ചില ബൈബിൾവാക്യങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം. സങ്കീർത്തനം 90:2 യഹോവയെക്കുറിച്ച് പറയുന്നു: “നിത്യതമുതൽ നിത്യതവരെ അങ്ങ് ദൈവം.” അതുപോലെയുള്ള ഒരു ആശയം സങ്കീർത്തനം 102-ലും കാണാം. (സങ്കീർത്തനം 102:12, 24, 27 വായിക്കുക.) ഇനി, ഹബക്കൂക്ക് പ്രവാചകൻ നമ്മുടെ സ്വർഗീയപിതാവിനെക്കുറിച്ച് ഇങ്ങനെ എഴുതി: “യഹോവേ, അങ്ങ് അനാദിമുതലേ ഉള്ളവനല്ലേ? എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ, അങ്ങയ്ക്കു മരണമില്ല.”—ഹബ. 1:12.
4. യഹോവ എന്നുമെന്നേക്കും ജീവിച്ചിരിക്കുന്നു എന്ന ആശയം മനസ്സിലാക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയാലും വിഷമിക്കേണ്ടതുണ്ടോ, വിശദീകരിക്കുക.
4 യഹോവ “എന്നുമെന്നേക്കും” ജീവിച്ചിരിക്കുന്നു എന്ന ആശയം മനസ്സിലാക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? (യശ. 40:28) അതിൽ അതിശയിക്കാനില്ല. കാരണം പലർക്കും അങ്ങനെ തോന്നിയിട്ടുണ്ട്. എലീഹു എന്ന വ്യക്തി ദൈവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “ദൈവത്തിന്റെ നാളുകളുടെ എണ്ണം നമുക്കു ഗ്രഹിക്കാനാകില്ല.” (ഇയ്യോ. 36:26) പക്ഷേ, ഒരു കാര്യം നമുക്കു പൂർണമായി മനസ്സിലാകുന്നില്ല എന്നതുകൊണ്ട് അതു സത്യമല്ലെന്നു വരുന്നില്ല. ഉദാഹരണത്തിന്, വൈദ്യുതി എന്താണെന്നു പൂർണമായി മനസ്സിലാക്കാൻ നമുക്കു കഴിയുന്നില്ലെന്നുവെച്ച് വൈദ്യുതി എന്നൊരു സംഗതി ഇല്ല എന്നു വരുമോ? ഒരിക്കലുമില്ല. ഇതുപോലെ യഹോവ എന്നും ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും എന്ന സത്യം നമുക്കു പൂർണമായി മനസ്സിലായില്ലെന്നുവെച്ച് അതു സത്യമല്ല എന്നു വരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ നമുക്കു മനസ്സിലായാലും ഇല്ലെങ്കിലും ദൈവത്തെക്കുറിച്ചുള്ള സത്യത്തിനു മാറ്റമില്ല: ദൈവം എന്നും ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും. (റോമ. 11:33-36) സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉൾപ്പെടെ പ്രപഞ്ചത്തിലുള്ളതെല്ലാം ഉണ്ടാകുന്നതിനു മുമ്പേ യഹോവയുണ്ട്. ‘തന്റെ ശക്തിയാൽ യഹോവയാണു ഭൂമിയെ സൃഷ്ടിച്ചത്’ എന്നും ‘ആകാശത്തെ വിരിച്ചത്’ എന്നും ബൈബിൾ പറയുന്നു. (യിരെ. 51:15; പ്രവൃ. 17:24) നമുക്ക് എന്നെന്നും ജീവിച്ചിരിക്കാൻ കഴിയുമെന്നു വിശ്വസിക്കാനുള്ള മറ്റൊരു കാരണത്തെക്കുറിച്ച് ഇനി നോക്കാം.
എന്നെന്നും ജീവിക്കാനാണ് യഹോവ നമ്മളെ സൃഷ്ടിച്ചത്
5. ആദ്യ മനുഷ്യദമ്പതികൾക്ക് എന്തിനുള്ള അവസരമുണ്ടായിരുന്നു?
5 മനുഷ്യൻ ഒഴികെയുള്ള ജീവജാലങ്ങളെ യഹോവ സൃഷ്ടിച്ചതു നിത്യം ജീവിക്കുക എന്ന ഉദ്ദേശ്യത്തിലല്ല. എന്നാൽ മരിക്കാതെ എന്നും ജീവിക്കാനുള്ള അവസരം മനുഷ്യർക്കുണ്ടായിരുന്നു. അങ്ങനെയാണെങ്കിലും യഹോവ ആദാമിന് ഒരു മുന്നറിയിപ്പു കൊടുത്തിരുന്നു: “ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന് തിന്നരുത്, അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.” (ഉൽപ. 2:17) ആദാമും ഹവ്വയും അത് അനുസരിച്ചിരുന്നെങ്കിൽ അവർക്കു മരിക്കേണ്ടിവരില്ലായിരുന്നു. മാത്രമല്ല, പിന്നീട് എപ്പോഴെങ്കിലും ‘ജീവവൃക്ഷത്തിൽനിന്ന്’ കഴിക്കാൻ യഹോവ അവരെ അനുവദിക്കുമായിരുന്നെന്നും നമുക്കു ന്യായമായും പ്രതീക്ഷിക്കാം. ജീവവൃക്ഷത്തിന്റെ പഴം കഴിക്കാൻ അവരെ അനുവദിക്കുന്നത്, ‘എന്നെന്നും ജീവിക്കാൻ’ കഴിയുമെന്ന് യഹോവ അവർക്ക് ഉറപ്പുകൊടുക്കുന്നതുപോലെ ആയിരിക്കുമായിരുന്നു.b—ഉൽപ. 3:22.
6-7. (എ) മനുഷ്യനെ സൃഷ്ടിച്ചതു മരിക്കാൻവേണ്ടിയല്ലെന്നു മറ്റ് എന്തെല്ലാം കാര്യങ്ങൾ വ്യക്തമാക്കുന്നു? (ബി) എന്നും ജീവിക്കാനാകുമ്പോൾ എന്തെല്ലാം ചെയ്യാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്? (ചിത്രങ്ങൾ കാണുക.)
6 ഒരു മനുഷ്യന് ഇന്നു തന്റെ ആയുഷ്കാലത്ത് ശേഖരിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ അറിവ് ശേഖരിക്കാനുള്ള കഴിവ് നമ്മുടെ തലച്ചോറിനുണ്ട് എന്നാണു ചില ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നത്. “ഏകദേശം 30 ലക്ഷം മണിക്കൂർ നീണ്ട വീഡിയോയിലുള്ള അത്രയും വിവരങ്ങൾ ശേഖരിച്ചുവെക്കാനുള്ള പ്രാപ്തി നമ്മുടെ തലച്ചോറിനുണ്ട്” എന്ന് 2010-ൽ ഒരു പ്രസിദ്ധീകരണം റിപ്പോർട്ടു ചെയ്തു. അതു കണ്ടുതീർക്കണമെങ്കിൽ 300-ലേറെ വർഷം വേണ്ടിവരും. എന്നാൽ നമ്മുടെ തലച്ചോറിന്റെ ശരിക്കുള്ള പ്രാപ്തി അതിനെക്കാളൊക്കെ വളരെവളരെ കൂടുതലായിരിക്കാനാണു സാധ്യത. എന്തുതന്നെയായാലും ഒരു 70-ഓ 80-ഓ വർഷംകൊണ്ട് ശേഖരിക്കാനാകുന്നതിനെക്കാൾ വളരെ കൂടുതൽ വിവരങ്ങൾ സൂക്ഷിക്കാനുള്ള പ്രാപ്തിയോടെയാണ് യഹോവ നമ്മുടെ തലച്ചോറു സൃഷ്ടിച്ചിരിക്കുന്നത്.—സങ്കീ. 90:10.
7 ഇനി, എന്നെന്നും ജീവിക്കാനുള്ള ശക്തമായ ആഗ്രഹത്തോടെയുമാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. ബൈബിൾ പറയുന്നതു ദൈവം “നിത്യതപോലും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” എന്നാണ്. (സഭാ. 3:11) മരണത്തെ നമ്മൾ ശത്രുവായി കാണാനുള്ള ഒരു കാരണം അതാണ്. (1 കൊരി. 15:26) ഉദാഹരണത്തിന്, നമുക്ക് എന്തെങ്കിലും ഗുരുതരമായ രോഗം വന്നാൽ ഒന്നും ചെയ്യാതെ, ‘മരിക്കുന്നെങ്കിൽ മരിക്കട്ടെ’ എന്നു പറഞ്ഞിരിക്കുമോ? ഒരിക്കലുമില്ല, എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് വേണ്ട മരുന്നുകൾ കഴിച്ച് രോഗം മാറ്റാൻ നമ്മൾ ആഗ്രഹിക്കും. മരിക്കാതിരിക്കാൻവേണ്ടി ചെയ്യാൻ പറ്റുന്നതെല്ലാം നമ്മൾ ചെയ്യും. ഇനി, നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുകയാണെങ്കിൽ, അവർ ചെറുപ്പക്കാരായാലും പ്രായമായവരായാലും ആ വേർപാടിന്റെ ദുഃഖം ഒരുപാടു കാലം നമ്മളെ വേദനിപ്പിക്കും. (യോഹ. 11:32, 33) ചുരുക്കത്തിൽ, എന്നും ജീവിക്കാനുള്ള ഒരു ആഗ്രഹവും അതിനു പ്രാപ്തമായ ഒരു തലച്ചോറും ദൈവം നമുക്കു തന്നതിൽനിന്നും ഒരു കാര്യം വ്യക്തമാണ്: എന്നെന്നും ജീവിക്കാൻവേണ്ടിയാണു യഹോവ മനുഷ്യനെ സൃഷ്ടിച്ചത്. നമുക്ക് എന്നും ജീവിക്കാനാകും എന്നതിന് ഇതു മാത്രമല്ല വേറെയും ധാരാളം തെളിവുകളുണ്ട്. അതെക്കുറിച്ച് അറിയാൻ യഹോവ മുമ്പ് ചെയ്തിട്ടുള്ളതും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ആയ ചില കാര്യങ്ങൾ നമുക്കു നോക്കാം. യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ലെന്ന് അവ നമുക്ക് എങ്ങനെയാണു കാണിച്ചുതരുന്നത്?
യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ല
8. നമ്മളെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം നടപ്പാകും എന്നതിന് യശയ്യ 55:11 കൂടുതലായ എന്ത് ഉറപ്പാണു തരുന്നത്?
8 ആദാമും ഹവ്വയും പാപം ചെയ്ത് മക്കൾക്കു മരണം വരുത്തിവെച്ചു. എന്നാൽ യഹോവ തന്റെ ഉദ്ദേശ്യത്തിനു യാതൊരു മാറ്റവും വരുത്തിയില്ല. (യശയ്യ 55:11 വായിക്കുക.) വിശ്വസ്തരായ മനുഷ്യർ എന്നെന്നും ജീവിക്കുക എന്നതാണ് ഇപ്പോഴും യഹോവയുടെ ഉദ്ദേശ്യം. ആ ഉദ്ദേശ്യം നടപ്പിലാക്കാൻവേണ്ടി യഹോവ പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങൾ പരിശോധിച്ചാൽ അതു ബോധ്യമാകും.
9. ദൈവം എന്താണു വാഗ്ദാനം ചെയ്തിട്ടുള്ളത്? (ദാനിയേൽ 12:2, 13)
9 മരിച്ചുപോയവരെ വീണ്ടും ഉയിർപ്പിക്കുമെന്നും അവർക്കു നിത്യജീവൻ നേടാനുള്ള അവസരം നൽകുമെന്നും യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. (പ്രവൃ. 24:15; തീത്തോ. 1:1, 2) മരിച്ചുപോയവരെ ഉയിർപ്പിക്കാൻ യഹോവ അതിയായി ആഗ്രഹിക്കുന്നെന്നു വിശ്വസ്ത ദൈവദാസനായ ഇയ്യോബിന് ഉറപ്പുണ്ടായിരുന്നു. (ഇയ്യോ. 14:14, 15) മരിച്ചുപോയവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുമെന്നും അവർക്കു നിത്യം ജീവിക്കാനുള്ള അവസരം നൽകുമെന്നും ദാനിയേൽ പ്രവാചകനും അറിയാമായിരുന്നു. (സങ്കീ. 37:29; ദാനിയേൽ 12:2, 13 വായിക്കുക.) ഇനി, യേശുവിന്റെ കാലത്തെ ജൂതന്മാരും, യഹോവ വിശ്വസ്തദാസർക്കു “നിത്യജീവൻ” നൽകുമെന്നു മനസ്സിലാക്കിയിരുന്നു. (ലൂക്കോ. 10:25; 18:18) ആ വാഗ്ദാനത്തെക്കുറിച്ച് യേശുവും പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. മാത്രമല്ല, യഹോവ യേശുവിനെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുകപോലും ചെയ്തു.—മത്താ. 19:29; 22:31, 32; ലൂക്കോ. 18:30; യോഹ. 11:25.
10. മുൻകാലങ്ങളിലെ പുനരുത്ഥാനങ്ങൾ ഏതു വസ്തുത തെളിയിക്കുന്നു? (ചിത്രം കാണുക.)
10 ജീവന്റെ ഉറവായ യഹോവയ്ക്കു മരിച്ചുപോയവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാനുള്ള കഴിവുണ്ട്. സാരെഫാത്തിലെ വിധവയുടെ മകൻ മരിച്ചപ്പോൾ അവനെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവ പ്രവാചകനായ ഏലിയയെ ശക്തീകരിച്ചു. (1 രാജാ. 17:21-23) പിന്നീട് ദൈവത്തിന്റെ സഹായത്താൽ എലീശ പ്രവാചകൻ ഒരു ശൂനേമ്യസ്ത്രീയുടെ മകനെ ഉയിർപ്പിച്ചു. (2 രാജാ. 4:18-20, 34-37) ഇവയും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റു പുനരുത്ഥാനങ്ങളും, മരിച്ചവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാനുള്ള ശക്തി യഹോവയ്ക്കുണ്ടെന്നു തെളിയിക്കുന്നില്ലേ? ഇനി, യേശു ഭൂമിയിലായിരുന്നപ്പോൾ ആളുകളെ പുനരുത്ഥാനത്തിൽ കൊണ്ടുവരാനുള്ള ശക്തി പിതാവ് തനിക്കു തന്നിട്ടുണ്ടെന്നു തെളിയിച്ചു. (യോഹ. 11:23-25, 43, 44) ഇപ്പോൾ സ്വർഗത്തിലായിരിക്കുന്ന യേശുവിന് “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും” യഹോവ നൽകിയിട്ടുണ്ട്. അതുകൊണ്ട് ‘സ്മാരകക്കല്ലറകളിലുള്ള എല്ലാവരെയും’ തിരികെ ജീവനിലേക്കു കൊണ്ടുവരുമെന്ന വാഗ്ദാനം നിറവേറ്റാൻ പറ്റിയ സ്ഥാനത്താണു യേശു. അന്ന് ഉയിർപ്പിക്കപ്പെടുന്നവർക്ക് എന്നെന്നും ജീവിക്കാനുള്ള അവസരവുമുണ്ടായിരിക്കും.—മത്താ. 28:18; യോഹ. 5:25-29.
11. ക്രിസ്തുവിന്റെ മോചനവില എങ്ങനെയാണു നമുക്ക് എന്നേക്കും ജീവിക്കാനുള്ള അവസരം നൽകുന്നത്?
11 തന്റെ പ്രിയ മകൻ വേദന സഹിച്ച് മരിക്കാൻ യഹോവ അനുവദിച്ചത് എന്തുകൊണ്ടാണ്? അതിന്റെ കാരണം യേശുതന്നെ നമ്മളോടു പറയുന്നു: “തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.” (യോഹ. 3:16) മോചനവിലയായി സ്വന്തം മകനെ നൽകിയതിലൂടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാനും അങ്ങനെ നിത്യജീവൻ നേടാനും ഉള്ള അവസരം ദൈവം നമുക്കു തുറന്നുതന്നു. (മത്താ. 20:28) ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതിൽ യേശുവിന്റെ ബലിമരണം എത്ര വലുതാണെന്നു പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം എഴുതി: “ഒരു മനുഷ്യനിലൂടെ മരണം വന്നതുപോലെ മരിച്ചവരുടെ പുനരുത്ഥാനവും ഒരു മനുഷ്യനിലൂടെയാണു വരുന്നത്. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവർക്കും ജീവൻ കിട്ടും.”—1 കൊരി. 15:21, 22.
12. യഹോവ എങ്ങനെയാണു തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നത്?
12 ദൈവത്തിന്റെ രാജ്യം വരാനും ദൈവേഷ്ടം ഭൂമിയിൽ നടക്കാനും വേണ്ടി പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്താ. 6:9, 10) ആ ഇഷ്ടത്തിന്റെ അഥവാ ദൈവോദ്ദേശ്യത്തിന്റെ ഭാഗമാണു മനുഷ്യൻ ഭൂമിയിൽ എന്നെന്നും ജീവിക്കുക എന്നത്. അതു നടപ്പാക്കാൻവേണ്ടി ദൈവരാജ്യത്തിന്റെ രാജാവായി യഹോവ തന്റെ മകനെ നിയമിച്ചിരിക്കുന്നു. കൂടാതെ, യേശുവിനോടൊപ്പം പ്രവർത്തിക്കാൻവേണ്ടി ഭൂമിയിൽനിന്ന് 1,44,000 ആളുകളെ ദൈവം കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയുമാണ്.—വെളി. 5:9, 10.
13. യഹോവ ഇന്ന് എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്, അതിൽ നിങ്ങൾക്കുള്ള പങ്ക് എന്താണ്?
13 യഹോവ ഇന്ന് ഒരു ‘മഹാപുരുഷാരത്തെ’ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. (വെളി. 7:9, 10) അവരെ ദൈവരാജ്യത്തിന്റെ പ്രജകളായിരിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നു. (യാക്കോ. 2:8) ലോകത്തിൽ ഇന്ന് അനേകമാളുകൾ പരസ്പരം വെറുക്കുകയും കൊന്നൊടുക്കുകയും ചെയ്യുമ്പോൾ മഹാപുരുഷാരത്തിൽപ്പെട്ട ഈ ആളുകൾ അവരുടെ മനസ്സിൽനിന്ന് അത്തരം ചിന്താഗതികളെല്ലാം മാറ്റാൻ പരമാവധി ശ്രമിക്കുന്നു. ഒരർഥത്തിൽ അവർ തങ്ങളുടെ വാളുകളെ കലപ്പകളായി അടിച്ചുതീർത്തിരിക്കുകയാണ്. (മീഖ 4:3) യുദ്ധങ്ങളിൽ പങ്കെടുക്കുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്യുന്നതിനു പകരം ‘യഥാർഥജീവൻ’ കണ്ടെത്താൻ അവർ മറ്റുള്ളവരെ സഹായിക്കുന്നു. (1 തിമൊ. 6:19) അതിനുവേണ്ടി സത്യദൈവത്തെക്കുറിച്ചും ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അവർ ആളുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ചിലപ്പോൾ കുടുംബാംഗങ്ങൾതന്നെ അവർക്കെതിരെ തിരിഞ്ഞേക്കാം, അല്ലെങ്കിൽ സാമ്പത്തികമായി ഒരുപാടു നഷ്ടങ്ങൾ അവർക്കു സഹിക്കേണ്ടിവന്നേക്കാം. പക്ഷേ അവരുടെ ആവശ്യങ്ങളൊക്കെ നടക്കുന്നെന്ന് യഹോവതന്നെ ഉറപ്പുവരുത്തുന്നു. (മത്താ. 6:25, 30-33; ലൂക്കോ. 18:29, 30) ദൈവരാജ്യം ഇന്ന് ഒരു യാഥാർഥ്യമാണെന്നും അതു തുടർന്നും യഹോവയുടെ ഉദ്ദേശ്യം നടപ്പാക്കുമെന്നും ആണ് അതു കാണിക്കുന്നത്.
തൊട്ടുമുന്നിൽ മനോഹരമായ ഒരു ഭാവി
14-15. മരണത്തെ എന്നേക്കുമായി നീക്കംചെയ്യുമെന്ന യഹോവയുടെ വാഗ്ദാനം എങ്ങനെയാണു നടപ്പിലാകാൻപോകുന്നത്?
14 യേശു ഇപ്പോൾ സ്വർഗത്തിൽ രാജാവായി ഭരിച്ചുകൊണ്ടിരിക്കുകയാണ്. യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങളെല്ലാം യേശു നടപ്പിലാക്കും. (2 കൊരി. 1:20) 1914 മുതൽ യേശു തന്റെ ശത്രുക്കളെ കീഴടക്കിക്കൊണ്ട് മുന്നേറുകയാണ്. (സങ്കീ. 110:1, 2) പെട്ടെന്നുതന്നെ യേശുവും സഹഭരണാധിപന്മാരും ദുഷ്ടന്മാരെയെല്ലാം നശിപ്പിക്കുകയും തങ്ങളുടെ ജൈത്രയാത്ര പൂർത്തിയാക്കുകയും ചെയ്യും.—വെളി. 6:2.
15 മരിച്ചുപോയ ആളുകളെ യേശുവിന്റെ ആയിരംവർഷ ഭരണകാലത്ത് വീണ്ടും ജീവനിലേക്കു കൊണ്ടുവരും. യഹോവയെ അനുസരിക്കാൻ തയ്യാറാകുന്ന എല്ലാവരെയും പൂർണതയിലെത്താൻ സഹായിക്കുകയും ചെയ്യും. അന്തിമപരിശോധനയിൽ നീതിമാന്മാരായി യഹോവ കാണുന്ന വ്യക്തികൾ “ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.” (സങ്കീ. 37:10, 11, 29) അങ്ങനെ ‘അവസാനത്തെ ശത്രുവായ മരണത്തെ നീക്കം ചെയ്യും.’ എത്ര സന്തോഷം നൽകുന്ന ഒരു കാര്യമാണ് അത്!—1 കൊരി. 15:26.
16. യഹോവയെ സേവിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനസംഗതി എന്തായിരിക്കണം?
16 എന്നെന്നും ജീവിക്കാനുള്ള നമ്മുടെ പ്രത്യാശ ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നു നമ്മൾ ഈ ലേഖനത്തിൽ പഠിച്ചു. ബുദ്ധിമുട്ടും പ്രയാസങ്ങളും ഉള്ള ഈ അവസാനനാളുകളിൽ വിശ്വസ്തരായി തുടരാൻ ആ പ്രത്യാശ നമ്മളെ സഹായിക്കും. എന്നാൽ എന്നെന്നും ജീവിക്കാനുള്ള ആഗ്രഹംകൊണ്ട് മാത്രമായിരിക്കരുത് നമ്മൾ യഹോവയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്. യഹോവയോടും യേശുവിനോടും വിശ്വസ്തരായിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനസംഗതി അവരോടുള്ള സ്നേഹമായിരിക്കണം. (2 കൊരി. 5:14, 15) ആ സ്നേഹം അവരെ അനുകരിക്കാനും നമ്മുടെ പ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോടു പറയാനും നമ്മളെ പ്രേരിപ്പിക്കുന്നു. (റോമ. 10:13-15) അങ്ങനെ യാതൊരു സ്വാർഥതയും കൂടാതെ ഉദാരമായി പ്രവർത്തിക്കാൻ നമ്മൾ പഠിക്കുമ്പോൾ എന്നെന്നും നമ്മുടെ സുഹൃത്തായിരിക്കാൻ യഹോവ ആഗ്രഹിക്കും.—എബ്രാ. 13:16.
17. നമുക്ക് ഓരോരുത്തർക്കും എന്ത് ഉത്തരവാദിത്വമുണ്ട്? (മത്തായി 7:13, 14)
17 എന്നെന്നും ജീവിക്കുന്നവരോടൊപ്പം നമ്മൾ ഉണ്ടായിരിക്കുമോ? അതിനുള്ള അവസരത്തിന്റെ വാതിൽ യഹോവ നമുക്കു തുറന്നുതന്നിട്ടുണ്ട്. എന്നാൽ നിത്യജീവനിലേക്കു നയിക്കുന്ന ആ വഴിയിൽനിന്ന് മാറാതെ അതിൽത്തന്നെ തുടരാനുള്ള ഉത്തരവാദിത്വം നമ്മുടെ ഓരോരുത്തരുടേതുമാണ്. (മത്തായി 7:13, 14 വായിക്കുക.) പുതിയ ഭൂമിയിലെ എന്നേക്കുമുള്ള ജീവിതം എങ്ങനെയുള്ളതായിരിക്കും? അതെക്കുറിച്ച് അടുത്ത ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.
ഗീതം 141 ജീവൻ എന്ന അത്ഭുതം
a എന്നെന്നും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മരണത്തെ പേടിക്കാതെ ജീവിക്കാനാകുന്ന ഒരു കാലം വരുമെന്ന് യഹോവ നമുക്ക് ഉറപ്പുതന്നിട്ടുണ്ട്. യഹോവ വാക്കു പാലിക്കുമെന്നു നമുക്ക് ഉറച്ച് വിശ്വസിക്കാനാകുന്നതിന്റെ ചില കാരണങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
b “ബൈബിളിലെ ‘എന്നെന്നും’ എന്ന പദം” എന്ന ചതുരം കാണുക.
c ചിത്രത്തിന്റെ വിവരണം: പ്രായമുള്ള ഒരു സഹോദരൻ പുതിയ ഭൂമിയിലായിരിക്കുമ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു.