ആധുനിക ജീവിതത്തിന് ഒരു പ്രായോഗിക ഗ്രന്ഥം
ബുദ്ധ്യുപദേശം നൽകുന്ന പുസ്തകങ്ങൾക്ക് ഇന്നു വളരെ പ്രിയമാണ്. എന്നാൽ അവ കാലഹരണപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യുന്നു. അല്ലെങ്കിൽ, അവയുടെ സ്ഥാനത്തു മറ്റുള്ളവ വരുന്നു. ബൈബിളിന്റെ കാര്യമോ? അതു പൂർത്തിയായത് ഏതാണ്ട് 2,000 വർഷം മുമ്പാണ്. എങ്കിലും, അതിന്റെ ആദിമ സന്ദേശം ഒരിക്കലും പരിഷ്കരിക്കുകയോ പുതുക്കുകയോ ചെയ്യേണ്ടതായി വന്നിട്ടില്ല. നമ്മുടെ നാളിലേക്കുള്ള പ്രായോഗിക മാർഗനിർദേശം അത്തരമൊരു ഗ്രന്ഥത്തിൽ ഉണ്ടായിരുന്നേക്കാമോ?
ഇല്ലെന്നാണു ചില ആളുകൾ പറയുന്നത്. ബൈബിൾ കാലഹരണപ്പെട്ടതാണെന്നു താൻ കരുതുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കവേ ഡോ. ഇലി എസ്. ചെസ്സൻ ഇങ്ങനെ എഴുതി: “ആധുനിക രസതന്ത്രക്ലാസ്സിൽ ഉപയോഗിക്കുന്നതിനു വേണ്ടി 1924-ലെ രസതന്ത്രപാഠ[പുസ്തക]ത്തിന്റെ പതിപ്പ് ഉപയോഗിക്കണമെന്ന് ആരും വാദിക്കുകയില്ല.”1 പ്രത്യക്ഷത്തിൽ ആ വാദത്തിനു കഴമ്പുള്ളതായി തോന്നാം. എന്തൊക്കെയാണെങ്കിലും, ബൈബിൾ എഴുതപ്പെട്ട കാലത്തിനുശേഷം മാനസികാരോഗ്യത്തെയും മനുഷ്യ പെരുമാറ്റത്തെയും സംബന്ധിച്ചു മനുഷ്യൻ ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അത്തരമൊരു പുരാതന ഗ്രന്ഥത്തിന് ആധുനിക ജീവിതത്തിൽ പ്രസക്തിയുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ?
കാലാതീത തത്ത്വങ്ങൾ
കാലത്തിനു മാറ്റം വന്നിട്ടുണ്ടെങ്കിലും, മമനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ മാറ്റമില്ലാതെ തുടരുന്നുവെന്നതാണു സത്യം. ചരിത്രത്തിലുടനീളം, സ്നേഹവും പ്രീതിയും മനുഷ്യന് ആവശ്യമായിരുന്നിട്ടുണ്ട്. സന്തുഷ്ടരായിരിക്കാനും അർഥവത്തായ ജീവിതം നയിക്കാനും അവരാഗ്രഹിച്ചിട്ടുണ്ട്. സാമ്പത്തിക സമ്മർദങ്ങൾ കൈകാര്യം ചെയ്യാനും ദാമ്പത്യജീവിതം വിജയപ്രദമാക്കാനും ധാർമികവും സദാചാരപരവുമായ നല്ല മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാനും അവർക്കു ബുദ്ധ്യുപദേശം ആവശ്യമായിരുന്നിട്ടുണ്ട്. ആ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കുന്ന ബുദ്ധ്യുപദേശം ബൈബിളിൽ അടങ്ങിയിരിക്കുന്നു.—സഭാപ്രസംഗി 3:12, 13; റോമർ 12:10; കൊലൊസ്സ്യർ 3:18-21; 1 തിമൊഥെയൊസ് 6:6-10.
മനുഷ്യപ്രകൃതം സംബന്ധിച്ച സൂക്ഷ്മമായ ഒരു അവബോധം പ്രതിഫലിപ്പിക്കുന്നതാണു ബൈബിളിന്റെ ബുദ്ധ്യുപദേശം. ആധുനിക ജീവിതത്തിൽ പ്രായോഗികമായ, അതിന്റെ കാലാതീതമായ ചില പ്രത്യേക ഉദാഹരണങ്ങൾ പരിചിന്തിക്കുക.
വിവാഹജീവിതത്തിനു പ്രായോഗിക മാർഗനിർദേശം
കുടുംബം “മാനവ സമൂഹത്തിലെ ഏറ്റവും പുരാതന, അടിസ്ഥാന ഘടകമാണ്; തലമുറകൾക്കിടയിലെ ഏറ്റവും നിർണായക കണ്ണിയാണത്” എന്ന് യുഎൻ ക്രോണിക്കിൾ പറയുന്നു. എങ്കിലും ഈ “നിർണായക കണ്ണി” ഞെട്ടിക്കുന്ന അളവിൽ അകന്നുകൊണ്ടിരിക്കുകയാണ്. ക്രോണിക്കിൾ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഇന്നത്തെ ലോകത്തിൽ പല കുടുംബങ്ങളും പ്രവർത്തിക്കാനുള്ള അവയുടെ കഴിവിനെ ഭീഷണിപ്പെടുത്തുന്ന, അതേ, അതിജീവനത്തിനുതന്നെ ഭീഷണിയായിരിക്കുന്ന ഭയങ്കരമായ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്.”2 അതിജീവിക്കാൻ കുടുംബഘടകത്തെ സഹായിക്കുന്നതിനു ബൈബിൾ എന്ത് ഉപദേശമാണു നൽകുന്നത്?
ഭാര്യാഭർത്താക്കന്മാർ പരസ്പരം എങ്ങനെ ഇടപെടണമെന്നതു സംബന്ധിച്ചു ബൈബിളിനു ധാരാളം പറയാനുണ്ട്. ഉദാഹരണത്തിനു ഭർത്താക്കന്മാരെക്കുറിച്ച് അത് ഇങ്ങനെ പറയുന്നു: ‘ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.’ (എഫെസ്യർ 5:28, 29) “ഭർത്താവിനോട് ആഴമായ ബഹുമാനം ഉണ്ടായിരിക്കണ”മെന്നു ഭാര്യയെ ബുദ്ധ്യുപദേശിച്ചിരിക്കുന്നു.—എഫെസ്യർ 5:33, NW.
അത്തരം ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിലെ പ്രയുക്തത പരിചിന്തിക്കുക. ‘സ്വന്ത ശരീരത്തെപ്പോലെ’ ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവ് അവളെ വെറുക്കുകയോ അവളോടു മൃഗീയമായി പെരുമാറുകയോ ഇല്ല; അവളെ ശാരീരികമായി ഉപദ്രവിക്കുകയില്ല, വാക്കുകൾകൊണ്ടോ മാനസികമായോ അവളെ ദ്രോഹിക്കുകയുമില്ല; തന്നോടുതന്നെ കാണിക്കുന്ന ആദരവും പരിഗണനയും അവൻ അവളോടും കാണിക്കും. (1 പത്രൊസ് 3:7) അപ്പോൾ, വിവാഹജീവിതത്തിൽ താൻ സ്നേഹിക്കപ്പെടുന്നുവെന്നും സുരക്ഷിതയാണെന്നും അയാളുടെ ഭാര്യയ്ക്കു തോന്നും. അപ്രകാരം, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച് അയാൾ കുട്ടികൾക്കു നല്ലൊരു മാതൃക വെക്കുന്നു. നേരേമറിച്ച്, ഭർത്താവിനോട് “ആഴമായ ബഹുമാനമുള്ള” ഭാര്യ നിരന്തരം അയാളെ വിമർശിച്ചുകൊണ്ടോ തരംതാഴ്ത്തിക്കൊണ്ടോ അയാളോട് അനാദരവോടെ പെരുമാറുകയില്ല. അവൾ അയാളെ ആദരിക്കുന്നതു നിമിത്തം, തന്നെ ആശ്രയിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും വിലമതിക്കുന്നുവെന്നും അയാൾക്കു തോന്നുന്നു.
ആധുനിക ലോകത്തിൽ അത്തരം ബുദ്ധ്യുപദേശം പ്രായോഗികമാണോ? ഇന്നത്തെ കുടുംബങ്ങളെക്കുറിച്ചു പഠിക്കുന്നതു ജീവിതവൃത്തിയാക്കിയിരിക്കുന്നവർ സമാനമായ നിഗമനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നതു രസാവഹമാണ്. കുടുംബ ബുദ്ധ്യുപദേശ പരിപാടിയുടെ മേൽനോട്ടം വഹിക്കുന്ന ഒരു വ്യക്തി ഇങ്ങനെ അഭിപ്രായപ്പെട്ടു: “എനിക്കറിയാവുന്ന ഏറ്റവും ആരോഗ്യാവഹമായ കുടുംബങ്ങൾ മാതാവിനും പിതാവിനുമിടയിൽ ശക്തമായ, സ്നേഹപുരസ്സരമായ ബന്ധമുള്ളവയാണ്. . . . ശക്തമായ ഈ സുപ്രധാന ബന്ധം കുട്ടികളിൽ സുരക്ഷിതത്വം നട്ടുവളർത്തുന്നതായി തോന്നുന്നു.”3
എണ്ണമറ്റ, സദുദ്ദേശ്യമുള്ള കുടുംബ ബുദ്ധ്യുപദേശകരുടെ ഉപദേശത്തെക്കാൾ വർഷങ്ങളായി വളരെയധികം ആശ്രയയോഗ്യമാണെന്നു തെളിഞ്ഞിട്ടുള്ളവയാണു ബൈബിളിന്റെ ഉപദേശം. പല വിദഗ്ധരും അസന്തുഷ്ട വിവാഹജീവിതത്തിനുള്ള എളുപ്പവും സരളവുമായ പരിഹാരമാർഗമായി വിവാഹമോചനം ശുപാർശ ചെയ്തിരുന്നതു വളരെക്കാലം മുമ്പൊന്നുമായിരുന്നില്ല. ഇന്ന്, അവരിൽ പലരും വിവാഹബന്ധം പരമാവധി നീട്ടിക്കൊണ്ടുപോകാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ വളരെയധികം ദോഷം വരുത്തിക്കൂട്ടിയതിനുശേഷം മാത്രമാണ് ഈ മാറ്റം വന്നിരിക്കുന്നത്.
അതിനു വിപരീതമായി, വിവാഹം സംബന്ധിച്ച് ആശ്രയയോഗ്യവും സമനിലയുള്ളതുമായ ബുദ്ധ്യുപദേശമാണു ബൈബിൾ നൽകുന്നത്. അതിൻപ്രകാരം ചില കടുത്ത സാഹചര്യങ്ങൾ വിവാഹമോചനത്തിന് അനുമതി നൽകുന്നുണ്ട്. (മത്തായി 19:9) അതേസമയം, നിസ്സാര കാരണങ്ങളെ ചൊല്ലിയുള്ള വിവാഹമോചനത്തെ അതു കുറ്റം വിധിക്കുന്നു. (മലാഖി 2:14-16) ദാമ്പത്യ അവിശ്വസ്തതയെയും അതു കുറ്റം വിധിക്കുന്നു. (എബ്രായർ 13:4) വിവാഹജീവിതത്തിൽ ഉൾപ്പെട്ടിരിക്കുന്നതു പ്രതിബദ്ധതയാണെന്ന് അതു പറയുന്നു: ‘അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.’a—ഉല്പത്തി 2:24; മത്തായി 19:5, 6.
വിവാഹജീവിതത്തെ സംബന്ധിച്ച ബൈബിളിന്റെ ബുദ്ധ്യുപദേശം അത് എഴുതപ്പെട്ട കാലത്തെപ്പോലെ ഇന്നും പ്രസക്തമാണ്. പരസ്പരം സ്നേഹത്തോടെയും ആദരവോടെയും ഭാര്യാഭർത്താക്കന്മാർ പെരുമാറുകയും വിവാഹം സമ്പൂർണമായ ഒരു ബന്ധമാണെന്നു കരുതുകയും ചെയ്യുമ്പോൾ, ദാമ്പത്യബന്ധം അതിജീവിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും—ഒപ്പം കുടുംബവും.
മാതാപിതാക്കൾക്കുള്ള പ്രായോഗിക മാർഗനിർദേശം
കുട്ടികളെ വളർത്തുന്നതിലുള്ള “പുത്തൻ ആശയങ്ങ”ളാൽ പ്രേരിതരായി, പല ദശകങ്ങൾക്കു മുമ്പ് അനേകം മാതാപിതാക്കളും കരുതിയിരുന്നത് “ശിക്ഷിക്കുന്നത് തെറ്റാണ്” എന്നായിരുന്നു.8 കുട്ടികൾക്കു പരിമിതികൾ വെക്കുന്നത് അവരിൽ ആഘാതവും നിരാശയും ഉളവാക്കുമെന്നായിരുന്നു അവരുടെ ഭയം. മാതാപിതാക്കൾ കുട്ടികൾക്ക് ഏറ്റവും നിസ്സാരമായ തിരുത്തൽ കൊടുക്കുന്നതിലധികം ഒന്നും ചെയ്യരുതെന്നു കുട്ടികളെ വളർത്തുന്നതു സംബന്ധിച്ച സദുദ്ദേശ്യമുള്ള ബുദ്ധ്യുപദേശകർ നിർബന്ധം പിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരം വിദഗ്ധരിലനേകർ ശിക്ഷണത്തിനുള്ള പങ്കിനെക്കുറിച്ചു പുനർവിചിന്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വിഷയം സംബന്ധിച്ചു വ്യക്തമായ വിവരങ്ങൾക്കായി ഉത്കണ്ഠാകുലരായ മാതാപിതാക്കൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
എന്നിരുന്നാലും, കുട്ടികളെ വളർത്തുന്ന കാര്യത്തിൽ ഇക്കാലമെല്ലാം ബൈബിൾ വ്യക്തവും ന്യായയുക്തവുമായ ബുദ്ധ്യുപദേശം നൽകിയിട്ടുണ്ട്. ഏതാണ്ട് 2,000 വർഷത്തിനു മുമ്പ് അത് ഇങ്ങനെ പ്രസ്താവിച്ചു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും [“ശിക്ഷണത്തിലും,” NW] പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.” (എഫെസ്യർ 6:4) ‘ശിക്ഷണം’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു നാമത്തിന്റെ അർഥം “അഭ്യസനം, പരിശീലനം, പ്രബോധനം” എന്നൊക്കെയാണ്.9 അത്തരം ശിക്ഷണം അല്ലെങ്കിൽ പ്രബോധനം മാതാപിതാക്കളുടെ സ്നേഹത്തിന്റെ തെളിവാണെന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:24) വ്യക്തമായ ധാർമിക മാർഗനിർദേശത്തോടെയും ശരിയും തെറ്റും സംബന്ധിച്ച വികസിതമായ ഒരു അവബോധത്തോടെയും കുട്ടികൾ വളർന്നുവരുന്നു. മാതാപിതാക്കൾ അവരെക്കുറിച്ചും അവർ വളർത്തിയെടുക്കുന്ന വ്യക്തിത്വത്തെക്കുറിച്ചും കരുതലുള്ളവരാണെന്നു ശിക്ഷണം പ്രകടമാക്കുന്നു.
എന്നാൽ മാതാപിതാക്കളുടെ അധികാരം—“ശിക്ഷെക്കുള്ള വടി”—ഒരിക്കലും ദ്രോഹിക്കുന്ന തരത്തിലുള്ളതായിരിക്കരുത്.b (സദൃശവാക്യങ്ങൾ 22:15; 29:15) ബൈബിൾ മാതാപിതാക്കൾക്ക് ഈ മുന്നറിയിപ്പു നൽകുന്നു: “നിങ്ങളുടെ മക്കളെ അമിതമായി തിരുത്തരുത്, അങ്ങനെയായാൽ നിങ്ങൾ അവരുടെ ധൈര്യം ചോർത്തിക്കളയും.” (കൊലൊസ്സ്യർ 3:21, ഫിലിപ്സ്) ശാരീരിക ശിക്ഷ സാധാരണമായി ഏറ്റവും ഫലപ്രദമായ പഠിപ്പിക്കൽ മാർഗമല്ലെന്നും അതു സമ്മതിക്കുന്നു. സദൃശവാക്യങ്ങൾ 17:10 ഇങ്ങനെ പറയുന്നു: “ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.” തന്നെയുമല്ല, പ്രതിരോധ ശിക്ഷണവും (preventive discipline) ബൈബിൾ ശുപാർശ ചെയ്യുന്നു. കുട്ടികളിൽ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ അനൗപചാരിക സന്ദർഭങ്ങൾ പ്രയോജനപ്പെടുത്താൻ ആവർത്തനപുസ്തകം 11:19 മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്നു.—ആവർത്തനപുസ്തകം 6:6, 7-ഉം കൂടെ കാണുക.
മാതാപിതാക്കൾക്കുള്ള ബൈബിളിന്റെ കാലാതീത ബുദ്ധ്യുപദേശം വ്യക്തമാണ്. കുട്ടികൾക്ക് പൊരുത്തമുള്ള, സ്നേഹപുരസ്സരമായ ശിക്ഷണം ആവശ്യമാണ്. അത്തരം ബുദ്ധ്യുപദേശം വാസ്തവത്തിൽ ഫലപ്രദമാണെന്നു പ്രായോഗിക അനുഭവം കാണിക്കുന്നു.c
ആളുകളെ ഭിന്നിപ്പിച്ചുനിർത്തുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യൽ
വർഗീയവും ദേശീയവും വംശീയവുമായ പ്രതിബന്ധങ്ങൾ ഇന്ന് ആളുകളെ ഭിന്നിപ്പിച്ചുനിർത്തുന്നു. ലോകമെമ്പാടുമുള്ള യുദ്ധങ്ങളിൽ നിഷ്കളങ്കരായ ആളുകളെ കൊലചെയ്യുന്നതിനു കാരണമായിട്ടുണ്ട് അത്തരം കൃത്രിമ മതിലുകൾ. ചരിത്രം പരിശോധിക്കുകയാണെങ്കിൽ, പല വർഗങ്ങളിലും ജനതകളിലും പെട്ട സ്ത്രീപുരുഷന്മാർ സമത്വമുള്ളവരെന്നവണ്ണം പരസ്പരം ഇടപെടുമെന്ന പ്രതീക്ഷ മങ്ങിയതാണ്. “പരിഹാരം നമ്മുടെ ഹൃദയങ്ങളിലാണ്,” ഒരു ആഫ്രിക്കൻ രാജ്യതന്ത്രജ്ഞൻ പറയുന്നു.11 എന്നാൽ മനുഷ്യഹൃദയങ്ങൾക്കു മാറ്റം വരുത്തുക എളുപ്പമല്ല. ബൈബിളിന്റെ സന്ദേശം ഹൃദയത്തിന് ആകർഷകമായിരിക്കുന്നതും സമത്വമനോഭാവങ്ങളെ പരിപോഷിപ്പിക്കുന്നതും എങ്ങനെയെന്നു പരിചിന്തിക്കുക.
ദൈവം “ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” എന്ന ബൈബിളിന്റെ പഠിപ്പിക്കൽ വർഗശ്രേഷ്ഠത എന്ന ആശയത്തെ നിരാകരിക്കുന്നു. (പ്രവൃത്തികൾ 17:26) യഥാർഥത്തിൽ ഒരു വർഗം—മനുഷ്യവർഗം—മാത്രമേ ഉള്ളുവെന്ന് അതു പ്രകടമാക്കുന്നു. “ദൈവത്തെ അനുകരിപ്പിൻ” എന്നു ബൈബിൾ കൂടുതലായി നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ആ ദൈവത്തെക്കുറിച്ച് അതിങ്ങനെ പറയുന്നു: “[അവനു] മുഖപക്ഷമില്ല . . . ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.” (എഫെസ്യർ 5:1; പ്രവൃത്തികൾ 10:34, 35) ബൈബിളിനെ ഗൗരവബുദ്ധിയോടെ കാണുകയും അതിന്റെ പഠിപ്പിക്കലുകളനുസരിച്ച് യഥാർഥത്തിൽ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ആ അറിവിന് ഏകീകരിക്കുന്ന തരത്തിലുള്ള ഒരു ഫലമുണ്ട്. ആളുകളെ ഭിന്നിപ്പിച്ചുനിർത്തുന്ന മനുഷ്യനിർമിത പ്രതിബന്ധങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് അത് ഏറ്റവും ആഴമായ തലത്തിൽ, മനുഷ്യഹൃദയത്തിൽ പ്രവർത്തിക്കുന്നു. ഒരു ഉദാഹരണം പരിചിന്തിക്കുക.
ഹിറ്റ്ലർ യൂറോപ്പിലുടനീളം യുദ്ധം ചെയ്തപ്പോൾ, നിഷ്കളങ്കരായ ആളുകളെ കൊല്ലുന്നതിൽ കൂട്ടുനിൽക്കാഞ്ഞ ദൃഢചിത്തരായ ഒരു കൂട്ടം ക്രിസ്ത്യാനികളുണ്ടായിരുന്നു—യഹോവയുടെ സാക്ഷികൾ. അവർ സഹമനുഷ്യനെതിരെ “വാളോങ്ങുകയില്ലാ”യിരുന്നു. ദൈവത്തെ പ്രസാദിപ്പിക്കാനുള്ള തങ്ങളുടെ ആഗ്രഹം നിമിത്തമാണ് അവർ ആ നിലപാടു സ്വീകരിച്ചത്. (യെശയ്യാവു 2:3, 4; മീഖാ 4:3, 5) ബൈബിൾ പഠിപ്പിക്കുന്ന കാര്യം അവർ യഥാർഥത്തിൽ വിശ്വസിച്ചിരുന്നു—ഒരു ജനതയോ വർഗമോ മറ്റൊന്നിനെക്കാൾ ശ്രേഷ്ഠമല്ല. (ഗലാത്യർ 3:28) സമാധാനപ്രിയമുള്ള അവരുടെ നിലപാടു നിമിത്തം, യഹോവയുടെ സാക്ഷികളെയായിരുന്നു തടങ്കൽപ്പാളയങ്ങളിൽ ആദ്യം പിടിച്ചിട്ടത്.—റോമർ 12:18.
എന്നാൽ ബൈബിൾ പിൻപറ്റുന്നുവെന്ന് അവകാശപ്പെട്ട എല്ലാവരുമൊന്നും അത്തരമൊരു നിലപാടു സ്വീകരിച്ചില്ല. രണ്ടാം ലോകയുദ്ധം കഴിഞ്ഞ് അധികമാകുന്നതിനു മുമ്പു ജർമൻ പ്രൊട്ടസ്റ്റൻറ് പുരോഹിതനായ മാർട്ടിൻ നിമൊളർ ഇങ്ങനെ എഴുതി: “[യുദ്ധങ്ങൾക്കു] ദൈവത്തെ കുറ്റപ്പെടുത്താനാഗ്രഹിക്കുന്ന ആർക്കും ദൈവവചനമറിയില്ല, അറിയാൻ ആഗ്രഹിക്കുന്നതുമില്ല . . . ചരിത്രത്തിലുടനീളം ക്രിസ്തീയ സഭകൾ ആവർത്തിച്ചാവർത്തിച്ചു യുദ്ധങ്ങളെയും സേനകളെയും ആയുധങ്ങളെയും അനുഗ്രഹിച്ചിട്ടുണ്ട്, മാത്രമല്ല . . . തികച്ചും ക്രിസ്തീയ വിരുദ്ധമായ രീതിയിൽ യുദ്ധത്തിൽ ശത്രുക്കളുടെ നാശത്തിനായി അവർ പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം നമ്മുടെയും നമ്മുടെ പിതാക്കന്മാരുടെയും കുറ്റമാണ്, എന്നാൽ ഒരുപ്രകാരത്തിലും ദൈവത്തെയല്ല പഴിക്കേണ്ടത്. ഇന്നത്തെ ക്രിസ്ത്യാനികളായ നാം ആത്മാർഥരായ ബൈബിൾ വിദ്യാർഥികൾ [യഹോവയുടെ സാക്ഷികൾ] എന്നു വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ മുമ്പിൽ ലജ്ജിതരായി നിൽക്കുന്നു. യുദ്ധത്തിൽ സേവിക്കാൻ കൂട്ടാക്കാഞ്ഞതിനാലും മനുഷ്യരുടെ നേർക്കു വെടിവെക്കാൻ വിസമ്മതിച്ചതിനാലും അവരിൽ നൂറുകണക്കിനും ആയിരക്കണക്കിനും പേർ തടങ്കൽപ്പാളയങ്ങളിലേക്കു പോയി.”12
യഹോവയുടെ സാക്ഷികൾ ഇന്നോളം തങ്ങളുടെ സാഹോദര്യത്തിന്റെ പേരിൽ അറിയപ്പെടുന്നവരാണ്. ആ സാഹോദര്യം അറബികളെയും യഹൂദരെയും, ക്രൊയേഷ്യക്കാരെയും സെർബിയക്കാരെയും, ഹൂട്ടുകളെയും ടൂട്സികളെയും ഏകീകരിക്കുന്നു. എന്നിരുന്നാലും, അത്തരം സാഹോദര്യം സാധ്യമായിരിക്കുന്നത് തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരായതുകൊണ്ടല്ല, ബൈബിൾസന്ദേശത്തിന്റെ ശക്തിയാൽ പ്രചോദിതരായതുകൊണ്ടാണെന്നു സാക്ഷികൾ സത്വരം സമ്മതിക്കുന്നു.—1 തെസ്സലൊനീക്യർ 2:13.
നല്ല മാനസികാരോഗ്യത്തെ പരിപോഷിപ്പിക്കുന്ന പ്രായോഗിക മാർഗനിർദേശം
ആളുകളുടെ മാനസികവും വൈകാരികവുമായ ആരോഗ്യം അവരുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കാറുണ്ട്. ഉദാഹരണത്തിന്, കോപത്തിനു ഹാനികരമായ ഫലങ്ങളുണ്ടെന്നു ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. “സാമൂഹിക പിന്തുണയുടെ കുറവ്, കോപിക്കുമ്പോഴുണ്ടാകുന്ന വർധിച്ച വൈകാരിക സമ്മർദം, അപകടകരമായ ശീലങ്ങളിൽ അമിതമായി മുഴുകൽ എന്നിങ്ങനെയുള്ള നാനാവിധ കാരണങ്ങളാൽ, വിദ്വേഷം വെച്ചുപുലർത്തുന്ന ആളുകൾക്ക് ഹൃദയധമനീരോഗം (അതുപോലെ മറ്റു രോഗങ്ങളും) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു ലഭ്യമായ മിക്ക തെളിവുകളും സൂചിപ്പിക്കുന്നു,” ഡ്യൂക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ പെരുമാറ്റ ഗവേഷണവിഭാഗത്തിന്റെ ഡയറക്ടറായ ഡോ. റെഡ്ഫോർഡ് വില്യംസും അദ്ദേഹത്തിന്റെ ഭാര്യ വിർജിനിയ വില്യംസും കോപം കൊല്ലുന്നു (ഇംഗ്ലീഷ്) എന്ന തങ്ങളുടെ പുസ്തകത്തിൽ പറയുന്നു.13
അത്തരം ശാസ്ത്രീയ പഠനങ്ങൾക്ക് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് നമ്മുടെ വൈകാരികാവസ്ഥയും ശാരീരികാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്നു ലളിതവും സ്പഷ്ടവുമായി ബൈബിൾ വ്യക്തമാക്കിയിരുന്നു: “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്ഥികൾക്കു ദ്രവത്വം.” (സദൃശവാക്യങ്ങൾ 14:30; 17:22) “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക” എന്നും “നിന്റെ മനസ്സിൽ അത്ര വേഗം നീരസം [അല്ലെങ്കിൽ “കോപം,” ജയിംസ് രാജാവിന്റെ ഭാഷാന്തരം] ഉണ്ടാകരുതു” എന്നും ജ്ഞാനപൂർവം ബൈബിൾ ബുദ്ധ്യുപദേശിക്കുന്നു.—സങ്കീർത്തനം 37:8; സഭാപ്രസംഗി 7:9.
കോപത്തെ കൈകാര്യം ചെയ്യുന്നതിനുള്ള നല്ല ബുദ്ധ്യുപദേശവും ബൈബിളിൽ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, സദൃശവാക്യങ്ങൾ 19:11 ഇങ്ങനെ പറയുന്നു: “വിവേകബുദ്ധിയാൽ [“ഉൾക്കാഴ്ചയാൽ,” NW] മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” “ഉൾക്കാഴ്ച” എന്നതിന്റെ എബ്രായ പദം വന്നിരിക്കുന്നത് “എന്തിന്റെയെങ്കിലും കാരണത്തെക്കുറിച്ചുള്ള അറിവി”ലേക്കു ശ്രദ്ധ ക്ഷണിക്കുന്ന ഒരു ക്രിയയിൽനിന്നാണ്.14 ജ്ഞാനമുള്ള ബുദ്ധ്യുപദേശം ഇതാണ്: “പ്രവൃത്തിക്കുന്നതിനു മുമ്പു ചിന്തിക്കുക.” മറ്റുള്ളവർ പ്രത്യേക വിധത്തിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് കൂടുതൽ സഹിഷ്ണുതയുള്ളവനായിരിക്കാൻ ഒരുവനെ സഹായിക്കും. അപ്പോൾ കോപിക്കാനുള്ള സാധ്യതയും കുറയും.—സദൃശവാക്യങ്ങൾ 14:29.
പ്രായോഗികമായ മറ്റൊരു ബുദ്ധ്യുപദേശം കൊലൊസ്സ്യർ 3:13-ൽ കാണാം. അത് ഇങ്ങനെ പറയുന്നു: “അന്യോന്യം പൊറുക്കയും . . . തമ്മിൽ ക്ഷമിക്കയും ചെയ്വിൻ.” ചെറിയ ചെറിയ അസ്വാരസ്യങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. ‘പൊറുക്കുക’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് മറ്റുള്ളവരിൽ കാണുന്ന നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ക്ഷമിക്കുക എന്നാണ്. ‘ക്ഷമിക്കുക’ എന്നതിനർഥം നീരസം നീക്കിക്കളയുക എന്നാണ്. കയ്പേറിയ വികാരങ്ങളെ താലോലിക്കുന്നതിനു പകരം അവ നീങ്ങിപ്പോകാൻ അനുവദിക്കുന്നതു ജ്ഞാനമാണ്; കോപം വെച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ഭാരം വർധിപ്പിക്കുകയേയുള്ളൂ.—“മനുഷ്യബന്ധങ്ങൾക്കുള്ള പ്രായോഗിക മാർഗനിർദേശം” എന്ന ചതുരം കാണുക.
ഇന്നു ബുദ്ധ്യുപദേശത്തിന്റെയും മാർഗനിർദേശത്തിന്റെയും ധാരാളം ഉറവുകളുണ്ട്. എന്നാൽ, ബൈബിൾ ശരിക്കും അനുപമമാണ്. അതിന്റെ ബുദ്ധ്യുപദേശം കേവലം കഥയല്ല, അതിന്റെ ഉപദേശം നമുക്കു ഹാനികരവുമല്ല. മറിച്ച്, അതിന്റെ ജ്ഞാനം “വളരെ ആശ്രയയോഗ്യമെന്നു” തെളിഞ്ഞിരിക്കുന്നു. (സങ്കീർത്തനം 93:5, NW) തന്നെയുമല്ല, ബൈബിളിന്റെ ബുദ്ധ്യുപദേശം കാലാതീതമാണ്. അതു പൂർത്തീകരിക്കപ്പെട്ടത് ഏതാണ്ട് 2,000 വർഷം മുമ്പായിരുന്നെങ്കിലും, അതിന്റെ വാക്കുകൾ ഇപ്പോഴും പ്രായോഗികമാണ്. നമ്മുടെ ത്വക്കിന്റെ നിറം എന്തായിരുന്നാലും നാം ജീവിക്കുന്ന രാജ്യം ഏതായിരുന്നാലും അവ തുല്യശക്തിയോടെ ബാധകമാകുന്നു. ബൈബിളിന്റെ വാക്കുകൾക്കു ശക്തിയുമുണ്ട്—ആളുകളുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ വരുത്താൻ അതിനു കഴിയും. (എബ്രായർ 4:12) ആ ഗ്രന്ഥം വായിക്കുന്നതും അതിന്റെ തത്ത്വങ്ങൾ ബാധകമാക്കുന്നതും നിങ്ങളുടെ ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കും.
[അടിക്കുറിപ്പുകൾ]
a ‘പറ്റിച്ചേരുക’ എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന ദാവഖ് എന്ന എബ്രായ പദത്തിന് “പ്രീതിയോടെയും വിശ്വസ്തതയോടെയും ആരോടെങ്കിലും പറ്റിനിൽക്കുക എന്ന ആശയമാണുള്ളത്.”4 ഗ്രീക്കിൽ, “പറ്റിച്ചേരും” എന്നു മത്തായി 19:5-ൽ വിവർത്തനം ചെയ്തിരിക്കുന്ന പദം “പശകൊണ്ട് ഒട്ടിക്കുക,” “ഒന്നാക്കുക,” “ദൃഢമായി കൂട്ടിച്ചേർക്കുക” എന്നൊക്കെ അർഥമുള്ള പദത്തോടു ബന്ധപ്പെട്ടിരിക്കുന്നു.5
b ബൈബിൾ കാലങ്ങളിൽ, “വടി” (എബ്രായ, ഷെവെത്ത്) എന്ന പദത്തിന് ഒരു ഇടയൻ ഉപയോഗിക്കുന്നതു പോലുള്ള “ദണ്ഡ്” എന്നോ “കോല്” എന്നോ അർഥമുണ്ടായിരുന്നു.10 ഈ പശ്ചാത്തലത്തിൽ, അധികാരത്തിന്റെ വടി സൂചിപ്പിക്കുന്നത് ഉഗ്രമായ മൃഗീയതയെ അല്ല, സ്നേഹപുരസ്സരമായ മാർഗനിർദേശത്തെയാണ്.—സങ്കീർത്തനം 23:4 താരതമ്യം ചെയ്യുക.
c വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിലെ “ശൈശവംമുതലേ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക,” “നിങ്ങളുടെ കൗമാരപ്രായക്കാരെ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുക,” “വീട്ടിൽ ഒരു മത്സരി ഉണ്ടോ?,” “നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക” എന്നീ അധ്യായങ്ങൾ കാണുക.
[24-ാം പേജിലെ ആകർഷകവാക്യം]
കുടുംബജീവിതം സംബന്ധിച്ചു വ്യക്തവും ന്യായയുക്തവുമായ ബുദ്ധ്യുപദേശം ബൈബിൾ പ്രദാനം ചെയ്യുന്നു
[23-ാം പേജിലെ ചതുരം]
ആരോഗ്യാവഹമായ കുടുംബങ്ങളുടെ സവിശേഷതകൾ
അനവധി വർഷങ്ങൾക്കു മുമ്പ്, വിദ്യാഭ്യാസപ്രവർത്തകയും കുടുംബ സ്പെഷ്യലിസ്റ്റുമായ ഒരുവൾ വ്യാപകമായ ഒരു സർവേ നടത്തുകയുണ്ടായി. അതിൽ പങ്കെടുത്തത് കുടുംബങ്ങൾക്കു ബുദ്ധ്യുപദേശം നൽകുന്ന 500 വിദഗ്ധരായിരുന്നു. “ആരോഗ്യമുള്ള” കുടുംബങ്ങളുടെ പ്രത്യേകതകളായി അവർ നിരീക്ഷിച്ചത് എന്താണെന്നു പറയാൻ അവരോട് ആവശ്യപ്പെടുകയുണ്ടായി. രസാവഹമെന്നു പറയട്ടെ, ആ പട്ടികയിലുണ്ടായിരുന്ന ഏറ്റവും സാധാരണമായ സവിശേഷതകൾ ദീർഘകാലം മുമ്പേ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു.
നല്ല ആശയവിനിമയ ശീലങ്ങളും ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ രീതികളും പട്ടികയിൽ ഏറ്റവും മുന്തിയതായിരുന്നു. ആരോഗ്യാവഹമായ കുടുംബങ്ങളിൽ കണ്ട പൊതുവായ ഒരു സംഗതി “മറ്റൊരാളുടെ നേർക്കു കോപം വെച്ചുപുലർത്തിക്കൊണ്ട് ആരും ഉറങ്ങാൻ പോകുന്നില്ല” എന്നതാണെന്നു സർവേ നടത്തിയ വ്യക്തി അഭിപ്രായപ്പെട്ടു.6 എന്നാൽ, 1,900 വർഷം മുമ്പു ബൈബിൾ ഇങ്ങനെ ബുദ്ധ്യുപദേശിച്ചിരുന്നു: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു.” (എഫെസ്യർ 4:26) ബൈബിൾകാലങ്ങളിൽ ദിവസങ്ങൾ കണക്കാക്കിയിരുന്നത് സൂര്യാസ്തമയംമുതൽ സൂര്യാസ്തമയംവരെ ആയിരുന്നു. അതുകൊണ്ട്, ആധുനിക വിദഗ്ധർ കുടുംബങ്ങളെക്കുറിച്ചു പഠിക്കുന്നതിനു ദീർഘകാലം മുമ്പ് ബൈബിൾ ജ്ഞാനപൂർവം ഉപദേശിച്ചിരുന്നു: ഭിന്നതയുളവാക്കുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന്—ഒരു ദിവസം അവസാനിച്ച് മറ്റൊന്നു തുടങ്ങുന്നതിനു മുമ്പ്—പരിഹരിക്കുക.
ആരോഗ്യമുള്ള കുടുംബങ്ങൾ “കിടക്കാൻ പോകുന്നതിനു മുമ്പായി സ്ഫോടനാത്മക വിഷയങ്ങൾ എടുത്തിടുമായിരുന്നില്ല” എന്നു സർവേ നടത്തിയ വ്യക്തി കണ്ടെത്തി. “‘തക്കസമയത്ത്’ എന്ന പ്രയോഗം ഞാൻ ആവർത്തിച്ചാവർത്തിച്ചു കേട്ടു.”7 അത്തരം കുടുംബങ്ങൾ അവരറിയാതെതന്നെ അനുകരിച്ചിരുന്നത് 2,700 വർഷം മുമ്പ് രേഖപ്പെടുത്തിയിരുന്ന ബൈബിൾ സദൃശവാക്യമായിരുന്നു: ‘തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ [“സ്വർണ ആപ്പിളുകൾപോലെ,” NW] ആകുന്നു.’ (സദൃശവാക്യങ്ങൾ 15:23; 25:11) ഈ ഉപമ ചിത്രക്കൊത്തുപണിയുള്ള വെള്ളിത്താലങ്ങളിൽ വെച്ചിരുന്ന ആപ്പിളിന്റെ ആകൃതിയിലുള്ള സ്വർണാഭരണങ്ങളെ അനുസ്മരിപ്പിച്ചേക്കാം—ബൈബിൾ കാലങ്ങളിൽ അവ അമൂല്യവും മനോഹരവുമായ സ്വത്തുക്കളായിരുന്നു. അത് ഉചിതമായ സമയത്ത് ഉച്ചരിക്കുന്ന വാക്കുകളുടെ ഭംഗിയും മൂല്യവും അറിയിക്കുന്നു. സമ്മർദപൂരിതമായ സന്ദർഭങ്ങളിൽ, തക്കസമയത്തു പറഞ്ഞ ഉചിതമായ വാക്കുകൾ അമൂല്യമാണ്.—സദൃശവാക്യങ്ങൾ 10:19.
[26-ാം പേജിലെ ചതുരം]
മനുഷ്യബന്ധങ്ങൾക്കുള്ള പ്രായോഗിക മാർഗനിർദേശം
“നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സങ്കീർത്തനം 4:4) ചെറിയ തെറ്റുകൾ ഉൾപ്പെടുന്ന മിക്ക കേസുകളിലും വൈകാരിക സമ്മർദം ഒഴിവാക്കിക്കൊണ്ടു നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നതു ജ്ഞാനമായിരിക്കും.
“വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സദൃശവാക്യങ്ങൾ 12:18) സംസാരിക്കുന്നതിനു മുമ്പു ചിന്തിക്കുക. ചിന്താശൂന്യമായ വാക്കുകൾ മറ്റുള്ളവരെ വ്രണപ്പെടുത്താനും സൗഹൃദങ്ങൾ നശിപ്പിക്കാനും കാരണമായേക്കാം.
“മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സദൃശവാക്യങ്ങൾ 15:1) സൗമ്യതയോടെ പ്രതികരിക്കുന്നതിന് ആത്മനിയന്ത്രണം ആവശ്യമാണ്. എന്നാൽ അത്തരമൊരു ഗതി പ്രശ്നങ്ങൾ പരിഹരിക്കുകയും സമാധാനപരമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്യും.
“കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സദൃശവാക്യങ്ങൾ 17:14) നിയന്ത്രണം നഷ്ടപ്പെടുന്നതിനു മുമ്പു ചൂടുപിടിച്ച ഒരു രംഗത്തുനിന്നു മാറിപ്പോകുന്നതു ജ്ഞാനമാണ്.
“നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാർവ്വിൽ അല്ലോ നീരസം വസിക്കുന്നതു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സഭാപ്രസംഗി 7:9) പ്രവൃത്തികൾക്കു മുമ്പേ ഉണ്ടാകുന്നതു വികാരങ്ങളാണ്. പെട്ടെന്നു വ്രണിതനാകുന്ന വ്യക്തി മൂഢനാണ്, കാരണം അയാളുടെ പ്രവൃത്തി മൂർച്ചയുള്ള വാക്കുകളിലേക്കോ പ്രവർത്തനങ്ങളിലേക്കോ നയിച്ചേക്കാം.
[25-ാം പേജിലെ ചിത്രം]
ആദ്യം തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്ക്കപ്പെട്ടവരിൽ യഹോവയുടെ സാക്ഷികളുണ്ടായിരുന്നു