പഠനലേഖനം 24
യഹോവ—ക്ഷമിക്കുന്നതിൽ ഏറ്റവും നല്ല മാതൃക
“യഹോവേ, അങ്ങ് നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ.”—സങ്കീ. 86:5.
ഗീതം 42 ദൈവദാസന്റെ പ്രാർഥന
ചുരുക്കംa
1. സഭാപ്രസംഗകൻ 7:20-ലെ ശലോമോൻ രാജാവിന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?
ശലോമോൻ രാജാവ് പറഞ്ഞു: “ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ലല്ലോ.” (സഭാ. 7:20) എത്ര ശരിയാണ്, അല്ലേ? നമ്മൾ എല്ലാവരും പാപികളാണ്. (1 യോഹ. 1:8) അതുകൊണ്ടുതന്നെ ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും നമുക്കെല്ലാം ക്ഷമ കിട്ടേണ്ടതുണ്ട്.
2. ഒരു കൂട്ടുകാരൻ നിങ്ങളോടു ക്ഷമിക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും?
2 നിങ്ങൾ എപ്പോഴെങ്കിലും ഒരു അടുത്ത കൂട്ടുകാരനെ വേദനിപ്പിച്ചെന്നിരിക്കട്ടെ. എന്നാൽ വീണ്ടും ആ പഴയ ബന്ധത്തിലേക്കു വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങൾ അദ്ദേഹത്തോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങൾ ചെയ്തതൊന്നും മനസ്സിൽവെക്കാതെ, നിങ്ങളോടു ക്ഷമിക്കാൻ അദ്ദേഹം തയ്യാറാകുമ്പോൾ നിങ്ങൾക്ക് എത്ര ആശ്വാസവും സന്തോഷവും തോന്നും, അല്ലേ?
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
3 യഹോവ നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരനായിരിക്കാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ പലപ്പോഴും നമ്മുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നമ്മൾ യഹോവയെ വേദനിപ്പിക്കാറുണ്ട്. നമ്മൾ അങ്ങനെയൊക്കെ ചെയ്താലും യഹോവ നമ്മളോടു ക്ഷമിക്കാൻ ആഗ്രഹിക്കുന്നെന്ന് എങ്ങനെ അറിയാം? യഹോവയെപ്പോലെ ക്ഷമിക്കാൻ മറ്റാർക്കുമാകില്ല എന്നു പറയാവുന്നത് എന്തുകൊണ്ടാണ്? ഇനി, യഹോവ ആരോടൊക്കെ ക്ഷമിക്കും? ഇതെക്കുറിച്ചൊക്കെ നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
യഹോവ ക്ഷമിക്കാൻ തയ്യാറാണ്
4. യഹോവ എപ്പോഴും ക്ഷമിക്കാൻ ഒരുങ്ങിയിരിക്കുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
4 യഹോവ ക്ഷമിക്കാൻ തയ്യാറാണെന്നു ബൈബിൾ ഉറപ്പുതരുന്നു. സീനായ് പർവതത്തിൽവെച്ച് ഒരു ദൂതനിലൂടെ തന്നെക്കുറിച്ചുതന്നെ യഹോവ മോശയോട് പറഞ്ഞു: “യഹോവ, യഹോവ, കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞവൻ, ആയിരമായിരങ്ങളോട് അചഞ്ചലമായ സ്നേഹം കാണിക്കുന്നവൻ, തെറ്റുകളും ലംഘനവും പാപവും പൊറുക്കുന്നവൻ.” (പുറ. 34:6, 7) മാനസാന്തരപ്പെടുന്ന പാപികളോടു ക്ഷമിക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുന്ന, ദയയും കരുണയും ഉള്ള ദൈവമാണ് യഹോവ എന്നല്ലേ ഇതു കാണിക്കുന്നത്?—നെഹ. 9:17; സങ്കീ. 86:15.
5. നമ്മളെ നന്നായി അറിയാവുന്നതുകൊണ്ട് എന്തു ചെയ്യാൻ യഹോവ തയ്യാറാകുന്നു? (സങ്കീർത്തനം 103:13, 14)
5 യഹോവയാണല്ലോ നമ്മളെ സൃഷ്ടിച്ചത്. അതുകൊണ്ട് യഹോവയ്ക്കു നമ്മളെക്കുറിച്ച് എല്ലാം അറിയാം. നമ്മുടെ മാത്രമല്ല ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും എല്ലാ വിശദാംശങ്ങളും യഹോവയ്ക്ക് അറിയാം. (സങ്കീ. 139:15-17) ആദാമിന്റെ മക്കളായ നമ്മൾ പാപികളാണെന്ന് യഹോവ മനസ്സിലാക്കുന്നു. ഇനി, നമ്മുടെ സാഹചര്യവും നമ്മൾ എന്തുകൊണ്ടാണ് ഇങ്ങനെയായിരിക്കുന്നതെന്നും എല്ലാം യഹോവയ്ക്ക് അറിയാം. നമ്മളെ ഇത്ര നന്നായി അറിയാവുന്നതുകൊണ്ട് നമ്മളോടു കരുണയോടെ ഇടപെടാൻ യഹോവ തയ്യാറാകുന്നു.—സങ്കീ. 78:39; സങ്കീർത്തനം 103:13, 14 വായിക്കുക.
6. നമ്മളോടു ക്ഷമിക്കാൻ യഹോവ ഒരുപാട് ആഗ്രഹിക്കുന്നെന്നു തെളിയിച്ചത് എങ്ങനെ?
6 ആദാം പാപം ചെയ്തതുകൊണ്ട് നമ്മളെല്ലാം പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലാണെന്ന് യഹോവയ്ക്ക് അറിയാം. (റോമ. 5:12) നമുക്കു സ്വന്തമായി അതിൽനിന്ന് രക്ഷപ്പെടാൻ പറ്റില്ല; മറ്റുള്ളവരെ രക്ഷിക്കാനും നമുക്കാകില്ല. (സങ്കീ. 49:7-9) എന്നാൽ നമ്മളെ ഒരുപാടു സ്നേഹിക്കുന്നതുകൊണ്ട് നമ്മളെ രക്ഷിക്കാൻ യഹോവ ഒരു ക്രമീകരണം ചെയ്തു. യോഹന്നാൻ 3:16 പറയുന്നതുപോലെ നമുക്കുവേണ്ടി മരിക്കാൻ യഹോവ തന്റെ ഏകജാതനായ മകനെ ഭൂമിയിലേക്ക് അയച്ചു. (മത്താ. 20:28; റോമ. 5:19) അങ്ങനെ യേശുവിൽ വിശ്വസിക്കുന്നവർക്കു പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് രക്ഷപ്പെടാനാകും. (എബ്രാ. 2:9) തന്റെ പ്രിയ മകൻ കഠിനമായ വേദന സഹിച്ച് ഇഞ്ചിഞ്ചായി മരിക്കുന്നതു കണ്ടപ്പോൾ ആ പിതാവിന് എത്ര സങ്കടം തോന്നിക്കാണും! നമ്മളോടു ക്ഷമിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ലെങ്കിൽ തന്റെ മകൻ ഇങ്ങനെ മരിക്കാൻ യഹോവ അനുവദിക്കുമായിരുന്നോ?
7. യഹോവ ഉദാരമായി ക്ഷമിച്ച ചിലരുടെ ഉദാഹരണങ്ങൾ പറയുക.
7 യഹോവ ഉദാരമായി ക്ഷമിച്ച കുറെ പേരെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. (എഫെ. 4:32) അതെക്കുറിച്ച് ചിന്തിക്കുമ്പോൾ മനശ്ശെ രാജാവിന്റെ കാര്യമായിരിക്കാം നിങ്ങളുടെ മനസ്സിലേക്കു വരുന്നത്. യഹോവയെ വേദനിപ്പിക്കുന്ന എത്രയെത്ര കാര്യങ്ങളാണ് മനശ്ശെ ചെയ്തത്! അദ്ദേഹം മറ്റു ദൈവങ്ങളെ ആരാധിച്ചു, അതിനുവേണ്ടി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇനി, സ്വന്തം മക്കളെ വ്യാജദൈവങ്ങൾക്കു ബലിയർപ്പിച്ചു. അതൊന്നും പോരാഞ്ഞിട്ട് ഒരു വ്യാജദൈവത്തിന്റെ വിഗ്രഹം ദൈവത്തിന്റെ വിശുദ്ധഭവനത്തിൽ സ്ഥാപിക്കുകയും ചെയ്തു. മനശ്ശെയെക്കുറിച്ച് ബൈബിൾ പറയുന്നത്, അദ്ദേഹം “യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്ത് ദൈവത്തെ കോപിപ്പിച്ചു” എന്നാണ്. (2 ദിന. 33:2-7) എന്നിട്ടും മനശ്ശെ മാനസാന്തരപ്പെട്ടപ്പോൾ യഹോവ അദ്ദേഹത്തോട് ഉദാരമായി ക്ഷമിച്ചു. അദ്ദേഹത്തെ വീണ്ടും രാജാവായി നിയമിക്കുകയും ചെയ്തു. (2 ദിന. 33:12, 13) ഇനി, ദാവീദിന്റെ കാര്യവും നമ്മുടെ മനസ്സിലേക്കു വന്നേക്കാം. അദ്ദേഹം വ്യഭിചാരവും കൊലപാതകവും ഉൾപ്പെടെ ഗുരുതരമായ പല തെറ്റുകളും ചെയ്തു. എന്നാൽ തന്റെ തെറ്റു സമ്മതിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തപ്പോൾ യഹോവ ദാവീദിനോടും ക്ഷമിച്ചു. (2 ശമു. 12:9, 10, 13, 14) നമ്മളോടു ക്ഷമിക്കാൻ യഹോവ ഒരുപാട് ആഗ്രഹിക്കുന്നു എന്നല്ലേ ഈ ഉദാഹരണങ്ങൾ കാണിക്കുന്നത്? എന്നാൽ മനുഷ്യർ ക്ഷമിക്കുന്നതുപോലെയല്ല യഹോവ ക്ഷമിക്കുന്നത്. എന്താണു വ്യത്യാസം? അതെക്കുറിച്ചാണു നമ്മൾ ഇനി കാണാൻപോകുന്നത്.
യഹോവയെപ്പോലെ ക്ഷമിക്കാൻ മറ്റാർക്കുമാകില്ല
8. ആരോടു ക്ഷമിക്കണമെന്ന കാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ യഹോവയ്ക്കു കഴിയുന്നത് എന്തുകൊണ്ട്?
8 യഹോവ “സർവഭൂമിയുടെയും ന്യായാധിപൻ” ആണ്. (ഉൽപ. 18:25) ഒരു നല്ല ന്യായാധിപനു നിയമങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. യഹോവയുടെ കാര്യത്തിൽ അതു ശരിയാണ്. കാരണം യഹോവ നിയമനിർമാതാവുംകൂടെയാണ്. (യശ. 33:22) അതുകൊണ്ട് മറ്റാരെക്കാളും നന്നായി ശരിയും തെറ്റും മനസ്സിലാക്കാൻ യഹോവയ്ക്കു സാധിക്കും. നല്ലൊരു ന്യായാധിപനു മറ്റെന്തുകൂടെ വേണം? തീരുമാനമെടുക്കുന്നതിനു മുമ്പ് ഒരു കാര്യത്തിന്റെ എല്ലാ വശവും അദ്ദേഹം അറിഞ്ഞിരിക്കണം. ഇക്കാര്യത്തിലും യഹോവയെപ്പോലെ മറ്റാരുമില്ല.
9. ഒരാളോടു ക്ഷമിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ യഹോവ എന്തെല്ലാം കാര്യങ്ങൾ കണക്കിലെടുക്കുന്നുണ്ട്?
9 മനുഷ്യന്യായാധിപന്മാർ വിധിക്കുന്നത്, കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ യഹോവയ്ക്ക് ഒരു കാര്യത്തിന്റെ എല്ലാ വശങ്ങളും നന്നായി അറിയാം. (ഉൽപ. 18:20, 21; സങ്കീ. 90:8) ഒരാൾക്കു മാതാപിതാക്കളിൽനിന്ന് കൈമാറിക്കിട്ടിയ സ്വഭാവരീതികൾ, അദ്ദേഹം വളർന്നുവന്ന സാഹചര്യം, ജീവിക്കുന്ന സ്ഥലം, അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, മാനസികാവസ്ഥ എന്നിവയെല്ലാം ആ വ്യക്തിയുടെ പ്രവർത്തനത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് യഹോവയ്ക്കു നന്നായി മനസ്സിലാകും. ഒരാൾ എന്തുകൊണ്ട് ഒരു കാര്യം ചെയ്യുന്നു, അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ളത് എന്താണ് എന്നൊക്കെ യഹോവയ്ക്ക് അറിയാം. യഹോവയുടെ കണ്ണിനു മറഞ്ഞിരിക്കുന്ന ഒന്നുമില്ല. (എബ്രാ. 4:13) അതുകൊണ്ട് യഹോവ ഒരാളോടു ക്ഷമിക്കുന്നത് എപ്പോഴും അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നന്നായി വിലയിരുത്തിയിട്ടാണ്.
10. യഹോവ എപ്പോഴും നീതിയോടെയും ന്യായത്തോടെയും വിധിക്കുമെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ആവർത്തനം 32:4)
10 യഹോവ എപ്പോഴും നീതിയോടെയും ന്യായത്തോടെയും ആണ് വിധിക്കുന്നത്. യഹോവയുടെ തീരുമാനങ്ങൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോടും ഒരിക്കലും മുഖപക്ഷം കാണിക്കില്ല. ഒരാളുടെ സൗന്ദര്യമോ പണമോ കഴിവുകളോ സമൂഹത്തിലെ വിലയോ ഒന്നും നോക്കിയിട്ടല്ല അയാളോടു ക്ഷമിക്കണോ വേണ്ടയോ എന്ന് യഹോവ തീരുമാനിക്കുന്നത്. (1 ശമു. 16:7; യാക്കോ. 2:1-4) യഹോവയെക്കൊണ്ട് നിർബന്ധിച്ച് ഒരു കാര്യം ചെയ്യിക്കാനോ കൈക്കൂലി കൊടുത്ത് യഹോവയെ വശത്താക്കാനോ ആർക്കും പറ്റില്ല. (2 ദിന. 19:7) പെട്ടെന്ന് ഒരു ദേഷ്യം തോന്നിയിട്ട് യഹോവ ഒരാൾക്കു ശിക്ഷ വിധിക്കുകയോ മാനസാന്തരപ്പെടാത്ത പാപിയോടു സഹതാപത്തിന്റെ പേരിൽ ക്ഷമിക്കുകയോ ഇല്ല. (പുറ. 34:7) ചുരുക്കത്തിൽ, നമ്മളെക്കുറിച്ച് എല്ലാം അറിയാവുന്നതുകൊണ്ടും നമ്മുടെ സാഹചര്യങ്ങൾ നന്നായി വിലയിരുത്താൻ കഴിവുള്ളതുകൊണ്ടും യഹോവ ഏറ്റവും നല്ല ന്യായാധിപനാണെന്നു പറയാനാകും.—ആവർത്തനം 32:4 വായിക്കുക.
11. യഹോവയെപ്പോലെ ക്ഷമിക്കാൻ മറ്റാർക്കും കഴിയില്ല എന്നു പറയുന്നത് എന്തുകൊണ്ട്?
11 യഹോവയെപ്പോലെ ക്ഷമിക്കാൻ ആർക്കും കഴിയില്ല. എബ്രായതിരുവെഴുത്തുകളുടെ എഴുത്തുകാർ ആ വസ്തുത തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ക്ഷമിക്കുക എന്ന അർഥത്തിൽ ചില ഇടങ്ങളിൽ അവർ ഒരു പ്രത്യേകപദം ഉപയോഗിച്ചു. ആ വാക്കിനെക്കുറിച്ച് ഒരു പുസ്തകം പറയുന്നു: “ദൈവം പാപികളോടു ക്ഷമിക്കുന്നതിനെ സൂചിപ്പിക്കാൻ മാത്രം ഉപയോഗിച്ചിരിക്കുന്ന ഒരു പദമാണ് ഇത്. മനുഷ്യർ തമ്മിൽത്തമ്മിൽ ക്ഷമിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും ഈ പദം ഉപയോഗിച്ചിട്ടില്ല.” മാനസാന്തരപ്പെടുന്ന പാപിയോടു പൂർണമായി ക്ഷമിക്കാനുള്ള അധികാരം യഹോവയ്ക്കു മാത്രമേ ഉള്ളൂ. ആ അധികാരം മനുഷ്യർക്കില്ല. യഹോവ ആ വിധത്തിൽ ക്ഷമിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
12-13. (എ) യഹോവ ഒരാളോടു ക്ഷമിക്കുമ്പോൾ അയാൾക്ക് എന്തു തോന്നും? (ബി) യഹോവ നമ്മളോടു ക്ഷമിക്കുന്നതിന്റെ പ്രയോജനം എത്ര കാലം നിലനിൽക്കും?
12 യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ “ഉന്മേഷകാലങ്ങൾ” ഉണ്ടാകുന്നു, നമുക്കു മനസ്സമാധാനവും ശുദ്ധമായ ഒരു മനസ്സാക്ഷിയും ലഭിക്കും. “യഹോവ” ക്ഷമിക്കുമ്പോൾ മാത്രമേ നമുക്ക് ഇതുപോലെയൊക്കെ തോന്നുകയുള്ളൂ. (പ്രവൃ. 3:19) നമ്മൾ മുമ്പ് പാപം ചെയ്തിട്ടേ ഇല്ല എന്ന രീതിയിലായിരിക്കും യഹോവ തുടർന്നു നമ്മളോട് ഇടപെടുന്നത്. അങ്ങനെ യഹോവയുമായി ആ പഴയ ബന്ധത്തിലേക്കു വരാൻ നമുക്കു കഴിയും.
13 യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിക്കുമ്പോൾ അതു പൂർണമായും മറന്നുകളയുന്നു. വീണ്ടും ഒരിക്കലും ആ തെറ്റിന്റെ പേരിൽ നമ്മളെ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ ഇല്ല. (യശ. 43:25; യിരെ. 31:34) നമ്മുടെ പാപങ്ങളെ, “സൂര്യോദയം സൂര്യാസ്തമയത്തിൽനിന്ന് എത്ര അകലെയാണോ അത്ര അകലേക്കു” ദൈവം മാറ്റുന്നു എന്നാണു ബൈബിൾ പറയുന്നത്.b (സങ്കീ. 103:12) യഹോവയുടെ ഈ ക്ഷമയെക്കുറിച്ച് നമ്മൾ ചിന്തിക്കുമ്പോൾ നമുക്ക് യഹോവയോട് എത്രമാത്രം നന്ദിയും ഭയാദരവും തോന്നുന്നു! (സങ്കീ. 130:4) എന്നാൽ യഹോവ ആരോടാണ് ഇങ്ങനെ ക്ഷമിക്കുന്നത്?
യഹോവ ആരോടാണു ക്ഷമിക്കുന്നത്?
14. യഹോവയുടെ ക്ഷമയെക്കുറിച്ച് നമ്മൾ ഇതുവരെ എന്താണു പഠിച്ചത്?
14 നമ്മൾ ഇതുവരെ എന്തൊക്കെയാണു പഠിച്ചത്? ഒരാളുടെ പാപം എത്ര വലുതോ ചെറുതോ ആണെന്നു നോക്കിയിട്ടല്ല യഹോവ ക്ഷമിക്കുന്നത്. അതു മാത്രമല്ല സ്രഷ്ടാവും നിയമനിർമാതാവും ന്യായാധിപനും ആയതുകൊണ്ട് ആ അറിവെല്ലാം ഉപയോഗിച്ചാണ് ആരോടു ക്ഷമിക്കണമെന്ന് യഹോവ തീരുമാനിക്കുന്നത്. എന്നാൽ ഒരാളോടു ക്ഷമിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ യഹോവ കണക്കിലെടുക്കുന്ന മറ്റു ചില കാര്യങ്ങളുമുണ്ട്. അത് എന്തൊക്കെയാണ്?
15. ലൂക്കോസ് 12:47, 48 പറയുന്നതനുസരിച്ച് ഒരാളോടു ക്ഷമിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ യഹോവ കണക്കിലെടുക്കുന്ന ഒരു കാര്യം എന്താണ്?
15 തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണോ ഒരാൾ ഒരു കാര്യം ചെയ്യുന്നത് എന്നതാണ് യഹോവ കണക്കിലെടുക്കുന്ന ഒരു സംഗതി. ലൂക്കോസ് 12:47, 48 വാക്യങ്ങളിൽ യേശു അക്കാര്യം വ്യക്തമായി പറഞ്ഞു. (വായിക്കുക.) ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞിട്ടും മനഃപൂർവം ഒരാൾ അതു ചെയ്യുമ്പോൾ അതിനെ ഗുരുതരമായ പാപമായി യഹോവ കണക്കാക്കും. അങ്ങനെയുള്ള തെറ്റിനു ചിലപ്പോൾ യഹോവയുടെ ക്ഷമ കിട്ടാതിരുന്നേക്കാം. (മർക്കോ. 3:29; യോഹ. 9:41) എന്നാൽ നമ്മളും ഇടയ്ക്കൊക്കെ, തെറ്റാണെന്ന് അറിയാവുന്ന ചില കാര്യങ്ങൾ ചെയ്തുപോകാറുണ്ടല്ലോ. അങ്ങനെ സംഭവിച്ചാൽ നമുക്കു പ്രതീക്ഷയ്ക്കു വകയില്ലെന്നാണോ? യഹോവ കണക്കിലെടുക്കുന്ന രണ്ടാമത്തെ കാര്യം നോക്കുന്നെങ്കിൽ നമുക്ക് അതിനുള്ള ഉത്തരം കിട്ടും.
16. എന്താണു മാനസാന്തരം, യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ നമ്മൾ മാനസാന്തരപ്പെടേണ്ടത് എന്തുകൊണ്ട്?
16 യഹോവ കണക്കിലെടുക്കുന്ന രണ്ടാമത്തെ കാര്യം, പാപം ചെയ്തയാൾ ശരിക്കും പശ്ചാത്തപിച്ചോ, മാനസാന്തരപ്പെട്ടോ എന്നതാണ്. മാനസാന്തരം എന്നു പറയുമ്പോൾ “ഒരാൾ തന്റെ ചിന്തയ്ക്കും മനോഭാവത്തിനും ഉദ്ദേശ്യത്തിനും മാറ്റം വരുത്തുക” എന്നാണ് അർഥം. ചെയ്തുപോയ തെറ്റിനെക്കുറിച്ചോ ചെയ്യേണ്ട എന്തെങ്കിലും ചെയ്യാതിരുന്നതിനെക്കുറിച്ചോ ആത്മാർഥമായി ഖേദിക്കുന്നത് അതിൽ ഉൾപ്പെടുന്നു. തന്റെ ആത്മീയാവസ്ഥ ഇത്ര മോശമായിത്തീർന്നതുകൊണ്ടാണല്ലോ താൻ ഇങ്ങനെയൊരു തെറ്റിലേക്കു വീണത് എന്ന് ഓർത്തും അയാൾക്കു ദുഃഖം തോന്നും. മനശ്ശെ രാജാവിന്റെയും ദാവീദ് രാജാവിന്റെയും കാര്യം നമ്മൾ പഠിച്ചു. രണ്ടു പേരും ഗുരുതരമായ പാപം ചെയ്തതാണ്. എന്നിട്ടും യഹോവ അവരോടു ക്ഷമിച്ചു. കാരണം രണ്ടു പേരും ആത്മാർഥമായി പശ്ചാത്തപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു. (1 രാജാ. 14:8) അതു കാണിക്കുന്നത് ഒരു വ്യക്തിക്കു ശരിക്കും മാനസാന്തരം വന്നിട്ടുണ്ടെന്നു കണ്ടാൽ യഹോവ ക്ഷമിക്കും എന്നാണ്. എന്നാൽ യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ നമ്മൾ മറ്റൊരു കാര്യംകൂടി ചെയ്യണം.c എന്താണ് അത്?
17. ജീവിതത്തിൽ മാറ്റം വരുത്തുക എന്നു പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (യശയ്യ 55:7)
17 ഒരു വ്യക്തിയോടു ക്ഷമിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ യഹോവ നോക്കുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യം, അയാൾ “വേണ്ട മാറ്റങ്ങൾ വരുത്തി തന്നിലേക്കു മടങ്ങിവന്നിട്ടുണ്ടോ” എന്നതാണ്. അതായത്, ഒരു വ്യക്തി താൻ ചെയ്തുകൊണ്ടിരുന്ന തെറ്റായ കാര്യങ്ങൾ ഉപേക്ഷിക്കുകയും യഹോവ ചെയ്യാൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ചെയ്യുകയും വേണം. (യശയ്യ 55:7 വായിക്കുക.) അതിന്റെ അർഥം, അയാൾ മനസ്സു പുതുക്കി യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കണം എന്നാണ്. (റോമ. 12:2; എഫെ. 4:23) മുൻജീവിതരീതിയിലേക്കു വീണ്ടും പോകാതിരിക്കാൻ ഉറച്ച തീരുമാനമെടുക്കുന്നതും അതിൽ ഉൾപ്പെടുന്നു. (കൊലോ. 3:7-10) ക്രിസ്തുവിന്റെ ബലിമരണത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് യഹോവ നമ്മളോടു ക്ഷമിക്കുകയും നമ്മളെ പാപത്തിൽനിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നത് എന്നുള്ളതു ശരിയാണ്. എന്നാൽ നമ്മൾ ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ആത്മാർഥമായി ശ്രമിക്കുന്നതു കാണുമ്പോൾ മാത്രമേ യഹോവ അങ്ങനെ ചെയ്യുകയുള്ളൂ.—1 യോഹ. 1:7.
യഹോവ നിങ്ങളോടു തീർച്ചയായും ക്ഷമിക്കും
18. യഹോവയുടെ ക്ഷമയെക്കുറിച്ച് നമ്മൾ എന്താണു പഠിച്ചത്?
18 നമ്മൾ ഇതുവരെ ചർച്ച ചെയ്ത ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്? ക്ഷമിക്കുന്ന കാര്യത്തിൽ ഏറ്റവും നല്ല മാതൃകയാണ് യഹോവ. എന്തുകൊണ്ടാണു നമ്മൾ അങ്ങനെ പറയുന്നത്? ഒന്നാമതായി, യഹോവ എപ്പോഴും ക്ഷമിക്കാൻ ഒരുക്കമുള്ള ദൈവമാണ്. രണ്ടാമത്, യഹോവയ്ക്കു നമ്മളെ നന്നായി അറിയാം. മാത്രമല്ല, നമ്മൾ ശരിക്കും പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനും യഹോവയ്ക്കാകും. മൂന്നാമത്, യഹോവ ക്ഷമിക്കുമ്പോൾ ഒന്നും ബാക്കി വെക്കാതെ പൂർണമായി ക്ഷമിക്കും, ഒരു സ്ലേറ്റിൽ എഴുതിയിരിക്കുന്ന എന്തെങ്കിലും മുഴുവനായി മായ്ച്ചുകളയുന്നതുപോലെ. അതുകൊണ്ടുതന്നെ നമുക്ക് ഒരു ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കാനും യഹോവയുമായി ഒരു നല്ല ബന്ധത്തിലേക്കു തിരികെ വരാനും സാധിക്കും.
19. ഇടയ്ക്കൊക്കെ തെറ്റു പറ്റാറുണ്ടെങ്കിലും നമുക്കു സന്തോഷിക്കാവുന്നത് എന്തുകൊണ്ട്?
19 പാപികളായതുകൊണ്ട് നമുക്കെല്ലാം തെറ്റു പറ്റും എന്നുള്ളതു ശരിയാണ്. എന്നാൽ യഹോവ കരുണയുള്ള ദൈവമാണ്. തന്റെ ദാസന്മാർ അപൂർണരാണെന്നും അവർക്കു കുറവുകളൊക്കെ ഉണ്ടെന്നും യഹോവയ്ക്ക് അറിയാം. അതുകൊണ്ട് നമുക്കു തെറ്റു പറ്റുന്നല്ലോ എന്നോർത്ത് എപ്പോഴും സങ്കടപ്പെട്ടിരിക്കേണ്ടതില്ല. (സങ്കീ. 103:8-14; 130:3) ദൈവത്തിന്റെ വഴികളിൽ നടക്കാൻ നമ്മൾ ആത്മാർഥമായി ശ്രമിക്കുന്നുണ്ടെങ്കിൽ നമുക്കു സന്തോഷിക്കാനാകും. (ഫിലി. 4:4-6; 1 യോഹ. 3:19-22) അത് എത്ര ആശ്വാസമാണ്, അല്ലേ?
20. അടുത്ത ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
20 ആത്മാർഥമായി പശ്ചാത്തപിക്കുന്ന പാപികളോട് യഹോവ ക്ഷമിക്കും എന്ന് അറിഞ്ഞപ്പോൾ നമുക്ക് എത്ര സന്തോഷം തോന്നി, അല്ലേ? എന്നാൽ യഹോവയെ അനുകരിച്ചുകൊണ്ട് നമുക്ക് എങ്ങനെ മറ്റുള്ളവരോടു ക്ഷമിക്കാം? യഹോവ നമ്മളോടു ക്ഷമിക്കുന്ന രീതിക്കും നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കുന്ന രീതിക്കും എന്തൊക്കെ സമാനതകളുണ്ട്, എന്തൊക്കെ വ്യത്യാസങ്ങളുണ്ട്? ആ വ്യത്യാസം തിരിച്ചറിയുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.
ഗീതം 45 എന്റെ ഹൃദയത്തിൻ ധ്യാനം
a യഥാർഥ പശ്ചാത്താപമുള്ളവരോട് യഹോവ ക്ഷമിക്കുമെന്നു ദൈവം തന്റെ വചനത്തിലൂടെ ഉറപ്പുതരുന്നു. എങ്കിലും യഹോവയുടെ ക്ഷമയ്ക്കു നമ്മൾ അർഹരല്ലെന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. ആത്മാർഥമായി പശ്ചാത്തപിക്കുന്നവരോടു ക്ഷമിക്കാൻ ദൈവം എപ്പോഴും ഒരുങ്ങിയിരിക്കുന്നെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ടാണ്? അതെക്കുറിച്ച് ഈ ലേഖനത്തിൽ പഠിക്കും.
c പദപ്രയോഗത്തിന്റെ വിശദീകരണം: മുൻകാലജീവിതഗതിയെക്കുറിച്ചോ ചെയ്തുപോയ തെറ്റിനെക്കുറിച്ചോ എന്തെങ്കിലും ചെയ്യാതിരുന്നതിനെക്കുറിച്ചോ ഓർത്ത് ആത്മാർഥമായി ഖേദിക്കുന്നതിനെയാണു ബൈബിളിൽ “പശ്ചാത്താപം” എന്നു വിളിക്കുന്നത്. മനോഭാവത്തിന് ഉണ്ടാകുന്ന മാറ്റത്തെ “മാനസാന്തരം” എന്നു വിളിക്കുന്നു. ആത്മാർഥമായ പശ്ചാത്താപമുള്ളയാൾ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തും.