ജ്ഞാനം സമ്പാദിക്കുക, ശിക്ഷണം സ്വീകരിക്കുക
യഹോവയാം ദൈവം തന്റെ ജനത്തിന്റെ മഹോപദേഷ്ടാവാണ്. തന്നെക്കുറിച്ചു മാത്രമല്ല ജീവിതത്തെ കുറിച്ചും അവൻ അവരെ പഠിപ്പിക്കുന്നു. (യെശയ്യാവു 30:20; 54:13; സങ്കീർത്തനം 27:11) ഉദാഹരണത്തിന്, ദൈവം ഇസ്രായേൽ ജനതയ്ക്ക് ഉപദേഷ്ടാക്കന്മാരായി പ്രവാചകന്മാരെയും ലേവ്യരെയും—പ്രത്യേകിച്ചും പുരോഹിതന്മാരെ—ജ്ഞാനികളായ മറ്റു പുരുഷന്മാരെയും നൽകി. (2 ദിനവൃത്താന്തം 35:3; യിരെമ്യാവു 18:18) പ്രവാചകന്മാർ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെയും ഗുണങ്ങളെയും കുറിച്ചു ജനങ്ങളെ പഠിപ്പിക്കുകയും അവർ സ്വീകരിക്കേണ്ട ശരിയായ മാർഗം പറഞ്ഞുകൊടുക്കുകയും ചെയ്തു. പുരോഹിതന്മാർക്കും ലേവ്യർക്കും യഹോവയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നു. ജ്ഞാനികളായ പുരുഷന്മാർ, അഥവാ മൂപ്പന്മാർ, അനുദിന ജീവിതത്തിൽ ആവശ്യമായ നല്ല ബുദ്ധിയുപദേശങ്ങൾ നൽകി.
ദാവീദിന്റെ പുത്രനായ ശലോമോൻ ഇസ്രായേലിലെ ജ്ഞാനികളിൽ ശ്രദ്ധേയനായിരുന്നു. (1 രാജാക്കന്മാർ 4:30, 31) അവന്റെ മഹത്ത്വവും സമ്പത്തും നേരിട്ടു കണ്ട അതിവിശിഷ്ട സന്ദർശകരിൽ ഒരാളായ ശേബയിലെ രാജ്ഞി ഇങ്ങനെ പറഞ്ഞു: “പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.” (1 രാജാക്കന്മാർ 10:7) ശലോമോന്റെ ജ്ഞാനത്തിന്റെ രഹസ്യം എന്തായിരുന്നു? പൊ.യു.മു. 1037-ൽ ശലോമോൻ ഇസ്രായേലിന്റെ രാജാവ് ആയപ്പോൾ അവൻ “ജ്ഞാനവും വിവേകവും” കിട്ടാനായി പ്രാർഥിച്ചു. ശലോമോൻ ആവശ്യപ്പെട്ട സംഗതിയിൽ പ്രസാദിച്ച യഹോവ അവനു ജ്ഞാനവും വിവേകവും അതുപോലെ ഗ്രാഹ്യമുള്ള ഒരു ഹൃദയവും നൽകി. (2 ദിനവൃത്താന്തം 1:10-12; 1 രാജാക്കന്മാർ 3:12) അതുകൊണ്ട്, ശലോമോൻ ‘മൂവായിരം സദൃശവാക്യങ്ങൾ’ പറഞ്ഞതിൽ അതിശയിക്കാനില്ല! (1 രാജാക്കന്മാർ 4:32) അവയിൽ ചിലതും ‘ആഗൂരിന്റെ വചനങ്ങളും’ ‘ലെമൂവേൽരാജാവിന്റെ വചനങ്ങളും’ സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 30:1; 31:1) ആ സദൃശവാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന സനാതന സത്യങ്ങൾ ദൈവത്തിന്റെ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. (1 രാജാക്കന്മാർ 10:23, 24) സന്തുഷ്ടവും വിജയപ്രദവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അന്നത്തെപ്പോലെതന്നെ ഇന്നും അവ അനിവാര്യമാണ്.
വിജയവും ധാർമിക ശുദ്ധിയും—എങ്ങനെ?
സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിന്റെ ഉദ്ദേശ്യം അതിന്റെ പ്രാരംഭ വാക്കുകളിൽ വിശദീകരിച്ചിരിക്കുന്നു: “യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. ജ്ഞാനവും പ്രബോധനവും [“ശിക്ഷണവും,” NW] പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും അല്പബുദ്ധികൾക്കു [“അനുഭവജ്ഞാനം ഇല്ലാത്തവന്,” NW] സൂക്ഷ്മബുദ്ധിയും ബാലന്നു [“യുവാവിന്,” NW] പരിജ്ഞാനവും വകതിരിവും നല്കുവാനും . . . അവ ഉതകുന്നു.”—സദൃശവാക്യങ്ങൾ 1:1-6.
‘ശലോമോന്റെ സദൃശവാക്യങ്ങൾക്ക്’ എത്ര ശ്രേഷ്ഠമായ ഉദ്ദേശ്യമാണ് ഉള്ളത്! ഒരുവൻ ‘ജ്ഞാനവും ശിക്ഷണവും പ്രാപിക്കുന്നതിനു’ വേണ്ടിയുള്ളതാണ് അവ. കാര്യങ്ങളെ അവ ആയിരിക്കുന്ന വിധത്തിൽ ഗ്രഹിക്കുന്നതും ആ അറിവ് പ്രശ്നപരിഹാരത്തിനും ലക്ഷ്യപ്രാപ്തിക്കും അപകടങ്ങൾ ഒഴിവാക്കുന്നതിനും അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നതിനും ഉപയോഗിക്കുന്നതും ജ്ഞാനത്തിൽ ഉൾപ്പെടുന്നു. ഒരു പരാമർശ ഗ്രന്ഥം ഇങ്ങനെ പ്രസ്താവിക്കുന്നു: “സദൃശവാക്യങ്ങളുടെ പുസ്തകത്തിലെ ‘ജ്ഞാനം’ എന്നത് ജീവിത നൈപുണ്യത്തെ—ജ്ഞാനപൂർവം തീരുമാനങ്ങൾ എടുക്കാനും വിജയപ്രദമായി ജീവിക്കാനുമുള്ള പ്രാപ്തിയെ—ആണു സൂചിപ്പിക്കുന്നത്.” അപ്പോൾ, ജ്ഞാനം പ്രാപിക്കുന്നത് എത്ര പ്രധാനമാണ്!—സദൃശവാക്യങ്ങൾ 4:7.
ശലോമോന്റെ സദൃശവാക്യങ്ങൾ ശിക്ഷണവും നൽകുന്നു. നമുക്ക് ഈ പരിശീലനം ആവശ്യമുണ്ടോ? തിരുത്തൽ, ശാസന, അല്ലെങ്കിൽ ശിക്ഷ എന്ന അർഥമാണു തിരുവെഴുത്തുകളിൽ ശിക്ഷണത്തിന് ഉള്ളത്. ഒരു ബൈബിൾ പണ്ഡിതൻ പറയുന്നതനുസരിച്ച്, അത് “തെറ്റു ചെയ്യാനുള്ള പ്രവണതയ്ക്കു മാറ്റം വരുത്തുന്നത് ഉൾപ്പെടെയുള്ള ധാർമിക പരിശീലനത്തെ സൂചിപ്പിക്കുന്നു.” നാം സ്വയം നൽകുന്നത് ആയാലും മറ്റുള്ളവർ നൽകുന്നത് ആയാലും, ശിക്ഷണം ദുഷ്പ്രവൃത്തിയിൽ ഏർപ്പെടുന്നതിൽ നിന്നു നമ്മെ തടയുക മാത്രമല്ല ശരിയായ മാറ്റങ്ങൾ വരുത്താൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതെ, ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ നമുക്കു ശിക്ഷണം അനിവാര്യമാണ്.
അപ്പോൾ സദൃശവാക്യങ്ങളുടെ ഉദ്ദേശ്യം രണ്ടാണ്—ജ്ഞാനം ഉൾനടുക, ശിക്ഷണം നൽകുക. ധാർമിക ശിക്ഷണത്തിനും മാനസിക പ്രാപ്തിക്കും നിരവധി വശങ്ങളുണ്ട്. ഉദാഹരണത്തിന്, നീതിയും ന്യായവും ധാർമിക ഗുണങ്ങളാണ്. യഹോവയുടെ ഉന്നതമായ നിലവാരങ്ങളോടു പറ്റിനിൽക്കാൻ അവ നമ്മെ സഹായിക്കുന്നു.
ഗ്രാഹ്യം, ഉൾക്കാഴ്ച, വിവേകം, ചിന്താപ്രാപ്തി എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉൾപ്പെട്ടതാണു ജ്ഞാനം. ഒരു കാര്യത്തെ അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു കാണാനും അതിന്റെ ഭാഗങ്ങൾക്ക് മുഴു സംഗതിയുമായുള്ള ബന്ധം മനസ്സിലാക്കുകവഴി അതിന്റെ ഘടന വിവേചിച്ച് അറിയാനും ഉള്ള പ്രാപ്തിയാണ് ഗ്രാഹ്യം. കാരണങ്ങൾ തിരിച്ചറിയാനും ഒരു പ്രത്യേക ഗതി ശരിയോ തെറ്റോ ആയിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാനുമുള്ള പ്രാപ്തിയാണ് ഉൾക്കാഴ്ച. ഉദാഹരണത്തിന്, ഒരാൾ തെറ്റായ ഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നെങ്കിൽ അതു വിവേചിച്ചറിയാൻ ഗ്രാഹ്യമുള്ള ഒരാൾക്കു കഴിയും. അപകടത്തെ കുറിച്ച് അദ്ദേഹം ആ വ്യക്തിക്ക് ഉടനെ മുന്നറിയിപ്പു കൊടുക്കുകയും ചെയ്തേക്കാം. എന്നാൽ പ്രസ്തുത വ്യക്തി ആ ഗതിയിലേക്കു നീങ്ങുന്നതിന്റെ കാരണം മനസ്സിലാക്കാനും അദ്ദേഹത്തെ രക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം കണ്ടെത്താനും ഉൾക്കാഴ്ച ഉണ്ടെങ്കിലേ സാധിക്കൂ.
സൂക്ഷ്മ ബുദ്ധിയുള്ളവർ വിവേകമതികളാണ്, എളുപ്പം വഞ്ചിക്കപ്പെടുന്നവരല്ല. (സദൃശവാക്യങ്ങൾ 14:15) തിന്മ മുൻകൂട്ടി കാണാനും അതിനെ നേരിടാൻ ഒരുങ്ങിയിരിക്കാനും അവർക്കു കഴിയും. ജീവിതത്തിൽ ഉദ്ദേശ്യപൂർവകമായ മാർഗനിർദേശം നൽകുന്ന ആരോഗ്യാവഹമായ ചിന്തകളും ആശയങ്ങളും രൂപപ്പെടുത്താൻ അതു നമ്മെ പ്രാപ്തരാക്കുന്നു. ബൈബിൾ സദൃശവാക്യങ്ങളുടെ പഠനം തീർച്ചയായും പ്രതിഫലദായകമാണ്. കാരണം, നാം ജ്ഞാനം സമ്പാദിക്കാനും ശിക്ഷണം സ്വീകരിക്കാനും വേണ്ടിയാണ് അവ രേഖപ്പെടുത്തിയിരിക്കുന്നത്. സദൃശവാക്യങ്ങൾക്കു ശ്രദ്ധ നൽകുന്ന “അനുഭവജ്ഞാനം ഇല്ലാത്ത” ആളുകൾ പോലും സൂക്ഷ്മബുദ്ധി പ്രാപിക്കും. ‘യുവാവ്’ അറിവും ചിന്താപ്രാപ്തിയും നേടും.
ജ്ഞാനികൾക്കുള്ള സദൃശവാക്യങ്ങൾ
എന്നാൽ, ബൈബിളിലെ സദൃശവാക്യങ്ങൾ അനുഭവജ്ഞാനം ഇല്ലാത്തവർക്കും യുവാക്കൾക്കും വേണ്ടി മാത്രമല്ല, ശ്രദ്ധിക്കാൻതക്ക ജ്ഞാനമുള്ള ഏവർക്കും വേണ്ടിയുള്ളവയാണ്. “ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധിപ്രാപിപ്പാനും, ബുദ്ധിമാൻ [“ഗ്രാഹ്യമുള്ള മനുഷ്യൻ,” NW] സദുപദേശം സമ്പാദിപ്പാനും സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു” എന്ന് ശലോമോൻ രാജാവു പറയുന്നു. (സദൃശവാക്യങ്ങൾ 1:5, 6) ഇപ്പോൾത്തന്നെ ജ്ഞാനം സമ്പാദിച്ചിട്ടുള്ള ഒരു വ്യക്തി സദൃശവാക്യങ്ങൾക്കു ശ്രദ്ധ നൽകുകവഴി തന്റെ അറിവു വർധിപ്പിക്കും. ഗ്രാഹ്യമുള്ള മനുഷ്യൻ ജീവിതം വിജയപ്രദമായി നയിക്കാനുള്ള തന്റെ കഴിവിനെ കൂർമതയുള്ളതാക്കും.
മിക്കപ്പോഴും ഒരു സദൃശവാക്യം ഗഹനമായ ഒരു സത്യത്തെ ഏതാനും വാക്കുകളിൽ പ്രകടിപ്പിക്കുന്നു. ഒരു ബൈബിൾ സദൃശവാക്യം കുഴയ്ക്കുന്ന ഒരു പഴഞ്ചൊല്ലിന്റെ രൂപത്തിലാകാം. (സദൃശവാക്യങ്ങൾ 1:17-19) ചില സദൃശവാക്യങ്ങൾ കടങ്കഥകളാണ്—ദുഷ്കരവും കെട്ടുപിണഞ്ഞതുമായ ആ പ്രസ്താവനകളുടെ നിഗൂഢത നീക്കിയാലേ അവ മനസ്സിലാകൂ. സദൃശവാക്യങ്ങളിൽ ഉപമകളും രൂപകങ്ങളും മറ്റ് അലങ്കാര പ്രയോഗങ്ങളും അടങ്ങിയിരിക്കാം. അവ മനസ്സിലാക്കുന്നതിന് സമയവും ധ്യാനവും ആവശ്യമാണ്. ഒട്ടനവധി സദൃശവാക്യങ്ങളുടെ രചയിതാവായിരുന്ന ശലോമോൻ തീർച്ചയായും സദൃശവാക്യത്തിന്റെ അർഥം ഗ്രഹിക്കാൻ പ്രാപ്തനായിരുന്നു. ആ പ്രാപ്തി തന്റെ വായനക്കാരിലും വളർത്തിയെടുക്കാൻ സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിലൂടെ അവൻ ഉദ്യമിക്കുന്നു. അതിനു ശ്രദ്ധ നൽകാൻ ജ്ഞാനിയായ ഒരു വ്യക്തി ആഗ്രഹിക്കും.
ലക്ഷ്യത്തിലേക്കു നയിക്കുന്ന തുടക്കം
ജ്ഞാനവും ശിക്ഷണവും ഒരുവൻ അന്വേഷിച്ചു തുടങ്ങുന്നത് എവിടെയാണ്? ശലോമോൻ അതിന് ഉത്തരം നൽകുന്നു: “യഹോവാഭയം അറിവിന്റെ ആരംഭം ആകുന്നു. മൂഢന്മാർ മാത്രമാണ് ജ്ഞാനവും ശിക്ഷണവും തുച്ഛീകരിക്കുന്നത്.” (സദൃശവാക്യങ്ങൾ 1:7, NW) അറിവിന്റെ ആരംഭം യഹോവാഭയമാണ്. അറിവില്ലെങ്കിൽ ജ്ഞാനമോ ശിക്ഷണമോ ഇല്ല. അപ്പോൾ ജ്ഞാനത്തിന്റെയും ശിക്ഷണത്തിന്റെയും ആരംഭം യഹോവാഭയമാണ്.—സദൃശവാക്യങ്ങൾ 9:10; 15:33.
ദൈവത്തോടുള്ള ഭയം അവനെ കുറിച്ചുള്ള അനാരോഗ്യകരമായ ഒരു ഭയമല്ല. പകരം, അത് ആഴമായ ഭക്ത്യാദരവാണ്. ഈ ഭയമില്ലാതെ യഥാർഥ അറിവ് ഉണ്ടായിരിക്കുകയില്ല. ജീവൻ വരുന്നത് യഹോവയാം ദൈവത്തിൽ നിന്നാണ്, തീർച്ചയായും ജീവൻ ഉണ്ടായിരുന്നാലേ എന്തെങ്കിലും തരത്തിലുള്ള അറിവ് ഉണ്ടായിരിക്കാനാകൂ. (സങ്കീർത്തനം 36:9; പ്രവൃത്തികൾ 17:25, 28) മാത്രമല്ല, ദൈവമാണ് സകലതും സൃഷ്ടിച്ചത്; അതുകൊണ്ട് മനുഷ്യന്റെ സകല ജ്ഞാനവും അവന്റെ സൃഷ്ടികളെ കുറിച്ചുള്ള പഠനത്തിൽ അധിഷ്ഠിതമാണ്. (സങ്കീർത്തനം 19:1, 2; വെളിപ്പാടു 4:11) “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ള” തന്റെ ലിഖിത വചനം ദൈവം നിശ്വസ്തമാക്കുക കൂടി ചെയ്തിരിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) ആയതിനാൽ യഥാർഥമായ സകല ജ്ഞാനത്തിന്റെയും സിരാകേന്ദ്രം യഹോവയാണ്. അതു തേടുന്ന ഒരു വ്യക്തിക്ക് അവനെ കുറിച്ചു ഭക്ത്യാദരവ് ഉണ്ടായിരിക്കണം.
ദൈവഭയം ഇല്ലെങ്കിൽ, മനുഷ്യന്റെ അറിവിനും ലൗകിക ജ്ഞാനത്തിനും എന്തു മൂല്യമാണുള്ളത്? പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?” (1 കൊരിന്ത്യർ 1:20) ദൈവിക ഭയം ഇല്ലാത്ത, ലോകപ്രകാരം ജ്ഞാനിയായ ഒരുവൻ അറിയപ്പെടുന്ന വസ്തുതകളിൽനിന്ന് തെറ്റായ നിഗമനങ്ങളിൽ എത്തിക്കൊണ്ട് ‘വെറുമൊരു മൂഢൻ’ ആയിത്തീരുന്നു.
‘നിന്റെ കഴുത്തിന് ഒരു പതക്കം’
തുടർന്ന് ജ്ഞാനിയായ ആ രാജാവ് ഒരു യുവാവിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറയുന്നു: “മകനേ, നിന്റെ പിതാവിന്റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്റെ ഉപദേശം [“നിയമം,” NW] നിരസിക്കരുത്. അവ നിന്റെ ശിരസ്സിന് വിശിഷ്ട ഹാരവും കഴുത്തിനു പതക്കങ്ങളുമത്രേ.”—സദൃശവാക്യങ്ങൾ 1:8, 9, പി.ഒ.സി. ബൈബിൾ.
പുരാതന ഇസ്രായേലിൽ തങ്ങളുടെ മക്കളെ പഠിപ്പിക്കാനുള്ള ദൈവദത്ത ഉത്തരവാദിത്വം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. മോശെ പിതാക്കന്മാരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്തകം 6:6, 7) അമ്മമാർക്കും ഇക്കാര്യത്തിൽ ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. തന്റെ ഭർത്താവിന്റെ അധികാരത്തിൻ കീഴിൽ നിന്നുകൊണ്ടുതന്നെ ഒരു എബ്രായ ഭാര്യക്ക് കുടുംബ നിയമം പ്രാബല്യത്തിൽ വരുത്താൻ കഴിയുമായിരുന്നു.
വാസ്തവത്തിൽ, ബൈബിളിലുടനീളം വിദ്യാഭ്യാസം നൽകുന്നതിനുള്ള പ്രധാന ഇടമായി പരാമർശിച്ചിരിക്കുന്നതു കുടുംബത്തെയാണ്. (എഫെസ്യർ 6:1-3) കുട്ടികൾ വിശ്വാസികളായ മാതാപിതാക്കളെ അനുസരിക്കുന്നത്, അവർ ആലങ്കാരികമായി ഒരു വിശിഷ്ട ഹാരവും പതക്കങ്ങളും അണിഞ്ഞിരിക്കുന്നതു പോലെയാണ്.
“അതു അവരുടെ ജീവനെ എടുത്തുകളയുന്നു”
ഉപരിപഠനത്തിനായി ഐക്യനാടുകളിലേക്ക് തന്റെ പുത്രനെ അയച്ച അവസരത്തിൽ ഏഷ്യയിലെ ഒരു പിതാവ്, മോശസ്വഭാവക്കാരുമായി സഹവസിക്കരുതെന്ന് 16 വയസ്സുകാരനായ മകനു ബുദ്ധിയുപദേശം നൽകി. ആ ബുദ്ധിയുപദേശം പ്രതിഫലിപ്പിക്കുന്നത് ശലോമോന്റെ മുന്നറിയിപ്പാണ്: “മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.” (സദൃശവാക്യങ്ങൾ 1:10) എങ്കിലും, അവർ ഉപയോഗിക്കുന്ന വശീകരണമാർഗം ശലോമോൻ എടുത്തുകാട്ടുന്നു: “ഞങ്ങളുടെ കൂടെ വരുക, നമുക്കു രക്തം ചൊരിയാൻ പതിയിരിക്കാം. നിർദോഷിയെ അകാരണമായി പതിയിരുന്ന് ആക്രമിക്കാം; പാതാളത്തെപ്പോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം, പടുകുഴിയിലേക്ക് പോകുന്നവരെപ്പോലെ അവരെ മുഴുവനായും വിഴുങ്ങാം; നമുക്ക് വിലയേറിയ വസ്തുക്കളൊക്കെ കിട്ടും, കൊള്ളമുതൽകൊണ്ടു നമ്മുടെ വീടുകൾ നിറയ്ക്കാം; നീ ഞങ്ങളുടെ പങ്കാളിയാകുക, നമ്മുടെ പണസ്സഞ്ചി ഒന്നായിരിക്കും.”—സദൃശവാക്യങ്ങൾ 1:11-14, ഓശാന ബൈബിൾ.
ഇവിടെ വശീകരണ ഘടകം വ്യക്തമായും സമ്പത്താണ്. ക്ഷിപ്ര ലാഭത്തിനായി “പാപികൾ” അക്രമമോ അനീതിയോ നിറഞ്ഞ പദ്ധതികളിൽ ഉൾപ്പെടാൻ മറ്റുള്ളവരെ വശീകരിക്കുന്നു. ഈ ദുഷ്ടന്മാർ ഭൗതിക നേട്ടത്തിനായി രക്തം ചൊരിയാൻ മടിക്കുന്നില്ല. ശവക്കുഴി മുഴു ശരീരത്തെയും സ്വീകരിക്കുന്നതുപോലെ, അവർ ‘തങ്ങളുടെ ഇരയെ പാതാളത്തെപ്പോലെ മുഴുവനായും വിഴുങ്ങി’ക്കൊണ്ട് അവനുള്ള സകലതും കവർന്നെടുക്കുന്നു. കുറ്റകൃത്യം ഒരു തൊഴിലായി സ്വീകരിക്കാനാണ് അവരുടെ ക്ഷണം—‘കൊള്ളമുതൽകൊണ്ട് തങ്ങളുടെ വീടുകൾ നിറയ്ക്കാനും’ അനുഭവജ്ഞാനം ഇല്ലാത്തവൻ ‘തങ്ങളുടെ പങ്കാളിയാകാനും’ അവർ ആഗ്രഹിക്കുന്നു. നമുക്ക് എത്ര കാലോചിതമായ ഒരു മുന്നറിയിപ്പാണ് ഇത്! യുവജന കുറ്റകൃത്യ സംഘങ്ങളും മയക്കുമരുന്ന് ഇടപാടുകാരും മറ്റുള്ളവരെ തങ്ങളോടൊപ്പം ചേർക്കാൻ സമാനമായ രീതികളല്ലേ ഉപയോഗിക്കുന്നത്? ക്ഷിപ്ര പണസമ്പാദന വാഗ്ദാനമല്ലേ ചോദ്യം ചെയ്യത്തക്ക പല ബിസിനസ്സ് സംരംഭങ്ങളിലും ഏർപ്പെടാനുള്ള പ്രലോഭന ഘടകം?
“മകനേ, നീ അവരുടെ വഴിക്കു പോകരുതു” എന്നു ജ്ഞാനിയായ രാജാവ് ബുദ്ധിയുപദേശിക്കുന്നു. “നിന്റെ കാൽ അവരുടെ പാതയിൽ വെക്കുകയുമരുതു. അവരുടെ കാൽ ദോഷം ചെയ്വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.” അവരുടെ ദാരുണമായ അന്ത്യത്തെ കുറിച്ചു മുന്നറിയിപ്പു നൽകിക്കൊണ്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ. അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു.”—സദൃശവാക്യങ്ങൾ 1:15-19.
‘ദുരാഗ്രഹിയായ ഏവനും’ സ്വന്ത മാർഗത്തിൽത്തന്നെ നശിക്കും. ദുഷ്ടന്മാർ മറ്റുള്ളവർക്കായി വെക്കുന്ന കെണിയിൽ അവർതന്നെ വീഴും. മനഃപൂർവം ദുഷ്പ്രവൃത്തി ചെയ്യുന്നവർ തങ്ങളുടെ ഗതിക്കു മാറ്റം വരുത്തുമോ? ഇല്ല. ഒരു വല വ്യക്തമായി കാണാമായിരിക്കാം. എന്നാൽ ‘പക്ഷികൾ’ അതിലേക്കു പറന്നുചെല്ലുന്നു. സമാനമായി അത്യാഗ്രഹത്താൽ അന്ധരായ ദുഷ്ടന്മാർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു, ഒരിക്കൽ പിടിക്കപ്പെടുമെങ്കിലും.
ജ്ഞാനമൊഴി ആർ ശ്രവിക്കും?
തങ്ങളുടെ പ്രവർത്തനഗതി വിപത്കരമാണെന്നു പാപികൾ വാസ്തവത്തിൽ തിരിച്ചറിയുന്നുണ്ടോ? തങ്ങളുടെ പ്രവൃത്തികളുടെ പരിണതഫലം സംബന്ധിച്ച് അവർക്കു മുന്നറിയിപ്പു ലഭിച്ചിട്ടുണ്ടോ? അജ്ഞത ഒരു ഒഴികഴിവല്ല. കാരണം, പരസ്യമായി പ്രഖ്യാപിക്കപ്പെടുന്ന വ്യക്തമായ ഒരു സന്ദേശമുണ്ട്.
ശലോമോൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: ‘ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുന്നു. അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നു.’ (സദൃശവാക്യങ്ങൾ 1:20, 21) സകലർക്കും കേൾക്കാൻ കഴിയേണ്ടതിന് സ്പഷ്ടമായ സ്വരത്തിൽ ഉച്ചത്തിൽ ജ്ഞാനം പരസ്യമായി ഘോഷിക്കുന്നു. പുരാതന ഇസ്രായേലിൽ പ്രായമേറിയ പുരുഷന്മാർ നഗരവാതിൽക്കൽ വെച്ച് ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം നൽകുകയും ന്യായത്തീർപ്പുകൾ നടത്തുകയും ചെയ്തിരുന്നു. നമ്മെ സംബന്ധിച്ചാണെങ്കിൽ, ഇന്നു പരക്കെ ലഭ്യമായിരിക്കുന്ന അവന്റെ വചനമായ ബൈബിളിൽ യഥാർഥ ജ്ഞാനം രേഖപ്പെടുത്താൻ യഹോവ ഇടയാക്കിയിരിക്കുന്നു. അതിലെ സന്ദേശം എല്ലായിടത്തും പരസ്യമായി ഘോഷിക്കുന്നതിൽ അവന്റെ ദാസന്മാർ ഇന്നു തിരക്കോടെ ഏർപ്പെട്ടിരിക്കുകയാണ്. ദൈവം തീർച്ചയായും എല്ലാവരുടെയും അടുക്കൽ ജ്ഞാനം ഘോഷിക്കപ്പെടാൻ ഇടയാക്കുന്നു.
യഥാർഥ ജ്ഞാനം എന്താണു പറയുന്നത്? അതു പറയുന്നത് ഇതാണ്: ‘ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധിഹീനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ചെയ്യുന്നതു എത്രത്തോളം? ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയുമിരുന്നു.’ മൂഢന്മാർ ജ്ഞാനമൊഴികൾക്കു ചെവി കൊടുക്കുന്നില്ല. തത്ഫലമായി, ‘അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കും.’ അവരുടെതന്നെ ‘പിന്മാറ്റവും നിശ്ചിന്തയും അവരെ നശിപ്പിക്കും.’—സദൃശവാക്യങ്ങൾ 1:22-32.
എന്നാൽ ജ്ഞാനമൊഴികൾ കേൾക്കാൻ സമയമെടുത്തിട്ടുള്ളവരുടെ കാര്യമോ? അവർ “നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.” (സദൃശവാക്യങ്ങൾ 1:33) ബൈബിൾ സദൃശവാക്യങ്ങൾക്കു ശ്രദ്ധ നൽകുകവഴി ജ്ഞാനം സമ്പാദിക്കുകയും ശിക്ഷണം സ്വീകരിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ആയിരിക്കട്ടെ നിങ്ങളും.
[15-ാം പേജിലെ ചിത്രം]
യഥാർഥ ജ്ഞാനം എങ്ങും ലഭ്യമാണ്