യുവജനങ്ങൾ ചോദിക്കുന്നു. . .
എയ്ഡ്സ് ഞാൻ അപകടത്തിലാണോ?
ആ പ്രഖ്യാപനം ‘ലോകത്തെ ഞെട്ടിച്ചു’ എന്ന് ന്യൂസ്വീക്ക് മാഗസിൻ പറഞ്ഞു. പ്രസിദ്ധ യു.എസ്. കായികതാരമായ അർവിൻ “മാജിക്” ജോൺസൺ തനിക്ക് എയ്ഡ്സ് വൈറസ് പിടിപെട്ടിരിക്കുന്നുവെന്ന് 1991 നവംബർ 7-നു പത്രലോകത്തെ അറിയിച്ചു. ഞെട്ടിക്കുന്ന ഈ സമ്മതത്തെത്തുടർന്ന് എയ്ഡ്സിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള ഫോൺ വിളികളുടെ പ്രളയമായിരുന്നു. ചില ആശുപത്രികൾ എയ്ഡ്സ് പരിശോധനക്കുള്ള അപേക്ഷകരെക്കൊണ്ടു നിറഞ്ഞു. ചില ആളുകൾ തങ്ങളുടെ കുത്തഴിഞ്ഞ പെരുമാററം കുറയ്ക്കുകപോലും ചെയ്തു—ചുരുങ്ങിയപക്ഷം താത്കാലികമായിട്ടെങ്കിലും.
ഈ പ്രഖ്യാപനത്തിന്റെ ഏററവും വലിയ ഫലം ഒരുപക്ഷേ യുവജനങ്ങളുടെ മേലായിരുന്നു. ഒരു സർവകലാശാലയിലെ ആരോഗ്യവിഭാഗത്തിന്റെ ഡയറക്ടർ ഇപ്രകാരം പറയുന്നു: “‘അത് അദ്ദേഹത്തിനു സംഭവിച്ചു, അത് എനിക്കും സംഭവിക്കാം’ എന്ന സന്ദേശം വിദ്യാർഥികൾ ഗൗരവമായി എടുത്തു—കുറച്ചു കാലത്തേക്കെങ്കിലും. . . . മിക്ക വിദ്യാർഥികളെയും സംബന്ധിച്ചിടത്തോളം, മാജിക് ജോൺസനു സംഭവിച്ചത് അവരുടെ അടിസ്ഥാന സ്വഭാവത്തിനു പക്ഷേ മാററം വരുത്തുന്നില്ല. തങ്ങൾക്കു ‘പരിണതഫലങ്ങൾ ഒഴിവാക്കാൻ’ കഴിയുമെന്ന് അവർ ഇപ്പോഴും വിചാരിക്കുന്നു.”
നമ്മുടെ നാളുകളുടെ ഒരു സവിശേഷത “മഹാവ്യാധികൾ”, അതായത് വളരെ വേഗം വ്യാപിക്കുന്ന സാംക്രമിക രോഗങ്ങൾ ആയിരിക്കുമെന്നു ബൈബിൾ പ്രവചിച്ചു. (ലൂക്കൊസ് 21:11) തീർച്ചയായും എയ്ഡ്സിനെ ഒരു മഹാമാരി എന്നു വിളിക്കാം. ഐക്യനാടുകളിലെ എയ്ഡ്സ് രോഗത്തിന്റെ ആദ്യത്തെ 1,00,000 കേസുകൾ കണ്ടുപിടിക്കാൻ എട്ടു വർഷമെടുത്തു—1981 മുതൽ 1989 വരെ. എന്നാൽ അടുത്ത 1,00,000 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടാൻ രണ്ടു വർഷമേ വേണ്ടിവന്നുള്ളു!
യു.എസ്. രോഗനിയന്ത്രണ കേന്ദ്രങ്ങൾ പറയുന്നതനുസരിച്ച്, അസ്വസ്ഥതയുളവാക്കുന്ന ഈ സ്ഥിതിവിവരക്കണക്ക്, “ഐക്യനാടുകളിലെ ഈ [എയ്ഡ്സ്] പകർച്ചവ്യാധിയുടെ സത്വര വർധനവിന് അടിവരയിടുന്നു.” എന്നിരുന്നാലും എയ്ഡ്സ് ഒരു ആഗോള പകർച്ചവ്യാധിയാണ്, ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും ലാററിൻ അമേരിക്കയിലും ഉടനീളം അതു മരണവും ദുരിതവും വാരിവിതറുന്നു. ശ്രദ്ധേയമായി, ലോസാഞ്ചൽസിലെ കുട്ടികൾക്കായുള്ള ആശുപത്രിയിലെ ഡോ. മാർവിൻ ബെൽസർ എയ്ഡ്സിനെ “1990-കളിലെ യുവജനങ്ങളെ നേരിടുന്ന അതിഭയങ്കരമായ പ്രശ്നം” എന്നു വിളിക്കുന്നു.
കെണിയിലകപ്പെടുത്തുന്ന രോഗം
എന്താണീ ഭീതിദമായ രോഗം, അതിത്ര മാരകമായിരിക്കുന്നത് എന്തുകൊണ്ട്? ഒരു അതിസൂക്ഷ്മ വസ്തു—എച്ച്ഐവി [(HIV) Human Immunodeficiency Virus] എന്നു വിളിക്കപ്പെടുന്ന ഒരു വൈറസ്—രക്തവ്യൂഹത്തെ ആക്രമിക്കുമ്പോഴാണ് എയ്ഡ്സ് വികാസം പ്രാപിക്കുന്നതെന്നു ശാസ്ത്രജ്ഞർ കരുതുന്നു. ഒരിക്കൽ രക്തവ്യൂഹത്തിൽ എത്തിക്കഴിഞ്ഞാൽ ഈ വൈറസ് ശരീരത്തിലെ ചിലതരം ശ്വേതരക്താണുക്കളെ വേട്ടയാടി നശിപ്പിക്കാനുള്ള ഒരു ദൗത്യത്തിൽ ഏർപ്പെടുന്നു. ഈ കോശങ്ങൾ രോഗത്തെ അകററിനിർത്തുന്നതിൽ ഒരു പ്രമുഖ പങ്കു വഹിക്കുന്നവയാണ്. എയ്ഡ്സ് വൈറസ് പക്ഷേ, പ്രതിരോധവ്യവസ്ഥയെ തകർത്തുകൊണ്ട് അവയെ ദുർബലമാക്കുന്നു.
രോഗാണുബാധിതനായ വ്യക്തിക്കു രോഗം അനുഭവപ്പെടുന്നതു വളരെ കാലത്തിനു ശേഷമായിരിക്കാം. ഏതാണ്ട് ഒരു ദശകത്തോളം ചിലരിൽ രോഗലക്ഷണം കാണാതിരുന്നേക്കാം. പക്ഷേ കാലക്രമത്തിൽ ജ്വരത്തിന്റേതുപോലുള്ള രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു—ഭാരക്കുറവും വിശപ്പില്ലായ്മയും പനിയും വയറിളക്കവും. പ്രതിരോധവ്യവസ്ഥയ്ക്കു ഭയങ്കരമായ തകർച്ച സംഭവിച്ചുകൊണ്ടിരിക്കവേ ഒരു കൂട്ടം രോഗങ്ങൾക്ക്—ന്യൂമോണിയ, മുണ്ടിനീര്, ക്ഷയം, അല്ലെങ്കിൽ ചിലതരം ക്യാൻസറുകൾ തുടങ്ങിയവയ്ക്ക്—രോഗി ഇരയായിത്തീരുന്നു, ഈ രോഗങ്ങളെ അവസരവാദികൾ എന്നു വിളിക്കുന്നു, കാരണം രോഗിയുടെ താഴ്ന്ന പ്രതിരോധക്ഷമത സൃഷ്ടിച്ച അവസരത്തെ അവ പ്രയോജനപ്പെടുത്തുന്നു.
“ഞാൻ എല്ലായ്പോഴും നിലയ്ക്കാത്ത വേദനയിലാണ്,” എയ്ഡ്സിനിരയായ ഒരു 20 വയസ്സുകാരൻ പറയുന്നു. ഈ രോഗം അയാളുടെ വൻകുടലിലും മലാശയത്തിലും അൾസറിനു വഴി തെളിച്ചിരിക്കുന്നു. എന്നിരുന്നാലും വളർച്ച മുററിയ എയ്ഡ്സ് രോഗം അസ്വസ്ഥതയെക്കാളും വേദനയെക്കാളും അധികം അർഥമാക്കുന്നു; എന്തെന്നാൽ മിക്കവാറും ഈ രോഗത്തിന് ഇരയായ എല്ലാവരുംതന്നെ മരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തെൺപത്തൊന്നു മുതൽ ഐക്യനാടുകളിൽ മാത്രം ഈ വൈറസ് 10 ലക്ഷത്തിലധികം ആളുകളിലേക്കു വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ 1,60,000-ത്തിലധികം പേർ മൃതിയടഞ്ഞിരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററഞ്ചോടെ മരിക്കുന്നവരുടെ സംഖ്യ ഇരട്ടിക്കുമെന്നു വിദഗ്ധർ പ്രവചനം നടത്തുന്നു. എയ്ഡ്സിന് ഇപ്പോൾ അറിവായ യാതൊരു പ്രതിവിധിയുമില്ല.
യുവജനങ്ങൾ അപകടത്തിൽ
ഇപ്പോൾവരെയും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള എയ്ഡ്സ് കേസുകളുടെ ചെറിയൊരു ശതമാനത്തിൽ—ഐക്യനാടുകളിൽ ഒരു ശതമാനത്തിൽത്താഴെ—മാത്രമേ കൗമാരപ്രായക്കാർ ഉൾപ്പെടുന്നുള്ളു. അതുകൊണ്ട് ഈ രോഗം ബാധിച്ചു മരിച്ച ഏതെങ്കിലും യുവാക്കളെ വ്യക്തിപരമായി നിങ്ങൾക്കറിയില്ലായിരിക്കാം. യുവാക്കൾ അപകടത്തിലല്ല എന്നല്ല ഇതിന്റെ അർഥം! ഐക്യനാടുകളിലെ മൊത്തം എയ്ഡ്സ് രോഗികളുടെ ഏതാണ്ട് അഞ്ചിലൊന്നുപേർ തങ്ങളുടെ ഇരുപതുകളിലാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് അനേക വർഷങ്ങൾ വേണ്ടിവരുമെന്നുള്ളതുകൊണ്ട് ഈ വ്യക്തികളിൽ അധികം പേർക്കും രോഗം ബാധിച്ചതു കൗമാരപ്രായത്തിലായിരിക്കാൻ സാധ്യത കൂടുതലാണ്. ഇപ്പോഴത്തെ ഈ പ്രവണത തുടരുകയാണെങ്കിൽ ആയിരക്കണക്കിനു യുവജനങ്ങൾ എയ്ഡ്സ് രോഗികളായിത്തീരും.
രോഗനിയന്ത്രണത്തിനായുള്ള യു.എസ്. കേന്ദ്രങ്ങൾ പറയുന്നതനുസരിച്ച് ഈ മാരക വൈറസ്, “രോഗം ബാധിച്ച ആളുകളുടെ രക്തത്തിലും ബീജത്തിലും യോനീദ്രവങ്ങളിലും” പതിയിരിക്കുന്നു. അതുകൊണ്ടു രോഗം ബാധിച്ച ഒരു വ്യക്തിയുമായി “യോനിയിലൂടെയോ മലദ്വാരത്തിലൂടെയോ വായിലൂടെയോ ലൈംഗികബന്ധം നടത്തുകവഴി” എയ്ഡ്സ് വൈറസ് പകരുന്നു. ബഹുഭൂരിപക്ഷത്തിനും ഈ രോഗം പിടിപെട്ടത് ഈ വിധത്തിലാണ്. “രോഗബാധിതനായ ഒരു വ്യക്തി ഉപയോഗിച്ച അഥവാ അയാൾക്കുവേണ്ടി ഉപയോഗിച്ച ഒരു സൂചിയോ സിറിഞ്ചോ ഉപയോഗിക്കുന്നതുവഴിയോ അതുകൊണ്ടുള്ള കുത്തിവയ്പ് ഏൽക്കുന്നതുവഴിയോ” എയ്ഡ്സ് പകരാം. അതു മാത്രമല്ല, എയ്ഡ്സ് വൈറസ് കലർന്ന “രക്തപ്പകർച്ചകൾ സ്വീകരിച്ചതുകൊണ്ടു ചിലയാളുകൾ രോഗബാധിതരായിട്ടുണ്ട്.”—സ്വമേധയായുള്ള എച്ച്ഐവി ഉപദേശവും പരിശോധനയും: വസ്തുതകൾ, വിവാദങ്ങൾ, ഉത്തരങ്ങൾ (Voluntary HIV Counseling and Testing: Facts, Issues, and Answers).
തത്ഫലമായി പല യുവജനങ്ങളും അപകടത്തിലാണ്. യുവജനങ്ങളുടെ ഞെട്ടിക്കുന്ന സംഖ്യ (ഐക്യനാടുകളിൽ 60 ശതമാനത്തോളം ഉണ്ടെന്നു ചിലർ പറയുന്നു) നിയമവിരുദ്ധമായ മയക്കുമരുന്നുകൾക്കൊണ്ടു പരീക്ഷണം നടത്തിയിട്ടുണ്ട്. ഇവയിൽ ചില മരുന്നുകൾ കുത്തിവയ്ക്കുന്നവയായതുകൊണ്ടു മലിനമായ ഒരു സൂചിയിലൂടെ രോഗം പകരുന്നതിന്റെ ഉയർന്ന അപകടമുണ്ട്. ഒരു യു.എസ്. സർവേ അനുസരിച്ചു ഹൈസ്കൂൾ (സെക്കണ്ടറി സ്കൂൾ) വിദ്യാർഥികളിൽ 82 ശതമാനം പേർ ലഹരി പാനീയങ്ങൾ ഉപയോഗിച്ചിട്ടുണ്ട്, ഏതാണ്ട് 50 ശതമാനം പേർ ഇപ്പോഴും ഉപയോഗിക്കുന്നു. ഒരു കുപ്പി ബിയർ കുടിച്ചതുകൊണ്ടു നിങ്ങൾക്ക് എയ്ഡ്സ് പിടിപെടില്ല, എന്നാൽ അതു നിങ്ങളുടെ ന്യായബോധത്തെ കെടുത്തിക്കളയുകയും എല്ലാററിലും വച്ച് ഏററവും അപകടകരമായ നടപടികളിൽ—സ്വവർഗരതിയോ സ്വാഭാവികരതിയോ ആയിക്കൊള്ളട്ടെ, കുത്തഴിഞ്ഞ ലൈംഗിക ക്രീഡകളിൽ—ഏർപ്പെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
ആയിരത്തിത്തൊള്ളായിരത്തെഴുപതിൽ 15 വയസ്സുള്ള പെൺകുട്ടികളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണു ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നവർ. എന്നാൽ 1988 ആയപ്പോഴേക്കും ആ സംഖ്യ 25 ശതമാനത്തിലധികമായി വർധിച്ചിരുന്നു. ഇരുപതു വയസ്സാകുന്നതോടെ ഐക്യനാടുകളിലെ 75 ശതമാനം പെണ്ണുങ്ങളും 86 ശതമാനം ആണുങ്ങളും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി സർവേകൾ പ്രകടമാക്കുന്നു. ഇതാ ഞെട്ടിക്കുന്ന മറെറാരു സ്ഥിതിവിവരക്കണക്ക്: 5 കൗമാരപ്രായക്കാരിൽ ഒരാൾ നാലിലധികം പങ്കാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതേ, കൂടുതൽക്കൂടുതൽ യുവജനങ്ങൾ വിവാഹത്തിനു മുമ്പത്തെ ലൈംഗികതയിൽ ഏർപ്പെടുന്നു, അവർ എന്നത്തേതിലും ചെറുപ്രായത്തിൽത്തന്നെ അതു ചെയ്തുതുടങ്ങുന്നു.
മററു നാടുകളിലും അവസ്ഥ രൂക്ഷം തന്നെ. ലാററിൻ അമേരിക്കൻ രാജ്യങ്ങളിൽ കൗമാരപ്രായത്തിലുള്ള യുവാക്കളുടെ ഏതാണ്ടു നാലിൽ മൂന്നു പങ്കും വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. എയ്ഡ്സ് വൈറസിൽനിന്നു തങ്ങളെ സംരക്ഷിക്കാനുള്ള ഒരു ശ്രമത്തിൽ ആഫ്രിക്കൻ നാടുകളിലെ പല പുരുഷൻമാരും ലൈംഗിക പങ്കാളികളായി കൗമാരപ്രായത്തിലുള്ള പെൺകുട്ടികളെ തിരഞ്ഞെടുത്തിരിക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഫലമെന്താണ്? കൗമാരപ്രായത്തിലുള്ള ഈ ആഫ്രിക്കൻ പെൺകുട്ടികളിൽ എയ്ഡ്സ് രോഗത്തിന്റെ ഒരു വിസ്ഫോടനം തന്നെ.
എയ്ഡ്സിന്റെ വ്യാപനം അപകടകരമായ പെരുമാററത്തെ തടയാൻ ഒന്നും ചെയ്തിട്ടില്ല. ലാററിൻ അമേരിക്കയിലെ ഒരു രാജ്യത്തിന്റെ കാര്യം പരിചിന്തിക്കുക. “ലൈംഗികബന്ധം പുലർത്തുന്ന” 60 ശതമാനത്തിലധികം “അവിവാഹിതരായ യുവജനങ്ങൾക്ക് എയ്ഡ്സ് വൈറസ് പിടിപെടുന്നതിന്റെ ഉയർന്ന അപകടമുണ്ട്.” ഏതായാലും 10 ശതമാനത്തിൽത്താഴെ പേർ മാത്രമേ തങ്ങൾ വ്യക്തിപരമായി അപകടത്തിലാണെന്നു കരുതുന്നുള്ളു. അവർ ഇപ്രകാരം സ്വയം പറയുന്നു: ‘അതെനിക്കു സംഭവിക്കില്ല.’ എന്നാൽ “അമേരിക്കകളിലെ എയ്ഡ്സ് രോഗബാധയുടെ ഏററവും കൂടിയ നിരക്കുകളിൽ ഒന്ന്” ഈ രാജ്യത്തിനുണ്ട്.—രോഗനിയന്ത്രണത്തിനായുള്ള യു.എസ്. കേന്ദ്രങ്ങൾ.
അതു സംഭവിക്കാം!
ലൈംഗിക അധാർമികതയുടെ “അനന്തരഫലം കാഞ്ഞിരംപോലെ കയ്പുള്ളതാണ്” എന്ന ബൈബിളിന്റെ മുന്നറിയിപ്പുകളിൽ ഒന്നിന്റെ സത്യതയ്ക്ക് എയ്ഡ്സ് പകർച്ചവ്യാധി അടിവരയിടുന്നു. (സദൃശവാക്യങ്ങൾ 5:3-5; 7:21-23, NW) തീർച്ചയായും, ആത്മീയവും വൈകാരികവും ആയ അപകടത്തെ ബൈബിൾ പ്രാഥമികമായി പരാമർശിക്കുന്നു. ലൈംഗിക അധാർമികതയ്ക്ക് അപകടകരമായ ധാരാളം അനന്തരഫലങ്ങൾ കൂടി ഉണ്ടെന്നുള്ള സംഗതി നമ്മെ അമ്പരപ്പിക്കരുത്.
അതുകൊണ്ട് എയ്ഡ്സും ലൈംഗികമായി പകരുന്ന മററു രോഗങ്ങളും പിടിപെടുന്നതിന്റെ അപകടത്തെ യുവജനങ്ങൾ യാഥാർഥ്യബോധത്തോടെ അഭിമുഖീകരിക്കേണ്ടതു പ്രധാനമാണ്. ‘എയ്ഡ്സ് എനിക്കു പിടിക്കില്ല’ എന്ന കവിഞ്ഞ ആത്മസംതൃപ്തമായ മനോഭാവം മാരകമായിരിക്കാം. “നിങ്ങൾ പതിനഞ്ചോ പതിനാറോ അല്ലെങ്കിൽ പതിനേഴോ പതിനെട്ടോ പത്തൊമ്പതോ ഇരുപതോ പോലും വയസ്സായിരിക്കുമ്പോൾ നിങ്ങൾക്കു രോഗം പിടിപെടില്ല എന്നു നിങ്ങൾ ചിന്തിക്കുന്നു,” ഡേവിഡ് എന്നു പേരുള്ള ഒരു യുവാവു പറഞ്ഞു. എന്നിരുന്നാലും വസ്തുതകൾ തെളിയിക്കുന്നതു മറിച്ചാണ്. പതിനഞ്ചു വയസ്സുള്ളപ്പോൾ ഡേവിഡിന് എയ്ഡ്സ് പിടിപെട്ടു.
അതുകൊണ്ടു തുറന്നുപറഞ്ഞാൽ: നിങ്ങൾ നിയമവിരുദ്ധമായ മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ വിവാഹത്തിനു മുമ്പത്തെ ലൈംഗികതയിൽ ഏർപ്പെടുകയോ ചെയ്യുന്നെങ്കിൽ നിങ്ങൾ അപകടത്തിലാണ്! എന്നാൽ ഒരുവനു “സുരക്ഷിത ലൈംഗികത”യിൽ ഏർപ്പെടാൻ കഴിയും എന്ന അവകാശവാദം സംബന്ധിച്ചെന്ത്? ഈ പകർച്ചവ്യാധിയിൽനിന്ന് ഒരുവനെ സംരക്ഷിക്കാൻ കഴിയുന്ന വാസ്തവികമായ വഴികൾ ഉണ്ടോ? ഈ പരമ്പരയിലെ ഞങ്ങളുടെ അടുത്ത ലേഖനം ഈ ചോദ്യങ്ങൾ ചർച്ചചെയ്യും. (g93 8/22)
[14-ാം പേജിലെ ചതുരം]
ലൈംഗികമായി പകരുന്ന മററു രോഗങ്ങൾ
എയ്ഡ്സ് വാർത്താതലക്കെട്ടുകൾ കൈയടക്കിയിരിക്കുന്നു. എന്നാൽ ദ മെഡിക്കൽ പോസ്ററ് ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: ‘കൗമാരപ്രായത്തിലെ ലൈംഗിക പകർച്ചവ്യാധിയുടെ നടുവിലാണു കാനഡ.’ കാനഡ ഒററയ്ക്കല്ല. “ഓരോ വർഷവും ഐക്യനാടുകളിലെ 25 ലക്ഷം കൗമാരപ്രായക്കാർക്കു ലൈംഗികജന്യ രോഗങ്ങൾ പിടിപെടുന്നു” എന്നു യു.എസ്. ആസ്ഥാനമാക്കിയുള്ള സെൻറർ ഫോർ പോപ്പുലേഷൻ ഓപ്ഷൻസ് പറയുന്നു. “ഈ സംഖ്യ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന മൊത്തം കൗമാരപ്രായക്കാരുടെ ആറിലൊന്നിനെയും രാജ്യത്തെ ലൈംഗികജന്യ രോഗത്തിന്റെ കേസുകളുടെ അഞ്ചിലൊന്നിനെയും” പ്രതിനിധാനം ചെയ്യുന്നു.
ദൃഷ്ടാന്തത്തിന് ഉൻമൂലനത്തിന്റെ പാതയിലാണെന്ന് ഒരിക്കൽ കരുതപ്പെട്ടിരുന്ന സിഫിലിസ് ഏതാണ്ട് ഏററവും ഉയർന്ന സംഖ്യ ചെറുപ്പക്കാരുടെ ജീവനപഹരിച്ചുകൊണ്ടു സമീപ വർഷങ്ങളിൽ ഒരു തിരിച്ചുവരവു നടത്തിയിരിക്കുന്നു. അതുപോലെതന്നെ ഗൊണേറിയയും ക്ലാമീഡിയയും (ഐക്യനാടുകളിൽ ഏററവും വ്യാപകമായുള്ള ലൈംഗികജന്യ രോഗങ്ങൾ) അവയെ നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങളെ ഫലപ്രദമായി ചെറുത്തുനിൽക്കുന്നതായി തെളിഞ്ഞിരിക്കുന്നു. കൗമാരപ്രായക്കാർക്കു രോഗബാധയുടെ ഏററവും കൂടിയ നിരക്കുകളും ഉണ്ട്. സമാനമായി ഗുഹ്യഭാഗത്തു പുണ്ണു ബാധിച്ച കൗമാരപ്രായക്കാരുടെ എണ്ണത്തിലെ ഒരു “കുതിച്ചുകയററ”ത്തെക്കുറിച്ച് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ആയിരക്കണക്കിനു യുവജനങ്ങൾക്കു ഹെർപ്പിസ് വൈറസ് ഉണ്ട്. ശാസ്ത്രവാർത്ത (Science News) പറയുന്നതനുസരിച്ച് “ഗുഹ്യഭാഗത്തു ഹെർപ്പിസ് ഉള്ള ആളുകൾക്ക് എയ്ഡ്സിനിടയാക്കുന്ന എച്ച്ഐവി അണുബാധ ഉണ്ടാകാനുള്ള വർധിച്ച സാധ്യതയുണ്ട്.”
സെൻറർ ഫോർ പോപ്പുലേഷൻ ഓപ്ഷൻസ് ഇങ്ങനെ പറയുന്നു: “മറേറതൊരു പ്രായക്കാരെക്കാളും ലൈംഗികമായി പകരുന്ന രോഗങ്ങളുടെ വർധിച്ച നിരക്കുകൾ കൗമാരപ്രായക്കാർ അനുഭവിക്കുമ്പോൾ അവർക്കു വൈദ്യശുശ്രൂഷ ലഭിക്കാൻ സാധ്യതയില്ല. രോഗം കണ്ടുപിടിക്കാതെയും ചികിത്സിക്കാതെയും വിടുമ്പോൾ ലൈംഗികമായി പകരുന്ന രോഗങ്ങൾ, ഗുഹ്യഭാഗം വീർത്തുണ്ടാകുന്ന അസുഖം, വന്ധ്യത, ഗർഭാശയത്തിനു വെളിയിലെ ഗർഭധാരണം, ഗർഭാശയത്തിലുണ്ടാകുന്ന ക്യാൻസർ എന്നീ രൂപങ്ങളിൽ ഒരു വലിയ വില ഒടുക്കേണ്ടിവരുന്നു.”
[12, 13 പേജുകളിലെ ചിത്രങ്ങൾ]
നിയമവിരുദ്ധമായ മയക്കുമരുന്നുകൾ കുത്തിവയ്ക്കുകയോ അനുവാദാത്മക ലൈംഗികതയിൽ ഏർപ്പെടുകയോ ചെയ്യുന്ന ഏതൊരാളും എയ്ഡ്സ് പിടിപെടുന്നതിന്റെ ഗുരുതരമായ അപകടം ഏറെറടുക്കുന്നു