വൃക്കയിലെ കല്ലുകൾ—ഒരു പ്രാചീന രോഗത്തെ ചികിത്സിക്കൽ
വൃക്കയിലെ കല്ലുകൾ നിമിത്തം ദുരിതമനുഭവിച്ച ആരെയെങ്കിലും കുറിച്ചു നിങ്ങൾ കേട്ടിരിക്കാനിടയുണ്ട്. ഐക്യനാടുകളിൽ വൃക്കയിലെ കല്ലുകളിൽനിന്നു ദുരിതമനുഭവിക്കുന്ന ഏതാണ്ട് 3,00,000 പേരെ ഓരോ വർഷവും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നു. ഇത് ഒരു പ്രസവവേദനയോടു താരതമ്യപ്പെടുത്താവുന്ന വിധമുള്ള അതിവേദന ആയിത്തീരാം.
സാധ്യതയനുസരിച്ച് ആധുനിക ആഹാരക്രമത്തോടും ജീവിതരീതിയോടും ബന്ധപ്പെട്ട താരതമ്യേന അടുത്ത കാലത്തെ ഒരു ആരോഗ്യപ്രശ്നമാണു വൃക്കയിലെ കല്ലുകൾ എന്നു ചിലർ കരുതുന്നു. എന്നാൽ, വാസ്തവത്തിൽ മൂത്രനാളത്തിലെ കല്ലുകൾ നൂററാണ്ടുകളായി മനുഷ്യവർഗത്തെ ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മികളിൽപ്പോലും അവ കണ്ടെത്തിയിട്ടുണ്ട്.
വെള്ളത്തിൽ ലയിച്ചു ശരീരത്തിൽനിന്നു പുറത്തുപോകാതെ മൂത്രത്തിലെ ധാതുലവണങ്ങൾ കട്ടപിടിച്ചു വലുതാകുമ്പോഴാണു കല്ലുകൾ ഉണ്ടാകുന്നത്. പലതരം പദാർഥങ്ങൾ ചേർന്നുണ്ടായ അവ വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളുന്നു. ക്ലിനിക്കൽ സിമ്പോസിയ ഇപ്രകാരം പറയുന്നു: “ഐക്യനാടുകളിൽ, വൃക്കയിലെ കല്ലുകളിൽ ഏതാണ്ട് 75%-ത്തിലും അടങ്ങിയിരിക്കുന്നതു പ്രാഥമികമായി കാൽസ്യം ഓക്സലേററാണ്, മറെറാരു 5% കല്ലുകളിൽ കാൽസ്യം ഫോസ്ഫേററും.”
വ്യാപനവും കാരണങ്ങളും
ഒരു റിപ്പോർട്ടനുസരിച്ചു വടക്കേ അമേരിക്കയിലെ ഏതാണ്ട് 10 ശതമാനം പുരുഷൻമാർക്കും 5 ശതമാനം സ്ത്രീകൾക്കും തങ്ങളുടെ ആയുഷ്കാലത്ത് ഒരു വൃക്കക്കല്ല് ഉണ്ടാകും. രോഗം വീണ്ടും ഉണ്ടാകുന്ന നിരക്കു കൂടുതലാണ്. വൃക്കയിൽ കല്ലുള്ള 5 പേരിൽ ഒരാൾക്ക് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മറെറാരു കല്ല് ഉണ്ടാകും.
ചിലയാളുകൾക്കു വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതും മററു ചിലർക്ക് ഉണ്ടാകാത്തതും എന്തുകൊണ്ടെന്ന സംഗതി അനേക വർഷങ്ങളായി ഡോക്ടർമാരെ കുഴക്കിയിട്ടുണ്ട്. പല കാരണങ്ങൾക്കൊണ്ടു കല്ലുകൾ ഉണ്ടാകാം. ശരീരത്തിന്റെ ഉപാപചയവ്യവസ്ഥയിലെ ക്രമക്കേടുകൾ, അണുബാധ, സഹജമായി അവകാശപ്പെടുത്തിയ ക്രമക്കേടുകൾ, പഴകിയ നിർജലീകരണം, ആഹാരക്രമം തുടങ്ങിയവ ഇവയിൽപ്പെടുന്നു.
വൃക്കയിലുണ്ടാകുന്ന കല്ലുകളിൽ 80 ശതമാനത്തോളം മൂത്രത്തിലൂടെ തനിയെ പുറത്തുപോകുന്നു. അവ പുറന്തള്ളപ്പെടുക എളുപ്പമാക്കുന്നതിനു ധാരാളം വെള്ളം കുടിക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത്തരം കല്ലുകൾ പലപ്പോഴും ദൃശ്യമല്ലാത്തവണ്ണം താരതമ്യേന ചെറുതാണെങ്കിൽപ്പോലും വേദന വലുതായിരുന്നേക്കാം. മൂത്രനാളത്തിൽ തടസ്സം സൃഷ്ടിക്കുകയോ കടന്നുപോകാൻ കഴിയാത്തവിധം കല്ലു വലുതായിരിക്കുകയോ (അത് ഒരു ഗോൾഫ് പന്തിനോളം വലുതായിത്തീരാനിടയുണ്ട്) ചെയ്യുന്നെങ്കിൽ രോഗിയുടെ ആരോഗ്യം നിലനിർത്തുന്നതിനു വൈദ്യചികിത്സ ആവശ്യമായിവരും.
പുതിയ ചികിത്സാരീതികൾ
വൃക്കയിലെ താനേ അലിഞ്ഞു നീങ്ങാത്ത കല്ലുകൾ നീക്കം ചെയ്യാൻ ഏതാണ്ട് 1980 വരെ വലിയ ശസ്ത്രക്രിയ ആവശ്യമായിരുന്നു. വൃക്കയിലോ മൂത്രനാളത്തിലോ തടഞ്ഞുപോയ കല്ലെടുക്കാൻ 30 സെൻറീമീററർ ആഴത്തിൽ വേദനാകരമായ ഒരു മുറിവു പാർശ്വഭാഗത്ത് ഉണ്ടാക്കേണ്ടതുണ്ടായിരുന്നു. ഓപ്പറേഷനുശേഷം സുഖമാകുന്നതിനു സാധാരണമായി രണ്ടാഴ്ചക്കാലം ആശുപത്രിയിലും ആരോഗ്യം വീണ്ടെടുക്കുന്നതിന് ഏതാണ്ടു രണ്ടു മാസത്തോളം വീട്ടിലും കഴിയേണ്ടിയിരുന്നു. എന്നാൽ “അടുത്തകാലത്തെ കണ്ടുപിടിത്തങ്ങളോടെ തുറന്ന ശസ്ത്രക്രിയ നടത്തി കല്ലുകൾ നീക്കം ചെയ്യേണ്ട ആവശ്യം വളരെ അപൂർവമാണ്” എന്നു കോൺസ് കറൻറ് തെറാപ്പി (1989) എന്ന വൈദ്യശാസ്ത്ര പാഠപുസ്തകം പറയുന്നു.
തീർത്തും നിസ്സാരമായ ശസ്ത്രക്രിയ മാത്രം വേണ്ടിവരുന്ന ഒരു വിദ്യ ഉപയോഗിച്ചു പ്രയാസകരമായ കല്ലുകൾ ഇപ്പോൾ നീക്കം ചെയ്യാവുന്നതാണ്. ഇന്നു വളരെ സാധാരണമായി ഉപയോഗിക്കുന്ന മറെറാരു വിദ്യ എക്സ്ട്രാകോർപ്പറീൽ ഷോക്ക് വേവ് ലിതോട്രിപ്സി (ESWL) എന്നു വിളിക്കപ്പെടുന്നു, അതിനു ശസ്ത്രക്രിയയേ വേണ്ടിവരുന്നില്ല. “വൃക്കയിലുണ്ടാകുന്ന മൊത്തം കല്ലുകളിൽ ഒരു ശതമാനം നീക്കം ചെയ്യുന്നതിനു മാത്രമേ വലിയ ശസ്ത്രക്രിയ ഇന്ന് ആവശ്യമുള്ളു” എന്ന് ഈ നൂതന വൈദ്യശാസ്ത്ര രീതികളെ പരാമർശിച്ചുകൊണ്ട് കോൺസ് കറൻറ് തെറാപ്പി പറയുന്നു.
ഏററവും ചെറിയ ശസ്ത്രക്രിയാവിദ്യ
ഏററവും ചെറിയ ശസ്ത്രക്രിയ മാത്രം ആവശ്യമായി വരുന്ന ഒരു വിദ്യ ചിലപ്പോൾ പെർക്യുട്ടേനിയസ് അൾട്രാസോണിക് ലിതോട്രിപ്സി എന്നു വിളിക്കപ്പെടുന്നു. “പെർക്യുട്ടേനിയസി”ന്റെ അർഥം “തൊലിവഴി” എന്നും “ലിതോട്രിപ്സി”യുടെ അക്ഷരീയാർഥം “തകർക്കൽ” എന്നും ആണ്. ആവശ്യമായ ഒരേയൊരു ശസ്ത്രക്രിയ പാർശ്വഭാഗത്ത് ഒരു സെൻറീമീററർ ആഴത്തിലുള്ള ഒരു മുറിവാണ്. ഈ മുറിവിലൂടെ നെഫ്രോസ്കോപ്പ് എന്നു വിളിക്കപ്പെടുന്ന സിസ്റേറാസ്കോപ്പുപോലുള്ള ഒരു ഉപകരണം കടത്തുന്നു. വൃക്കയുടെ ഉൾഭാഗവും തടസ്സം സൃഷ്ടിക്കുന്ന കല്ലും ഈ സ്കോപ്പിലൂടെ കാണാവുന്നതാണ്.
നെഫ്രോസ്കോപ്പിലൂടെ പുറത്തെടുക്കാൻ കഴിയാത്തവണ്ണം കല്ല് അത്രയ്ക്കു വലുതാണെങ്കിൽ ഈ സ്കോപ്പിലുള്ള ഒരു ദ്വാരത്തിലൂടെ വൃക്കയിലേക്ക് ഒരു അൾട്രാസോണിക് ഉപകരണം കടത്തിവിടുന്നു. അതിനുശേഷം കല്ലോ കല്ലുകളോ തകർക്കുന്നതിന് അകം പൊള്ളയായ ഈ ഉപകരണം ഒരു അൾട്രാസൗണ്ട് ജനറേറററിനോടു ഘടിപ്പിക്കുന്നു. അത് ഈ ഉപകരണത്തെ ഒരു സെക്കണ്ടിൽ ഏതാണ്ട് 23,000 മുതൽ 25,000 വരെ പ്രാവശ്യം കമ്പനം ചെയ്യാൻ ഇടയാക്കുന്നു. ഈ ഉപകരണവുമായി സമ്പർക്കത്തിൽ വരുന്ന ഏററവും കടുപ്പമേറിയ കല്ലുകൾ ഒഴികെ എല്ലാ കല്ലുകളെയും തകർക്കുന്ന ഒരു ചുററിക പോലെ പ്രവർത്തിക്കാൻ അൾട്രാസോണിക് തരംഗങ്ങൾ അതിനെ ഇടയാക്കുന്നു.
ഈ ഉപകരണത്തിലൂടെയുള്ള തുടർച്ചയായ വലിച്ചെടുക്കൽ വൃക്കയുടെ ഉൾഭാഗത്തെ അക്ഷരീയമായി ശൂന്യമാക്കുന്നു. അങ്ങനെ കല്ലിന്റെ ചെറിയ തരികളെ നീക്കം ചെയ്യുന്നു. കല്ലിന്റെ എല്ലാ അവശിഷ്ടങ്ങളും ഈ ഉപകരണത്തിലൂടെ നീക്കം ചെയ്യപ്പെട്ടുവെന്നു സൂക്ഷ്മ പരിശോധന വെളിപ്പെടുത്തുന്നതുവരെ പൊടിക്കുകയും വലിച്ചെടുക്കുകയും ചെയ്യുന്ന ഈ പ്രക്രിയ തുടരുന്നു.
എന്നിരുന്നാലും ചിലപ്പോൾ വഴങ്ങാൻ വിസമ്മതിക്കുന്ന കൽക്കഷണങ്ങൾ ഉണ്ട്. ആ കേസിൽ കൊടിലാകൃതിയിലുള്ള ഒരു ചെറിയ ഉപകരണം ഘടിപ്പിച്ച കട്ടികുറഞ്ഞ ഒരു കുഴൽ നെഫ്രോസ്കോപ്പിലൂടെ ഡോക്ടറിന് ഉള്ളിലേക്കു കടത്താവുന്നതാണ്. അതിനുശേഷം ആ കൊടിൽ തുറന്നു കല്ലിൽ കടന്നു പിടിക്കാനും അതു പുറത്തേക്കു വലിച്ചെടുക്കാനും ഡോക്ടർക്കു കഴിയും.
പെർക്യുട്ടേനിയസ് ശസ്ത്രക്രിയ വികസിച്ചതോടെ പല രീതികളും പരീക്ഷിച്ചുനോക്കി. യൂറോളജിക് ക്ലിനിക്സ് ഓഫ് നോർത്ത് അമേരിക്ക എന്ന വൈദ്യശാസ്ത്ര പ്രസിദ്ധീകരണം കുറെ വർഷങ്ങൾക്കുമുമ്പ് ഇങ്ങനെ പറഞ്ഞു: “വൈദ്യശാസ്ത്ര പത്രികകളുടെ ഓരോ മാസത്തെയും പുതിയ ലക്കങ്ങളിൽ കല്ലു നീക്കം ചെയ്യാനുള്ള പുതിയ പെർക്യുട്ടേനിയസ് രീതികൾ പ്രത്യക്ഷപ്പെടുന്നതായി തോന്നുന്നു.” ഈ നടപടിയുടെ വിജയസാധ്യത “കല്ലിന്റെ വലിപ്പവും സ്ഥാനവും അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു” എന്ന് ആ ജേർണൽ പ്രസ്താവിച്ചു. എന്നാൽ “ഓപ്പറേഷൻ ചെയ്യുന്നയാളുടെ വൈദഗ്ധ്യവും പരിചയവും” ആണ് ഏററവും പ്രധാനപ്പെട്ട ഘടകം എന്നു ജേർണൽ വിശദീകരിച്ചു.
കല്ലുകളെ തകർക്കാൻ തക്ക ഊർജം ഉത്പാദിപ്പിച്ചാൽപ്പോലും ഈ ചികിത്സ താരതമ്യേന സുരക്ഷിതമാണ്. “രക്തസ്രാവം ഒരു വലിയ പ്രശ്നമായിരുന്നിട്ടില്ല” എന്നു ക്ലിനിക്കൽ സിമ്പോസിയ പറയുന്നു. എന്നിരുന്നാലും രോഗികളിൽ 4 ശതമാനം പേരിൽ സാരമായ രക്തസ്രാവം ഉണ്ടായിരുന്നതായി ഒരു റിപ്പോർട്ടു പറയുന്നുണ്ട്.
അസ്വസ്ഥതയും സൗഖ്യമാകാനുള്ള കാലയളവും ഏററവും കുറച്ചു മതി എന്നുള്ളത് ഈ ചികിത്സയുടെ പ്രയോജനങ്ങളിൽപ്പെടുന്നു. മിക്ക കേസുകളിലും നാലോ അഞ്ചോ ദിവസം മാത്രം ആശുപത്രിയിൽ കിടന്നാൽ മതി, ചില രോഗികൾ കേവലം മൂന്നു ദിവസത്തിനുശേഷം വീട്ടിൽ പോകുന്നു. ദിവസശമ്പളക്കാർക്ക് ഈ സൗകര്യം കൂടുതൽ പ്രധാനമാണ്, കാരണം ആശുപത്രി വിട്ടയുടനെതന്നെ ജോലിയിലേക്കു മടങ്ങാൻ അവർ പ്രാപ്തരായേക്കാം.
ശസ്ത്രക്രിയയില്ലാത്ത ചികിത്സ
ജർമനിയിലെ മ്യൂണിക്കിൽ 1980-ൽ ശ്രദ്ധേയമായ ഒരു പുതിയ ചികിത്സ അവതരിപ്പിക്കപ്പെട്ടു, അത് എക്സ്ട്രാകൊർപ്പറിയൽ ഷോക്ക് വേവ് ലിതോട്രിപ്സി എന്നു വിളിക്കപ്പെടുന്നു. കല്ലുകളെ പൊടിക്കാൻ ഒരുതരത്തിലുമുള്ള മുറിവുകളും ഉണ്ടാക്കാതെ ഉയർന്ന ഊർജത്തിലുള്ള ഷോക്ക് തരംഗങ്ങൾ അത് ഉപയോഗപ്പെടുത്തുന്നു.
ഇളം ചൂടുവെള്ളം പകുതി നിറച്ച ഒരു സ്റെറയിൻലെസ് സ്ററീൽ ടാങ്കിലേക്കു രോഗിയെ ഇറക്കുന്നു. വെള്ളത്തിനടിയിലെ ഒരു സ്പാർക്ക് ഡിസ്ചാർജ് ഉത്പാദിപ്പിക്കുന്ന ഷോക്ക് തരംഗങ്ങളുടെ കൃത്യസ്ഥാനത്തു ചികിത്സിക്കേണ്ട വൃക്ക വരത്തക്കവണ്ണം അയാളുടെ സ്ഥാനം ക്രമീകരിക്കുന്നു. ഈ തരംഗങ്ങൾ അനായാസം മൃദുവായ മനുഷ്യപേശിയിലൂടെ കടന്ന് അതിന്റെ ഊർജം ഒട്ടുംതന്നെ നഷ്ടമാകാതെ കല്ലിൽ എത്തുന്നു. കല്ലു തകരുന്നതുവരെ അവ കല്ലിനെ ആക്രമിക്കുന്നു. അതിനുശേഷം മിക്ക രോഗികളും അനായാസം കല്ലിന്റെ അവശിഷ്ടങ്ങൾ പുറന്തള്ളുന്നു.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ് ആയപ്പോഴേക്കും വൃക്കയിലെ കല്ലുകളിൽ 80 ശതമാനത്തോളം നീക്കം ചെയ്യുന്നതിന് ഇഎസ്ഡബ്ലിയുഎൽ (ESWL) ഉപയോഗിച്ചിരുന്നു. ഈ വിദ്യയുടെ വരവോടെ “വൃക്കയിലെ കല്ലുകളെ തകർക്കാൻ വിവിധതരം ഷോക്ക് തരംഗ ജനറേറററുകൾ ഉപയോഗിച്ചുകൊണ്ട് 1,100-ലധികം യന്ത്രങ്ങളിൽ 30 ലക്ഷത്തിലധികം രോഗികളെ ലോകവ്യാപകമായി ചികിത്സിച്ചിട്ടുണ്ട്” എന്നു കഴിഞ്ഞ വർഷം ആസ്ട്രേലിയൻ കുടുംബഡോക്ടർ (Australian Family Physician) റിപ്പോർട്ടു ചെയ്തു.
വൃക്കയിരിക്കുന്ന പ്രദേശത്ത് ഇഎസ്ഡബ്ലിയുഎൽ കുറച്ച് ആഘാതം എൽപ്പിക്കുന്നുണ്ടെങ്കിലും ആസ്ട്രേലിയൻ കുടുംബഡോക്ടർ ഇങ്ങനെ വിശദീകരിക്കുന്നു: “പ്ലീഹ, കരൾ, പാൻക്രിയാസ്, കുടൽ തുടങ്ങിയ സമീപ അവയവങ്ങൾക്ക് അത് അപൂർവമായേ കുഴപ്പം ചെയ്യാറുള്ളു. ചുരുങ്ങിയ കാലത്തേക്കുള്ള ആഘാതത്തിന്റെ ഫലങ്ങൾ രോഗികൾക്ക് ഏററവും കുറഞ്ഞ ദോഷമേ ചെയ്യുന്നുള്ളു, അവർക്ക് അതു സഹിക്കാനും കഴിയും. ചികിത്സ കഴിഞ്ഞ് 24-ഓ 48-ഓ മണിക്കൂർ സമയം മിക്ക രോഗികളും ഉദരാശയഭിത്തിയിലെ [പേശിയിലെയും അസ്ഥിയിലെയും ചെറിയ വേദന]യെക്കുറിച്ചും [മൂത്രത്തിലൂടെയുള്ള ചെറിയ രക്തം] പോക്കിനെക്കുറിച്ചും മാത്രമേ പരാതിപ്പെടുന്നുള്ളു.” കുട്ടികളെപ്പോലും വിജയകരമായി ചികിത്സിച്ചിട്ടുണ്ട്. ഈ ആസ്ട്രേലിയൻ പത്രിക ഇപ്രകാരം ഉപസംഹരിച്ചു: “10 വർഷത്തെ വിലയിരുത്തലിനുശേഷം ഇഎസ്ഡബ്ലിയുഎൽ അങ്ങേയററം സുരക്ഷിതമായ ചികിത്സയാണെന്നു തോന്നുന്നു.”
കോൺസ് കറൻറ് തെറാപ്പി ഇപ്രകാരം വിശദീകരിക്കത്തക്കവണ്ണം ഈ ചികിത്സ തീർച്ചയായും വളരെ ഫലപ്രദമാണ്: “മൂത്രാശയ കല്ലുകൾ വരാതെ സൂക്ഷിക്കുന്ന കാര്യത്തിൽ രോഗികളും ഭിഷഗ്വരൻമാരും കർക്കശമനോഭാവം കുറഞ്ഞവരായിത്തീരത്തക്കവണ്ണം വളരെ അനായാസത്തോടെയും ഏററവും കുറഞ്ഞ ദോഷത്തോടെയും കല്ലുകൾ നീക്കം ചെയ്യാൻ (ഇഎസ്ഡബ്ലിയുഎൽ) ഇടയാക്കിയിരിക്കുന്നു.”
എന്നാൽ നിങ്ങൾ ഒരിക്കലും ആഗ്രഹിക്കാത്ത, വേദനാജനകമായ ഒരു രോഗമാണു വൃക്കയിലെ കല്ലുകൾ. അവയെ തടയാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
പ്രതിരോധം
മുമ്പു നിങ്ങൾക്കു വൃക്കയിൽ കല്ല് ഉണ്ടായിട്ടുണ്ടെങ്കിൽ ധാരാളം വെള്ളം കുടിക്കാനുള്ള ബുദ്ധ്യുപദേശം നിങ്ങൾ ജ്ഞാനപൂർവം ബാധകമാക്കും, കാരണം വൃക്കയിലെ കല്ലുകൾ കൂടെക്കൂടെ ഉണ്ടാകുന്നു. ഓരോ ദിവസവും രണ്ടു ലിറററിൽ കൂടുതൽ നിങ്ങൾ മൂത്രമൊഴിക്കണമെന്നു ശുപാർശ ചെയ്യപ്പെടുന്നു, അതിനു ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്!
കൂടാതെ, നിങ്ങളുടെ ആഹാരക്രമത്തെ ക്രമപ്പെടുത്തുന്നതും ജ്ഞാനപൂർവകമാണ്. കല്ലുകളുടെ രൂപവത്കരണത്തെ സഹായിക്കുന്നു എന്നു കരുതപ്പെടുന്ന ഇറച്ചിയും ഉപ്പും ഓക്സലേററ് ധാരാളമുള്ള ഭക്ഷണങ്ങളും കഴിക്കുന്നതു നിയന്ത്രിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു. ഇത്തരം ഭക്ഷണങ്ങളിൽ പരിപ്പുകളും ചോക്കലേററും കുരുമുളകും ചീരപോലുള്ള ഇലപ്പച്ചക്കറികളും ഉൾപ്പെടുന്നു. കൂടാതെ കാൽസ്യം കഴിക്കുന്നതു കുറയ്ക്കാൻ ഡോക്ടർമാർ ഒരിക്കൽ ശുപാർശ ചെയ്തിരുന്നു, എന്നാൽ ഭക്ഷണത്തിൽ ധാരാളം കാൽസ്യം ഉൾപ്പെടുത്തുന്നത് കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കുന്നു എന്ന് അടുത്ത കാലത്തെ ഗവേഷണം സൂചിപ്പിക്കുന്നു.
എന്നാൽ എല്ലാ മുൻകരുതലുകളും എടുത്തിട്ടും നിങ്ങൾക്കു വൃക്കയിൽ മറെറാരു കല്ല് ഉണ്ടാകുന്നെങ്കിൽ അവയെ ചികിത്സിക്കുന്നതിനു മെച്ചപ്പെട്ട രീതികൾ ഉണ്ടെന്നറിയുന്നതു മിക്കവാറും ആശ്വാസപ്രദമാണ്. (g93 8/22)
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Leonardo On The Human Body/Dover Publications, Inc.
[16-ാം പേജിലെ ചിത്രം]
ലിതോട്രിപ്ററർ എന്നു വിളിക്കപ്പെടുന്ന ഒരു യന്ത്രം ഉപയോഗിച്ചു ശസ്ത്രക്രിയ കൂടാതെ വൃക്കയിലെ കല്ലുകൾ ചികിത്സിക്കുന്ന രീതി
[കടപ്പാട്]
S.I.U./Science Source/PR