‘സൂക്ഷ്മബുദ്ധിയുള്ളവൻ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു’
സൂക്ഷ്മബുദ്ധിയുള്ള ഒരു വ്യക്തി സമർഥനും നിശിതബുദ്ധിയുള്ളവനും ആണ്. അയാൾക്കു നല്ല ന്യായബോധവും ഗ്രഹണപ്രാപ്തിയും സുബോധവും വിവേകവും വിവേചനാശേഷിയും ജ്ഞാനവും ഉണ്ടായിരിക്കും. അയാൾ വഞ്ചകനോ തന്ത്രശാലിയോ ആയിരിക്കില്ല. “സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 13:16 പ്രസ്താവിക്കുന്നു. അതേ, സൂക്ഷ്മബുദ്ധി അഥവാ വിവേകം ഒരു അഭികാമ്യ ഗുണമാണ്.
ദൈനംദിന ജീവിതത്തിൽ നമുക്ക് എപ്രകാരം സൂക്ഷ്മബുദ്ധി പ്രകടമാക്കാം? നമ്മുടെ തിരഞ്ഞെടുപ്പുകൾ, മറ്റുള്ളവരോടു നാം പെരുമാറുന്ന വിധം, വിവിധ സാഹചര്യങ്ങളോടു നാം പ്രതികരിക്കുന്ന വിധം എന്നീ കാര്യങ്ങളിൽ ഈ ഗുണം പ്രകടമാകുന്നുണ്ടോയെന്ന് നമുക്ക് എങ്ങനെ അറിയാം? സൂക്ഷ്മബുദ്ധിയുള്ളവർക്ക് എന്തു പ്രതിഫലം ലഭിക്കുന്നു? ഏതെല്ലാം ആപത്തുകൾ ഒഴിവാക്കാൻ അവർക്കു കഴിയുന്നു? പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്, സദൃശവാക്യങ്ങൾ 14-ാം അധ്യായത്തിന്റെ 12-25 വാക്യങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള പ്രായോഗിക ഉത്തരം നൽകുന്നു.a
ജ്ഞാനപൂർവം നിങ്ങളുടെ വഴി തിരഞ്ഞെടുക്കുക
ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാനും ജീവിതത്തിൽ വിജയിക്കാനും ശരിയും തെറ്റും തിരിച്ചറിയുന്നതിനുള്ള പ്രാപ്തി അനിവാര്യമാണ്. എന്നിരുന്നാലും, ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.” (സദൃശവാക്യങ്ങൾ 14:12) അതുകൊണ്ട്, യഥാർഥത്തിൽ ശരിയായതും ശരിയെന്നു പ്രത്യക്ഷത്തിൽ തോന്നിക്കുന്നതും ആയ കാര്യങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ നാം പഠിക്കണം. “മരണവഴികൾ” എന്ന പ്രയോഗം, വഞ്ചകമായ അത്തരം നിരവധി പാതകൾ ഉണ്ടെന്നു സൂചിപ്പിക്കുന്നു. ജാഗ്രത പാലിക്കുകയും ഒഴിവാക്കുകയും ചെയ്യേണ്ട ചില സംഗതികൾ പരിചിന്തിക്കുക.
ധനികരും പ്രശസ്തരും സാധാരണമായി ആദരണീയരും പ്രശംസിക്കപ്പെടേണ്ടവരും ആയി വീക്ഷിക്കപ്പെടുന്നു. സാമൂഹികവും സാമ്പത്തികവും ആയ രംഗങ്ങളിലുള്ള അവരുടെ വിജയം, അവർ ചെയ്യുന്നതാണു ശരിയെന്ന ധാരണ നൽകിയേക്കാം. എന്നാൽ ധനമോ മാനമോ നേടാനായി അവരിൽ അനേകരും അവലംബിക്കുന്ന മാർഗങ്ങൾ എങ്ങനെയുള്ളതാണ്? അവരുടെ വഴികൾ എല്ലായ്പോഴും നേരുള്ളതാണോ? തങ്ങളുടെ മതവിശ്വാസങ്ങളോട് അതിരറ്റ തീക്ഷ്ണത പ്രകടിപ്പിക്കുന്ന ചിലരും ഉണ്ട്. എന്നാൽ, അവരുടെ വിശ്വാസങ്ങൾ ശരിയാണെന്ന് അത്തരം ആത്മാർഥത യഥാർഥത്തിൽ തെളിയിക്കുന്നുണ്ടോ?—റോമർ 10:2, 3.
ഒരു വഴി ചൊവ്വുള്ളതായി തോന്നാൻ ആത്മവഞ്ചനയും ഇടയാക്കിയേക്കാം. ശരിയെന്നു നമുക്കു തോന്നുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ വഞ്ചകമായ ഒരു വഴികാട്ടിയായ സ്വന്തം ഹൃദയത്തെയാണു നാം ആശ്രയിക്കുന്നത്. (യിരെമ്യാവു 17:9) മനസ്സാക്ഷി പ്രബുദ്ധവും പരിശീലിപ്പിക്കപ്പെട്ടതും അല്ലെങ്കിൽ തെറ്റായ വഴികൾ ശരിയായ വഴികളാണെന്നു നമുക്കു തോന്നിയേക്കാം. അങ്ങനെയെങ്കിൽ, ഉചിതമായ ഒരു ഗതി തിരഞ്ഞെടുക്കാൻ നമ്മെ എന്തു സഹായിക്കും?
“നന്മതിന്മകളെ തിരിച്ചറിവാൻ . . . അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി”ത്തീരാൻ ദൈവവചനത്തിലെ ആഴമായ സത്യങ്ങൾ നാം സ്വയം ഉത്സാഹപൂർവം പഠിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, ഇന്ദ്രിയങ്ങളെ “തഴക്കത്താൽ” അഥവാ ഉപയോഗത്താൽ പരിശീലിപ്പിക്കേണ്ടതിന് ബൈബിൾ തത്ത്വങ്ങൾ നാം ജീവിതത്തിൽ ബാധകമാക്കുകയും വേണം. (എബ്രായർ 5:14) പ്രത്യക്ഷത്തിൽ ശരിയെന്നു തോന്നിക്കുന്ന ഒരു ഗതി, ‘ജീവങ്കലേക്കു നയിക്കുന്ന ഞെരുക്കമുള്ള വഴി’യിൽനിന്നു നമ്മെ വ്യതിചലിപ്പിക്കാതിരിക്കാൻ നാം ജാഗ്രത പാലിക്കണം.—മത്തായി 7:13, 14.
“ഹൃദയം ദുഃഖിച്ചി”രിക്കുമ്പോൾ
മനസ്സു വിഷമിച്ചിരിക്കുമ്പോൾ സന്തുഷ്ടരായിരിക്കാൻ നമുക്കാകുമോ? ചിരിയും ഉല്ലാസവും ഉള്ളിന്റെയുള്ളിലെ നൊമ്പരങ്ങൾ ലഘൂകരിക്കുമോ? വിഷാദാത്മക ചിന്തകളെ മദ്യത്തിൽ മുക്കിത്താഴ്ത്തുന്നതും കുത്തഴിഞ്ഞ ജീവിതം നയിച്ചുകൊണ്ട് അവ ദൂരീകരിക്കാൻ ശ്രമിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും ബുദ്ധിയാണോ? അല്ല എന്നാണ് ഉത്തരം. “ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം” എന്ന് ജ്ഞാനിയായ രാജാവു പറയുന്നു.—സദൃശവാക്യങ്ങൾ 14:13എ.
ചിരി വേദനയെ മറച്ചേക്കാം, എന്നാൽ വേദന ഇല്ലാതാക്കാൻ അതിനു കഴിയില്ല. “കരവാൻ ഒരു കാലം, ചിരിപ്പാൻ ഒരു കാലം; വിലപിപ്പാൻ ഒരു കാലം, നൃത്തംചെയ്വാൻ ഒരു കാലം” എന്നിങ്ങനെ “എല്ലാറ്റിന്നും ഒരു സമയമുണ്ട്” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:1, 4) വിഷാദം പിടിമുറുക്കുമ്പോൾ, ആവശ്യമെങ്കിൽ “ജ്ഞാനമുള്ള ആലോചന” തേടിക്കൊണ്ട് നാം അതിനെ മറികടക്കാൻ ശ്രമിക്കണം. (സദൃശവാക്യങ്ങൾ 24:6, വിശുദ്ധ സത്യവേദ പുസ്തകം, മോഡേൺ മലയാളം വേർഷൻ)b ചിരിക്കും വിനോദത്തിനും കുറെയൊക്കെ പ്രയോജനമുണ്ട്, എന്നാൽ അവയുടെ ആപേക്ഷിക മൂല്യം പരിമിതമാണ്. അനുചിതമായ വിനോദ പരിപാടികൾക്കും അമിതമായ ഉല്ലാസങ്ങൾക്കും എതിരെ മുന്നറിയിപ്പു നൽകിക്കൊണ്ട് ശലോമോൻ പറയുന്നു: “സന്തോഷത്തിന്റെ അവസാനം ദുഃഖ”മാണ്.—സദൃശവാക്യങ്ങൾ 14:13ബി.
വിശ്വാസരഹിതനും നല്ലവനും തൃപ്തിവരുന്നു—എങ്ങനെ?
ഇസ്രായേൽരാജാവ് തുടർന്നുപറയുന്നു: “ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും [“തൃപ്തിവരും,” NW]; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽതന്നേ തൃപ്തിവരും.” (സദൃശവാക്യങ്ങൾ 14:14) വിശ്വാസരഹിതനും നല്ലവനും തങ്ങളുടെ പ്രവൃത്തികളാൽ തൃപ്തിവരുന്നത് എങ്ങനെയാണ്?
വിശ്വാസരഹിതനായ വ്യക്തിക്കു ദൈവത്തോടു കണക്കുബോധിപ്പിക്കണമെന്ന യാതൊരു ചിന്തയുമില്ല. അതുകൊണ്ട്, യഹോവയുടെ വീക്ഷണത്തിൽ ശരിയായതു ചെയ്യുന്നത് അയാൾക്ക് ഒട്ടും പ്രധാനമല്ല. (1 പത്രൊസ് 4:3-5) തന്റെ ഭൗതികത്വ ജീവിതരീതിയുടെ നേട്ടങ്ങളാൽ അയാൾക്കു തൃപ്തിവരുന്നു. (സങ്കീർത്തനം 144:11-15എ) നേരെ മറിച്ച്, ആത്മീയ കാര്യങ്ങളിലാണു നല്ല വ്യക്തിക്കു താത്പര്യം. എല്ലാ ഇടപെടലുകളിലും അയാൾ ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളോടു പറ്റിനിൽക്കുന്നു. യഹോവ തന്റെ ദൈവമായിരിക്കുന്നതിനാലും അത്യുന്നതനെ സേവിക്കുന്നത് അതുല്യ സന്തോഷം കൈവരുത്തുന്നതിനാലും അത്തരം വ്യക്തിക്കു തൃപ്തിവരുന്നു.—സങ്കീർത്തനം 144:15ബി.
‘ഏതു വാക്കും വിശ്വസിക്കരുത്’
അനുഭവജ്ഞാനം ഇല്ലാത്തവന്റെയും വിവേകിയുടെയും വഴികൾ വിപരീത താരതമ്യം ചെയ്തുകൊണ്ട് ശലോമോൻ പറയുന്നു: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) വിവേകമുള്ളവനെ എളുപ്പത്തിൽ കബളിപ്പിക്കാനാവില്ല. കേൾക്കുന്നതെല്ലാം വിശ്വസിക്കുകയോ മറ്റുള്ളവർ പറയുന്നതെന്തും ‘വേദവാക്യമായി’ കരുതുകയോ ചെയ്യാതെ അയാൾ സൂക്ഷ്മതയോടെ ചുവടുകൾ വെക്കുകയും ലഭ്യമായ വസ്തുതകൾ പരിശോധിച്ചുകൊണ്ടു പരിജ്ഞാനപൂർവം പ്രവർത്തിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, “ദൈവം ഉണ്ടോ?” എന്ന ചോദ്യം പരിചിന്തിക്കുക. അനുഭവജ്ഞാനം ഇല്ലാത്ത വ്യക്തി ഇക്കാര്യത്തിൽ, ജനസമ്മതിയുള്ള വീക്ഷണമോ പ്രമുഖ വ്യക്തികളുടെ വിശ്വാസമോ പിൻപറ്റാൻ പ്രവണത കാണിക്കുന്നു. നേരെ മറിച്ച്, വിവേകമുള്ള വ്യക്തി ശ്രദ്ധാപൂർവം വസ്തുതകൾ പരിശോധിക്കുന്നു. റോമർ 1:20, എബ്രായർ 3:4 എന്നീ തിരുവെഴുത്തുകളെക്കുറിച്ച് അയാൾ ചിന്തിക്കും. ആത്മീയ കാര്യങ്ങളിൽ മതനേതാക്കളുടെ അഭിപ്രായങ്ങൾ അയാൾ അങ്ങനെതന്നെ വിശ്വസിക്കില്ല. പകരം, അയാൾ ‘[നിശ്വസ്ത മൊഴികൾ] ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന’ ചെയ്യും.—1 യോഹന്നാൻ 4:1.
‘ഏതു വാക്കും വിശ്വസിക്കരുത്’ എന്ന ബുദ്ധിയുപദേശം അനുസരിക്കുന്നത് എത്ര ജ്ഞാനമാണ്! ക്രിസ്തീയ സഭയിലുള്ളവർക്കു ബുദ്ധിയുപദേശം നൽകാൻ ഉത്തരവാദിത്വപ്പെട്ടവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംഭവിച്ച കാര്യങ്ങൾ സംബന്ധിച്ച് അവർക്കു വ്യക്തമായ ഗ്രാഹ്യം ഉണ്ടായിരിക്കണം. ബുദ്ധിയുപദേശം അനുചിതമോ ഏകപക്ഷീയമോ ആകാതിരിക്കാൻ, മറ്റുള്ളവർ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുകയും കാര്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയും ചെയ്യണം.—സദൃശവാക്യങ്ങൾ 18:13; 29:20.
“ചിന്താപ്രാപ്തിയുള്ളവൻ ദ്വേഷിക്കപ്പെടും”
ജ്ഞാനിയും ഭോഷനും തമ്മിലുള്ള മറ്റൊരു വ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇസ്രായേലിന്റെ രാജാവ് ഇങ്ങനെ പറയുന്നു: “ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു. ദുരുപായി [“ചിന്താപ്രാപ്തിയുള്ളവൻ,” NW] ദ്വേഷിക്കപ്പെടും.”—സദൃശവാക്യങ്ങൾ 14:16, 17.
ജ്ഞാനിയായ ഒരു വ്യക്തിക്ക് തെറ്റായ മാർഗം പിൻപറ്റുന്നതിന്റെ ദോഷഫലങ്ങളെക്കുറിച്ചു ഭയമുണ്ട്. അതുകൊണ്ട്, അയാൾ ജാഗ്രത പുലർത്തുകയും വഷളത്തം ഒഴിവാക്കാൻ സഹായിക്കുന്ന ഏതു ബുദ്ധിയുപദേശവും വിലമതിക്കുകയും ചെയ്യുന്നു. ഭോഷന് അത്തരം ഭയമില്ല. അഹങ്കാരിയായ അയാൾ ധിക്കാരത്തോടെ മറ്റുള്ളവരുടെ ബുദ്ധിയുപദേശം തള്ളിക്കളയുന്നു. അത്തരം ഒരു വ്യക്തി, പെട്ടെന്നു കോപിച്ചുകൊണ്ട് ഭോഷത്തം പ്രവർത്തിക്കുന്നു. എന്നാൽ ചിന്താപ്രാപ്തിയുള്ളവൻ വെറുക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
“ചിന്താപ്രാപ്തി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപ്രയോഗത്തിനു രണ്ട് അർഥങ്ങളുണ്ട്. ക്രിയാത്മകമായ അർഥത്തിൽ ഉപയോഗിക്കുമ്പോൾ, വിവേകം അല്ലെങ്കിൽ വകതിരിവ് എന്നാണ് അതിന്റെ അർഥം. (സദൃശവാക്യങ്ങൾ 1:4; 2:11; 3:21) ദുരുപായം അല്ലെങ്കിൽ ദ്രോഹകരമായ ചിന്ത എന്ന നിഷേധാത്മക അർഥവും അതിനുണ്ട്.—സങ്കീർത്തനം 37:7; സദൃശവാക്യങ്ങൾ 12:2; 24:8.
“ചിന്താപ്രാപ്തിയുള്ളവൻ” എന്ന പ്രയോഗം ദ്രോഹബുദ്ധിയായ ഒരു വ്യക്തിയെയാണു പരാമർശിക്കുന്നതെങ്കിൽ അത്തരം ഒരു വ്യക്തി വെറുക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ വിവേകമുള്ള ഒരു വ്യക്തിയും (അവിവേകികളാൽ) വെറുക്കപ്പെട്ടേക്കാം എന്നതു സത്യമല്ലേ? ഉദാഹരണത്തിന്, സുബോധം പ്രകടമാക്കിക്കൊണ്ട് “ലോകക്കാർ” അഥവാ ലോകത്തിന്റെ ഭാഗം അല്ലായിരിക്കാൻ തീരുമാനിക്കുന്നവരെ ലോകം വെറുക്കുന്നു. (യോഹന്നാൻ 15:19) തങ്ങളുടെ ചിന്താപ്രാപ്തികൾ ഉപയോഗിച്ചുകൊണ്ട് സമപ്രായക്കാരിൽനിന്നുള്ള അനുചിത സമ്മർദത്തെ ചെറുത്തുനിൽക്കുകയും മോശമായ പെരുമാറ്റം ഒഴിവാക്കുകയും ചെയ്യുന്ന ചെറുപ്പക്കാരായ ക്രിസ്ത്യാനികൾ പരിഹസിക്കപ്പെടുന്നു. പിശാചായ സാത്താന്റെ അധീനതയിൽ കിടക്കുന്ന ഈ ലോകം സത്യാരാധകരെ വെറുക്കുന്നു എന്നതാണു യാഥാർഥ്യം.—1 യോഹന്നാൻ 5:19.
‘ദുർജ്ജനം വണങ്ങേണ്ടിവരും’
സൂക്ഷ്മബുദ്ധിയുള്ളവനും അനുഭവജ്ഞാനമില്ലാത്തവനും തമ്മിൽ വേറൊരു വ്യത്യാസമുണ്ട്. “അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.” (സദൃശവാക്യങ്ങൾ 14:18) അനുഭവജ്ഞാനമില്ലാത്തവർക്കു വിവേചനാശേഷി ഇല്ലാത്തതിനാൽ ജീവിതത്തിലുടനീളം അവർ ഭോഷത്തം പ്രവർത്തിക്കുന്നു. നേരെ മറിച്ച്, കിരീടം രാജാവിന് ഒരു അലങ്കാരമായിരിക്കുന്നതുപോലെ, പരിജ്ഞാനം സൂക്ഷ്മബുദ്ധികൾക്ക് അലങ്കാരമാണ്.
“ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു,” ജ്ഞാനിയായ രാജാവു പറയുന്നു. (സദൃശവാക്യങ്ങൾ 14:19) മറ്റു വാക്കുകളിൽ പറഞ്ഞാൽ, നല്ല മനുഷ്യർ ദുഷ്ടന്മാരുടെമേൽ അന്തിമമായി വിജയം നേടും. ദൈവജനം ഇന്ന് എണ്ണത്തിൽ പെരുകുകയും ശ്രേഷ്ഠമായ ജീവിതം നയിക്കുകയും ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കുക. യഹോവയുടെ ദാസർ ആസ്വദിക്കുന്ന ഇത്തരം അനുഗ്രഹങ്ങൾ കാണുമ്പോൾ ആത്മാഭിഷിക്ത ശേഷിപ്പിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന അവന്റെ ആലങ്കാരിക സ്വർഗീയ സ്ത്രീയെ ‘വണങ്ങാൻ’ എതിരാളികളിൽ ചിലർ നിർബന്ധിതരാകും. അല്ലാത്തപക്ഷം, ദൈവത്തിന്റെ ഭൗമിക സംഘടന അവന്റെ സ്വർഗീയ സംഘടനയെ പ്രതിനിധാനം ചെയ്യുന്നു എന്ന വസ്തുത അർമഗെദോന്റെ സമയത്തെങ്കിലും അവർ തിരിച്ചറിയേണ്ടിവരും.—യെശയ്യാവു 60:1, 14; ഗലാത്യർ 6:16; വെളിപ്പാടു 16:14, 16.
‘എളിയവരോടു കൃപകാണിക്കുന്നു’
മാനുഷപ്രകൃതത്തിലേക്കു വെളിച്ചംവീശിക്കൊണ്ട് ശലോമോൻ പറയുന്നു: “ദരിദ്രനെ കൂട്ടുകാരൻപോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ട്.” (സദൃശവാക്യങ്ങൾ 14:20) അപൂർണ മനുഷ്യരുടെ കാര്യത്തിൽ ഇതെത്ര സത്യമാണ്! സ്വാർഥതത്പരരായ അവർ ദരിദ്രരെക്കാൾ പണക്കാരെ പ്രിയപ്പെടുന്നു. എന്നാൽ ധനവാനു ധാരാളം സ്നേഹിതർ ഉണ്ടെങ്കിലും അവന്റെ ധനംപോലെതന്നെ അവരും പെട്ടെന്നു പൊയ്പ്പോകും. ആ സ്ഥിതിക്ക്, പണമോ മുഖസ്തുതിയോ കൊണ്ട് സുഹൃത്തുക്കളെ സമ്പാദിക്കുന്നതു നാം ഒഴിവാക്കേണ്ടതല്ലേ?
നാം സമ്പന്നരുടെ പ്രീതി പിടിച്ചുപറ്റുകയും എളിയവരെ അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് നമ്മുടെ ആത്മപരിശോധന വെളിപ്പെടുത്തുന്നെങ്കിലോ? അത്തരം പക്ഷപാതത്തെ ബൈബിൾ കുറ്റംവിധിക്കുന്നെന്നു നാം മനസ്സിലാക്കണം. “കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ” അഥവാ സന്തുഷ്ടൻ എന്ന് അതു പറയുന്നു.—സദൃശവാക്യങ്ങൾ 14:21.
ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടു നാം പരിഗണന കാട്ടണം. (യാക്കോബ് 1:27) എങ്ങനെ? പണം, ആഹാരം, അഭയം, വസ്ത്രം എന്നിവ ഉൾപ്പെടെയുള്ള “ഈ ലോകത്തിലെ വസ്തുവക”കളും വ്യക്തിപരമായ ശ്രദ്ധയും നൽകിക്കൊണ്ട്. (1 യോഹന്നാൻ 3:17) ഈ വിധത്തിൽ പരിഗണന കാട്ടുന്നവർ സന്തുഷ്ടരാണ്. എന്തുകൊണ്ടെന്നാൽ, “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” അഥവാ സന്തോഷപ്രദം ആണ്.—പ്രവൃത്തികൾ 20:35.
അവരുടെ അവസാനം എന്താകും?
“മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന തത്ത്വം വിവേകിക്കും ഭോഷനും ഒരുപോലെ ബാധകമാണ്. (ഗലാത്യർ 6:7) വിവേകി നന്മ പ്രവർത്തിക്കുമ്പോൾ, ഭോഷൻ ദുരാലോചന നടത്തുന്നു. “ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ?” ജ്ഞാനിയായ രാജാവു ചോദിക്കുന്നു. അതേ, അവർ വഴിതെറ്റിപ്പോകുന്നു. “നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.” (സദൃശവാക്യങ്ങൾ 14:22) നല്ലതു ചെയ്യുന്നവർ മറ്റുള്ളവരുടെ പ്രീതിയും ദൈവത്തിന്റെ സ്നേഹദയയും ആസ്വദിക്കുന്നു.
വിജയത്തെ കഠിനാധ്വാനത്തോടും പരാജയത്തെ നിഷ്ക്രിയമായ സംസാരപ്രിയത്തോടും ബന്ധപ്പെടുത്തിക്കൊണ്ട് ശലോമോൻ ഇങ്ങനെ പറയുന്നു: “എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരൂ.” (സദൃശവാക്യങ്ങൾ 14:23) നിശ്ചയമായും, ഈ തത്ത്വം നമ്മുടെ ആത്മീയ ലക്ഷ്യങ്ങൾക്കു ബാധകമാണ്. ക്രിസ്തീയ ശുശ്രൂഷയിൽ നാം കഠിനാധ്വാനം ചെയ്യുമ്പോൾ, ദൈവവചനത്തിലെ ജീവദായക സത്യം അനേകർക്കും പകർന്നുകൊടുക്കുന്നതിന്റെ പ്രതിഫലം നാം കൊയ്യുന്നു. നമുക്കു ലഭിച്ചേക്കാവുന്ന ഏതൊരു ദിവ്യാധിപത്യ നിയമനവും വിശ്വസ്തതയോടെ നിർവഹിക്കുന്നത് സന്തോഷവും സംതൃപ്തിയും കൈവരുത്തുന്നു.
“ജ്ഞാനികളുടെ ധനം അവർക്കു കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ” എന്ന് സദൃശവാക്യങ്ങൾ 14:24 പറയുന്നു. ജ്ഞാനികൾ തേടുന്ന ജ്ഞാനം ഭൗതിക സമ്പത്തുപോലെ വിലപിടിപ്പുള്ള ഒന്നാണെന്നും അത് അവർക്ക് അലങ്കാരം ചാർത്തുന്നുവെന്നും ഇതിന് അർഥമാക്കാൻ കഴിയും. നേരെ മറിച്ച്, മൂഢന്മാർ സമ്പാദിക്കുന്നതു ഭോഷത്തമാണ്. “ധനം ജ്ഞാനത്തോടെ വിനിയോഗിക്കുന്നവർക്ക് അത് ഒരു അലങ്കാരമാണ്. . . . [എന്നാൽ] വിഡ്ഢികൾക്കു മിച്ചം അവരുടെ വിഡ്ഢിത്തം മാത്രമാണ്,” എന്നും ഈ സദൃശവാക്യത്തിന് അർഥമാക്കാൻ കഴിയുമെന്ന് ഒരു പരാമർശ കൃതി പറയുന്നു. അത് എന്തുതന്നെ ആയിരുന്നാലും, ജ്ഞാനികൾ ഭോഷന്മാരെക്കാൾ മികച്ചുനിൽക്കുന്നു.
“സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു,” ഇസ്രായേലിന്റെ രാജാവ് പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 14:25) ന്യായവിസ്താരത്തിന്റെ കാര്യത്തിൽ ഇതു വളരെ ശരിയാണ്. എന്നാൽ, നമ്മുടെ ശുശ്രൂഷയിൽ ഇത് എങ്ങനെ ബാധകമാകുന്നെന്നു നോക്കുക. പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ, ദൈദവവചനത്തിലെ സത്യത്തിനു സാക്ഷ്യംവഹിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. അത് പരമാർഥഹൃദയമുള്ളവരെ വ്യാജമതങ്ങളിൽനിന്നു വിടുവിച്ചുകൊണ്ട് ജീവൻ രക്ഷിക്കുന്നു. നമുക്കും നമ്മുടെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ കൊടുക്കുകവഴി നാം നമ്മെത്തന്നെയും നമ്മുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും. (1 തിമൊഥെയൊസ് 4:16) അങ്ങനെ ചെയ്യുന്നതിൽ തുടരവേ, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വിവേകം പ്രകടിപ്പിക്കാൻ നമുക്കു ശ്രദ്ധിക്കാം.
[അടിക്കുറിപ്പുകൾ]
a സദൃശവാക്യങ്ങൾ 14-ാം അധ്യായത്തിന്റെ 1-11 വാക്യങ്ങളുടെ വിശദീകരണത്തിന് 2004 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-9 പേജുകൾ കാണുക.
[18-ാം പേജിലെ ചിത്രം]
നന്മതിന്മകൾ തിരിച്ചറിയാൻ നാം ആഴമായ സത്യങ്ങൾ ഉത്സാഹപൂർവം പഠിക്കേണ്ടത് അനിവാര്യമാണ്
[18-ാം പേജിലെ ചിത്രം]
ഭൗതികത്വ ജീവിതരീതി യഥാർഥ സംതൃപ്തി പ്രദാനം ചെയ്യുമോ?