“യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ!”
അവർ വെട്ടുക്കിളികളെപ്പോലെ കൂട്ടത്തോടെ വന്ന് ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾ വെട്ടിനിരത്തുകയാണ്. ന്യായാധിപന്മാർ ഇസ്രായേൽ ഭരിക്കുന്ന കാലഘട്ടത്തിലാണ് ഇതു നടക്കുന്നത്. ഇസ്രായേല്യർ ആകെ നിരാശയിലാണ്. പാകിയ വിത്തുകൾ മുളപൊട്ടുമ്പോൾത്തന്നെ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അടങ്ങിയ കവർച്ചസംഘം ഒട്ടകപ്പുറത്തെത്തി ദേശം ആക്രമിക്കുന്നു. ഇസ്രായേല്യർ ഇതു സഹിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷമായി. അക്രമികളുടെ കന്നുകാലിക്കൂട്ടങ്ങൾ ദേശത്തെ മേച്ചിൽപ്പുറങ്ങൾ കാർന്നുതിന്നുന്നു. ഇസ്രായേല്യർക്ക് ആടുമാടുകളോ കഴുതകളോ ഇല്ല. ദാരിദ്ര്യത്തിന്റെ പിടിയിലമർന്ന അവർ മിദ്യാന്യരുടെ ആക്രമണത്തിൽ ഭയന്നുവിറച്ച് പർവതങ്ങളിലെ ഗഹ്വരങ്ങളിലും ഗുഹകളിലും ദുർഗങ്ങളിലും അഭയംപ്രാപിക്കുന്നു.
ഈ ദുരവസ്ഥയ്ക്കു കാരണം എന്താണ്? വ്യാജ ദൈവങ്ങളെ ആരാധിച്ചുകൊണ്ട് ഇസ്രായേല്യർ വിശ്വാസത്യാഗികളായിത്തീർന്നിരിക്കുന്നു. തത്ഫലമായി യഹോവ അവരെ ശത്രുക്കൾക്കു വിട്ടുകൊടുത്തിരിക്കുകയാണ്. തകർച്ചയുടെ വക്കിലെത്തിയ ഇസ്രായേല്യർ സഹായത്തിനായി യഹോവയെ വിളിച്ചപേക്ഷിക്കുന്നു. അവൻ ശ്രദ്ധിക്കുമോ? ഇസ്രായേലിന്റെ ചരിത്രം നമ്മെ എന്തു പഠിപ്പിക്കുന്നു?—ന്യായാധിപന്മാർ 6:1-6.
ജാഗരൂകനായ കൃഷിക്കാരനോ ‘പരാക്രമശാലി’യോ?
കാളയും മെതിവണ്ടിയും ഉപയോഗിച്ചാണ് ഇസ്രായേല്യ കർഷകർ സാധാരണമായി ഗോതമ്പു മെതിച്ചിരുന്നത്. ധാന്യം പാറ്റുമ്പോൾ പതിർ പറന്നുപോകേണ്ടതിന് നല്ല കാറ്റുള്ള, തുറസ്സായ സ്ഥലത്തായിരുന്നു അവർ അതു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ ചെയ്താൽ, ദേശം അരിച്ചുപെറുക്കാൻ എത്തിയിരിക്കുന്ന ശത്രുക്കൾ അത് എളുപ്പത്തിൽ കണ്ടുപിടിക്കുമായിരുന്നു. മിദ്യാന്യർ കാണാതെ ഒരു മുന്തിരിച്ചക്കിൽ ഗിദെയോൻ ഗോതമ്പു മെതിക്കുകയാണ്. സാധ്യതയനുസരിച്ച്, മൂടിയുള്ള ഒരു വലിയ കൽത്തൊട്ടിയാണത്. (ന്യായാധിപന്മാർ 6:11) അതിൽ, ഒരു വടികൊണ്ടടിച്ച് അൽപ്പാൽപ്പമായി ധാന്യം മെതിക്കാനാകുമായിരുന്നു. ആ സാഹചര്യത്തിൽ ഗിദെയോനു ചെയ്യാൻ കഴിയുന്നത് അതാണ്.
യഹോവയുടെ ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട് “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്” എന്ന് പറയുമ്പോൾ ഗിദെയോനുണ്ടാകുന്ന അമ്പരപ്പ് ഒന്നു വിഭാവന ചെയ്യൂ! (ന്യായാധിപന്മാർ 6:12) മുന്തിരിച്ചക്കിൽ രഹസ്യമായി ധാന്യം മെതിക്കുന്ന താൻ ഒരു പരാക്രമശാലിയാണെന്നു ചിന്തിക്കാൻ ഗിദെയോനു കഴിയുന്നില്ല. എന്നാൽ, ഇസ്രായേലിന്റെ ഒരു വീരനായകനാകാൻ ഗിദെയോനു സാധിക്കുമെന്ന് ദൈവത്തിനു ബോധ്യമുണ്ടെന്ന് ആ വാക്കുകൾ സൂചിപ്പിക്കുന്നു. എങ്കിലും ഗിദെയോനു ബോധ്യംപോരാ.
‘ഇസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കാൻ’ യഹോവ ഗിദെയോനെ നിയോഗിക്കുമ്പോൾ അവൻ താഴ്മയോടെ ഇങ്ങനെ പറയുന്നു: “അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ.” മിദ്യാന്യരെ തറപറ്റിക്കുന്നതിൽ ദൈവം തന്നെ പിന്തുണയ്ക്കുമെന്നതിന് ഒരു അടയാളം ആവശ്യപ്പെട്ടുകൊണ്ട് ഗിദെയോൻ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. ന്യായമായ ആ ആവശ്യം നിറവേറ്റാൻ യഹോവ മനസ്സൊരുക്കം കാണിക്കുന്നു. അങ്ങനെ, തന്നെ സന്ദർശിച്ചിരിക്കുന്ന ദൂതന് ഗിദെയോൻ ഭക്ഷ്യവസ്തുക്കൾ കാഴ്ചവെക്കുന്നു. പാറയിൽനിന്നു തീ പുറപ്പെട്ട് ആ വഴിപാട് ദഹിപ്പിക്കുന്നു. യഹോവ ഗിദെയോന്റെ ഭയമെല്ലാം മാറ്റിക്കഴിയുമ്പോൾ ഗിദെയോൻ അവിടെ ഒരു യാഗപീഠം പണിയുന്നു.—ന്യായാധിപന്മാർ 6:12-24.
“ബാൽ . . . പോരാടട്ടെ”
മിദ്യാന്യരുടെ ആക്രമണം അല്ല, ഇസ്രായേല്യർ ബാൽ ആരാധനയുടെ തടവറയിലായിരുന്നു എന്നതാണു പ്രധാന പ്രശ്നം. യഹോവ “തീക്ഷ്ണതയുള്ള [അനന്യഭക്തി നിഷ്കർഷിക്കുന്ന] ദൈവം” ആണ്. മറ്റു ദൈവങ്ങളെ സേവിക്കുന്നവരുടെ ആരാധന അവനു സ്വീകാര്യമല്ല. (പുറപ്പാടു 34:14) അതുകൊണ്ട്, ഗിദെയോന്റെ പിതാവു പണിതീർത്ത ബാലിന്റെ ബലിപീഠം ഇടിച്ചുകളയാനും അശേരപ്രതിഷ്ഠ വെട്ടിക്കളയാനും യഹോവ ഗിദെയോനോടു കൽപ്പിക്കുന്നു. എന്നാൽ, പിതാവിന്റെയും മറ്റുള്ളവരുടെയും പ്രതികരണം ഭയന്ന് പകൽസമയത്ത് അതു ചെയ്യാതെ, പത്തു ദാസന്മാരുടെ സഹായത്തോടെ രാത്രിയിൽ അവൻ അക്കാര്യം നിർവഹിക്കുന്നു.
ഗിദെയോൻ ജാഗ്രതയോടെ പ്രവർത്തിച്ചതിൽ അതിശയിക്കാനില്ല. ഈ “ദൈവദോഷം” പ്രവർത്തിച്ചത് അവനാണെന്നു മനസ്സിലാക്കിയപ്പോൾ ബാലിന്റെ ആരാധകർ അവനെ കൊല്ലണമെന്നു ശഠിക്കുന്നു. എന്നാൽ അവന്റെ പിതാവായ യോവാശ് അനിഷേധ്യമായ യുക്തിയോടെ അവരോടു ന്യായവാദം ചെയ്യുന്നു. ബാൽ ദൈവമാണെങ്കിൽ സ്വയം പ്രതിരോധിക്കാൻ ബാലിനു കഴിയുമെന്ന് അവൻ പറയുന്നു. അങ്ങനെ, യോവാശ് തന്റെ പുത്രന്, “ബാൽ അയാൾക്കെതിരെ പോരാടട്ടെ” എന്ന് അർഥമുള്ള യെരുബ്ബാൽ എന്നു പേരിടുന്നു.—ന്യായാധിപന്മാർ 6:25-32, ഓശാന ബൈബിൾ.
സത്യാരാധനയുടെ പക്ഷത്തു നിർഭയം നിലകൊള്ളുന്നവരെ ദൈവം എല്ലായ്പോഴും അനുഗ്രഹിക്കുന്നു. മിദ്യാന്യരും സഖ്യകക്ഷികളും വീണ്ടും ഇസ്രായേലിലേക്ക് അതിക്രമിച്ചുകടക്കുമ്പോൾ ‘യഹോവയുടെ ആത്മാവ് ഗിദെയോന്റെമേൽ വരുന്നു.’ (ന്യായാധിപന്മാർ 6:34) ദൈവത്തിന്റെ ആത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ സ്വാധീനത്തിൽ മനശ്ശെ, ആശേർ, സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിൽനിന്നു ഗിദെയോൻ സൈന്യങ്ങളെ ഏകോപിപ്പിക്കുന്നു.—ന്യായാധിപന്മാർ 6:35.
പടയൊരുക്കം
ഗിദെയോന്റെ സൈന്യത്തിൽ ഇപ്പോൾ 32,000 പേർ ഉണ്ടെങ്കിലും അവൻ ദൈവത്തോട് ഒരു അടയാളം ചോദിക്കുന്നു. മെതിക്കളത്തിൽ നിവർത്തിയിടുന്ന ഒരു ആട്ടിൻതോൽ മഞ്ഞിൽ നനയുകയും അതേസമയം നിലം ഉണങ്ങിയിരിക്കുകയും ചെയ്താൽ ദൈവം ഇസ്രായേലിനെ അവന്റെ കയ്യാൽ രക്ഷിക്കുമെന്ന് അതു സൂചിപ്പിക്കും. യഹോവ ആ അത്ഭുതം ചെയ്യുന്നു. എന്നാൽ ഇക്കാര്യം ഒന്നുകൂടി ഉറപ്പുവരുത്താനായി, നേരെ മറിച്ചു സംഭവിക്കുന്ന വിധത്തിൽ രണ്ടാമതൊരു അടയാളംകൂടി കാണിക്കാൻ ഗിദെയോൻ ദൈവത്തോട് അപേക്ഷിക്കുന്നു. നിലം നനഞ്ഞും ആട്ടിൻതോൽ ഉണങ്ങിയും കാണപ്പെടാൻ ഇടയാക്കിക്കൊണ്ട് ദൈവം അതും ചെയ്യുന്നു. ഗിദെയോൻ അമിത ജാഗ്രത പ്രകടിപ്പിക്കുകയായിരുന്നോ? അങ്ങനെ ആയിരിക്കാൻ വഴിയില്ല. കാര്യങ്ങൾ ഒന്നുകൂടി ഉറപ്പാക്കാൻവേണ്ടിയായിരുന്നു അവൻ അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത്. ദൈവം അതു സാധിച്ചുകൊടുക്കുകയും ചെയ്തു. (ന്യായാധിപന്മാർ 6:36-40) ഇന്ന് അത്തരം അത്ഭുതങ്ങൾ നടക്കുമെന്നു നാം പ്രതീക്ഷിക്കുന്നില്ല. എങ്കിലും യഹോവയുടെ വചനത്തിൽനിന്നു ദിവ്യമാർഗനിർദേശവും ധൈര്യവും നമുക്കു ലഭിക്കുന്നു.
ഗിദെയോന്റെ സൈന്യം വളരെ വലുതാണെന്ന് ദൈവം അവനോടു പറയുന്നു. ഇത്രയുംപേർ യുദ്ധത്തിനു പോയാൽ, ശത്രുക്കളെ തോൽപ്പിച്ചുകഴിയുമ്പോൾ തങ്ങളുടെ ശക്തിയാൽ വിജയം നേടിയെന്ന് ഇസ്രായേല്യർ വമ്പുപറയാൻ സാധ്യതയുണ്ട്. എന്നാൽ യഹോവയ്ക്കാണ് അതിന്റെ ബഹുമതി ലഭിക്കേണ്ടത്. അതിനെന്താണൊരു മാർഗം? ന്യായപ്രമാണത്തിനുചേർച്ചയിൽ, ഭയമുള്ളവരോടെല്ലാം മടങ്ങിപ്പോകാൻ പറയാൻ ദൈവം ഗിദെയോനോടു കൽപ്പിക്കുന്നു. അതനുസരിച്ച് 22,000 പേർ തിരിച്ചുപോകുന്നു. വെറും 10,000 പേരാണ് അവശേഷിക്കുന്നത്.—ആവർത്തനപുസ്തകം 20:8; ന്യായാധിപന്മാർ 7:2, 3.
ദൈവത്തിന്റെ ദൃഷ്ടിയിൽ ഇപ്പോഴും ആളുകൾ വളരെക്കൂടുതലാണ്. അവരെ വെള്ളമുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുവരാൻ അവൻ ഗിദെയോനെ ചുമതലപ്പെടുത്തുന്നു. നല്ല വെയിലത്ത് സൈന്യത്തെ ഒരു പുഴക്കരയിലേക്കു കാൽനടയായി യാത്ര ചെയ്യിക്കാൻ ദൈവം ഗിദെയോനോടു കൽപ്പിച്ചതായി യഹൂദ ചരിത്രകാരനായ ജോസീഫസ് പറയുന്നു. എന്തുതന്നെ ആയിരുന്നാലും, അവർ വെള്ളം കുടിക്കുന്ന വിധം ഗിദെയോൻ നിരീക്ഷിക്കുന്നു. അവരിൽ 300 പേർമാത്രം ഒരു കൈയിൽ വെള്ളം കോരിയെടുത്തശേഷം, ശത്രുക്കൾ വരുന്നുണ്ടോയെന്നു വീക്ഷിച്ചുകൊണ്ട് അതിൽനിന്നു നക്കിക്കുടിക്കുന്നു. അപ്രകാരം ജാഗ്രത പ്രകടിപ്പിച്ചവർമാത്രം ഗിദെയോന്റെകൂടെ യുദ്ധത്തിനു പോകുന്നു. (ന്യായാധിപന്മാർ 7:4-8) അവരുടെ സ്ഥാനത്തുനിന്ന് ഒന്നു ചിന്തിച്ചുനോക്കൂ. 1,35,000 പേരാണ് ശത്രുപക്ഷത്ത്. സ്വന്തം ശക്തിയാൽ അവരെ ജയിക്കാൻ കഴിയില്ലെന്നും യഹോവയുടെ സഹായം അനിവാര്യമാണെന്നും നിങ്ങൾക്കു പൂർണബോധ്യം ഉണ്ടായിരിക്കും!
ഒരു സഹായിയോടൊപ്പം പുറപ്പെട്ട്, മിദ്യാന്യ പാളയത്തിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ദൈവം ഗിദെയോനോട് ആവശ്യപ്പെടുന്നു. അവൻ അവിടെ ചെല്ലുമ്പോൾ, ഒരാൾ മറ്റൊരാളോട് താൻ കണ്ട സ്വപ്നം വിവരിക്കുകയായിരുന്നു. മിദ്യാന്യരെ ഗിദെയോന്റെ കയ്യിൽ ഏൽപ്പിക്കാൻ ദൈവം നിശ്ചയിച്ചിരിക്കുന്നു എന്നതാണ് അതിന്റെ അർഥമെന്ന് ഉടൻതന്നെ മറ്റെയാൾ വ്യാഖ്യാനിക്കുന്നതും ഗിദെയോൻ കേൾക്കുന്നു. മറ്റെന്താണ് ഗിദെയോനു വേണ്ടത്! 300 പേർ അടങ്ങിയ തന്റെ സൈന്യം യഹോവയുടെ സഹായത്താൽ മിദ്യാന്യരെ പരാജയപ്പെടുത്തുമെന്ന് അവനു ബോധ്യമാകുന്നു.—ന്യായാധിപന്മാർ 7:9-15.
യുദ്ധതന്ത്രം
ആ 300 പേരെ 100 പേർ വീതമുള്ള മൂന്നു സംഘങ്ങളായി തിരിക്കുന്നു. ഓരോരുത്തർക്കും ഓരോ കാഹളവും ശൂന്യമായ വലിയ ഓരോ കുടവും കൊടുക്കുന്നു. കുടങ്ങൾക്കുള്ളിൽ ഓരോ പന്തവും ഉണ്ട്. ആദ്യം അവർ എന്താണു ചെയ്യേണ്ടതെന്നു ഗിദെയോൻ കൽപ്പിക്കുന്നു: ‘ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്വിൻ. ഞാൻ കാഹളം ഊതുമ്പോൾ നിങ്ങളും കാഹളം ഊതി, “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ!” എന്ന് ആർത്തുവിളിക്കുക.’—ന്യായാധിപന്മാർ 7:16-18, 20.
ശത്രുപാളയത്തിനരികിലേക്ക് ആ 300 ഇസ്രായേല്യ പടയാളികൾ നിശ്ശബ്ദം നീങ്ങുന്നു. സമയം രാത്രി ഏകദേശം പത്തു മണി. കാവൽപ്പട്ടാളക്കാർ അവരുടെ ഊഴം മാറിയതേയുള്ളൂ. ആക്രമണത്തിന് ഏറ്റവും പറ്റിയ സമയം ഇതുതന്നെ ആയിരിക്കണം. മാറിവന്നിരിക്കുന്ന കാവൽക്കാർക്ക് ഇരുട്ടുമായി പൊരുത്തപ്പെട്ടുവരാൻ കുറച്ചു സമയം വേണ്ടിവരുമല്ലോ.
പെട്ടെന്ന്, രാത്രിയുടെ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് 300 പേരും തങ്ങളുടെ കുടങ്ങൾ ഉടയ്ക്കുകയും കാഹളം ഊതുകയും ആർത്തുവിളിക്കുകയും ചെയ്യുന്നു. മിദ്യാന്യർ ഒന്നടങ്കം ഞെട്ടിവിറയ്ക്കുന്നു! “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ” എന്ന ആർപ്പുവിളി പ്രത്യേകിച്ചും അവരെ പരിഭ്രാന്തരാക്കുന്നു. ചുറ്റും പ്രകമ്പനംകൊള്ളിക്കുമാറ് അവർ അലമുറയിടുന്നു. ശത്രുവിനെ തിരിച്ചറിയാൻ കഴിയാതെ ആകെ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയിലായിരിക്കെ അവർ പരസ്പരം വെട്ടിക്കൊല്ലാൻ ദൈവം ഇടയാക്കുന്നു. അപ്പോഴെല്ലാം ആ 300 പേരും സ്വസ്ഥാനങ്ങളിൽത്തന്നെ നിലകൊള്ളുന്നു. ശത്രുസൈന്യം ചിതറിയോടുന്നു. പക്ഷേ ആർക്കും രക്ഷപ്പെടാനാകുന്നില്ല. പാളയമടിച്ചിരുന്ന, ശേഷം സൈന്യത്തെയും തുരത്തുന്നതോടെ മിദ്യാന്യരുടെ ഭീഷണി എന്നെന്നേക്കുമായി അവസാനിക്കുന്നു. അങ്ങനെ, സുദീർഘവും ഹിംസാത്മകവും ആയ അധീശത്വത്തിനു തിരശ്ശീല വീഴുന്നു.—ന്യായാധിപന്മാർ 7:19-25; 8:10-12, 28.
ഇങ്ങനെയൊരു വിജയത്തിനുശേഷവും ഗിദെയോൻ താഴ്മ കൈവിടുന്നില്ല. എഫ്രയീമ്യർ അവനോടു വഴക്കിനു വരുമ്പോൾ—ഈ പോരാട്ടത്തിൽ അവരെ പങ്കുചേർക്കാതിരുന്നത് അവർക്ക് ഒരു അപമാനമായി തോന്നിയിരിക്കണം—അവൻ സൗമ്യതയോടെ പ്രതികരിക്കുന്നു. ശാന്തമായ അവന്റെ മറുപടി എഫ്രയീമ്യരുടെ ക്രോധം അകറ്റുകയും അവരെ തണുപ്പിക്കുകയും ചെയ്യുന്നു.—ന്യായാധിപന്മാർ 8:1-3; സദൃശവാക്യങ്ങൾ 15:1.
അങ്ങനെ ദേശം സ്വസ്ഥമായിത്തീരുമ്പോൾ, ഗിദെയോൻ തങ്ങൾക്കു രാജാവാകണമെന്നു ജനം ആവശ്യപ്പെടുന്നു. എന്തൊരു പരീക്ഷണം! എന്നാൽ ഗിദെയോൻ ആ അഭ്യർഥന തള്ളിക്കളയുന്നു. മിദ്യാന്യരെ തോൽപ്പിച്ചതു ദൈവമാണെന്ന വസ്തുത അവൻ മറന്നുകളഞ്ഞിട്ടില്ല. അവൻ തുറന്നുപറയുന്നു: “ഞാൻ നിങ്ങൾക്കു രാജാവാകയില്ല. എന്റെ മകനും ആകയില്ല; . . . യഹോവയത്രേ നിങ്ങളുടെ രാജാവ്.”—ന്യായാധിപന്മാർ 8:23.
അപൂർണനായതിനാൽ, ശരിയായ ന്യായബോധം പ്രകടമാക്കുന്നതിൽ ചിലപ്പോഴൊക്കെ ഗിദെയോൻ പരാജയപ്പെടുന്നു. ഏതോ കാരണത്താൽ, യുദ്ധത്തിൽ കിട്ടിയ കൊള്ളമുതൽകൊണ്ട് അവൻ ഒരു എഫോദ് (പുരോഹിതന്മാർ ധരിച്ചിരുന്ന വിശുദ്ധവസ്ത്രം) ഉണ്ടാക്കി പട്ടണത്തിൽ പ്രതിഷ്ഠിക്കുന്നു. ഇസ്രായേലെല്ലാം എഫോദിനെ ആരാധിച്ചുകൊണ്ട് “പരസംഗമായി അതിന്റെ അടുക്കൽ” ചെല്ലുന്നതായി വിവരണം പറയുന്നു. ഗിദെയോനും കുടുംബത്തിനും പോലും അത് ഒരു കെണി ആയിത്തീരുന്നു. എന്നിരുന്നാലും അവൻ തീർത്തും ഒരു വിഗ്രഹാരാധകൻ ആയിത്തീരുന്നില്ല, യഹോവയിൽ വിശ്വാസം പ്രകടമാക്കിയ ഒരുവനായി തിരുവെഴുത്തുകൾ അവനെ വിശേഷിപ്പിക്കുന്നു.—ന്യായാധിപന്മാർ 8:27; എബ്രായർ 11:32-34.
നമുക്കുള്ള പാഠങ്ങൾ
മുന്നറിയിപ്പും പ്രോത്സാഹനവും നൽകുന്ന ഒരു കഥയാണ് ഗിദെയോന്റേത്. യഹോവ നമ്മിൽനിന്ന് അവന്റെ ആത്മാവും അംഗീകാരവും എടുത്തുകളയുമാറ് നാം വഴിപിഴച്ച ഒരു ജീവിതം നയിച്ചാൽ നമ്മുടെ ആത്മീയ അവസ്ഥ, വെട്ടുക്കിളികൾ നാശംവിതച്ച ഒരു ദേശത്തിലെ അരിഷ്ടനിവാസികളെപ്പോലെ ആയിത്തീരുമെന്ന് അതു നമുക്കു മുന്നറിയിപ്പു നൽകുന്നു. ദുർഘടകാലങ്ങളിലാണു നാം ജീവിക്കുന്നത്. യഹോവയുടെ അനുഗ്രഹം “സമ്പത്തു നൽകുന്നു; അവിടുന്ന് അതിൽ ദുഃഖം കലർത്തുന്നില്ല” എന്നതു നാം ഒരിക്കലും മറക്കരുത്. (സദൃശവാക്യങ്ങൾ 10:22, പി.ഒ.സി. ബൈബിൾ) നാം അവനെ “പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്ക”യാൽ അവൻ നമ്മെ അനുഗ്രഹിക്കുന്നു. മറിച്ചായാൽ അവൻ നമ്മെ തള്ളിക്കളയും.—1 ദിനവൃത്താന്തം 28:9.
ഗിദെയോന്റെ ചരിത്രം നമുക്കു പ്രോത്സാഹജനകമാണ്. അപ്രാപ്തരോ നിസ്സഹായരോ ആയി കാണപ്പെടുന്ന വ്യക്തികളെപ്പോലും ഉപയോഗിച്ചുകൊണ്ട് ഏതു പ്രതിസന്ധിയിൽനിന്നും തന്റെ ജനത്തെ വിടുവിക്കാൻ യഹോവയ്ക്കു കഴിയുമെന്ന് അതു തെളിയിക്കുന്നു. ഗിദെയോനും അവനോടൊപ്പമുണ്ടായിരുന്ന 300 പേർക്കും 1,35,000 മിദ്യാന്യരെ തറപറ്റിക്കാൻ കഴിഞ്ഞത്, ദൈവത്തിന്റെ അനന്ത ശക്തിക്കു തെളിവാണ്. ചിലപ്പോഴൊക്കെ നാം തീർത്തും ആശയറ്റ ഒരു അവസ്ഥയിലായിത്തീർന്നേക്കാം. ശത്രുക്കൾ നമ്മെ മൂടിക്കളയുന്നതായി നമുക്കു തോന്നിയേക്കാം. എന്നാൽ ഗിദെയോനെ സംബന്ധിച്ചുള്ള ഈ ബൈബിൾവിവരണം, യഹോവയിൽ ആശ്രയിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അവനിൽ വിശ്വാസം അർപ്പിക്കുന്നവരെ അവൻ അനുഗ്രഹിക്കുകയും വിടുവിക്കുകയും ചെയ്യും.