സൗമ്യത—അതാണു ജ്ഞാനത്തിന്റെ പാത
ടോണി കോളിംങ്ബെൽ അടിച്ചു. മധ്യവയസ്കയായ ഒരു സ്ത്രീയാണു കതകു തുറന്നത്. അവരുടെ പ്രായമായ അമ്മയെ പരിചരിക്കുന്നതിനാണു ടോണി അവിടെ ചെന്നത്. കതകു തുറന്നതും സ്ത്രീ സഹോദരിയെ ശകാരിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. ടോണി വൈകിയാണു ജോലിക്കു വന്നതെന്നായിരുന്നു അവർ പറഞ്ഞ കാരണം. സത്യത്തിൽ, ടോണി കൃത്യസമയത്തുതന്നെ എത്തിയിരുന്നു. എങ്കിലും തെറ്റിദ്ധരിച്ച ആ സ്ത്രീയോടു ടോണി ശാന്തതയോടെ ഖേദം പ്രകടിപ്പിച്ചു.
അടുത്ത പ്രാവശ്യം ചെന്നപ്പോഴും സ്ത്രീ ടോണിയുടെ നേരെ കത്തിക്കയറി. ടോണി എന്തു ചെയ്തു? ടോണി പറയുന്നു: “എനിക്കു വളരെ ബുദ്ധിമുട്ടു തോന്നി. ഒരു കാരണവുമില്ലാതെയാണ് അവർ എന്നെ ചീത്ത പറഞ്ഞത്.” എങ്കിലും ടോണി വീണ്ടും ഖേദം പ്രകടിപ്പിച്ചു. ആ സ്ത്രീ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് അവരോടു പറയുകയും ചെയ്തു.
ടോണിയുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? സൗമ്യതയോടെ നിൽക്കാൻ നിങ്ങൾ ശ്രമിക്കുമായിരുന്നോ? കോപം നിയന്ത്രിക്കുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടാകുമായിരുന്നോ? ഇത്തരം സാഹചര്യങ്ങളുണ്ടായാൽ സ്വയം നിയന്ത്രിക്കുക എന്നത് എളുപ്പമല്ലെന്നതു ശരിയാണ്. നമുക്കു സമ്മർദമോ പ്രകോപനമോ ഉള്ളപ്പോൾ സൗമ്യതയോടെ തുടരുന്നതു ശരിക്കും ഒരു വെല്ലുവിളിയാണ്.
എന്നാൽ, സൗമ്യതയുള്ളവരായിരിക്കാൻ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. യഥാർഥത്തിൽ ദൈവവചനം ആ ഗുണത്തെ ജ്ഞാനവുമായാണു ബന്ധിപ്പിച്ചിരിക്കുന്നത്. “നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ” എന്നു യാക്കോബ് ചോദിക്കുന്നു. യാക്കോബുതന്നെ പറയുന്നു: “നല്ല പെരുമാറ്റത്താൽ, ജ്ഞാനലക്ഷണമായ സൗമ്യതയോടുകൂടിയ പ്രവൃത്തിയിലൂടെ അവൻ അതു തെളിയിക്കട്ടെ.” (യാക്കോ. 3:13) സൗമ്യത എങ്ങനെയാണ് ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിന്റെ തെളിവായിരിക്കുന്നത്? ഈ ദൈവികഗുണം വളർത്തിയെടുക്കാൻ നമ്മളെ എന്തു സഹായിക്കും?
സൗമ്യത പ്രകടിപ്പിക്കുന്നതിലെ ജ്ഞാനം
സൗമ്യത ഒരു സാഹചര്യത്തിന്റെ സമ്മർദം കുറയ്ക്കുന്നു. “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.”—സദൃ. 15:1.
ദേഷ്യപ്പെടുന്നതു മോശമായ ഒരു സാഹചര്യത്തെ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. കാരണം അത് എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയാണ്. (സദൃ. 26:21) എന്നാൽ സൗമ്യതയോടെ മറുപടി പറയുന്നതു രംഗം ശാന്തമാകാൻ ഇടയാക്കും. കോപിച്ചുകൊണ്ടിരിക്കുന്ന ആളെ തണുപ്പിക്കാൻപോലും അതുവഴി കഴിയും.
ഇക്കാര്യം ടോണി നേരിട്ട് മനസ്സിലാക്കി. ടോണി സൗമ്യതയോടെ സംസാരിക്കുന്നതു കണ്ടപ്പോൾ ആ സ്ത്രീ കരഞ്ഞുപോയി. തന്റെയും കുടുംബത്തിലെയും പ്രശ്നങ്ങൾ കാരണം താൻ ആകെ വലഞ്ഞിരിക്കുകയാണെന്ന് ആ സ്ത്രീ വിശദീകരിച്ചു. ടോണി ആ സ്ത്രീക്കു നല്ല ഒരു സാക്ഷ്യം കൊടുത്തു. ഒരു ബൈബിൾപഠനം തുടങ്ങുകയും ചെയ്തു. ശാന്തതയോടെയും സമാധാനത്തോടെയും ടോണി ഇടപെട്ടതുകൊണ്ടാണ് ഇതിനൊക്കെ കഴിഞ്ഞത്.
സൗമ്യത നമുക്കു സന്തോഷം തരുന്നു. “സൗമ്യതയുള്ളവർ അനുഗൃഹീതർ; എന്തെന്നാൽ അവർ ഭൂമിയെ അവകാശമാക്കും.”—മത്താ. 5:5.
സൗമ്യതയുള്ളവർ എന്തുകൊണ്ടാണു സന്തുഷ്ടരായിരിക്കുന്നത്? ഒരിക്കൽ പെട്ടെന്നു കോപിക്കുന്ന പ്രകൃതമുണ്ടായിരുന്നവർ സൗമ്യത ധരിച്ചതിനാൽ ഇപ്പോൾ സന്തുഷ്ടരാണ്. അവരുടെ ജീവിതം മെച്ചപ്പെട്ടിരിക്കുന്നു. അത്ഭുതകരമായ ഒരു ഭാവി തങ്ങളെ കാത്തിരിക്കുന്നെന്ന് അവർക്ക് അറിയാം. (കൊലോ. 3:12) ഒരു യഹോവയുടെ സാക്ഷിയാകുന്നതിനു മുമ്പ് തന്റെ ജീവിതം എങ്ങനെയുള്ളതായിരുന്നെന്നു സ്പെയിനിൽ ഒരു സർക്കിട്ട് മേൽവിചാരകനായി സേവിക്കുന്ന അഡോൾഫോ എന്ന സഹോദരൻ പറയുന്നു.
സഹോദരന്റെ അഭിപ്രായം ഇതാണ്: “എന്റെ ജീവിതത്തിന് ഒരു ലക്ഷ്യവുമില്ലായിരുന്നു. കോപമായിരുന്നു എന്നെ നിയന്ത്രിച്ചിരുന്നത്. അഹങ്കാരം നിറഞ്ഞതും അക്രമാസക്തവും ആയ എന്റെ പെരുമാറ്റം ചില കൂട്ടുകാർക്കുവരെ പേടിയായിരുന്നു. ഒടുവിൽ ഒരു വഴിത്തിരിവുണ്ടായി. ഒരു അടിപിടിക്കിടയിൽ എനിക്ക് ആറു കുത്തേറ്റു. ചോര വാർന്ന് ഞാൻ മരിച്ചുപോകേണ്ടതായിരുന്നു.”
ഇന്ന് അഡോൾഫോ സഹോദരൻ വാക്കിലൂടെയും മാതൃകയിലൂടെയും സൗമ്യതയുള്ളവരായിരിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നു. ഊഷ്മളതയും പ്രസന്നതയും നിറഞ്ഞ പെരുമാറ്റം പലരെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാക്കിയിരിക്കുന്നു. മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞതുകൊണ്ട് ഇപ്പോൾ സന്തുഷ്ടനാണെന്ന് അദ്ദേഹം പറയുന്നു. സൗമ്യത വളർത്തിയെടുക്കാൻ സഹായിച്ചതിനു സഹോദരൻ യഹോവയോടു നന്ദിയുള്ളവനാണ്.
സൗമ്യത യഹോവയെ സന്തോഷിപ്പി ക്കുന്നു. “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”—സദൃ. 27:11.
മുഖ്യശത്രുവായ സാത്താൻ യഹോവയെ പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. യഹോവയ്ക്കു ന്യായമായും കോപം തോന്നാനുള്ള സകല കാരണവുമുണ്ട്. എങ്കിലും ബൈബിൾ യഹോവയെക്കുറിച്ച് ‘ദീർഘക്ഷമയുള്ളവൻ’ (“പെട്ടെന്നു കോപിക്കാത്തവൻ”) എന്നാണു പറഞ്ഞിരിക്കുന്നത്. (പുറ. 34:6) ദൈവത്തിന്റെ ഈ ഗുണവും സൗമ്യതയും നമ്മൾ അനുകരിക്കുന്നെങ്കിൽ യഹോവയെ വളരെയധികം പ്രസാദിപ്പിക്കുന്ന ജ്ഞാനത്തിന്റെ പാതയിലൂടെയായിരിക്കും നമ്മൾ നടക്കുന്നത്.—എഫെ. 5:1.
വിദ്വേഷം നിറഞ്ഞ ഒരു ലോകത്തിലാണു നമ്മൾ ജീവിക്കുന്നത്. അതെ, “വമ്പുപറയുന്നവരും ധാർഷ്ട്യക്കാരും ദൂഷകരും . . . ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരന്മാരും” ആയ ആളുകളുടെ ഇടയിൽ. (2 തിമൊ. 3:2, 3) എങ്കിലും സൗമ്യത വളർത്തിയെടുക്കുന്നതിന് ഒരു ക്രിസ്ത്യാനിക്ക് ഇതൊന്നും തടസ്സമാകരുത്. ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം സമാധാനം പ്രിയപ്പെടുന്നതും ന്യായബോധമുള്ളതും’ ആണെന്നു ബൈബിൾ പറയുന്നു. (യാക്കോ. 3:17) സമാധാനവും ന്യായബോധവും പ്രകടിപ്പിക്കുമ്പോൾ നമ്മൾ ദൈവികജ്ഞാനം നേടിയെടുത്തിട്ടുണ്ടെന്നു തെളിയിക്കുകയാണ്. ആ ജ്ഞാനം പ്രകോപനം തോന്നുന്ന സാഹചര്യത്തിൽപ്പോലും സൗമ്യതയോടെ ഇടപെടാനും അനന്തജ്ഞാനത്തിന്റെ ഉറവിടമായ യഹോവയോടു കൂടുതൽ അടുക്കാനും നമ്മളെ സഹായിക്കും.