15 സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു;+
എന്നാൽ പരുഷമായ വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.+
2 ബുദ്ധിയുള്ളവന്റെ നാവ് അറിവിനെ നന്നായി ഉപയോഗിക്കുന്നു;+
എന്നാൽ വിഡ്ഢിയുടെ വായ് വിഡ്ഢിത്തം വിളമ്പുന്നു.
3 യഹോവയുടെ കണ്ണുകൾ എല്ലായിടത്തുമുണ്ട്;
നല്ലവരെയും ദുഷ്ടരെയും നിരീക്ഷിക്കുന്നു.+
4 ശാന്തതയുള്ള നാവ് ജീവവൃക്ഷം;+
എന്നാൽ വക്രതയുള്ള സംസാരം തളർത്തിക്കളയുന്നു.
5 വിഡ്ഢി അപ്പന്റെ ശിക്ഷണത്തെ ആദരിക്കുന്നില്ല;+
എന്നാൽ വിവേകമുള്ളവൻ തിരുത്തൽ സ്വീകരിക്കുന്നു.+
6 നീതിമാന്റെ വീട്ടിൽ ധാരാളം സമ്പത്തുണ്ട്;
എന്നാൽ ദുഷ്ടന്റെ വിളവ് അവനെ കുഴപ്പത്തിലാക്കുന്നു.+
7 ബുദ്ധിയുള്ളവന്റെ വായ് അറിവ് പരത്തുന്നു;+
എന്നാൽ വിഡ്ഢിയുടെ ഹൃദയം അങ്ങനെയല്ല.+
8 ദുഷ്ടന്റെ യാഗം യഹോവയ്ക്ക് അറപ്പാണ്;+
എന്നാൽ നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു.+
9 യഹോവ ദുഷ്ടന്റെ വഴികൾ വെറുക്കുന്നു;+
എന്നാൽ നീതിപാതയിൽ നടക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.+
10 നേർവഴി വിട്ട് നടക്കുന്നവനു ശിക്ഷണം ഇഷ്ടമല്ല;+
ശാസന വെറുക്കുന്നവൻ മരണമടയും.+
11 ശവക്കുഴിയും വിനാശത്തിന്റെ സ്ഥലവും യഹോവയ്ക്കു നന്നായി കാണാം;+
അങ്ങനെയെങ്കിൽ മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?+
12 തന്നെ തിരുത്തുന്നവനെ പരിഹാസിക്ക് ഇഷ്ടമല്ല.+
അവൻ ബുദ്ധിയുള്ളവരോട് ഉപദേശം ചോദിക്കുന്നില്ല.+
13 ഹൃദയത്തിൽ സന്തോഷമുള്ളവന്റെ മുഖം പ്രസന്നമായിരിക്കും;
എന്നാൽ ഹൃദയവേദന ആത്മാവിനെ തകർത്തുകളയുന്നു.+
14 വകതിരിവുള്ള ഹൃദയം അറിവ് തേടുന്നു;+
എന്നാൽ വിഡ്ഢിയുടെ വായ് വിഡ്ഢിത്തം തിന്നുന്നു.+
15 മനോവിഷമമുള്ളവന്റെ നാളുകളെല്ലാം കഷ്ടത നിറഞ്ഞത്;+
എന്നാൽ ഹൃദയത്തിൽ സന്തോഷമുള്ളവന് എന്നും വിരുന്ന്.+
16 ഉത്കണ്ഠയോടൊപ്പം+ ധാരാളം സമ്പത്തുള്ളതിനെക്കാൾ
യഹോവഭയത്തോടൊപ്പം അൽപ്പം മാത്രമുള്ളതു നല്ലത്.+
17 വെറുപ്പുള്ളിടത്തെ കൊഴുത്ത കാളയെക്കാൾ+
സ്നേഹമുള്ളിടത്തെ സസ്യാഹാരം നല്ലത്.+
18 മുൻകോപി കലഹം ഉണ്ടാക്കുന്നു;+
എന്നാൽ ശാന്തനായ മനുഷ്യൻ കലഹം ശമിപ്പിക്കുന്നു.+
19 മടിയന്റെ വഴി മുൾവേലിപോലെ;+
എന്നാൽ നേരുള്ളവന്റെ പാത നിരപ്പായ പ്രധാനവീഥിപോലെ.+
20 ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു;+
എന്നാൽ വിഡ്ഢി അമ്മയെ നിന്ദിക്കുന്നു.+
21 സാമാന്യബോധമില്ലാത്തവൻ വിഡ്ഢിത്തം കാട്ടുന്നതിൽ രസിക്കുന്നു;+
എന്നാൽ വകതിരിവുള്ളവൻ മുന്നോട്ടുതന്നെ നടക്കുന്നു.+
22 കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു;
എന്നാൽ അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.+
23 ശരിയായ മറുപടി നൽകിക്കഴിയുമ്പോൾ മനുഷ്യനു സന്തോഷം ലഭിക്കുന്നു;+
തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്!+
24 ഉൾക്കാഴ്ചയുള്ളവനെ ജീവന്റെ പാത ഉയർച്ചയിലേക്കു കൊണ്ടുപോകുന്നു;+
താഴെ ശവക്കുഴിയിലേക്കു പോകാതെ അത് അവനെ രക്ഷിക്കുന്നു.+
25 യഹോവ അഹങ്കാരിയുടെ വീടു പൊളിച്ചുകളയും;+
എന്നാൽ വിധവയുടെ അതിരു കാക്കും.+
26 യഹോവ ദുഷ്ടന്റെ ഗൂഢപദ്ധതികൾ വെറുക്കുന്നു;+
എന്നാൽ ഹൃദ്യമായ സംസാരം ദൈവത്തിന്റെ കണ്ണിൽ ശുദ്ധമാണ്.+
27 അന്യായലാഭം ഉണ്ടാക്കുന്നവൻ സ്വന്തം ഭവനത്തിനു കുഴപ്പങ്ങൾ വരുത്തിവെക്കുന്നു;+
എന്നാൽ കൈക്കൂലി വെറുക്കുന്നവനു ദീർഘായുസ്സു ലഭിക്കും.+
28 മറുപടി പറയുംമുമ്പ് നീതിമാൻ നന്നായി ആലോചിക്കുന്നു,+
എന്നാൽ ദുഷ്ടന്റെ വായിൽനിന്ന് തിന്മ പൊഴിയുന്നു.
29 യഹോവ ദുഷ്ടനിൽനിന്ന് ഏറെ അകലെയാണ്;
എന്നാൽ ദൈവം നീതിമാന്റെ പ്രാർഥന കേൾക്കുന്നു.+
30 തിളങ്ങുന്ന കണ്ണുകൾ ഹൃദയത്തിന് ആഹ്ലാദം;
നല്ല വാർത്ത അസ്ഥികൾക്ക് ഉണർവ്.+
31 ജീവദായകമായ ശാസന ശ്രദ്ധിക്കുന്നവൻ
ജ്ഞാനികളുടെകൂടെ വസിക്കും.+
32 ശിക്ഷണം നിരസിക്കുന്നവൻ സ്വന്തം ജീവനെ വെറുക്കുന്നു;+
എന്നാൽ ശാസന ശ്രദ്ധിക്കുന്നവൻ വകതിരിവ് നേടുന്നു.+
33 യഹോവയോടുള്ള ഭയഭക്തി ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കുന്നു;+
താഴ്മ മഹത്ത്വത്തിനു മുന്നോടി.+