ഒരിക്കലും ‘യഹോവയോടു മുഷിഞ്ഞുപോകരുത്’
“മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.”—സദൃ. 19:3.
1, 2. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്ക് നാം യഹോവയെ കുറ്റപ്പെടുത്തരുതാത്തത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
വർഷങ്ങളായി സന്തുഷ്ടദാമ്പത്യം ആസ്വദിച്ചുവരുന്ന ഒരു വ്യക്തിയാണ് നിങ്ങൾ എന്നിരിക്കട്ടെ. ഒരു ദിവസം ജോലികഴിഞ്ഞ് എത്തുമ്പോൾ വീട്ടിലുള്ളതെല്ലാം അലങ്കോലപ്പെട്ടു കിടക്കുന്നതായി നിങ്ങൾ കാണുന്നു. തല്ലിത്തകർത്ത വീട്ടുസാമാനങ്ങൾ, എറിഞ്ഞുടച്ച പാത്രങ്ങൾ, പിച്ചിച്ചീന്തിയ പരവതാനി! നിങ്ങളുടെ പ്രിയഭവനം ഒരു യുദ്ധക്കളംപോലെ കിടക്കുന്നു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “എന്തിനാണ് നീ ഇതു ചെയ്തത്” എന്നു ചോദിച്ചുകൊണ്ട് നിങ്ങൾ ഭാര്യയോടു തട്ടിക്കയറുമോ? അതോ “ആരാണ് ഇതു ചെയ്തത്” എന്നായിരിക്കുമോ നിങ്ങളുടെ ചോദ്യം? തീർച്ചയായും, രണ്ടാമത്തെ ചോദ്യമായിരിക്കും പെട്ടെന്നു നിങ്ങളുടെ മനസ്സിലേക്കു വരുന്നത്. എന്തുകൊണ്ട്? കാരണം, നിങ്ങളുടെ സഹധർമിണി ഇങ്ങനെയൊരു കടുംകൈ ചെയ്യുകയില്ലെന്ന് നിങ്ങൾക്ക് അറിയാം.
2 ഇന്ന് അക്രമവും അധാർമികതയും മലിനീകരണവും മനുഷ്യവർഗത്തിന്റെ ഭൗമഭവനത്തെ വികലവും വികൃതവും ആക്കിയിരിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് ഒരിക്കലും യഹോവയാം ദൈവമല്ല കാരണക്കാരനെന്ന് ബൈബിൾ പഠിക്കുന്നവരായ നമുക്ക് അറിയാം. ഉല്ലാസപൂർണമായ ഒരു പറുദീസയായിത്തീരുന്നതിനുവേണ്ടിയാണ് അവൻ ഈ ഭൂഗ്രഹത്തെ സൃഷ്ടിച്ചത്. (ഉല്പ. 2:8, 15) അതെ, യഹോവ സ്നേഹസ്വരൂപനാണ്. (1 യോഹ. 4:8) ഭൂമിയിലെ മിക്ക കുഴപ്പങ്ങളുടെയും സൂത്രധാരനെ തിരിച്ചറിയുന്നതിന് തിരുവെഴുത്തു പഠനം നമ്മെ സഹായിച്ചിരിക്കുന്നു. “ഈ ലോകത്തിന്റെ അധിപതി”യായ പിശാചായ സാത്താനാണ് അതിനു പിന്നിൽ.—യോഹ. 14:30; 2 കൊരി. 4:4.
3. നമ്മുടെ ചിന്ത വികലമായേക്കാവുന്നത് എങ്ങനെ?
3 എന്നിരുന്നാലും, നമ്മുടെ എല്ലാ ദുരിതങ്ങൾക്കും സാത്താനെ കുറ്റപ്പെടുത്താൻ കഴിയില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, നമ്മുടെ പ്രശ്നങ്ങളിൽ ചിലത് സ്വന്തം പിഴവുകൾകൊണ്ട് നാം സ്വയം വരുത്തിവെക്കുന്നതാണ്. (ആവർത്തനപുസ്തകം 32:4-6 വായിക്കുക.) ഈ വസ്തുത നാമെല്ലാം അംഗീകരിച്ചേക്കാമെങ്കിലും, നമ്മുടെ അപൂർണപ്രകൃതത്തിന് നമ്മുടെ ചിന്തയെ വികലമാക്കാനാകും. തന്നിമിത്തം, ആത്യന്തികമായി വിനാശത്തിൽ കലാശിക്കുന്ന ഒരു പാതയിൽ അതു നമ്മെ കൊണ്ടെത്തിച്ചേക്കാം. (സദൃ. 14:12) അതെങ്ങനെയാണ്? ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മെത്തന്നെയോ സാത്താനെയോ കുറ്റപ്പെടുത്തുന്നതിനു പകരം നാം യഹോവയെ കുറ്റപ്പെടുത്തിത്തുടങ്ങിയേക്കാം. ഒരുവേള നാം “യഹോവയോടു മുഷിഞ്ഞു”പോകാൻപോലും ഇടയുണ്ട്.—സദൃ. 19:3.
4, 5. ഒരു ക്രിസ്ത്യാനി “യഹോവയോടു മുഷിഞ്ഞു”പോകാൻ ഇടയായേക്കാവുന്നത് എങ്ങനെ?
4 “യഹോവയോടു മുഷിഞ്ഞു”പോകുക എന്നത് വാസ്തവത്തിൽ സംഭവ്യമാണോ? അങ്ങനെ ചെയ്യുന്നത് വ്യർഥമായിരിക്കും എന്നതിൽ തർക്കമില്ല. (യെശ. 41:11) അതുവഴി നാം എന്ത് നേടാനാണ്? “ദൈവത്തോടു മല്ലുപിടിക്കാൻ നിങ്ങളുടെ കൈക്കു നീളംപോരാ” എന്ന കവിവാക്യം എത്രയോ ശരിയാണ്! യഹോവയെക്കുറിച്ച് ആരോടും നാം പരാതിപറയാനൊന്നും പോകുകയില്ലായിരിക്കാം. എങ്കിലും സദൃശവാക്യങ്ങൾ 19:3 പറയുന്നത്, ഒരു “മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു” എന്നാണ്. അതെ, ഒരു വ്യക്തി തന്റെ ഹൃദയത്തിൽ യഹോവയ്ക്കെതിരെ മുഷിഞ്ഞുപോയേക്കാം. ഈ മനോഭാവം അത്ര പ്രകടമല്ലാത്ത രീതിയിലായിരിക്കും തലപൊക്കുന്നത്. ഒരു വ്യക്തി ഉള്ളിൽ യഹോവയോട് നീരസം വെച്ചുകൊണ്ടിരുന്നേക്കാം. അതിന്റെ ഫലമായി ആ വ്യക്തി സഭയിൽനിന്ന് പിൻവലിയുകയോ യഹോവയുടെ ആരാധനാക്രമീകരണങ്ങളെ പൂർണമായി പിന്തുണയ്ക്കാതിരിക്കുകയോ ചെയ്തേക്കാം.
5 “യഹോവയോടു മുഷിഞ്ഞു”പോകാൻ ഇടയാക്കിയേക്കാവുന്ന ചില സംഗതികൾ ഏതെല്ലാമാണ്? നമുക്ക് എങ്ങനെ ഈ കെണി ഒഴിവാക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിഞ്ഞിരിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ജീവത്പ്രധാനമാണ്. കാരണം, യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധംതന്നെ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
“യഹോവയോടു മുഷിഞ്ഞു”പോകാൻ ഇടയാക്കിയേക്കാവുന്ന ചില സംഗതികൾ
6, 7. മോശയുടെ കാലത്തെ ഇസ്രായേല്യർ യഹോവയ്ക്കെതിരെ പിറുപിറുക്കാൻ തുടങ്ങിയത് എന്തുകൊണ്ട്?
6 യഹോവയുടെ ഒരു വിശ്വസ്തദാസൻ തന്റെ ദൈവത്തെക്കുറിച്ച് ഹൃദയത്തിൽ പരാതിപ്പെട്ടു തുടങ്ങാൻ ഇടയാക്കിയേക്കാവുന്ന ചില സംഗതികൾ എന്തൊക്കെയാണ്? നമുക്ക് ഇപ്പോൾ അഞ്ചു കാരണങ്ങൾ പരിചിന്തിക്കാം. അതോടൊപ്പം, മുൻകാലങ്ങളിൽ ചിലർ ഈ കെണിയിൽ വീണുപോയത് എങ്ങനെയെന്ന് എടുത്തുകാണിക്കുന്ന ബൈബിൾദൃഷ്ടാന്തങ്ങളും വിശകലനം ചെയ്യാം.—1 കൊരി. 10:11, 12.
7 മറ്റുള്ളവരുടെ നിഷേധാത്മകസംസാരത്തിന് നമ്മെ സ്വാധീനിക്കാൻ കഴിയും. (ആവർത്തനപുസ്തകം 1:26-28 വായിക്കുക.) ഇസ്രായേല്യർ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് മോചിതരായ സമയം. ആ മർദകരാഷ്ട്രത്തിന്റെമേൽ യഹോവ അത്ഭുതകരമായി പത്തുബാധകൾ വരുത്തുകയും ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. (പുറ. 12:29-32, 51; 14:29-31; സങ്കീ. 136:15) ദൈവജനം ഇപ്പോൾ വാഗ്ദത്തദേശത്തിന്റെ കവാടത്തിങ്കലാണ്. പക്ഷേ ഈ നിർണായകസമയത്ത് ഇസ്രായേല്യർ യഹോവയ്ക്കെതിരെ പിറുപിറുക്കാൻ തുടങ്ങി. അവർക്ക് എങ്ങനെയാണ് ഇത്ര പെട്ടെന്ന് വിശ്വാസം നഷ്ടപ്പെട്ടത്? ദേശം ഒറ്റുനോക്കാൻ പോയവരിൽ ചിലർ നൽകിയ നിഷേധാത്മകമായ വാർത്തകൾ കേട്ടപ്പോഴാണ് അവരുടെ ഹൃദയം ഉരുകിപ്പോയത്. (സംഖ്യാ. 14:1-4) ഫലമെന്തായിരുന്നു? ആ ‘നല്ല ദേശത്ത്’ പ്രവേശിക്കാനുള്ള അവസരം ഒരു തലമുറയ്ക്ക് ഒന്നാകെ നഷ്ടപ്പെട്ടു. (ആവ. 1:34, 35) മറ്റുള്ളവരുടെ നിഷേധാത്മകസംസാരം നിമിത്തം വിശ്വാസം ദുർബലപ്പെട്ട് നമ്മോടുള്ള യഹോവയുടെ ഇടപെടലുകളെപ്പറ്റി ചിലപ്പോഴെങ്കിലും നാം പിറുപിറുക്കാനിടയുണ്ടോ?
8. യെശയ്യാവിന്റെ കാലത്തെ ദൈവജനം തങ്ങളുടെ സാഹചര്യത്തെ പ്രതി യഹോവയെ കുറ്റപ്പെടുത്തിയത് എന്തുകൊണ്ട്?
8 കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നമ്മെ നിരുത്സാഹപ്പെടുത്തിയേക്കാം. (യെശയ്യാവു 8:21, 22 വായിക്കുക.) യെശയ്യാവിന്റെ കാലത്ത് യെഹൂദജനത കൊടിയ യാതനയിലായി. ശത്രുക്കൾ അവരെ ചുറ്റിവളഞ്ഞു. ഭക്ഷ്യവസ്തുക്കൾ ദുർലഭമായി. അനേകർ വിശന്നുവലഞ്ഞു. അതിലും മോശമായിരുന്നു അവരുടെ ആത്മീയക്ഷാമം. (ആമോ. 8:11) ഈ വിഷമസന്ധി തരണംചെയ്യുന്നതിനുള്ള സഹായത്തിനായി യഹോവയിലേക്കു നോക്കുന്നതിനു പകരം അവർ തങ്ങളുടെ രാജാവിനെയും ദൈവത്തെയും ‘ശപിക്കുകയാണ്’ ചെയ്തത്. അതെ, തങ്ങളുടെ പ്രശ്നങ്ങൾക്ക് അവർ യഹോവയെ കുറ്റപ്പെടുത്തി. ഏതെങ്കിലും ദുരന്തത്താലോ വ്യക്തിപരമായ പ്രശ്നങ്ങളാലോ നാം മനസ്സു തകർന്നിരിക്കുമ്പോൾ, ‘എനിക്കാവശ്യമായിരുന്നപ്പോൾ യഹോവ എവിടെയായിരുന്നു’ എന്ന് നാമും ഹൃദയത്തിൽ പറഞ്ഞുപോകാൻ ഇടയുണ്ടോ?
9. യെഹെസ്കേലിന്റെ കാലത്തെ ഇസ്രായേല്യർ തെറ്റായ ഒരു കാഴ്ചപ്പാട് വളർത്തിയെടുത്തത് എന്തുകൊണ്ട്?
9 ഉൾപ്പെട്ടിരിക്കുന്ന എല്ലാ വസ്തുതകളും നമുക്ക് അറിയില്ല. ഉൾപ്പെട്ടിരുന്ന എല്ലാ വസ്തുതകളും അറിയാഞ്ഞതിനാലാണ് യഹോവയുടെ വഴി “ചൊവ്വുള്ളതല്ല” എന്ന് യെഹെസ്കേലിന്റെ കാലത്തെ ഇസ്രായേല്യർക്ക് തോന്നിയത്. (യെഹെ. 18:29) തന്നിമിത്തം അവർ ദൈവത്തെ ന്യായംവിധിക്കുന്ന അളവോളം പോയി. യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾക്കു മീതെ അവർ തങ്ങളുടെ നിലവാരങ്ങൾ പ്രതിഷ്ഠിക്കുകയും തങ്ങളുടെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിൽ അവനെ വിധിക്കുകയും ചെയ്തു. ഒരു ബൈബിൾവിവരണമോ നമ്മുടെ ജീവിതത്തിൽ ഉരുത്തിരിയുന്ന ചില സംഭവവികാസങ്ങളോ മുഴുവനായി ഗ്രഹിക്കാൻ കഴിയാതെ വരുമ്പോൾ യഹോവയുടെ വഴികൾ “ചൊവ്വുള്ളതല്ല” എന്ന് ഒരുപക്ഷേ നാമും ഹൃദയത്തിൽ പറഞ്ഞുപോകാനിടയുണ്ടോ?—ഇയ്യോ. 35:2.
10. ചിലർ ആദാമിന്റെ തെറ്റായ ഗതി പിന്തുടർന്നേക്കാവുന്നത് എങ്ങനെ?
10 സ്വന്തം പാപങ്ങൾക്കും പിഴവുകൾക്കും അന്യരെ പഴിചാരുന്നു. മനുഷ്യചരിത്രത്തിന്റെ ആരംഭത്തിൽത്തന്നെ അതാണുണ്ടായത്. സ്വന്തം പാപത്തിന് ആദാം ദൈവത്തെ പഴിചാരി. (ഉല്പ. 3:12) ഭവിഷ്യത്തുകളെക്കുറിച്ച് പൂർണബോധവാനായിരുന്ന ആദാം മനഃപൂർവം ദൈവനിയമം ലംഘിക്കുകയായിരുന്നു. എന്നിട്ടും അവൻ കുറ്റപ്പെടുത്തിയത് യഹോവയെയാണ്. ഒരു കുഴപ്പക്കാരിയായ ഭാര്യയെയാണ് യഹോവ തനിക്കു നൽകിയത് എന്നാണ് അവൻ പറഞ്ഞുവെച്ചത്. അന്നുമുതലിങ്ങോട്ട് ആദാമിന്റെ ചുവടുപിടിച്ച് അനേകർ സ്വന്തം തെറ്റുകൾക്ക് ദൈവത്തെ പഴിചാരുന്നു. ‘സ്വന്തം പാളിച്ചകൾ ബാക്കിവെച്ച നിരാശയും ഇച്ഛാഭംഗവും നിമിത്തം ദൈവത്തിന്റെ നിലവാരങ്ങളെ ഞാൻ ഒരു കൂച്ചുവിലങ്ങായി കാണാൻ തുടങ്ങിയിട്ടുണ്ടോ’ എന്ന് നാം സ്വയം ചോദിക്കുന്നത് നന്നായിരിക്കും.
11. യോനായിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
11 തന്നെപ്പറ്റിമാത്രം ചിന്തിക്കുന്നു. നിനെവേയോടുള്ള ബന്ധത്തിൽ യഹോവ കരുണാപൂർവം കൈക്കൊണ്ട തീരുമാനം യോനാ പ്രവാചകന് ഉൾക്കൊള്ളാനായില്ല. (യോനാ 4:1-3) എന്തുകൊണ്ട്? ആ പട്ടണം നശിപ്പിക്കപ്പെടുമെന്നുള്ള തന്റെ പ്രഖ്യാപനം നിറവേറാതെ വന്നപ്പോൾ സ്വന്തം പ്രതിച്ഛായ നഷ്ടപ്പെടുന്നതായി യോനായ്ക്കു തോന്നിയിരിക്കാം. അനുതാപം പ്രകടമാക്കിയ നിനെവേക്കാരോടുള്ള സഹാനുഭൂതിയെക്കാൾ സ്വന്തം മുഖം രക്ഷിക്കാനുള്ള വ്യഗ്രതയായിരുന്നു യോനായ്ക്ക്. നാമും ഇതുപോലെ നമ്മെക്കുറിച്ചു മാത്രം ചിന്തിച്ചിട്ട്, യഹോവ പെട്ടെന്ന് അന്ത്യം വരുത്താത്തതിൽ അവനോടു “മുഷിഞ്ഞുപോകുന്നു”ണ്ടോ? യഹോവയുടെ ദിവസം വളരെ അടുത്തെത്തിയിരിക്കുന്നെന്ന് ദശകങ്ങളായി ഘോഷിച്ചുവരുന്ന ഒരാളാണ് നിങ്ങളെന്നിരിക്കട്ടെ. അന്ത്യം ഇനിയും വരാത്തതിനെപ്രതി മറ്റുള്ളവർ നിങ്ങളെ വിമർശിക്കുമ്പോൾ അക്ഷമരായി നിങ്ങൾ യഹോവയോട് ‘മുഷിഞ്ഞുപോകുമോ?’—2 പത്രോ. 3:3, 4, 9.
“യഹോവയോടു മുഷിഞ്ഞു”പോകുന്നത് ഒഴിവാക്കാനാകുന്ന വിധം
12, 13. ഹൃദയത്തിൽ നാം യഹോവയുടെ ഏതെങ്കിലും പ്രവൃത്തിയെ ചോദ്യംചെയ്തു തുടങ്ങുന്നെങ്കിൽ, എന്തു ചെയ്യണം?
12 നമ്മുടെ പാപപൂർണമായ ഹൃദയം യഹോവയുടെ ഏതെങ്കിലും പ്രവൃത്തിയെ ചോദ്യംചെയ്യാൻ തുടങ്ങുന്നെങ്കിൽ നമുക്ക് എന്തു ചെയ്യാനാകും? യഹോവയെ ചോദ്യംചെയ്യുന്നത് ഒരിക്കലും ജ്ഞാനമല്ലെന്ന് ഓർക്കുക. സദൃശവാക്യങ്ങൾ 19:3-ന്റെ മറ്റൊരു പരിഭാഷ ഇങ്ങനെ പറയുന്നു: “ഒരുവന്റെ സ്വന്തം ഭോഷത്തം അയാളുടെ ജീവിതം തകർക്കും. പക്ഷേ അവൻ യഹോവയെ പഴിക്കും.” (പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ) അതുകൊണ്ട്, ജീവിതനൈരാശ്യങ്ങൾ നിമിത്തം യഹോവയെ കുറ്റപ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ നമുക്കു പരിചിന്തിക്കാം.
13 യഹോവയുമായുള്ള നിങ്ങളുടെ ബന്ധം അവഗണിക്കരുത്. യഹോവയുമായി ഒരു ഗാഢബന്ധം നിലനിറുത്തുന്നെങ്കിൽ അവനോടു മുഷിഞ്ഞുപോകാനുള്ള പ്രവണത നമുക്ക് ഒഴിവാക്കാനാകും. (സദൃശവാക്യങ്ങൾ 3:5, 6 വായിക്കുക.) യഹോവയിൽ വിശ്വാസമർപ്പിച്ച് നാം അവനിൽ ആശ്രയിക്കേണ്ടതുണ്ട്. അതുപോലെ, സ്വയം ജ്ഞാനിയായി വീക്ഷിക്കുന്നതും നമ്മെക്കുറിച്ചുമാത്രം ചിന്തിക്കുന്നതും നാം ഒഴിവാക്കണം. (സദൃ. 3:7; സഭാ. 7:16) അങ്ങനെയാകുമ്പോൾ അനിഷ്ടകാര്യങ്ങൾ സംഭവിക്കുന്നപക്ഷം യഹോവയെ കുറ്റപ്പെടുത്താനുള്ള പ്രവണത നമുക്ക് ഉണ്ടായിരിക്കുകയില്ല.
14, 15. നിഷേധാത്മകസംസാരത്താൽ സ്വാധീനിക്കപ്പെടാതിരിക്കാൻ നമ്മെ എന്തു സഹായിക്കും?
14 നിഷേധാത്മകസംസാരം നിങ്ങളെ സ്വാധീനിക്കാൻ അനുവദിക്കരുത്. വാഗ്ദത്തദേശത്ത് യഹോവ തങ്ങളെ സുരക്ഷിതരായി എത്തിക്കുമെന്ന് ഉറപ്പോടെ വിശ്വസിക്കാനുള്ള സകല കാരണവും മോശയുടെ കാലത്തെ ഇസ്രായേല്യർക്കുണ്ടായിരുന്നു. (സങ്കീ. 78:43-53) പക്ഷേ, അവിശ്വസ്തരായ പത്ത് ഒറ്റുകാർ നൽകിയ നിഷേധാത്മകവിവരണം കേട്ടപ്പോൾ അതുവരെ യഹോവ ചെയ്തതെല്ലാം അവർ മറന്നു, അവന്റെ ‘കൈ അവർ ഓർത്തില്ല.’ (സങ്കീ. 78:42, 43) യഹോവ നമുക്കു ചെയ്തിട്ടുള്ള സകല നന്മകളെയും കുറിച്ച് ധ്യാനിക്കുന്നെങ്കിൽ യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടും. അങ്ങനെയാകുമ്പോൾ മറ്റുള്ളവരുടെ നിഷേധാത്മകസംസാരം നിമിത്തം നമുക്കും യഹോവയ്ക്കും ഇടയിൽ ഒരു വിടവ് രൂപപ്പെടാൻ നാം അനുവദിക്കുകയില്ല.—സങ്കീ. 77:11, 12.
15 സഹാരാധകരെക്കുറിച്ച് നമുക്ക് ഒരു നിഷേധാത്മകവീക്ഷണമാണ് ഉള്ളതെങ്കിലോ? അങ്ങനെയായാൽ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അതു ബാധിക്കും. (1 യോഹ. 4:20) അഹരോന്റെ നിയമനവും സ്ഥാനവും ഇസ്രായേല്യർ ചോദ്യം ചെയ്ത സന്ദർഭത്തിൽ അത് തനിക്കെതിരെയുള്ള പിറുപിറുക്കലായാണ് യഹോവ വീക്ഷിച്ചത്. (സംഖ്യാ. 17:10) സമാനമായി, ഇന്ന് യഹോവ തന്റെ സംഘടനയുടെ ഭൗമികഭാഗത്തെ നയിക്കാൻ ഉപയോഗിക്കുന്നവരെക്കുറിച്ച് നാം പിറുപിറുക്കുകയും അവരെ വിമർശിക്കുകയും ചെയ്യുന്നെങ്കിൽ ഫലത്തിൽ നാം യഹോവയ്ക്കെതിരെയാണ് പരാതിപ്പെടുന്നത്.—എബ്രാ. 13:7, 17.
16, 17. പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ നാം എന്ത് ഓർക്കേണ്ടതുണ്ട്?
16 നമ്മുടെ പ്രശ്നങ്ങൾക്കു കാരണം യഹോവയല്ലെന്ന് ഓർക്കുക. യെശയ്യാവിന്റെ കാലത്തെ ഇസ്രായേല്യർ യഹോവയ്ക്ക് പുറന്തിരിഞ്ഞുകളഞ്ഞിരുന്നെങ്കിലും അവരെ തുടർന്നും സഹായിക്കാൻ യഹോവ ആഗ്രഹിച്ചു. (യെശ. 1:16-19) നമ്മൾ നേരിടുന്ന പ്രശ്നം എന്തുതന്നെയായാലും, യഹോവ നമുക്കുവേണ്ടി കരുതുന്നെന്നും നമ്മെ സഹായിക്കാൻ അവൻ ആഗ്രഹിക്കുന്നെന്നും തിരിച്ചറിയുന്നതിലൂടെ നമുക്ക് ആശ്വാസം കണ്ടെത്താനാകും. (1 പത്രോ. 5:7) സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി പ്രദാനം ചെയ്യാമെന്ന് അവൻ ഉറപ്പു നൽകിയിട്ടുമുണ്ട്.—1 കൊരി. 10:13.
17 നീതിമാനായ ഇയ്യോബിനെപ്പോലെ നാം ഏതെങ്കിലും തരത്തിലുള്ള അനീതി സഹിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അതിന്റെ കാരണം യഹോവയല്ലെന്ന് നാം സ്വയം ഓർമിപ്പിക്കേണ്ടതുണ്ട്. യഹോവ അനീതി വെറുക്കുന്നു; അവൻ നീതിയെ സ്നേഹിക്കുന്നു. (സങ്കീ. 33:5) “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല” എന്ന് ഇയ്യോബിന്റെ സ്നേഹിതനായ എലീഹൂവിനെപ്പോലെ നമുക്കും മനസ്സിൽപ്പിടിക്കാം. (ഇയ്യോ. 34:10) അതെ, യഹോവ നമ്മുടെ പ്രശ്നങ്ങൾക്ക് ഉത്തരവാദിയല്ല. വാസ്തവത്തിൽ, “എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരങ്ങൾ ഒക്കെയും” നൽകി അവൻ നമ്മെ അനുഗ്രഹിക്കുകയാണു ചെയ്യുന്നത്.—യാക്കോ. 1:13, 17.
18, 19. യഹോവയെ നാം ഒരിക്കലും സംശയിക്കരുതാത്തത് എന്തുകൊണ്ട്? ഉദാഹരിക്കുക.
18 യഹോവയെ ഒരിക്കലും സംശയിക്കരുത്. ദൈവം പരിപൂർണനും അവന്റെ വിചാരങ്ങൾ നമ്മുടേതിലും ഉയർന്നതുമാണ്. (യെശ. 55:8, 9) അതുകൊണ്ട് നമുക്ക് താഴ്മയും എളിമയും ഉണ്ടെങ്കിൽ നമ്മുടെ അറിവിന് പരിമിതിയുണ്ടെന്ന് അംഗീകരിക്കാൻ നമുക്കു കഴിയും. (റോമ. 9:20) ഒരു സംഗതിയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ വസ്തുതകളും നമുക്ക് അറിയാമായിരിക്കണം എന്നില്ല. നിസ്സംശയമായും പിൻവരുന്ന പഴമൊഴിയുടെ സത്യത പലപ്പോഴും നാമെല്ലാം നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്: “തർക്കവിഷയം ആദ്യം അവതരിപ്പിക്കുന്നവന്റെ വാദം ശരിയെന്നു തോന്നാം. എന്നാൽ മറ്റൊരുവൻ വന്ന് അവനെ ചോദ്യം ചെയ്യുന്നതുവരെമാത്രം.”—സദൃ. 18:17, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
19 നമ്മുടെ ഒരു വിശ്വസ്തസുഹൃത്ത് നമുക്ക് എളുപ്പം മനസ്സിലാകാത്ത രീതിയിലോ പതിവില്ലാത്ത വിധത്തിലോ ഒരു കാര്യം ചെയ്യുന്നെന്നിരിക്കട്ടെ. നാം എടുത്തുചാടി അദ്ദേഹത്തെ കുറ്റപ്പെടുത്തുമോ? അതോ, വർഷങ്ങളായി അദ്ദേഹത്തെ അറിയാമെന്ന സ്ഥിതിക്ക് നാം ആ സുഹൃത്തിന് സംശയത്തിന്റെ ആനുകൂല്യം നൽകുമോ? നമ്മുടെ അപൂർണരായ സുഹൃത്തുക്കളോട് നാം അത്രയധികം സ്നേഹത്തോടെ ഇടപെടുന്നെങ്കിൽ നമ്മെക്കാൾ ഉന്നതമായ വഴികളും വിചാരങ്ങളും ഉള്ള സ്വർഗീയപിതാവിനെ നാം എത്രയധികം വിശ്വസിക്കണം!
20, 21. യഥാർഥകാരണത്തെത്തന്നെ പഴിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
20 യഥാർഥകാരണത്തെ പഴിക്കുക. നാം അങ്ങനെ ചെയ്യേണ്ടത് എന്തുകൊണ്ടാണ്? ഒരുപക്ഷേ, നമ്മുടെ ചില പ്രശ്നങ്ങൾക്ക് നാംതന്നെ ആയിരിക്കാം ഉത്തരവാദി. അങ്ങനെയാണെന്നു കണ്ടാൽ ആ വസ്തുത നാം അംഗീകരിക്കണം. (ഗലാ. 6:7) അതല്ലാതെ യഹോവയെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. യഹോവയെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണു ന്യായമല്ലാത്തത്? ഇങ്ങനെയൊന്നു ചിന്തിക്കുക: ഒരു വാഹനം നല്ല വേഗത്തിൽ ഓടിക്കാൻ പറ്റുമെന്നിരിക്കട്ടെ. ഒരു കൊടുംവളവിലെത്തിയപ്പോൾ ഡ്രൈവർ വാഹനം അമിതവേഗത്തിൽ ഓടിച്ച് അപകടത്തിൽപ്പെടുന്നു. ആ അപകടത്തിന് നിങ്ങൾ വാഹനനിർമാതാവിനെ കുറ്റപ്പെടുത്തുമോ? ഒരിക്കലുമില്ല. സമാനമായി, യഹോവ നമ്മെ സ്വതന്ത്ര ഇച്ഛാശക്തിയുള്ളവരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ അതോടൊപ്പം ജ്ഞാനപൂർവമായ തീരുമാനങ്ങൾ എടുക്കാനുള്ള മാർഗനിർദേശങ്ങളും അവൻ നൽകിയിട്ടുണ്ട്. ആ സ്ഥിതിക്ക് സ്വന്തം പിഴവുകൾക്ക് നാം സ്രഷ്ടാവിനെ കുറ്റപ്പെടുത്തുന്നത് എന്തിന്?
21 നമ്മുടെ എല്ലാ പ്രശ്നങ്ങളും നമ്മുടെതന്നെ പിഴവുകളോ തെറ്റായ നടപടികളോ കൊണ്ട് ഉണ്ടാകുന്നതല്ല എന്നതു ശരിയാണ്. ചിലതെല്ലാം “യാദൃച്ഛികമായി സംഭവിക്കുന്നതാണ്.” (സഭാ. 9:11, പി.ഒ.സി.) എന്നാൽ ആത്യന്തികമായി, ദുഷ്ടതയുടെ മുഖ്യകാരണക്കാരൻ പിശാചായ സാത്താനാണെന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. (1 യോഹ. 5:19; വെളി. 12:9) അതെ, അവനാണ് ശത്രു, യഹോവയല്ല!—1 പത്രോ. 5:8.
യഹോവയുമായുള്ള നിങ്ങളുടെ അമൂല്യബന്ധം കാത്തുസൂക്ഷിക്കുക
22, 23. പ്രശ്നങ്ങൾ മൂലം നിരുത്സാഹിതരാകുന്നെങ്കിൽ നാം എന്ത് ഓർമിക്കേണ്ടതുണ്ട്?
22 ജീവിതം കഷ്ടപ്പാടിലൂടെയും ബുദ്ധിമുട്ടിലൂടെയും കടന്നുപോകുമ്പോൾ യോശുവയുടെയും കാലേബിന്റെയും മാതൃക ഓർക്കുക. മറ്റു പത്ത് ഒറ്റുകാരെപ്പോലെ ആയിരുന്നില്ല അവർ. ശുഭകരമായ വർത്തമാനമാണ് അവർ കൊണ്ടുവന്നത്. (സംഖ്യാ. 14:6-9) യഹോവയിൽ വിശ്വാസമുണ്ടെന്ന് അവർ പ്രകടമാക്കി. എന്നിട്ടും, ശേഷിച്ച ഇസ്രായേല്യരോടൊപ്പം അവർക്കും 40 വർഷം മരുഭൂമിയിൽ അലഞ്ഞുതിരിയേണ്ടിവന്നു. ഇത് നീതിയല്ലെന്നു വിചാരിച്ചുകൊണ്ട് യോശുവയും കാലേബും പരാതിപറയുകയോ നീരസപ്പെടുകയോ ചെയ്തോ? ഇല്ല. അവർ യഹോവയിൽ ആശ്രയിച്ചു. അതിന്റെ പേരിൽ അവർ അനുഗ്രഹിക്കപ്പെട്ടോ? തീർച്ചയായും! ആ തലമുറ ഒന്നടങ്കം മരുഭൂമിയിൽ മണ്ണടിഞ്ഞപ്പോൾ ഈ രണ്ടു പുരുഷന്മാർ ഒടുവിൽ വാഗ്ദത്തനാട്ടിൽ പ്രവേശിച്ചു. (സംഖ്യാ. 14:29, 30) യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ നാം “തളർന്നുപോകാഞ്ഞാൽ” ഇവരെപ്പോലെ നമുക്കും അവന്റെ അനുഗ്രഹം പ്രാപിക്കാനാകും.—ഗലാ. 6:9; എബ്രാ. 6:10.
23 നിങ്ങളുടെയോ മറ്റുള്ളവരുടെയോ അപൂർണതകൾകൊണ്ടുണ്ടായ പ്രശ്നങ്ങളാൽ നിങ്ങൾ നിരുത്സാഹപ്പെട്ടിരിക്കുകയാണെങ്കിൽ നിങ്ങൾ എന്താണു ചെയ്യേണ്ടത്? യഹോവയുടെ അത്ഭുതാവഹമായ ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന പ്രത്യാശയുടെ സാക്ഷാത്കാരം ഭാവനയിൽ കാണുക. ‘യഹോവ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് എവിടെയായിരുന്നേനെ?’ എന്നു സ്വയം ചോദിക്കുക. എപ്പോഴും അവനോടു ചേർന്നുനിൽക്കുക. നിങ്ങളുടെ ഹൃദയം യഹോവയോടു മുഷിഞ്ഞുപോകാൻ ഒരിക്കലും ഇടയാക്കരുത്!