യോന
4 എന്നാൽ യോനയ്ക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല, യോനയ്ക്കു വല്ലാത്ത ദേഷ്യം തോന്നി. 2 യോന യഹോവയോടു പ്രാർഥിച്ചു: “യഹോവേ, എന്റെ നാട്ടിലായിരുന്നപ്പോൾ ഇതുതന്നെയായിരുന്നു എന്റെ പേടി. അതുകൊണ്ടാണ് ഞാൻ ആദ്യം തർശീശിലേക്ക്+ ഓടിപ്പോകാൻ നോക്കിയത്. അങ്ങ് കരുണയും അനുകമ്പയും* ഉള്ള ദൈവമാണെന്നും പെട്ടെന്നു കോപിക്കാത്ത, ദുരന്തത്തെക്കുറിച്ച് ദുഃഖം തോന്നുന്ന, അചഞ്ചലസ്നേഹം നിറഞ്ഞ+ ദൈവമാണെന്നും എനിക്ക് അറിയാം. 3 അതുകൊണ്ട് യഹോവേ, എന്റെ ജീവനെടുത്താലും. എനിക്കു ജീവിക്കേണ്ടാ, മരിച്ചാൽ മതി.”+
4 യഹോവ ചോദിച്ചു: “നീ ഇത്ര ദേഷ്യപ്പെടുന്നതു ശരിയാണോ?”
5 യോന നഗരത്തിനു പുറത്ത് ചെന്ന് അതിന്റെ കിഴക്കുഭാഗത്ത് ഇരുന്നു. അവിടെ ഒരു മാടം ഉണ്ടാക്കി, നഗരത്തിന് എന്തു സംഭവിക്കുമെന്നു നോക്കി അതിന്റെ തണലിൽ ഇരുന്നു.+ 6 യോനയ്ക്കു തണലും ആശ്വാസവും നൽകാൻ ദൈവമായ യഹോവ ഒരു ചുരയ്ക്ക ചെടി* മുളപ്പിച്ചു. അതു വളർന്നുപൊങ്ങി; യോനയ്ക്കു വലിയ സന്തോഷമായി.
7 എന്നാൽ ആ ചെടി നശിപ്പിക്കാനായി പിറ്റേന്ന് അതിരാവിലെ സത്യദൈവം ഒരു പുഴുവിനെ അയച്ചു. അങ്ങനെ ചെടി ഉണങ്ങിപ്പോയി. 8 വെയിലായപ്പോൾ ദൈവം കിഴക്കുനിന്ന് ഒരു ഉഷ്ണക്കാറ്റ് അടിപ്പിച്ചു. തലയിൽ വെയിൽ കൊണ്ടപ്പോൾ യോന തളർന്നുപോയി. മരിക്കാൻ ആഗ്രഹിച്ച് യോന ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “എനിക്കു ജീവിക്കേണ്ടാ, മരിച്ചാൽ മതി.”+
9 ദൈവം യോനയോടു ചോദിച്ചു: “ഈ ചെടി കാരണം നീ ഇത്ര ദേഷ്യപ്പെടുന്നതു ശരിയാണോ?”+
യോന പറഞ്ഞു: “ഞാൻ ദേഷ്യപ്പെടുന്നതിൽ ഒരു തെറ്റുമില്ല. എനിക്ക് ഇനി മരിച്ചാൽ മതി, എനിക്ക് അത്രയ്ക്കു ദേഷ്യമുണ്ട്.” 10 യഹോവ യോനയോടു പറഞ്ഞു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രികൊണ്ട് വളർന്നുവന്ന് മറ്റൊരു രാത്രികൊണ്ട് നശിച്ചുപോയ ആ ചുരയ്ക്ക ചെടിയെ ഓർത്ത് നിനക്കു സങ്കടം തോന്നുന്നു, അല്ലേ? 11 ആ സ്ഥിതിക്ക്, ശരിയും തെറ്റും എന്തെന്നുപോലും അറിയാത്ത* 1,20,000-ത്തിലധികം മനുഷ്യരും ഒരുപാടു മൃഗങ്ങളും ഉള്ള മഹാനഗരമായ നിനെവെയോട്+ എനിക്കു കനിവ് തോന്നരുതോ?”+