“വ്യാജനാവുകൊണ്ടു സമ്പാദിക്കുന്ന ധനം . . .ആവി ആകുന്നു”
ഈ കാലത്ത് ഭോഷ്കുപറച്ചിലും ചതിയും മിക്കപ്പോഴും നിയമാനുസൃതവും—അത്യന്തം വിജയപ്രദവുമായ—വ്യാപാര തന്ത്രമായി വീക്ഷിക്കപ്പെടുന്നു. ബൈബിൾ കാലങ്ങളിലും ഇതു സത്യമായിരുന്നു. സങ്കീർത്തനക്കാരനായ ആസാഫ്, തെളിവനുസരിച്ച് വഞ്ചനാപരമായ പദ്ധതികളാൽ “തങ്ങളുടെ സമ്പത്തു വർദ്ധിപ്പിച്ചിരിക്കുന്ന“വരെക്കുറിച്ച് എഴുതി. അത്തരക്കാർ വഞ്ചനയാൽ സമ്പാദിച്ച സമ്പത്തു മൂലം “അനിശ്ചിതകാലം സ്വസ്ഥതയിൽ” കാണപ്പെടാൻ കഴിയും.—സങ്കീർത്തനം 73:8, 12.
എന്നിരുന്നാലും, ക്രിസ്ത്യാനികൾ ഇന്ന്, ‘സത്യസന്ധമല്ലാത്ത നേട്ടത്തോടുള്ള സ്നേഹവും’ കപടമായതോ സത്യസന്ധമല്ലാത്തതോ ആയ വ്യാപാര തന്ത്രങ്ങളും ഒഴിവാക്കണം. (1 പത്രോസ് 5:2) സദൃശവാക്യങ്ങൾ 21:6 ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “വ്യാജനാവുകൊണ്ടു സമ്പാദിക്കുന്ന ധനം പാറിപ്പോകുന്ന ആവിയാകുന്നു, അങ്ങനെ ചെയ്യുന്നവർ മരണത്തെ അന്വേഷിക്കുന്നു.” അതെ, വ്യാജം പറഞ്ഞും വഞ്ചിച്ചും സമ്പാദിക്കുന്ന ഏതു “ധനവും” “ആവി” പോലെ, വേഗത്തിൽ മാഞ്ഞുപോകുന്ന ബാഷ്പം പോലെ താല്ക്കാലികമാണ്. “ദുഷ്ടന്റെ സമ്പത്തുകൾ” ആത്യന്തികമായി “ഒരു പ്രയോജനവും ചെയ്യുകയില്ല.” (സദൃശവാക്യങ്ങൾ 10:2) യഥാർത്ഥത്തിൽ, ഭോഷ്കു പറയുന്നവൻ ഒരു മരണകരമായ ഗതി പിൻതുടർന്നുകൊണ്ട് “മരണത്തെ അന്വേഷിക്കുകയാണ്.” അയാളുടെ വ്യാജ പദ്ധതികൾ പിന്നിൽ നിന്നു തിരിഞ്ഞടിക്കുമ്പോൾ അയാളുടെ ആയുസ്സ് വെട്ടിച്ചുരുക്കപ്പെടാൻ കഴിയും. (എസ്ഥേർ 7:10 താരതമ്യം ചെയ്യുക) അല്ലെങ്കിൽ ഏററവും വൈകിയാൽ, ദൈവത്തിന്റെ ന്യായവിധി ദിവസത്തിൽ അയാളുടെ ജീവിതം അവസാനിപ്പിക്കും. (w87 4/15)