ദൈവത്തിന്റെ രാജത്വത്തിൻ മഹത്വത്തെക്കുറിച്ചു സംസാരിക്കുക
“നിന്റെ രാജത്വത്തിൻ മഹത്വത്തെക്കുറിച്ച് അവർ സംസാരിക്കും, നിന്റെ ബലത്തെക്കുറിച്ച് അവർ പ്രസ്താവിക്കും.”—സങ്കീർത്തനം 145:11.
1. മുഖ്യമായി, യഹോവ നമുക്ക് സംസാരപ്രാപ്തി നൽകിയിരിക്കുന്നതെന്തിന്?
നമുക്കു സംസാരപ്രാപ്തി നൽകിയതിൽ യഹോവക്ക് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. (പുറപ്പാട് 4:11) മുഖ്യമായി അത് നമ്മുടെ അധരങ്ങൾ അവനു “സ്തുതി പ്രവഹിപ്പിക്കുക” എന്നതായിരുന്നു. (സങ്കീർത്തനം 119:171, 172) സങ്കീർത്തനക്കാരനായ ദാവീദു പറഞ്ഞപ്രകാരം: “യഹോവേ, നിന്റെ സകല പ്രവൃത്തികളും നിന്നെ പ്രകീർത്തിക്കും, നിന്റെ ഭക്തൻമാർ നിന്നെ വാഴ്ത്തും. നിന്റെ രാജത്വത്തിൻ മഹത്വത്തെക്കുറിച്ച് അവർ സംസാരിക്കും, നിന്റെ ബലത്തെക്കുറിച്ച് അവർ പ്രസ്താവിക്കും, അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ പ്രതാപത്തിന്റെ മഹത്വവും മനുഷ്യപുത്രൻമാരെ അറിയിക്കുന്നതിനുതന്നെ. നിന്റെ രാജത്വം സകല അനിശ്ചിത കാലങ്ങളോളമുള്ള ഒരു രാജത്വമാകുന്നു, നിന്റെ ആധിപത്യം തുടർച്ചയായ സകല തലമുറകളിലും ഉടനീളമുണ്ട്.”—സങ്കീർത്തനം 145:10-13.
2. നാം ഏതു വിധങ്ങളിൽ ദൈവത്തിന് “സ്തുതി പ്രവഹിപ്പിക്കാൻ” പ്രേരിതരായിത്തീരുന്നു?
2 യേശുക്രിസ്തുവിന്റെ അഭിഷിക്താനുഗാമികളും “മഹാപുരുഷാര”മാകുന്ന അവരുടെ കൂട്ടാളികളും “നിത്യതയുടെ രാജാവായ” യഹോവയെ സ്തുതിക്കാൻ ആകാംക്ഷയുള്ളവരാകുന്നു. (വെളിപ്പാട് 7:9; 15:3) സഹായങ്ങളെന്നനിലയിൽ വീക്താഗോപുരവും മററു ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും സഹിതമുള്ള ബൈബിളിന്റെ ഉത്സാഹപൂർവ്വകമായ പഠനത്താൽ നമുക്ക് ദൈവത്തെക്കുറിച്ച് സൂക്ത്മപരിജ്ഞാനം സമ്പാദിക്കാൻ കഴിയും; അതു ശുദ്ധവും, ഉൻമേഷവും ജീവനും നൽകുന്നതുമായ, ഒരു നീരുറവപോലെയാകുന്നു. അങ്ങനെ, നമ്മുടെ കാര്യത്തിൽ ജ്ഞാനത്തിന്റെ കിണർ ‘പ്രവഹിക്കുന്ന ഒരു കുത്തിയൊഴുക്കു പോലെയായിത്തീരുന്നു.’ (സദൃശവാക്യങ്ങൾ 18:4) നാം വീടുതോറുമുള്ള സാക്ഷീകരണത്തിലും മററുരൂപങ്ങളിലുള്ള വയൽശുശ്രൂഷയിലും “സ്തുതി പ്രവഹിപ്പിക്കാൻ” പ്രേരിതരായിത്തീരുന്നു. എന്നാൽ അനൗപചാരികസാക്ഷീകരണത്തിന് ഒരു തിരുവെഴുത്തുകാരണംകൂടെയുണ്ട്.
തിരുവെഴുത്തുപരമായ മുൻവഴക്കങ്ങൾ
3. യേശുക്രിസ്തുവിന്റെ ഭാഗത്തെ അനൗപചാരികസാക്ഷീകരണത്തിന്റെ ഒരു ദൃഷ്ടാന്തം നൽകുക.
3 പരിശുദ്ധാത്മാവിനാൽ അഭിഷിക്തനായ ശേഷം യേശു ആദ്യംനടത്തിയ പ്രസംഗം അവന്റെ താമസസ്ഥലത്തുവെച്ചായിരുന്നു, അവൻ യോഹന്നാനെയും അന്ത്രയോസിനെയും, പ്രത്യക്ഷത്തിൽ പത്രോസിനെയും അതിലേക്കു ക്ഷണിച്ചു. അവിടെ അവർ ദിവസം ചെലവഴിച്ചു, ആ അനൗപചാരിക രംഗ സംവിധാനത്തിൽ സ്പഷ്ടമായി ഒരു നല്ല സാക്ഷ്യം സ്വീകരിക്കുകയും ചെയ്തു. (യോഹന്നാൻ 1:35-42) യേശു അനൗപചാരിക സാഹചര്യങ്ങളിൽ—“കടന്നുപോകുമ്പോൾ”—ആയിരുന്നു മത്തായിയെ നികുതിയാപ്പീസിൽ കാണുകയും “എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞപ്പോൾ ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്തത്.—മത്തായി 9:9.
4. ശമര്യക്കാരിസ്ത്രീയോടു സാക്ഷീകരിച്ചപ്പോൾ യേശു എന്തു പറഞ്ഞു, ഇതു എന്തിലേക്കു നയിച്ചു?
4 ‘കുമിളയിടുന്ന ജ്ഞാനത്തിന്റെ ഒരു കുത്തിയൊഴുക്കിന്റെ’ അത്യുത്തമ ദൃഷ്ടാന്തമായിരുന്നു യേശു. അവൻ സുഖാറിനു സമീപമുള്ള യാക്കോബിന്റെ ഉറവിങ്കൽ വിശന്നും ക്ഷീണിച്ചും ഇരുന്നിട്ടും വെള്ളം കോരാൻ വന്ന ഒരു ശമര്യസ്ത്രീയോട് അവൻ സാക്ഷീകരിച്ചു. “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്ന ഏവനും ഒരിക്കലും അശേഷം ദാഹിക്കുകയില്ല, എന്നാൽ ഞാൻ അവനു കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവൻ പ്രദാനം ചെയ്യാൻ കുമിളിച്ചുപൊന്തുന്ന ഒരു നീരുറവ ആയിത്തീരും.” ഈ അനൗപചാരിക സാക്ഷീകരണം, കൂട്ടം കൂടിവന്ന് അവനു പറയാനുണ്ടായിരുന്നതു കേൾക്കാൻ ആ സ്ത്രീ ഇളക്കിവിട്ട ഒരു സമൂഹത്തോട് അവൻ പ്രസംഗിക്കുന്നതിലേക്കു നയിച്ചു.—യോഹന്നാൻ 4:6-42.
5. സുവിശേഷകനായ ഫിലിപ്പോസും അപ്പോസ്തലനായ പൗലോസും അനൗപചാരികസാക്ഷീകരണത്തിന്റെ എന്തു ദൃഷ്ടാന്തങ്ങൾ നൽകുന്നു?
5 കടന്നു പോയ ഒരു രഥത്തിൽ സുവിശേഷകനായിരുന്ന ഫിലിപ്പോസ് കയറുകയും അതിലിരുന്ന ആളിനോടു അനൗപചാരികമായി സാക്ഷീകരിക്കുകയും ചെയ്തു, അയാൾ യെശയ്യാപ്രവചനം വായിക്കുകയായിരുന്നു. രഥത്തിലേക്കു ക്തണിക്കപ്പെട്ടപ്പോൾ ഫിലിപ്പോസ് ആ എത്ത്യോപ്യ ഷണ്ഡനോട് “യേശുവിനെക്കുറിച്ചുള്ള സുവാർത്ത” വിശദീകരിച്ചു, അയാളുടെ വിലമതിപ്പോടുകൂടിയ പ്രതിവർത്തനം അയാളുടെ സ്നാനത്തിൽ കലാശിച്ചു. (പ്രവൃത്തികൾ 8:26-38) ഫിലിപ്പിയിലെ ഒരു വലിയ ഭൂകമ്പത്താൽ അപ്പോസ്തലനായ പൗലോസിന്റെ കാരാഗൃഹബന്ധനങ്ങൾ അഴിഞ്ഞപ്പോൾ, അവൻ ജയിലറോട് അനൗപചാരികമായി സാക്ഷീകരിച്ചു. ഫലമെന്തായിരുന്നു? “അവനും അവനുള്ളവരും, എല്ലാവരുംതന്നെ താമസംവിനാ സ്നാനമേററു.”—പ്രവൃത്തികൾ 16:19-34.
6. സ്തേഫാനോസ് കല്ലെറിഞ്ഞുകൊല്ലപ്പെട്ട ശേഷം യേശുവിന്റെ ശിഷ്യൻമാരുടെ പ്രവർത്തനങ്ങളിൽ അനൗപചാരികസാക്ഷീകരണം എന്തു പങ്കുവഹിച്ചിരിക്കാനിടയുണ്ട്?
6 ഇക്കാലത്ത്, നമ്മുടെ ക്രിസ്തീയവേല നിയന്ത്രിക്കപ്പെട്ടിരിക്കുന്നടത്ത് സുവാർത്ത ഘോഷിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് അനൗപചാരികസാക്ഷീകരണം. എന്നിരുന്നാലും, നാം പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിലും നമ്മുടെ ഹൃദയങ്ങൾ ദൈവത്തിന്റെ രാജത്വത്തെക്കുറിച്ചു സംസാരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. സ്തേഫാനോസ് കല്ലെറിഞ്ഞു കൊല്ലപ്പെട്ടശേഷം, പീഡിപ്പിക്കപ്പെട്ട ശിഷ്യരിൽ അധികംപേരും ചിതറിക്കപ്പെട്ടു. എന്നിട്ടും അവർ സുവാർത്ത ഘോഷിക്കുന്നതിൽ തുടർന്നു. അവരുടെ രാജ്യപ്രസംഗശ്രമങ്ങളിൽ അനൗപചാരികസാക്ഷീകരണം ഉൾപ്പെട്ടിരുന്നുവെന്നതിനു സംശയമില്ല.—പ്രവൃത്തികൾ 8:4-8; 11:19-21.
7. തടവിലാക്കപ്പെട്ടിരുന്നപ്പോൾ പൗലോസ് എന്തു ചെയ്തു, ഇത് എന്തു ചോദ്യം ഉദിപ്പിച്ചു?
7 നാം തടവിലാക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ രോഗത്താലോ ദൗർബ്ബല്യത്താലോ വീടുകളിൽ കഴിയുന്നുവെങ്കിൽ ദൈവത്തിന്റെ രാജത്വത്തിൻ മഹത്വത്തെക്കുറിച്ചു സംസാരിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് അനൗപചാരിക സാക്ഷീകരണം. പൗലോസ് രണ്ടുവർഷക്കാലം റോമൻ കാവലിൽ തടവിൽ കിടന്നിരുന്നു. എന്നാൽ ക്ഷീണിച്ചു മെലിയുന്നതിനു പകരം അവൻ ഒരു സദസ്സിനെ ആളയച്ചു വരുത്തുകയും “തന്റെ അടുക്കൽ വന്നവരെയെല്ലാം ദയാപൂർവ്വം സ്വീകരിക്കുകയും ഏററവും വലിയ സംസാരസ്വാഗതന്ത്ര്യത്തോടെ അവരോടു ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു.” (പ്രവൃത്തികൾ 28:16-31) എത്ര വിശിഷ്ട ദൃഷ്ടാന്തം! നിങ്ങൾ ബന്തവസ്സിലുള്ള ഒരു യഹോവയുടെ സാക്ഷിയാണെങ്കിൽ സമാനമായ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കു കഴിയുമോ?
8. പൗലോസിന്റെ അനൗപചാരികസാക്ഷീകരണം എത്ര ഫലപ്രദമായിരുന്നു?
8 പൗലോസിന്റെ കാവൽ ഭടൻമാർ മാറിമാറി വന്നപ്പോൾ അവൻ ദൈവത്തിന്റെ രാജത്വത്തെക്കുറിച്ച് മററുള്ളവരോടു സംസാരിക്കുന്നത് വ്യത്യസ്ത വ്യക്തികൾ കേട്ടു. എന്നാൽ അവൻ ആ കാവൽ പടയാളികളോട് നേരിട്ടും സാക്ഷീകരിച്ചുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ഈ അനൗപചാരിക സാക്ഷീകരണം വളരെ ഫലപ്രദമായിരുന്നതുകൊണ്ട് പൗലോസിന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “എന്റെ കാര്യങ്ങൾ, മറിച്ചായിരിക്കാതെ, സുവാർത്തയുടെ പുരോഗമനത്തിൽ കലാശിച്ചു, തന്നിമിത്തം എന്റെ ബന്ധനങ്ങൾ ക്രിസ്തുവിനോടുള്ള ബന്ധത്തിൽ സകല അകമ്പടിപ്പട്ടാളത്തിന്റെയും ശേഷിച്ച സകലരുടെയും ഇടയിൽ പരസ്യമായ അറിവായിത്തീർന്നിരിക്കുന്നു; കർത്താവിൽ മിക്ക സഹോദരൻമാരും എന്റെ കാരാഗൃഹബന്ധനങ്ങൾ ഹേതുവായി ധൈര്യംപൂണ്ട് ദൈവവചനം നിർഭയം സംസാരിക്കാൻ പൂർവ്വാധികം ധൈര്യം കാണിക്കുകയാണ്.” (ഫിലിപ്യർ 1:12-14) പൗലോസിനെപ്പൊലെ, നാം തടവിലാക്കപ്പെടുകയും ഔപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുകയുമാണെങ്കിൽ അപ്പോഴും നമുക്ക് ദൈവത്തിന്റെ രാജത്വത്തെക്കുറിച്ച് സംസാരിക്കാൻ കഴിയും. ഇതു നമ്മുടെ സഹോദരൻമാരിൽ എന്തു ധൈര്യം പകരും!
9, 10. ആദിമക്രിസ്ത്യാനികൾ അനൗപചാരികമായി സാക്ഷീകരിച്ചുവെന്നതിന് എന്ത് മതേതര തെളിവുണ്ട്?
9 ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽ അനൗപചാരിക സാക്ഷീകരണം വളരെ സാധാരണമായിരുന്നതുകൊണ്ട് പിൽക്കാലവർഷങ്ങളെക്കുറിച്ചും ഇങ്ങനെ പറയാൻ കഴിയുമായിരുന്നു: “ഒരുപക്ഷേ കാർത്തേജിൽ, ഏതാണ്ട് 200-ൽ, ഒരു ക്രിസ്തീയഎഴുത്തുകാരനിൽനിന്ന് നമുക്ക് ഒരു ചിത്രം കിട്ടുന്നു. . . . [അത്] ഉന്നത വിദ്യാഭ്യാസം ലഭിച്ചവരെ സംബന്ധിച്ചായിരുന്നു. ഉററ സ്നേഹിതരായിരുന്ന മൂന്ന് നിയമജ്ഞൻമാർ കടൽത്തീരത്ത് ഒരു ദിവസത്തെ അവധിക്കാലം ചെലവഴിക്കുന്നു. രണ്ടുപേർ ക്രിസ്ത്യാനികളാണ്, മൂന്നാമൻ വിഗ്രഹാരാധിയും. പെട്ടെന്ന് അവരുടെ സംസാരം മതത്തിലേക്കു തിരിയുന്നു . . . നീണ്ടവാദത്തിന്റെ വിവരണം അവസാനിക്കുന്നു, ‘ഞങ്ങൾ മൂന്നുപേരും സന്തുഷ്ടരായി വീട്ടിലേക്കു പോയി. ഒരാൾ താൻ ക്രിസ്തീയ വിശ്വാസത്തിലേക്കു വന്നതുകൊണ്ടാണ് സന്തുഷ്ടനായിരുന്നത്, മററവർ അയാളെ അതിലേക്കു നയിച്ചതുകൊണ്ടും.’ ഈ എഴുത്ത് യഥാർത്ഥചരിത്രമാണെന്നു നടിക്കുന്നില്ല; അത് മിനുഷ്യസ് ഫെലിക്സിന്റെ ഒരു വിശദീകരണമാണ്. എന്നാൽ അത് കൂടുതൽ പദവിയുണ്ടായിരുന്നവരുടെ ഇടയിൽ സംഭവിച്ച കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു.” (സഭാചരിത്രം I—ആദ്യത്തെ മുന്നേററ: ക്രി. വ. 29—500, ജോൺഫോസ്റററിനാൽ വിരചിതം, പേജുകൾ 46,48) അതെ, അക്കാലത്ത് ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവരുടെ ഇടയിൽ അനൗപചാരിക സാക്ഷീകരണം നിലച്ചുപോയിരുന്നില്ലെന്ന് ഈ വിവരണം പ്രകടമാക്കുന്നു.
10 ആദിമ ക്രിസ്ത്യാനികളെ സംബന്ധിച്ചു ഇങ്ങനെയും പ്രസ്താവിക്കപ്പെട്ടിരുന്നു: “വ്യക്തികളായ ക്രിസ്തീയ വിശ്വാസികളുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരുന്നു, അവർ തങ്ങളുടെ സാധാരണ വ്യാപാരത്തിലായാലും പീഡനത്താൽ ഓടിക്കപ്പെട്ടതായാലും എവിടെ പോയോ അവിടെയെല്ലാം ക്രിസ്തുവിനെ പ്രസംഗിച്ചു . . . തങ്ങളുടെ വ്യാപാരത്തെ, തൊഴിലിനെ, തങ്ങളുടെ അനുദിന ജീവനോപായത്തെ, അവ ഏതുതരമായാലും, തങ്ങളുടെ വിശ്വാസത്തെ വ്യാപിപ്പിക്കുന്നതിനുള്ള മാർഗ്ഗമാക്കിയവർ ഒരു മഹാസമൂഹമായിരുന്നു.” (ദി മിഷനറി എൻറർപ്രൈസ്, എഡ്വിൻ മുൺസെൽ ബ്ലിസ്സിനാൽ വിരചിതം, പേജ് 14) അതെ, ആദിമ രാജ്യപ്രഘോഷകർ ഔപചാരികമായും അനൗപചാരികമായും സാക്ഷീകരിച്ചു.
മുൻകൂട്ടിയുള്ള ചിന്തയും ഒരുക്കവു
11. ദൈവത്തിന്റെ സത്യത്തിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സംബന്ധിച്ച് നമുക്ക് യേശുവിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
11 യേശുവിനെയും അവന്റെ ആദിമ അനുഗാമികളെയും പോലെ, നാം ഔപചാരികമായും അനൗപചാരികമായും സാക്ഷീകരിക്കണം. അത് ഫലകരമായി നിർവ്വഹിക്കുന്നതിന് മുൻകൂട്ടിയുള്ള ചിന്തയും തയ്യാറാകലും ആവശ്യമാണ്. അനൗപചാരികമായി സാക്ഷീകരിക്കാൻ അല്ലെങ്കിൽ പ്രബോധിപ്പിക്കാൻ യേശു കുട്ടികളെയും ആഹാരത്തെയും വസ്ത്രത്തെയും പക്ഷികളെയും പുഷ്പങ്ങളെയും കാലാവസ്ഥകളെയും തൊഴിലാളികളെയും പരാമർശിച്ചു. (മത്തായി 4:18, 19; 6:25-34; 11:16-19; 13:3-8; 16:1-4)ദൈവത്തിന്റെ സത്യത്തിൻമേൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള അടിസ്ഥാനമായി നമുക്കും മിക്കവാറും ഏതു വിഷയവും ഉപയോഗിക്കാൻ കഴിയും.
12. ഒരു യാത്രക്ക് ആസൂത്രണം ചെയ്യുമ്പോൾ ഒരുവന് അനൗപചാരികസാക്ഷീകരണത്തിന് എങ്ങനെ ഒരുങ്ങാൻ കഴിയും?
12 പാർക്കുകളിൽ ഇരിക്കുന്നവരോടും ഷോപ്പിംഗ് സെൻററുകളിൽ ലൈനിൽ നിൽക്കുന്നവരോടും മററും നമുക്ക് അനൗപചാരികമായി സാക്ഷീകരിക്കാൻ കഴിയും. പൗലോസ് അഥേനയിൽ “എല്ലാ ദിവസവും ചന്തസ്ഥലത്ത് ഉണ്ടായിരിക്കാനിടയായവരോട്” ന്യായവാദം ചെയ്തു. (പ്രവൃത്തികൾ 17:17) എന്നാൽ നാം അനൗപചാരികസാക്ഷീകരണത്തിന് തയ്യാറാകേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ വിമാനത്തിലോ തീവണ്ടിയിലോ ബസ്സിലോ ഒരു യാത്രക്കുവേണ്ടി ഒരുങ്ങുകയാണോ? എങ്കിൽ ഒരു ബൈബിളും കുറേ ലഘുലേഖകളും മാസികകളും അല്ലെങ്കിൽ ലഘുപത്രികകളും എടുക്കുക. പൊതുവാഹനങ്ങളിൽവച്ച് അല്ലെങ്കിൽ മറെറവിടെയെങ്കിലും ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് മിക്കപ്പോഴും ഒരു സംഭാഷണത്തിന് തുടക്കമിടുന്നു.
13. യാത്രചെയ്യുമ്പോൾ നിങ്ങൾക്ക് പ്രായമുള്ള ഒരാളോട് എങ്ങനെ സാക്ഷീകരിച്ചു തുടങ്ങാമെന്ന് ദൃഷ്ടാന്തീകരിക്കുക.
13 പ്രസ്പഷ്ടമായി സൗഹാർദ്ദപരമായ ഒരു പരിചയപ്പെടുത്തലാണ് ആദ്യം വരുന്നത്. തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകം വയൽശുശ്രൂഷയിൽ ഉപയോഗിക്കാനുള്ള മുഖവുരകൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇവയിൽ ചിലത് അനൗപചാരികമായി സാക്ഷീകരിക്കാൻ ഉപയോഗിക്കുന്നതിന് പരിഷ്ക്കരിക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, നിങ്ങൾ യാത്രചെയ്യുമ്പോൾ ഒരു പ്രായമുള്ളയാളിന്റെ അടുത്താണ് ഇരിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: “എന്റെ പേർ—എന്നാണ്. ഞാൻ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നുണ്ട്. ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിക്കുന്നതിന് അശേഷം സമയമില്ലാത്തവിധം അനേകർ അഹോവൃത്തിക്കുവേണ്ടി പണിയെടുക്കുന്നതിൽ തിരക്കുള്ളവരാണ്. നമുക്കു പ്രായം കൂടുമ്പോൾ ജീവിതം ഹ്രസ്വമാണെന്നു നാം തിരിച്ചറിയുന്നു, ’ജീവിതത്തിന്റെ ഉദ്ദേശ്യം ഇത്രമാത്രമോ?’ എന്ന് നമ്മോടു തന്നെ ചോദിക്കുകയും ചെയ്തേക്കാം. നമ്മുടെ അസ്തിത്വം സംബന്ധിച്ചു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?” ഒരു മറുപടി പറയാൻ അനുവദിക്കുക. പിന്നീട് നിങ്ങൾക്ക് മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെക്കുറിച്ചു സംസാരിക്കയും വെളിപ്പാട് 21:3, 4-ൽ വാഗ്ദത്തം ചെയ്തിരിക്കുന്ന മഹത്തായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യാവുന്നതാണ്. ഫലകരമായ അനൗപചാരിക സാക്ഷീകരണത്തിന്, സഭാമീററിംഗുകളിലും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽനിന്നും പഠിച്ച നല്ല പോയിൻറുകളും നിങ്ങൾക്ക് ബാധകമാക്കാൻ കഴിയും.
നല്ലഫലങ്ങൾ പ്രതീക്ഷിക്കാൻ കഴിയും
14. ഒരു സഹോദരന് ഒരു യാത്രാവേളയിൽ അനൗപചാരികമായി സാക്ഷീകരിച്ചതിൽ എന്തു ഫലം കിട്ടി?
14 യേശുവിനെയും അവന്റെ ആദിമ അനുഗാമികളെയും പോലെ, നമുക്ക് അനൗപചാരികസാക്ഷീകരണത്തിൽ വിജയിക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു വിമാനയാത്രാവേളയിൽ ഒരു സാക്ഷി 20 വർഷമായി വിവാഹിതനായിരുന്ന ഒരു മിലിറററി ഓഫീസറോട് സംസാരിച്ചു. ആ മമനുഷ്യന്റെ ഭാര്യ മയക്കുമരുന്ന് ഉപയോഗിക്കുന്നവളായിരുന്നു, പല പ്രാവശ്യം ആത്മഹത്യാശ്രമവും നടത്തിയിരുന്നു. ഇപ്പോൾ ഒരു ചെറുപ്പക്കാരന്റെ പിന്നാലെ പോകാൻ അയാളെ ഉപേക്ഷിക്കാനിരിക്കുകയുമായിരുന്നു. സാക്ഷി വീക്ഷാഗോപുരത്തിൽ നിന്നും അതിന്റെ കൂട്ടുമാസികയായ ഉണരുക!യിൽ നിന്നും തനിക്ക് ലഭിക്കുന്ന തിരുവെഴുത്തു സഹായത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഓഫീസർ വരിസംഖ്യകൊടുക്കുകയും ഭാര്യക്ക് മാസികകൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സാക്ഷിപറഞ്ഞത് മററു യാത്രക്കാർ കേട്ടു. ഫലമോ? ആ സന്ദർഭത്തിലെ സാക്ഷീകരണഫലമായി അയാൾക്ക് 22 വരിസംഖ്യകൾ ലഭിക്കുകയും 45 മാസികകളും 21 പുസ്തകങ്ങളും സമർപ്പിക്കുകയും ചെയ്തു!
15, 16. (എ) കൂട്ടുജോലിക്കാരോടുള്ള വിജയപ്രദമായ അനൗപചാരികസാക്ഷീകരണത്തിന്റെ ദൃഷ്ടാന്തങ്ങൾ നൽകുക. (ബി) ഈ ഫലങ്ങൾ നിങ്ങളെ സംബന്ധിച്ച് എന്തു സൂചിപ്പിക്കുന്നു?
15 കൂട്ടുജോലിക്കാരോട് അനൗപചാരികമായി സാക്ഷീകരിക്കുന്നതു സംബന്ധിച്ചെന്ത്? ഒരു സഹോദരൻ തന്റെ ജോലിസ്ഥലത്തെ കക്കൂസ്മുറിയിൽ നമ്മുടെ മാസികകളുടെ പ്രതികൾ വെച്ചിരുന്നു. ഒരു കൂട്ടുജോലിക്കാരൻ മാസികകൾ വായിക്കുകയും സഹോദരനെ സമീപിച്ച് അവയുടെ വരിസംഖ്യ ഏൽപ്പിക്കുകയും ചെയ്തു. ആ മനുഷ്യൻ ഒരു ബൈബിൾ അദ്ധ്യയനത്തിനും സമ്മതിക്കുകയും തന്റെ അസാൻമാർഗ്ഗികജീവിതം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ അയാളുടെ ഭാര്യ, ദൈവനാമം പറയുന്ന ഓരോ പ്രാവശ്യവും വീടുവിട്ടുപോയി. ആ മനുഷ്യൻ സ്ഥലത്തെ പള്ളിയിൽനിന്ന് രാജിവെക്കാനാഗ്രഹിച്ചപ്പോൾ, ഇതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ശുശ്രൂഷകൻ വന്നു. അപ്പോൾ ഭാര്യയെ മാത്രമേ വീട്ടിൽ കണ്ടുള്ളു. ശുശ്രൂഷകന്റെ വിശ്വാസരാഹിത്യവും യഹോവയുടെ സാക്ഷികളെക്കുറിച്ച് അയാൾ പറഞ്ഞ വ്യാജങ്ങളും അവരെ ഞെട്ടിച്ചു, എന്തുകൊണ്ടെന്നാൽ തന്റെ ഭർത്താവ് മെച്ചപ്പെട്ടയാളായി മാറുന്നതാണ് അവൾ കണ്ടിരുന്നത്. അവൾ ശുശ്രൂഷകനോട് ഇങ്ങനെ പറഞ്ഞു: “താങ്കൾക്ക് എനിക്കും കുട്ടികൾക്കുംകൂടി ഒരു രാജി സർട്ടിഫിക്കററ് എഴുതാവുന്നതാണ്!” കാലക്രമത്തിൽ ഈ മനുഷ്യനും ഭാര്യയും സ്നാനമേററ സാക്ഷികളായിത്തീർന്നു.
16 വർഷങ്ങൾക്കു മുൻപ്, ഇപ്പോൾ ഐക്യനാടുകളിൽ ജീവിക്കുന്ന ഒരു സഹോദരൻ ഇംഗ്ലണ്ടിലെ ഒരു കൂട്ടുജോലിക്കാരനോട് അനൗപചാരികമായി സാക്ഷീകരിക്കുകയും ആ യുവാവിനെ യഹോവയുടെ സാക്ഷികൾ ക്രമീകരിച്ച ഒരു ഫിലിംപ്രദർശനത്തിന് കൊണ്ടുപോകുകയും ചെയ്തു. മുപ്പത്തൊന്നു വർഷം കഴിഞ്ഞ് ആ സഹോദരന് ഈ കത്തു കിട്ടി: “താങ്കൾ [ആ യുവാവിനു] കൊടുത്ത സാക്ഷ്യം പ്രതിഫലദായകമായി, എന്തുകൊണ്ടെന്നാൽ ഏതാണ്ടു രണ്ടു വർഷം കഴിഞ്ഞ് മറെറാരു സഹോദരൻ അയാളോടു സംസാരിക്കുകയും മാസികകൾ സമർപ്പിക്കുകയും സ്ഥലത്തെ രാജ്യഹാളിൽ കൊണ്ടുപോകുകയും ചെയ്തു . . . അയാൾ 1959-ൽ സ്നാനമേററ് ഒരു സാക്ഷിയായി, ഇപ്പോൾ സഭയിലെ ഒരു മൂപ്പനാണ് . . . ഏതാണ്ട് 14 വർഷം കഴിഞ്ഞ് അയാളുടെ ഭാര്യ ഒരു സാക്ഷിയായി സ്നാനമേററു. രണ്ടുവർഷം കഴിഞ്ഞ് അയാളുടെ പുത്രി സ്നാനമേററു, ഇപ്പോൾ നോർത്ത് ഡർബിഷയറിൽ ഒരു സാധാരണപയണിയറാണ് . . . താങ്കൾ ആഷ്ഫോർഡിൽ നടത്തിയ ആ അല്പമായ സാക്ഷീകരണത്തിൽനിന്ന് ആ ആളും അയാളുടെ ഭാര്യയും പുത്രിയും ഒരു കസിനും അവരുടെ പുത്രിയും ഭർത്താവും അഞ്ചു മക്കളും കസിന്റെ വേറൊരു പുത്രിയുടെ ഒരു കുട്ടിയും സാക്ഷികളായിത്തീർന്നു. . . . റെറഡ്, താങ്കൾക്ക് വളരെയധികമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാനാണ് ആ സ്ററീൽ പണിക്കാരൻ, ഞാൻ ഇപ്പോൾ പറഞ്ഞ കഥ, താങ്കൾ എന്നോടു പറഞ്ഞ സാക്ഷ്യത്തിന്റേതും അതിന്റെ പരിണതഫലത്തിന്റേതുമായ എന്റെ സ്വന്തം കഥതന്നെയാണ്.”
17. യഹോവയുടെ പ്രായം കുറഞ്ഞ ദാസൻമാർക്ക് അനൗപചാരികസാക്ഷീകരണത്തിന് എന്ത് അവസരങ്ങളുണ്ട്?
17 യഹോവയുടെ പ്രായംകുറഞ്ഞ ദാസൻമാരായ നിങ്ങൾക്കും ഒരു നല്ല സാക്ഷീകരണപ്രദേശമുണ്ട്—നിങ്ങളുടെ സഹപാഠികളും അദ്ധ്യാപകരും. ഉപന്യാസങ്ങളിലും വാചിക പുനരവലോകനങ്ങളിലും മററും നിങ്ങൾ ഒരു അനൗപചാരികസാക്ഷ്യം കൊടുക്കുന്നുവോ? ഒരു ബൈബിളദ്ധ്യയനത്തിൽ സംബന്ധിച്ചിരുന്ന ഒരു ഇക്വഡോറിയൻ ഹൈസ്കൂൾ വിദ്യാർത്ഥിനി വിവരങ്ങളുടെ ഉറവായി “ഹിറോഷിമാ —അതിന്റെ പാഠം നഷ്ടപ്പെട്ടോ?” എന്ന 1985 ഓഗസ്ററ് 22-ലെ ഉണരുക! കവർപരമ്പര ഉപയോഗിച്ചു. അവളുടെ രചനക്ക് ഒരു അന്തർദ്ദേശീയ മൽസരത്തിൽ ന്യായാധിപൻമാരുടെ അഭിനന്ദനം ലഭിക്കുകയും അത് ജപ്പാനിലേക്കുള്ള ഒരു സൗജന്യയാത്രയിൽ കലാശിക്കുകയും ചെയ്തു. തീർച്ചയായും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ ഉദ്ദേശ്യം മൽസരങ്ങളിൽ ജയിക്കുക എന്നതല്ല. എന്നാൽ ഇത് അങ്ങനെയുള്ള സാഹിത്യത്തിന്റെ മൂല്യത്തെയും സ്കൂളിൽ ദൈവമഹത്വത്തിനായി ഒരു സാക്ഷ്യം കൊടുക്കുന്നതിന്റെ ഫലപ്രദത്വത്തെയും ദൃഷ്ടാന്തീകരിക്കുന്നു.
18. ഒരു മുറി വാടകക്കെടുക്കാൻ ശ്രമിച്ച ഒരു വ്യക്തിയോട് ഹ്രസ്വമായി സാക്ഷീകരിച്ചതുകൊണ്ട് എന്തു ഫലമുണ്ടായി?
18 സാമ്പത്തിക കാരണങ്ങളാൽ ഒരു സഹോദരിക്ക് ഒരു മുറി വാടകക്കു കൊടുക്കേണ്ടതുണ്ടായിരുന്നു. അതു സംബന്ധിച്ച് ഒരു റെറലിഫോൺ വിളി വന്നപ്പോൾ താൻ ഒരു യഹോവയുടെ സാക്ഷിയാണെന്നും തന്റെ വീട്ടിൽ ദുർന്നടത്ത അനുവദിക്കുകയില്ലെന്നും ഫോൺ വിളിച്ച സ്ത്രീയെ സഹോദരി അറിയിച്ചു. സന്ദർശകർ നേരത്തെ സ്ഥലം വിടണമായിരുന്നു. പുരുഷൻമാരായ സന്ദർശകർ എല്ലാ സമയങ്ങളിലും കാണാവുന്നതുപോലെ ഇരിക്കണമായിരുന്നു. ഫോൺ വിളിച്ചയാൾ വൈമനസ്യം പ്രകടിപ്പിക്കുകയും “ഞാൻ ഒരു കൗമാര പ്രായക്കാരിയായിരുന്നപ്പോൾ ഞാൻ ബൈബിൾ പഠിച്ചിരുന്നു, എന്നാൽ അതു എന്നിൽ ഒരു ധാരണ ഉളവാക്കിയില്ല. അതുകൊണ്ടു ഞാൻ കോളേജിൽ ചേർന്നു” എന്നു പറയുകയും ചെയ്തു. അവളുടെ ബൈബിൾ പഠനം വീണ്ടും തുടങ്ങാൻ അവൾ ആഗ്രഹിക്കുന്നുവോയെന്ന് ചോദിച്ചപ്പോൾ “ഉവ്വ്”എന്ന് അവൾ മറുപടി പറഞ്ഞു. കാലക്രമത്തിൽ, ഫോൺ വിളിച്ചവളും അവളുടെ അമ്മയും അവളുടെ സഹോദരിയും യഹോവയുടെ സമർപ്പിതദാസരായിത്തീർന്നു—എല്ലാം ഒരു സഹോദരി അനൗപചാരികമായി സാക്ഷീകരിച്ചതുകൊണ്ട്.
19. ബഹാമാസിലെ ഒരു സ്ത്രീയുടെ കാര്യത്തിൽ അനൗപചാരിക സാക്ഷീകരണം എങ്ങനെ കലാശിച്ചു?
19 ബഹാമാസിൽ ഒരു കത്തോലിക്കാസ്ത്രീ അഞ്ചു വർഷമായി പള്ളിയിൽ പോകാഞ്ഞതിനാൽ അവരുടെ മനഃസാക്ഷി അവരെ അലട്ടി. അങ്ങനെ അവൾ മഴയുണ്ടായിരുന്ന ഒരു ദിവസം പള്ളിയിലേക്കു വഴിയേ ഇറങ്ങിത്തിരിച്ചു. അപ്പോൾ മൂന്നു സാക്ഷികൾ അതിലേ വരുകയും അവളെ കാറിൽ കയററുകയും ഒരു സാക്ഷ്യം കൊടുക്കുകയും ചെയ്തു. അവർ പള്ളിയെ സമീപിച്ചപ്പോൾ അവർ ഒരു ബൈബിൾ വിദ്യാർത്ഥിയെ കയററാൻ ഓടിച്ചു പോകുമളവിൽ ആ സ്ത്രീ കൂടുതൽ കേൾക്കാനാഗ്രഹിക്കുകയും അവരോടുകൂടെ കാറിൽത്തന്നെ ഇരിക്കുകയും ചെയ്തു. വീണ്ടും അവർ പള്ളിയുടെ മുമ്പിലൂടെ കടന്നുപോയെങ്കിലും അവൾ കൂടുതൽ കേൾക്കാനാഗ്രഹിച്ചുകൊണ്ട് രാജ്യഹാളിലേക്കു പോകുകയാണ് ചെയ്തത്. പബ്ലിക്ക് പ്രസംഗത്തിന്റെ വിഷയം അവർ കാറിൽ വച്ചു ചർച്ചചെയ്തതു തന്നെയായിരുന്നു. ആ സ്ത്രീയുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങി. അവൾ കൂടെ താമസിച്ചിരുന്ന പുരുഷനെ (അവളുടെ നാലുമക്കളുടെ പിതാവിനെ) പറഞ്ഞു വിട്ടു. അവൾ 1986-ൽ നാസാവിലെ ഒരു കൺവെൻഷനിൽ സ്നാനമേററു. ഒരാൾ തന്നോട് അനൗപചാരികമായി സാക്ഷീകരിച്ചതിൽ അവൾ എത്ര സന്തുഷ്ടയായിരുന്നു!
ദൈവത്തിന്റെ രാജത്വത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുക!
20. (എ) വയൽ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അനൗപചാരിക സാക്ഷീകരണത്തെ എങ്ങനെ വീക്ഷിക്കണം? (ബി) ഒരുവൻ അനൗപചാരികമായി സാക്ഷീകരിക്കുന്നതിനു വിമുഖനാണെങ്കിൽ എന്തു നിർദ്ദേശിക്കപ്പെടുന്നു?
20 അനൗപചാരികമായ സാക്ഷീകരണം യഹോവയുടെ സാക്ഷികളുടെ വ്യവസ്ഥാപിത വയൽശുശ്രൂഷക്കു പകരമാകുന്നില്ല. വീടുതോറുമുള്ള പ്രസംഗം വ്യക്തമായി തിരുവെഴുത്തുപരവും ഫലപ്രദവുമാണ്. (പ്രവൃത്തികൾ 5:42; 20:20, 21) എന്നിരുന്നാലും, അനൗപചാരികസാക്ഷീകരണം ഫലകരമാണ്, യഹോവയുടെ സാക്ഷികൾ അതിൽ പങ്കെടുക്കണം. ആളുകൾ—ബന്ധുക്കളും സഹപാഠികളും കൂട്ടുജോലിക്കാരും മററുള്ളവരും—ഉള്ളടത്തെല്ലാം ദൈവത്തിന്റെ രാജത്വത്തിൻ മഹത്വത്തെക്കുറിച്ചു സംസാരിക്കാനുള്ള അവസരങ്ങളുണ്ട്. അതുകൊണ്ട് ഭയമോ ധൈര്യമില്ലായ്മയോ നിങ്ങളെ തടയരുത്. (സദൃശവാക്യങ്ങൾ 29:25; 2 തിമോഥെയോസ് 1:6-8) അനൗപചാരികമായി സാക്ഷീകരിക്കാൻ നിങ്ങൾക്കു വൈമുഖ്യമുണ്ടെങ്കിൽ യേശുവിന്റെ പീഡിതശിഷ്യൻമാർ പ്രാർത്ഥിച്ചതുപോലെ, പ്രാർത്ഥിക്കാൻ പാടില്ലേ? അവർ ഇങ്ങനെ അഭ്യർത്ഥിച്ചു: “യഹോവേ, . . . സകല ധൈര്യത്തോടും കൂടെ നിന്റെ വചനം സംസാരിച്ചുകൊണ്ടിരിക്കാൻ നിന്റെ അടിമകളെ അനുവദിക്കേണമേ.” അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചോ? ഉവ്വ്, എന്തെന്നാൽ “അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; അവർ എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയുകയും ധൈര്യത്തോടെ ദൈവവചനം സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്തു.”—പ്രവൃത്തികൾ 4:23-31.
21. എല്ലാ സാഹചര്യങ്ങളിലും ഒരു സാക്ഷ്യം കൊടുക്കാൻ എന്തു പ്രേരിപ്പിക്കും?
21 തന്നിമിത്തം, അനൗപചാരിക സാക്ഷീകരണം സംബന്ധിച്ച് ഒരു ക്രിയാത്മകമനോഭാവം നട്ടുവളർത്തുക. എല്ലാതരം സാഹചര്യങ്ങളിലും ദൈവത്തോടുള്ള സ്നേഹം ഒരു സാക്ഷ്യം കൊടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കട്ടെ. ഉത്സാഹമുള്ളവരായിരിക്കുക, യഥാർത്ഥത്തിൽ ഓരോ അവസരത്തിലും സത്യം കുമിളിച്ചു പൊന്തട്ടെ. തീർച്ചയായും, ദൈവത്തിന്റെ രാജത്വത്തിൻ മഹത്വത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുക. (w87 10/15)
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ അനൗപചാരിക സാക്ഷീകരണത്തിന് എന്തു തിരുവെഴുത്തടിസ്ഥാനമുണ്ട്?
◻ അനൗപചാരിക സാക്ഷീകരണത്തിന് തയ്യാറാകുന്നതിനുള്ള ചില വിധങ്ങളേവ?
◻ നാം അനൗപചാരികമായി സാക്ഷീകരിക്കുന്നെങ്കിൽ, എന്തു ഫലങ്ങൾ നാം പ്രതീക്ഷിച്ചേക്കാം?
◻ ക്രമമായ വയൽശുശ്രൂഷയോടുള്ള ബന്ധത്തിൽ അനൗപചാരിക സാക്ഷീകരണത്തെ നാം എങ്ങനെ വീക്ഷിക്കണം?
[22-ാം പേജിലെ ചിത്രം]
നിങ്ങളെ ബന്തവസ്സിലാക്കിയിരിക്കുന്നുവെങ്കിൽ തടവിലായിരുന്നപ്പോൾ പൗലോസ് ചെയ്തതുപോലെ നിങ്ങൾ സാക്ഷീകരിക്കുന്നുവോ?
[24-ാം പേജിലെ ചിത്രം]
മുൻകൂട്ടിയുള്ള തയ്യാറാകൽ ഫലകരമായ വിധത്തിൽ അനൗപചാരികമായി സാക്ഷീകരിക്കാൻ നമ്മെ പ്രാപ്തരാക്കും