യഹോവയുമായി സഖിത്വം നട്ടുവളർത്തുക
“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്നു ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 4:8) സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പാടി: “യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും.” (സങ്കീർത്തനം 25:14) വ്യക്തമായും, താനുമായി നമുക്ക് ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കാൻ യഹോവയാം ദൈവം ആഗ്രഹിക്കുന്നു. എങ്കിലും, ദൈവത്തെ ആരാധിക്കുകയും അവന്റെ നിയമങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കുമൊന്നും അവനോട് അടുപ്പം തോന്നുന്നില്ല.
നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾക്കു ദൈവവുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധമുണ്ടോ? അവനോടു കൂടുതൽ അടുത്തുചെല്ലാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിനു സംശയമില്ല. ദൈവവുമായി നമുക്ക് എങ്ങനെ സഖിത്വം വളർത്തിയെടുക്കാൻ കഴിയും? നമ്മെ സംബന്ധിച്ച് അതിന്റെ അർഥം എന്താണ്? സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിന്റെ മൂന്നാം അധ്യായത്തിൽ ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുണ്ട്.
സ്നേഹദയയും വിശ്വസ്തതയും പ്രകടമാക്കുക
പുരാതന ഇസ്രായേലിന്റെ രാജാവായിരുന്ന ശലോമോൻ പിൻവരുന്ന വാക്കുകളോടെയാണു സദൃശവാക്യങ്ങൾ മൂന്നാം അധ്യായം തുടങ്ങുന്നത്: “മകനേ എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.” (സദൃശവാക്യങ്ങൾ 3:1, 2) ശലോമോൻ ഇതു രേഖപ്പെടുത്തിയത് ദിവ്യ നിശ്വസ്തതയിൽ ആയതിനാൽ, യഥാർഥത്തിൽ അത് യഹോവയിൽ നിന്നു നമുക്കു ലഭിക്കുന്ന പിതൃനിർവിശേഷമായ ഉപദേശമാണ്. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ, അതായത് അവന്റെ നിയമങ്ങളും കൽപ്പനകളും പ്രബോധനങ്ങളും, അനുസരിക്കാൻ നാം ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു. നാം അതു ചെയ്യുന്നെങ്കിൽ, ‘അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നമുക്കു വർദ്ധിപ്പിച്ചുതരും.’ അതേ, ഇപ്പോൾ പോലും സമാധാനപരമായ ജീവിതം ആസ്വദിക്കാനും ദുഷ്ടന്മാർക്കു മിക്കപ്പോഴും സംഭവിക്കുന്ന തരം അകാല മരണത്തിന് ഇടയാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കാനും നമുക്കു സാധിക്കും. കൂടാതെ, സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലെ നിത്യജീവന്റെ പ്രത്യാശ വെച്ചുപുലർത്താനും നമുക്കു കഴിയും.—സദൃശവാക്യങ്ങൾ 1:24-31; 2:21, 22.
ശലോമോൻ തുടർന്നു പറയുന്നു: “ദയയും [“സ്നേഹദയ,” NW] വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക. അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും [“അങ്ങനെ ദൈവത്തിന്റെയും ഭൗമിക മനുഷ്യന്റെയും ദൃഷ്ടിയിൽ പ്രീതിയും നല്ല ഉൾക്കാഴ്ചയും കണ്ടെത്തുക,” NW].”—സദൃശവാക്യങ്ങൾ 3:3, 4.
“സ്നേഹദയ” എന്നതിന്റെ മൂലഭാഷാ പദം പലപ്പോഴും “വിശ്വസ്ത സ്നേഹം” എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആ പദം വിശ്വസ്തത, ഐക്യദാർഢ്യം, കൂറ് എന്നിവയോടു ബന്ധപ്പെട്ടിരിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും യഹോവയോടു വിശ്വസ്തരായി നിലനിൽക്കാൻ നാം ദൃഢചിത്തരാണോ? സഹവിശ്വാസികളുമായുള്ള ബന്ധങ്ങളിൽ നാം സ്നേഹദയ പ്രകടമാക്കുന്നുവോ? അവരോട് അടുത്തു സഹവസിക്കാൻ നാം ശ്രമിക്കുന്നുവോ? അവരോടുള്ള ദൈനംദിന ഇടപെടലുകളിൽ, ദുഷ്കരമായ സാഹചര്യങ്ങളിൽപോലും, ‘സ്നേഹദയയുടെ നിയമം നമ്മുടെ നാവി’ന്മേൽ ഉണ്ടോ?—സദൃശവാക്യങ്ങൾ 31:26, NW.
യഹോവ സ്നേഹദയയിൽ സമ്പന്നൻ ആകയാൽ “ക്ഷമിക്കാൻ സന്നദ്ധ”നാണ്. (സങ്കീർത്തനം 86:5, NW) നാം കഴിഞ്ഞകാല പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും നമ്മുടെ കാലടികളെ നേരായ പാതകളിലൂടെ നയിക്കുകയും ചെയ്യുന്നെങ്കിൽ, ‘യഹോവയിൽ നിന്ന് ആശ്വാസ കാലങ്ങൾ’ വരുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (പ്രവൃത്തികൾ 3:19) മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ട് നാം യഹോവയെ അനുകരിക്കേണ്ടതല്ലേ?—മത്തായി 6:14, 15.
യഹോവ “വിശ്വസ്തദൈവ”മാണ്, തന്നോടു സഖിത്വം പുലർത്താൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അവൻ “വിശ്വസ്തത” ആവശ്യപ്പെടുകയും ചെയ്യുന്നു. (സങ്കീർത്തനം 31:5) തങ്ങൾ ഏതു തരക്കാരാണെന്നതു മറച്ചുവെക്കുന്ന “കപടക്കാരെ” പോലെ നാം ഒരു ഇരട്ടജീവിതം നയിക്കുന്നെങ്കിൽ—ക്രിസ്തീയ സഹോദരങ്ങളോടൊപ്പം ആയിരിക്കുമ്പോൾ ഒരു വിധത്തിലും അവർ കാണാത്തപ്പോൾ മറ്റൊരു വിധത്തിലും പ്രവർത്തിക്കുന്നെങ്കിൽ—യഹോവ നമ്മുടെ സുഹൃത്ത് ആയിരിക്കുമെന്നു യഥാർഥത്തിൽ പ്രതീക്ഷിക്കാനാകുമോ? (സങ്കീർത്തനം 26:4) “സകലവും അവന്റെ [യഹോവയുടെ] കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്ന”തിനാൽ അത് എത്ര മൗഢ്യമായിരിക്കും!—എബ്രായർ 4:13.
സ്നേഹദയയും വിശ്വസ്തതയും ‘ദൈവത്തിന്റെയും ഭൗമിക മനുഷ്യന്റെയും ദൃഷ്ടിയിൽ പ്രീതി’ കണ്ടെത്താൻ നമ്മെ സഹായിക്കുന്നതിനാൽ അവയെ ‘നമ്മുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന’ അമൂല്യമായ ഒരു ആഭരണം പോലെ കരുതേണ്ടതാണ്. എന്നാൽ, ഈ ഗുണങ്ങൾ പുറമേ പ്രകടിപ്പിച്ചാൽ മാത്രം പോരാ. പകരം നാം അവയെ നമ്മുടെ വ്യക്തിത്വത്തിന്റെതന്നെ ഒരു അവിഭാജ്യ ഘടകമാക്കിക്കൊണ്ട്, ‘നമ്മുടെ ഹൃദയത്തിന്റെ പലക’യിൽ എഴുതേണ്ടതുണ്ട്.
യഹോവയിൽ സമ്പൂർണ ആശ്രയം നട്ടുവളർത്തുക
ജ്ഞാനിയായ ശലോമോൻ രാജാവ് തുടരുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.
നമുക്ക് തീർച്ചയായും യഹോവയിൽ പൂർണ ആശ്രയം വെക്കാൻ കഴിയും. സ്രഷ്ടാവ് ആയതിനാൽ അവൻ “ശക്തിയിൽ ഊർജസ്വല”നും “ചലനാത്മക ഊർജ”ത്തിന്റെ ഉറവും ആണ്. (യെശയ്യാവു 40:26, 29, NW) തന്റെ ഉദ്ദേശ്യങ്ങളെല്ലാം നിവർത്തിക്കാൻ അവൻ പ്രാപ്തനാണ്. എന്തിന്, അവന്റെ പേരിന്റെ അക്ഷരീയ അർഥംതന്നെ “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. വാഗ്ദാനം ചെയ്തതു നിറവേറ്റാനുള്ള അവന്റെ പ്രാപ്തിയിൽ നമുക്കുള്ള വിശ്വാസത്തെ അതു ബലപ്പെടുത്തുന്നു! ‘ദൈവത്തിനു ഭോഷ്ക് പറയാൻ കഴിയില്ല’ എന്ന വസ്തുത അവനെ സത്യത്തിന്റെ മൂർത്തിമദ്ഭാവമാക്കുന്നു. (എബ്രായർ 6:18) അവന്റെ പ്രമുഖ ഗുണം സ്നേഹമാണ്. (1 യോഹന്നാൻ 4:8) അവൻ “തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.” (സങ്കീർത്തനം 145:17) ആ ദൈവത്തിൽ നമുക്ക് ആശ്രയിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റാരെ നമുക്ക് ആശ്രയിക്കാൻ കഴിയും? തീർച്ചയായും, അവനിൽ ആശ്രയം വളർത്തിയെടുക്കാനായി, നാം ബൈബിളിൽ നിന്നു പഠിക്കുന്ന കാര്യങ്ങൾ വ്യക്തിഗത ജീവിതത്തിൽ ബാധകമാക്കുകയും അതിന്റെ സത്ഫലങ്ങളെ കുറിച്ചു ധ്യാനിക്കുകയും ചെയ്തുകൊണ്ട് “യഹോവ നല്ലവൻ എന്നു രുചിച്ചറി”യേണ്ടതുണ്ട്.—സങ്കീർത്തനം 34:8.
‘എല്ലാ വഴികളിലും യഹോവയെ നിനയ്ക്കാൻ’ നമുക്ക് എങ്ങനെ കഴിയും? നിശ്വസ്ത സങ്കീർത്തനക്കാരൻ പറയുന്നു: “ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.” (സങ്കീർത്തനം 77:12) ദൈവം അദൃശ്യനാകയാൽ, അവന്റെ മഹാ പ്രവൃത്തികളെയും തന്റെ ജനത്തോടുള്ള അവന്റെ ഇടപെടലുകളെയും കുറിച്ചു ധ്യാനിക്കുന്നത് അവനുമായി സഖിത്വം വളർത്തിയെടുക്കുന്നതിനു വളരെ അനിവാര്യമാണ്.
പ്രാർഥനയും യഹോവയെ ‘നിനയ്ക്കാനുള്ള’ ഒരു സുപ്രധാന വിധമാണ്. ദാവീദ് “ഇടവിടാതെ” യഹോവയെ വിളിച്ചപേക്ഷിച്ചു. (സങ്കീർത്തനം 86:3) മിക്കപ്പോഴും രാത്രിയിലുടനീളം അവൻ പ്രാർഥിച്ചിരുന്നു, പ്രത്യേകിച്ച് മരുഭൂമിയിൽ ഒരു അഭയാർഥിയായി അലയേണ്ടിവന്ന സാഹചര്യങ്ങളിലും മറ്റും. (സങ്കീർത്തനം 63:5-7) ‘ഏതു നേരത്തും ആത്മാവിൽ പ്രാർഥിച്ചുകൊണ്ടിരിക്കാൻ’ പൗലൊസ് ഉദ്ബോധിപ്പിച്ചു. (എഫെസ്യർ 6:18) നാം എത്ര കൂടെക്കൂടെ പ്രാർഥിക്കുന്നുണ്ട്? ദൈവവുമായി വ്യക്തിപരവും ഹൃദയംഗമവുമായ ആശയവിനിമയം നടത്തുന്നതു നാം ആസ്വദിക്കുന്നുവോ? ദുഷ്കരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, സഹായത്തിനായി നാം അവനോട് അപേക്ഷിക്കാറുണ്ടോ? സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു മുമ്പായി നാം പ്രാർഥനാപൂർവം അവന്റെ മാർഗനിർദേശം തേടാറുണ്ടോ? നാം നടത്തുന്ന ആത്മാർഥമായ പ്രാർഥനകൾ നമ്മെ യഹോവയ്ക്കു പ്രിയപ്പെട്ടവരാക്കുന്നു. അവൻ പ്രാർഥനകൾ കേട്ട് നമ്മുടെ ‘പാത നേരെയാക്കുമെന്നുള്ള’ ഉറപ്പും നമുക്കുണ്ട്.
നമുക്ക് യഹോവയിൽ പൂർണമായി ആശ്രയിക്കാൻ കഴിയുമെന്നിരിക്കെ, ‘സ്വന്ത വിവേകത്തിലോ’ ലോകത്തിലെ പ്രമുഖരുടെ വിവേകത്തിലോ ആശ്രയിക്കുന്നത് എത്ര ഭോഷത്തമാണ്! “നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു,” ശലോമോൻ പറയുന്നു. നേരെമറിച്ച്, അവൻ ഇങ്ങനെ ഉപദേശിക്കുന്നു: “യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.” (സദൃശവാക്യങ്ങൾ 3:7, 8) യഹോവയെ അപ്രീതിപ്പെടുത്തുന്നതു സംബന്ധിച്ച ആരോഗ്യാവഹമായ ഭയം നമ്മുടെ പ്രവർത്തനങ്ങളെയും ചിന്തകളെയും വികാരങ്ങളെയും ഭരിക്കേണ്ടതുണ്ട്. ഭക്ത്യാദരവോടു കൂടിയ അത്തരം ഭയം മോശമായതു ചെയ്യുന്നതിൽ നിന്നു നമ്മെ തടയുന്നു, കൂടാതെ അത് ആത്മീയ സൗഖ്യവും നവോന്മേഷവും കൈവരുത്തുന്നു.
ഏറ്റവും നല്ലത് യഹോവയ്ക്കു നൽകുക
മറ്റ് ഏതു വിധത്തിലൂടെ നമുക്ക് ദൈവത്തോട് അടുത്തുവരാൻ കഴിയും? ശലോമോൻ രാജാവ് പ്രബോധിപ്പിക്കുന്നു: “യഹോവയെ നിന്റെ ധനംകൊണ്ടും [“വിലയേറിയ വസ്തുക്കൾ,” NW] എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.” (സദൃശവാക്യങ്ങൾ 3:9) യഹോവയെ ബഹുമാനിക്കുക എന്നതിന്റെ അർഥം അവന്റെ നാമത്തെ ഘോഷിക്കുന്ന വേലയിൽ പങ്കെടുക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് അവനോട് ഉയർന്ന ആദരവു കാട്ടുകയും അവനെ പരസ്യമായി വാഴ്ത്തുകയും ചെയ്യുക എന്നാണ്. യഹോവയെ ബഹുമാനിക്കുന്നതിനുള്ള വിലയേറിയ വസ്തുക്കൾ നമ്മുടെ സമയം, കഴിവുകൾ, ഊർജം, ഭൗതിക വസ്തുക്കൾ എന്നിവയാണ്. ഇവ നമ്മുടെ ആദ്യഫലങ്ങൾ—ഏറ്റവും നല്ലത്—ആയിരിക്കണം. നാം നമ്മുടെ വ്യക്തിപരമായ പ്രാപ്തിയും വിഭവങ്ങളും ഉപയോഗിക്കുന്ന വിധം ‘ഒന്നാമത് രാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷി’ക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കേണ്ടതല്ലേ?—മത്തായി 6:33.
നമ്മുടെ വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ സേവിക്കുന്നതിനു പ്രതിഫലം ലഭിക്കാതെ പോകുകയില്ല. ശലോമോൻ ഈ ഉറപ്പു നൽകുന്നു: “അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.” (സദൃശവാക്യങ്ങൾ 3:10) ആത്മീയ സമൃദ്ധി അവശ്യം ഭൗതിക സമൃദ്ധിയിലേക്കു നയിക്കണമെന്നില്ലെങ്കിലും, യഹോവയെ ബഹുമാനിക്കാൻ നമ്മുടെ പ്രാപ്തികളും വിഭവങ്ങളും ഉദാരമായി ഉപയോഗിക്കുന്നതു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. യേശുവിനെ സംബന്ധിച്ചിടത്തോളം ദൈവേഷ്ടം ചെയ്യുന്നതു പരിപുഷ്ടിപ്പെടുത്തുന്ന “ആഹാരം” ആയിരുന്നു. (യോഹന്നാൻ 4:34) സമാനമായി, യഹോവയെ മഹത്ത്വപ്പെടുത്തുന്ന പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ പങ്കുണ്ടായിരിക്കുന്നതു നമ്മെ പരിപുഷ്ടിപ്പെടുത്തുന്നു. നാം ആ വേലയിൽ തുടരുന്നെങ്കിൽ, നമ്മുടെ ആത്മീയ കളപ്പുര സമൃദ്ധമായി നിറയും. പുതുവീഞ്ഞിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന നമ്മുടെ സന്തോഷം കവിഞ്ഞൊഴുകുകയും ചെയ്യും.
ഓരോ ദിവസത്തേക്കും വേണ്ട ഭൗതിക ആഹാരത്തിനായി നാം യഹോവയിലേക്ക് നോക്കുകയും അവനോടു പ്രാർഥിക്കുകയും ചെയ്യാറില്ലേ? (മത്തായി 6:11) യഥാർഥത്തിൽ, നമുക്കുള്ളതെല്ലാം നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവിൽ നിന്നുള്ളതാണ്. യഹോവയെ സ്തുതിക്കാൻ നാം നമ്മുടെ വിലയേറിയ വസ്തുക്കൾ എത്രയധികം ഉപയോഗിക്കുന്നുവോ അത്രയധികം അവൻ നമ്മുടെ മേൽ അനുഗ്രഹങ്ങൾ ചൊരിയും.—1 കൊരിന്ത്യർ 4:7എ.
യഹോവ നൽകുന്ന ശിക്ഷണം സ്വീകരിക്കുക
യഹോവയുമായി സഖിത്വം സ്ഥാപിക്കുന്നതിൽ ശിക്ഷണത്തിനുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ഇസ്രായേലിന്റെ ആ രാജാവ് ഉപദേശിക്കുന്നു: “മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.”—സദൃശവാക്യങ്ങൾ 3:11, 12.
ശിക്ഷണം സ്വീകരിക്കുക അത്ര എളുപ്പമല്ലായിരിക്കാം. പൗലൊസ് ഇങ്ങനെ എഴുതി: “ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.” (എബ്രായർ 12:11) നമ്മെ ദൈവത്തോട് അടുപ്പിക്കുന്ന പരിശീലനത്തിന്റെ സുപ്രധാന ഭാഗമാണ് ശിക്ഷണവും ശാസനയും. യഹോവ നൽകുന്ന തിരുത്തലുകൾ—അതു മാതാപിതാക്കളിലൂടെയോ ക്രിസ്തീയ സഭ മുഖാന്തരമോ വ്യക്തിപരമായ പഠനം നടത്തവെ തിരുവെഴുത്തുകളെ കുറിച്ചു ധ്യാനിക്കുന്നതിലൂടെയോ നമുക്കു ലഭിക്കുന്നത് ആയിക്കൊള്ളട്ടെ—അവനു നമ്മോടുള്ള സ്നേഹത്തിന്റെ പ്രകടനമാണ്. അതു സ്വീകരിക്കുന്നതു ജ്ഞാനമായിരിക്കും.
ജ്ഞാനവും വിവേകവും മുറുകെ പിടിച്ചുകൊള്ളുക
ദൈവവുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിൽ ജ്ഞാനത്തിനും വിവേകത്തിനുമുള്ള പ്രാധാന്യം ശലോമോൻ ഊന്നിപ്പറയുന്നു: “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. . . . അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.”—സദൃശവാക്യങ്ങൾ 3:13-18.
യഹോവയുടെ അത്ഭുതകരമായ സൃഷ്ടിക്രിയകളിൽ പ്രകടമായിരിക്കുന്ന ജ്ഞാനത്തെയും വിവേകത്തെയും കുറിച്ചു നമ്മെ ഓർമപ്പെടുത്തിക്കൊണ്ട് ആ രാജാവ് ഇപ്രകാരം പ്രസ്താവിക്കുന്നു: “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു. . . മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു. അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.”—സദൃശവാക്യങ്ങൾ 3:19-22.
ജ്ഞാനവും വിവേകവും ദൈവിക ഗുണങ്ങളാണ്. നാം അവ വളർത്തിയെടുക്കുക മാത്രമല്ല, തിരുവെഴുത്തുകൾ തീക്ഷ്ണതയോടെ പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിൽ ഒരിക്കലും ഉദാസീനരാകാതിരുന്നുകൊണ്ട് അവയെ മുറുകെ പിടിക്കുകയും വേണം. ശലോമോൻ തുടരുന്നു: “അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.” അവൻ കൂട്ടിച്ചേർക്കുന്നു: “നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.”—സദൃശവാക്യങ്ങൾ 3:23, 24.
അതേ, സാത്താന്റെ ദുഷ്ട ലോകത്തിന്മേൽ കള്ളനെപ്പോലെ വരുന്ന ‘പെട്ടെന്നുള്ള നാശ’ത്തിന്റെ ദിവസത്തിനായി കാത്തിരിക്കവെ, നമുക്കു സുരക്ഷിതരായി നടക്കാനും മനസ്സമാധാനത്തോടെ ഉറങ്ങാനും കഴിയും. (1 തെസ്സലൊനീക്യർ 5:2, 3; 1 യോഹന്നാൻ 5:19) ആസന്നമായ മഹോപദ്രവത്തിന്റെ നാളുകളിലും നമുക്ക് ഈ ഉറപ്പ് ഉണ്ടായിരിക്കാൻ കഴിയും: “പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.”—സദൃശവാക്യങ്ങൾ 3:25, 26; മത്തായി 24:21.
നന്മ ചെയ്യുക
ശലോമോൻ ബുദ്ധിയുപദേശിക്കുന്നു: “നന്മ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.” (സദൃശവാക്യങ്ങൾ 3:27) മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിൽ അവരുടെ ക്ഷേമത്തിനു വേണ്ടി നമ്മുടെ വിഭവങ്ങൾ ഔദാര്യമായി ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു. ഇതിന് അനേകം വശങ്ങളുണ്ട്. ഈ “അന്ത്യകാല”ത്ത് സത്യദൈവവുമായി ഉറ്റ ബന്ധത്തിലേക്കു വരാൻ മറ്റുള്ളവരെ സഹായിക്കുന്നതല്ലേ അവർക്കു വേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി? (ദാനീയേൽ 12:4) അതുകൊണ്ട്, രാജ്യ പ്രസംഗ വേലയിലും ശിഷ്യരാക്കൽ വേലയിലും തീക്ഷ്ണത കാട്ടാനുള്ള സമയമാണ് ഇത്.—മത്തായി 28:19, 20.
പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്, ഒഴിവാക്കേണ്ട ചില കാര്യങ്ങളും ജ്ഞാനിയായ ആ രാജാവ് പട്ടികപ്പെടുത്തുന്നു: “നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു. കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുതു. നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു. സാഹസക്കാരനോടു [“അക്രമിയോട്,” NW] നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു.”—സദൃശവാക്യങ്ങൾ 3:28-31.
താൻ ഈ ബുദ്ധിയുപദേശങ്ങളെല്ലാം നൽകുന്നതിന്റെ കാരണം ശലോമോൻ ഇങ്ങനെ സംഗ്രഹിച്ചു പറയുന്നു: “വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു. യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു. പരിഹാസികളെ അവൻ പരിഹസിക്കുന്നു; എളിയവർക്കോ അവൻ കൃപ നല്കുന്നു. ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.”—സദൃശവാക്യങ്ങൾ 3:32-35.
യഹോവയുമായി സഖിത്വം ഉണ്ടായിരിക്കണമെങ്കിൽ, നാം ദ്രോഹകരമായ ദുരുപായങ്ങൾ മെനഞ്ഞെടുക്കുന്നവർ ആയിരിക്കരുത്. (സദൃശവാക്യങ്ങൾ 6:16-19) ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നെങ്കിൽ മാത്രമേ നമുക്ക് അവന്റെ പ്രീതിയും അനുഗ്രഹവും ഉണ്ടായിരിക്കുകയുള്ളൂ. നാം ദിവ്യ ജ്ഞാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതായി മറ്റുള്ളവർ നിരീക്ഷിക്കുമ്പോൾ ബഹുമതി നമ്മെ തേടിയെത്തും. അതുകൊണ്ട്, ദുഷ്ടവും അക്രമാസക്തവുമായ ഈ ലോകത്തിന്റെ കുടിലമായ വഴികൾ നമുക്കു പരിത്യജിക്കാം. യഥാർഥത്തിൽ, നമുക്കു ശരിയായ ഗതി പിന്തുടരുകയും യഹോവയുമായുള്ള സഖിത്വം വളർത്തിയെടുക്കുകയും ചെയ്യാം!
[25-ാം പേജിലെ ചിത്രങ്ങൾ]
‘നിങ്ങളുടെ വിലയേറിയ വസ്തുക്കൾ കൊണ്ട് യഹോവയെ ബഹുമാനിക്കുക’