പാഠം 37
ജോലിയെക്കുറിച്ചും പണത്തെക്കുറിച്ചും ബൈബിൾ എന്താണ് പറയുന്നത്?
ജോലിയെക്കുറിച്ചോ പണത്തെക്കുറിച്ചോ ചിന്തിച്ച് നിങ്ങൾ എപ്പോഴെങ്കിലും വിഷമിച്ചിട്ടുണ്ടോ? ജീവിതാവശ്യങ്ങൾ നടത്തുന്നതോടൊപ്പം യഹോവയെ ആരാധിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്നത് ചിലപ്പോൾ നമുക്കു ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നാൽ ഇക്കാര്യത്തിൽ നമ്മളെ സഹായിക്കുന്ന ധാരാളം നിർദേശങ്ങൾ ബൈബിളിലുണ്ട്.
1. ജോലിയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
നമ്മൾ ജോലി നന്നായി ആസ്വദിച്ച് ചെയ്യാനാണ് ദൈവം ആഗ്രഹിക്കുന്നത്. ബൈബിൾ ഇങ്ങനെ പറയുന്നു: ‘അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുന്നതിനെക്കാൾ മെച്ചമായി മനുഷ്യന് ഒന്നുമില്ല.’ (സഭാപ്രസംഗകൻ 2:24) യഹോവ ഉത്സാഹത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മളും യഹോവയുടെ മാതൃക അനുകരിച്ചുകൊണ്ട് കഠിനാധ്വാനം ചെയ്യുമ്പോൾ അത് യഹോവയ്ക്കു സന്തോഷമാകും. മാത്രമല്ല നമുക്കു നല്ല സംതൃപ്തിയും കിട്ടും.
ജോലി പ്രധാനപ്പെട്ടതാണ്. എന്നാൽ യഹോവയെ ആരാധിക്കുന്നതിനെക്കാൾ പ്രാധാന്യം നമ്മൾ ഒരിക്കലും ജോലിക്ക് കൊടുക്കരുത്. (യോഹന്നാൻ 6:27) ദൈവത്തിനു നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്താൽ നമ്മുടെ എല്ലാ ആവശ്യങ്ങളും നടത്തിത്തരുമെന്ന് ദൈവം നമുക്ക് ഉറപ്പുതന്നിട്ടുണ്ട്.
2. പണത്തിന് ജീവിതത്തിൽ നമ്മൾ എന്ത് സ്ഥാനമാണ് കൊടുക്കേണ്ടത്?
‘പണം ഒരു സംരക്ഷണമാണ്’ എന്ന് ബൈബിൾ പറയുന്നു. എന്നാൽ നമുക്കു സന്തോഷം തരാൻ പണത്തിനേ കഴിയൂ എന്ന് ബൈബിൾ പറയുന്നില്ല. (സഭാപ്രസംഗകൻ 7:12) അതുകൊണ്ട് നമ്മുടെ ജീവിതം പണസ്നേഹമില്ലാത്തത് ആയിരിക്കണം. പകരം ‘ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.’ (എബ്രായർ 13:5 വായിക്കുക.) അങ്ങനെയാകുമ്പോൾ, എത്ര കിട്ടിയാലും മതിയാകാതെ പിന്നെയും സമ്പത്ത് വാരിക്കൂട്ടുമ്പോഴുള്ള കുഴപ്പങ്ങൾ ഒഴിവാക്കാം. മാത്രമല്ല അനാവശ്യമായ കടബാധ്യതയും വരില്ല. (സുഭാഷിതങ്ങൾ 22:7) പെട്ടെന്നു പണമുണ്ടാക്കാനുള്ള പദ്ധതികളിലും ചൂതാട്ടംപോലുള്ള അപകടങ്ങളിലും മറ്റും നമ്മൾ വീഴുകയുമില്ല.
3. മറ്റുള്ളവരുടെ പ്രയോജനത്തിനുവേണ്ടി പണം എങ്ങനെ ഉപയോഗിക്കാം?
ധാരാളമായി കൊടുക്കുന്ന ദൈവമാണ് യഹോവ. നമ്മളും “ഔദാര്യമുള്ളവരും ദാനശീലരും” ആയിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 6:18) നമ്മൾ സമ്പാദിക്കുന്ന പണം നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കാതെ സഭയെ പിന്തുണയ്ക്കാനും സഹാരാധകരെയും മറ്റുള്ളവരെയും സഹായിക്കാനും നമുക്ക് ഉപയോഗിക്കാം. കൊടുക്കുമ്പോഴുള്ള നമ്മുടെ മനസ്സാണ് യഹോവ നോക്കുന്നത്, അല്ലാതെ നമ്മൾ എത്ര കൊടുക്കുന്നു എന്നതല്ല. മനസ്സോടെ, ഉദാരമായി നമ്മൾ കൊടുക്കുമ്പോൾ നമുക്കു സന്തോഷം കിട്ടും. അത് യഹോവയെയും സന്തോഷിപ്പിക്കും.—പ്രവൃത്തികൾ 20:35 വായിക്കുക.
ആഴത്തിൽ പഠിക്കാൻ
ജോലിയെയും പണത്തെയും അതിന്റെ സ്ഥാനത്ത് എങ്ങനെ നിറുത്താമെന്നും ഉള്ളതുകൊണ്ട് എങ്ങനെ തൃപ്തിപ്പെടാമെന്നും നോക്കാം.
4. ജോലിയോടുള്ള നല്ല മനോഭാവം യഹോവയ്ക്കു ബഹുമതി നൽകും
യഹോവയുമായി നമുക്ക് അടുത്ത ബന്ധമുണ്ടെങ്കിൽ ജോലിയെ യഹോവ കാണുന്നതുപോലെ നമ്മളും കാണും. വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ജോലിയോടുള്ള ജയ്സന്റെ മനോഭാവം, ജോലിസ്ഥലത്തെ അദ്ദേഹത്തിന്റെ പെരുമാറ്റം എന്നീ കാര്യങ്ങളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ പറയാമോ?
ജോലിയെ അതിന്റെ സ്ഥാനത്ത് നിറുത്താൻ ജയ്സൺ എന്താണു ചെയ്തത്?
കൊലോസ്യർ 3:23, 24 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ആത്മാർഥമായി ജോലി ചെയ്യേണ്ടത് എന്തുകൊണ്ട്?
ജോലി പ്രധാനമാണ്. പക്ഷേ യഹോവയെ ആരാധിക്കുന്നതിനെക്കാൾ പ്രാധാന്യം ഒരിക്കലും ജോലിക്കു കൊടുക്കരുത്
5. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതിന്റെ പ്രയോജനങ്ങൾ
‘കഴിയുന്നത്ര പണം സമ്പാദിച്ചുകൂട്ടുക’ എന്നൊരു ചിന്തയാണു പലർക്കുമുള്ളത്. എന്നാൽ ബൈബിളിന്റെ അഭിപ്രായം അതല്ല. 1 തിമൊഥെയൊസ് 6:6-8 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
എന്തു ചെയ്യാനാണു ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്?
അധികമൊന്നും ഇല്ലെങ്കിലും നമുക്ക് സന്തോഷമുള്ളവരായിരിക്കാൻ കഴിയും. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ഈ കുടുംബങ്ങൾക്ക് ഇല്ലായ്മയിലും സന്തോഷിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്?
ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ പണമുണ്ടായിട്ടും ഒരാൾ ഇനിയും വേണമെന്ന് ആഗ്രഹിച്ചാലോ? അതിന്റെ അപകടത്തെക്കുറിച്ച് യേശു ഒരു ദൃഷ്ടാന്തത്തിൽ പറഞ്ഞു. ലൂക്കോസ് 12:15-21 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?—15-ാം വാക്യം കാണുക.
സുഭാഷിതങ്ങൾ 10:22; 1 തിമൊഥെയൊസ് 6:10 എന്നീ വാക്യങ്ങൾ വായിച്ച് അവ താരതമ്യം ചെയ്യുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യഹോവയുമായുള്ള സുഹൃദ്ബന്ധത്തിനാണോ അതോ കുറെ കാശുണ്ടാക്കുന്നതിനാണോ നിങ്ങൾ പ്രാധാന്യം കൊടുക്കുന്നത്? എന്തുകൊണ്ട്?
പണത്തിന്റെ പിന്നാലെ പോകുന്നതിന്റെ അപകടങ്ങൾ എന്തൊക്കെയാണ്?
6. യഹോവ നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരും
ജോലിസംബന്ധമായോ പണപരമായോ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ യഹോവയിൽ ആശ്രയിക്കുമോ? അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് അറിയാൻ വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
ഈ വീഡിയോയിൽ കണ്ട സഹോദരന് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഉണ്ടായത്?
തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ മറികടക്കാൻ അദ്ദേഹം എന്താണു ചെയ്തത്?
മത്തായി 6:25-34 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നവർക്കുവേണ്ടി യഹോവ എന്താണു വാഗ്ദാനം ചെയ്തിരിക്കുന്നത്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “എല്ലാ ആഴ്ചയും മീറ്റിങ്ങിനു പോയാലെങ്ങനാ? അപ്പോ ജോലിക്ക് പോകണ്ടേ, കുടുംബം നോക്കണ്ടേ?”
യഹോവയെ ആരാധിക്കുന്നതിന് ഒന്നാം സ്ഥാനം കൊടുക്കുന്നതാണ് ഏറ്റവും നല്ലതെന്ന് നിങ്ങളെ ബോധ്യപ്പെടുത്തിയ ബൈബിൾവാക്യം ഏതാണ്?
ചുരുക്കത്തിൽ
ജോലിയും പണവും ഒക്കെ ആവശ്യമാണ്. എന്നാൽ അതൊന്നും യഹോവയെ ആരാധിക്കുന്നതിനേക്കാൾ പ്രധാനമാകരുത്.
ഓർക്കുന്നുണ്ടോ?
ജോലിയെ അതിന്റെ സ്ഥാനത്ത് നിറുത്താൻ നമ്മളെ എന്തു സഹായിക്കും?
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതിന്റെ പ്രയോജനം എന്താണ്?
യഹോവ തന്റെ ജനത്തിനുവേണ്ടി കരുതും എന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടോ? ഉറപ്പുണ്ടെന്ന് നിങ്ങൾ എങ്ങനെ കാണിക്കും?
കൂടുതൽ മനസ്സിലാക്കാൻ
പണം തിന്മയാണെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
“എല്ലാ തിന്മകളുടെയും കാരണം പണമാണോ?” (വെബ്സൈറ്റിലെ ലേഖനം)
ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ നമുക്ക് എങ്ങനെ പണം ഉപയോഗിക്കാം?
“കൊടുക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?” (വെബ്സൈറ്റിലെ ലേഖനം)
ചൂതാട്ടത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ?
ചൂതുകളിയും മോഷണവും അവസാനിപ്പിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിച്ചത് എന്താണ്?
“എനിക്ക് പന്തയക്കുതിരകളോട് വല്ലാത്ത കമ്പമായിരുന്നു” (വീക്ഷാഗോപുരം 2012 ഏപ്രിൽ-ജൂൺ)