അവന്റെ കാൽചുവടുകൾ പിന്തുടരുന്നതിന്റെ വെല്ലുവിളി
“എന്തെന്നാൽ ക്രിസ്തു നിങ്ങൾക്കുവേണ്ടി ദുരിതമനുഭവിക്കുകയും നിങ്ങൾ അവന്റെ കാൽചുവടുകളെ അടുത്തു പിൻതുടരേണ്ടതിന് വ്യക്തിപരമായ ഒരു ദൃഷ്ടാന്തം വെക്കുകയും ചെയ്തിരിക്കുന്നു.”—1 പത്രോസ് 2:21, ഫിലിപ്സ്
1, 2. (എ) എന്ത് ഒരു യഥാർത്ഥവെല്ലുവിളിയായിരിക്കാൻ കഴിയും, ഇത് ക്രിസ്ത്യാനികൾക്ക് താൽപര്യമുള്ളതായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഇവിടെ എന്തു ചോദ്യങ്ങൾ ഉയർത്തപ്പെടുന്നു?
നിങ്ങൾ മണൽ നിറഞ്ഞ ഒരു കടൽത്തീരത്തുകൂടി അല്ലെങ്കിൽ മഞ്ഞുനിറഞ്ഞ ഒരു വയലിലൂടെ എന്നെങ്കിലും നടക്കുകയും നിങ്ങൾക്കുമുമ്പേ അവിടെ നടന്ന ഒരാളുടെ കാൽചുവടുകളുടെ മാതൃകയാൽ ആകൃഷ്ടനാകുകയും ചെയ്തിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾ കുറെ കാൽചുവടുകളെ തെരഞ്ഞെടുത്ത് നിങ്ങളുടെ കാൽചുവടുകളെ അവയോടു സാദ്ധ്യമാകുന്നടത്തോളം കൃത്യമായി ഒപ്പിച്ചുവെച്ചുകൊണ്ട് പിന്തുടരാൻ പോലും ശ്രമിച്ചിട്ടുണ്ടോ? എങ്കിൽ അത് എളുപ്പമല്ലെന്ന് നിങ്ങൾ കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ അക്ഷരീയമായോ ആലങ്കാരികമായോ മറെറാരാളുടെ കാൽചുവടുകളെ അടുത്തു പിന്തുടരുന്നത് ഒരു യഥാർത്ഥ വെല്ലുവിളിയാണ്. എന്നിരുന്നാലും നാം നമ്മെത്തന്നെ ക്രിസ്ത്യാനികളെന്നു വിളിച്ചുകൊണ്ട് അതുതന്നെ ചെയ്യാൻ, ക്രിസ്തുവിന്റെ കാൽചുവടുകളെ പിന്തുടരാൻ, ഉള്ള നമ്മുടെ ആഗ്രഹത്തെ നാം സൂചിപ്പിച്ചിരിക്കുന്നു.
2 ഈ വെല്ലുവിളിയെ വിജയപ്രദമായി നേരിടുന്നതിനുള്ള ശ്രമം ചെലുത്താൻ നിങ്ങൾ സന്നദ്ധരാണോ? അതിലുപരി, എന്തു വന്നാലും, അങ്ങനെ ചെയ്യാൻ നിങ്ങൾ ദൃഢനിശ്ചയംചെയ്തിരിക്കുന്നുവോ? അങ്ങനെയെങ്കിൽ അക്ഷരീയ കാൽചുവടുകളെ പിന്തുടരുന്നതിന്റെ പ്രയാസങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നത് നിങ്ങളെ ക്രിസ്തുവിന്റെ ആലങ്കാരിക കാൽചുവടുകളെ പിന്തുടരുന്നതിൽ കൂടുതൽ വിജയപ്രദരാക്കും.
പൊരുത്തപ്പെടാൻ പഠിക്കുക
3. മറെറാരാളുടെ കാൽചുവടുകളെ പിൻതുടരുന്നത് ആദ്യം അസ്വാഭാവികമായി തോന്നുന്നതെന്തുകൊണ്ട്?
3 ഓരോരുത്തർക്കും നടപ്പിന് വ്യതിരിക്തമായ രീതിയുണ്ട്. ദൃഷ്ടാന്തമായി ചുവടുകൾ തമ്മിലുള്ള ദൈർഘ്യം വ്യക്തികൾക്കു തമ്മിൽ വ്യത്യാസമുണ്ട്. ഒരു വ്യക്തി തന്റെ പാദങ്ങൾ വെക്കുന്ന കോണത്തിലും വ്യത്യാസമുണ്ട്. അയാളുടെ പെരുവിരലുകൾ നേരേ മുമ്പോട്ടു ചൂണ്ടിയേക്കാം, അല്ലെങ്കിൽ ഒരു കോണത്തിൽ അവ അകത്തോട്ടോ പുറത്തോട്ടോ തിരിഞ്ഞിരിക്കാം. സാദ്ധ്യതയനുസരിച്ച് ഒരു പാദത്തിന് മറേറതിലും കൂടുതൽ തിരിവുമുണ്ടാകാം. വെല്ലുവിളി നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? മറെറാരാളുടെ കാൽചുവടുകൾ അടുത്തു പിന്തുടരുന്നതിന് നിങ്ങൾ പാദങ്ങൾ വെക്കുന്നതിന്റെ അകലവും പാദസ്ഥാനവും മറേറയാളിന്റേതിനോടു പൊരുത്തപ്പെടുത്തണം. ആദ്യം ഇത് അസ്വാഭാവികമായി തോന്നും, എന്നാൽ അതു ചെയ്യേണ്ടിയിരിക്കുന്നു. മററു പോംവഴിയില്ല.
4. യേശുവിന്റെ കാൽചുവടുകളെ പിന്തുടരുന്നത് ഒരു പ്രത്യേക വെല്ലുവിളിയായിരിക്കുന്നതെന്തുകൊണ്ട്?
4 ആലങ്കാരികമായി പറഞ്ഞാൽ ക്രിസ്തുവിന്റെ നടപ്പിന്റെ രീതി അനുപമമായിരുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ സമകാലീനരുടെ ഇടയിൽ അവൻ മാത്രമേ “പാപം അറിയാത്ത” ഒരു പൂർണ്ണമനുഷ്യനായിട്ടുണ്ടായിരുന്നുള്ളു. (2 കൊരിന്ത്യർ 5:21) മനുഷ്യർ പ്രകൃത്യാ അപൂർണ്ണരായ പാപികളായതുകൊണ്ട് യേശുവിന്റെ കാൽചുവടുകളിലുള്ള നടപ്പ് അവരുടെ സാധാരണ നടപ്പുരീതിയല്ല. പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികളെ ഇത് ഓർപ്പിച്ചുകൊണ്ട് പറഞ്ഞു: “എന്തെന്നാൽ നിങ്ങൾ ഇപ്പോഴും ജഡികരാണ്. എന്തെന്നാൽ നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവുമുള്ളതുകൊണ്ട് നിങ്ങൾ ജഡികരും മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?” അസൂയക്കും പിണക്കത്തിനുമുള്ള പ്രവണത, “ജഡത്തിന്റെ പ്രവൃത്തികൾ,” അപൂർണ്ണമനുഷ്യർക്കു സാധാരണമാണ്. എന്നാൽ യേശു സ്നേഹത്തിന്റെ വഴിയിൽ നടന്നു, “സ്നേഹം അസൂയയുള്ളതല്ല, . . . പ്രകോപിതമാകുന്നില്ല.” അതുകൊണ്ട് ക്രിസ്തുവിന്റെ കാൽചുവടുകളിലുള്ള നടപ്പ് കേവലം ഒരു അപൂർണ്ണമമനുഷ്യന്റെ കാൽചുവടുകളിലുള്ള നടപ്പിനെക്കാൾ വലിയ വെല്ലുവിളിയാണ്.—1 കൊരിന്ത്യർ 3:3; 13:4, 5; ഗലാത്യർ 5:19, 20; എഫേസ്യർ 5:2, 8 കൂടെ കാണുക.
5, 6. (എ) അനേകർ ക്രിസ്തുവിന്റെ കാൽചുവടുകളെ പിൻതുടരുന്നതിൽ പരാജയപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്, എന്തു ബുദ്ധിയുപദേശം നൽകാൻ ഇത് പൗലോസിനെ നയിച്ചു? (ബി) ഇന്ന് ആളുകൾ ക്രിസ്തുവിന്റെ കാൽചുവടുകളിൽ നടക്കാൻ പ്രോൽസാഹിപ്പിക്കപ്പെടുന്നതെങ്ങനെ, അവർക്ക് എന്തു ഫലമുണ്ടാകുന്നു?
5 അപൂർണ്ണതക്കു പുറമേ, ദൈവേഷ്ടത്തെ സംബന്ധിച്ച അജ്ഞതയും ക്രിസ്തുവിന്റെ കാൽചുവടുകളിൽ നടക്കുന്നതിൽനിന്ന് ഒരു വ്യക്തിയെ തടഞ്ഞേക്കാം. “ജനതകൾ തങ്ങളിലുള്ള അജ്ഞതനിമിത്തം, മാനസികമായി ഇരുട്ടിലായിരിക്കവേ, അവരുടെ ഹൃദയങ്ങളുടെ സംവേദനമില്ലായ്മ നിമിത്തം, ദൈവത്തിന്റേതായ ജീവനിൽനിന്ന് അന്യപ്പെട്ട് തങ്ങളുടെ മനസ്സിന്റെ നിഷ്പ്രയോജനത്വത്തിൽ നടക്കുന്നതുപോലെ നടക്കാതിരിക്കാൻ” പൗലോസ് എഫേസ്യ ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചു.—എഫേസ്യർ 4:17, 18.
6 ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുള്ള അജ്ഞതയിൽ മാനസികമായ ഇരുട്ടിൽ നിഷ്പ്രയോജനകരങ്ങളായ ലക്ഷ്യങ്ങൾ തേടുന്ന സംവേദനമില്ലാത്ത ഹൃദയങ്ങളാൽ പ്രേരിതമായി സാധാരണരീതിയിൽ നടക്കുന്നതു നിർത്താൻ ആളുകൾ ഇന്ന് രാജ്യപ്രസംഗവേല മുഖാന്തരം പ്രോൽസാഹിപ്പിക്കപ്പെടുകയാണ്. ക്രിസ്തുവിന്റെ പൂർണ്ണതയുള്ള ദൃഷ്ടാന്തത്തോട് അനുരൂപപ്പെടാൻ അവർ പ്രോൽസാഹിപ്പിക്കപ്പെടുകയാണ്, “അവനോടുള്ള ഐക്യത്തിൽ നടന്നുകൊണ്ടും” അങ്ങനെ “സകല ചിന്തയേയും ക്രിസ്തുവിനോടുള്ള അനുസരണത്തിൽ വരുത്താൻ അടിമപ്പെടുത്തിക്കൊണ്ടും”തന്നെ. (കൊലോസ്യർ 2:6, 7; 2 കൊരിന്ത്യർ 10:5) ഈ വെല്ലുവിളിയെ നേരിടാൻ മനസ്സുള്ള ആളുകൾ തങ്ങളുടെ വിശ്വാസത്തിൽ സ്ഥിരീകരിക്കപ്പെടുന്നു. അവർ ക്രിസ്തു നടന്ന വഴിയെ നടക്കുന്നതു ശീലമാക്കുമ്പോൾ അത് അവർക്ക് ക്രമാനുഗതമായി എളുപ്പമായിത്തീരുന്നു.
7. മിക്കപ്പോഴും ഒരു വെല്ലുവിളിയാണെങ്കിലും യേശുവിന്റെ കാൽചുവടുകളെ പിന്തുടരുക സാദ്ധ്യമാണെന്നുള്ളതിന് നമുക്കെന്തുറപ്പുണ്ട്?
7 എന്നിരുന്നാലും അത് മിക്കപ്പോഴും ഒരു വെല്ലുവിളിയാണ്. ഒരു പൂർണ്ണജീവിയും ഒരു അപൂർണ്ണജീവിയും തമ്മിലുള്ള വ്യത്യാസം വലുതാണ്. അതുകൊണ്ട് അപൂർണ്ണസൃഷ്ടികൾ ഒരു പൂർണ്ണദൃഷ്ടാന്തത്തെ പിൻതുടരാൻ ശ്രമിക്കുന്നതിന് വലിയ മാററങ്ങൾ വരുത്തണം. ഒരുപക്ഷേ പൈതൃകത്താലോ പരിതഃസ്ഥിതിയാലോ ചില ആളുകൾക്ക് ഒരു ക്രിസ്തീയ ജീവിതരീതിയോടു പൊരുത്തപ്പെടുന്നത് മററുള്ളവരേക്കാൾ പ്രയാസമാണ്. എന്നാൽ തീവ്രശ്രമം നടത്താൻ യഥാർത്ഥത്തിൽ മനസ്സുള്ള ഏതൊരാൾക്കും അതു ചെയ്യാൻ കഴിയുമെന്ന് യഹോവ നമുക്കുറപ്പു നൽകുന്നു. “എനിക്കു ബലംനൽകുന്നവൻ ഹേതുവായി എനിക്ക് സകലത്തിനും ശക്തിയുണ്ട്” എന്നു പൗലോസ് പറഞ്ഞു. (ഫിലിപ്യർ 4:13; 2 കൊരിന്ത്യർ 4:7; 12:9 കൂടെ കാണുക.) സകല ക്രിസ്ത്യാനികളെയും സംബന്ധിച്ച് അതു സത്യമാണ്.
ശ്രദ്ധിക്കുക
8, 9. (എ) ആരുടെയെങ്കിലും കാൽചുവടുകളെ പിന്തുടരുമ്പോൾ പതറാത്ത ശ്രദ്ധയും ശക്തമായ കേന്ദ്രീകരണവും ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി ഏതു ബൈബിൾ ബുദ്ധിയുപദേശം അനുസരിക്കുന്നത് യേശുവിന്റെ കാൽചുവടുകളെ വിട്ട് നാം അലഞ്ഞുതിരിയുന്നതിനെ തടയും?
8 നാം എവിടെ ചവിട്ടുന്നുവെന്ന് സൂക്ഷ്മമായി നോക്കാതെ നമുക്ക് അക്ഷരീയ ചുവടുകളെ പിന്തുടരുക സാദ്ധ്യമല്ല. നമ്മുടെ ചുററും നടക്കുന്ന കാര്യങ്ങളിലോ മററു കാര്യങ്ങളിലോ ശ്രദ്ധപതിപ്പിച്ചുകൊണ്ട് നമ്മുടെ കണ്ണുകൾ അലഞ്ഞുതിരിയുന്നുവെങ്കിൽ നാം ഏതെങ്കിലുമൊരു സമയത്ത് ഒരു തെററായ ചുവടു വെക്കുകതന്നെ ചെയ്യും. പതറൽ കൂടാതെ ശ്രദ്ധിക്കുകയും തീവ്രമായി കേന്ദ്രീകരിക്കുകയും ചെയ്യാത്ത പക്ഷം നാം പിന്തുടരുന്ന കാൽചുവടുകളിൽനിന്ന് നാം മാറിപ്പോകും. അങ്ങനെ എപ്പോഴും ജാഗ്രതപുലർത്തേണ്ട ആവശ്യമുണ്ട്, വിശേഷിച്ച് പെട്ടെന്നുള്ള ശബ്ദങ്ങളോ അപ്രതീക്ഷിത ശല്യങ്ങളോ ചെയ്യുന്ന ജോലിയിൽനിന്ന് നമ്മുടെ മനസ്സിനെ അകററിയേക്കാവുന്ന സമയത്ത്.—ഇയ്യോബ് 18:10, 11 താരതമ്യപ്പെടുത്തുക.
9 ഒരു ആലങ്കാരിക വിധത്തിലും യേശുവിന്റെ കാൽചുവടുകളെ പിന്തുടരുന്നവരെ സംബന്ധിച്ച് ഇത് സത്യമാണ്. തങ്ങളുടെ ഹൃദയങ്ങൾ “അതിഭക്ഷണത്താലും ഭാരിച്ച കുടിയാലും ജീവിതോൽക്കൺഠകളാലും ഭാരപ്പെടാതിരിക്കാൻ” തങ്ങൾക്കുതന്നെ സൂക്ഷ്മശ്രദ്ധകൊടുക്കാൻ യേശു തന്റെ അനുഗാമികൾക്ക് മുന്നറിയിപ്പു കൊടുത്തു. (ലൂക്കോസ് 21:34) യേശുവിന്റെ കാൽചുവടുകളിൽനിന്ന് നമ്മുടെ കണ്ണുകളെ നാം മാററാനിടയാക്കുന്നതിന് സാത്താൻ ഈ അനുദിന ശല്യങ്ങളെ ഉപയോഗിക്കുന്നു. എതിർപ്പ്, രോഗം, സാമ്പത്തികതിരിച്ചടികൾ, എന്നിങ്ങനെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് ജാഗ്രതയില്ലാത്തപ്പോൾ നമ്മെ പിടികൂടാൻ സാത്താൻ വേഗതയുള്ളവനാണ്. “നാം ഒരിക്കലും ഒഴുകിപ്പോകാതിരി”ക്കുന്നുവെന്നു തിട്ടപ്പെടുത്താൻ “കേട്ട കാര്യങ്ങൾക്ക് നാം സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടു”ക്കണം. മററു വാക്കുകളിൽ പറഞ്ഞാൽ നാം ക്രിസ്തുവിന്റെ കാൽചുവടുകളിൽ നമ്മുടെ കണ്ണുകൾ പൂർവ്വാധികം സൂക്ഷ്മമായി കേന്ദ്രീകരിക്കേണ്ടതാണ്.—എബ്രായർ 2:1; 1 യോഹന്നാൻ 2:15-17 കൂടെ കാണുക.
വ്യതിചലിക്കരുത്
10. (എ) കാൽപാടുകളുടെ വ്യത്യസ്തനിരകൾ പരസ്പരം കുറുകെ കടക്കുമ്പോൾ എന്ത് അപകടം സ്ഥിതിചെയ്യുന്നു? (ബി) ഒരു ആത്മീയാർത്ഥത്തിൽ തെററായ കാൽചുവടുകളെ പിന്തുടരുന്നതിന്റെ പരിണതഫലങ്ങൾ ഗൗരവമുള്ളതായിരിക്കുന്നതെന്തുകൊണ്ട്?
10 ജനബാഹുല്യമുള്ള ഒരു കടൽത്തീരത്ത് നനവുള്ള മണ്ണിൽ പല കാൽപാടുകളുടെ നിരകൾ ഉണ്ടായിരിക്കാം. പല കാൽപാടുകളുടെ നിരകൾ നാം പിന്തുടരുന്നതിനു കുറുകെ കടന്നേക്കാം. പല കാൽപാടുകൾ കുറഞ്ഞപക്ഷം ബാഹ്യമായിട്ടെങ്കിലും ഒരുപോലെ കാണപ്പെട്ടേക്കാം. നാം ശരിയായവയെ പിന്തുടരുന്നുവെന്നു തിട്ടപ്പെടുത്തുന്നത് എത്ര ജീവൽപ്രധാനമാണ്! അതല്ലെങ്കിൽ നാം തെററായ ദിശയിൽ പോകാൻ വഴിതെററിക്കപ്പെട്ടേക്കാം. ഒരു ആത്മീയാർത്ഥത്തിൽ ഇതിന് ഗുരുതരമായ പരിണതഫലങ്ങളുണ്ടായിരിക്കാം. ശരിയായതെന്നു തോന്നുന്നതെങ്കിലും യഥാർത്ഥത്തിൽ ശരിയല്ലാത്തതിനെ പിന്തുടരുന്നതിന്റെ അപകടം ഈ മുന്നറിയിപ്പു നൽകുന്ന സദൃശവാക്യത്തിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നു: “ഒരു മമനുഷ്യന്റെ മുമ്പാകെ ചൊവ്വുള്ള ഒരു വഴി സ്ഥിതിചെയ്യുന്നു, എന്നാൽ പിന്നീട് അതിന്റെ അവസാനം മരണവഴികളാണ്.”—സദൃശവാക്യങ്ങൾ 16:25.
11. പൗലോസ് ആദിമക്രിസ്ത്യാനികൾക്ക് എന്തു മുന്നറിയിപ്പു കൊടുത്തു, ഇത് ഇന്ന് ആർക്ക് ദൃഷ്ടാന്തംവെക്കുകയായിരുന്നു?
11 വളരെ യഥാർത്ഥമായ ഈ അപകടം നിമിത്തം ആദിമ ക്രിസ്തീയ സഭയിലെ തന്റെ സഹോദരൻമാർക്ക് മുന്നറിയിപ്പുകൊടുക്കാൻ പൗലോസിനു നിർബന്ധംതോന്നി: “നിങ്ങളെ ക്രിസ്തുവിന്റെ അനർഹദയയാൽ വിളിച്ചവനിൽനിന്ന് നിങ്ങൾ ഇത്ര പെട്ടെന്ന് മറെറാരു തരം സുവാർത്തയിലേക്ക് മാററപ്പെടുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. . . . നിങ്ങൾക്ക് കുഴപ്പംസൃഷ്ടിക്കുന്നവരും ക്രിസ്തുവിനെക്കുറിച്ചുള്ള സുവാർത്തയെ ദുഷിപ്പിക്കാനാഗ്രഹിക്കുന്നവരുമായ ചിലരുണ്ട്. . . . നിങ്ങൾ സ്വീകരിച്ചതിനതീതമായി എന്തെങ്കിലും സുവാർത്തയായി നിങ്ങളോടു ഘോഷിക്കുന്നവൻ ആരായാലും അവൻ ശപിക്കപ്പെട്ടവനായിരിക്കട്ടെ.” (ഗലാത്യർ 1:6-9) പൗലോസിന്റെ ദൃഷ്ടാന്തത്തിനനുയോജ്യമായി യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ഇന്ന് വിശ്വാസത്യാഗികളെക്കുറിച്ചും കൃത്രിമകാൽപ്പാടുകൾ വിട്ടേക്കുന്നവരായ കള്ളസഹോദരൻമാരെക്കുറിച്ചും നമുക്കു മുന്നറിയിപ്പു നൽകുന്നു. സത്യക്രിസ്ത്യാനികൾ ദൈവനിർദ്ദേശപ്രകാരം ക്രിസ്തു തങ്ങളുടെ മുമ്പാകെ വെച്ച പാതയിൽനിന്നു വ്യതിചലിക്കാനാഗ്രഹിക്കുന്നില്ല.—സങ്കീർത്തനം 44:18.
12. (എ) കൃത്രിമകാൽചുവടുകൾ പിന്തുടരാൻ വഴിതെററിക്കപ്പെടുന്നതൊഴിവാക്കാൻ 2 തിമൊഥെയോസ് 1:13-ന് നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും? (ബി) മററുതരം സുവാർത്തകളുടെ സ്വഭാവമെന്താണ്?
12 ക്രിസ്തുവിന്റെ കാൽപാടുകളെ തിരിച്ചറിയിക്കുന്ന അടയാളങ്ങൾക്ക് സൂക്ഷ്മശ്രദ്ധ കൊടുക്കുന്നതിനാൽ നാം വഴിതെററിക്കപ്പെടുന്നതൊഴിവാക്കുന്നു. യേശുവിനെയും അവന്റെ ഉപദേശങ്ങളെയും ക്രിസ്തീയസഭ പ്രവർത്തിക്കുന്ന വിധത്തെയും കുറിച്ചുള്ള സൂക്ഷ്മമായ അറിവ് “ക്രിസ്തുവിനെക്കുറിച്ചുള്ള സുവാർത്തയെ ദുഷിപ്പിക്കുന്ന”വരിൽനിന്നു നമ്മെ സംരക്ഷിക്കുന്ന “ആരോഗ്യാവഹമായ വചനങ്ങളുടെ മാതൃക”യെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. (2 തിമൊഥെയോസ് 1:13) മററുതരം സുവാർത്തകൾ—യഥാർത്ഥത്തിൽ കൃത്രിമകാൽപ്പാടുകൾ—ആ സത്യത്തിന്റെ മാതൃകയോടു യോജിക്കാതിരിക്കുന്നു. അവ ചിത്രത്തെ ഏകത്ര കേന്ദ്രീകരിക്കാതെ ദുഷിപ്പിക്കുന്നു. അടിസ്ഥാന ബൈബിൾ സത്യങ്ങളെയും തത്വങ്ങളെയും വ്യക്തമാക്കുന്നതിനുപകരം അവർ അവക്കു എതിരായതു പറയുന്നു. യഹോവയുടെ സേവനത്തിലെ വർദ്ധിച്ച പ്രവർത്തനത്തിനു നമ്മെ പ്രോൽസാഹിപ്പിക്കുന്നതിനു പകരം അവ മന്ദീഭവിക്കുന്നതിനനുകൂലമായി വാദിക്കുന്നു. അവരുടെ സന്ദേശം ക്രിയാത്മകമല്ല, അത് യഹോവയുടെ നാമത്തെയും സ്ഥാപനത്തെയും മഹത്വീകരിക്കുന്നില്ല. അത് നിഷേധാത്മകവും കുററം കണ്ടുപിടിക്കാൻ ദുർവാസനയുള്ളതും വിമർശനാത്മകവുമാണ്. ഏററവും തീർച്ചയായി നാം പിന്തുടരാനാഗ്രഹിക്കുന്ന കാൽചുവടുകൾ ഇവയല്ല.
ഉചിതമായ ഗതിവേഗം നിലനിർത്തുക
13. നാം ആരുടെയെങ്കിലും കാൽചുവടുകളെ പിന്തുടരുമ്പോൾ ഗതിവേഗം ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
13 നാം നടക്കുമ്പോൾ ചുവടുകളുടെ അകലം നിശ്ചയിക്കുന്നത് ഭാഗികമായി നമ്മുടെ നടപ്പിന്റെ വേഗതയാണ്. പൊതുവേ പറഞ്ഞാൽ നമ്മുടെ നടപ്പിന്റെ വേഗത കൂടുന്നതനുസരിച്ച് ചുവടുകൾതമ്മിലുള്ള അകലം കൂടുന്നു; സാവധാനത്തിലാകുന്നതനുസരിച്ച് അതു കുറയുന്നു. അങ്ങനെ, നമ്മുടെ വേഗതയെ മറെറാരാളുടേതിനോടു അനുയോജിപ്പിക്കുന്നുവെങ്കിൽ അയാളുടെ അക്ഷരീയ കാൽചുവടുകളെ പിന്തുടരുന്നത് ഏറെ എളുപ്പമായിരിക്കും. അതുപോലെ, നമ്മുടെ നേതാവായ യേശുക്രിസ്തുവിന്റെ ആലങ്കാരികകാൽചുവടുകളിലൂടെ വിജയപ്രദമായി നടക്കുന്നതിന് നാം അവന്റെ ഗതിവേഗം നിലനിർത്തണം.
14. (എ) ഏതു വിധങ്ങളിൽ നാം യേശുവിനോടൊപ്പം നടക്കാതിരുന്നേക്കാം? (ബി) “വിശ്വസ്തനും വിവേകിയുമായ അടിമയെ”ക്കാൾ വേഗത്തിൽ പോകാൻ ശ്രമിക്കുന്നത് മൗഢ്യമായിരിക്കുന്നതെന്തുകൊണ്ട്?
14 ക്രിസ്തുവിന്റെ ഒപ്പം ഗതിവേഗം നിലനിർത്താത്തതിന് രണ്ടിലൊന്നിനെ അർത്ഥമാക്കാൻ കഴിയും. ഒന്നുകിൽ യഹോവയുടെ ഉദ്ദേശ്യം നിറവേററുന്നതിന് യേശു ഉപയോഗിക്കുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ”യ്ക്കു മുമ്പിലോടി ഏറെ വേഗത്തിൽ പോകാൻ നാം ശ്രമിക്കുന്നു, അല്ലെങ്കിൽ ആ ‘അടിമ’യുടെ നിർദ്ദേശം പിന്തുടരുന്നതിൽ നാം പിന്നോക്കം നിൽക്കുന്നു. (മത്തായി 24:45-47) ആദ്യത്തേതിന്റെ ദൃഷ്ടാന്തമെന്ന നിലയിൽ ചില ക്രിസ്ത്യാനികൾ കഴിഞ്ഞ കാലങ്ങളിൽ ആവശ്യമുള്ളതെന്നും വൈകിപ്പോയതെന്നും അവർ വിചാരിച്ച ഉപദേശപരമോ സംഘടനാപരമോ ആയ മാററങ്ങൾ അല്ലെങ്കിൽ പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് അവർ അക്ഷമരായിത്തീർന്നിട്ടുണ്ട്. കാര്യങ്ങൾ വേണ്ടത്ര വേഗത്തിൽ നടക്കുന്നില്ലെന്നു വിചാരിച്ചതുകൊണ്ട് ഭഗ്നാശരായി അവർ യഹോവയുടെ ജനത്തിൽനിന്നു പിൻമാറി. എത്ര മൗഢ്യം! എന്തോരു ഹ്രസ്വദൃഷ്ടിയും! മിക്കപ്പോഴും അവരെ അസ്വസ്ഥരാക്കിയ കാര്യംതന്നെ പിന്നീട്—യഹോവയുടെ തക്കസമയത്ത്—മാററപ്പെട്ടിട്ടുണ്ട്.—സദൃശവാക്യങ്ങൾ 19:2; സഭാപ്രസംഗി 7:8, 9.
15. ദാവീദുരാജാവും യേശുവും ഉചിതമായ ഗതിവേഗം പാലിക്കുന്നതിന്റെ നല്ല ദൃഷ്ടാന്തങ്ങളായിരുന്നതെങ്ങനെ?
15 ജ്ഞാനമാർഗ്ഗം കാര്യങ്ങൾ നീങ്ങേണ്ട ഗതിവേഗം ആജ്ഞാപിക്കാൻ ശ്രമിക്കുന്നതിനു പകരം പ്രവർത്തിക്കാൻ യഹോവക്കുവേണ്ടി കാത്തിരിക്കുന്നതാണ്. പുരാതന ദാവീദ്രാജാവ് ഒരു ശരിയായ ദൃഷ്ടാന്തം വെച്ചു. തനിക്കു രാജത്വം നൽകാനുള്ള യഹോവയുടെ തക്ക സമയത്തിനു മുൻപ് അത് പിടിച്ചുപററാനുള്ള ഒരു ശ്രമത്തിൽ ശൗൽരാജാവിനെതിരെ ഗൂഢാലോചന നടത്താൻ അവൻ വിസമ്മതിച്ചു. (1 ശമുവേൽ 24:1-15) അതുപോലെതന്നെ, “ദാവീദുപുത്രനായ” യേശു തന്റെ സ്വർഗ്ഗീയരാജത്വത്തിലേക്കു പൂർണ്ണമായി പ്രവേശിക്കുന്നതിന് താൻ കാത്തിരിക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയിരുന്നു. തനിക്കു ബാധകമാകുന്ന പ്രാവചനിക വചനം അവനറിയാമായിരുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക് ഒരു പീഠമെന്നപോലെ ആക്കിവെക്കുന്നതുവരെ എന്റെ വലതുഭാഗത്തിരിക്കുക.” അതുകൊണ്ട് ഒരു കൂട്ടം യഹൂദൻമാർ “അവനെ രാജാവാക്കാൻ പിടികൂടുന്നതിന്” ആഗ്രഹിച്ചപ്പോൾ യേശു പെട്ടെന്നു പിൻമാറി. (മത്തായി 21:9; സങ്കീർത്തനം 110:1; യോഹന്നാൻ 6:15) ഏതാണ്ട് 30 വർഷം കഴിഞ്ഞ് എബ്രായർ 10:12, 13 അനുസരിച്ച് യേശു പിന്നെയും അവന്റെ രാജത്വത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. യഥാർത്ഥത്തിൽ, 1914-ലെ ദൈവരാജ്യസ്ഥാപനംവരെ അതിന്റെ അവകാശമുള്ള രാജാവെന്നനിലയിൽ അവരോധിക്കപ്പെടുന്നതിനു മുൻപ് അവൻ ഏതാണ്ട് 19 നൂററാണ്ടുകളോളം കാത്തിരുന്നു.
16. (എ) നാം നീങ്ങേണ്ടതിലും സാവധാനത്തിൽ എങ്ങനെ നീങ്ങിയേക്കാമെന്ന് ചിത്രീകരിക്കുക. (ബി) യഹോവയുടെ ക്ഷമയുടെ ഉദ്ദേശ്യമെന്ത്, നാം ക്ഷമയെ ദുരുപയോഗപ്പെടുത്തുന്നതിനെ എങ്ങനെ ഒഴിവാക്കണം?
16 എന്നിരുന്നാലും ഉചിതമായ വേഗത നിലനിർത്തുന്നതിൽ പരാജയപ്പെടുന്നത് മന്ദീഭവിക്കുന്നതിനെ, പിന്നോക്കം നിൽക്കുന്നതിനെ കൂടെ അർത്ഥമാക്കിയേക്കാം. അങ്ങനെ, നമ്മുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തേണ്ടതാണെന്ന് ദൈവവചനം സൂചിപ്പിക്കുമ്പോൾ നാം താമസംവിനാ പ്രവർത്തിക്കുന്നുവോ? അതോ ദൈവം ക്ഷമയുള്ളവനായതുകൊണ്ട് പിന്നീട് കുറേക്കൂടെ എളുപ്പമായിരിക്കുമെന്നു ആശിച്ചുകൊണ്ട് അങ്ങനെയുള്ള മാററങ്ങൾ വരുത്തുന്നത് നീട്ടിവെക്കാമെന്ന് നാം വാദിക്കുന്നുവോ? യഹോവ ക്ഷമയുള്ളവനാണെന്നുള്ളതു സത്യംതന്നെ. എന്നാൽ ഇത് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിന് നാം അമാന്തിക്കുന്നതിനുവേണ്ടിയല്ല. പകരം, “ആരും നശിപ്പിക്കപ്പെടാൻ അവൻ ആഗ്രഹിക്കാതെ എല്ലാവരും അനുതാപത്തിലെത്താൻ ആഗ്രഹിക്കുന്നതുകൊണ്ട് അവൻ നിങ്ങളോട് ക്ഷമയുള്ളവനാണ്.” (2 പത്രോസ് 3:9, 15) അപ്പോൾ, “ഞാൻ ധൃതികൂട്ടി, നിന്റെ കൽപ്പനകൾ അനുസരിക്കാൻ ഞാൻ താമസിച്ചില്ല” എന്നു പറഞ്ഞ സങ്കീർത്തനക്കാരനെ അനുകരിക്കുന്നത് എത്രയോ മെച്ചം?—സങ്കീർത്തനം 119:60.
17. ഉചിതമായ ഗതിവേഗം നിലനിർത്തുന്നതിന് രാജ്യപ്രസംഗവുമായി എന്തു ബന്ധമുണ്ട്, ഇത് നമ്മോടുതന്നെ എന്തു ചോദ്യം ചോദിക്കുന്നതിലേക്കു നമ്മെ നയിക്കുന്നു?
17 പിന്നോക്കം പോകുന്നതിൽ രാജ്യപ്രസംഗവും ഉൾപ്പെട്ടിരിക്കാം. മത്തായി 25 അനുസരിച്ച് യേശു ഇപ്പോൾ “ചെമ്മരിയാടുകളെ” “കോലാടുകളിൽ”നിന്നു വേർതിരിച്ചുകൊണ്ട് മനുഷ്യവർഗ്ഗത്തെ ന്യായം വിധിക്കുകയാണ്. അധികമായും “രാജ്യത്തിന്റെ ഈ സുവാർത്ത”യുടെ പ്രസംഗം മുഖേനയാണ് ഇത് നിർവഹിക്കപ്പെടുന്നത്. (മത്തായി 24:14; 25:31-33; വെളിപ്പാട് 14:6, 7) ഈ വേർതിരിക്കൽ വേല നിർവഹിക്കുന്നതിന് നൽകപ്പെട്ടിരിക്കുന്ന സമയം അവശ്യം പരിമിതമാണ്. (മത്തായി 24:34) ലഭ്യമായിരിക്കുന്ന സമയം അവസാനത്തോടടുക്കുമ്പോൾ യേശു വേല ത്വരിതപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ അവൻ ദൈവത്തിന്റെ ഒരു ഉപകരണമായി പ്രവർത്തിക്കുകയാണ്. കൂട്ടിച്ചേർക്കൽ വേലയേക്കുറിച്ച് സംസാരിക്കവേ അവൻ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “യഹോവയായ ഞാൻതന്നെ അതിന്റെ സ്വന്തം സമയത്ത് അതിനെ ത്വരിതപ്പെടുത്തും.” (യെശയ്യാവ് 60:22) ദൈവപുത്രന്റെ കാൽചുവടുകളെ അടുത്തു പിൻതുടരുന്ന ദൈവത്തിന്റെ സഹപ്രവർത്തകർ എന്ന നിലയിൽ നാം നമ്മുടെ ശാരീരികസാഹചര്യവും തിരുവെഴുത്തുപരമായ ഉത്തരവാദിത്തങ്ങളും അനുവദിക്കുന്ന അളവോളം രാജ്യപ്രസംഗത്തിന്റെ ഗതിവേഗം ത്വരിതപ്പെടുത്തുന്നുണ്ടോ? ദശലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ അതു ചെയ്യുന്നുണ്ടെന്ന് വയൽസേവന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമിതവിശ്വാസം ഉപേക്ഷിക്കുക, നിരുൽസാഹത്തോടു പോരാടുക
18. ഒരു വ്യക്തി അമിതവിശ്വാസമുള്ളവനായേക്കാവുന്നതെന്തുകൊണ്ട്, ബൈബിൾ ഈ അപകടത്തെക്കുറിച്ച് എങ്ങനെ മുന്നറിയിപ്പു നൽകുന്നു?
18 മററാരുടെയെങ്കിലും കാൽചുവടുകളെ പിന്തുടരുന്നതിൽ നാം എത്ര ദീർഘമായി പിടിച്ചുനിൽക്കുന്നുവോ അത്രക്ക് അയാളുടെ നടപ്പിന്റെ രീതി നമുക്കു ശീലമാകും. എന്നിരുന്നാലും നാം അലംഭാവമുള്ളവരായിത്തീരുന്നുവെങ്കിൽ ഏതെങ്കിലുമൊരു സമയത്ത് നാം ഒരു പിഴച്ച ചുവടു വെക്കും. അങ്ങനെ യേശുവിന്റെ ആലങ്കാരിക ചുവടുകളെ പിൻതുടരുമ്പോൾ നമ്മുടെ സ്വന്തം ശക്തിയിലും പ്രാപ്തികളിലും അശ്രദ്ധമായി ആശ്രയിച്ചുകൊണ്ടും നാം അവന്റെ പൂർണ്ണതയുള്ള നടപ്പിൻരീതി വശമാക്കിയെന്നു വിചാരിച്ചുകൊണ്ടും അമിതവിശ്വാസം പുലർത്തുന്നതിന്റെ അപകടത്തെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ലൂക്കോസ് 22:54-62-ൽ രേഖപ്പെടുത്തിയിരിക്കുന്ന പത്രോസിന്റെ അനുഭവം ഒരു കാലോചിതമുന്നറിയിപ്പായി ഉതകുന്നു. അത് 1 കൊരിന്ത്യർ 10:12-ന്റെ സത്യതയെയും ദൃഢീകരിക്കുന്നു. അത് “നിൽക്കുന്നുവെന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ” എന്നു പറയുന്നു.
19. (എ) വല്ലപ്പോഴും ഓരോ ക്രിസ്ത്യാനിക്കും എന്തു സംഭവിക്കുന്നു? (യാക്കോബ് 3:2) (ബി) റോമർ 7:19, 24-ലെ പൗലോസിന്റെ വാക്കുകളെ എങ്ങനെ വീക്ഷിക്കണം?
19 അപൂർണ്ണത നിമിത്തം ഏതു ക്രിസ്ത്യാനിയും വല്ലപ്പോഴുമൊക്കെ ഒരു തെററായ ചുവടുവെക്കും. വ്യതിചലനം മററുള്ളവർക്കു തീരെ ദൃശ്യമാകാത്തവിധം നിസ്സാരമായിരിക്കാം. അല്ലെങ്കിൽ എല്ലാവർക്കും കാണാവുന്ന പ്രകടമായ ഒരു ലക്ഷ്യംപിഴയ്ക്കലായിരിക്കാം അത്. ഏതു വിധമായാലും പൗലോസിന്റെ സത്യസന്ധമായ സമ്മതം ഓർക്കുന്നത് എത്ര ആശ്വാസകരമാണ്: “എന്തെന്നാൽ ഞാൻ ആഗ്രഹിക്കുന്ന നൻമ ഞാൻ ചെയ്യുന്നില്ല, എന്നാൽ ഞാൻ ആഗ്രഹിക്കാത്ത തിൻമയാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ അരിഷ്ടമനുഷ്യൻ!” (റോമർ 7:19, 24) തീർച്ചയായും ഈ വാക്കുകളെ തെററു ചെയ്യുന്നതിനുള്ള ഒരു ഒഴികഴിവായി വീക്ഷിക്കേണ്ടതല്ല. പകരം, അവ യേശുവിന്റെ പൂർണ്ണതയുള്ള ചുവടുകളിൽ നടക്കുന്നതിന്റെ വെല്ലുവിളിയെ നേരിടുന്നതിനുള്ള ശ്രമത്തിൽ പിടിച്ചുനിൽക്കുന്നതിനു തങ്ങളെ സഹായിച്ചുകൊണ്ട് അപൂർണ്ണതക്കെതിരായ പോരാട്ടത്തിൽ അർപ്പിതരായ ക്രിസ്ത്യാനികൾക്കുള്ള ഒരു പ്രോൽസാഹനമാണ്.
20. (എ) സദൃശവാക്യങ്ങൾ 24:16 ജീവന്റെ ഓട്ടത്തിൽ നമ്മെ സഹായിക്കുന്നതെങ്ങനെ? (ബി) നാം എന്തു ചെയ്യുന്നതിനു ദൃഢനിശ്ചയമുള്ളവരായിരിക്കണം?
20 “നീതിമാൻ ഏഴു പ്രാവശ്യംപോലും വീണേക്കാം, എന്നാൽ അവൻ തീർച്ചയായും എഴുന്നേൽക്കും” എന്ന് സദൃശവാക്യങ്ങൾ 24:16 പറയുന്നു. ജീവനുവേണ്ടിയുള്ള നമ്മുടെ ഓട്ടത്തിൽ ആരും പിൻവാങ്ങാൻ നിർബന്ധിതരാകരുത്. ഓട്ടം നൂറു വാര ഓട്ടമല്ല, സഹനം ആവശ്യമുള്ള മാരത്തോൺഓട്ടംപോലെ ആണ്. ഒരു ഹ്രസ്വദൂര ഓട്ടക്കാരന്റെ തെററായ അതിനിസ്സാര ചുവടുവെയ്പുപോലും അയാളെ പരാജയപ്പെടുത്താൻ സകല സാദ്ധ്യതയുമുണ്ട്. എന്നാൽ മാരത്തോൺ ഓട്ടക്കാരൻ തട്ടിവീണാൽപോലും എഴുന്നേററ് ഓട്ടം പൂർത്തിയാക്കാൻ സമയമുണ്ട്. അതുകൊണ്ട് വ്യക്തിപരമായ ഏതെങ്കിലും തെററായ ചുവടുവെയ്പ് നിങ്ങൾ “ഞാൻ അരിഷ്ടമനുഷ്യൻ” എന്നു നിലവിളിക്കാനിടയാക്കുമ്പോൾ നിങ്ങൾക്ക് തിരികെ വരാൻ പിന്നെയും സമയമുണ്ടെന്ന് ഓർക്കുക. നിങ്ങൾക്ക് പിന്നെയും നിങ്ങളുടെ നേതാവായ യേശുക്രിസ്തുവിനോടൊപ്പം ചുവടു വെച്ചുനീങ്ങാൻ അവസരമുണ്ട്. നിരാശക്കു കാരണമില്ല! മടുത്തു മാറാൻ കാരണമില്ല! ദിവ്യസഹായത്തോടെ ‘യേശുവിന്റെ കാൽചുവടുകളെ അടുത്തു പിൻതുടരുന്ന’തിന്റെ വെല്ലുവിളിയെ വിജയപ്രദമായി നേരിടാൻ ദൃഢനിശ്ചയം ചെയ്യുക.—1 പത്രോസ് 2:21. (w88 5/1)
ക്രിസ്ത്യാനികൾ എന്തുകൊണ്ട്
◻ പൊരുത്തപ്പെടാൻ പഠിക്കണം?
◻ പതറൽകൂടാതെ ശ്രദ്ധിക്കണം?
◻ സത്യത്തിന്റെ മാതൃക മനസ്സിൽ പിടിക്കണം?
◻ ഒരു ഉചിതമായ ഗതിവേഗം നിലനിർത്തണം?
◻ അമിതവിശ്വാസം ഒഴിവാക്കണം?
◻ നിരുൽസാഹത്തോടു പോരാടണം?
[26-ാം പേജിലെ ചിത്രം]
നീതിമാൻ തന്റെ ലക്ഷ്യത്തിൻമേൽ ദൃഷ്ടി പതിപ്പിക്കുന്നതിനാൽ തീർച്ചയായും എഴുന്നേൽക്കും