പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യം
“യഹോവ ദുഷ്ടൻമാരിൽനിന്ന് വളരെയകലെയാണ്, എന്നാൽ നീതിമാൻമാരുടെ പ്രാർത്ഥന അവൻ കേൾക്കുന്നു.”—സദൃശവാക്യങ്ങൾ 15:29.
1. ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകണമെങ്കിൽ പാലിക്കേണ്ട ഒരു വ്യവസ്ഥയെന്ത്?
യഹോവയുടെ സകല വ്യവസ്ഥകളും ജ്ഞാനപൂർവകവും നീതിപൂർവകവും സ്നേഹപൂർവകവുമാണ്. അവ യാതൊരു പ്രകാരത്തിലും ഭാരമുള്ളവയല്ല. (1 യോഹന്നാൻ 5:3) അതിൽ പ്രാർത്ഥനസംബന്ധിച്ച അവന്റെ വ്യവസ്ഥകളും ഉൾപ്പെടുന്നു. അവയിലൊന്ന് നാം നമ്മുടെ പ്രാർത്ഥനകൾക്കു ചേർച്ചയായി ജീവിക്കണമെന്നുള്ളതാണ്. നമ്മുടെ പ്രവർത്തനഗതി യഹോവയാം ദൈവത്തിനു പ്രസാദമായിരിക്കണം. അങ്ങനെയല്ലെങ്കിൽ നമ്മുടെ അപേക്ഷകളെയും അഭ്യർത്ഥനകളെയും അവൻ പ്രീതിയോടെ പരിഗണിക്കുമെന്ന് നമുക്കെങ്ങനെ പ്രതീക്ഷിക്കാൻ കഴിയും?
2, 3. യെശയ്യാവിന്റെയും യിരെമ്യാവിന്റെയും മീഖായുടെയും വാക്കുകളിൽനിന്നു കാണാവുന്നതുപോലെ യിസ്രായേല്യരുടെ പ്രാർത്ഥനകൾ യഹോവ കേൾക്കാഞ്ഞതെന്തുകൊണ്ട്?
2 ക്രൈസ്തവലോകത്തിലെ മിക്കവരാലും അവഗണിക്കപ്പെടുന്ന പ്രാർത്ഥനയുടെ ഒരു വശമാണിത്, യെശയ്യായുടെ നാളിൽ വിശ്വാസത്യാഗികളായ യിസ്രായേൽ അതിനെ അവഗണിച്ചതുപോലെതന്നെ. അതുകൊണ്ടാണ് യഹോവ തന്നെ പ്രതിനിധീകരിച്ച് പ്രവാചകൻ ഇങ്ങനെ പറയാനിടയാക്കിയത്: “നിങ്ങൾ ധാരാളം പ്രാർത്ഥിക്കുന്നുവെങ്കിലും ഞാൻ ശ്രദ്ധിക്കുന്നില്ല . . . നിങ്ങളെത്തന്നെ കഴുകുക; നിങ്ങളെത്തന്നെ വെടിപ്പാക്കുക; എന്റെ കണ്ണുകളുടെ മുമ്പിൽനിന്ന് നിങ്ങളുടെ ഇടപെടലുകളുടെ ചീത്തത്വം നീക്കംചെയ്യുക; വഷളത്വം പ്രവർത്തിക്കുന്നതു നിർത്തുക. നൻമ ചെയ്യാൻ പഠിക്കുക.” (യെശയ്യാവ് 1:15-17) അതെ ആ യിസ്രായേല്യർ ദൈവപ്രീതി ആഗ്രഹിക്കുന്നുവെങ്കിൽ അവർ അവനു പ്രസാദകരമായ ഒരു വിധത്തിൽ പ്രവർത്തിക്കണമായിരുന്നു. “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ദൈവം കേൾക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സംസാരിക്കുമ്പോൾ നിങ്ങൾ കേൾക്കേണ്ടതാണ്” എന്ന് ശരിയായിത്തന്നെ പറയപ്പെട്ടിരിക്കുന്നു.
3 യഥാർത്ഥത്തിൽ തന്റെ ജനമായ യിസ്രായേലിനെ ഈ സത്യങ്ങൾ ഓർപ്പിക്കേണ്ടതാവശ്യമാണെന്ന് യഹോവയാം ദൈവം ആവർത്തിച്ചു കണ്ടെത്തി. അതുകൊണ്ട് നാം ഇങ്ങനെ വായിക്കുന്നു: “നിയമം കേൾക്കുന്നതിൽ നിന്ന് ചെവി തിരിച്ചുകളയുന്നവൻ—അവന്റെ പ്രാർത്ഥനപോലും വെറുപ്പാണ്” ദൈവത്തിന്. “യഹോവ ദുഷ്ടൻമാരിൽനിന്ന് വളരെയകലെയാണ്, എന്നാൽ നീതിമാൻമാരുടെ പ്രാർത്ഥന അവൻ കേൾക്കുന്നു.” (സദൃശവാക്യങ്ങൾ 28:9; 15:29) ഈ സാഹചര്യം നിമിത്തം യിരെമ്യാവ് ഇങ്ങനെ വിലപിച്ചു: “പ്രാർത്ഥന കടന്നുചെല്ലാതിരിക്കേണ്ടതിന് നീ [യഹോവ] ഒരു മേഘപിണ്ഡംകൊണ്ട് നിന്നോടുള്ള സമീപനത്തെ തടഞ്ഞിരിക്കുന്നു.” (വിലാപങ്ങൾ 3:44) നിശ്വസ്തതയിൽ മീഖാ മുഖാന്തരം കൊടുത്ത മുന്നറിയിപ്പ് വാസ്തവമായി നിവർത്തിക്കപ്പെട്ടു: “അവർ സഹായത്തിനായി യഹോവയെ വിളിക്കും, എന്നാൽ അവൻ അവർക്ക് ഉത്തരം കൊടുക്കുകയില്ല. അവർ തങ്ങളുടെ ഇടപെടലുകളിൽ വഷളത്വം പ്രവർത്തിച്ചതിൻപ്രകാരം അവൻ ആ സമയത്ത് അവരിൽ നിന്ന് തന്റെ മുഖം മറയ്ക്കും.”—മീഖാ 3:4; സദൃശവാക്യങ്ങൾ 1:28-32.
4. യഹോവയുടെ ജനത്തിന്റെ ഇടയിൽപോലും ചിലർ തങ്ങളുടെ പ്രാർത്ഥനകൾക്കനുയോജ്യമായ പ്രവൃത്തികളുടെ ആവശ്യത്തെ വിലമതിക്കുന്നില്ലെന്ന് എന്തു സൂചിപ്പിക്കുന്നു?
4 അതുകൊണ്ട് നമ്മുടെ പ്രാർത്ഥനകൾക്കു ചേർച്ചയായി ജീവിക്കേണ്ടതാവശ്യമാണ്. ഈ വസ്തുത ഇന്ന് ഊന്നിപ്പറയേണ്ടത് അത്യാവശ്യമാണോ? തീർച്ചയായും, ക്രൈസ്തവലോകത്തിലെ അവസ്ഥനിമിത്തം മാത്രമല്ല, യഹോവയുടെ സമർപ്പിതജനത്തിലെ ചിലരുടെ അവസ്ഥനിമിത്തവും. കഴിഞ്ഞ വർഷത്തെ 30,00,000-ത്തിലധികമുള്ള സുവാർത്താപ്രസാധകരിൽ 37,000-ത്തിലധികം പേർ ഒരു ക്രിസ്ത്യാനിക്കു യോജിക്കാത്ത നടത്ത നിമിത്തം പുറത്താക്കപ്പെട്ടു. അത് 80 പേരിൽ ഒരാൾ എന്ന അനുപാതമാണ്. ഈ വ്യക്തികളിൽ അധികം പേരും വല്ലപ്പോഴുമെങ്കിലും പ്രാർത്ഥിച്ചിരിക്കാൻ വളരെ സാദ്ധ്യതയുണ്ട്. എന്നാൽ അവർ അവരുടെ പ്രാർത്ഥനകൾക്കനുയോജ്യമായി പ്രവർത്തിക്കുന്നുണ്ടായിരുന്നുവോ? യാതൊരു പ്രകാരത്തിലുമില്ലായിരുന്നു! ദശാബ്ദങ്ങളായി മുഴുസമയ സേവനത്തിലായിരുന്ന ചില മൂപ്പൻമാർ പോലും ഏതെങ്കിലും വിധത്തിൽ ശിക്ഷണംകൊടുക്കപ്പെട്ടവരിൽപ്പെടുന്നു. എത്ര സങ്കടകരം! വാസ്തവത്തിൽ, “നിൽക്കുന്നുവെന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ,” അവന്റെ പ്രാർത്ഥനകൾ അവന്റെ നിർമ്മാതാവിനു അസ്വീകാര്യമാക്കിത്തീർക്കുന്ന ഒരു വിധത്തിൽ പ്രവർത്തിക്കാതിരിക്കാൻതന്നെ.—1 കൊരിന്ത്യർ 10:12.
പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമായിരിക്കുന്നതിന്റെ കാരണം
5. യഹോവ നമ്മുടെ പ്രാർത്ഥനകൾക്കുത്തരം നൽകണമെങ്കിൽ നാം എങ്ങനെ നമ്മുടെ ആത്മാർത്ഥത തെളിയിക്കണം?
5 യഹോവയാം ദൈവം നമ്മുടെ പ്രാർത്ഥനകൾ കേൾക്കണമെങ്കിൽ നാം ധാർമ്മികമായും ആത്മീയമായും ശുദ്ധരായിരിക്കണമെന്നുമാത്രമല്ല, പ്രാർത്ഥിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ട് നമ്മുടെ പ്രാർത്ഥനകളുടെ ആത്മാർത്ഥത തെളിയിക്കുകയുംവേണം. പ്രാർത്ഥന മാത്രം സത്യസന്ധവും ബുദ്ധിപൂർവവുമായ ശ്രമത്തിനു പകരമായിരിക്കുന്നില്ല. തന്റെ വചനത്തിലെ ബുദ്ധിയുപദേശം ആത്മാർത്ഥമായി ബാധകമാക്കിക്കൊണ്ടും തന്റെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പനുസരിച്ചുകൊണ്ടും നമുക്കുതന്നെ ചെയ്യാൻ കഴിയുന്നത് യഹോവ നമുക്കു ചെയ്തുതരികയില്ല. നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരംനൽകാൻ ഒരു അടിസ്ഥാനമുണ്ടായിരിക്കേണ്ടതിന് ഈ കാര്യത്തിൽ നമുക്കു കഴിയുന്നതെല്ലാം ചെയ്യാൻ നാം മനസ്സുള്ളവരായിരിക്കണം. അങ്ങനെ, ഒരാൾ നന്നായി പറഞ്ഞതുപോലെ ‘നമുക്കു പ്രവർത്തിക്കാൻ മനസ്സുള്ളതിലധികം നാം ചോദിക്കരുത്.’
6. ഏതു രണ്ടു കാരണങ്ങളാൽ നാം പ്രാർത്ഥിക്കണം?
6 എന്നിരുന്നാലും ഈ ചോദ്യം ചോദിക്കപ്പെടാം: ‘നാം പ്രാർത്ഥിക്കുന്നതിനുവേണ്ടി പ്രവർത്തിക്കണമെങ്കിൽ എന്തിനു പ്രാർത്ഥിക്കുന്നു?’ കുറഞ്ഞ പക്ഷം രണ്ടു നല്ല കാരണങ്ങളാൽ നാം പ്രാർത്ഥിക്കണം. ഒന്നാമതായി, നമ്മുടെ പ്രാർത്ഥനകളാൽ എല്ലാ നല്ല കാര്യങ്ങളും ദൈവത്തിൽ നിന്നു വരുന്നുവെന്ന് നാം സമ്മതിക്കുന്നു. നല്ലതും പൂർണ്ണവുമായ സകല സമ്മാനത്തിന്റെയും ദാതാവ് അവനാണ്—സൂര്യപ്രകാശം, മഴ, ഫലംനിറഞ്ഞ കാലങ്ങൾ, എന്നിവയും മററനേകവും! (മത്തായി 5:45; പ്രവൃത്തികൾ 14:16, 17; യാക്കോബ് 1:17) രണ്ടാമതായി, നമ്മുടെ ശ്രമങ്ങൾ വിജയപ്രദമോ അല്ലയോ എന്നത് യഹോവയുടെ അനുഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നു. നാം സങ്കീർത്തനം 127:1-ൽ വായിക്കുന്നപ്രകാരം: “യഹോവതന്നെ വീടു പണിയാത്ത പക്ഷം അതിന്റെ പണിക്കാർ അതിനു കഠിനാദ്ധ്വാനംചെയ്തിരിക്കുന്നത് നിഷ്പ്രയോജനകരമാണ്. യഹോവതന്നെ നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരുന്നിട്ടുള്ളത് നിഷ്പ്രയോജനകരമാണ്.” 1 കൊരിന്ത്യർ 3:6, 7-ലെ അപ്പോസ്തലനായ പൗലോസിന്റെ ഈ വാക്കുകളും ഇതേ ആശയം വ്യക്തമാക്കുന്നവയാണ്: “ഞാൻ നട്ടു, അപ്പല്ലോസ് നനച്ചു, എന്നാൽ ദൈവം വളർത്തിക്കൊണ്ടിരുന്നു; അതുകൊണ്ട് നടുന്നവനും നനക്കുന്നവനും ഏതുമില്ല, എന്നാൽ വളരുമാറാക്കുന്ന ദൈവമത്രെ.”
ചില പുരാതന ദൃഷ്ടാന്തങ്ങൾ
7, 8. (എ) പ്രാർത്ഥനകളോടുകൂടെ പ്രവൃത്തികളുണ്ടായിരിക്കണമെന്ന് യാക്കോബ് മനസ്സിലാക്കിയെന്ന് അവന്റെ ജീവിതത്തിലെ എന്തു സംഭവം പ്രകടമാക്കുന്നു? (ബി) ഈ കാര്യത്തിൽ ദാവീദ്രാജാവ് എന്ത് ദൃഷ്ടാന്തം നൽകി?
7 യഹോവയുടെ വിശ്വസ്തദാസൻമാർ തങ്ങൾ പ്രാർത്ഥിച്ചതിനുവേണ്ടി പ്രവർത്തിച്ചുവെന്ന് പ്രകടമാക്കുന്ന അനേകം ദൃഷ്ടാന്തങ്ങൾ തിരുവെഴുത്തുകൾ റിപ്പോർട്ടുചെയ്യുന്നു. നമുക്ക് പ്രാതിനിധ്യസ്വഭാവമുള്ള ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാം. അബ്രാഹാമിന്റെ പൗത്രനായിരുന്ന യാക്കോബ് ജൻമാവകാശാനുഗ്രഹങ്ങൾ നേടിയെടുത്തതുകൊണ്ട് അവന്റെ മൂത്ത സഹോദരനായ ഏശാവ് അവനോട് കൊലപാതകപരമായ വിദ്വേഷം പുലർത്തി. (ഉൽപത്തി 27:41) ഏതാണ്ട് 20 വർഷം കഴിഞ്ഞ് യാക്കോബ് ഒരു വലിയ കുടുംബവും ധാരാളം ആടുമാടുകളും സഹിതം പദ്ദൻ-അരാമിൽനിന്ന് തന്റെ ജൻമദേശത്തേക്ക് മടങ്ങിവരവേ തന്നെ കാണാൻ ഏശാവു വരുന്നുണ്ടെന്ന് അവൻ കേട്ടു. ഏശാവിന്റെ ശത്രുത ഓർത്തുകൊണ്ട് തന്റെ സഹോദരന്റെ ക്രോധത്തിൽനിന്നുള്ള സംരക്ഷണത്തിനായി യാക്കോബ് യഹോവയോട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എന്നാൽ അവൻ അതുമാത്രമേ ചെയ്തുള്ളോ? തീർച്ചയായും അല്ല. അവൻ തനിക്കുമുമ്പേ ഉദാരമായ സമ്മാനങ്ങളയക്കുകയും ഇങ്ങനെ ന്യായവാദം ചെയ്യുകയും ചെയ്തു: “എനിക്കുമുമ്പേ സമ്മാനം ചെല്ലുന്നതിനാൽ ഞാൻ അവനെ പ്രസാദിപ്പിച്ചേക്കാം.” അങ്ങനെതന്നെ സംഭവിച്ചു, എന്തെന്നാൽ രണ്ടു സഹോദരൻമാരും തമ്മിൽ കണ്ടുമുട്ടിയപ്പോൾ ഏശാവ് യാക്കോബിനെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്തു.—ഉൽപത്തി അദ്ധ്യായങ്ങൾ 32, 33.
8 പ്രാർത്ഥിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതിന്റെ മറെറാരു ദൃഷ്ടാന്തം ദാവീദ് പ്രദാനം ചെയ്തു. അബ്ശാലോം ദാവീദിന്റെ സിംഹാസനം തട്ടിയെടുത്തപ്പോൾ ദാവീദിന്റെ ഉപദേഷ്ടാവായിരുന്ന അഹീത്തോഫെൽ അബ്ശാലോമിന്റെ പക്ഷം ചേർന്നു. അതുകൊണ്ട് അഹീത്തോഫെലിന്റെ ആലോചന നിഷ്ഫലമാക്കണമേയെന്ന് ദാവീദ് ആത്മാർത്ഥമായി അപേക്ഷിച്ചു. ദാവീദ് ആ ഉദ്ദേശ്യത്തിൽ പ്രാർത്ഥിക്കുകമാത്രമേ ചെയ്തുള്ളോ? അല്ല, അഹീത്തോഫെലിന്റെ ആലോചനയെ വിഫലമാക്കേണ്ടതിന് അബ്ശാലോമിനോടു ചേരാൻ അവൻ തന്റെ വിശ്വസ്ത ഉപദേഷ്ടാവായിരുന്ന ഹൂശായിയോട് നിർദ്ദേശിച്ചു. കാര്യങ്ങൾ അങ്ങനെയാണ് നടന്നത്. അബ്ശാലോം അഹീത്തോഫെലിന്റെ ആലോചനയെ തള്ളിക്കളഞ്ഞുകൊണ്ട് ഹൂശായി കൊടുത്ത ദുരാലോചനപ്രകാരം പ്രവർത്തിച്ചു.—2 ശമുവേൽ 15:31-37; 17:1-14; 18:6-8.
9. പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമാണെന്നുള്ള തത്വത്തെ താൻ വിലമതിച്ചുവെന്ന് നെഹെമ്യാവ് എങ്ങനെ പ്രകടമാക്കി?
9 നമ്മുടെ മുന്നറിവിനായി ഉദ്ധരിക്കാവുന്ന മറെറാരു ദൃഷ്ടാന്തം നെഹെമ്യാവിന്റേതാണ്. അവന് ഒരു വലിയ പദ്ധതി നടപ്പിലാക്കേണ്ടതുണ്ടായിരുന്നു—യരുശലേമിന്റെ മതിലുകളുടെ പുനർനിർമ്മാണം. എന്നിരുന്നാലും, അനേകം ശത്രുക്കൾ അവനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. നെഹെമ്യാവ് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തു, നാം വായിക്കുന്നതുപോലെതന്നെ: “ഞങ്ങൾ ഞങ്ങളുടെ ദൈവത്തോടു പ്രാർത്ഥിക്കുകയും അവർക്കെതിരെ പകലും രാവും ഒരു കാവൽ നിർത്തുകയും ചെയ്തു.” അപ്പോൾ മുതൽ നെഹെമ്യാവിന്റെ ചെറുപ്പക്കാരിൽ പകുതിപ്പേർ മതിൽ പണിയുന്ന മറെറ പകുതിയെ സംരക്ഷിക്കാൻ തയ്യാറായി നിന്നു.—നെഹെമ്യാവ് 4:9, 16.
യേശുവിന്റെ ദൃഷ്ടാന്തം
10, 11. യേശു തന്റെ പ്രാർത്ഥനകൾക്കനുയോജ്യമായി പ്രവർത്തിച്ചുവെന്ന് അവൻ നൽകിയ എന്തു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
10 പ്രാർത്ഥിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതിന്റെ ഒരു നല്ല ദൃഷ്ടാന്തം യേശുക്രിസ്തു നമുക്കുവേണ്ടി വെച്ചു. “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന് പ്രാർത്ഥിക്കാൻ അവൻ നമ്മെ പഠിപ്പിച്ചു. (മത്തായി 6:9) തന്റെ ശ്രോതാക്കൾ തന്റെ പിതാവിന്റെ നാമത്തെ വിശുദ്ധീകരിക്കേണ്ടതിന് തന്നാൽ കഴിയുന്നതെല്ലാം യേശു ചെയ്യുകയുംചെയ്തു. അതുപോലെതന്നെ “പിതാവേ, നിന്റെ നാമത്തെ മഹത്വീകരിക്കേണമേ” എന്നു പ്രാർത്ഥിക്കുന്നതിൽ യേശു ഒതുങ്ങിനിന്നില്ല. (യോഹന്നാൻ 12:28) ഇല്ല, അവൻ തന്റെ പിതാവിന്റെ നാമത്തെ മഹത്വീകരിക്കുന്നതിനും മററുള്ളവരെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നതിനും തനിക്കു കഴിയുന്നതെല്ലാം ചെയ്തു.—ലൂക്കോസ് 5:23-26; 17:12-15; യോഹന്നാൻ 17:4.
11 ജനത്തിന്റെ വലിയ ആത്മീയാവശ്യം കണ്ടുകൊണ്ട് യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു: “കൊയ്ത്തു വലുതാണ്, എന്നാൽ വേലക്കാർ ചുരുക്കമാണ്. അതുകൊണ്ട്, തന്റെ കൊയ്ത്തിനു വേലക്കാരെ അയയ്ക്കാൻ കൊയ്ത്തിന്റെ യജമാനനോട് (യഹോവയാം ദൈവത്തോട്) യാചിക്കുക.” (മത്തായി 9:37, 38) യേശു കാര്യങ്ങളെ അവിടെ വിട്ടോ? അശേഷമില്ല! അനന്തരം പെട്ടെന്നുതന്നെ അവൻ ഒരു പ്രസംഗ പര്യടനത്തിന് അഥവാ ‘കൊയ്ത്തു’പര്യടനത്തിന് തന്റെ 12 അപ്പോസ്തലൻമാരെ ഈരണ്ടായി അയച്ചു. പിന്നീട് അതേ വേല ചെയ്യാൻ യേശു 70 സുവിശേഷകരെ അയച്ചു.—മത്തായി 10:1-10; ലൂക്കോസ് 10:1-9.
തത്വം ബാധകമാക്കൽ
12. ദിവസേനയുള്ള അപ്പം ദൈവം നൽകേണമേയെന്നുള്ള നമ്മുടെ പ്രാർത്ഥനയോട് പ്രവൃത്തിക്ക് എന്ത് ബന്ധമുണ്ട്?
12 നാം പൊരുത്തമുള്ളവരായിരിക്കാൻ, നമ്മുടെ പ്രാർത്ഥനക്കു ചേർച്ചയായി പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ആത്മാർത്ഥത തെളിയിക്കാൻ, യഹോവയാം ദൈവം പ്രതീക്ഷിക്കുന്നു. “ഇന്നത്തേക്കുള്ള അപ്പം ഇന്നു ഞങ്ങൾക്കു തരേണമേ” എന്നു പ്രാർത്ഥിക്കാൻ യേശു നമ്മോടു പറഞ്ഞു. (മത്തായി 6:11) അതുകൊണ്ട് ഉചിതമായിത്തന്നെ അവന്റെ അനുഗാമികളെല്ലാം ദൈവത്തോട് അങ്ങനെ അപേക്ഷിക്കുന്നു. എന്നാൽ അതുസംബന്ധിച്ചു നാം യാതൊന്നും ചെയ്യാതെ നമ്മുടെ സ്വർഗ്ഗീയപിതാവ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകാൻ നാം പ്രതീക്ഷിക്കുന്നുണ്ടോ? തീർച്ചയായുമില്ല. അതുകൊണ്ടാണ് നാം ഇങ്ങനെ വായിക്കുന്നത്: “മടിയൻ ആഗ്രഹമുള്ളവനെന്നു സ്വയം പ്രകടമാക്കുന്നു”—ഒരുപക്ഷേ, പ്രാർത്ഥിച്ചുകൊണ്ടുപോലും—“എന്നാൽ അവന്റെ ദേഹിക്കു യാതൊന്നുമില്ല.” (സദൃശവാക്യങ്ങൾ 13:4) അപ്പോസ്തലനായ പൗലോസ് അതേ ആശയം വ്യക്തമാക്കിക്കൊണ്ട് 2 തെസ്സലോനീക്യർ 3:10-ൽ പറയുന്നു: “ഒരുവൻ വേല ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവൻ തിന്നുകയുമരുത്.” നമ്മുടെ പ്രതിദിന അപ്പത്തിനായുള്ള പ്രാർത്ഥനയോടൊപ്പം വേല ചെയ്യാനുള്ള മനസ്സൊരുക്കവും വേണം. രസാവഹമായി, “വേല ചെയ്യാൻ ആഗ്രഹിക്കാ”ത്തവർ തിന്നുകയുമരുത് എന്ന് പൗലോസ് ജ്ഞാനപൂർവം പറഞ്ഞു. വേല ചെയ്യാനാഗ്രഹിക്കുന്ന ചിലർ തൊഴിൽരഹിതരോ രോഗികളോ പ്രായാധിക്യമുള്ളവരോ ആയിരിക്കാം. അവർ വേല ചെയ്യാൻ ആഗ്രഹിക്കുകതന്നെ ചെയ്യുന്നു, എന്നാൽ ഇത് അവരുടെ സാഹചര്യങ്ങൾക്കതീതമാണ്. തന്നിമിത്തം അവർക്ക് ഉചിതമായിത്തന്നെ അനുദിന അപ്പത്തിനായി പ്രാർത്ഥിക്കാനും അതു ലഭിക്കാൻ ആശിക്കാനും കഴിയും.
13. തന്റെ പരിശുദ്ധാത്മാവിനുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് യഹോവ ഉത്തരമരുളണമെങ്കിൽ നാം എന്തു ചെയ്യണം?
13 തന്റെ സ്വർഗ്ഗീയപിതാവിനോട് അവന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർത്ഥിക്കാനും യേശു നമ്മെ ഉപദേശിച്ചു. യേശു നമുക്കുറപ്പു നൽകുന്നതുപോലെ, ഭൗമിക മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കാൻ മനസ്സുള്ളവരായിരിക്കുന്നതിലധികം നമുക്കു പരിശുദ്ധാത്മാവിനെ നൽകാൻ ദൈവം മനസ്സുള്ളവനാണ്. (ലൂക്കോസ് 11:13) എന്നാൽ നമ്മുടെ ഭാഗത്ത് യാതൊരു ശ്രമവും കൂടാതെ യഹോവയാം ദൈവം അത്ഭുതകരമായി തന്റെ പരിശുദ്ധാത്മാവിനെ നമുക്കു നൽകുമെന്നു പ്രതീക്ഷിക്കാൻ കഴിയുമോ? അശേഷമില്ല! പരിശുദ്ധാത്മാവു ലഭിക്കാൻ നമുക്കു കഴിയുന്നതെല്ലാം നാം ചെയ്യണം. അതിനുവേണ്ടി പ്രാർത്ഥിക്കുന്നതിനു പുറമേ, നാം ഉൽസാഹപൂർവം ദൈവവചനം ഭക്ഷിക്കുകയും വേണം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവയാം ദൈവം തന്റെ വചനംകൂടാതെ തന്റെ പരിശുദ്ധാത്മാവിനെ നൽകുന്നില്ല. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്താൽ പ്രതിനിധാനംചെയ്യപ്പെടുന്നതായി, യഹോവ ഇന്ന് ഉപയോഗിക്കുന്ന ഭൗമികസരണിയായ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ നാം അവഗണിക്കുന്നുവെങ്കിൽ നമുക്കു പരിശുദ്ധാത്മാവു ലഭിക്കാൻ പ്രതീക്ഷിക്കാവുന്നതല്ല. ഈ “അടിമ”യിൽനിന്നുള്ള സഹായം കൂടാതെ നാം വായിക്കുന്നതിന്റെ പൂർണ്ണപ്രാധാന്യം ഗ്രഹിക്കാനോ നാം പഠിക്കുന്നതു ബാധകമാക്കേണ്ടതെങ്ങനെയെന്നറിയാനോ കഴികയില്ല.—മത്തായി 24:45-47.
14, 15. (എ) ജ്ഞാനത്തിനുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് യഹോവ ഉത്തരം നൽകണമെങ്കിൽ നാം എങ്ങനെ സഹകരിക്കണം? (ബി) ശലോമോൻരാജാവിന്റെ ദൃഷ്ടാന്തം ഇതിനെ തെളിയിക്കുന്നതെങ്ങനെ?
14 പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമാണെന്നുള്ള തത്വം യേശുവിന്റെ അർദ്ധസഹോദരനായിരുന്ന യാക്കോബിന്റെ ഈ വാക്കുകൾക്കും ബാധകമാകുന്നു: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അവൻ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ അവൻ എല്ലാവർക്കും ഉദാരമായും നിന്ദിക്കാതെയും കൊടുക്കുന്നു; അത് അവനു കൊടുക്കപ്പെടും.” (യാക്കോബ് 1:5; മത്തായി 13:55) എന്നാൽ ഏതെങ്കിലും അത്ഭുതത്താലാണോ ദൈവം ഈ ജ്ഞാനം നൽകുന്നത്? അല്ല. ഒന്നാമതായി, “അവൻ സൗമ്യതയുള്ളവരെ തന്റെ വഴി പഠിപ്പിക്കും” എന്നു നാം വായിക്കുന്നതുപോലെ, നമുക്ക് ശരിയായ മനോഭാവം ഉണ്ടായിരിക്കണം. (സങ്കീർത്തനം 25:9) ദൈവം “സൗമ്യതയുള്ളവരെ” എങ്ങനെയാണ് പഠിപ്പിക്കുന്നത്? അവന്റെ വചനം മുഖാന്തരം. വീണ്ടും, സദൃശവാക്യങ്ങൾ 2:1-6-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ അതു മനസ്സിലാക്കാനും ബാധകമാക്കാനും നാം ശ്രമം ചെലുത്തേണ്ടതാണ്: “എന്റെ മകനേ, നീ വിവേചനക്കു നിന്റെ ഹൃദയം ചായിക്കേണ്ടതിന്, നിന്റെ ചെവികൊണ്ട് ജ്ഞാനത്തിനു ശ്രദ്ധകൊടുക്കത്തക്കവണ്ണം നീ എന്റെ മൊഴികൾ സ്വീകരിക്കുകയും എന്റെ കൽപ്പനകൾ നിങ്കൽ സൂക്ഷിക്കുകയും ചെയ്യുമെങ്കിൽ; മാത്രവുമല്ല, നീ ജ്ഞാനത്തിനായിത്തന്നെ വിളിക്കുകയും വിവേകത്തിനായിത്തന്നെ നിന്റെ ശബ്ദം ഉയർത്തുകയും ചെയ്യുമെങ്കിൽ, നീ വെള്ളിക്കുവേണ്ടിയെന്നപോലെ അതിനുവേണ്ടി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ, . . . അങ്ങനെയെങ്കിൽ നീ യഹോവാഭയം ഗ്രഹിക്കുകയും നീ ദൈവ പരിജ്ഞാനംതന്നെ കണ്ടെത്തുകയും ചെയ്യും. എന്തെന്നാൽ യഹോവതന്നെ ജ്ഞാനം നൽകുന്നു.”
15 ശലോമോൻരാജാവ് ജ്ഞാനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും അത്ഭുതകരമായി ദൈവം അവന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്തപ്പോഴും പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമാണെന്നുള്ള തത്വം ബാധകമായോ? ഉവ്വ്, എന്തുകൊണ്ടെന്നാൽ യിസ്രായേൽരാജാവായ ശലോമോൻ ന്യായപ്രമാണത്തിന്റെ സ്വന്തം പ്രതി എഴുതി അത് അനുദിനം വായിക്കണമെന്നും ജീവിതത്തിൽ ബാധകമാക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ശലോമോൻ ഭാര്യമാരെയും കുതിരകളെയും പെരുക്കിക്കൊണ്ട് അതിലെ ഉദ്ബോധനങ്ങൾക്കു വിരുദ്ധമായി പോയപ്പോൾ അവന്റെ പ്രവൃത്തികൾ മേലാൽ അവന്റെ പ്രാർത്ഥനകൾക്കനുയോജ്യമായിരുന്നില്ല. തൽഫലമായി ശലോമോൻ ഒരു വിശ്വാസത്യാഗിയായിത്തീരുകയും അങ്ങനെയുള്ള ഒരു “മൂഢനായി” മരിക്കുകയും ചെയ്തു.—സങ്കീർത്തനം 14:1; ആവർത്തനം 17:16-20; 1 രാജാക്കൻമാർ 10:26; 11:3, 4, 11.
16. ജഡികദൗർബല്യങ്ങളെ തരണംചെയ്യുന്നതിനുള്ള നമ്മുടെ പ്രാർത്ഥനകളോടുകൂടെ പ്രവൃത്തികളുണ്ടായിരിക്കണമെന്ന് ഏത് ദൃഷ്ടാന്തം പ്രകടമാക്കുന്നു?
16 പ്രാർത്ഥനകളോടൊപ്പം പ്രവൃത്തികളും ഉണ്ടായിരിക്കണമെന്നുള്ള തത്വം, രൂഢമൂലമായിരിക്കുന്ന ഏതെങ്കിലും സ്വാർത്ഥശീലത്തെ തരണം ചെയ്യാൻ ദൈവസഹായം അപേക്ഷിക്കുമ്പോഴും ബാധകമാകുന്നു. അങ്ങനെ, ഒരു പയനിയർ സഹോദരി ററി.വി. നാടകങ്ങളിൽ ആസക്തയായി രാവിലെ 11 മണി മുതൽ ഉച്ചതിരിഞ്ഞ് 3:30 വരെ ദിവസവും അതു കണ്ടിരുന്നതായി സമ്മതിച്ചു. ഈ അസാൻമാർഗ്ഗികപരിപാടികൾ എത്ര ഹാനികരമാണെന്ന് ഒരു ഡിസ്ത്രിക്ട് കൺവെൻഷൻ പരിപാടിയിൽനിന്ന് മനസ്സിലാക്കിയപ്പോൾ അവൾ ദൈവത്തോടുള്ള പ്രാർത്ഥനയിൽ ഈ കാര്യം അവതരിപ്പിച്ചു. എന്നാൽ ഈ ശീലത്തെ തരണം ചെയ്യുന്നതിന് കുറെ കാലമെടുത്തു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൾ പറഞ്ഞപ്രകാരം: ‘ഈ ശീലത്തെ തരണംചെയ്യാൻ ഞാൻ പ്രാർത്ഥിക്കുകയും എങ്ങനെയായാലും പിന്നെയും പരിപാടികൾ കാണുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് എനിക്ക് പ്രലോഭനമുണ്ടാകാതിരിക്കാൻ മുഴുദിവസവും വയൽസേവനത്തിൽ ഏർപ്പെടാൻ ഞാൻ തീരുമാനിച്ചു. ഒടുവിൽ രാവിലെ എനിക്ക് ററി.വി. ഓഫ് ചെയ്യാനും ദിവസംമുഴുവൻ ഓഫ് ചെയ്തിട്ടേക്കാനും കഴിയുന്ന ഘട്ടത്തിൽ ഞാനെത്തി.’ അതെ, ദൗർബല്യത്തെ തരണം ചെയ്യാൻ പ്രാർത്ഥിക്കുന്നതിനു പുറമേ അതിനുവേണ്ടി അവൾ പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു.
പ്രാർത്ഥനയും നമ്മുടെ സാക്ഷീകരണവും
17-19. (എ) യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രാർത്ഥനകൾക്കനുയോജ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഏതു വസ്തുതകൾ പ്രകടമാക്കുന്നു? (ബി) ഒരു വ്യക്തിയുടെ ഏതു ദൃഷ്ടാന്തം ഇതേ ആശയം വ്യക്തമാക്കുന്നു?
17 പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമാണെന്നുള്ള തത്വം രാജ്യപ്രസംഗവേലയെക്കാളധികം സത്യമായിരിക്കുന്ന രംഗം വേറെയില്ല. അങ്ങനെ എല്ലാ യഹോവയുടെ സാക്ഷികളും കൊയ്ത്തുവേലക്കാരിലെ ഒരു വർദ്ധനവിനുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നുമാത്രമല്ല, ആ വേലയിൽ അവർ ഉൽസാഹപൂർവം ഏർപ്പെടുകയും ചെയ്യുന്നു. തൽഫലമായി അവർ ഒരു രാജ്യത്തിനു പിറകേ മറെറാന്നിൽ അഭൂതപൂർവമായ വർദ്ധനവു കണ്ടിരിക്കുന്നു. ഒരൊററ ദൃഷ്ടാന്തം ശ്രദ്ധിച്ചാൽ, 1930-ൽ ചിലിയിൽ ഒരൊററ യഹോവയുടെ സാക്ഷിയാണ് പ്രസംഗിക്കാനുണ്ടായിരുന്നത്. ഇന്ന് ആ ഒരു സാക്ഷി ഒരു ആയിരംമാത്രമല്ല, ഏതാണ്ട് 30,000 ആയിത്തീർന്നിരിക്കുന്നു. (യെശയ്യാവ് 60:22) ഇത് കേവലം പ്രാർത്ഥനകളുടെ ഫലമായിരുന്നുവോ? അല്ല, വേലയും ഉൾപ്പെട്ടിരുന്നു. എന്തിന്, 1986-ൽത്തന്നെ യഹോവയുടെ സാക്ഷികൾ ചിലിയിൽ 64,92,000 മണിക്കൂർ പ്രസംഗവേലക്കു വിനിയോഗിച്ചു!
18 പ്രസംഗവേല നിരോധിച്ചിരിക്കുമ്പോഴും ഇതു സത്യമാണ്. സാക്ഷികൾ വർദ്ധനവിനുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നുമാത്രമല്ല, അവർ ഒളിവിൽ പോകുകയും പ്രസംഗം തുടരുകയും ചെയ്യുന്നു. അതുകൊണ്ട് ഔദ്യോഗിക എതിർപ്പുണ്ടായിട്ടും ഈ രാജ്യങ്ങളിൽ വർദ്ധനവുണ്ടാകുന്നു. അങ്ങനെ യഹോവയുടെ സാക്ഷികൾക്ക് അത്തരം ഔദ്യോഗിക എതിർപ്പുള്ള 33 രാജ്യങ്ങളിൽ 1986 സേവനവർഷത്തിൽ അവർ തങ്ങളുടെ പ്രസംഗവേലക്ക് 3,26,00,000 മണിക്കൂർ ചെലവഴിക്കുകയും 4.6-ശതമാനം വർദ്ധനവിൽ സന്തോഷിക്കുകയുംചെയ്തു!
19 തീർച്ചയായും പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമാണെന്നുള്ള തത്വം വ്യക്തിപരമായും ബാധകമാകുന്നു. ഒരു ഭവനബൈബിളദ്ധ്യയനം കിട്ടാൻ നാം യഹോവയോടു പ്രാർത്ഥിച്ചേക്കാം, എന്നാൽ അതു കിട്ടുന്നതിന് നാം ആവുന്നതെല്ലാം ചെയ്യുന്നില്ലായിരിക്കാം. ഒരു പയനിയറുടെ അനുഭവമതായിരുന്നു. ഒരു ബൈബിളദ്ധ്യയനം മാത്രമുണ്ടായിരുന്നതുകൊണ്ട് അവൾ കൂടുതൽ കിട്ടാൻ പ്രാർത്ഥിച്ചു. അവൾ അത്രമാത്രമേ ചെയ്തുള്ളോ? അല്ല, അവൾ തന്റെ ശുശ്രൂഷയെ ശ്രദ്ധാപൂർവം പരിശോധിക്കുകയും തന്റെ മടക്കസന്ദർശനങ്ങളിൽ ഒരു ഭവനബൈബിളദ്ധ്യയനം നടത്തുകയെന്ന കാര്യം ചർച്ചചെയ്തിരുന്നില്ലെന്നു കണ്ടുപിടിക്കുകയും ചെയ്തു. ഈ വിധത്തിൽ പുരോഗമിച്ചതിനാൽ അവൾക്ക് രണ്ട് ബൈബിളദ്ധ്യയനംകൂടെ കിട്ടി.
20. പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമാണെന്നുള്ള തത്വത്തെ എങ്ങനെ സംഗ്രഹിക്കാം?
20 പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമാണെന്നു തെളിയിക്കാൻ അനേകം ദൃഷ്ടാന്തങ്ങൾകൂടെ നൽകാൻ കഴിയും. ഉദാഹരണത്തിന് കുടുംബത്തിലെയോ സഭയിലെയോ വ്യക്തിപരമായ ബന്ധങ്ങളോടു ബന്ധപ്പെട്ടവ ഉണ്ട്. എന്നാൽ പ്രാർത്ഥനകൾക്ക് തീർച്ചയായും പ്രവൃത്തികളാവശ്യമാണെന്നു സുവ്യക്തമാക്കുന്നതിന് മേൽപ്പറഞ്ഞ ദൃഷ്ടാന്തങ്ങൾ മതിയാകും. ഇത് ഏററവും യുക്തിയുക്തമാണ്, എന്തുകൊണ്ടെന്നാൽ നമ്മുടെ നടത്തയാൽതന്നെ നാം യഹോവയാം ദൈവത്തെ മുഷിപ്പിക്കുകയാണെങ്കിൽ അവൻ നമ്മുടെ അപേക്ഷകൾക്ക് അനുകൂലപരിഗണന നൽകുമെന്ന് നമുക്കു പ്രതീക്ഷിക്കാൻ കഴികയില്ല. നമുക്കു സ്വയം ചെയ്യാൻ കഴിയാത്തത് നമുക്കുവേണ്ടി യഹോവ ചെയ്തുതരുമെന്നു പ്രതീക്ഷിക്കണമെങ്കിൽ നമ്മുടെ പ്രാർത്ഥനകൾക്കനുയോജ്യമായി നമ്മാൽ കഴിയുന്നതെല്ലാം നാം ചെയ്യേണ്ടതാണെന്നും സിദ്ധിക്കുന്നു. സത്യത്തിൽ, യഹോവയുടെ തത്വങ്ങൾ ജ്ഞാനപൂർവകവും നീതിപൂർവകവുമാണ്. അവ അർത്ഥവത്താണ്. അവക്കു ചേർച്ചയായി നാം പ്രവർത്തിക്കുന്നത് നമുക്കുതന്നെ പ്രയോജനകരമാണ്. (w87 7/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
□ പുരാതനയിസ്രായേലിലെ അനേകർ പ്രാർത്ഥനസംബന്ധിച്ച ഏത് വ്യവസ്ഥയെ അവഗണിച്ചു?
□ നാം ആഗ്രഹിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാനും അതുപോലെതന്നെ പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടതിൽ ദൈവം ന്യായഹീനനല്ലാത്തതെന്തുകൊണ്ട്?
□ യഹോവയുടെ ദാസൻമാർ പ്രാർത്ഥിച്ചതിനുവേണ്ടി പ്രവർത്തിച്ചുവെന്ന് ഏത് പുരാതനദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
□ ദൈവത്തിന്റെ പരിശുദ്ധാത്മാവിനും ജ്ഞാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ അവൻ കേൾക്കണമെങ്കിൽ നാം എന്തു ചെയ്തുകൊണ്ടിരിക്കണം?
□ പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമാണെന്നുള്ള തത്വം നമ്മുടെ വയൽശുശ്രൂഷക്കു ബാധകമാകുന്നതെങ്ങനെ?
[17-ാം പേജിലെ ചിത്രം]
കൂടുതൽ കൊയ്ത്തുവേലക്കാർക്കുവേണ്ടി പ്രാർത്ഥിക്കാൻ യേശു തന്റെ ശിഷ്യൻമാരെ പ്രോൽസാഹിപ്പിച്ചു. എന്നാൽ പ്രസംഗവേലക്ക് അഥവാ ‘കൊയ്ത്തു’വേലക്ക് അവൻ അവരെ അയക്കുകയും ചെയ്തു.
[18-ാം പേജിലെ ചിത്രം]
റെറലിവിഷൻ കാഴ്ചയെ നിയന്ത്രിക്കുന്നതിനുള്ള സഹായത്തിനുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുന്നുവോ? എങ്കിൽ ററി.വി. ഓഫ് ചെയ്തുകൊണ്ട് പ്രാർത്ഥനകൾക്ക് പ്രവൃത്തികളാവശ്യമാണെന്നുള്ള തത്വം ബാധകമാക്കുക