യഹോവയിൽ ആശ്രയിക്കുക!
“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക.”—സദൃശവാക്യങ്ങൾ 3:5.
1. സദൃശവാക്യങ്ങൾ 3:5 ഒരു യുവാവിൽ മതിപ്പുളവാക്കിയത് എങ്ങനെ, എന്തു ദീർഘകാല ഫലത്തോടെ?
“‘നിന്റെ മുഴുഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കുക; നിന്റെ സ്വന്ത വിവേകത്തിൽ ഊന്നരുത്.’ ഞാൻ സന്ദർശിച്ച ഒരു ഭവനത്തിൽ ബൈബിളിൽനിന്നുള്ള ആ വാക്കുകൾ ഫ്രെയിം ചെയ്തു ഭിത്തിയിൽ തൂക്കിയിട്ടിരുന്നത് എന്റെ ശ്രദ്ധ പിടിച്ചുപററി. അന്നു ശേഷിച്ച സമയം മുഴുവൻ ഞാൻ അതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നു. എന്റെ മുഴുഹൃദയത്തോടെ എനിക്കു ദൈവത്തിൽ ആശ്രയിക്കാൻ കഴിയുമോ? എന്നു ഞാൻ സ്വയം ചോദിച്ചു” എന്ന് ഒരു ദീർഘകാല മിഷനറി എഴുതുന്നു. ഈ വ്യക്തിക്ക് അന്ന് 21 വയസ്സുണ്ടായിരുന്നു. 90-ാമത്തെ വയസ്സിൽ, ആസ്ട്രേലിയയിലെ പെർത്തിൽ ഒരു മൂപ്പനായി ഇപ്പോഴും വിശ്വസ്തതയോടെ സേവിക്കുന്ന അദ്ദേഹത്തിന് സിലോൺ (ഇപ്പോൾ ശ്രീലങ്ക), ബർമ (ഇപ്പോൾ മ്യാൻമാർ), മലയ, തായ്ലൻഡ്, ഇൻഡ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പുതിയ മിഷനറി വയലുകൾക്ക് ആരംഭം കുറിച്ചുകൊണ്ടു ചെലവഴിച്ച തീവ്രമായ 26 വർഷങ്ങൾ ഉൾപ്പെടെ യഹോവയിൽ മുഴുഹൃദയത്തോടെ ആശ്രയിച്ചതിന്റെ ഫലങ്ങളാൽ സമ്പന്നമാക്കപ്പെട്ട സ്വജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കാൻ കഴിയും.a
2. സദൃശവാക്യങ്ങൾ 3:5 നമ്മിൽ എന്ത് ആത്മവിശ്വാസം ജനിപ്പിക്കേണ്ടതാണ്?
2 സദൃശവാക്യങ്ങൾ 3:5-ന്റെ പുതിയലോക ഭാഷാന്തരപ്രകാരമുള്ള “നിന്റെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക” എന്ന വാക്കുകൾ പർവതസമാനമായ തടസ്സങ്ങളെ അതിജീവിക്കുന്ന ഘട്ടത്തോളം നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കാൻ അവിടുത്തേക്കു കഴിയുമെന്ന ഉറപ്പോടെ യഹോവക്കു നമ്മുടെ ജീവിതത്തെ മുഴുഹൃദയത്തോടെ അർപ്പിക്കുന്നതിൽ തുടരാൻ നമ്മെ പ്രചോദിപ്പിക്കേണ്ടതുണ്ട്. (മത്തായി 17:20) നമുക്കിപ്പോൾ സദൃശവാക്യങ്ങൾ 3:5 അതിന്റെ സന്ദർഭത്തിന്റെ വെളിച്ചത്തിൽ ഒന്നു പരിശോധിച്ചുനോക്കാം.
പിതൃതുല്യമായ പ്രബോധനം
3. (എ) സദൃശവാക്യങ്ങളുടെ ആദ്യത്തെ ഒൻപത് അധ്യായങ്ങളിൽ എന്തു പ്രോത്സാഹനം കണ്ടെത്താം? (ബി) സദൃശവാക്യങ്ങൾ 3:1, 2-നു നാം അടുത്ത ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്?
3 ബൈബിൾ പുസ്തകമായ സദൃശവാക്യങ്ങളിലെ ആദ്യത്തെ ഒൻപത് അധ്യായങ്ങൾ പിതൃതുല്യമായ പ്രബോധനങ്ങളാൽ അഥവാ യഹോവയിൽനിന്നുള്ള ജ്ഞാനമേറിയ ഉപദേശങ്ങളാൽ വിളങ്ങുന്നവയാണ്. അവ സ്വർഗങ്ങളിൽ പുത്രത്വം ആസ്വദിക്കാൻ അല്ലെങ്കിൽ പറുദീസാ ഭൂമിയിൽ “ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം” ആസ്വദിക്കാൻ നോക്കിപ്പാർത്തിരിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്. (റോമർ 8:18-21, 23) പുത്രീപുത്രൻമാരെ വളർത്തുന്നതിൽ മാതാപിതാക്കൾക്ക് ഉപയോഗിക്കാവുന്ന ജ്ഞാനമേറിയ ബുദ്ധ്യുപദേശം ഇവിടെയുണ്ട്. “മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ” എന്ന അനുശാസനത്തോടെ തുടങ്ങുന്ന സദൃശവാക്യങ്ങൾ 3-ാമധ്യായത്തിലെ ബുദ്ധ്യുപദേശം ശ്രദ്ധേയമാണ്. സാത്താന്റെ ദുഷ്ടലോകത്തിന്റെ അന്ത്യനാളുകൾ അവയുടെ പരിസമാപ്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ, നാം യഹോവയുടെ ഓർമിപ്പിക്കലുകൾക്ക് അടുത്ത ശ്രദ്ധ കൊടുക്കുന്നവരായിരിക്കട്ടെ. കാലം വളരെ ദീർഘമാണെന്നു തോന്നിയിരിക്കാം. എന്നാൽ സഹിച്ചു നിൽക്കുന്ന സകലരോടുമുള്ള വാഗ്ദത്തം “അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചു തരും” എന്നാണ്—യഹോവയുടെ പുതിയ വ്യവസ്ഥിതിയിലെ അനന്തജീവൻതന്നെ.—സദൃശവാക്യങ്ങൾ 3:1, 2.
4, 5. (എ) യോഹന്നാൻ 5:19, 20-ൽ സന്തുഷ്ടമായ ഏതു ബന്ധമാണു വർണിച്ചിരിക്കുന്നത്? (ബി) ആവർത്തനപുസ്തകം 11:18-21-ലെ ബുദ്ധ്യുപദേശം നമ്മുടെ നാളിൽ ബാധകമാകുന്നത് എങ്ങനെ?
4 സന്തുഷ്ടമായ ഒരു പിതൃ-പുത്ര ബന്ധം വളരെ അമൂല്യമായ ഒന്നായിരിക്കാവുന്നതാണ്. അതങ്ങനെയായിരിക്കാൻ നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം ക്രമീകരണം ചെയ്തു. ക്രിസ്തുയേശു യഹോവയുമായി തനിക്കുതന്നെയുള്ള ഉററബന്ധത്തെക്കുറിച്ചു പറഞ്ഞു: “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു.” (യോഹന്നാൻ 5:19, 20) താനും ഭൂമിയിലെ സകല കുടുംബങ്ങളും തമ്മിലും അതുപോലെ മാനുഷ പിതാക്കൻമാരും അവരുടെ മക്കളും തമ്മിലും സമാനമായ അടുപ്പം നിലനിൽക്കണമെന്നു യഹോവ ഉദ്ദേശിച്ചു.
5 പുരാതന ഇസ്രയേലിൽ ആശ്രയയോഗ്യമായ കുടുംബബന്ധം പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. യഹോവ അവിടത്തെ പിതാക്കൻമാരെ ഇങ്ങനെ ഉപദേശിച്ചു: “ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം. വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം. യഹോവ നിങ്ങളുടെ പിതാക്കൻമാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.” (ആവർത്തനപുസ്തകം 11:18-21) മാതാപിതാക്കളെയും അവരുടെ മക്കളെയും അതുപോലെതന്നെ ക്രിസ്തീയ സഭയിൽ അവിടുത്തെ സേവിക്കുന്ന മറെറല്ലാവരെയും ദൈവവുമായി ഒരു ഉററബന്ധത്തിൽ കൊണ്ടുവരാൻ നമ്മുടെ മഹാ ഉപദേഷ്ടാവായ യഹോവയാം ദൈവത്തിന്റെ നിശ്വസ്ത വചനത്തിനു തീർച്ചയായും കഴിയും.—യെശയ്യാവു 30:20, 21.
6. ദൈവത്തിന്റെയും മനുഷ്യന്റെയും പ്രീതി നേടാൻ കഴിയുന്നതെങ്ങനെ?
6 ദൈവജനത്തിൽപ്പെട്ട പ്രായം കൂടിയവർക്കും കുറഞ്ഞവർക്കുമായുള്ള ജ്ഞാനമേറിയ, പിതൃതുല്യമായ ഉപദേശമാണു സദൃശവാക്യങ്ങൾ 3-ാമധ്യായത്തിന്റെ 3-ഉം 4-ഉം വാക്യങ്ങളിൽ തുടർന്നുവരുന്നത്: “ദയയും വിശ്വസ്തതയും [സത്യവും, NW] നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക. അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.” ദയയും സത്യവും പ്രകടമാക്കുന്നതിൽ യഹോവയാം ദൈവംതന്നെ മികച്ചുനിൽക്കുന്നു. സങ്കീർത്തനം 25:10 അതാണു പ്രസ്താവിക്കുന്നത്: “അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.” യഹോവയെ അനുകരിച്ചുകൊണ്ട് ഈ ഗുണങ്ങളും അവയുടെ സംരക്ഷണാത്മകമായ ശക്തിയും നാം കാത്തുസൂക്ഷിക്കണം, അമൂല്യമായ ഒരു മാലയ്ക്കു നാം വില കൽപ്പിക്കുന്നതുപോലെ അതിനു വില കൽപ്പിച്ചുകൊണ്ടും അവയെ നമ്മുടെ ഹൃദയത്തിൽ മായാതെ കൊത്തിവച്ചുകൊണ്ടുംതന്നെ. എങ്കിൽ നമുക്ക് തീക്ഷ്ണമായി ഇങ്ങനെ പ്രാർഥിക്കാൻ കഴിയും: “യഹോവേ, . . . നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്ക”ണമേ.—സങ്കീർത്തനം 40:11.
ഒരു സ്ഥായിയായ ആശ്രയം
7. യഹോവ തന്റെ ആശ്രയയോഗ്യത ഏതു വിധങ്ങളിൽ പ്രകടമാക്കിയിരിക്കുന്നു?
7 “ആരുടെയെങ്കിലും അല്ലെങ്കിൽ എന്തിന്റെയെങ്കിലും സ്വഭാവത്തിലോ, കഴിവിലോ, ശക്തിയിലോ, സത്യത്തിലോ ഉള്ള ഉറച്ച ആലംബം” എന്നാണ് ആശ്രയത്തെ വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയററ് ഡിക്ഷ്ണറി നിർവചിക്കുന്നത്. യഹോവയുടെ സ്വഭാവം തന്റെ സ്നേഹദയയിലാണ് ഉറപ്പായി സ്ഥാപിതമായിരിക്കുന്നത്. അതുകൊണ്ട്, താൻ വാഗ്ദാനം ചെയ്തിരിക്കുന്നതു ചെയ്യാനുള്ള അവിടുത്തെ കഴിവിൽ നമുക്കു പൂർണ ഉറപ്പുണ്ടായിരിക്കാവുന്നതാണ്. കാരണം യഹോവയെന്ന നാമംതന്നെ ഉദ്ദേശ്യങ്ങൾ കണിശമായി നിവർത്തിക്കുന്ന വലിയവൻ എന്ന് അവിടുത്തെ തിരിച്ചറിയിക്കുന്നു. (പുറപ്പാടു 3:14; 6:2-8) സ്രഷ്ടാവെന്ന നിലയിൽ അവിടുന്നാണു ശക്തിയുടെയും ചലനാത്മക ഊർജത്തിന്റെയും ഉറവിടം. (യെശയ്യാവു 40:26, 29) “ദൈവത്തിന്നു ഭോഷ്കു പറവാൻ കഴിയാത്ത”തിനാൽ അവിടുന്നു സത്യത്തിന്റെ സാരസംഗ്രഹമാണ്. (എബ്രായർ 6:18) അതുകൊണ്ട്, തന്നിലാശ്രയിക്കുന്നവരെ സംരക്ഷിക്കാനും തന്റെ മഹത്തായ ഉദ്ദേശ്യങ്ങളെല്ലാം വൻവിജയത്തിലെത്തിക്കാനും വേണ്ട മഹാശക്തിയുള്ള, എല്ലാ സത്യത്തിന്റെയും വൻ ഉറവിടമായ നമ്മുടെ ദൈവമായ യഹോവയിൽ സമ്പൂർണ ആശ്രയം വെക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കയാണ്.—സങ്കീർത്തനം 91:1, 2; യെശയ്യാവു 55:8-11.
8, 9. ലോകത്തിൽ ആശ്രയത്വം സങ്കടകരമാംവിധം കുറഞ്ഞുപോകുന്നത് എന്തുകൊണ്ട്, യഹോവയുടെ ജനം വ്യത്യസ്തരായിരിക്കുന്നത് എങ്ങനെ?
8 ദുഃഖകരമെന്നു പറയട്ടെ, നമുക്കു ചുററുമുള്ള ഈ അധഃപതിച്ച ലോകത്തിൽ ആശ്രയം സങ്കടകരമായി കുറഞ്ഞുവരികയാണ്. നാം എല്ലായിടത്തും കാണുന്നത് അത്യാഗ്രഹവും അഴിമതിയുമാണ്. വേൾഡ് പ്രസ് റിവ്യൂ മാസികയുടെ 1993 മേയ് ലക്കത്തിന്റെ പുറംതാളിൽ ഘോഷിച്ചിരുന്ന സന്ദേശമിതായിരുന്നു: “അഴിമതി വ്യാപനം—പുതിയ ലോകക്രമത്തിൽ വൃത്തികെട്ട പണം. അഴിമതി വ്യവസായം ബ്രസീൽ തൊട്ടു ജർമനി വരെയും ഐക്യനാടുകൾ തൊട്ട് അർജൻറീന വരെയും സ്പെയ്ൻ തൊട്ടു പെറു വരെയും ഇററലി തൊട്ടു മെക്സിക്കോ വരെയും വത്തിക്കാൻ തൊട്ടു റഷ്യ വരെയും വ്യാപിച്ചുകിടക്കുന്നു.” വിദ്വേഷം, അത്യാഗ്രഹം, അവിശ്വാസം എന്നിവയിൽ അധിഷ്ഠിതമായിരിക്കുന്ന മമനുഷ്യന്റെ പുതിയ ലോകക്രമം മനുഷ്യരാശിക്കുവേണ്ടി കൊയ്തെടുക്കുന്നതു കുന്നുകൂടുന്ന കുഴപ്പങ്ങളല്ലാതെ മറെറാന്നുമല്ല.
9 രാഷ്ട്രീയ ജനതകളിൽനിന്നു വിഭിന്നമായി യഹോവയുടെ സാക്ഷികൾ “യഹോവ ദൈവമായിരിക്കുന്ന ജാതി [ജനത, NW]”യായിരിക്കുന്നതിൽ സന്തോഷിക്കുന്നു. അവർക്കു മാത്രമേ “ഞങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു” എന്നു സത്യമായി പറയാനാവൂ. “ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല” എന്ന് അവർക്കോരോരുത്തർക്കും ആഹ്ലാദിച്ചാർപ്പിടാൻ കഴിയും.—സങ്കീർത്തനം 33:12; 56:4, 11.
10. നിർമലത കാക്കാൻ അനേകം യുവക്രിസ്ത്യാനികളെ എന്താണു ശക്തീകരിച്ചിരിക്കുന്നത്?
10 ആയിരക്കണക്കിനു യുവസാക്ഷികൾ കഠിനമായ പ്രഹരവും തടങ്കലും അനുഭവിച്ചിരിക്കുന്ന ഒരു ഏഷ്യൻ രാജ്യത്ത്, സഹിഷ്ണുത കാട്ടുന്നതിനു യഹോവയിലുള്ള ആശ്രയം ബഹുഭൂരിപക്ഷത്തെയും പ്രാപ്തരാക്കിയിട്ടുണ്ട്. ഒരു രാത്രിയിൽ, ഭയങ്കര പീഡനങ്ങൾ അനുഭവിച്ച ഒരു യുവസാക്ഷി തനിക്ക് ഇനി താങ്ങാൻ വയ്യ എന്നു വിചാരിച്ചു. എന്നാൽ മറെറാരു യുവാവ് ഇരുട്ടിന്റെ മറവിൽ രഹസ്യമായി അയാളുടെ അടുത്തേക്കു വന്നിട്ട് മന്ത്രിച്ചു: “വഴങ്ങിക്കൊടുക്കരുത്; ഞാനങ്ങനെ ചെയ്തതിൽപ്പിന്നെ എനിക്ക് ഒട്ടും മനസ്സമാധാനം കിട്ടിയിട്ടില്ല.” അപ്പോൾ ആദ്യത്തെ യുവാവ് ഉറച്ചുനിൽക്കാനുള്ള ദൃഢതീരുമാനം വീണ്ടും പുതുക്കി. അതുകൊണ്ട്, നമ്മുടെ നിർമലതയെ കാർന്നു തിന്നാനുള്ള സാത്താന്റെ ഏതു ശ്രമത്തെയും അതിജീവിക്കാൻ യഹോവ നമ്മെ സഹായിക്കുമെന്നു നമുക്കു പൂർണമായി വിശ്വസിക്കാൻ കഴിയും.—യിരെമ്യാവു 7:3-7; 17:1-8; 38:6-13, 15-17.
11. യഹോവയിൽ ആശ്രയിക്കാൻ നാം എങ്ങനെയാണു പ്രചോദിപ്പിക്കപ്പെടുന്നത്?
11 ഒന്നാമത്തെ കൽപ്പന ഭാഗികമായി ഇങ്ങനെ പറയുന്നു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും . . . സ്നേഹിക്കേണം.” (മർക്കൊസ് 12:30) നാം ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ നാം പഠിക്കുന്ന മഹത്തായ സത്യങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. അത് പരമാധീശ കർത്താവായ യഹോവയെന്ന നമ്മുടെ അത്ഭുതവാനായ ദൈവത്തിന്റെ സേവനത്തിൽ നമുക്കുള്ളതെല്ലാം ചെലവിടാൻ നമ്മെ പ്രേരിപ്പിക്കും. അവിടുന്നു നമ്മെ പഠിപ്പിച്ചിട്ടുള്ളതും നമുക്കു ചെയ്തിട്ടുള്ളതും ഇനിയും ചെയ്യാനിരിക്കുന്നതുമായ സകലതിനും വേണ്ടി വിലമതിപ്പു നിറഞ്ഞു തുളുമ്പുന്ന ഒരു ഹൃദയത്തോടെയാണ് നാം അവിടുത്തെ രക്ഷയിൽ പൂർണമായി ആശ്രയിക്കാൻ പ്രേരിതരാകുന്നത്.—യെശയ്യാവു 12:2.
12. വർഷങ്ങളായി അനേകം ക്രിസ്ത്യാനികൾ യഹോവയിലുള്ള തങ്ങളുടെ ആശ്രയം പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
12 ഈ ആശ്രയം വർഷങ്ങളിലൂടെ നട്ടുവളർത്താൻ കഴിയും. 1927 ഏപ്രിലിൽ തുടങ്ങി 50 വർഷത്തിലധികം വാച്ച് ടവർ സൊസൈററിയുടെ ബ്രുക്ക്ളിൻ ആസ്ഥാനത്തു വിശ്വസ്തമായി സേവിച്ച ഒരു എളിയ യഹോവയുടെ സാക്ഷി ഇങ്ങനെ എഴുതി: “ആ മാസാവസാനം എനിക്ക് . . . സദൃശവാക്യങ്ങൾ 3:5, 6-ലെ ബൈബിൾവാക്യം എടുത്തുകാട്ടുന്ന മനോഹരമായ ഒരു കാർഡും അലവൻസായി 5 ഡോളറും അടക്കം ചെയ്ത ഒരു കവർ കിട്ടി. യഹോവയിൽ ആശ്രയിക്കാൻ എനിക്കു സകല കാരണവുമുണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ ഭൂമിയിലെ രാജ്യതാത്പര്യങ്ങൾക്കെല്ലാം വേണ്ടി വിശ്വസ്തമായി കരുതുന്ന ഒരു ‘വിശ്വസ്തനും വിവേകിയുമായ അടിമ’ യഹോവക്കുണ്ടെന്ന് ഹെഡ് ക്വാർട്ടേഴ്സിൽവച്ചു താമസിയാതെ ഞാൻ മനസ്സിലാക്കി.—മത്തായി 24:45-47.”b ഈ ക്രിസ്ത്യാനിയുടെ ഹൃദയം ഉറച്ചിരുന്നതു പണസ്നേഹത്തിലായിരുന്നില്ല, പിന്നെയോ “ഒടുങ്ങാത്ത നിക്ഷേപം സ്വർഗ്ഗത്തിൽ” സംഭരിക്കാനായിരുന്നു. സമാനമായി ഇന്ന്, ലോകത്തിനു ചുററുമുള്ള വാച്ച് ടവർ സൊസൈററിയുടെ ബെഥേൽ ഭവനങ്ങളിൽ സേവിക്കുന്ന ആയിരങ്ങൾ നിയമപരമായ ഒരുതരം നിർധന-വ്രതത്തിൻ കീഴിൽ അങ്ങനെ ചെയ്യുന്നു. തങ്ങളുടെ ദൈനംദിനാവശ്യങ്ങൾ നിറവേററുന്നതിന് അവർ യഹോവയിൽ ആശ്രയിക്കുന്നു.—ലൂക്കാ 12:29-31, 33, 34, പി.ഒ.സി. ബൈ.
യഹോവയിൽ ആശ്രയിക്കുക
13, 14. (എ) പക്വതയുള്ള ബുദ്ധ്യുപദേശം എവിടെ മാത്രമേ കണ്ടെത്താൻ കഴിയൂ? (ബി) പീഡനത്തെ അതിജീവിക്കുന്നതിന് എന്ത് ഒഴിവാക്കേണ്ടതുണ്ട്?
13 നമ്മുടെ സ്വർഗീയ പിതാവു നമ്മെ ബുദ്ധ്യുപദേശിക്കുന്നു: “നിന്റെ സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്.” (സദൃശവാക്യങ്ങൾ 3:5, NW) ലോകത്തിലെ ബുദ്ധ്യുപദേശകർക്കും മനഃശാസ്ത്രജ്ഞർക്കും യഹോവ പ്രകടമാക്കുന്ന ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അടുത്തെങ്ങും എത്താൻ കഴിയില്ല. “അവിടുത്തെ ജ്ഞാനം അളവററതാണ്.” (സങ്കീർത്തനങ്ങൾ 147:5, പി.ഒ.സി.ബൈ.) ലോകത്തിലെ പ്രമുഖരുടെ ജ്ഞാനത്തിലോ അജ്ഞതയിൽനിന്നുള്ള സ്വന്തം വികാരങ്ങളിലോ ആശ്രയിക്കുന്നതിനുപകരം പക്വതയുള്ള ഉപദേശത്തിനായി നമുക്കു യഹോവയിലേക്കും അവിടുത്തെ വചനത്തിലേക്കും ക്രിസ്തീയ സഭയിലെ മൂപ്പൻമാരിലേക്കും നോക്കാം.—സങ്കീർത്തനം 55:22; 1 കൊരിന്ത്യർ 2:5.
14 അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന കഠിന പരിശോധനയുടെ നാളിൽ മനുഷ്യ ജ്ഞാനമോ പദവിയിലുള്ള അഹന്തയോ നമ്മെ ഒരിടത്തും കൊണ്ടെത്തിക്കുകയില്ല. (യെശയ്യാവു 29:14; 1 കൊരിന്ത്യർ 2:14) രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ ദൈവജനത്തിനിടയിലെ കഴിവുള്ളവനെങ്കിലും അഹങ്കാരിയായിരുന്ന ഒരു ഇടയൻ തന്റെ സ്വന്തം വിവേകത്തിൽ ആശ്രയിച്ചു. സമ്മർദമുണ്ടായപ്പോൾ അദ്ദേഹം വിശ്വാസത്യാഗിയായി മാറുകയും പീഡനം വന്നപ്പോൾ ആട്ടിൻകൂട്ടത്തിലെ മിക്കവരും പ്രവർത്തനം നിർത്തുകയും ചെയ്തു. വൃത്തിഹീനമായ ജയിലറയിലെ ക്രൂരമായ പെരുമാററത്തെ ധൈര്യമായി അതിജീവിച്ച വിശ്വസ്തയായ ഒരു ജപ്പാൻകാരി സഹോദരി ഇങ്ങനെ അഭിപ്രായപ്പെട്ടു: “വിശ്വസ്തരായി നിലകൊണ്ടവർ എന്തെങ്കിലും പ്രത്യേക കഴിവുള്ളവരോ പ്രമുഖരോ ആയിരുന്നില്ല. തീർച്ചയായും നമ്മളെല്ലാം എല്ലായ്പോഴും മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കേണ്ടതുണ്ട്.”c
15. യഹോവയെ പ്രീതിപ്പെടുത്തുന്നതിന് ഏതു ദൈവിക ഗുണം അത്യാവശ്യമാണ്?
15 നമ്മുടെ സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നതിനു പകരം യഹോവയിൽ ആശ്രയിക്കുന്നതിൽ താഴ്മ ഉൾപ്പെട്ടിരിക്കുന്നു. യഹോവയെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏവർക്കും ഈ ഗുണം എത്ര പ്രധാനമാണ്! എന്തിന്, മുഴുപ്രപഞ്ചത്തിന്റെയും പരമാധികാരിയാം കർത്താവായിട്ടും നമ്മുടെ ദൈവം പോലും ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടിയോടുള്ള ഇടപെടലുകളിൽ താഴ്മ പ്രകടമാക്കുന്നു. അതിനു നമുക്കു നന്ദിയുള്ളവരായിരിക്കാം. “ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേൽപ്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും” ചെയ്യുന്നു. (സങ്കീർത്തനം 113:6, 7) തന്റെ മഹാകരുണ നിമിത്തം മനുഷ്യവർഗത്തിനുള്ള അവിടുത്തെ ഏററവും വലിയ ദാനമായ തന്റെ പ്രിയ പുത്രനായ ക്രിസ്തുയേശുവിന്റെ അമൂല്യമായ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ അവിടുന്നു നമ്മുടെ കുറവുകൾ ക്ഷമിക്കുന്നു. ഈ അനർഹ ദയയ്ക്കു നാം എത്ര നന്ദിയുള്ളവരായിരിക്കണം!
16. സഭയിലെ പദവികൾക്കുവേണ്ടി സഹോദരൻമാർക്ക് എങ്ങനെ എത്തിപ്പിടിക്കാവുന്നതാണ്?
16 യേശുതന്നെ നമ്മെ ഓർമിപ്പിക്കുന്നു: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.” (മത്തായി 23:12) സ്നാപനമേററ സഹോദരൻമാർ താഴ്മയോടെ ക്രിസ്തീയ സഭയിലെ ഉത്തരവാദിത്വങ്ങളിലേക്ക് എത്തിപ്പിടിക്കണം. അതേസമയം മേൽവിചാരകൻമാർ തങ്ങളുടെ നിയമനത്തെ ഒരു പദവിചിഹ്നമായി വീക്ഷിക്കരുത്. പ്രത്യുത, “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു പറഞ്ഞ യേശുവിനെപ്പോലെ താഴ്മയോടും വിലമതിപ്പോടും ആകാംക്ഷയോടുംകൂടെ ഒരു വേല നിർവഹിക്കുന്നതിനുള്ള അവസരമായിട്ടു വേണം അതിനെ കരുതാൻ.—യോഹന്നാൻ 5:17; 1 പത്രൊസ് 5:2, 3.
17. നാമെല്ലാം എന്തു തിരിച്ചറിയണം, അതു നമ്മെ ഏതു പ്രവർത്തനത്തിലേക്കു നയിക്കണം?
17 യഹോവയുടെ ദൃഷ്ടിയിൽ നാം വെറും പൊടിയല്ലാതെ മറെറാന്നുമല്ലെന്നു താഴ്മയോടും പ്രാർഥനയോടുംകൂടെ നാമെല്ലായ്പോഴും തിരിച്ചറിയട്ടെ. അപ്പോൾ, “യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തൻമാർക്കും അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും” എന്നതിൽ നമുക്ക് എത്ര സന്തോഷമുള്ളവരായിരിക്കാം! (സങ്കീർത്തനം 103:14, 17) അതുകൊണ്ട്, നാമെല്ലാം ദൈവവചനത്തിന്റെ ഉത്സാഹമുള്ള പഠിതാക്കളായിരിക്കണം. വ്യക്തിപരവും കുടുംബപരവുമായ പഠനത്തിലും സഭായോഗങ്ങളിലും ചെലവഴിച്ച സമയമായിരിക്കണം ഓരോ വാരത്തിലെയും നമ്മുടെ ഏററവും വിലപ്പെട്ട മണിക്കൂറുകളിൽ പെടുന്നത്. ഇപ്രകാരം നാം അതി“പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം” സമ്പാദിക്കുകയായിരിക്കും ചെയ്യുന്നത്. അതുതന്നെയാണു “വിവേകവും.”—സദൃശവാക്യങ്ങൾ 9:10.
“നിന്റെ എല്ലാ വഴികളിലും . . .”
18, 19. നമുക്കു സദൃശവാക്യങ്ങൾ 3:6 നമ്മുടെ ജീവിതത്തിൽ എങ്ങനെ ബാധകമാക്കാം, എന്തു ഫലത്തോടെ?
18 വിവേകത്തിന്റെ ദിവ്യ ഉറവിടമായ യഹോവയിലേക്കു നമ്മെ തിരിച്ചുകൊണ്ട് സദൃശവാക്യങ്ങൾ 3:6 അടുത്തതായി ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്റെ എല്ലാ വഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” യഹോവയെ നിനച്ചുകൊള്ളുന്നതിൽ പ്രാർഥനയിൽ അവിടുത്തെ സമീപത്തായിരിക്കുന്നത് ഉൾപ്പെടുന്നു. നാം എവിടെയായിരുന്നാലും ഏതു സാഹചര്യം പൊന്തിവന്നാലും പ്രാർഥനയിൽ നമുക്ക് അവിടുത്തോട് സത്വരം അടുത്തുചെല്ലാൻ കഴിയും. നാം നമ്മുടെ ദൈനംദിന ജോലികളിലേർപ്പെടുമ്പോഴും വയൽസേവനത്തിനുവേണ്ടി തയ്യാറാകുമ്പോഴും അവിടുത്തെ രാജ്യത്തെ പ്രഘോഷിച്ചുകൊണ്ടു വീടുതോറും പോകുമ്പോഴും നമ്മുടെ നിരന്തര പ്രാർഥന അവിടുന്നു നമ്മുടെ പ്രവർത്തനത്തെ അനുഗ്രഹിക്കണമേ എന്നായിരിക്കട്ടെ. അങ്ങനെ, ദൈവഭക്തിയുണ്ടായിരുന്ന ഹാനോക്കിനും നോഹക്കും അതുപോലെ യോശുവായും ദാനിയേലും പോലുള്ള വിശ്വസ്ത ഇസ്രയേല്യർക്കുംവേണ്ടി ചെയ്തതുപോലെ ‘അവിടുന്നു നമ്മുടെ പാതകളെ നേരെയാക്കും’ എന്ന ഉറപ്പോടെ ‘ദൈവത്തോടു കൂടെ നടക്കുന്നതിന്റെ’ അതുല്യമായ പദവിയും സന്തോഷവും നമുക്ക് ഉണ്ടായിരിക്കാൻ സാധിക്കും.—ഉല്പത്തി 5:22; 6:9; ആവർത്തനപുസ്തകം 8:6; യോശുവ 22:5; ദാനീയേൽ 6:23; യാക്കോബ് 4:8, 10-ഉം കൂടെ കാണുക.
19 നാം നമ്മുടെ അപേക്ഷകൾ യഹോവയെ അറിയിക്കുമ്പോൾ ‘സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കു’മെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (ഫിലിപ്പിയർ 4:7) ഈ ദൈവസമാധാനം പ്രസരിപ്പുള്ള മുഖത്തു പ്രതിഫലിക്കുമ്പോൾ അതിനു നമ്മുടെ സന്ദേശത്തെ പ്രസംഗ വേലയിൽ കണ്ടുമുട്ടുന്ന വീട്ടുകാർക്കു സ്വീകാര്യമാക്കിത്തീർക്കാൻ കഴിയും. (കൊലൊസ്സ്യർ 4:5, 6) അതിന് ഇന്നു ലോകത്തു സർവത്ര വ്യാപകമായിരിക്കുന്ന സമ്മർദങ്ങളാലും അനീതികളാലും ക്ലേശിക്കുന്നവരെയും പ്രോത്സാഹിപ്പിക്കാൻ കഴിയും. അതിനൊരു ഉദാഹരണമാണു പിൻവരുന്നത്.d
20, 21. (എ) നാസി ഭീകരകാലത്തു യഹോവയുടെ സാക്ഷികളുടെ നിർമലത എങ്ങനെയാണു മററുള്ളവരെ പ്രോത്സാഹിപ്പിച്ചത്? (ബി) യഹോവയുടെ സ്വരം നമ്മിൽ ഏതു ദൃഢതീരുമാനത്തെ ഉണർത്തേണ്ടതാണ്?
20 അത്ഭുതകരമെന്നോണം കൂട്ടക്കൊലയെ അതിജീവിച്ച, ഒരു ജഡിക യഹൂദനായ മാക്സ് ലീബ്സ്ററർ ഒരു നാസി വംശവിച്ഛേദ ക്യാമ്പിലേക്കുള്ള തന്റെ യാത്ര വിവരിച്ചത് ഇപ്രകാരമാണ്: “ഈരണ്ടു പേർക്കു വീതമുള്ള ചെറിയ അറകളാക്കി തിരിച്ച തീവണ്ടി വാഗനുകളിലിട്ടു ഞങ്ങളെ പൂട്ടി. അതിലൊന്നിലേക്ക് എറിയപ്പെട്ട ഞാൻ അവിടെ ഒരു തടവുകാരനെ കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ശാന്തത പ്രതിഫലിച്ചിരുന്നു. മററുള്ളവരുടെ രക്തം ചിന്തുന്നതിനെക്കാൾ നല്ലതു തടവറയും ഒരുപക്ഷേ മരണവുമാണെന്നു നിശ്ചയിച്ച് ദൈവനിയമത്തോടു കാട്ടിയ ആദരവു നിമിത്തമാണ് അയാൾ അവിടെ വരേണ്ടിവന്നത്. അയാൾ ഒരു യഹോവയുടെ സാക്ഷിയായിരുന്നു. അയാളുടെ മക്കളെ അയാളിൽനിന്ന് അകററുകയും ഭാര്യയെ വധിക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ വിധിതന്നെ അയാളും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. 14 ദിവസം നീണ്ട യാത്ര എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകി. കാരണം മരണത്തിലേക്കുള്ള ഈ യാത്രക്കിടയിലാണു ഞാൻ നിത്യജീവന്റെ പ്രത്യാശ കണ്ടെത്തിയത്.”
21 “സിംഹഗുഹ” എന്ന് അദ്ദേഹം വിളിച്ച ഔഷ്വിററ്സിലെ കഷ്ടങ്ങൾ അനുഭവിക്കുകയും പിന്നീട് സ്നാപനമേൽക്കുകയും ചെയ്ത ഈ സഹോദരൻ തടവുശിക്ഷയനുഭവിച്ചിട്ടുള്ള ഒരു യഹോവയുടെ സാക്ഷിയെ വിവാഹം ചെയ്തു. അവരുടെ പിതാവു ഡാക്കൗവിലെ തടങ്കൽപാളയത്തിൽ പീഡനം അനുഭവിച്ചിരുന്നു. അവിടെ കഴിയവേ, ഭാര്യയും കൊച്ചു മകളും അറസ്ററിലായെന്ന് അദ്ദേഹം കേട്ടു. അദ്ദേഹം തന്റെ പ്രതികരണം വർണിച്ചു: “ഞാൻ വളരെയധികം ചിന്താകുലനായി. പിന്നീടൊരിക്കൽ ഞാൻ കുളിക്കാനായി നിരയിൽ നിൽക്കുമ്പോൾ സദൃശവാക്യങ്ങൾ 3:5, 6 ഉദ്ധരിക്കുന്ന ഒരു സ്വരം ഞാൻ കേട്ടു . . . സ്വർഗത്തിൽ നിന്നിറങ്ങി വരുന്ന ഒരു സ്വരംപോലെ അതു മുഴങ്ങി. എന്റെ സമനില വീണ്ടെടുക്കാൻ അതുമാത്രമേ വേണ്ടിയിരുന്നുള്ളു.” വാസ്തവത്തിൽ ആ സ്വരം ആ തിരുവെഴുത്ത് ഉദ്ധരിച്ച മറെറാരു തടവുകാരന്റേതായിരുന്നു. പക്ഷേ, ദൈവവചനത്തിനു നമ്മുടെമേൽ എത്രമാത്രം ശക്തി ചെലുത്താൻ കഴിയും എന്ന് ഈ സംഭവം ഊന്നിപ്പറയുന്നു. (എബ്രായർ 4:12) “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക” എന്ന 1994-ലെ വാർഷികവാക്യത്തിന്റെ വാക്കുകളിലൂടെ ഇന്നു യഹോവയുടെ സ്വരം നമ്മോടു ശക്തമായി സംസാരിക്കട്ടെ!
[അടിക്കുറിപ്പുകൾ]
a 1973 ഡിസംബർ 15-ലെ ദ വാച്ച്ടവർ ലക്കത്തിൽ (പേജ് 760-5) ക്ലോഡ് എസ്. ഗുഡ്മാൻ പറഞ്ഞപ്രകാരമുള്ള “എന്റെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കൽ” എന്ന ലേഖനം കാണുക.
b 1968 ജൂലൈ 15-ലെ ദ വാച്ച്ടവർ ലക്കത്തിൽ (പേജ് 437-40) ഹാരി പീറേറഴ്സൺ പറഞ്ഞപ്രകാരമുള്ള “യഹോവയെ സ്തുതിക്കാൻ ദൃഢനിശ്ചിതൻ” എന്ന ലേഖനം കാണുക.
c 1988 മേയ് 1-ലെ ദ വാച്ച്ടവർ ലക്കത്തിൽ (പേജ് 21-5) മാററ്സ്വീ ഇഷി പറഞ്ഞപ്രകാരമുള്ള “യഹോവ തന്റെ ദാസൻമാരെ ഉപേക്ഷിക്കുന്നില്ല” എന്ന ലേഖനം കാണുക.
d 1978 ഒക്ടോബർ 1-ലെ ദ വാച്ച്ടവർ ലക്കത്തിൽ (പേജ് 20-4) മാക്സ് ലീബ്സ്ററർ പറഞ്ഞപ്രകാരമുള്ള “വിടുതൽ! നന്ദിയുള്ളവരെന്നു സ്വയം തെളിയിക്കൽ” എന്ന ലേഖനം കാണുക.
ചുരുക്കത്തിൽ
◻ സദൃശവാക്യങ്ങളിൽ ഏതുതരം ബുദ്ധ്യുപദേശമാണുള്ളത്?
◻ യഹോവയിലുള്ള ആശ്രയം നമുക്കു പ്രയോജനപ്പെടുന്നത് എങ്ങനെ?
◻ യഹോവയിൽ ആശ്രയിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്?
◻ നമ്മുടെ എല്ലാ വഴികളിലും നാം യഹോവയെ നിനച്ചുകൊള്ളേണ്ടത് എന്തുകൊണ്ട്?
◻ യഹോവ നമ്മുടെ പാതകളെ നേരെയാക്കുന്നത് എങ്ങനെ?
[15-ാം പേജിലെ ചിത്രം]
സന്തോഷകരമായ രാജ്യസന്ദേശം നീതിഹൃദയരായ ആളുകൾക്ക് ആകർഷകമായി തോന്നുന്നു