യഹോവയുടെ വചനം ജീവനുള്ളത്
സഭാപ്രസംഗിയിൽനിന്നുള്ള വിശേഷാശയങ്ങൾ
“സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു” എന്ന് പൂർവപിതാവായ ഇയ്യോബ് പറയുകയുണ്ടായി. (ഇയ്യോബ് 14:1) അതുകൊണ്ട് നമ്മുടെ ഹ്രസ്വജീവിതം, മൂല്യരഹിതമായ കാര്യങ്ങളുടെ പിന്നാലെപോയി പാഴാക്കാതിരിക്കേണ്ടത് എത്ര പ്രധാനമാണ്! ഏതെല്ലാം കാര്യങ്ങൾക്കാണ് നാം സമയവും ഊർജവും വിഭവങ്ങളും ചെലവിടേണ്ടത്? എന്തെല്ലാം നാം ഒഴിവാക്കണം? ഈ സംഗതികൾ സംബന്ധിച്ച് ആശ്രയയോഗ്യമായ മാർഗനിർദേശം ബൈബിളിലെ സഭാപ്രസംഗി എന്ന പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. അവയിലെ സന്ദേശത്തിന് “ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചി”ക്കാനും അർഥപൂർണമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കാനും കഴിയും.—എബ്രായർ 4:12.
പുരാതന ഇസ്രായേലിലെ രാജാവായിരുന്ന, ജ്ഞാനത്തിനു കീർത്തികേട്ട ശലോമോൻ ആണ് സഭാപ്രസംഗി എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ. ജീവിതത്തിൽ യഥാർഥത്തിൽ മൂല്യവത്തായിരിക്കുന്നതും അല്ലാത്തതുമായ കാര്യങ്ങൾ സംബന്ധിച്ച പ്രായോഗിക മാർഗനിർദേശമാണ് ഇതിലെ പ്രതിപാദ്യം. ശലോമോന്റെ ഏതാനും നിർമാണ പദ്ധതികളെക്കുറിച്ച് ഇതിൽ പരാമർശിക്കുന്നതിനാൽ, അവ പൂർത്തിയായശേഷം, എന്നാൽ അവൻ വ്യാജാരാധനയിലേക്കു തിരിയുന്നതിനു മുമ്പ്, ആയിരിക്കണം ഈ പുസ്തകം എഴുതിയത്. (നെഹെമ്യാവു 13:26) അതു സൂചിപ്പിക്കുന്നത് ഇതിന്റെ എഴുത്തു നടന്നത് പൊ.യു.മു (പൊതുയുഗത്തിന് മുമ്പ്) 1000-ത്തിനു മുമ്പും, ശലോമോന്റെ 40 വർഷ ഭരണത്തിന്റെ അവസാനത്തോടെയും ആണെന്നാണ്.
“മായ” അല്ലാത്തതെന്ത്?
“സകലവും മായയത്രേ” എന്നു പറയുന്ന സഭാപ്രസംഗി ചോദിക്കുന്നു: “സൂര്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?” (സഭാപ്രസംഗി 1:2, 3) “മായ,” “സൂര്യന്നു കീഴിൽ” എന്നീ പ്രയോഗങ്ങൾ ഈ പുസ്തകത്തിൽ കൂടെക്കൂടെ കാണാം. “മായ” എന്നതിനുള്ള എബ്രായ പദത്തിന്റെ അക്ഷരാർഥം “ശ്വാസം” എന്നോ “ബാഷ്പം” എന്നോ ആണ്. അതുകൊണ്ട് കഴമ്പോ സ്ഥിരതയോ നിലനിൽക്കുന്ന മൂല്യമോ ഒന്നുമില്ലാത്ത ഒരവസ്ഥയെയാണ് അതു സൂചിപ്പിക്കുന്നത്. “സൂര്യന്നു കീഴിൽ” എന്ന പ്രയോഗത്തിന് “ഈ ഭൂമിയിൽ” എന്നോ “ഈ ലോകത്തിൽ” എന്നോ ആണ് അർഥം. അതിനാൽ സകലവും, അതായത് ദൈവേഷ്ടത്തെ മറന്നുകൊണ്ടുള്ള മനുഷ്യന്റെ സകല പ്രയത്നങ്ങളും, മായയാണ്.
“ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; . . . അടുത്തുചെന്നു കേൾക്കുന്നതു നല്ലതു” എന്ന് ശലോമോൻ പറയുന്നു. (സഭാപ്രസംഗി 5:1) യഹോവയാം ദൈവത്തിന്റെ സത്യാരാധനയിൽ ഏർപ്പെടുന്നത് മായയല്ല. യഥാർഥത്തിൽ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന് ശ്രദ്ധ നൽകുന്നതാണ് അർഥപൂർണമായ ജീവിതത്തിന് ഉതകുന്ന ഒരു സുപ്രധാന ഘടകം.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:4-10—പ്രകൃതിയിലെ പരിവൃത്തികൾ “ശ്രമാവഹങ്ങളാകുന്നു” അല്ലെങ്കിൽ ക്ലേശകരമാകുന്നു എന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? ഭൂമിയിൽ ജീവിതം സാധ്യമാക്കുന്ന അടിസ്ഥാനപരമായ മൂന്നു കാര്യങ്ങളെക്കുറിച്ചു മാത്രമേ സഭാപ്രസംഗി പരാമർശിക്കുന്നുള്ളൂ—സൂര്യൻ, കാറ്റുവീശുന്ന വിധം, ജലപരിവൃത്തി. വാസ്തവത്തിൽ പ്രകൃതിയിൽ നിരവധി പരിവൃത്തികൾ ഉണ്ട്, അവയാകട്ടെ വളരെ സങ്കീർണവും. ജീവിതകാലം മുഴുവൻ പഠിച്ചാലും ഒരുവന് അവ പൂർണമായി മനസ്സിലാക്കാനാവില്ല. അത് തികച്ചും ക്ലേശകരമായ ഒരനുഭവമായിരിക്കാനാകും. കൂടാതെ, നമ്മുടെ ഹ്രസ്വമായ ആയുസ്സിനെ അനന്തമായ ഈ പരിവൃത്തികളുമായി തട്ടിച്ചുനോക്കുന്നത് നിരാശാജനകവുമാണ്. പുതിയ കണ്ടെത്തലുകൾ നടത്താൻ ചെയ്യുന്ന ശ്രമംപോലും ക്ലേശകരമാണ്. ഇനി, ഇന്നത്തെ പുതിയ കണ്ടുപിടിത്തങ്ങളുടെ കാര്യമാണെങ്കിലോ? അവയൊക്കെയും, സത്യദൈവം സ്ഥാപിച്ചിട്ടുള്ളതും സൃഷ്ടിയിൽ ഇതിനോടകം ഉപയോഗിച്ചിരിക്കുന്നതുമായ തത്ത്വങ്ങളുടെ അനുകരണം മാത്രമാണ്.
2:1, 2—ചിരിയെ “ഭ്രാന്ത്” എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? നമ്മുടെ പ്രശ്നങ്ങൾ താത്കാലികമായി മറക്കാൻ ചിരി സഹായിച്ചേക്കാം. അതുപോലെതന്നെ ആഹ്ലാദിക്കുന്നതിലൂടെ പ്രശ്നങ്ങളെ ലാഘവത്തോടെ കാണാനും നമുക്കു കഴിഞ്ഞേക്കാം. എങ്കിലും ചിരി നമ്മുടെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നില്ല. അതുകൊണ്ടാണ് ചിരിയിലൂടെ സന്തോഷം തേടുന്നതിനെ “ഭ്രാന്ത്” എന്നു വിളിച്ചിരിക്കുന്നത്.
3:11—ദൈവം “അതതിന്റെ സമയത്ത് ഭംഗിയായി ചെയ്ത”ത് എന്ത്? യഹോവയാം ദൈവം അതതിന്റെ സമയത്ത് ഭംഗിയായി, അഥവാ ഉചിതവും പ്രയോജനപ്രദവുമായി ചെയ്തിരിക്കുന്ന ചില കാര്യങ്ങളാണ് ആദാമിന്റെയും ഹവ്വായുടെയും സൃഷ്ടി, മഴവില്ല് ഉടമ്പടി, അബ്രാഹാമ്യ ഉടമ്പടി, ദാവീദിക ഉടമ്പടി, മിശിഹായുടെ വരവ്, ദൈവരാജ്യത്തിന്റെ രാജാവായുള്ള യേശുവിന്റെ സിംഹാസനാരോഹണം എന്നിവ. എങ്കിലും സമീപഭാവിയിൽ യഹോവ “ഭംഗിയായി” ചെയ്യാനിരിക്കുന്ന മറ്റൊരു കാര്യമുണ്ട്, നീതിനിഷ്ഠമായ ഒരു പുതിയ ലോകം. തക്കസമയത്ത് അത് ഒരു യാഥാർഥ്യമായിത്തീരുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—2 പത്രൊസ് 3:13.
നമുക്കുള്ള പാഠങ്ങൾ:
1:15. ഇന്നു കാണുന്ന അടിച്ചമർത്തലും അനീതിയും ഇല്ലാതാക്കാനായി സമയവും ഊർജവും ചെലവഴിക്കുന്നതു വ്യർഥമാണ്. ദുഷ്ടത തുടച്ചുനീക്കാൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ.—ദാനീയേൽ 2:44.
2:4-11. നിർമാണവേല, ഉദ്യാനപാലനം, സംഗീതം തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങളും അതുപോലെതന്നെ ആഡംബര ജീവിതവും ‘വൃഥാപ്രയത്നം’ ആണ്. കാരണം, അവ ജീവിതത്തെ ഉദ്ദേശ്യപൂർണമാക്കുകയോ ശാശ്വത സന്തോഷം കൈവരുത്തുകയോ ചെയ്യുന്നില്ല.
2:12-16. ജ്ഞാനമുണ്ടെങ്കിൽ ചില പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനാകും. ഈ അർഥത്തിൽ അത് ഭോഷത്വത്തെക്കാൾ മികച്ചതാണ്. എന്നാൽ മരണത്തിന്റെ കാര്യത്തിൽ മനുഷ്യജ്ഞാനംകൊണ്ട് യാതൊരു പ്രയോജനവുമില്ല. അത്തരം ജ്ഞാനം ഉള്ളതിന്റെ പേരിൽ ഒരുവന് കീർത്തി ലഭിച്ചാലും അത് ഉടൻതന്നെ വിസ്മൃതിയിലാണ്ടുപോകും.
2:24; 3:12, 13, 22. നമ്മുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നത് തെറ്റല്ല.
2:26. സന്തോഷം കൈവരുത്തുന്ന ദൈവികജ്ഞാനം “ദൈവപ്രസാദമുള്ളവ”നാണു ലഭിക്കുക. ദൈവവുമായി നല്ലൊരു ബന്ധമില്ലാതെ ഈ ജ്ഞാനം നേടാനാവില്ല.
3:16, 17. എല്ലായ്പോഴും നീതി ലഭിക്കുമെന്ന പ്രതീക്ഷ യാഥാർഥ്യത്തിനു നിരക്കുന്നതല്ല. ഇന്ന് ലോകത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ യഹോവ കാര്യങ്ങൾ നേരെയാക്കുന്ന സമയത്തിനായി നാം കാത്തിരിക്കണം.
4:4. സ്വന്തം കഴിവുകൾ ഉപയോഗിച്ച് വിദഗ്ധമായി ചെയ്യുന്ന കഠിനവേല സംതൃപ്തിദായകമാണ്. എന്നാൽ മറ്റുള്ളവരെ കടത്തിവെട്ടുക എന്ന ഉദ്ദേശ്യത്തോടെയുള്ള കഠിനാധ്വാനം മത്സരാത്മാവ് ഊട്ടിവളർത്തുന്നതോടൊപ്പം അസൂയയ്ക്കും ദ്രോഹചിന്തയ്ക്കും ഇടയാക്കുകയും ചെയ്തേക്കാം. ക്രിസ്തീയ ശുശ്രൂഷയിലെ നമ്മുടെ കഠിനാധ്വാനം ശരിയായ ആന്തരത്തിൽനിന്ന് ഉളവാകുന്നതായിരിക്കണം.
4:7-12. മനുഷ്യബന്ധങ്ങളാണ് സ്വത്തുക്കളെക്കാൾ ഏറെ പ്രധാനം. സമ്പത്തിനായുള്ള നെട്ടോട്ടത്തിൽ അവ ഇല്ലാതാക്കരുത്.
4:13. സ്ഥാനവും പ്രായവും എല്ലായ്പോഴും ആദരവ് നേടിത്തരില്ല. ഉത്തരവാദിത്വസ്ഥാനങ്ങളിൽ ഉള്ളവർ ജ്ഞാനത്തോടെ പ്രവർത്തിക്കണം.
4:15, 16. ‘ബാലന്’—രാജാവിന്റെ പിൻഗാമിക്ക്—തുടക്കത്തിൽ ‘അസംഖ്യം ജനത്തിന്റെ’ പിന്തുണ ഉണ്ടായിരിക്കാമെങ്കിലും “പിന്നെയുള്ളവർ അവനിൽ സന്തോഷിക്കയില്ല.” ജനസമ്മിതി മിക്കപ്പോഴും ക്ഷണികമാണ്.
5:2. നമ്മുടെ പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതും ആദരവോടു കൂടിയതും ആയിരിക്കണം, വെറും വാക്സാമർഥ്യം കാണിക്കലായിരിക്കരുത്.
5:3-7. ഭൗതികത്വ ചിന്തയിൽ മുഴുകിയിരിക്കുന്നത് സ്വാർഥ നേട്ടങ്ങളെക്കുറിച്ചു ദിവാസ്വപ്നം കാണാൻ ഇടയാക്കിയേക്കാം. അതിന് ഒരുവനെ അസ്വസ്ഥമായ അവസ്ഥയിൽ, ഒരു സ്വപ്നലോകത്ത്, ആക്കാനും അങ്ങനെ നല്ല ഉറക്കത്തിന് വിഘാതം സൃഷ്ടിക്കാൻപോലും കഴിയും. വാക്പെരുപ്പം ഒരുവനെ മറ്റുള്ളവരുടെ ദൃഷ്ടിയിൽ മൂഢനാക്കിത്തീർത്തേക്കാമെന്നു മാത്രമല്ല അയാൾ ദൈവമുമ്പാകെ എടുത്തുചാടി നേർച്ച നേരുന്നതിനും ഇടവരുത്തിയേക്കാം. ‘സത്യദൈവത്തെ ഭയപ്പെടുന്നത്’ ഇത്തരം പ്രവർത്തനങ്ങളിൽനിന്നെല്ലാം നമ്മെ തടയുന്നു.
6:1-9. സമ്പത്തും മഹത്ത്വവും ദീർഘായുസ്സും ഒരു വലിയ കുടുംബവും ഒക്കെ ഉണ്ടായിട്ടും അതൊന്നും ആസ്വദിക്കാനാവാത്ത സാഹചര്യമാണ് ഉള്ളതെങ്കിൽ എന്താണു പ്രയോജനം? “അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാൾ,” അതായത് തൃപ്തിപ്പെടുത്താനാവില്ലാത്ത ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതിനെക്കാൾ, “കണ്ണിന്റെ നോട്ടം,” അതായത് യാഥാർഥ്യങ്ങളെ നേരിടുന്നതാണു “നല്ലത്.” അതുകൊണ്ട് ഏറ്റവും ഉത്തമമായ ജീവിതഗതി ഇതാണ്: ‘ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു വിചാരിക്കുക.’ ഒപ്പം ജീവിതത്തിലെ നല്ല കാര്യങ്ങളിൽ ആസ്വാദനം കണ്ടെത്തുകയും യഹോവയുമായി അടുത്തബന്ധം നിലനിറുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുക.—1 തിമൊഥെയൊസ് 6:8.
ജ്ഞാനികൾക്കുള്ള ബുദ്ധിയുപദേശം
നമുക്ക് എങ്ങനെ സത്പേര് അഥവാ സത്കീർത്തി നിലനിറുത്താം? മാനുഷിക ഭരണകർത്താക്കളോടും നമ്മുടെ ചുറ്റും കാണുന്ന അനീതിയോടും ഉള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? മരിച്ചവർ ഒന്നും അറിയുന്നില്ലാത്തതിനാൽ നാം ഇപ്പോൾ എങ്ങനെയാണു ജീവിതം വിനിയോഗിക്കേണ്ടത്? യുവജനങ്ങൾക്ക് സമയവും ഊർജവും എങ്ങനെ ജ്ഞാനപൂർവം ഉപയോഗിക്കാനാകും? ഇവയെയും മറ്റു കാര്യങ്ങളെയും കുറിച്ചുള്ള സഭാപ്രസംഗിയുടെ ഉത്തമ ബുദ്ധിയുപദേശം 7 മുതൽ 12 വരെയുള്ള അധ്യായങ്ങളിൽ കാണാം.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
7:19—ജ്ഞാനം “പത്തു ബലശാലിക”ളെക്കാൾ ബലവത്തായിരിക്കുന്നത് എങ്ങനെ? ബൈബിളിൽ പത്ത് എന്ന സംഖ്യയുടെ പ്രതീകാത്മക പ്രയോഗം പൂർണതയെ കുറിക്കുന്നു. ജ്ഞാനത്തിന്റെ സംരക്ഷകശക്തി, ഒരു പട്ടണം കാക്കുന്ന മുഴു പടയാളികളുടെ ശക്തിയെക്കാളും ഏറെയാണെന്നു പ്രസ്താവിക്കുകയാണ് ശലോമോൻ ഇവിടെ.
10:2—ഒരുവന്റെ ബുദ്ധി [“ഹൃദയം,” NW] ‘വലത്തുഭാഗത്തോ’ ‘ഇടത്തുഭാഗത്തോ’ ആണ് എന്നത് എന്തിനെ സൂചിപ്പിക്കുന്നു? വലതുഭാഗം പലപ്പോഴും പ്രീതിയുടെ സ്ഥാനത്തെയാണു സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഒരാളുടെ ഹൃദയം വലതുഭാഗത്താണ് എന്നതിനാൽ നല്ലതു ചെയ്യാൻ ഹൃദയം അയാളെ പ്രചോദിപ്പിക്കുന്നു എന്നാണർഥം. എന്നാൽ, തെറ്റായ ഒരു ഗതിയിൽ ചരിക്കാനാണ് അത് ഒരാളെ പ്രേരിപ്പിക്കുന്നതെങ്കിൽ, അയാളുടെ ഹൃദയം ഇടതുഭാഗത്താണെന്നു പറയാം.
10:15—“മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചുപോകുന്ന”ത് എങ്ങനെ? നല്ല ന്യായനിർണയം ഇല്ലാത്തപക്ഷം കഠിനാധ്വാനംകൊണ്ട് മൂല്യവത്തായ യാതൊന്നും ഉളവാകുന്നില്ല. അയാൾക്ക് അതിൽനിന്ന് യാതൊരു സംതൃപ്തിയും ലഭിക്കുന്നില്ല. അത്തരം പ്രയത്നം അയാളെ ക്ഷീണിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
11:7, 8—“വെളിച്ചം മനോഹരവും സൂര്യനെ കാണുന്നതു കണ്ണിന്നു ഇമ്പവുമാകുന്നു” എന്ന പ്രസ്താവനയുടെ അർഥമെന്ത്? സൂര്യനും പ്രകാശവും ജീവിച്ചിരിക്കുന്നവരുടെ ആസ്വാദനത്തിനുവേണ്ടി ഉള്ളതാണ്. ജീവനോടിരിക്കുന്നത് നല്ലതാണെന്നും അന്ധകാരകാലം അഥവാ വാർധക്യം നമ്മുടെ ഓജസ്സ് കവർന്നെടുക്കുന്നതിനു മുമ്പ് “സന്തോഷിക്ക”ണമെന്നും ആണ് ശലോമോൻ ഇവിടെ പ്രസ്താവിക്കുന്നത്.
11:10—“ബാല്യവും യൌവനവും മായ” ആയിരിക്കുന്നത് എന്തുകൊണ്ട്? വേണ്ടവിധം വിനിയോഗിച്ചില്ലെങ്കിൽ ഇവ മായ ആയിരിക്കും. കാരണം, യൗവനത്തിലെ ഓജസ്സ് മഞ്ഞുപോലെ ക്ഷണികമാണ്.
നമുക്കുള്ള പാഠങ്ങൾ:
7:6. അനുചിതമായ സമയത്തുള്ള ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ അലോസരപ്പെടുത്തുന്നതും പ്രയോജനരഹിതവും ആയിരിക്കും. നാം അത്തരം ചിരി ഒഴിവാക്കണം.
7:21, 22. മറ്റുള്ളവർ നമ്മെക്കുറിച്ചു പറയുന്ന കാര്യങ്ങളെപ്രതി നാം അമിതമായി ഉത്കണ്ഠപ്പെടരുത്.
8:2, 3; 10:4. ഒരു സൂപ്പർവൈസറോ തൊഴിൽദാതാവോ നമ്മെ വിമർശിക്കുകയോ തിരുത്തുകയോ ചെയ്യുമ്പോൾ ശാന്തരായിരിക്കുന്നതാണു ബുദ്ധി. അങ്ങനെ ചെയ്യുന്നതായിരിക്കും അവന്റെ “സന്നിധിവിട്ടുപോകുവാൻ ബദ്ധപ്പെ”ടുന്നതിനെക്കാൾ, അതായത് ഉടനടി രാജിവെക്കുന്നതിനെക്കാൾ നല്ലത്.
8:8; 9:5-10, 12. മീൻ വലയിൽ അകപ്പെടുകയോ പക്ഷികൾ കെണിയിൽ കുടുങ്ങുകയോ ചെയ്യുന്നതുപോലെ, നമ്മുടെ ജീവിതവും അപ്രതീക്ഷിതമായി അവസാനിച്ചേക്കാം. മാത്രമല്ല, മരണത്തിങ്കൽ ജീവശക്തി വിട്ടുപോകുന്നതിനെ തടുക്കുവാനോ മനുഷ്യവർഗത്തിനെതിരെയുള്ള മരണത്തിന്റെ പോരാട്ടത്തിൽനിന്ന് ഒഴിവുള്ളവരായിരിക്കാനോ ആർക്കും കഴിയുകയുമില്ല. അതുകൊണ്ട് നാം വെറുതെ സമയം പാഴാക്കരുത്. നാം ജീവനെ വിലമതിക്കാനും ആരോഗ്യകരമായ വിധത്തിൽ അത് ആസ്വദിക്കാനും യഹോവ ആഗ്രഹിക്കുന്നു. അതിനായി, യഹോവയുടെ സേവനത്തിന് ജീവിതത്തിൽ പ്രഥമസ്ഥാനം നൽകേണ്ടതുണ്ട്.
8:16, 17. ദൈവം ചെയ്തിരിക്കുന്നതും മനുഷ്യർക്കിടയിൽ സംഭവിക്കാൻ അനുവദിച്ചിരിക്കുന്നതുമായ സകലതും പൂർണമായി മനസ്സിലാക്കാൻ മനുഷ്യനു കഴിയില്ല, എത്രതന്നെ ഉറക്കമിളച്ചിരുന്നു ശ്രമിച്ചാലും. ചെയ്യപ്പെട്ടിട്ടുള്ള ദുഷ്ചെയ്തികളെപ്രതി ആകുലചിത്തരാകുന്നത് നമ്മുടെ ജീവിതത്തിലെ സന്തോഷം കവർന്നുകളയുക മാത്രമേ ചെയ്യൂ.
9:16-18. ആളുകൾ പൊതുവേ ജ്ഞാനത്തെ വിലമതിക്കാത്തപ്പോൾപ്പോലും നാം അതിനു വില കൽപ്പിക്കേണ്ടതുണ്ട്. മൂഢന്റെ അട്ടഹാസത്തെക്കാൾ ജ്ഞാനിയുടെ ശാന്തമായ വാക്കുകളാണു നല്ലത്.
10:1. സംസാരത്തിന്റെയും നടത്തയുടെയും കാര്യത്തിൽ നാം ശ്രദ്ധാലുക്കളായിരിക്കണം. ഒരു കോപാവേശം, മദ്യത്തിന്റെ ഒരു പ്രാവശ്യത്തെ ദുരുപയോഗം, അസാന്മാർഗിക ലൈംഗിക നടത്ത ഉൾപ്പെടുന്ന ഒരു സംഭവം എന്നിങ്ങനെ ബുദ്ധിശൂന്യമായ എന്തെങ്കിലും ഒരു കാര്യം മതി, ആദരണീയനായ ഒരു വ്യക്തിയുടെ പേരു കളഞ്ഞുകുളിക്കാൻ.
10:5-11. ഉന്നത സ്ഥാനത്തിരിക്കുന്ന കാര്യപ്രാപ്തിയില്ലാത്ത ഒരാളോടു നീരസം തോന്നരുത്. ലളിതമായ ഒരു കാര്യം ചെയ്യുന്നതിൽപ്പോലുമുള്ള കഴിവില്ലായ്മ ഹാനികരമായ പരിണത ഫലങ്ങളിൽ കലാശിച്ചേക്കാം. പകരം, ‘ജ്ഞാനം കാര്യസിദ്ധിക്ക്’ ഉപയോഗിക്കാനുള്ള കഴിവു വളർത്തിയെടുക്കുന്നതു പ്രയോജനകരമാണ്. രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നാം കഴിവു വളർത്തിയെടുക്കേണ്ടത് എത്ര പ്രധാനമാണ്!
11:1, 2. ആത്മാർഥമായ ഔദാര്യം നാം ശീലമാക്കണം. മറ്റുള്ളവരും ഔദാര്യം കാണിക്കാൻ അത് ഇടയാക്കും.—ലൂക്കൊസ് 6:38.
11:3-6. ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ ഒരു തീരുമാനം എടുക്കാനാവാത്തവിധം നമ്മെ ചഞ്ചലചിത്തരാക്കരുത്.
11:9; 12:1-7. യുവജനങ്ങൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടവരാണ്. അതുകൊണ്ട് വാർധക്യം, ഓജസ്സ് കവർന്നെടുക്കുന്നതിനു മുമ്പായി അവർ തങ്ങളുടെ സമയവും ഊർജവും ദൈവസേവനത്തിനായി വിനിയോഗിക്കണം.
നമുക്കു വഴികാട്ടിയായി “ജ്ഞാനികളുടെ വചനങ്ങൾ”
സഭാപ്രസംഗി അന്വേഷിച്ചു കണ്ടെത്തി രേഖപ്പെടുത്തിയ “ഇമ്പമായുള്ള വാക്കുക”ളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? മനുഷ്യജ്ഞാനം അടങ്ങുന്ന നിരവധി “പുസ്തക”ങ്ങളിൽനിന്നു വ്യത്യസ്തമായി “ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽ പോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്കപ്പെട്ടിരിക്കുന്നു.” (സഭാപ്രസംഗി 12:10-12) ആ ‘ഇടയനായ’ യഹോവയിൽനിന്നുള്ള ജ്ഞാനമൊഴികൾക്ക് “തറെച്ചിരിക്കുന്ന ആണികൾപോലെ” നമ്മുടെ ജീവിതത്തിൽ സ്ഥിരത നൽകാനാകും.
സഭാപ്രസംഗി എന്ന പുസ്തകത്തിലെ ജ്ഞാനോപദേശങ്ങൾ ബാധകമാക്കുന്നത് അർഥപൂർണവും സന്തുഷ്ടവുമായ ജീവിതം നയിക്കാൻ തീർച്ചയായും നമ്മെ സഹായിക്കും. കൂടാതെ നമുക്ക് ഈ ഉറപ്പും ലഭിച്ചിട്ടുണ്ട്: ‘ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരും.’ അതുകൊണ്ട് നമുക്ക് ‘സത്യദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിക്കാൻ’ ഉള്ള ദൃഢനിശ്ചയത്തിൽ ഉറച്ചുനിൽക്കാം.—സഭാപ്രസംഗി 8:12; 12:13.
[15-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ ഏറ്റവും മനോഹരമായ കരവേലകളിൽ ഒന്ന് തക്കസമയത്ത് യാഥാർഥ്യമായിത്തീരും
[16-ാം പേജിലെ ചിത്രം]
ഭക്ഷണവും പാനീയവും കഠിനാധ്വാനം കൈവരുത്തുന്ന സംതൃപ്തിയും എല്ലാം ദൈവത്തിന്റെ ദാനമാണ്