യുവജനങ്ങൾ ചോദിക്കുന്നു. . .
ആളുകൾ എന്നേക്കുറിച്ച് കുശുകുശുപ്പു പറഞ്ഞാൽ ഞാൻ എന്തു ചെയ്യണം?
“എന്റെ ഹൈസ്കൂളിലെ തൊണ്ണൂറെറാൻപതു ശതമാനം പേരും കുശുകുശുപ്പു നടത്തുന്നു” എന്ന് ന്യൂയോർക്കിലെ ഒരു ഹൈസ്ക്കൂളിലെ (സെക്കണ്ടറി) രണ്ടാം വർഷ വിദ്യാർത്ഥിനി പറയുന്നു. കുശുകുശുപ്പിന്റെ മുഖ്യ വിഷയമെന്താണ്? “മററു വിദ്യാർത്ഥികൾ: അവരുടെ വ്യക്തിത്വങ്ങൾ, അവരുടെ ആകാരം, ആര് ആരെ ഇഷ്ടപ്പെടുന്നു, അവർ ഓരോരുത്തരെയും കുറിച്ച് പറയുന്നത് എന്നിവ.”—സെവൻറീൻ മാസിക, ജൂലൈ 1983.
എന്നാൽ കുശുകുശുപ്പ് മിക്കപ്പോഴും നിഷേധാത്മകമായിത്തീരുകയും മററുള്ളവരുടെ സൽപ്പേരിനു ഗൗരവതരമായ കളങ്കം വരുത്താനിടയാക്കുകയും ചെയ്യുന്നു.a കുശുകുശുപ്പ് യുവാക്കളുടെയിടയിലും പ്രായമായവരുടെയിടയിലും ലോകവ്യാപകമായി നിലവിലിരിക്കുന്നതിനാൽ നിങ്ങൾതന്നേയും ദ്രോഹകരമായ കുശുകുശുപ്പിന്റെ ഇരയായിത്തീർന്നിരിക്കാൻ (അല്ലെങ്കിൽ എന്നെങ്കിലും ഇരയായിത്തീരാൻ) നല്ല സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? ദ്രോഹകരമായ ഈ സംഭാഷണം നിർത്തിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
കുശുകുശുപ്പിന്റെ വേദന
അതുസംബന്ധിച്ച് സംശയമില്ല: വ്യക്തിപരമായ വിവരങ്ങൾ മററുള്ളവരിലേക്ക് ചോർത്തപ്പെടുമ്പോൾ അല്ലെങ്കിൽ നിങ്ങൾ ഒരു വ്യാജമായ കിംവദന്തിക്ക് ഇരയായിരിക്കുമ്പോൾ അത് യഥാർത്ഥത്തിൽ ദ്രോഹം ചെയ്യുന്നു. ദ്രോഹത്തിന്റെയും മ്ലാനതയുടെയും കാലഘട്ടങ്ങളിൽ കോപത്തിന്റെയും പകരംവീട്ടലിന്റെയും വികാരങ്ങൾ ഉണ്ടായേക്കാം. “അത് നിങ്ങൾ ആ ആളെ ദ്രോഹിക്കാൻ ആഗ്രഹിക്കുന്നതുപോലെ വിചാരിക്കാൻ ഇടയാക്കുന്നു” എന്ന് കുശുകുശുപ്പിനിരയായ ഒരാൾ പറഞ്ഞു. മറെറാരാൾ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തകർക്കപ്പെട്ടതായി വിചാരിക്കുന്നു; അത് പിന്നിൽനിന്ന് കുത്തുന്നതുപോലെയാണ്. അതിന് നിങ്ങൾ അവരോടു വീണ്ടും ഒരിക്കലും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വിചാരിക്കുന്നതിന് ഇടയാക്കാൻ കഴിയും. നിങ്ങളുടെ വിശ്വാസം പൊയ്പ്പോയിരിക്കുന്നു, നിങ്ങൾക്കു പ്രശ്നത്തെ സംബന്ധിച്ച ചിന്ത കേവലം നിർത്താൻ കഴിയുന്നില്ല.”
തീർച്ചയായും കുശുകുശുപ്പ് അനേകം യുവാക്കൾ ബുദ്ധിമുട്ടുനിമിത്തം സ്തംഭിച്ചുപോകാനിടയാക്കിയിട്ടുണ്ട്. അങ്ങനെ ഒരു ചെറുപ്പക്കാരി അവളെക്കുറിച്ച് ഒരു വൃത്തികെട്ട കിംവദന്തി പരത്തുന്നതിൽ പങ്കെടുത്ത യുവാക്കളെ അഭിമുഖീകരിക്കുന്നതിനുപകരം മറെറാരു സ്കൂളിലേക്ക് മാറി. എന്നിരുന്നാലും പ്രതികാരമോ കോപമോ സ്തംഭിപ്പിക്കുന്ന ബുദ്ധിമുട്ടോ സാഹചര്യത്തെ അല്പംപോലും മെച്ചപ്പെടുത്തുന്നില്ല. വിപരീത സംസാരത്തെ കൈകാര്യം ചെയ്യുന്നതിന് അതിനേക്കാൾ വളരെയധികം ഫലപ്രദമായ വിധങ്ങൾ ഉണ്ട്.
അമിതപ്രതികരണം ഒഴിവാക്കുക!
നിങ്ങൾ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് ഓർമ്മിക്കുക: “പെട്ടെന്നു കോപിക്കുന്നവൻ ഭോഷത്തം പ്രവർത്തിക്കും.” (സദൃശവാക്യങ്ങൾ 14:17) സന്ദേശമെന്താണ്? അമിതപ്രതികരണം അരുത്! ധൃതികൂട്ടിയുള്ള പ്രവർത്തനങ്ങൾ മിക്കപ്പോഴും അവ പരിഹരിക്കുന്നതിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഉളവാക്കുന്നു. ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “പിണങ്ങാൻ നിങ്ങളുടെ ആത്മാവിൽ ധൃതിപ്പെടരുത്, എന്തുകൊണ്ടെന്നാൽ മൂഢൻമാരുടെ മാർവിടത്തിലാണ് പിണക്കം സ്ഥിതിചെയ്യുന്നത്.” എന്തുകൊണ്ട്? ഒരു സംഗതി, നിങ്ങൾക്ക് കേവലം മററുള്ളവരെക്കുറിച്ചു സംസാരിക്കുന്നതു തടയാൻ കഴിയില്ല. നമ്മെക്കുറിച്ചുള്ള മററുള്ളവരുടെ സംസാരം കേവലം ജീവിതത്തിന്റെ ഭാഗമാണ്. ശലോമോൻ കൂടുതലായി ഇപ്രകാരം ഉപദേശിച്ചു: “ആളുകൾ പറഞ്ഞേക്കാവുന്ന എല്ലാ വാക്കുകൾക്കും നിങ്ങളുടെ ഹൃദയം കൊടുക്കരുത്. . . . എന്തുകൊണ്ടെന്നാൽ അനേകം പ്രാവശ്യം നിങ്ങൾ, നിങ്ങൾതന്നേ, മററുള്ളവരെക്കുറിച്ച് തിൻമ സംസാരിച്ചത് നിങ്ങളുടെ ഹൃദയം നന്നായി അറിയുന്നുവല്ലോ.”—സഭാപ്രസംഗി 7:9, 21, 22.
ശലോമോൻ നിഷേധാത്മകമായ കുശുകുശുപ്പിനെ നീതീകരിക്കയല്ലായിരുന്നു. അവൻ അതിനെ കേവലം ജീവിതത്തിലെ വസ്തുതയായി തിരിച്ചറിയിക്കുകയായിരുന്നു. നിങ്ങളേക്കുറിച്ച് സംസാരിക്കുന്നത് നിങ്ങൾ എത്രത്തോളം ഇഷ്ടപ്പെടാതിരിക്കുന്നുവോ അത്രത്തോളം സാധ്യതയനുസരിച്ച് നിങ്ങൾ പറയാതിരുന്നെങ്കിൽ മെച്ചമായിരിക്കുമായിരുന്ന കാര്യങ്ങൾ നിങ്ങൾ പറഞ്ഞിട്ടുണ്ടെന്നുള്ളത് സത്യമല്ലേ?
പാട്രിഷ്യാ മെയർ സ്പാക്ക്സ് ഗോസിപ്പ എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം പ്രസ്താവിച്ചു: “കൂടുതൽ സാധാരണമായിരിക്കുന്നത് ഉദ്ദേശ്യപൂർവകമായ പകയിൽനിന്ന് പുറപ്പെടുന്ന കുശുകുശുപ്പല്ല, പിന്നെയോ . . . ചിന്തയില്ലായ്മയിൽനിന്നുള്ളതാണ് . . . അത് വളരെ ആഴത്തിൽ ചിന്തിക്കാതെ എന്തെങ്കിലും പറയുന്നതിനുള്ള നിർവിചാരമായ ആഗ്രഹത്തിൽനിന്നുത്ഭവിക്കുന്നതാണ്. ഉദ്ദേശ്യപൂർവമായ ലക്ഷ്യമില്ലാതെ, കുശുകുശുപ്പുകാർ മററാളുകളെക്കുറിച്ച് വാക്കുകളും കഥകളും പറഞ്ഞുവിടുന്നു.” ഇതു തിരിച്ചറിയുന്നത് നിങ്ങളുടെ കോപത്തെ ശമിപ്പിക്കാൻ സഹായിച്ചേക്കും.
കുശുകുശുപ്പിനെ കൈകാര്യംചെയ്യുന്നതിനുള്ള നയങ്ങൾ
സദൃശവാക്യങ്ങൾ 14:15, “സൂക്ഷ്മബുദ്ധിയുള്ളവൻ തന്റെ കാലടികളെ സൂക്ഷിക്കുന്നു” എന്ന് പറയുന്നു. കുശുകുശുപ്പിനെ ഫലപ്രദമായി കൈകാര്യംചെയ്യാൻ ശാന്തമായി ഒരു തന്ത്രം രൂപീകരിക്കാൻ ഇതു സൂചിപ്പിക്കും.
കുശുകുശുപ്പ് എത്ര ഗൗരവമുള്ളതാണെന്ന് പരിഗണിച്ചുകൊണ്ട് നിങ്ങൾക്ക് ആരംഭിക്കാവുന്നതാണ്. ഒരുപക്ഷേ നിങ്ങളെക്കുറിച്ചു പ്രചരിക്കുന്ന കഥ ശല്യപ്പെടുത്തുന്നതൊ അസത്യംപോലുമൊ ആയിരുന്നാലും യഥാർത്ഥത്തിൽ രസകരവും നിങ്ങളുടെ സ്വഭാവത്തെ കളങ്കപ്പെടുത്താത്തതും ആയിരിക്കാം. മററു വാക്കുകളിൽ പറഞ്ഞാൽ, ഒരു പേമാരിയുടെ സമയത്ത് നിങ്ങളുടെ സ്വന്തം വീടു പൂട്ടിപ്പോയിട്ടു പുറത്തുനിൽക്കേണ്ടിവന്നതോ കായികാഭ്യാസ സമയത്ത് ഇരുന്നപ്പോൾ അണ്ടർവെയർ കീറിപ്പോയതോ ലോകക്കാർ അറിയാതിരിക്കുന്നതു നിങ്ങൾക്കു കൂടുതൽ ഇഷ്ടമായിരിക്കുമായിരുന്നു, എന്നാൽ കഥ പരന്ന സ്ഥിതിക്ക് അത് യഥാർത്ഥത്തിൽ ഒരു മഹാവിപത്താണോ? ഒരുപക്ഷേ കിംവദന്തി ശമിക്കാൻ അനുവദിക്കുന്നതിനുള്ള ഏററം നല്ല മാർഗ്ഗം ഒരു ഫലിതബോധം പ്രകടമാക്കുകയാണ്.
എന്നിരുന്നാലും കിംവദന്തി യഥാർത്ഥത്തിൽ നിന്ദനമോ അനാദരമോ ആണെങ്കിലോ? അത് യഥാർത്ഥത്തിൽ നിങ്ങളുടെ സൽപ്പേരിന് നിലനിൽക്കുന്ന കോട്ടം വരുത്താനിടയുണ്ടോ—അതോ അത് പെട്ടെന്ന് കെട്ടടങ്ങാനാണോ കൂടുതൽ സാധ്യത? രണ്ടാമത്തേതാണ് സത്യമെന്നു തോന്നുന്നുവെങ്കിൽ കേവലം അലോസരപ്പെടാതിരിക്കുകയാണ് ഏററവും നല്ലത്. ദുർമുഖം കാട്ടിക്കൊണ്ടോ കുററബോധത്തോടെയോ നടക്കുന്നതിനു പകരം സാധാരണ പോലെ വർത്തിക്കുന്നതിനാൽ കുറഞ്ഞപക്ഷം കിംവദന്തി ആളിക്കത്താതെ തടയാൻ കഴിയും. സദൃശവാക്യങ്ങൾ 26:20 ഇപ്രകാരം പറയുന്നു: “വിറകില്ലാത്തടത്ത് തീ കെട്ടുപോകുന്നു, ഏഷണിക്കാരൻ ഇല്ലാത്തടത്ത് വഴക്ക് ശമിക്കുന്നു.”
എന്നാൽ ചിലപ്പോൾ കാര്യം അവഗണിക്കാൻ കഴിയാത്തവിധം അത്ര ഗൗരവമുള്ളതായിരിക്കാം. ഏഷണിയാലെന്നപോലെ ആരെങ്കിലും വ്യക്തിപരമായ ദ്രോഹത്തിനിടയാക്കുന്നുവെങ്കിൽ എന്തു ചെയ്യണമെന്ന് യേശുക്രിസ്തു തന്റെ അനുഗാമികളെ ഉപദേശിച്ചു: “പോയി നീയും അവനും മാത്രമുള്ളപ്പോൾ കുററം അവന് വെളിപ്പെടുത്തുക.” (മത്തായി 18:15) അപ്പോൾ ദ്രോഹകരമായ സംസാരത്തിന്റെ ഉറവിടം കണ്ടുപിടിക്കുന്നതിനും കിംവദന്തി ആരംഭിക്കാൻ ഉത്തരവാദിയായ വ്യക്തിയോട് കാര്യം ശാന്തമായി ചർച്ചചെയ്യുന്നതിനും സാധിച്ചേക്കും.
ശരി, ആ വ്യക്തി ഒരു ക്രിസ്ത്യാനിയല്ലാതിരുന്നേക്കാം. എന്നാൽ അയാൾ ന്യായബോധമുള്ളയാളാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, ഒരുപക്ഷേ അവൻ അല്ലെങ്കിൽ അവൾ അനുകൂലമായി പ്രതികരിക്കും. മുഴുസംഗതിയും ഏതോ ഗൗരവതരമായ തെററിദ്ധാരണയുടെ ഫലമാണെന്ന് തെളിഞ്ഞേക്കാം. വിദ്വേഷമാണ് മൂലകാരണമെങ്കിൽ ഒരുപക്ഷേ നിങ്ങൾക്കു തമ്മിൽ കാര്യം പറഞ്ഞുതീർക്കാൻ കഴിഞ്ഞേക്കും.
എന്നിരുന്നാലും മിക്കപ്പോഴും ഒരു കുശുകുശുപ്പിന്റെ ഉറവിടം കണ്ടുപിടിക്കുന്നത് വളരെ പ്രയാസമാണ്. നിങ്ങൾക്കു കണ്ടുപിടിക്കാൻ കഴിഞ്ഞാൽതന്നെ ഉത്തരവാദിയായ ആൾക്ക് ആ അവിവേകം സമ്മതിക്കാൻ മനസ്സൊരുക്കമില്ലായിരിക്കാം. അപ്പോൾ എന്ത്? യേശുക്രിസ്തു “എതിർസംസാരത്തിന്റെ” ഇരയായിരുന്നു എന്നോർക്കുക. (എബ്രായർ 12:3) എന്നിരുന്നാലും യേശു തന്റെ പ്രസംഗവേല ഉപേക്ഷിച്ച് ഈ കുത്സിത സംസാരത്തിനു തുടക്കമിട്ടയാളെ പിടിക്കാൻ ഇറങ്ങിത്തിരിക്കത്തക്കവണ്ണം അത്ര കുപിതനായില്ല. പകരം “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിനിഷ്ഠമെന്ന് തെളിയിക്കപ്പെടുന്നു” എന്ന് അവൻ പറഞ്ഞു.—മത്തായി 11:19.
മര്യാദക്കാർ തന്റെ സൽപ്രവൃത്തികളെ നിരീക്ഷിക്കുമെന്നും ദ്രോഹകരമായ സംസാരം അടിസ്ഥാനരഹിതമാണെന്ന് നിഗമനം ചെയ്യുമെന്നും യേശുവിനറിയാമായിരുന്നു. അതുപോലെതന്നെ കുശുകുശുപ്പിനെതിരെയുള്ള നിങ്ങളുടെ ഏററവും നല്ല സംരക്ഷണം നിങ്ങളുടെ നടത്തയായിരിക്കട്ടെ. നിങ്ങളുടെ യഥാർത്ഥ സ്നേഹിതർക്ക് നിങ്ങളെസംബന്ധിച്ചുള്ള സത്യം അറിയാമെന്നുള്ളതുകൊണ്ട് അവർ വിചിത്രകഥകൾ വിശ്വസിക്കയില്ല. എന്നാലും നിങ്ങളെക്കുറിച്ചുള്ള ഒരു നുണ പ്രചരിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അവരെ അറിയിക്കാവുന്നതാണ്. മിക്കപ്പോഴും തങ്ങൾ അഭിമുഖീകരിക്കുന്ന തെററിദ്ധാരണയുണ്ടായവരെ തിരുത്തുന്നതിനാൽ കിംവദന്തി കെട്ടടങ്ങാൻ സഹായിക്കുന്നതിന് അവർക്ക് വളരെയധികം ചെയ്യാൻ കഴിയും.
കഥ പരക്കെ പ്രചരിച്ചുകഴിഞ്ഞുവെങ്കിൽ എന്ത്? സാധാരണയായി നിങ്ങൾ വിചാരിക്കുന്നതുപോലെ അത്ര ദോഷകരമല്ല അത്. കൂടാതെ ആളുകൾ ഏതു സാഹചര്യത്തെക്കുറിച്ചും അനിശ്ചിതമായി സംസാരിക്കുന്നില്ല. ഏതെങ്കിലും ഒരു സമയത്ത് നിങ്ങളിൽനിന്ന് ശ്രദ്ധ മാററുന്ന ധാരാളം സംഭവങ്ങൾ എപ്പോഴും രൂപംകൊണ്ടുകൊണ്ടാണിരിക്കുന്നത്. എന്നിരുന്നാലും നിശ്ശബ്ദമായി വേദന അനുഭവിക്കരുത്. നിങ്ങളുടെ വികാരങ്ങൾ മാതാപിതാക്കളുമായൊ പക്വതയുള്ള മുതിർന്ന ഒരാളുമായോ എന്തുകൊണ്ട് പങ്കുവെച്ചുകൂടാ? മിക്കപ്പോഴും സംഗതികൾ സംസാരിച്ചുതീർക്കുന്നത് ഒരു സംഗതിയെ ശരിയായി വീക്ഷിക്കുന്നതിന് സഹായിക്കുന്നു.
ഒരു പാഠം
കുശുകുശുപ്പിന്റെ ഒരു ഇരയാകുന്നത് കുറെ വിലപ്പെട്ട പാഠങ്ങൾ പഠിക്കുന്നതിനുള്ള അവസരങ്ങൾ നിങ്ങൾക്കു നൽകുന്നു. ദൃഷ്ടാന്തത്തിന് അനിയന്ത്രിതമായ സംസാരം എത്ര ഹാനികരമായിരിക്കാമെന്ന് വ്യക്തിപരമായി അനുഭവിച്ചറിഞ്ഞതിനാൽ കിംവദന്തികൾ പരത്തുന്നതിൽ ഒരിക്കലും പങ്കുപററുകയില്ലെന്ന് എന്തുകൊണ്ടു തീരുമാനിച്ചുകൂടാ?
നിങ്ങളെക്കുറിച്ചുള്ള കുശുകുശുപ്പിന് വിധേയമാകുന്നതിന്റെ പീഡാനുഭവം പ്രതികാരംചെയ്യാൻ ശ്രമിക്കുന്നതിനുള്ള ഒരു പ്രവണതപോലെയുള്ള നിങ്ങളുടെ വ്യക്തിത്വ ന്യൂനതകളെ വെളിപ്പെടുത്തിയിരിക്കാം. അല്ലെങ്കിൽ കിംവദന്തിയേക്കാൾ കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത് നിങ്ങളുടെ അഹന്തയാണെന്ന് തെളിഞ്ഞിരിക്കാം. നിങ്ങളുടെ പ്രതിച്ഛായയെക്കുറിച്ചുള്ള അനുചിതമായ ഉത്ക്കണ്ഠ ‘നിങ്ങളെക്കുറിച്ച് വേണ്ടതിലധികം ഭാവിക്കാൻ’ ഇടയാക്കിയിരിക്കാം. (റോമർ 12:3) നിങ്ങളെക്കുറിച്ച് കുറേക്കൂടെ ഗൗരവം കുറച്ച് ചിന്തിക്കുന്നതിന് ശ്രമിക്കുന്നതിനുള്ള സമയമാണിപ്പോൾ.
പിന്തിരിഞ്ഞുനോക്കുമ്പോൾ നിങ്ങളുടെ ഭാഗത്തെ മോശമായ വിവേചന കിംവദന്തി പരക്കാൻ സഹായിച്ചുവെന്ന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. ദൃഷ്ടാന്തത്തിന് നിങ്ങൾ “തന്റെ അധരങ്ങൾ വിസ്തൃതമായി തുറക്കുന്നതിന്” കീർത്തിയുള്ള ഒരു യുവാവിനോട് നിങ്ങളുടെ ആന്തരികചിന്തകൾ വെളിപ്പെടുത്തിയോ? (സദൃശവാക്യങ്ങൾ 13:3) ആ സ്ഥിതിക്ക് ഒരുപക്ഷേ അടുത്ത പ്രാവശ്യം നിങ്ങൾ അങ്ങനെയുള്ള ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത് കൂടുതൽ ശ്രദ്ധാപൂർവകമായിരിക്കും. കൂടാതെ മററുള്ളവർക്ക് കുശുകുശുപ്പിന് യാതൊരു കാരണവും കൊടുക്കാത്തവിധം നിഷ്കളങ്കമായി വർത്തിക്കാനും നിങ്ങൾ ശ്രദ്ധിക്കും.—1 പത്രോസ് 2:15 താരതമ്യംചെയ്യുക.
അതെ, കാര്യങ്ങൾ ശാന്തമായും ദയാപുരസ്സരവും കൈകാര്യം ചെയ്യുക, അപ്പോൾ നിങ്ങൾക്ക് മൗഢ്യമായ കിംവദന്തികൾക്കുപരിയായി വളരാൻ കഴിയും—ഒരുപക്ഷേ അവക്ക് വിരാമമിടാൻ കഴിയും. (g89 7/22)
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ 1990 ഒക്ടോബർ 8-ലെ “കുശുകുശുപ്പ്—അതിന്റെ ദോഷമെന്താണ്?” എന്ന വിഷയം കാണുക.
[23-ാം പേജിലെ ചിത്രങ്ങൾ]
ചില സമയങ്ങളിൽ കിംവദന്തിയുടെ ഉറവ് തേടിപ്പിടിക്കാനും കുശുകുശുക്കുന്ന ആളുമായി മുഖാമുഖം ചർച്ച നടത്താനും സാധിക്കും