നിങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുവോ?
“ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.”—സഭാപ്രസംഗി 12:14.
1. യഹോവ തന്റെ ജനത്തിനായി എന്തെല്ലാം കരുതലുകളാണ് ചെയ്തിരിക്കുന്നത്?
യഹോവയെ മഹാസ്രഷ്ടാവ് എന്ന നിലയിൽ ഓർമിക്കുന്നവരെ അവൻ പിന്താങ്ങുന്നു. അവനെ പൂർണമായി പ്രസാദിപ്പിക്കാൻ ആവശ്യമായ പരിജ്ഞാനം അവന്റെ നിശ്വസ്ത വചനം അവർക്കു നൽകുന്നു. ദിവ്യഹിതം ചെയ്യാനും “സകല സൽപ്രവൃത്തിയിലും ഫലം കായി”ക്കാനും ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവരെ നയിക്കുന്നു. (കൊലൊസ്സ്യർ 1:9, 10) അതിനുപുറമേ, യഹോവ “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം ആത്മീയ ആഹാരവും ദിവ്യാധിപത്യ മാർഗനിർദേശവും പ്രദാനം ചെയ്യുന്നു. (മത്തായി 24:45-47, NW) അപ്പോൾ, ദൈവജനം യഹോവയെ സേവിക്കുകയും രാജ്യസുവാർത്ത പ്രസംഗിക്കുക എന്ന സുപ്രധാന വേല നിർവഹിക്കുകയും ചെയ്യവെ, അനേകം വിധങ്ങളിൽ ദൈവാനുഗ്രഹം ആസ്വദിക്കുന്നു.—മർക്കൊസ് 13:10.
2. യഹോവയ്ക്കുള്ള സേവനത്തെ കുറിച്ച് ഏതു ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം?
2 യഹോവയ്ക്കുള്ള വിശുദ്ധ സേവനത്തിൽ വ്യാപൃതരായിരിക്കുന്നതിൽ സത്യക്രിസ്ത്യാനികൾ സന്തുഷ്ടരാണ്. പക്ഷേ, ചിലർ നിരുത്സാഹിതരാകുകയും തങ്ങളുടെ ശ്രമങ്ങൾ നിരർഥകമാണെന്നു ചിന്തിക്കുകയും ചെയ്തേക്കാം. ദൃഷ്ടാന്തത്തിന്, തങ്ങളുടെ ആത്മാർഥമായ ശ്രമങ്ങൾ വാസ്തവത്തിൽ മൂല്യവത്താണോ എന്ന് ചിലപ്പോഴൊക്കെ സമർപ്പിത ക്രിസ്ത്യാനികൾ ചിന്തിച്ചേക്കാം. കുടുംബാധ്യയനത്തെയും മറ്റു പ്രവർത്തനങ്ങളെയും കുറിച്ചു ചിന്തിക്കുമ്പോൾ പിൻവരുന്നതു പോലുള്ള ചോദ്യങ്ങൾ ഒരു കുടുംബത്തലവന്റെ മനസ്സിൽ ഉയർന്നുവന്നേക്കാം: ‘ഞങ്ങൾ ചെയ്യുന്നത് വാസ്തവത്തിൽ യഹോവയെ പ്രസാദിപ്പിക്കുന്നുണ്ടോ? ഞങ്ങൾ ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റുന്നുണ്ടോ?’ സഭാപ്രസംഗിയുടെ ജ്ഞാനമൊഴികൾ അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിനു നമ്മെ സഹായിക്കും.
സകലവും വ്യർഥമോ?
3. സഭാപ്രസംഗി 12:8-ന് ചേർച്ചയിൽ, ഏറ്റവും വലിയ വ്യർഥത എന്താണ്?
3 ജ്ഞാനിയായ സഭാപ്രസംഗിയുടെ വാക്കുകൾ ആർക്കും, യുവജനങ്ങൾക്കോ പ്രായമായവർക്കോ, അത്ര പ്രോത്സാഹജനകമല്ലെന്നു ചിലർ കരുതിയേക്കാം. “‘ഏറ്റവും വലിയ വ്യർഥത!’ സഭാപ്രസംഗി പറഞ്ഞു, ‘സകലവും വ്യർഥം.’” (സഭാപ്രസംഗി 12:8, NW) യൗവനകാലത്തു മഹാസ്രഷ്ടാവിനെ അവഗണിക്കുകയും അവനെ സേവിക്കാതെ വാർധക്യം പ്രാപിക്കുകയും ഒടുവിൽ വാർധക്യം മാത്രം കൈമുതലായി ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥ വാസ്തവത്തിൽ ഏറ്റവും വലിയ വ്യർഥതയാണ്. പിശാചായ സാത്താൻ എന്ന ദുഷ്ടന്റെ അധികാരത്തിൻ കീഴിലുള്ള ഈ ലോകത്തിൽ ധനവും മാനവും സമ്പാദിച്ച ശേഷമാണ് അത്തരമൊരാൾ മരിക്കുന്നതെങ്കിൽ പോലും അയാളെ സംബന്ധിച്ചിടത്തോളം സകലവും വ്യർഥമോ മിഥ്യയോ ആണ്.—1 യോഹന്നാൻ 5:19.
4. സകലവും വ്യർഥമല്ല എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
4 യഹോവയുടെ വിശ്വസ്ത ദാസന്മാർ എന്ന നിലയിൽ സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നവരുടെ കാര്യത്തിൽ സകലവും വ്യർഥമല്ല. (മത്തായി 6:19, 20) കർത്താവിന്റെ പ്രതിഫലദായകമായ വേലയിൽ അവർക്കു ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. ആ അധ്വാനം ഒരിക്കലും വ്യർഥമല്ലതാനും. (1 കൊരിന്ത്യർ 15:58) എന്നാൽ നാം സമർപ്പിത ക്രിസ്ത്യാനികൾ ആണെങ്കിൽ, ഈ അന്ത്യകാലത്തു ദൈവനിയമിത വേലയിൽ നാം തിരക്കോടെ ഏർപ്പെടുന്നുണ്ടോ? (2 തിമൊഥെയൊസ് 3:1) അതോ, നമ്മുടെ അയൽക്കാരുടെ പൊതുവെയുള്ള ജീവിത രീതിയിൽനിന്നു കാര്യമായ യാതൊരു വ്യത്യാസവുമില്ലാത്ത ഒരു ജീവിതരീതിയാണോ നാം സ്വീകരിച്ചിരിക്കുന്നത്? നാനാതരം മതങ്ങളിൽപ്പെട്ട അവർ വളരെ ഭക്തരും തങ്ങളുടെ ആരാധനാലയങ്ങളിൽ പതിവായി പോകുന്നവരും തങ്ങളുടെ മതം തങ്ങളിൽനിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവരും ആയിരിക്കാം. എന്നാൽ അവർ തീർച്ചയായും രാജ്യ സന്ദേശം ഘോഷിക്കുന്നവരല്ല. ഇത് “അന്ത്യകാലം” ആണെന്നുള്ള വ്യക്തമായ അറിവോ നാം ജീവിക്കുന്ന ഈ കാലത്തെ കുറിച്ചുള്ള അടിയന്തിരതാബോധമോ അവർക്കില്ല.—ദാനീയേൽ 12:4.
5. ജീവിതത്തിലെ സാധാരണ സംഗതികൾ നമ്മുടെ മുഖ്യ താത്പര്യം ആയിത്തീർന്നിട്ടുണ്ടെങ്കിൽ, നാം എന്തു ചെയ്യണം?
5 നമ്മുടെ ഈ നിർണായക കാലത്തെ കുറിച്ച് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്തായി 24:37-39) തിന്നുന്നതും കുടിക്കുന്നതും അതിൽത്തന്നെ തെറ്റല്ല. വിവാഹമാണെങ്കിൽ ദൈവംതന്നെ ഏർപ്പെടുത്തിയ ഒരു ക്രമീകരണമാണ്. (ഉല്പത്തി 2:20-24) എന്നാൽ, ജീവിതത്തിലെ ഇത്തരം സാധാരണ സംഗതികൾ നമ്മുടെ മുഖ്യ താത്പര്യമായി മാറിയിരിക്കുന്നെങ്കിൽ, അതു സംബന്ധിച്ചു പ്രാർഥിക്കരുതോ? രാജ്യ താത്പര്യങ്ങൾ ഒന്നാമതു വെക്കാനും ശരിയായതു ചെയ്യാനും ദൈവത്തോടുള്ള നമ്മുടെ കടപ്പാടുകൾ നിറവേറ്റാനും യഹോവയ്ക്കു നമ്മെ സഹായിക്കാനാകും.—മത്തായി 6:33; റോമർ 12:13; 2 കൊരിന്ത്യർ 13:7.
സമർപ്പണവും ദൈവത്തോടുള്ള നമ്മുടെ കടപ്പാടും
6. സ്നാപനമേറ്റ ചിലർ ദൈവത്തോടുള്ള തങ്ങളുടെ കടപ്പാടുകൾ നിറവേറ്റാതിരിക്കുന്ന ഒരു മുഖ്യ വിധമേത്?
6 സ്നാപനമേറ്റ ചില ക്രിസ്ത്യാനികൾ തീവ്രമായി പ്രാർഥിക്കേണ്ടതുണ്ട്. എന്തെന്നാൽ, ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ചപ്പോൾ അവർ ഏറ്റെടുത്ത ശുശ്രൂഷാ സംബന്ധമായ കടപ്പാടുകൾക്കു ചേർച്ചയിലല്ല അവർ ജീവിക്കുന്നത്. ഇപ്പോൾ കുറെ വർഷങ്ങളായി, ഓരോ വർഷവും മൂന്നു ലക്ഷത്തിലധികം പേർ സ്നാപനം ഏൽക്കുന്നു. എന്നാൽ, സജീവമായി പ്രവർത്തിക്കുന്ന യഹോവയുടെ സാക്ഷികളുടെ മൊത്തം എണ്ണം അതിന് ആനുപാതികമായി വർധിച്ചിട്ടില്ല. രാജ്യ പ്രസാധകരായിത്തീർന്ന ചിലർ സുവാർത്ത ഘോഷിക്കുന്നതു നിറുത്തിയിരിക്കുന്നു. എന്നാൽ, സ്നാപനം ഏൽക്കുന്നതിനു മുമ്പ് ഒരുവനു ക്രിസ്തീയ ശുശ്രൂഷയിൽ അർഥവത്തായ ഒരു പങ്ക് ഉണ്ടായിരിക്കണം. അതുകൊണ്ട് യേശു തന്റെ സകല അനുഗാമികൾക്കുമായി നൽകിയ നിയോഗത്തെ കുറിച്ച് അവർ ബോധവാന്മാരാണ്: “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ആരോഗ്യപരമോ മറ്റു തരത്തിലുള്ളതോ ആയ അത്യന്തം അസാധാരണ പരിമിതികൾ ഇല്ലാത്തപക്ഷം, സ്നാപനമേറ്റ വ്യക്തികൾ മേലാൽ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സജീവ സാക്ഷികളായി സേവിക്കുന്നില്ലെങ്കിൽ അവർ നമ്മുടെ മഹാസ്രഷ്ടാവിന്റെ മുമ്പാകെയുള്ള തങ്ങളുടെ മുഴു കടപ്പാടുകൾക്കും ചേർച്ചയിലല്ല ജീവിക്കുന്നത്.—യെശയ്യാവു 43:10-12.
7. ആരാധനയ്ക്കായി നാം പതിവായി കൂടിവരേണ്ടത് എന്തുകൊണ്ട്?
7 പുരാതന ഇസ്രായേൽ ദൈവത്തിനു സമർപ്പിക്കപ്പെട്ട ഒരു ജനം ആയിരുന്നു. ന്യായപ്രമാണ ഉടമ്പടിയിൻ കീഴിൽ ആ ജനതയ്ക്ക് യഹോവയുടെ മുമ്പാകെ കടപ്പാടുകൾ ഉണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ആണുങ്ങൾ എല്ലാവരും മൂന്ന് വാർഷിക ഉത്സവങ്ങൾക്കും കൂടിവരണമായിരുന്നു. മനപ്പൂർവം പെസഹാ ആചരിക്കാതിരിക്കുന്ന മനുഷ്യനെ ‘ഛേദിച്ചുകളഞ്ഞി’രുന്നു, അഥവാ വധിച്ചിരുന്നു. (സംഖ്യാപുസ്തകം 9:13; ലേവ്യപുസ്തകം 23:1-43; ആവർത്തനപുസ്തകം 16:16) ദൈവത്തിനു സമർപ്പിതരായ ഒരു ജനം എന്ന നിലയിൽ അവനോടുള്ള കടപ്പാടുകൾ നിറവേറ്റാൻ ഇസ്രായേല്യർ ആരാധനയ്ക്കായി കൂടിവരണമായിരുന്നു. (ആവർത്തനപുസ്തകം 31:10-13) ‘നിങ്ങൾക്കു സൗകര്യപ്രദമാണെങ്കിൽ ഇതു ചെയ്വിൻ’ എന്നായിരുന്നില്ല ന്യായപ്രമാണം പ്രസ്താവിച്ചത്. ഇപ്പോൾ യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നവരുടെ കാര്യത്തിൽ പ്രസ്തുത കൽപ്പന തീർച്ചയായും പൗലൊസിന്റെ പിൻവരുന്ന വാക്കുകളുടെ ഗൗരവം വർധിപ്പിക്കുന്നു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) അതേ, ഒരു സമർപ്പിത ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം സഹവിശ്വാസികളുമായി പതിവായി കൂടിവരുന്നത് ദൈവത്തോടുള്ള തന്റെ കടപ്പാടിന്റെ ഭാഗമാണ്.
നിങ്ങളുടെ തീരുമാനങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തുക!
8. ഒരു സമർപ്പിത യുവവ്യക്തി തന്റെ വിശുദ്ധ സേവനത്തിനു പ്രാർഥനാപൂർവകമായ പരിഗണന നൽകേണ്ടത് എന്തുകൊണ്ട്?
8 യഹോവയ്ക്കു സമർപ്പിതനായ ഒരു ചെറുപ്പക്കാരൻ ആയിരിക്കാം നിങ്ങൾ. രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുന്നെങ്കിൽ നിങ്ങൾക്കു മഹത്തായ അനുഗ്രഹങ്ങൾ ലഭിക്കും. (സദൃശവാക്യങ്ങൾ 10:22) മുഴുസമയ സേവനത്തിന്റെ ഏതെങ്കിലും മണ്ഡലത്തിൽ ചുരുങ്ങിയത് യൗവനകാലമെങ്കിലും ചെലവഴിക്കാൻ പ്രാർഥനയാലും ശ്രദ്ധാപൂർവകമായ ആസൂത്രണത്താലും നിങ്ങൾക്കു സാധിച്ചേക്കും. നിങ്ങളുടെ മഹാസ്രഷ്ടാവിനെ നിങ്ങൾ ഓർമിക്കുന്നു എന്നു പ്രകടമാക്കാനുള്ള ഒരു ഉത്തമ വിധമാണ് ഇത്. അല്ലാത്തപക്ഷം, ഭൗതിക താത്പര്യങ്ങൾ നിങ്ങളുടെ സമയത്തിന്റെയും ശ്രദ്ധയുടെയും സിംഹഭാഗവും കയ്യടക്കാൻ തുടങ്ങിയേക്കാം. പൊതുവെ ആളുകൾ ചെയ്യാറുള്ളതുപോലെ, നിങ്ങൾ നന്നേ ചെറുപ്പത്തിൽത്തന്നെ വിവാഹം കഴിക്കുകയും ഭൗതിക വസ്തുക്കൾ സമ്പാദിക്കാനുള്ള ശ്രമത്തിൽ കടം വരുത്തിവെക്കുകയും ചെയ്തേക്കാം. ഏറെ പണം ഉണ്ടാക്കാൻ കഴിയുന്ന ഒരു ജീവിതവൃത്തി നിങ്ങളുടെ ഒട്ടുമുക്കാലും സമയവും ഊർജവും കവർന്നെടുത്തേക്കാം. കുട്ടികൾ ഉണ്ടെങ്കിൽ, പതിറ്റാണ്ടുകളോളം നിങ്ങൾ ആ കുടുംബ ഉത്തരവാദിത്വം പേറേണ്ടതുണ്ട്. (1 തിമൊഥെയൊസ് 5:8) നിങ്ങളുടെ മഹാസ്രഷ്ടാവിനെ നിങ്ങൾ മറന്നിട്ടില്ലായിരിക്കാമെങ്കിലും, മുന്നമേയുള്ള ആസൂത്രണമോ അതിന്റെ അഭാവമോ നിങ്ങളുടെ പിൽക്കാല ജീവിതത്തിന്റെ ഗതി നിർണയിച്ചേക്കാമെന്നു തിരിച്ചറിയുന്നതു ജ്ഞാനമായിരിക്കും. പിൽക്കാല വർഷങ്ങളിൽ നിങ്ങൾ പിന്തിരിഞ്ഞു നോക്കുമ്പോൾ, യൗവനകാലമെങ്കിലും നമ്മുടെ മഹാസ്രഷ്ടാവിന്റെ വിശുദ്ധ സേവനത്തിൽ കൂടുതൽ പൂർണമായി വിനിയോഗിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചേക്കാം. യൗവനകാലത്ത് യഹോവയ്ക്കുള്ള നിങ്ങളുടെ വിശുദ്ധ സേവനത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിയുമാറ് നിങ്ങളുടെ മുമ്പാകെയുള്ള സാധ്യതകളെ കുറിച്ച് ഇപ്പോൾത്തന്നെ പ്രാർഥനാപൂർവം വിചിന്തനം ചെയ്യരുതോ?
9. ഒരിക്കൽ സഭയിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്ന, ഇപ്പോൾ വാർധക്യത്തിൽ എത്തിയ ഒരുവന് എന്തു സാധിച്ചേക്കാം?
9 മറ്റു ചില സാഹചര്യങ്ങൾ—അതായത് ഒരിക്കൽ “ദൈവത്തിന്റെ ആട്ടിൻകൂട്ട”ത്തിന് ഇടയവേല ചെയ്തിരുന്ന ഒരു വ്യക്തിയുടെ സാഹചര്യങ്ങൾ—പരിചിന്തിക്കുക. (1 പത്രൊസ് 5:2, 3) ഏതോ ചില കാരണങ്ങളാൽ അദ്ദേഹം തന്റെ ആ പദവികൾ സ്വമേധയാ വേണ്ടെന്നുവെച്ചു. വാർധക്യം പ്രാപിച്ചതിനാൽ ഇപ്പോൾ അദ്ദേഹത്തിനു ദൈവസേവനത്തിൽ തുടരുന്നതു കൂടുതൽ ക്ലേശകരമായിരിക്കാം. എന്നിരുന്നാലും അദ്ദേഹത്തിനു വീണ്ടും ദിവ്യാധിപത്യ പദവികൾ എത്തിപ്പിടിക്കാൻ കഴിയുമോ? അദ്ദേഹത്തിനു സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ കഴിഞ്ഞാൽ അതു മറ്റുള്ളവർക്ക് എന്തൊരു അനുഗ്രഹം ആയിരിക്കും കൈവരുത്തുക! നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ലാത്തതിനാൽ, ദൈവമഹത്ത്വത്തിനായി തന്റെ സേവനം വർധിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞാൽ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും അതിൽ സന്തോഷിക്കും. (റോമർ 14:7, 8) സർവോപരി, ഒരുവൻ തന്റെ സേവനത്തിൽ ചെയ്യുന്ന കാര്യങ്ങളെ യഹോവ ഒരിക്കലും മറക്കുകയില്ല. (എബ്രായർ 6:10-12) അതുകൊണ്ട്, നമ്മുടെ മഹാസ്രഷ്ടാവിനെ ഓർമിക്കാൻ എന്തിനു നമ്മെ സഹായിക്കാനാകും?
നമ്മുടെ മഹാസ്രഷ്ടാവിനെ ഓർമിക്കാനുള്ള സഹായങ്ങൾ
10. നമ്മുടെ മഹാസ്രഷ്ടാവിനെ ഓർമിക്കുന്ന കാര്യത്തിൽ മാർഗനിർദേശങ്ങൾ നൽകാൻ സഭാപ്രസംഗി ഏറ്റവും പറ്റിയ സ്ഥാനത്തായിരുന്നത് എന്തുകൊണ്ട്?
10 നമ്മുടെ മഹാസ്രഷ്ടാവിനെ ഓർമിക്കാൻ നമ്മെ സഹായിക്കുന്ന മാർഗനിർദേശങ്ങൾ നൽകാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരുന്നു സഭാപ്രസംഗി. അസാധാരണമായ ജ്ഞാനം നൽകിക്കൊണ്ട് യഹോവ അവന്റെ ഹൃദയംഗമമായ പ്രാർഥനകൾക്ക് ഉത്തരം നൽകിയിരുന്നു. (1 രാജാക്കന്മാർ 3:6-12) ശലോമോൻ മനുഷ്യരുടെ സമസ്ത കാര്യാദികളെയും സമഗ്രമായി പരിശോധിച്ചു. തന്നെയുമല്ല, മറ്റുള്ളവർക്കു പ്രയോജനത്തിനായി തന്റെ കണ്ടെത്തലുകൾ രേഖപ്പെടുത്തിവെക്കാൻ അവൻ ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ടു. അവൻ എഴുതി: “സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു. ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.”—സഭാപ്രസംഗി 12:9, 10.
11. നാം ശലോമോന്റെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശങ്ങൾ സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
11 ഗ്രീക്ക് സെപ്റ്റുവജിന്റ് ഭാഷാന്തരം ഈ വാക്കുകൾ പരിഭാഷപ്പെടുത്തുന്നത് ഇപ്രകാരമാണ്: “കൂടാതെ, താൻ ജ്ഞാനി ആയിരുന്നതിനാലും മനുഷ്യവർഗത്തെ ജ്ഞാനം പഠിപ്പിച്ചിരുന്നതിനാലും, കാത് ഉപമകളിൽനിന്ന് ഇമ്പമായതു കണ്ടെത്തേണ്ടതിന്, ഹൃദ്യമായ വാക്കുകൾ കണ്ടെത്താനും പരമാർഥ മൊഴികൾ—സത്യത്തിന്റെ വചനങ്ങൾ—എഴുതാനും പ്രഭാഷകൻ ഉത്സാഹപൂർവം അന്വേഷണം നടത്തി.” (ദ സെപ്റ്റുവജിന്റ് ബൈബിൾ, ചാൾസ് തോംസൺ പരിഭാഷപ്പെടുത്തിയത്) ഹൃദ്യമായ വാക്കുകളാലും തികച്ചും രസകരവും മൂല്യവത്തുമായ വിഷയങ്ങളാലും തന്റെ വായനക്കാരുടെ ഹൃദയങ്ങളിൽ എത്തിച്ചേരാൻ ശലോമോൻ ശ്രമിച്ചു. തിരുവെഴുത്തുകളിൽ കാണപ്പെടുന്ന അവന്റെ വാക്കുകൾ പരിശുദ്ധാത്മാവിനാലുള്ള പ്രചോദനത്തിന്റെ ഫലമായതിനാൽ അവന്റെ കണ്ടെത്തലുകളും ജ്ഞാനപൂർവകമായ ബുദ്ധിയുപദേശങ്ങളും നമുക്കു മടികൂടാതെ സ്വീകരിക്കാനാകും.—2 തിമൊഥെയൊസ് 3:16, 17.
12. ശലോമോൻ പറഞ്ഞതായി സഭാപ്രസംഗി 12:11, 12-ൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ സ്വന്തം വാക്കുകളിൽ എങ്ങനെ പറയും?
12 ആധുനിക അച്ചടി സംവിധാനങ്ങൾ ഇല്ലാതിരുന്നിട്ടു പോലും ശലോമോന്റെ നാളിൽ ധാരാളം പുസ്തകങ്ങൾ ലഭ്യമായിരുന്നു. അത്തരം സാഹിത്യത്തെ എങ്ങനെ വീക്ഷിക്കണമായിരുന്നു? അവൻ ഇങ്ങനെ പറഞ്ഞു: “ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽ പോലെയും, സഭാധിപന്മാരുടെ വാക്കുകൾ [“വചന സമാഹാരങ്ങൾ,” NW] തറെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്കപ്പെട്ടിരിക്കുന്നു. എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.”—സഭാപ്രസംഗി 12:11, 12.
13. ദൈവിക ജ്ഞാനമുള്ളവരുടെ വാക്കുകൾ മുടിങ്കോൽ പോലെയാണെന്നു തെളിഞ്ഞേക്കാവുന്നത് എങ്ങനെ, “തറെച്ചിരിക്കുന്ന ആണികൾ” പോലെയായിരിക്കുന്നത് ആർ?
13 ദൈവിക ജ്ഞാനം ഉള്ളവരുടെ വാക്കുകൾ മുടിങ്കോൽ പോലെയാണെന്നു തെളിയുന്നു. എങ്ങനെ? വായിച്ചതോ കേട്ടതോ ആയ ജ്ഞാനമൊഴികൾക്ക് അനുസൃതമായ പുരോഗതികൾ വരുത്താൻ അവ വായനക്കാരെ അല്ലെങ്കിൽ ശ്രോതാക്കളെ പ്രേരിപ്പിക്കുന്നു. മാത്രവുമല്ല, “വചന സമാഹാരങ്ങ”ളിൽ അഥവാ ശരിക്കും ജ്ഞാനപൂർവകവും മൂല്യവത്തുമായ മൊഴികളിൽ ആമഗ്നരായിരിക്കുന്നവർ “തറെച്ചിരിക്കുന്ന” അഥവാ ദൃഢമായി ഉറപ്പിച്ചിരിക്കുന്ന “ആണികൾ” പോലെയാണ്. കാരണം, അത്തരം വ്യക്തികളുടെ നല്ല വാക്കുകൾ യഹോവയുടെ ജ്ഞാനം പ്രതിഫലിപ്പിക്കുന്നതിനാൽ അവയ്ക്കു വായനക്കാരെ അല്ലെങ്കിൽ ശ്രോതാക്കളെ ഉറപ്പിക്കാനും പിന്താങ്ങാനും സാധിക്കും. നിങ്ങൾ ദൈവഭയമുള്ള ഒരു മാതാവോ പിതാവോ ആണെങ്കിൽ, അത്തരം ജ്ഞാനം നിങ്ങളുടെ കുട്ടിയുടെ മനസ്സിലും ഹൃദയത്തിലും ഉൾനടാൻ നിങ്ങൾ സകല ശ്രമവും നടത്തേണ്ടതല്ലേ?—ആവർത്തനപുസ്തകം 6:4-9.
14. (എ) ഏതു തരത്തിലുള്ള പുസ്തകങ്ങൾ “അധികം പഠിക്കുന്നതു” പ്രയോജനകരമല്ല? (ബി) ഏതു സാഹിത്യത്തിന് നാം മുഖ്യ പരിഗണന നൽകണം, എന്തുകൊണ്ട്?
14 എന്നാൽ പുസ്തകങ്ങളെ കുറിച്ചുള്ള ശലോമോന്റെ അഭിപ്രായത്തിനു കാരണം എന്തായിരുന്നു? യഹോവയുടെ വചനത്തോടു താരതമ്യപ്പെടുത്തുമ്പോൾ ഈ ലോകത്തിലെ അനന്തമായ പുസ്തക ശേഖരത്തിൽ വെറും മനുഷ്യചിന്തയാണ് അടങ്ങിയിരിക്കുന്നത്. ഈ ചിന്തകളിൽ ഭൂരിഭാഗവും പിശാചായ സാത്താന്റെ മനോഭാവത്തെയാണു പ്രതിഫലിപ്പിക്കുന്നത്. (2 കൊരിന്ത്യർ 4:4) അതുകൊണ്ട്, അത്തരം ലൗകിക വിഷയങ്ങൾ “അധികം പഠിക്കുന്നതു” സ്ഥായിയായ പ്രയോജനം ഒന്നും കൈവരുത്തുന്നില്ല. ഈ ലൗകിക വിഷയങ്ങളിൽ അധികവും വാസ്തവത്തിൽ ആത്മീയമായി ഹാനികരം ആയിരുന്നേക്കാം. ശലോമോനെപ്പോലെ, ജീവിതത്തെ കുറിച്ചു ദൈവവചനം പറയുന്ന കാര്യങ്ങൾ നമുക്കു ധ്യാനിക്കാം. അതു നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും നമ്മെ യഹോവയോടു കൂടുതൽ അടുപ്പിക്കുകയും ചെയ്യും. മറ്റു പുസ്തകങ്ങളിലോ വിജ്ഞാന സ്രോതസ്സുകളിലോ അമിതമായി ശ്രദ്ധ പതിപ്പിക്കുന്നതു നമ്മെ ക്ഷീണിപ്പിച്ചേക്കാം. വിശേഷിച്ചും അത്തരം രചനകളിൽ ദൈവിക ജ്ഞാനത്തിനു വിരുദ്ധമായ ലൗകിക ചിന്തകൾ അടങ്ങിയിരിക്കുമ്പോൾ അവ അനാരോഗ്യകരവും ദൈവത്തിലും അവന്റെ വാഗ്ദാനങ്ങളിലും ഉള്ള വിശ്വാസത്തെ ഹനിക്കുന്നതും ആണ്. അതുകൊണ്ട്, ശലോമോന്റെ നാളിലെയും നമ്മുടെ നാളിലെയും ഏറ്റവും പ്രയോജനകരമായ എഴുത്തുകൾ സഭാപ്രസംഗി പറയുന്ന ആ “ഒരു ഇടയ”ന്റെ, അതായത് യഹോവയാം ദൈവത്തിന്റെ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നവ ആണെന്നുള്ള കാര്യം നമുക്ക് ഓർമിക്കാം. അവൻ 66 പുസ്തകങ്ങൾ അടങ്ങിയ വിശുദ്ധ തിരുവെഴുത്തുകൾ നൽകിയിട്ടുണ്ട്. അവയ്ക്കു നാം പരമപ്രധാന ശ്രദ്ധ കൊടുക്കണം. ബൈബിളും ‘വിശ്വസ്ത അടിമയുടെ’ സഹായകരമായ പ്രസിദ്ധീകരണങ്ങളും “ദൈവപരിജ്ഞാനം” ആർജിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.—സദൃശവാക്യങ്ങൾ 2:1-6.
ദൈവത്തോടുള്ള നമ്മുടെ മുഴു കടപ്പാടും
15. (എ) “മനുഷ്യന്റെ മുഴു കടപ്പാ”ടിനെയും കുറിച്ചു ശലോമോൻ പറഞ്ഞതു സ്വന്തം വാക്കുകളിൽ നിങ്ങൾ എങ്ങനെ പറയും? (ബി) ദൈവത്തോടുള്ള നമ്മുടെ കടപ്പാട് നിറവേറ്റാൻ നാം എന്തു ചെയ്യണം?
15 തന്റെ മുഴുവൻ അന്വേഷണത്തെയും സംക്ഷേപിച്ചുകൊണ്ട് സഭാപ്രസംഗിയായ ശലോമോൻ ഇങ്ങനെ പറയുന്നു: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു [“മനുഷ്യന്റെ മുഴു കടപ്പാടും,” NW]. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകലരഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” (സഭാപ്രസംഗി 12:13, 14) നമ്മുടെ മഹാസ്രഷ്ടാവിനോടുള്ള ആരോഗ്യാവഹമായ ഭയം അഥവാ ആദരപൂർവകമായ ബഹുമാനം, നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും അസംഖ്യം പ്രശ്നങ്ങളും ദുഃഖവും വരുത്തിവെക്കാവുന്ന ബുദ്ധിശൂന്യമായ ജീവിതഗതി പിൻപറ്റുന്നതിൽനിന്ന് നമ്മെയും സാധ്യതയനുസരിച്ച് നമ്മുടെ കുടുംബങ്ങളെയും സംരക്ഷിക്കും. ആരോഗ്യാവഹമായ ദൈവഭയം നിർമലമാണ്. അതു ജ്ഞാനത്തിന്റെയും അറിവിന്റെയും ആരംഭമാണ്. (സങ്കീർത്തനം 19:9; സദൃശവാക്യങ്ങൾ 1:7) ദൈവത്തിന്റെ നിശ്വസ്ത വചനത്തിൽ അധിഷ്ഠിതമായ ഉൾക്കാഴ്ച നമുക്ക് ഉണ്ടായിരിക്കുകയും ദൈവവചനത്തിലെ ബുദ്ധിയുപദേശം സകല കാര്യങ്ങളിലും നാം ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ, നാം ദൈവത്തോടുള്ള നമ്മുടെ “മുഴു കടപ്പാടും” നിറവേറ്റുകയായിരിക്കും ചെയ്യുന്നത്. കടപ്പാടുകളുടെ ഒരു പട്ടിക ഉണ്ടാക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, ആവശ്യമായിരിക്കുന്ന സംഗതി ഇതാണ്: ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തിരുവെഴുത്തു മാർഗനിർദേശം തേടുക, കാര്യങ്ങൾ എല്ലായ്പോഴും ദൈവഹിതപ്രകാരം ചെയ്യുക.
16. ന്യായവിധിയോടുള്ള ബന്ധത്തിൽ യഹോവ എന്തു ചെയ്യും?
16 നമ്മുടെ മഹാസ്രഷ്ടാവിന്റെ കാഴ്ചയിൽനിന്ന് യാതൊന്നും മറഞ്ഞിരിക്കുന്നില്ലെന്നു നാം തിരിച്ചറിയണം. (സദൃശവാക്യങ്ങൾ 15:3) അവൻ ‘സകലപ്രവൃത്തിയെയും ന്യായവിസ്താരത്തിലേക്കു വരുത്തും.’ അതേ, മനുഷ്യ നേത്രങ്ങളിൽനിന്നു മറഞ്ഞിരിക്കുന്നവ ഉൾപ്പെടെ സകല കാര്യങ്ങളെയും അത്യുന്നതൻ ന്യായം വിധിക്കും. അത്തരം സംഗതികളെ കുറിച്ചുള്ള ബോധ്യം ദൈവകൽപ്പനകൾ അനുസരിക്കാനുള്ള ഒരു പ്രചോദനമായി വർത്തിച്ചേക്കാം. എന്നാൽ, നമ്മുടെ സ്വർഗീയ പിതാവിനോടുള്ള സ്നേഹം ആയിരിക്കണം ഏറ്റവും വലിയ പ്രചോദനം. എന്തെന്നാൽ യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കലപ്നകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:3) ദൈവകൽപ്പനകൾ നമ്മുടെ നിലനിൽക്കുന്ന ക്ഷേമത്തെ ഉന്നമിപ്പിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവ ആയതിനാൽ അവ അനുസരിക്കുന്നതു തീർച്ചയായും ഉചിതമാണെന്നു മാത്രമല്ല തികച്ചും ജ്ഞാനപൂർവകവുമാണ്. മഹാസ്രഷ്ടാവിനെ സ്നേഹിക്കുന്നവർക്ക് അത് ഒരു ഭാരമല്ല. അവനോടുള്ള തങ്ങളുടെ കടപ്പാട് നിറവേറ്റാൻ അവർ ആഗ്രഹിക്കുന്നു.
നിങ്ങളുടെ മുഴു കടപ്പാടും നിറവേറ്റുക
17. ദൈവത്തോടുള്ള നമ്മുടെ മുഴു കടപ്പാടും നിറവേറ്റാൻ ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ നാം എന്തു ചെയ്യും?
17 നാം ജ്ഞാനികളും ദൈവത്തോടുള്ള മുഴു കടപ്പാടും നിറവേറ്റാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരും ആണെങ്കിൽ, അവന്റെ കൽപ്പനകൾ പ്രമാണിക്കുമെന്നു മാത്രമല്ല, അവനെ അപ്രീതിപ്പെടുത്തുന്നതു സംബന്ധിച്ച് നമുക്ക് ആദരപൂർവകമായ ഭയം ഉണ്ടായിരിക്കുകയും ചെയ്യും. തീർച്ചയായും, “യഹോവാഭയം ജ്ഞാനത്തിന്റെ ആരംഭമാണ്.” അവന്റെ കൽപ്പനകൾ അനുസരിക്കുന്നവർക്ക് “നല്ല ഉൾക്കാഴ്ച”യും ഉണ്ടായിരിക്കും. (സങ്കീർത്തനം 111:10; സദൃശവാക്യങ്ങൾ 1:7; NW) ആയതിനാൽ നമുക്കു ജ്ഞാനപൂർവം പ്രവർത്തിച്ചുകൊണ്ട് സകലത്തിലും യഹോവയെ അനുസരിക്കാം. ഇന്ന് അതു വിശേഷാൽ മർമപ്രധാനമാണ്. കാരണം, രാജാവായ യേശുക്രിസ്തു സാന്നിധ്യവാനാണ്. ദൈവത്തിന്റെ നിയമിത ന്യായാധിപൻ എന്ന നിലയിൽ അവൻ ന്യായവിധി നടത്തുന്ന ദിനം ആസന്നവുമാണ്.—മത്തായി 24:3; 25:31, 32.
18. യഹോവയാം ദൈവത്തോടുള്ള മുഴു കടപ്പാടും നാം നിറവേറ്റുന്നെങ്കിൽ ഫലം എന്തായിരിക്കും?
18 നാം ഓരോരുത്തരും ഇപ്പോൾ ദിവ്യനിരീക്ഷണത്തിൻ കീഴിലാണ്. നാം ആത്മീയ ചായ്വ് ഉള്ളവരാണോ, അതോ ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ ദുർബലമാക്കാൻ ലൗകിക സ്വാധീനങ്ങളെ നാം അനുവദിച്ചിട്ടുണ്ടോ? (1 കൊരിന്ത്യർ 2:10-16; 1 യോഹന്നാൻ 2:15-17) നാം ചെറുപ്പക്കാരോ പ്രായമായവരോ ആയിരുന്നാലും, നമ്മുടെ മഹാസ്രഷ്ടാവിനെ പ്രസാദിപ്പിക്കാൻ ആവതെല്ലാം നമുക്കു ചെയ്യാം. നാം യഹോവയെ അനുസരിക്കുകയും അവന്റെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യുന്നെങ്കിൽ, നീങ്ങിപ്പോകുന്ന ഈ പഴയ ലോകത്തിലെ വ്യർഥ കാര്യങ്ങൾ നാം വർജിക്കും. അപ്പോൾ, നമുക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ വ്യവസ്ഥിതിയിലെ നിത്യജീവന്റെ പ്രത്യാശ വെച്ചുപുലർത്താനാകും. (2 പത്രൊസ് 3:13) ദൈവത്തോടുള്ള തങ്ങളുടെ മുഴു കടപ്പാടും നിറവേറ്റുന്ന സകലരെയും കാത്തിരിക്കുന്ന എത്ര മഹത്തായ പ്രതീക്ഷകളാണിവ!
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ സകലവും വ്യർഥമല്ലെന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ട്?
□ ഒരു യുവ ക്രിസ്ത്യാനി തന്റെ വിശുദ്ധ സേവനത്തിനു പ്രാർഥനാപൂർവം പരിഗണന നൽകേണ്ടത് എന്തുകൊണ്ട്?
□ ഏതു തരത്തിലുള്ള പുസ്തകങ്ങൾ ‘അധികം പഠിക്കുന്നത്’ പ്രയോജനകരമല്ല?
□ “മനുഷ്യന്റെ മുഴു കടപ്പാടും” എന്താണ്?
[20-ാം പേജിലെ ചിത്രം]
യഹോവയെ സേവിക്കുന്നവരെ സംബന്ധിച്ചിടത്തോളം സകലവും വ്യർഥമല്ല
[23-ാം പേജിലെ ചിത്രം]
ഈ ലോകത്തിലെ അനേകം പുസ്തകങ്ങളിൽനിന്നു വ്യത്യസ്തമായി, ദൈവവചനം നവോന്മേഷപ്രദവും പ്രയോജനപ്രദവുമാണ്