യഹോവ സമയങ്ങളുടെയും കാലങ്ങളുടെയും ദൈവം
“എല്ലാററിനും ഒരു നിശ്ചിത സമയമുണ്ട്.”—സഭാപ്രസംഗി 3:1.
1, 2. (എ) മനുഷ്യർ ഏതു വിധങ്ങളിൽ സമയത്തെക്കുറിച്ചു ബോധമുള്ളവരാണ്? (ബി) സമയം പറയുന്നതിന് നമുക്ക് മാർഗ്ഗമില്ലായിരുന്നെങ്കിൽ ജീവിതത്തിൽ അധികവും എങ്ങനെയാകുമായിരുന്നു?
അനുദിന ജീവിതത്തിൽ നാം സമയത്തെക്കുറിച്ചു തികച്ചും ബോധമുള്ളവരാണ്. ദൃഷ്ടാന്തമായി, സായാഹ്നമായെന്ന് ഒരു ക്ലോക്കു കാണിക്കുമ്പോഴും സൂര്യൻ അസ്തമിക്കുന്നതും ആകാശങ്ങൾ ഇരുളുന്നതും നാം കാണുമ്പോഴും രാത്രി സമീപിച്ചിരിക്കുന്നതായി നാം അറിയുന്നു. ഭൂമിയുടെ ചില ഭാഗങ്ങളിൽ ശരൽക്കാലാവസാനമായെന്നു പഞ്ചാംഗം കാണിക്കുമ്പോഴും വാരംതോറും ഊഷ്മാവു താഴുന്നതും വൃക്ഷങ്ങളിലെ ഇലകൾ പൊഴിയുന്നതും നാം കാണുമ്പോഴും ശീതകാലം അടുത്തുവെന്നു നാം സ്ഥിരീകരിക്കുന്നു. അതുകൊണ്ട് സമയത്തിന്റെ അല്ലെങ്കിൽ കാലത്തിന്റെ തെളിവുകൾ ക്ലോക്കുകളും പാഞ്ചാംഗങ്ങളും നമ്മോട് പറയുന്നതിനെ സ്ഥിരീകരിക്കുന്നു.
2 സമയങ്ങളും കാലങ്ങളും പറയാനുള്ള അപ്രാപ്തി ഇന്നത്തെ ജീവിതത്തിലധികത്തെയും ഒരു തരം അരാജകത്വത്തിലേക്കു തള്ളിവിടും. ഉദാഹരണത്തിന്, സമയപ്പട്ടിക ഉണ്ടാക്കാനുള്ള മാർഗ്ഗമില്ലെങ്കിൽ, തിരക്കേറിയ ഒരു വിമാനതാവളത്തിൽ നൂറുകണക്കിനു വിമാനങ്ങൾ ഇറങ്ങാൻ ശ്രമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക! അല്ലെങ്കിൽ സമയം പറയാനുള്ള മാർഗ്ഗമില്ലെങ്കിൽ, ദശലക്ഷക്കണക്കിനാളുകൾ സമയപ്പട്ടികപ്രകാരം ജോലി തുടങ്ങാൻ ശ്രമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക!
3. സമയങ്ങളും കാലങ്ങളും ഉളവാക്കിയതാർ?
3 സമയങ്ങളും കാലങ്ങളും ഉളവാക്കിയതാരാണ്? അത് അഖിലാണ്ഡത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവമായിരുന്നു. ഉല്പത്തി 1:14 ഇങ്ങനെ പ്രസ്താവിക്കുന്നു: “‘പകലും രാത്രിയും തമ്മിൽ ഒരു വേർതിരിവ് ഉണ്ടാക്കാൻ ആകാശവിരിവിൽ ജ്യോതിർഗോളങ്ങൾ ഉണ്ടാകട്ടെ, അവ അടയാളങ്ങളായും കാലങ്ങൾക്കുവേണ്ടിയും ദിവസങ്ങൾക്കും വർഷങ്ങൾക്കും വേണ്ടിയും ഉപയോഗപ്പെടട്ടെ’ എന്ന് ദൈവം തുടർന്നു പറഞ്ഞു.”
കൂടുതൽ പ്രധാനപ്പെട്ട സമയങ്ങളും കാലങ്ങളും
4-6. (എ) മാനുഷപ്രവർത്തനങ്ങൾക്ക് സമയങ്ങളോ കാലങ്ങളോ അറിയുന്നതിനേക്കാൾ പ്രാധാന്യം എന്തിനാണ്? എന്തുകൊണ്ട്? (ബി) നാം ഏതു ചോദ്യങ്ങൾ ചോദിക്കണം?
4 മാനുഷ പ്രവർത്തനങ്ങൾക്ക് സമയം അല്ലെങ്കിൽ കാലം അറിയുന്നത് പ്രധാനമാണെങ്കിലും വളരെയേറെ പ്രധാനമായ മറെറാന്നുണ്ട്. ദൈവത്തിന്റെ വീക്ഷണത്തിൽ ഇത് ഏതു സമയമാണ് അല്ലെങ്കിൽ കാലമാണ്? സഭാപ്രസംഗി 3:1 ഇങ്ങനെ പ്രസ്താവിക്കുന്നു: “എല്ലാററിനും ഒരു നിശ്ചിത സമയമുണ്ട്, ആകാശത്തിൻ കീഴുള്ള ഓരോ കാര്യത്തിനും ഒരു സമയമുണ്ട്.” മാനുഷ വീക്ഷണത്തിൽ ഇതു സത്യമായിരിക്കെ, ദൈവത്തിന്റെ വീക്ഷണത്തിൽ ഇത് ഏറെ സത്യമാണ്. തന്റെ ഉദ്ദേശ്യങ്ങൾ നിറവേററുന്നതിന് അവന് സുനിശ്ചിത കാലങ്ങളും സമയങ്ങളുമുണ്ട്. നാം നമ്മുടെ ജീവിതത്തെ ഈ വസ്തുതയോട് പൊരുത്തപ്പെടുത്തുന്നില്ലെങ്കിൽ, അപ്പോൾ ക്ലോക്കുകളോടോ പഞ്ചാംഗങ്ങളോടോ നമ്മുടെ ജീവിതത്തെ അനുരൂപപ്പെടുത്താനുള്ള ക്രമീകരണങ്ങളെല്ലാം ഒടുവിൽ പ്രയോജനരഹിതമെന്നു തെളിയും.
5 ഇത് ഇപ്രകാരമായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ ഭൂമിക്കും അതിലെ മനുഷ്യസൃഷ്ടികൾക്കും വേണ്ടി യഹോവയ്ക്കു ഒരു ഉദ്ദേശ്യമുണ്ട്; അല്ലായിരുന്നെങ്കിൽ അവൻ അവയെ സൃഷ്ടിക്കുകയില്ലായിരുന്നു. നാം നമ്മുടെ ജീവിതത്തെ ആ ഉദ്ദേശ്യത്തോട് ഏകോപിപ്പിക്കുന്നില്ലെങ്കിൽ നാം അതിൽ ഉൾപെടുകയില്ല. അവന്റെ ഉദ്ദേശ്യം സമയപ്പട്ടികയനുസരിച്ച് കൃത്യം നിറവേററപ്പെടുമെന്ന് തീർച്ചയാണ്. അവൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എന്റെ വായിൽനിന്നു പറപ്പെടുന്ന എന്റെ വചനം അങ്ങനെയെന്നു തെളിയും. അതു നിഷ്ഫലമായി എന്റെ അടുക്കലേക്കു മടങ്ങുകയില്ല, എന്നാൽ അത് തീർച്ചയായും എന്റെ അഭിഷ്ടം സാധിക്കും, ഞാൻ അയച്ച കാര്യത്തിൽ അതിന് സുനിശ്ചിതവിജയം ലഭിക്കുകയും ചെയ്യും.”—യെശയ്യാവ് 55:11.
6 അതുകൊണ്ട് നാം ഇങ്ങനെ ചോദിക്കേണ്ടിയിരിക്കുന്നു. യഹോവയുടെ വീക്ഷണത്തിൽ ഇത് ഏത് കാലമോ സമയമോ ആണ്? ഈ ലോകത്തിലെ രാഷ്ട്രങ്ങളും ജനങ്ങളും അവന്റെ സമയപ്പട്ടികയോട് എങ്ങനെ പൊരുത്തപ്പെടുന്നു? തീർച്ചയായു, നിങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നു? നിങ്ങൾ ദൈവത്തിന്റെ ഉദ്ദേശ്യത്തിനും സമയപ്പട്ടികക്കും അനുയോജ്യമായി നിങ്ങളുടെ ജീവിതത്തെ പ്ലാൻ ചെയ്തിട്ടുണ്ടോ?
ഈ ലോകത്തിന്റെ ഉദ്ദേശ്യത്തെ നിറവേറ്റുന്നുവോ?
7. മതഭക്തരായ മിക്ക ആളുകൾക്കും എന്തു വീക്ഷണമാണുള്ളത്, എന്നാൽ അതിൽ കഴമ്പില്ലാത്തതെന്തുകൊണ്ട്?
7 തങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് പറയുന്നതുകൊണ്ട് തങ്ങൾ ദൈവോദ്ദേശ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അനേകർ വിചാരിക്കുന്നു. എന്നിരുന്നാലും ആ ഉദ്ദേശ്യം എന്തണെന്ന് ദൈവത്തിന്റെ സ്വന്തം വചനത്തിൽനിന്ന് നിങ്ങളെ കാണിക്കാൻ അവരോട് ആവശ്യപ്പെടുമ്പോൾ അത് ചെയ്യാൻ അവർക്കു പ്രാപ്തിയില്ല. അവർ സ്വന്തമാർഗ്ഗത്തിൽ പോകുകയാണ്, എന്നിട്ടും എങ്ങനെയെങ്കിലും ദൈവം തങ്ങളെ അനുകൂലിക്കുമെന്ന് അവർ വിചാരിക്കുന്നു. മിക്ക ലോകഭരണാധിപൻമാർക്കും നൂററാണ്ടുകളിലുടനീളം സമാനാമായ ഒരു മനോഭാവം ഉണ്ടായിരുന്നിട്ടുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങൾ എന്തുതന്നെയായിരുന്നാലും, ദൈവം തങ്ങളിലൂടെ തന്റെ ഉദ്ദേശ്യം നിറവേററുകയാണെന്ന് അവർ വിചാരിച്ചിരിക്കുന്നു. എന്നാൽ ആ ഉദ്ദേശ്യം എന്താണെന്ന് പറയാൻ അവരും അപ്രാപ്തരാണ്.
8. സ്രഷ്ടാവ് ഈ ലോകത്തിലെ ഭരണാധികാരികളെയും ജനങ്ങളെയും പിന്താങ്ങുന്നുണ്ടായിരിക്കുമെന്ന് വിചാരിക്കുന്നത് ന്യായയുക്തമല്ലാത്തതെന്തുകൊണ്ട്?
8 ഭരണാധികാരികളും ഒരു മതമുള്ള ജനങ്ങളും ഉൾപ്പെടെയുള്ള ഈ ലോകത്തെ ദൈവം പിന്താങ്ങുന്നുണ്ടെന്നു ബൈബിൾ പ്രകടമാക്കുന്നുണ്ടോ? ഇതു പരിചിന്തിക്കുക: ദൈവത്തിന്റെ ശക്തി ഭയാവഹമാണ്. അവൻ പ്രപഞ്ചത്തെ സൃഷ്ടിച്ചു. അതിൽ ശതകോടിക്കണക്കിനു നക്ഷത്ര പംക്തികൾ ഉൾപ്പെടുന്നു. ഓരോന്നിലും അനേകശതകോടി നക്ഷത്രങ്ങൾ അടങ്ങിയിരിക്കുന്നു. (സങ്കീർത്തനം 147:4) അതിനുപുറമേ, ദൈവത്തിന് അതിരററ ജ്ഞാനമുണ്ട്. ദൈവം തന്റെ ശക്തിയാലും ജ്ഞാനത്താലും രാഷ്ട്രങ്ങളെ പിന്താങ്ങുന്നുണ്ടായിരുന്നെങ്കിൽ അവയ്ക്കു ഇത്രയധികം അക്രമവും യുദ്ധവും അനീതിയും ദുരിതവും ഇത്രയേറെ നൂററാണ്ടകളിൽ അനുഭവപ്പെടുമായിരുന്നോ? മററു ദേശിയ നേതാക്കളെയും അവരുടെ ദശലക്ഷക്കണക്കിനു ജനങ്ങളെയും ദൈവം നയിക്കുമോ? അവരും ദൈവത്താൽ നയിക്കപ്പെടന്നുവെന്നാണല്ലോ അവകാശപ്പെടുന്നത്. അത് ന്യായയുക്തമാണോ?
9. തന്റെ യഥാർത്ഥ ദാസൻമാരുടെ ആത്മീയാവസ്ഥ എന്തായിരിക്കണമെന്ന് ദൈവവചനം പറയുന്നു?
9 “ദൈവം കലക്കത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവമാകുന്നു” എന്ന് 1 കൊരിന്ത്യർ 14:33-ൽ ബൈബിൾ നമ്മോടു പറയുന്നു. മാത്രവുമല്ല, യഥാർത്ഥത്തിൽ തന്റെ ജനമായിരിക്കുന്നവരോട് യഹോവ പറയുന്നു. “നിങ്ങളെല്ലാവരും യോജിപ്പിൽ സംസാരിക്കണം . . . നിങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉണ്ടായിരിക്കരുത് . . . നിങ്ങൾ ഒരേ മനസ്സിലും ഒരേ ചിന്താഗതിയിലും ഉചിതമായി ഐക്യപ്പെട്ടിരിക്കേണ്ടതിനുതന്നെ.” (1 കൊരിന്ത്യർ 1:10) ദൈവജനത്തിന്റെ ഇടയിലെ ആരെങ്കിലു ഈ നിലവാരത്തോട് അനുരൂപപ്പെടുന്നില്ലെങ്കിലോ? റോമർ 16:17 ബുദ്ധിയുപദേശിക്കുന്നു: “നിങ്ങൾ പഠിച്ചിരിക്കുന്ന ഉപദേശത്തിനു വിരുദ്ധമായി ഭിന്നതകളുണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളുക . . . അവരെ ഒഴിവാക്കുക.” അതുകൊണ്ട് ദേശിയവും മതപരമവുമായ ഭിന്നതകളും ശണ്ഠകളും അങ്ങനെയുള്ള രാഷ്ട്രങ്ങളെയും മതനേതാക്കളെയും അവരുടെ അനുഗാമികളെയും ദൈവം പിന്താങ്ങുന്നില്ലെന്നുള്ളതിന്റെ വ്യക്തമായ തെളിവുകളാണ്.
10, 11. ഈ ലോകത്തിലെ ഭരണാധികാരികളെയും ജനങ്ങളെയും ആർ പിന്താങ്ങുന്നുവെന്ന് ഏതു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു?
10 അപ്പോൾ, യഥാർത്ഥത്തിൽ അവരെ പിന്താങ്ങുന്നതാരാണ്? ഒന്നു യോഹന്നാൻ 3-ാം അദ്ധ്യായം 10-12-വരെയുള്ള വാക്യങ്ങൾ പ്രസ്താവിക്കുന്നു: “ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും ഈ വസ്തുതയാൽ തെളിയുന്നു: നീതി പ്രവർത്തിക്കാത്ത യാതൊരുവനും ദൈവത്തിൽ നിന്ന് ഉത്ഭവിക്കുന്നില്ല, തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെതന്നെ. എന്തെന്നാൽ ആരംഭം മുതൽ നിങ്ങൾ കേട്ടിരിക്കുന്ന സന്ദേശമിതാണ്, നമുക്ക് അന്യോന്യം സ്നേഹമുണ്ടായിരിക്കണമെന്ന്; ദുഷ്ടനിൽ നിന്ന് ഉത്ഭവിക്കുകയും തന്റെ സഹോദരനെ കൊല്ലുകയും ചെയ്ത കയീനെപ്പോലെയല്ല.” കൂടാതെ, ഒന്നു യോഹന്നാൻ 4-ാം അദ്ധ്യായം 20-ാം വാക്യം പറയുന്നു: “ആരെങ്കിലും ‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്ന പ്രസ്താവന ചെയ്തിട്ട് തന്റെ സഹോദരനെ വെറുക്കുകയാണെങ്കിൽ അയാൾ ഒരു നുണയനാകുന്നു. എന്തെന്നാൽ താൻ കണ്ടിട്ടുള്ള തന്റെ സഹോദരനെ സ്നേഹിക്കാത്തവന്, താൻ കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നതല്ല.” അങ്ങനെ യേശു യോഹന്നാൻ 13:35-ൽ ഈ ചട്ടം വെച്ചു: “നിങ്ങൾക്ക് നിങ്ങളുടെ ഇടിൽതന്നെ സ്നേഹമുണ്ടെങ്കിൽ, ഇതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാകുന്നുവെന്ന് എല്ലാവരും അറിയും.”
11 ദൈവത്തിന്റെ യഥാർത്ഥ ദാസൻമാരുടെ ഇടയിൽ സ്ഥിതിചെയ്യേണ്ട സ്നേഹവും ഐക്യവും, ലോകനേതാക്കൻമാരും പൊതുജനങ്ങളും നൂററാണ്ടുകളിൽ പിന്തുടർന്നു പോന്ന ഗതിയും തമ്മിൽ നിങ്ങൾ എന്തെങ്കിലും സാദൃശ്യം കാണുന്നുണ്ടോ? നമ്മുടെ നൂററാണ്ടിൽ തന്നെ, മതഭക്തരാലുള്ള മററു മതഭക്തരുടെ സംഹാരം കോടിക്കണക്കിനാളുകളുടെ ജീവനെ ഹനിച്ചിട്ടുണ്ട്. മിക്കപ്പോഴും അന്യോന്യം കൊല്ലുന്നത് ഒരേ മതത്തിൽ പെട്ടവർതന്നെയാണ്! ദൈവം അവരെ പിന്തുണയ്ക്കുന്നില്ലെന്നുള്ളതിന്റെ സുനിശ്ചിതതെളിവാണത്. പകരം, ദൈവവചനം പ്രകടമാക്കുന്നതുപോലെ, അവരെ പിന്തുണയ്ക്കുന്നത് പിശാചായ സാത്താനല്ലാതെ മററാരുമല്ല. അതുകൊണ്ടാണ് അപ്പോസ്തലനായ യോഹന്നാന് ഇങ്ങനെ പറയാൻ കഴിഞ്ഞത്: “നാം ദൈവത്തിൽ നിന്ന് ഉത്ഭവിക്കുന്നുവെന്ന് നമുക്കറിയാം, എന്നാൽ മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) അതെ, സാത്താനാണ് “ഈ വ്യവസ്ഥിതിയുടെ ദൈവം” (2 കൊരിന്ത്യർ 4:4) ഈ ലോകത്തിലെ നേതാക്കളുടെയും ജനങ്ങളുടെയും പിമ്പിലെ ശക്തി അവനാണ്. ഈ മനുഷ്യർ ദൈവത്തിൽനിന്നുള്ളവരായിരിക്കാവുന്നതല്ലെന്ന് അവരുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു.
സൗമ്യതയുള്ളവരെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം
12, 13. ഈ ഭൂമിയെയും മനുഷ്യരേയും സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണ്?
12 എന്നിരുന്നാലും, യഹോവ മനുഷ്യരെ സൃഷ്ടിച്ചപ്പോൾ, മുഴുഭൂമിയും ഏദൻതോട്ടംപോലെ ഒരു പറുദീസാ ആയിത്തീരണമെന്നും പൂർണ്ണരും ഏകീകൃതരും സന്തുഷ്ടരുമായ ജനങ്ങളാൽ അധിവസിക്കപ്പെടണമെന്നും അവൻ ഉദ്ദേശിച്ചിരുന്നു. (ഉല്പത്തി 1:26-28; 2:15; യെശയ്യാവ് 45:18 ആ ഉദ്ദേശ്യം മത്സരികളായ മനുഷ്യരാലും ദുഷ്ടാത്മസൃഷ്ടികളാലും റദ്ദാക്കപ്പെട്ടിട്ടില്ല, കൂടാതെ, യഹോവ സമയങ്ങളുടെയും കാലങ്ങളുടെയും ദൈവമായതുകൊണ്ട്, അവന്റെ ഉദ്ദേശ്യം അതിനായി അവൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് സാക്ഷാത്ക്കരിക്കപ്പെടും. തന്നിൽനിന്ന് വിട്ടുനിൽക്കുന്ന മാനുഷാധിപത്യം അനുവദിക്കപ്പെട്ടിരിക്കുന്ന സമയം കഴിഞ്ഞും തന്റെ ഉദ്ദേശ്യത്തിനെതിരായി പോരാടാൻ അവൻ അനുവദിക്കുകയില്ല.
13 ഈ ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തിൽ യേശുവിന് തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. തന്നിൽ കുറെ വിശ്വാസം പ്രകടമാക്കിയ ദുഷ്പ്രവൃത്തിക്കാരനോട്: “നീ എന്നോടുകൂടെ പരദീസയിൽ ഉണ്ടായിരിക്കും” എന്ന് അവൻ പറയുകയുണ്ടായി. (ലൂക്കോസ് 23:43) അത് വരാനിരിക്കുന്ന ഭൗമിക പരദീസാ ആയിരുന്നു. മുമ്പ് ഒരു അവസരത്തിൽ “സൗമ്യപ്രകൃതർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും” എന്ന് യേശു സങ്കീർത്തം 37:11-ലെ ആശയത്തെ പരാമർശിച്ചിരിക്കാനാണ് സാദ്ധ്യത, അതിങ്ങനെ പറയുന്നു: “സൗമ്യതയുള്ളവർതന്നെ ഭൂമിയെ കൈവശമാക്കും, അവർ തീർച്ചയായും സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.”
14. ഏതുതരം ആളുകൾ ഭൂമിയിയെ അവകാശമാക്കും?
14 ഭൂമിയെ അവകാശമാക്കുന്ന ഇവർ ആരാണ്? സങ്കീർത്തനം 37:34 ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവയിൽ പ്രത്യാശിച്ച് അവന്റെ വഴിപാലിക്കുക, ഭൂമിയെ കൈവശപ്പെടുത്തുവാൻ അവൻ നിന്നെ ഉയർത്തും. ദുഷ്ടൻമാർ ഛേദിക്കപ്പെടുമ്പോൾ, നീ അതു കാണും.” 37-ഉം 38-ഉം വാക്യങ്ങൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിഷ്ക്കളങ്കനെ സൂക്ഷിക്കുകയും നേരുള്ളവനെ വീക്ഷിക്കുകയും ചെയ്യുക, എന്തുകൊണ്ടെന്നാൽ ആ മമനുഷ്യന്റെ ഭാവി സമാധാന പൂർണ്ണമായിരിക്കും. എന്നാൽ ലംഘകർതന്നെ തീർച്ചയായും ഒന്നിച്ച് നിർമ്മൂലമാക്കപ്പെടും; ദുഷ്ട ജനത്തിന്റെ ഭാവി തീർച്ചയായും ഛേദിക്കപ്പെടും.” അതുകൊണ്ട് ഭൂമിയെ അവകാശപ്പെടുത്താനുള്ള ജനം യഹോവയെ അറിയുകയും അവന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കുകയും വേണം. അവർ അവന്റെ നിയമങ്ങൾ അനുസരിക്കുകയും വേണം. അവർ അവന്റെ നിയമങ്ങൾ അനുസരിക്കുക നിമിത്തം നിഷ്ക്കളങ്കരും നേരുള്ളവരുമെന്ന് അവനാൽ പരിഗണിക്കപ്പെടുകയുവേണം. ഒന്നു യോഹന്നാൻ 2:17 പ്രഖ്യാപിക്കുന്നതുപോലെ: ലോകം നീങ്ങിപ്പോകുകയാണ്, അതിന്റെ മോഹവും അങ്ങനെതന്നെ, എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും നിൽക്കുന്നു.”
15. പ്രയോജനകരമായ വലിയ ലോകമാററങ്ങൾ നടക്കുന്നതിന് സംഭവിക്കേണ്ട സുപ്രധാനമായ ഒരു സംഗതിയെന്ത്?
15 എന്നിരുന്നാലും, ആ മാററങ്ങൾ നടക്കുന്നതിന് ഇപ്പോഴത്തെ അവസ്ഥകൾ നേരേ തിരിഞ്ഞ് വർദ്ധിച്ച പരിവർത്തനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു സംഗതി, ഭൂമിയിലെ ഇപ്പോഴത്തെത ഭരണാധിപത്യങ്ങളെല്ലാം നീക്കപ്പെടേണ്ടിവരുമെന്നുള്ളതാണ്, എന്തുകൊണ്ടെന്നാൽ മാനുഷ ഭരണം ഒരിക്കലും അഭികാമ്യമായ അവസ്ഥകൾ കൈവരുത്തിയിട്ടില്ല. എന്നാൽ ഭൂമിയെ പിടിച്ചുകുലുക്കുന്ന അത്തരം മാററങ്ങൾ വരുത്താനുള്ള പ്രാപ്തി യഹോവയ്ക്കുണ്ട്. ദൃഷ്ടാന്തമായി, ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “അവൻ കാലങ്ങളെയും സമയങ്ങളെയും മാററുകയും രാജാക്കൻമാരെ നീക്കുകയും രാജാക്കൻമാരെ വാഴിക്കുകയും ചെയ്യുന്നു.”—ദാനിയേൽ 2:21.
എതിരാളികളെ നീക്കുന്നു
16, 17. (എ) തന്റെ ഉദ്ദേശ്യത്തെ എതിർത്ത ഫറവോനോട് യഹോവ എങ്ങനെ ഇടപ്പെട്ടു? (ബി) യഹോവയുടെ പ്രവാചകവചനം എങ്ങനെ സ്ഥിരീകരിക്കപ്പെട്ടു?
16 കഴിഞ്ഞ കാലത്തെ ശക്തരായ ഭരണാധിപൻമാരോടും രാജവംശങ്ങളോടും, വിശേഷിച്ച് അവന്റെ ഉദ്ദേശ്യങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ചവരോട്, യഹോവ ചെയ്തതിനെക്കുറിച്ച് പരിചിന്തിക്കുക. അവരും അവരുടെ സാമ്രാജ്യങ്ങളും തകർത്തു തരിപ്പണമാക്കപ്പെട്ടു പൊടിപോലെ കാററിൽ പറത്തപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ദൈവജനത്തെ അടിമകളാക്കി ഈജിപ്ററിലെ ഫറവോൻ ഉണ്ടായിരുന്നു. എന്നാൽ യഹോവയ്ക്കു അവന്റെ ദാസൻമാരെക്കുറിച്ച് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. അവരെ വിട്ടയ്ക്കാൻ ഫറവോനോട് പറയുന്നതിന് അവൻ മോശയെ അയച്ചു. എന്നാൽ ഫറവോൻ ധിക്കാരപൂർവ്വം ഇങ്ങനെ ആക്രോശിച്ചു: “ഞാൻ അവന്റെ വാക്ക് അനുസരിക്കത്തക്കവണ്ണം യഹോവ ആർ?” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ യഹോവയെ അശേഷം അറിയുകയില്ല, എന്തിനധികം, ഞാൻ യിസ്രായേലിനെ വിട്ടയ്ക്കാൻ പോകുന്നില്ല.”—പുറപ്പാട് 5:2.
17 ഫറവോൻ മനസ്സിനു മാററംവരുത്താൻ യഹോവ അവന് അനേകം അവസരങ്ങൾ കൊടുത്തു. എന്നിട്ടും, പുറപ്പാട് 11:10 പറയുന്നതുപോലെ, ഓരോ പ്രാവശ്യവും ഫറവോൻ ‘ശാഠ്യം പിടിച്ചു.’ എന്നിരുന്നാലും യഹോവയ്ക്ക് അപ്രതിരോധ്യ ശക്തിയാണുള്ളത്. അവന്റെ നിശ്ചിത സമയം വന്നപ്പോൾ അവൻ ഫറവോനെയും അവന്റെ സൈന്യങ്ങളെയും ചെങ്കടലിൽ മുക്കിക്കൊന്നു. പുറപ്പാട് 14:28 പറയുന്നു: “അവരുടെ ഇടയിലെ ഒരുത്തൻ പോലും ശേഷിച്ചില്ല.” മറിച്ച്, യഹോവയുടെ ദാസൻമാർ സംരക്ഷിക്കപ്പെടുകയും വിടുവിക്കപ്പെടുകയും ചെയ്തു. തന്നെയുമല്ല, ഇത് വിശ്വസ്തനായിരുന്ന അബ്രാഹാമിനോട് നൂററാണ്ടുകൾക്കു മുമ്പ് പറഞ്ഞിരുന്ന 400 വർഷകാലഘട്ടത്തിന്റെ അന്ത്യത്തിൽ, യഹോവയുടെ പ്രവാചകവചനം മുൻകൂട്ടിപ്പറഞ്ഞിരുന്ന കൃത്യസമയത്തുതന്നെയാണ് സംഭവിച്ചത്.
18. ബാബിലോനിലെ നെബുഖദ്നേസ്സരോട് യഹോവ എന്തു ചെയ്തു? എന്തുകൊണ്ട്?
18 ഇനിയും ബാബിലോനിലെ നെബുഖദ്നേസർ രാജാവുണ്ടായിരുന്നു. അവൻ ഒരു ദൈവമാണെന്നുള്ളതുപോലെ തന്റെ ശക്തിയേയും നേട്ടങ്ങളെയുംകുറിച്ചു വീമ്പിളക്കിത്തുടങ്ങി. “എന്നാൽ ആ വാക്ക് രാജാവിന്റെ വായിലിരിക്കുമ്പോൾത്തന്നെ, ആകാശത്തുനിന്ന് ഒരു ശബ്ദം വീണു: ‘രാജാവായ നെബുഖദ്നേസ്സരേ, “രാജ്യംതന്നെ നിന്നിൽനിന്ന് വിട്ടുപോയിരിക്കുന്നു” എന്ന് നിന്നോടു പറയപ്പെടുകയാണ്.’ എന്ന് ദാനിയേൽ 4:31 പറയുന്നു. 32-ാം വാക്യം പറയുന്നതുപോലെ “മനുഷ്യവർഗ്ഗത്തിന്റെ രാജ്യത്തിൽ അത്യുന്നതൻ ഭരണാധികാരിയാണെന്നും താൻ ആഗ്രഹിക്കുന്നവന് അവൻ അതു കൊടുക്കുന്നുവെന്നും അവൻ അറിയുന്നതുവരെ അവൻ വയലിലെ ഒരു കാട്ടുമൃഗത്തെപ്പോലെ താഴ്ത്തപ്പെടു”മെന്ന് യഹോവ അവനോടു പറഞ്ഞു. യഹോവ അതിന് ഉദ്ദേശിച്ചിരുന്ന കൃത്യസമയത്ത് അതുതന്നെ സംഭവിച്ചു.
19. ബാബിലോനും അതിന്റെ ഭരണാധികാരിയായിരുന്ന ബേൽശസ്സറിനും എതിരായി യഹോവയുടെ പ്രതികൂല ന്യായവിധി ഉണ്ടായതെന്തുകൊണ്ട്?
19 ബാബിലോനിൽ ഭരിച്ച അവസാനത്തെ രാജാവ് ബേൽശസ്സറായിരുന്നു. അന്ന് ആ സാമ്രാജ്യം നിപതിക്കുന്നതിനുള്ള യഹോവയുടെ സമയമായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ബാബിലോന്യർ യഹോവയുടെ ജനത്തെ അടിമകളാക്കിവെക്കുകയും യഹോവയെ ദുഷിക്കുകയും ചെയ്തു. ബേൽശസ്സർ തന്റെ ഉദ്യോഗസ്ഥൻമാരിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്നു കഴിച്ചുവെന്ന് ദാനിയേൽ 5-ാം അദ്ധ്യായം പ്രതിപാദിക്കുന്നു. അനന്തരം ബേൽശസ്സർ “തന്റെ പിതാവായ നെബുഖദ്നേസ്സർ യരൂശലേമിലെ [യഹോവയുടെ] ആലയത്തിൽനിന്ന് എടുത്തുകൊണ്ടുപോയിരുന്ന സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ കൊണ്ടുവരാൻ പറഞ്ഞു . . . രാജാവും അവന്റെ മഹത്തുക്കളും അവന്റെ വെപ്പാട്ടികളും അവന്റെ ഉപഭാര്യമാരും അവയിൽനിന്നു കുടിച്ചു.” (ദാനിയേൽ 5:2, 3) അവർ അടുത്തതായി ചെയ്തതെന്തെന്ന് ശ്രദ്ധിക്കുക: “അവർ വീഞ്ഞു കുടിച്ചു. അവർ പൊന്നും വെള്ളിയും ചെമ്പും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദൈവങ്ങളെ സ്തുതിച്ചു.” (ദാനിയേൽ 5:4) യഹോവയുടെ ആരാധാനയ്ക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധ ഉപകരണങ്ങളിൽ നിന്ന് കുടിച്ചുകൊണ്ട് അവർ യഹോവയെ പരിഹസിക്കുകയും ദുഷിക്കുകയും ചെയ്തു. തങ്ങളുടെ വ്യാജ ദൈവങ്ങളെ ആരാധിച്ചതിനാൽ അവർ സാത്താനെയാണ് ആരാധിച്ചത്.
20, 21. ദാനിയേൽ ബേൽശസ്സറിന് എന്തു സന്ദേശം കൊടുത്തു, അത് എങ്ങനെ നിറവേററപ്പെട്ടു?
20 എന്നിരുന്നാലും, അതേ നിമിഷത്തിൽതന്നെ ഞെട്ടിക്കുന്ന ഒരു സംഭവം നടന്നു. ഒരു കൈയിലെ വിരലുകൾ കൊട്ടാരത്തിന്റെ ചുവരിൽ എഴുതുന്നതായി കാണപ്പെട്ടു! അത് രാജാവിനെ വളരെയധികം ഞെട്ടിച്ചതിന്റെ ഫലമായി “അവന്റെ മുഖഭാവംതന്നെ മാറി, അവന്റെ സ്വന്തം ചിന്തകൾ അവനെ ഭയപ്പെടുത്തിത്തുടങ്ങി, അവന്റെ അരയുടെ ഏപ്പുകൾ അയഞ്ഞു, അവന്റെ കാൽ മുട്ടുകൾതന്നെ കൂട്ടിയിടിക്കാൻ തുടങ്ങി.” (ദാനിയേൽ 5:6) ബേൽശസ്സറിന്റെ മതോപദേഷ്ടാക്കളിൽ ആർക്കുംതന്നെ കൈയെഴുത്തു മനസ്സിലാക്കാൻ കഴിഞ്ഞില്ല. തന്നിമിത്തം അതു വ്യാഖ്യാനിക്കാൻ യഹോവയുടെ ദാസനായ ദാനിയേൽ വരുത്തപ്പെട്ടു. സന്ദേശം യഹോവയിൽ നിന്നാണെന്ന് ദാനിയേൽ രാജാവിനെ അറിയിച്ചു. അത് ഇതായിരുന്നു: “ദൈവം നിന്റെ രാജ്യത്തിന്റെ നാളുകൾ എണ്ണി അതിനെ അവസാനിപ്പിച്ചിരിക്കുന്നു: . . . നിന്നെ ത്രാസ്സിൽ തൂക്കി കുറവുള്ളതായി കണ്ടിരിക്കുന്നു. . . . നിന്റെ രാജ്യം വിഭജിച്ച് മേദ്യർക്കും പാർസ്യർക്കും കൊടുത്തിരിക്കുന്നു.”—ദാനിയേൽ 5:26-28.
21 അന്നു രാത്രിതന്നെ മേദ-പാർസ്യ സൈന്യങ്ങൾ ആശ്രദ്ധമായി തുറന്നിട്ടിരുന്ന ഗയിററുകളിലൂടെ നഗരത്തെ ആക്രമിച്ചു. ദാനിയേൽ 5:30 ഉപസംഹരിക്കുന്ന പ്രകാരം: “ആ രാത്രിയിൽതന്നെ ബേൽശസ്സർ . . . കൊല്ലപ്പെട്ടു.” ബാബിലോന്റെ പതനം യഹോവയുടെ ജനം അവരുടെ പ്രവാസത്തിന്റെ തുടക്കം മുതൽ കൃത്യം 70 വർഷം കഴിഞ്ഞപ്പോൾ സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ അനുവദിച്ചു. അത് യിരെമ്യാ 29:10-ൽ വെളിപ്പെടുത്തിയിരിക്കുന്നപ്രാകാരം കൃത്യമായി യഹോവയുടെ സമയപ്പട്ടികയനുസരിച്ചായിരുന്നു.
22, 23. ഒന്നാം നൂററാണ്ടിൽ ക്രിസ്ത്യാനികളെ എതിർത്ത ഹെരോദ് അഗ്രിപ്പാ 1-ാമൻ രാജാവിനോട് യഹോവ എങ്ങനെ ഇടപെട്ടു?
22 ഒന്നാം നൂററാണ്ടിൽ, റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പലസ്തീനിലെ അവസാനത്തെ ഭരണാധികാരി ഹെരോദ് അഗ്രിപ്പാ ഒന്നാമൻ രാജാവായിരുന്നു. ഹെരോദ് അപ്പോസ്തലനായ പാത്രാസിനെ തടവിലാക്കിയിരുന്നു, അവൻ മററു ക്രിസ്ത്യാനികളെയും പീഡിപ്പിച്ചിരുന്നു. അവൻ അപ്പോസ്തലനായ യാക്കോബിനെയും കൊല്ലിച്ചു. (പ്രവൃത്തികൾ 12:1, 2) ഹെരോദ് കൊലപാതകപരമായ ദ്വന്ദയുദ്ധങ്ങളും മററ് പുറജാതീയ പ്രകടനങ്ങളും ക്രമീകരിച്ചിരുന്നു. ഇതെല്ലാം അയാൾ ദൈവത്തിന്റെ ഒരു ആരാധകനാണെന്നുള്ള അവകാശവാദം വ്യാജമാണെന്നു തെളിയിച്ചു.
23 എന്നാൽ ഈ എതിരാളിയെ സംഹരിക്കുന്നതിനുള്ള യഹോവയുടെ തക്കസമയം വന്നു. പ്രവൃത്തികൾ 12:21 മുതൽ 23 വരെ നമ്മോടിങ്ങനെ പറയുന്നു: “ഹെരോദ് ഒരു നിശ്ചിതദിവസം രാജവസ്ത്രം ധരിച്ച് ന്യായാസനത്തിൽ ഇരിക്കുകയും അവരോട് ഒരു പൊതുപ്രഭാഷണം നടത്തിത്തുടങ്ങുകയും ചെയ്തു. ക്രമത്തിൽ, സമ്മേളിച്ചിരുന്ന ജനം ‘ഒരു മമനുഷ്യന്റെ ശബ്ദമല്ല, ഒരു ദൈവത്തിന്റെ ശബ്ദം’ എന്ന് ആർത്തു വിളിക്കാൻ തുടങ്ങി!” അടുത്തതായി എന്തു സംഭവിച്ചു? ബൈബിൾ പറയുന്നു: “ക്ഷണത്തിൽ യഹോവയുടെ ദൂതൻ അവനെ പ്രഹരിച്ചു, എന്തുകൊണ്ടെന്നാൽ അവൻ ദൈവത്തിനു മഹത്വം കൊടുത്തില്ല; അവനെ പുഴുക്കൾ തിന്നുകയും അവൻ മരണമടയുകയും ചെയ്തു.” ദാനിയേൽ 2:21 പ്രസ്താവിച്ചിരുന്ന പ്രകാരം യഹോവ “രാജാക്കൻമാരെ നീക്കുന്ന”തിന്റെ മറെറാരു ദൃഷ്ടാന്തമാണിത്.
24. അങ്ങനെയുള്ള ചരിത്രവസ്തുതകൾ എന്തിനു സാക്ഷ്യം വഹിക്കുന്നു?
24 ഇങ്ങനെയുള്ള ചരിത്ര സംഭവങ്ങൾ യഹോവക്കു തന്റെ ഉദ്ദേശ്യങ്ങൾക്കായി കാലങ്ങളും സമയങ്ങളും ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഈ ഭൂമിയെ “നീതി വസിക്കാനിരിക്കുന്ന” ഒരു പരദീസയായി രൂപാന്തരപ്പെടുത്തുകയെന്ന തന്റെ ഉദ്ദേശ്യം നിറവേററുന്നതിനുള്ള പ്രാപ്തിയും ശക്തിയും തീർച്ചയായും യഹോവക്കുണ്ടെന്നും അവ പ്രകടമാക്കുന്നു.—2 പത്രോസ് 3:13.(w86 4/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◼ യഹോവയുടെ സമയങ്ങളും കാലങ്ങളും അറിയുന്നത് വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◼ ദൈവം ഈ ലോകത്തിലെ ഭരണാധിപൻമാരെയും ജനങ്ങളെയും പിന്താങ്ങുന്നില്ലാത്തതെന്തുകൊണ്ട്?
◼ ഭൂമിയിൽ ആസന്നമായിരിക്കുന്ന പരദീസയെ അവകാശപ്പെടുത്തുന്നത് ഏതുതരം ആളുകളാണ്?
◼ തന്നെ എതിർക്കുന്ന ഭരണാധികാരികളെ താഴെയിറക്കാനുള്ള തന്റെ പ്രാപ്തി യഹോവ പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?