ബൈബിളിന്റെ വീക്ഷണം
ജീവിതത്തിന്റെ അർഥം എന്താണ്?
“ജീവൻ സംബന്ധിച്ച തൃപ്തികരമായ ഒരു വിശദീകരണമാണു പ്രകൃതിനിർധാരണം എന്നു ഡാർവിൻ പക്ഷക്കാർ വാദിക്കുന്നു. എന്നാൽ ഒരു ജീവി കൂടുതൽ സങ്കീർണതയിലേക്കോ ആത്മബോധത്തിലേക്കോ ബുദ്ധിയിലേക്കോ വികസിക്കുമ്പോൾ ആ ഗുണങ്ങൾ ആഗ്രഹിച്ചു നേടിയതാണെന്നുള്ളതു സാമാന്യബോധമാണെന്നു തോന്നുന്നു.”—ഡിലൻ തോമസ് (1914-53, വെയിൽസുകാരനായ കവിയും എഴുത്തുകാരനും).
ജീവിതത്തിന്റെ അർഥം അറിയാനുള്ള അന്വേഷണം പുതിയതല്ല. അതു നൂറ്റാണ്ടുകളോളം ജിജ്ഞാസുക്കളുടെ മനസ്സിൽ വ്യാപരിച്ചിട്ടുണ്ട്. പത്തുവർഷം മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ അധികമായി ന്യൂസിലൻഡുകാരുടെ മനസ്സിൽ ആ അന്വേഷണം ഇപ്പോഴുണ്ടെന്ന് ഈയിടെ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പ് പ്രകടമാക്കുന്നു. 15 വയസ്സും അതിലധികവും പ്രായമുള്ളവരുടെ 49 ശതമാനം “ജീവിതത്തിന്റെ അർഥം സംബന്ധിച്ചു മിക്കപ്പോഴും ചിന്തിച്ചിരുന്നു” എന്ന് ലിസ്നർ മാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടു പറയുന്നു—സമാനമായ ഒരു സർവേ നടത്തപ്പെട്ട 1985-ലെ 32 ശതമാനത്തെക്കാൾ അധികം.
ന്യൂസിലൻഡുകാർ മറ്റു രാഷ്ട്രങ്ങളിലെ ആളുകൾക്കുള്ള അതേ വികാരങ്ങൾ പ്രകടമാക്കുന്നതായി തോന്നുന്നു. ലിസ്നർ തുടരുന്നു: “നമ്മുടെ അസ്തിത്വത്തിന്റെ പ്രാധാന്യം ചോദ്യംചെയ്യാനുള്ള വർധിച്ച പ്രവണത, നാം 80-കളിൽ ആയിരുന്നതിനെക്കാൾ ഇപ്പോൾ കൂടുതൽ ആകാംക്ഷയുള്ളവരാണെന്നു സൂചിപ്പിച്ചേക്കാം, സ്വീകരിക്കേണ്ട ഉചിതമായ ഗതിതന്നെ.”
നാം ഇവിടെ സ്ഥിതിചെയ്യുന്നതെന്തുകൊണ്ട്? എന്ന സാർവത്രിക ചോദ്യത്തിന് പരിണാമവാദികൾ നൽകുന്ന ഉത്തരങ്ങൾ, പ്രത്യക്ഷത്തിൽ, അധികപങ്ക് ആളുകൾക്കും തൃപ്തികരമല്ല. ഒരുവന്റെ ജീവിതത്തിലെ അർഥം കണ്ടെത്താൻ ആവശ്യമായ ധാർമിക ദിക്കുകാട്ടി പ്രദാനം ചെയ്യാൻ ബൈബിളിനു കഴിയുമോ?
“പ്രാഥമിക പ്രേരകശക്തി”
ഭൂമിയിലെ സകല ജീവികളിലുംവെച്ച് മനുഷ്യൻ മാത്രമേ ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ചു ചിന്തിക്കുന്നുള്ളു. എന്തുകൊണ്ടെന്നു നിങ്ങൾക്കറിയാമോ? ഒരു കാരണം ബൈബിൾ സഭാപ്രസംഗി 3:11-ൽ നൽകുന്നു. സ്രഷ്ടാവിനെ സംബന്ധിച്ച്, അതു പറയുന്നു: “അവൻ മനുഷ്യർക്കു ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ഒരു ബോധം നൽകിയിരിക്കുന്നു.” (ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) എല്ലാ ജീവികളും ജീവനെ മുറുകെപ്പിടിക്കാൻ ചായ്വു കാണിക്കുന്നുവെന്നിരിക്കെ, ഒരു കാലബോധം—ഭൂതം, ഭാവി, വർത്തമാനം—ഉള്ളതിൽ മനുഷ്യൻ അതുല്യനാണെന്നു തോന്നുന്നു. മനുഷ്യനു ഭൂതകാലത്തെക്കുറിച്ചു ധ്യാനിക്കാൻ കഴിയും. ഭാവിക്കുവേണ്ടി ആസൂത്രണം ചെയ്തുകൊണ്ട്, അതിൽ പങ്കെടുക്കാൻ ശക്തമായി അഭിലഷിച്ചുകൊണ്ടുപോലും അതിലേക്കു നോക്കിപ്പാർത്തിരിക്കാനും കഴിയും. അയാളുടെ ഹ്രസ്വമായ ആയുസ്സിന്റെ ക്ഷണികസ്വഭാവം നിമിത്തം ഭാവിയെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയാതെയാകുമ്പോൾ അയാൾക്കു നിരാശിതനായിത്തീരാനും കഴിയും.
അതുകൊണ്ട്, ഞാൻ ഇവിടെ സ്ഥിതിചെയ്യുന്നതെന്തുകൊണ്ട്? ഞാൻ എങ്ങോട്ടു പോകുന്നു? എന്നീ ചോദ്യങ്ങൾ മനുഷ്യൻ മാത്രം ചോദിക്കുന്നു. മനോരോഗ വിദഗ്ധനായ വിക്റ്റർ ഫ്രാങ്കൽ എഴുതി: “ഒരുവന്റെ ജീവിതത്തിലെ അർഥം കണ്ടെത്താനൂള്ള പ്രയത്നമാണ് മനുഷ്യനിലെ പ്രാഥമിക പ്രേരകശക്തി . . . ഒരുവന്റെ ജീവിതത്തിൽ അർഥമുണ്ടെന്നുള്ള അറിവുപോലെ, ഏറ്റവും വഷളായ അവസ്ഥകളെപ്പോലും അതിജീവിക്കാൻ വളരെ ഫലകരമായി സഹായിക്കുന്ന മറ്റൊന്നു ലോകത്തിലില്ലെന്നു ഞാൻ തുറന്നു പറയേണ്ടിവരുന്നു.”
യേശു സ്ഥിരീകരിച്ച ശലോമോന്റെ കണ്ടെത്തൽ
ജീവിതത്തിലെ അർഥം കണ്ടെത്തേണ്ടതിന്റെ ആവശ്യം പൗരാണികൻമാരെ ഉണർത്തി. മൂവായിരം വർഷം മുൻപ് ശലോമോന്റെ ഭരണത്തിൻകീഴിലെ ഇസ്രായേൽ രാജ്യത്തിലേക്കു നമുക്കു ചരിത്രത്തിന്റെ താളുകൾ പുറകോട്ടു മറിക്കാം. അവനെക്കുറിച്ചും ശേബാരാജ്ഞി പറഞ്ഞു: “നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ. ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല! ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.”—1 രാജാക്കൻമാർ 10:6, 7.
സഭാപ്രസംഗിയുടെ പുസ്തകം എഴുതുകയിൽ ജീവിതത്തിന്റെ ഉദ്ദേശ്യം വിശദമാക്കാൻ താൻ നടത്തിയ ഒരു പരീക്ഷണത്തിന്റെ ഫലങ്ങൾ ശലോമോൻ രാജാവ് തന്റെ വായനക്കാരെ അറിയിച്ചു. പൗരാണിക പൗരസ്ത്യ ദേശത്തെ ഒരു മാതൃകാ രാജാവിനു യോജിച്ചവിധം ജീവിതം ആസ്വദിക്കാനുള്ള അവസരങ്ങളിൽ നടത്തിയ ഒരു പരീക്ഷണമായിരുന്നു അത്. അവൻ 2-ാം അധ്യായം 1-10 വാക്യങ്ങളിൽ, ഇന്ന് ഊഹിക്കാൻപോലും കഴിയാത്ത ഒരു ഉല്ലാസജീവിതത്തെ സവിസ്തരം വർണിച്ചു. ഭൗതിക ധനത്തിന്റെയും ജഡിക ഉല്ലാസങ്ങളുടെയും രൂപത്തിൽ ജീവിതം സാധ്യമാക്കിയ സകലതും അവൻ പരീക്ഷിച്ചു നോക്കി. അത്തരം അനുധാവനങ്ങളുടെ പൊരുൾ സംബന്ധിച്ച അവന്റെ വിലയിരുത്തൽ എന്തായിരുന്നു? അവന്റെ ഉത്തരം അമിതവിശ്വാസമുള്ളവരെ ഞെട്ടിക്കേണ്ടതാണ്.
അവൻ ഈ എല്ലാക്കാര്യങ്ങളിലേക്കും പിന്തിരിഞ്ഞു നോക്കിയപ്പോൾ, അവന്റെ തീർപ്പ് മിക്കപ്പോഴും പ്രതികൂലമായിരുന്നു. അവ വ്യർഥവും സമയനഷ്ടവും ആയിരുന്നു. അവൻ എഴുതി: “ഞാൻ എന്റെ കൈകളുടെ സകല പ്രവൃത്തികളെയും ഞാൻ ചെയ്വാൻ ശ്രമിച്ച സകല പരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.”—സഭാപ്രസംഗി 2:11.
ഏറ്റവും അനുകൂലമായ സാഹചര്യങ്ങളിൽ പോലും ഭൗമിക ഉല്ലാസങ്ങൾ താത്കാലിക ഉല്ലാസമേ കൈവരുത്തുന്നുള്ളൂ എന്ന് അവൻ നിഗമനം ചെയ്തു. മനുഷ്യ ജ്ഞാനത്തിനുപോലും വേദനയിൽനിന്നും ജീവിതത്തിലെ വ്യാകുലതയിൽനിന്നും മനുഷ്യനെ വിടുവിക്കാൻ കഴിയില്ല.
ഭൗതിക അവകാശം സംബന്ധിച്ച ഒരു മനുഷ്യന്റെ ക്രമാതീത ഉത്കണ്ഠയോടു പ്രതികരിക്കുകയിൽ, കേട്ടുനിന്ന ജനക്കൂട്ടത്തോട് ഇപ്രകാരം പറഞ്ഞപ്പോൾ യേശുക്രിസ്തു സമാനമായി നിഗമനം ചെയ്തു: “സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.”—ലൂക്കൊസ് 12:15.
അനുദിന ജീവിതത്തിലെ മനുഷ്യന്റെ നിസ്സഹായാവസ്ഥ പൂർണമായി തരണംചെയ്യാനും മനുഷ്യന്റെ പ്രവർത്തനങ്ങൾക്കു ജ്ഞാനപൂർവകമായ ഉദ്ദേശ്യം നൽകാനും യഹോവയാം ദൈവത്തിനു മാത്രമേ കഴിയൂ. അതുകൊണ്ട്, ദൈവത്തെ കൂടാതെയുള്ള ജീവിതം നിരർഥകമാണ്. സഭാപ്രസംഗി 12:13-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, ശലോമോൻ വിശദീകരിച്ചു: “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.”
ജീവിതത്തിന്റെ അർഥം കണ്ടെത്തൽ
ജീവിതത്തിന്റെ അർഥം ആരോഗ്യാവഹമായ ദൈവഭയത്തിൽനിന്നു വേർപെടുത്താവുന്നതല്ലെന്നുള്ള ശലോമോന്റെ തീർപ്പ് യേശുക്രിസ്തു ആവർത്തിച്ചു സ്ഥിരീകരിച്ചു. ദൈവവചനം ഉദ്ധരിച്ചുകൊണ്ട് യേശു പറഞ്ഞു: ‘“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽക്കൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു.’ (മത്തായി 4:4; ആവർത്തനപുസ്തകം 8:3) അതേ, ഒരുവന്റെ ജീവിതം സഫലമാകുന്നതിന്, ആത്മീയ വശങ്ങൾ അവഗണിക്കാവുന്നതല്ല. തന്നേക്കുറിച്ചുതന്നെ, യേശു വീണ്ടും പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതുതന്നെ എന്റെ ആഹാരം.” (യോഹന്നാൻ 4:34) അനുസരണപൂർവം തന്റെ സ്വർഗീയ പിതാവിനെ സേവിക്കുന്നതു സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഒരു ഉറവായിരുന്നു. അത് അവനെ പോഷിപ്പിച്ചു. അത് അവന്റെ ജീവിതത്തിന് ഉദ്ദേശ്യം നൽകി.
അതുകൊണ്ട്, ദൈവത്തെക്കൂടാതെ ജീവിതത്തിന് അതിന്റെ പൂർണ ലക്ഷ്യപ്രാപ്തിയിലെത്താൻ കഴിയുമോ? ഇല്ല! രസാവഹമായി, ചരിത്രകാരനായ ആർനോൾഡ് ടോയിൻബി ഒരിക്കൽ ഇപ്രകാരം എഴുതി: “ഒരു ഉയർന്ന മതത്തിന്റെ യഥാർഥ ഉദ്ദേശ്യം അതിന്റെ സത്തയാകുന്ന ആത്മീയ ഉപദേശങ്ങളും സത്യങ്ങളും കഴിവതും ദേഹികളിലേക്കു പ്രചരിപ്പിക്കുക എന്നതാണ്, അത് ഈ ദേഹികളിൽ ഓരോന്നും മനുഷ്യനെ സംബന്ധിച്ചുള്ള യഥാർഥ ഉദ്ദേശ്യം നിറവേറ്റുന്നതിനു വേണ്ടി സഹായിക്കപ്പെടുന്നതിനാണ്. മനുഷ്യനെ സംബന്ധിച്ചുള്ള യഥാർഥ ഉദ്ദേശ്യം ദൈവത്തെ മഹത്ത്വീകരിക്കുകയും അവനെ എന്നെന്നേക്കും സന്തോഷിപ്പിക്കുകയും ചെയ്യുക എന്നതാണ്.” പ്രവാചകനായ മലാഖി ദൈവത്തിന്റെ വീക്ഷണം പ്രകടമാക്കി: “അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.”—മലാഖി 3:18.
[26-ാം പേജിലെ ചിത്രം]
“ചിന്തകൻ,” റോഡിനാലുള്ളത
[കടപ്പാട്]
Scala/Art Resource, N.Y.