അധ്യായം 1
എന്നേക്കുമുളള ജീവിതം വെറുമൊരു സ്വപ്നമല്ല
1, 2. മനുഷ്യർക്കു സന്തോഷത്തോടെ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നതു പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?
1 ഭൂമിയിലെ സന്തുഷ്ടി—അത് അല്പകാലത്തേക്കുപോലും ആസ്വദിക്കുക സാധ്യമാണെന്നു തോന്നുകയില്ല. രോഗവും വാർധക്യവും വിശപ്പും കുററകൃത്യവും മിക്കപ്പോഴും ജീവിതത്തെ ദുരിതപൂർണമാക്കുന്നു—ഇവ ചുരുക്കം ചില പ്രശ്നങ്ങൾ മാത്രമാണ്. അതുകൊണ്ട്, ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ചുളള സംസാരം സത്യം സംബന്ധിച്ചു കണ്ണടച്ചുകളയലാണെന്നു നിങ്ങൾ പറഞ്ഞേക്കാം. അതിനെക്കുറിച്ചു സംസാരിക്കുന്നതു സമയത്തിന്റെ പാഴാക്കലാണെന്ന്, എന്നേക്കുമുളള ജീവിതം വെറുമൊരു സ്വപ്നമാണെന്ന്, നിങ്ങൾ വിചാരിച്ചേക്കാം.
2 മിക്കയാളുകളും നിങ്ങളോടു യോജിക്കുമെന്നുളളതിനു സംശയമില്ല. ആ സ്ഥിതിക്ക്, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നു നമുക്കു വളരെ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? നിത്യജീവൻ വെറുമൊരു സ്വപ്നമല്ലെന്നു നമുക്കു വിശ്വസിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
നമുക്കു വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണം
3. മനുഷ്യർ ഭൂമിയിൽ സന്തുഷ്ടരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്നു പ്രകടമാക്കുന്നതെന്ത്?
3 നമുക്കു വിശ്വസിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ ഒരു പരമോന്നതശക്തിയായ സർവശക്തനാം ദൈവം നമ്മുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനാവശ്യമായതെല്ലാം സഹിതമാണു ഭൂമിയെ ഒരുക്കിയത്. നമുക്കുവേണ്ടി തികച്ചും പൂർണമായി അവൻ ഭൂമിയെ നിർമിച്ചു! ഈ ഭൗമിക ഭവനത്തിൽ എന്നേക്കും പൂർണമായി ജീവിതം ആസ്വദിക്കാൻ അത്യുത്തമമായ വിധത്തിൽ അവൻ മനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചു.—സങ്കീർത്തനം 115:16.
4. മനുഷ്യശരീരം എന്നേക്കും ജീവിക്കാൻവേണ്ടി നിർമിക്കപ്പെട്ടതാണെന്നു പ്രകടമാക്കുന്ന എന്ത് ശാസ്ത്രജ്ഞൻമാർ അതു സംബന്ധിച്ചു മനസ്സിലാക്കിയിരിക്കുന്നു?
4 മനുഷ്യശരീരത്തിന്റെ സ്വയം പുതുക്കാനുളള ശക്തിയെക്കുറിച്ചു ശാസ്ത്രജ്ഞൻമാർക്കു ദീർഘനാളായി അറിവുണ്ട്. അത്ഭുതകരമായ വിധത്തിൽ ശരീരകോശങ്ങൾ ആവശ്യാനുസരണം ഒന്നുകിൽ മാറിവെയ്ക്കപ്പെടുന്നു അല്ലെങ്കിൽ കേടുപോക്കപ്പെടുന്നു. ഈ സ്വയം പുതുക്കൽ പ്രക്രിയ എന്നേക്കും തുടരേണ്ടതാണെന്നു കാണപ്പെടുന്നു. എന്നാൽ അതു തുടരുന്നില്ല. ഇതു ശാസ്ത്രജ്ഞൻമാർക്കു വിശദീകരിക്കാൻ കഴിയാത്ത ഒരു സംഗതിയാണ്. ആളുകൾ വാർധക്യം പ്രാപിക്കുന്നതെന്തുകൊണ്ടാണെന്ന് അവർക്ക് ഇപ്പോഴും പൂർണമായി മനസ്സിലാകുന്നില്ല. ശരിയായ അവസ്ഥകളിൽ മനുഷ്യർ എന്നേക്കും ജീവിക്കാൻ പ്രാപ്തരായിരിക്കേണ്ടതാണെന്ന് അവർ പറയുന്നു.—സങ്കീർത്തനം 139:14.
5. ഭൂമിയെ സംബന്ധിച്ചുളള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?
5 എന്നിരുന്നാലും, ആളുകൾ ഭൂമിയിൽ എന്നേക്കും സന്തോഷത്തോടെ ജീവിക്കണമെന്നുളളതു യഥാർഥത്തിൽ ദൈവത്തിന്റെ ഉദ്ദേശ്യമാണോ? ആണെങ്കിൽ, അപ്പോൾ നിത്യജീവൻ വെറുമൊരു ആഗ്രഹമോ സ്വപ്നമോ അല്ല—അത് ഉണ്ടാകുമെന്നു തീർച്ചയാണ്! ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു പറയുന്ന പുസ്തകമായ ബൈബിൾ ഈ സംഗതി സംബന്ധിച്ച് എന്തു പറയുന്നു? അതു ദൈവത്തെ “ഭൂമിയെ നിർമിച്ചവനും അതിനെ ഉണ്ടാക്കിയവനും” എന്നു വിളിക്കുകയും “അതിനെ ഉറപ്പായി സ്ഥാപിച്ചവൻ, കേവലം വ്യർഥമായി അതിനെ സൃഷ്ടിക്കാഞ്ഞവൻ, നിവസിക്കപ്പെടാൻതന്നെ അതിനെ നിർമിച്ചവൻ” എന്നു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.—യെശയ്യാവ് 45:18.
6. (എ) ഇന്നു ഭൂമിയിലെ അവസ്ഥകൾ എങ്ങനെയാണ്? (ബി) അത് ഇങ്ങനെയായിരിക്കാനാണോ ദൈവം ആഗ്രഹിക്കുന്നത്?
6 ദൈവം ഉദ്ദേശിച്ച വിധത്തിൽ ഭൂമി ഇപ്പോൾ നിവസിക്കപ്പെടുന്നുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ആളുകൾ ഭൂമിയുടെ മിക്കവാറുമെല്ലാഭാഗങ്ങളിലും വസിക്കുന്നുണ്ടെന്നുളളതു സത്യംതന്നെ. എന്നാൽ അവർ സ്രഷ്ടാവ് തങ്ങൾക്കുവേണ്ടി ഉദ്ദേശിച്ചിരുന്ന നല്ലരീതിയിൽ ഐക്യമുളള ഒരു കുടുംബമെന്ന നിലയിൽ സന്തുഷ്ടരായി ഒരുമിച്ചു വസിക്കുന്നുണ്ടോ? ഇന്നു ലോകം ഛിദ്രിച്ചിരിക്കുകയാണ്. വിദ്വേഷമുണ്ട്. കുററകൃത്യമുണ്ട്. യുദ്ധമുണ്ട്. ദശലക്ഷക്കണക്കിനാളുകൾ പട്ടിണി കിടക്കുന്നവരും രോഗികളുമാണ്. മററുളളവർക്കു പാർപ്പിടത്തെയും ജോലിയെയും ചെലവുകളെയും കുറിച്ചുളള ദൈനംദിനക്ലേശങ്ങളുണ്ട്. ഇവയിലൊന്നും ദൈവത്തിനു ബഹുമതി കൈവരുത്തുന്നില്ല. അപ്പോൾ, സ്പഷ്ടമായി, സർവശക്തനായ ദൈവം ആദിയിൽ ഉദ്ദേശിച്ചിരുന്നവിധത്തിൽ ഭൂമി നിവസിക്കപ്പെടുന്നില്ല.
7. ദൈവം ആദ്യ മാനുഷജോടിയെ സൃഷ്ടിച്ചപ്പോൾ ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
7 ആദ്യ മാനുഷജോടിയെ സൃഷ്ടിച്ചശേഷം ദൈവം അവരെ ഒരു ഭൗമികപറുദീസയിൽ ആക്കിവെച്ചു. അവർ ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കണമെന്ന് അവൻ ആഗ്രഹിച്ചു. അവർ തങ്ങളുടെ പറുദീസ സർവഭൂമിയിലും വ്യാപിപ്പിക്കണമെന്നുളളതായിരുന്നു അവരെ സംബന്ധിച്ചുളള അവന്റെ ഉദ്ദേശ്യം. ഇത് “സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറയ്ക്കുകയും അതിനെ കീഴടക്കുകയും ചെയ്യുക” എന്ന അവരോടുളള അവന്റെ നിർദേശങ്ങളിൽനിന്നു വ്യക്തമാണ്. (ഉല്പത്തി 1:28) അതെ, ദൈവത്തിന്റെ ഉദ്ദേശ്യം കാലക്രമത്തിൽ, എല്ലാവരും സമാധാനത്തിലും സന്തുഷ്ടിയിലും ഒരുമിച്ചു വസിക്കുന്ന നീതിയുളള ഒരു മാനുഷകുടുംബത്തിന്റെ നിയന്ത്രണത്തിൽ മുഴുഭൂമിയെയും കൊണ്ടുവരികയെന്നതായിരുന്നു.
8. ആദ്യ ഇണകൾ ദൈവത്തോട് അനുസരണക്കേടു കാണിച്ചുവെങ്കിലും, ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം മാറിയിട്ടില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
8 ആദ്യമനുഷ്യജോടി ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും അങ്ങനെ എന്നേക്കും ജീവിക്കാൻ അയോഗ്യരെന്നു തെളിയിക്കുകയും ചെയ്തെങ്കിലും ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിനു മാററം വന്നില്ല. അതു നിവൃത്തിയാകുകതന്നെ വേണം! (യെശയ്യാവ് 55:11) “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും” എന്നു ബൈബിൾ വാഗ്ദത്തം ചെയ്യുന്നു. (സങ്കീർത്തനം 37:29) ദൈവത്തെ സേവിക്കുന്ന മനുഷ്യർക്കു നിത്യജീവൻ കൊടുക്കാനുളള ദൈവത്തിന്റെ ക്രമീകരണത്തെക്കുറിച്ചു ബൈബിൾ കൂടെക്കൂടെ പറയുന്നുണ്ട്.—യോഹന്നാൻ 3:14-16, 36; യെശയ്യാവ് 25:8; വെളിപ്പാട് 21:3, 4.
ജീവിക്കാനുളള ആഗ്രഹം—എവിടെ?
9. (എ) സാധാരണഗതിയിൽ ആളുകൾക്ക് എന്താഗ്രഹമാണുളളത്? (ബി) “ദൈവം അവരുടെ മനസ്സുകളിൽ നിത്യത വെച്ചിരിക്കുന്നു” എന്നു പറയുമ്പോൾ ബൈബിൾ എന്താണർഥമാക്കുന്നത്?
9 നാം എന്നേക്കും ജീവിക്കണമെന്നുളളതു ദൈവത്തിന്റെ ഉദ്ദേശ്യമായിരിക്കുന്നതിൽ നമുക്കു വാസ്തവത്തിൽ സന്തുഷ്ടരായിരിക്കാൻ കഴിയും. എന്തെന്നാൽ ചിന്തിക്കുക: നിങ്ങൾ മരണത്തീയതി നിശ്ചയിക്കേണ്ടിയിരിക്കുന്നുവെങ്കിൽ, നിങ്ങൾ ഏതു തീയതിയിൽ മരിക്കാൻ തീരുമാനിക്കും? നിങ്ങൾക്ക് ഒരു തീയതി തെരഞ്ഞെടുക്കാൻ കഴികയില്ല, കഴിയുമോ? നിങ്ങൾ മരിക്കാനാഗ്രഹിക്കുന്നില്ല; ഒരളവിൽ ആരോഗ്യമുളള സാധാരണനിലയിലുളള മററാരും അതാഗ്രഹിക്കുന്നില്ല. മരിക്കാനല്ല, ജീവിക്കാനുളള ആഗ്രഹത്തോടെയാണു ദൈവം നമ്മെ ഉണ്ടാക്കിയത്. ദൈവം മനുഷ്യരെ സൃഷ്ടിച്ച വിധത്തെക്കുറിച്ചു ബൈബിൾ പറയുന്നു: “അവൻ അവരുടെ മനസ്സുകളിൽ നിത്യത വയ്ക്കുകപോലും ചെയ്തിരിക്കുന്നു.” (സഭാപ്രസംഗി 3:11, ബൈയിംഗ്ടൻ) ഇതിന്റെ അർഥമെന്താണ്? സാധാരണയായി ആളുകൾ മരിക്കാതെ തുടർന്നു ജീവിച്ചുകൊണ്ടേയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണതിന്റെ അർഥം. അനന്തമായ ഒരു ഭാവിക്കുവേണ്ടിയുളള ഈ ആഗ്രഹം നിമിത്തം, മനുഷ്യർ എന്നേക്കും യുവചൈതന്യത്തോടെ കഴിയാനുളള മാർഗം പണ്ടുമുതലേ തേടിക്കൊണ്ടിരിക്കുകയാണ്.
10. (എ) എവിടെ എന്നേക്കും ജീവിക്കണമെന്നാണു മമനുഷ്യന്റെ സ്വാഭാവിക ആഗ്രഹം? (ബി) നമുക്കു ഭൂമിയിൽ എന്നേക്കും ജീവിക്കാൻ ദൈവം സാധ്യമാക്കുമെന്നു നമുക്ക് ഉറപ്പോടെ വിശ്വസിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
10 സാധാരണഗതിയിൽ എവിടെ എന്നേക്കും ജീവിക്കാനാണു മനുഷ്യർ ആഗ്രഹിക്കുന്നത്? അത് അവർ ജീവിച്ചു പരിചയിച്ചിട്ടുളള ഭൂമിയിൽത്തന്നെയാണ്. മനുഷ്യൻ ഭൂമിക്കുവേണ്ടിയും ഭൂമി മനുഷ്യനുവേണ്ടിയുമാണു നിർമിക്കപ്പെട്ടത്. (ഉല്പത്തി 2:8, 9, 15) ബൈബിൾ പറയുന്നു: “അവൻ [ദൈവം] ഭൂമിയെ അതിന്റെ സ്ഥാപിതസ്ഥലങ്ങളിൽ ഉറപ്പിച്ചിരിക്കുന്നു; അത് അനിശ്ചിതകാലത്തോളമോ എന്നേക്കുമോ ഇളകാനിടയാക്കപ്പെടുകയില്ല.” (സങ്കീർത്തനം 104:5) ഭൂമി എന്നേക്കും നിലനില്ക്കാൻ നിർമിക്കപ്പെട്ടതുകൊണ്ടു മനുഷ്യനും എന്നേക്കും ജീവിക്കണം. തീർച്ചയായും സ്നേഹവാനായ ഒരു ദൈവം എന്നേക്കും ജീവിക്കാനുളള ആഗ്രഹത്തോടെ മനുഷ്യരെ സൃഷ്ടിച്ചിട്ട് പിന്നീട് അവർക്ക് ആ ആഗ്രഹം നിറവേററാൻ സാധ്യമാക്കാതിരിക്കയില്ല!—1 യോഹന്നാൻ 4:8; സങ്കീർത്തനം 133:3.
നിങ്ങൾ ആഗ്രഹിക്കുന്നതരം ജീവിതം
11. മനുഷ്യർക്കു പൂർണാരോഗ്യത്തിൽ എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുമെന്നു പ്രകടമാക്കാൻ ബൈബിൾ എന്തു പറയുന്നു?
11 അടുത്ത പേജ് കാണുക. ഈ ആളുകൾ ഏതുതരം ജീവിതമാണ് ആസ്വദിക്കുന്നത്? നിങ്ങൾ അവരിലൊരാളായിരിക്കാനാഗ്രഹിക്കുമോ? തീർച്ചയായും ഉവ്വ് എന്നു നിങ്ങൾ പറയുന്നു! അവർ എത്ര ആരോഗ്യവും യുവചൈതന്യവുമുളളവരായി കാണപ്പെടുന്നു! ഈ ആളുകൾ ഇപ്പോൾത്തന്നെ ആയിരക്കണക്കിനു വർഷങ്ങൾ ജീവിച്ചുകഴിഞ്ഞിരിക്കുന്നുവെന്നു നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വൃദ്ധർ വീണ്ടും യുവാക്കളായിത്തീരുമെന്നും രോഗികൾ സുഖം പ്രാപിക്കുമെന്നും മുടന്തരും കുരുടരും ബധിരരും ഊമരും തങ്ങളുടെ എല്ലാ അസുഖങ്ങളിൽനിന്നും മോചിതരാകുമെന്നും ബൈബിൾ നമ്മോടു പറയുന്നു. യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ അവൻ രോഗികളെ സൗഖ്യമാക്കിക്കൊണ്ട് അനേകം അത്ഭുതങ്ങൾ ചെയ്തു. അതു ചെയ്തതിനാൽ വിദൂരത്തിലല്ലാത്ത ഈ ശോഭനമായ കാലത്തു ജീവിക്കുന്ന സകലരും പൂർണാരോഗ്യത്തിൽ പുനഃസ്ഥിതീകരിക്കപ്പെടുന്നതെങ്ങനെയെന്ന് അവൻ പ്രകടമാക്കുകയായിരുന്നു.—ഇയ്യോബ് 33:25; യെശയ്യാവ് 33:24; 35:5, 6; മത്തായി 15:30, 31.
12. ഈ ചിത്രങ്ങളിൽ നാം ഏതവസ്ഥകൾ കാണുന്നു?
12 ഇത് എത്ര മനോഹരമായ ഉദ്യാനഭവനമാണെന്നു കാണുക! ക്രിസ്തു വാഗ്ദത്തം ചെയ്തപ്രകാരം അതു വാസ്തവത്തിൽ അനുസരണംകെട്ട ആദ്യമനുഷ്യനും സ്ത്രീയും നഷ്ടപ്പെടുത്തിയതിനോടു സമാനമായ ഒരു പറുദീസയാണ്. (ലൂക്കോസ് 23:43) ഇവിടത്തെ സമാധാനവും യോജിപ്പും ശ്രദ്ധിക്കുക. എല്ലാ വർഗങ്ങളിലുംപെട്ട ആളുകൾ—കറുത്തവരും വെളുത്തവരും മഞ്ഞനിറമുളളവരും—ഒരു കുടുംബമെന്നപോലെ ജീവിക്കുന്നു. മൃഗങ്ങൾപോലും സമാധാനപൂർവം വസിക്കുന്നു. കുട്ടി സിംഹത്തോടുകൂടെ കളിക്കുന്നതു കാണുക. എന്നാൽ ഭയത്തിനു കാരണമില്ല. ഈ കാര്യം സംബന്ധിച്ചു സ്രഷ്ടാവു പ്രസ്താവിക്കുന്നത് ഇതാണ്: “പുളളിപ്പുലിതന്നെ കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും കുഞ്ചിരോമമുളള യുവസിംഹവും നന്നായി പോഷിപ്പിച്ച മൃഗവുമെല്ലാം ഒരുമിച്ചു വസിക്കും. വെറുമൊരു കൊച്ചുകുട്ടി അവയുടെമേൽ നേതാവായിരിക്കും. സിംഹംപോലും കാളയെപോലെതന്നെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു മൂർഖന്റെ പോതിൻമേൽ തീർച്ചയായും കളിക്കും.”—യെശയ്യാവ് 11:6-9.
13. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിറവേററപ്പെടുമ്പോൾ ഭൂമിയിൽനിന്ന് എന്തു പൊയ്പ്പോയിരിക്കും?
13 ദൈവം മനുഷ്യർക്കുവേണ്ടി ഉദ്ദേശിക്കുന്ന പറുദീസയിൽ സന്തുഷ്ടരായിരിക്കാൻ സകല കാരണവുമുണ്ടായിരിക്കും. ഭൂമി നല്ല ഭക്ഷ്യവസ്തുക്കൾ ധാരാളം ഉല്പാദിപ്പിക്കും. യാതൊരുത്തരും വീണ്ടും ഒരിക്കലും പട്ടിണികിടക്കുകയില്ല. (സങ്കീർത്തനം 72:16; 67:6) യുദ്ധങ്ങളും കുററകൃത്യവും അക്രമവും വിദ്വേഷവും സ്വാർഥതയുംപോലും മേലാൽ ഉണ്ടായിരിക്കുകയില്ല. അതെ, അവ എന്നേക്കുമായി പൊയ്പോയിരിക്കും! (സങ്കീർത്തനം 46:8, 9; 37:9-11) ഇതെല്ലാം സാധ്യമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ?
14. ദൈവം ദുരിതത്തിന് അറുതി വരുത്തുമെന്നു നിങ്ങൾ വിശ്വസിക്കാനിടയാക്കുന്നതെന്ത്?
14 ശരി, ഇതു പരിചിന്തിക്കുക: കഴിവുണ്ടായിരുന്നെങ്കിൽ, മാനുഷദുരിതത്തിനിടയാക്കുന്ന കാര്യങ്ങൾക്കെല്ലാം നിങ്ങൾ അറുതിവരുത്തുമായിരുന്നോ? മാനുഷഹൃദയം വാഞ്ഛിക്കുന്ന അവസ്ഥകൾ നിങ്ങൾ കൈവരുത്തുമായിരുന്നോ? തീർച്ചയായും നിങ്ങൾ അതു ചെയ്യും. നമ്മുടെ സ്നേഹവാനായ സ്വർഗീയപിതാവ് അതുതന്നെ ചെയ്യും. അവൻ നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേററും. എന്തുകൊണ്ടെന്നാൽ സങ്കീർത്തനം 145:16 ദൈവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നീ നിന്റെ കൈ തുറക്കുകയും സകല ജീവികളുടെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.” എന്നാൽ അത് എപ്പോഴാണു സംഭവിക്കുന്നത്?
മഹത്തായ അനുഗ്രഹങ്ങൾ സമീപിച്ചിരിക്കുന്നു
15. (എ) ലോകാവസാനം ഭൂമിക്ക് എന്തു കൈവരുത്തും? (ബി) അതു ദുഷ്ടജനങ്ങൾക്ക് എന്തു കൈവരുത്തും? (സി) ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർക്ക് അത് എന്തു കൈവരുത്തും?
15 ഭൂമിയിൽ ഈ അതിവിശിഷ്ടമായ അനുഗ്രഹങ്ങൾ സാധ്യമാക്കുന്നതിന്, ദുഷ്ടതയ്ക്കും അതിനിടയാക്കുന്നവർക്കും അന്തം വരുത്തുമെന്നു ദൈവം വാഗ്ദത്തം ചെയ്യുന്നു. അതേസമയം, തന്നെ സേവിക്കുന്നവരെ അവൻ സംരക്ഷിക്കും, എന്തെന്നാൽ “ലോകം നീങ്ങിപ്പോകുകയാകുന്നു, അതിന്റെ മോഹവും അങ്ങനെതന്നെ, എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതി ചെയ്യുന്നു” എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 2:17) അത് എന്തോരു മാററമായിരിക്കും! ലോകാവസാനത്തിനു നമ്മുടെ ഭൂമിയുടെ അവസാനമെന്ന് അർഥമുണ്ടായിരിക്കയില്ല. പകരം, നോഹയുടെ നാളിലെ ലോകവിസ്തൃതമായ പ്രളയത്തിൽ സംഭവിച്ചതുപോലെ, അതു ദുഷ്ടജനങ്ങൾക്കും അവരുടെ ജീവിതരീതിക്കും മാത്രമേ അവസാനം വരുത്തുകയുളളു. എന്നാൽ ദൈവത്തെ സേവിക്കുന്നവർ ആ അവസാനത്തെ അതിജീവിക്കും. അനന്തരം, ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ അവർ തങ്ങളെ ഉപദ്രവിക്കാനും ഞെരുക്കാനും ആഗ്രഹിക്കുന്നവരിൽ നിന്നെല്ലാമുളള സ്വാതന്ത്ര്യം ആസ്വദിക്കും.—മത്തായി 24:3, 37-39; സദൃശവാക്യങ്ങൾ 2:21, 22.
16. “അന്ത്യനാളുകളിൽ” എന്തു സംഭവങ്ങൾ ഉണ്ടാകുമെന്നു മുൻകൂട്ടിപറയപ്പെട്ടിരുന്നു?
16 എന്നാൽ ‘അവസ്ഥകൾ മെച്ചപ്പെടുകയല്ല, കൂടുതൽ വഷളാകുകയാണ്. ഈ മഹത്തായ മാററം സമീപിച്ചിരിക്കുന്നുവെന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?’ എന്നു ചിലർ ചോദിച്ചേക്കാം. ലോകാവസാനം വരുത്താനുളള ദൈവത്തിന്റെ സമയം അറിയത്തക്കവണ്ണം തന്റെ ഭാവി അനുഗാമികൾ നോക്കിയിരിക്കേണ്ട അനേകം കാര്യങ്ങൾ യേശുക്രിസ്തു മുൻകൂട്ടിപ്പറയുകയുണ്ടായി. ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ വമ്പിച്ച യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും വലിയ ഭൂകമ്പങ്ങളും വർധിച്ചുവരുന്ന നിയമരാഹിത്യവും വളർന്നുവരുന്ന സ്നേഹനഷ്ടവും പോലെയുളള സംഭവങ്ങൾ ഉണ്ടാകുമെന്നു യേശു പറഞ്ഞു. (മത്തായി 24:3-12) “പോംവഴിയറിയാത്ത ജനതകളുടെ അതിവേദന” ഉണ്ടായിരിക്കുമെന്ന് അവൻ പറഞ്ഞു. (ലൂക്കോസ് 21:25) കൂടാതെ, “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ” വരുമെന്നു ബൈബിൾ കൂടുതലായി പറയുന്നു. (2 തിമൊഥെയോസ് 3:1-5) ഈ അവസ്ഥകൾതന്നെയല്ലേ നമുക്കിപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്?
17. ചിന്തകരായ ആളുകൾ ഇന്നത്തെ അവസ്ഥകളെക്കുറിച്ച് എന്താണു പറയുന്നത്?
17 ലോകസംഭവങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന അനേകമാളുകൾ ഒരു വലിയ മാററം രൂപംകൊളളുകയാണെന്നു പറയുന്നുണ്ട്. ദൃഷ്ടാന്തമായി, മിയാമി, യു. എസ്. ഏ., ഹെറാൾഡന്റെ പത്രാധിപർ ഇങ്ങനെ എഴുതി: “പകുതി യുക്തിബോധമുളള ഏതൊരാൾക്കും കഴിഞ്ഞ ചുരുക്കം ചില വർഷങ്ങളിലെ വിപൽക്കരമായ സംഭവങ്ങളെ കൂട്ടിയോജിപ്പിക്കാനും ലോകം ഒരു ചരിത്രപ്രധാനമായ കവാടത്തിങ്കലാണെന്നു കാണാനും കഴിയും. . . . അത് മനുഷ്യരുടെ ജീവിതരീതിക്ക് എന്നേക്കുമായി മാററം വരുത്തും.” ഇതേ ശൈലിയിൽ അമേരിക്കൻ എഴുത്തുകാരനായ ലൂയിസ് മംഫോർഡ് പറഞ്ഞു: “നാഗരികത്വം അധോഗതിയിലാണ്. സുനിശ്ചിതമായി. . .കഴിഞ്ഞകാലത്തു നാഗരികതകൾ അധഃപതിച്ചപ്പോൾ അതു താരതമ്യേന പ്രാദേശികമായ ഒരു പ്രതിഭാസമായിരുന്നു. . . . ഇപ്പോൾ, ആധുനിക വാർത്താവിനിയമം ഹേതുവായി ലോകം കൂടുതൽ അടുത്തുചേർന്നിരിക്കുന്നതിനാൽ നാഗരികത അധഃപതിക്കുമ്പോൾ മുഴുഗ്രഹവും അധഃപതിക്കുന്നു.”
18. (എ) ലോകാവസ്ഥകൾ ഭാവിയെക്കുറിച്ച് എന്തു പ്രകടമാക്കുന്നു? (ബി) ഇപ്പോഴത്തെ ഗവൺമെൻറുകൾക്കു പകരം എന്തു വരും?
18 ലോകത്തിലെ ഇന്നത്തെ അവസ്ഥകൾതന്നെ ഈ മുഴുവ്യവസ്ഥിതിയുടെയും നാശം സംഭവിക്കാനുളള കാലത്താണു നാം ജീവിക്കുന്നതെന്നു പ്രകടമാക്കുന്നു. അതെ, ഇപ്പോൾ വളരെ പെട്ടെന്നുതന്നെ, ദൈവം ഭൂമിയെ നശിപ്പിക്കുന്നവരെ നീക്കംചെയ്ത് അതിനെ ശുദ്ധീകരിക്കും. (വെളിപ്പാട് 11:18) സർവഭൂമിയെയും ഭരിക്കാനുളള തന്റെ നീതിയുളള ഗവൺമെൻറിനു വഴിയൊരുക്കാൻ അവൻ ഇപ്പോഴത്തെ ഗവൺമെൻറുകളെ നീക്കംചെയ്യും. ഈ രാജ്യഗവൺമെൻറിനുവേണ്ടി പ്രാർഥിക്കാനാണു ക്രിസ്തു തന്റെ അനുഗാമികളെ പഠിപ്പിച്ചത്.—ദാനിയേൽ 2:44; മത്തായി 6:9, 10.
19. നാം എന്നേക്കും ജീവിക്കാനാഗ്രഹിക്കുന്നുവെങ്കിൽ എന്തു ചെയ്യണം?
19 ജീവനെ സ്നേഹിക്കുകയും ദൈവഭരണത്തിൻകീഴിൽ ഭൂമിയിൽ എന്നേക്കും ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും അവന്റെ വ്യവസ്ഥകളെയും കുറിച്ചു സൂക്ഷ്മപരിജ്ഞാനം നേടാൻ ധൃതിപ്പെടണം. യേശുക്രിസ്തു ദൈവത്തോടുളള പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞു: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചവനായ യേശുക്രിസ്തുവിനെയും കുറിച്ചുളള അറിവ് അവർ ഉൾക്കൊളളുന്നതിന്റെ അർഥം നിത്യജീവൻ എന്നാണ്.” (യോഹന്നാൻ 17:3) നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയുമെന്ന്—അതു വെറുമൊരു സ്വപ്നമല്ലെന്ന്—അറിയുന്നത് എന്തോരു സന്തോഷമാണ്! എന്നാൽ ദൈവത്തിൽനിന്നുളള ഈ അതിവിശിഷ്ടമായ അനുഗ്രഹം ആസ്വദിക്കുന്നതിന്, ഈ അനുഗ്രഹം പ്രാപിക്കുന്നതിൽനിന്നു നമ്മെ തടയാൻ ശ്രമിക്കുന്ന ഒരു ശത്രുവിനെക്കുറിച്ചു നാം മനസ്സിലാക്കേണ്ടതുണ്ട്.
[8, 9 പേജുകളിലെ ചിത്രം]
ലോകം ഇതുപോലെ ആയിരിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നോ?
[11-ാം പേജ് നിറയെയുള്ള ചിത്രം]