അധ്യായം 9
നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു സംഭവിക്കുന്നു?
1. പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ ആളുകൾക്ക് എന്തു തോന്നൽ ഉണ്ടാകുന്നു?
“മരണം ഒരു തരത്തിലും മനസ്സിലാക്കാനാവാത്ത ശൂന്യത വരുത്തിക്കൂട്ടുന്ന നഷ്ടമായതിനാൽ പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ ഒരുവൻ വേദനയനുഭവിക്കുന്നു.” ഒരാളുടെ പിതാവും പിന്നീടു താമസിയാതെ മാതാവും മരിച്ചപ്പോൾ അയാൾ പറഞ്ഞതാണിത്. അയാൾ “വൈകാരികമായി മുങ്ങിത്താഴുകയാണ്” എന്നു തോന്നാൻ അയാളുടെ വേദനയും അഗാധമായ നഷ്ടബോധവും ഇടയാക്കി. സമാനമായ ഒരു വിധത്തിൽ നിങ്ങൾ വേദനയനുഭവിച്ചിട്ടുണ്ടാകാം. നിങ്ങളുടെ പ്രിയപ്പെട്ടവർ എവിടെയാണെന്നും നിങ്ങൾ അവരെ വീണ്ടും എന്നെങ്കിലും കാണുമോയെന്നും നിങ്ങൾ സംശയിച്ചിട്ടുണ്ടാവാം.
2. മരണത്തെ സംബന്ധിച്ച് ഏതു പരിഭ്രമിപ്പിക്കുന്ന ചോദ്യങ്ങൾ ഉദിക്കുന്നു?
2 “സ്വർഗത്തിൽ തന്റെ അടുക്കലേക്കു കൊണ്ടുപോകാൻ ദൈവം ഏററവും മനോഹരമായ പുഷ്പങ്ങൾ ഇറുത്തെടുക്കുന്നു” എന്ന് ദുഃഖിക്കുന്ന ചില മാതാപിതാക്കളോടു പറയപ്പെട്ടിട്ടുണ്ട്. യഥാർഥത്തിൽ അങ്ങനെതന്നെയാണോ? നമ്മുടെ മരിച്ച പ്രിയപ്പെട്ടവർ ഒരു ആത്മ മണ്ഡലത്തിലേക്കു പോയിരിക്കുകയാണോ? ചിലർ നിർവാണം എന്നു വിളിക്കുന്ന, സകല വേദനയിൽനിന്നും ആഗ്രഹത്തിൽനിന്നും വിമുക്തമായ ഒരു പരമാനന്ദാവസ്ഥ എന്നു വർണിക്കപ്പെടുന്ന ഒന്നാണോ ഇത്? നാം സ്നേഹിക്കുന്നവർ പറുദീസയിലെ അമർത്ത്യജീവിതത്തിലേക്കുളള കവാടത്തിലൂടെ കടന്നുപോയിരിക്കുന്നുവോ? അല്ലെങ്കിൽ മററു ചിലർ അവകാശപ്പെടുന്നതുപോലെ, ദൈവത്തെ നീരസപ്പെടുത്തിയിരിക്കുന്നവർ അനുഭവിക്കുന്ന അനന്തദണ്ഡനത്തിലേക്കുളള പതനമാണോ മരണം? മരിച്ചവർക്കു നമ്മുടെ ജീവിതത്തെ ബാധിക്കാൻ കഴിയുമോ? ഇത്തരം ചോദ്യങ്ങൾക്കു സത്യമായ ഉത്തരങ്ങൾ ലഭിക്കാൻ നാം ദൈവവചനമായ ബൈബിൾ പരിശോധിക്കേണ്ടതുണ്ട്.
മനുഷ്യൻ എന്താണ്?
3. മരിച്ചവരെ സംബന്ധിച്ചു സോക്രട്ടീസിനും പ്ലേറേറായ്ക്കും എന്തഭിപ്രായം ഉണ്ടായിരുന്നു, ഇത് ഇന്ന് ആളുകളെ എങ്ങനെ ബാധിക്കുന്നു?
3 പുരുഷനിലും സ്ത്രീയിലും സഹജമായി അമർത്ത്യമായ എന്തോ ഒന്ന്— മരണത്തെ അതിജീവിക്കുന്നതും യഥാർഥത്തിൽ ഒരിക്കലും മരിക്കാത്തതുമായ ഒരു ആത്മാവ്—ഉണ്ടായിരിക്കണം എന്നു പുരാതന ഗ്രീക്ക് ദാർശനികരായ സോക്രട്ടീസും പ്ലേറ്റോയും വിശ്വസിച്ചു. ഭൂവ്യാപകമായി ഇന്നു ദശലക്ഷങ്ങൾ ഇതു വിശ്വസിക്കുന്നു. ഈ വിശ്വാസം മിക്കപ്പോഴും മരിച്ചവരുടെ ക്ഷേമത്തിലുളള താത്പര്യംപോലെതന്നെ അവരെയുളള ഭയവും ജനിപ്പിക്കുന്നു. മനുഷ്യൻ യഥാർഥത്തിൽ എന്താണ് എന്നതു സംബന്ധിച്ചും മരിക്കുമ്പോൾ മനുഷ്യന് എന്തു സംഭവിക്കുന്നു എന്നതു സംബന്ധിച്ചും തികച്ചും വ്യത്യസ്തമായ ചിലതാണു ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്.
4. (എ) മനുഷ്യൻ എന്താണ് എന്നതു സംബന്ധിച്ച് ഉല്പത്തി നമ്മോട് എന്തു പറയുന്നു? (ബി) ആദാമിനെ ജീവനുളളവനാക്കാൻ ദൈവം അവനിൽ എന്തു നിവേശിപ്പിച്ചു?
4 മനുഷ്യൻ എന്താണ് എന്നതു സംബന്ധിച്ച ബൈബിളിന്റെ നിർവചനം സരളവും യോജിപ്പുള്ളതും മനുഷ്യരുടെ സങ്കീർണമായ തത്ത്വശാസ്ത്രങ്ങളും അന്ധവിശ്വാസങ്ങളും കലരാത്തതുമാണ്. ബൈബിളിന്റെ ആദ്യ പുസ്തകമായ ഉല്പത്തിയിൽ, 2-ാം അധ്യായം 7-ാം വാക്യം ഇങ്ങനെ പറയുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുളള ദേഹിയായി [നെഫെഷ്a (മൂല എബ്രായയിൽ “ശ്വസിക്കുന്നവൻ”) ആയി] തീർന്നു.” മനുഷ്യന് ഒരു “ആത്മാവ്” കൊടുത്തില്ല എന്നതു ശ്രദ്ധിക്കുക. മറിച്ച്, നിർജീവ ശരീരത്തിലേക്ക് ‘ജീവശക്തി’ ഊതിക്കൊടുത്തപ്പോൾ അത് ഒരു മനുഷ്യൻ, ജീവിക്കുന്ന ഒരു വ്യക്തിയായി തീർന്നു. വ്യക്തമായും, ബോധമുള്ള ഒരു വ്യക്തിയായി ജീവിക്കുന്നതിന് മനുഷ്യന്റെ ഉള്ളിൽ ഒരു ആത്മാവ് ഉണ്ടായിരിക്കേണ്ടതില്ല. ആദാമിന്റെ ജീവൻ ശ്വാസോച്ഛ്വാസത്താൽ നിലനിറുത്തപ്പെട്ടു. എന്നിരുന്നാലും ആദാമിൽ ദൈവം ജീവശ്വാസം നിവേശിപ്പിച്ചപ്പോൾ മനുഷ്യന്റെ ശ്വാസകോശങ്ങളിലേക്കു വായു ഊതിക്കയറ്റുന്നതിലധികം ഉൾപ്പെട്ടിരുന്നു. ഭൗമികജീവികളിൽ പ്രവർത്തനനിരതമായിരിക്കുന്ന “ജീവന്റെ ശക്തി”യെക്കുറിച്ചു ബൈബിൾ പറയുന്നു.—ഉൽപ്പത്തി 7:22, NW.
5, 6. (എ) “ജീവന്റെ ശക്തി” എന്താണ്? (ബി) സങ്കീർത്തനം 146:4-ൽ പറഞ്ഞിരിക്കുന്ന “ശ്വാസം” ശരീരത്തിനു ചൈതന്യം നൽകാതാകുമ്പോൾ എന്തു സംഭവിക്കുന്നു?
5 “ജീവന്റെ ശക്തി” എന്താണ്? അത് ആദാമിന്റെ ജീവനില്ലാത്ത ശരീരത്തിലേക്കു ദൈവം പ്രവേശിപ്പിച്ച ജീവന്റെ സ്ഫുലിംഗമാണ്. ഈ ശക്തി പിന്നെ ശ്വാസോച്ഛ്വാസപ്രക്രിയയാൽ നിലനിർത്തപ്പെട്ടു. എന്നാൽ സങ്കീർത്തനം 146:4-ൽ പരാമർശിച്ചിരിക്കുന്ന “ശ്വാസം” എന്താണ്? മരിക്കുന്ന ഒരാളെക്കുറിച്ച് ആ വാക്യം ഇങ്ങനെ പറയുന്നു: “അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” ബൈബിളെഴുത്തുകാർ “ശ്വാസം” എന്ന പദം ഈ വിധത്തിൽ ഉപയോഗിച്ചപ്പോൾ ശരീരം മരിച്ചശേഷം തുടർന്നു ജീവിക്കുന്ന ദേഹവിയോഗം പ്രാപിച്ച ഒരു ആത്മാവിന്റെ ആശയം അവരുടെ മനസ്സിൽ ഇല്ലായിരുന്നു.
6 മരണത്തിങ്കൽ മനുഷ്യരെ വിട്ടുപോകുന്ന “ശ്വാസം” നമ്മുടെ സ്രഷ്ടാവിൽനിന്ന് ഉത്ഭവിച്ച ജീവശക്തിയാണ്. (സങ്കീർത്തനം 36:9; പ്രവൃത്തികൾ 17:28) ഈ ജീവശക്തിക്ക് അതു ജീവിപ്പിക്കുന്ന ജീവിയുടെ സ്വഭാവവിശേഷങ്ങളൊന്നും ഇല്ല, വൈദ്യുതിക്ക് അതു ശക്തിപകരുന്ന ഉപകരണത്തിന്റെ സവിശേഷതകൾ ഇല്ലാത്തതുപോലെതന്നെ. ഒരാൾ മരിക്കുമ്പോൾ ശ്വാസം (ജീവശക്തി) ശരീരകോശങ്ങൾക്കു ചൈതന്യം നൽകുന്നതു നിർത്തുന്നു, അത് ഏറെയും വൈദ്യുതി ഓഫാക്കുമ്പോൾ ദീപം അണഞ്ഞുപോകുന്നതുപോലെയാണ്. ജീവശക്തി മനുഷ്യശരീരത്തെ നിലനിറുത്തുന്ന പ്രക്രിയ നിലയ്ക്കുമ്പോൾ മനുഷ്യൻ മുഴുവനായി മരിക്കുന്നു.—സങ്കീർത്തനം 104:29.
‘നീ പൊടിയിൽ തിരികെ ചേരും’
7. ആദാം ദൈവത്തെ അനുസരിച്ചില്ലെങ്കിൽ അവന് എന്തു സംഭവിക്കുമായിരുന്നു?
7 പാപിയായ ആദാമിനു മരണം എന്തർഥമാക്കുമെന്നു യഹോവ വ്യക്തമായി വിശദീകരിച്ചു. ദൈവം ഇങ്ങനെ പറഞ്ഞു: “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19) ആദാം എവിടെ തിരികെ ചേരും? നിലത്തേക്ക്, അവൻ എവിടെനിന്നു സൃഷ്ടിക്കപ്പെട്ടിരുന്നോ ആ പൊടിയിലേക്ക്. മരണത്തിങ്കൽ ആദാമിന്റെ അസ്തിത്വം തന്നെ നിലയ്ക്കുമായിരുന്നു!
8. മനുഷ്യർ മൃഗങ്ങളെക്കാൾ ശ്രേഷ്ഠരല്ലാത്തത് ഏതു വിധത്തിൽ?
8 ഇങ്ങനെ നോക്കുമ്പോൾ, മനുഷ്യമരണം മൃഗങ്ങളുടേതിൽനിന്നു വ്യത്യസ്തമായിരിക്കുന്നില്ല. അവയും നെഫെഷാണ്, നമ്മെ ജീവനുള്ളതാക്കി നിറുത്തുന്ന അതേ “ശ്വാസം” അഥവാ ജീവശക്തി തന്നെയാണ് അവയെയും പ്രവർത്തിപ്പിക്കുന്നത്. (ഉല്പത്തി 1:24) സഭാപ്രസംഗി 3:19, 20-ൽ ജ്ഞാനിയായ ശലോമോൻ നമ്മോടു പറയുന്നു: “അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; . . . എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.” മനുഷ്യൻ യഹോവയുടെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുമാറു ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതിൽ മൃഗങ്ങളെക്കാൾ ശ്രേഷ്ഠനായിരുന്നു. (ഉല്പത്തി 1:26, 27) എന്നിരുന്നാലും, മരണത്തിങ്കൽ മനുഷ്യരും മൃഗങ്ങളും ഒരുപോലെ പൊടിയിലേക്കു തിരിയുന്നു.
9. മരിച്ചവരുടെ അവസ്ഥ എന്ത്, അവർ എവിടെ പോകുന്നു?
9 മരണത്തിന്റെ അർഥമെന്താണെന്നു ശലോമോൻ കൂടുതലായി വിശദീകരിച്ചു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” അതേ, മരിച്ചവർ ഒന്നുംതന്നേ അറിയുന്നില്ല. ഇതിന്റെ വീക്ഷണത്തിൽ, ശലോമോൻ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ചെയ്വാൻ നിനക്കു സംഗതി വരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ [“ഷീയോൾ,” NW] പ്രവൃത്തിയോ സൂത്രമോ, അറിവോ ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:5, 10) മരിച്ചവർ എവിടേക്കു പോകുന്നു? മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയായ പാതാളത്തിലേക്ക് (എബ്രായ, ഷീയോൾ). നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് ഒന്നിനെക്കുറിച്ചും ബോധമില്ല. അവർ കഷ്ടപ്പെടുന്നില്ല, അവർക്കു നമ്മെ യാതൊരു വിധത്തിലും ബാധിക്കാൻ കഴിയില്ല.
10. മരണം അന്തിമമായിരിക്കേണ്ടതില്ലെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
10 നമ്മളും നമ്മുടെ പ്രിയപ്പെട്ടവരും ചുരുക്കം ചില വർഷം മാത്രം ജീവിച്ചിരുന്നിട്ടു പിന്നീട് എന്നേക്കുമായി അസ്തിത്വമില്ലാതാകണമോ? ബൈബിളനുസരിച്ചു വേണ്ട. ആദാമിന്റെ മത്സരസമയത്തു മനുഷ്യ പാപത്തിന്റെ ഭയങ്കര പരിണതഫലങ്ങൾ നീക്കംചെയ്യുന്നതിന് ഉടൻതന്നെ യഹോവയാം ദൈവം ക്രമീകരണങ്ങൾ ചെയ്തു. മരണം മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിന്റെ ഭാഗമല്ലായിരുന്നു. (യെഹെസ്കേൽ 33:11; 2 പത്രൊസ് 3:9) അതുകൊണ്ട്, മരണം നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ അന്തിമമായിരിക്കണമെന്നില്ല.
“നിദ്രകൊളളുന്നു”
11. മരിച്ചുപോയ തന്റെ സുഹൃത്തായ ലാസറിന്റെ അവസ്ഥയെ യേശു എങ്ങനെ വർണിച്ചു?
11 നമ്മെയും നമ്മുടെ മരിച്ച പ്രിയപ്പെട്ടവരെയും ആദാമ്യ മരണത്തിൽനിന്നു വിടുവിക്കണമെന്നുളളതു യഹോവയുടെ ഉദ്ദേശ്യമാണ്. അതുകൊണ്ട്, മരിച്ചവർ ഉറങ്ങുന്നതായി ദൈവവചനം പരാമർശിക്കുന്നു. ദൃഷ്ടാന്തമായി, യേശുക്രിസ്തുവിന്റെ സുഹൃത്തായ ലാസർ മരിച്ചെന്ന് അറിഞ്ഞപ്പോൾ “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊളളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു” എന്ന് അവൻ തന്റെ ശിഷ്യൻമാരോടു പറഞ്ഞു. ശിഷ്യൻമാർ ഈ പ്രസ്താവനയുടെ അർഥം ഉടനെ മനസ്സിലാക്കാഞ്ഞതുകൊണ്ട്, “ലാസർ മരിച്ചുപോയി” എന്നു യേശു വ്യക്തമായി പറഞ്ഞു. (യോഹന്നാൻ 11:11, 14) യേശു പിന്നീടു ബഥനി എന്ന പട്ടണത്തിലേക്കു പോയി, അവിടെ ലാസറിന്റെ സഹോദരിമാരായ മാർത്തയും മറിയയും തങ്ങളുടെ സഹോദരന്റെ മരണത്തിൽ വിലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും” എന്നു യേശു മാർത്തയോടു പറഞ്ഞപ്പോൾ, മനുഷ്യ കുടുംബത്തിൻമേലുളള മരണത്തിന്റെ ദുഷ്ഫലങ്ങൾ ദൂരീകരിക്കാനുളള ദൈവോദ്ദേശ്യത്തിലെ തന്റെ വിശ്വാസം അവൾ പ്രകടമാക്കി. അവൾ പറഞ്ഞു: “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു.”—യോഹന്നാൻ 11:23, 24.
12. മരണദുഃഖമനുഭവിച്ച മാർത്തക്കു മരിച്ചവരെക്കുറിച്ച് എന്തു പ്രത്യാശ ഉണ്ടായിരുന്നു?
12 മരണാനന്തരം മറെറവിടെയെങ്കിലും ജീവിക്കുന്ന ഒരു അമർത്ത്യ ആത്മാവിനെക്കുറിച്ചുളള ആശയമൊന്നും മാർത്ത പ്രകടമാക്കിയില്ല. ലാസർ തന്റെ അസ്തിത്വം തുടരാൻ അപ്പോൾത്തന്നെ ഏതെങ്കിലും ആത്മമണ്ഡലത്തിലേക്കു പോയിരുന്നതായി അവൾ വിശ്വസിച്ചില്ല. മരിച്ചവരിൽനിന്നുളള അത്ഭുതകരമായ പുനരുത്ഥാന പ്രത്യാശയിലുളള വിശ്വാസം മാർത്തക്കുണ്ടായിരുന്നു. ഒരു അമർത്ത്യ ആത്മാവ് ലാസറിന്റെ ശരീരത്തിൽനിന്നു വിട്ടുപോയതായിട്ടല്ല, പിന്നെയോ അവളുടെ മരിച്ച സഹോദരന്റെ അസ്തിത്വം നിലച്ചുപോയതായി അവൾ മനസ്സിലാക്കി. പരിഹാരം അവളുടെ സഹോദരന്റെ പുനരുത്ഥാനമായിരുന്നു.
13. യേശുവിനു ദൈവദത്തമായ എന്ത് അധികാരം ഉണ്ടായിരുന്നു, അവൻ ഈ അധികാരം എങ്ങനെ പ്രകടമാക്കി?
13 മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ യഹോവയാം ദൈവം അധികാരപ്പെടുത്തിയിരിക്കുന്നവൻ യേശുക്രിസ്തുവാണ്. (ഹോശേയ 13:14) അതുകൊണ്ട്, മാർത്തയുടെ പ്രസ്താവനക്കു മറുപടിയായി യേശു പറഞ്ഞു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹന്നാൻ 11:25) നാലു ദിവസമായി മരിച്ചിരുന്ന ലാസറിന്റെ കല്ലറക്കലേക്കു പോയി അവനെ ജീവനിലേക്കു തിരികെ വരുത്തിയപ്പോൾ ഈ കാര്യത്തിലെ ദൈവദത്തമായ അധികാരം യേശു പ്രകടമാക്കി. (യോഹന്നാൻ 11:38-44) യേശു നിർവഹിച്ച ഈ പുനരുത്ഥാനമോ മററുളളവയോ കണ്ടവരുടെ സന്തോഷമൊന്നു സങ്കൽപ്പിക്കുക!—മർക്കൊസ് 5:35-42; ലൂക്കൊസ് 7:12-16.
14. പുനരുത്ഥാനവും ഒരു അമർത്ത്യ ആത്മാവിന്റെ ആശയവും പൊരുത്തപ്പെടാത്തത് എന്തുകൊണ്ട്?
14 ഒരു നിമിഷം നിന്ന് ഇതൊന്നു പരിചിന്തിക്കുക: ഒരു അമർത്ത്യ ആത്മാവ് മരണത്തെ അതിജീവിക്കുന്നുവെങ്കിൽ ആരെയും പുനരുത്ഥാനപ്പെടുത്തുകയോ ജീവനിലേക്കു തിരികെ വരുത്തുകയോ ചെയ്യേണ്ട ആവശ്യമുണ്ടായിരിക്കയില്ല. യഥാർഥത്തിൽ, ലാസറെപ്പോലെയുളള ഒരാൾ അപ്പോൾത്തന്നെ അത്ഭുതകരമായ ഒരു സ്വർഗീയ പ്രതിഫലത്തിലേക്കു കടന്നിരുന്നുവെങ്കിൽ അയാളെ ഭൂമിയിലെ അപൂർണ ജീവനിലേക്കു തിരികെ വരുത്തുന്നത് ഒട്ടും ദയ ആയിരിക്കയില്ല. യഥാർഥത്തിൽ, “അമർത്ത്യ ആത്മാവ്” എന്ന പദം ബൈബിൾ ഒരിക്കലും ഉപയോഗിക്കുന്നില്ല. പകരം, പാപം ചെയ്യുന്ന മനുഷ്യദേഹി (നെഫെഷ്) മരിക്കുന്നുവെന്നു തിരുവെഴുത്തുകൾ പറയുന്നു. (യെഹെസ്കേൽ 18:4, 20) അതുകൊണ്ടു മരണത്തിനുളള യഥാർഥ പരിഹാരമെന്ന നിലയിൽ പുനരുത്ഥാന കരുതലിലേക്കാണു ബൈബിൾ വിരൽചൂണ്ടുന്നത്.
“സ്മാരകക്കല്ലറകളിലുളള എല്ലാവരും”
15. (എ) “പുനരുത്ഥാനം” എന്ന പദത്തിന്റെ അർഥമെന്ത്? (ബി) വ്യക്തികളുടെ പുനരുത്ഥാനം യഹോവയാം ദൈവത്തിനു പ്രശ്നം സൃഷ്ടിക്കുകയില്ലാത്തത് എന്തുകൊണ്ട്?
15 യേശുവിന്റെ ശിഷ്യൻമാർ “പുനരുത്ഥാനം” എന്നതിന് ഉപയോഗിച്ച പദത്തിന്റെ അക്ഷരാർഥം “ഉയർത്തൽ” അല്ലെങ്കിൽ “എഴുന്നേൽക്കൽ” എന്നാണ്. ഇതു മരണത്തിന്റെ നിർജീവാവസ്ഥയിൽനിന്നുളള ഒരു ഉയർത്തൽ ആണ്—മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയിൽനിന്നുളള ഒരു എഴുന്നേൽക്കൽ. യഹോവയാം ദൈവത്തിന് അനായാസം ഒരാളെ പുനരുത്ഥാനപ്പെടുത്താൻ കഴിയും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവ ജീവന്റെ ഉത്പാദകനാണ്. ഇന്ന്, മനുഷ്യർക്കു പുരുഷൻമാരുടെയും സ്ത്രീകളുടെയും ശബ്ദവും പ്രതിരൂപങ്ങളും വീഡിയോ ടേപ്പുകളിൽ റെക്കോർഡ് ചെയ്യാനും ഈ വ്യക്തികൾ മരിച്ചശേഷം ഈ ശബ്ദചിത്ര രേഖകൾ പുനരുത്പാദിപ്പിക്കാനും കഴിയും. അപ്പോൾ തീർച്ചയായും നമ്മുടെ സർവശക്തനായ സ്രഷ്ടാവിന് ഏതു വ്യക്തിയുടെയും വിശദാംശങ്ങൾ റെക്കോർഡു ചെയ്യാനും അയാൾക്ക് അല്ലെങ്കിൽ അവൾക്കു പുതുതായി നിർമിച്ച ഒരു ശരീരം കൊടുത്തുകൊണ്ട് അതേ ആളിനെ പുനരുത്ഥാനപ്പെടുത്താനും കഴിയും.
16. (എ) സ്മാരകക്കല്ലറകളിലുളള എല്ലാവരെയുംകുറിച്ച് യേശു എന്തു വാഗ്ദാനം നൽകി? (ബി) ഒരു വ്യക്തിയുടെ പുനരുത്ഥാനം എങ്ങനെ പരിണമിക്കുമെന്നു നിശ്ചയിക്കുന്നത് എന്ത്?
16 യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “സ്മാരകക്കല്ലറകളിലുളള എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേൾക്കുകയും പുറത്തുവരുകയും ചെയ്യുന്ന നാഴിക വരുന്നു, നല്ല കാര്യങ്ങൾ ചെയ്തവർ ഒരു ജീവന്റെ പുനരുത്ഥാനത്തിലേക്ക്, ഹീന കാര്യങ്ങൾ പതിവായി ചെയ്തവർ ഒരു ന്യായവിധിയുടെ പുനരുത്ഥാനത്തിലേക്ക്.” (യോഹന്നാൻ 5:28, 29, NW) യഹോവയുടെ സ്മരണയിലുളള എല്ലാവരും പുനരുത്ഥാനം പ്രാപിക്കുകയും അവന്റെ വഴികൾ അഭ്യസിപ്പിക്കപ്പെടുകയും ചെയ്യും. ദൈവപരിജ്ഞാനത്തോടുളള ചേർച്ചയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു ജീവന്റെ പുനരുത്ഥാനമായി പരിണമിക്കും. എന്നിരുന്നാലും, ദൈവത്തിന്റെ പഠിപ്പിക്കലുകളെയും ഭരണാധിപത്യത്തെയും നിരസിക്കുന്നവർക്ക് അതു ശിക്ഷാവിധിയുടെ ഒരു പുനരുത്ഥാനമായി പരിണമിക്കും.
17. ആർ ഉയിർപ്പിക്കപ്പെടും?
17 സ്വാഭാവികമായി, യഹോവയുടെ ദാസൻമാരെന്ന നിലയിൽ നീതിമാർഗം പിന്തുടർന്നിട്ടുളളവർ ഉയിർപ്പിക്കപ്പെടും. യഥാർഥത്തിൽ, ഉഗ്രമായ പീഡനത്തിന്റെ അവസരങ്ങളിൽപ്പോലും മരണത്തെ അഭിമുഖീകരിക്കാൻ പുനരുത്ഥാന പ്രത്യാശ അനേകരെ ശക്തീകരിച്ചു. ദൈവത്തിന് അവരെ ജീവനിൽ പുനഃസ്ഥിതീകരിക്കാൻ കഴിയുമെന്ന് അവർക്ക് അറിയാമായിരുന്നു. (മത്തായി 10:28) എന്നാൽ തങ്ങൾ ദൈവത്തിന്റെ നീതിയുളള പ്രമാണങ്ങളനുസരിച്ചു പ്രവർത്തിക്കുമോയെന്നു പ്രകടമാക്കാതെ ദശലക്ഷക്കണക്കിനാളുകൾ മരണമടഞ്ഞിട്ടുണ്ട്. അവരെയും പുനരുത്ഥാനപ്പെടുത്തും. ഈ കാര്യത്തിൽ യഹോവയുടെ ഉദ്ദേശ്യത്തിലുളള ദൃഢവിശ്വാസത്തോടെ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.”—പ്രവൃത്തികൾ 24:15.
18. (എ) അപ്പോസ്തലനായ യോഹന്നാനു പുനരുത്ഥാനത്തിന്റെ ഏതു ദർശനം ലഭിച്ചു? (ബി) “തീപ്പൊയ്ക”യിൽ എന്തു നശിപ്പിക്കപ്പെടുന്നു, ഈ ‘പൊയ്ക’ എന്തിനെ പ്രതീകപ്പെടുത്തുന്നു?
18 പുനരുത്ഥാനം പ്രാപിച്ചവർ ദൈവസിംഹാസനത്തിൻമുമ്പാകെ നിൽക്കുന്ന കോരിത്തരിപ്പിക്കുന്ന ഒരു ദർശനം അപ്പോസ്തലനായ യോഹന്നാനുണ്ടായി. അപ്പോൾ യോഹന്നാൻ ഇങ്ങനെ എഴുതി: “സമുദ്രം തന്നിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും [“ഹേഡീസ്,” NW] തങ്ങളിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തളളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.” (വെളിപ്പാടു 20:12-14) അതിനെക്കുറിച്ചു ചിന്തിക്കുക! ദൈവത്തിന്റെ ഓർമയിലുളള സകല മരിച്ചവർക്കും മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയായ ഹേഡീസിൽനിന്ന് (ഗ്രീക്ക്, ഹേയ്ഡിസ്) അല്ലെങ്കിൽ ഷീയോളിൽനിന്നു വിടുതൽ കിട്ടാനുളള പ്രതീക്ഷ ഉണ്ട്. (സങ്കീർത്തനം 16:10; പ്രവൃത്തികൾ 2:31) അവർ ദൈവത്തെ സേവിക്കുമോയെന്നു തങ്ങളുടെ പ്രവൃത്തികളാൽ തെളിയിക്കുന്നതിന് അവർക്ക് ഒരു അവസരം ലഭിക്കും. അപ്പോൾ “മരണവും പാതാളവും” “ഗീഹെന്ന” എന്ന പദത്തെപ്പോലെ സമ്പൂർണനാശത്തെ പ്രതീകപ്പെടുത്തുന്ന “തീപ്പൊയ്ക” എന്നു വിളിക്കപ്പെടുന്നതിലേക്ക് എറിയപ്പെടും. (ലൂക്കൊസ് 12:5) മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിതന്നെ ശൂന്യമാക്കപ്പെട്ടിരിക്കും, പുനരുത്ഥാനം പൂർത്തിയാകുമ്പോൾ അത് ഇല്ലാതാകയും ചെയ്യും. ദൈവം ആരെയും ദണ്ഡിപ്പിക്കുന്നില്ലെന്നു ബൈബിളിൽനിന്നു മനസ്സിലാക്കുന്നത് എത്ര ആശ്വാസകരമാണ്!—യിരെമ്യാവു 7:30, 31.
പുനരുത്ഥാനം എവിടേക്ക്?
19. മനുഷ്യവർഗത്തിലെ ചിലർ സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്, ദൈവം അവർക്ക് ഏതു തരം ശരീരം കൊടുക്കും?
19 സ്ത്രീപുരുഷൻമാരുടെ ഒരു പരിമിത സംഖ്യ സ്വർഗത്തിലെ ജീവിതത്തിലേക്ക് ഉയിർപ്പിക്കപ്പെടും. മനുഷ്യവർഗം ആദ്യ മനുഷ്യനായ ആദാമിൽനിന്ന് അവകാശപ്പെടുത്തിയ മരണത്തിന്റെ സകല ഫലങ്ങളും നീക്കം ചെയ്യുന്നതിൽ അവർ യേശുവിനോടൊപ്പം രാജാക്കൻമാരും പുരോഹിതൻമാരുമെന്ന നിലയിൽ പങ്കെടുക്കും. (റോമർ 5:12; വെളിപ്പാടു 5:9, 10) ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ ദൈവം എത്ര പേരെ സ്വർഗത്തിലേക്കു കൊണ്ടുപോകും? ബൈബിളനുസരിച്ച് 1,44,000 പേരെ മാത്രം. (വെളിപ്പാടു 7:4; 14:1) പുനരുത്ഥാനം പ്രാപിക്കുന്ന ഇവരിൽ ഓരോരുത്തർക്കും യഹോവ ഓരോ ആത്മശരീരം കൊടുക്കും, തന്നിമിത്തം അവർക്കു സ്വർഗത്തിൽ വസിക്കാൻ കഴിയും.—1 കൊരിന്ത്യർ 15:35, 38, 42-45; 1 പത്രൊസ് 3:18.
20. ഉയിർപ്പിക്കപ്പെടുന്നവർ ഉൾപ്പെടെ, അനുസരണമുളള മനുഷ്യവർഗത്തിന് എന്ത് അനുഭവപ്പെടും?
20 മരിച്ചുപോയിട്ടുളളവരിൽ ബഹുഭൂരിപക്ഷവും ഒരു പറുദീസാ ഭൂമിയിലേക്ക് ഉയിർപ്പിക്കപ്പെടും. (സങ്കീർത്തനം 37:11, 29; മത്തായി 6:10) കുറേപേരെ സ്വർഗത്തിലേക്ക് ഉയിർപ്പിക്കുന്നതിന്റെ ഭാഗികമായ കാരണം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം പൂർത്തിയാക്കുക എന്നതാണ്. സ്വർഗത്തിലിരുന്നു യേശുക്രിസ്തുവും 1,44,000 പേരും നമ്മുടെ ആദ്യമാതാപിതാക്കൾ വിട്ടെറിഞ്ഞ പൂർണതയിലേക്ക് അനുസരണമുളള മനുഷ്യവർഗത്തെ പടിപടിയായി തിരികെ കൊണ്ടുവരും. ഇതിൽ ഉയിർപ്പിക്കപ്പെടുന്നവരും ഉൾപ്പെടും, അതാണല്ലോ തന്റെ അടുത്തു തൂക്കപ്പെട്ടിരുന്ന മരിച്ചുകൊണ്ടിരുന്ന മനുഷ്യനോടു “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും” എന്നു പറഞ്ഞപ്പോൾ യേശു സൂചിപ്പിച്ചത്.—ലൂക്കൊസ് 23:42, 43.
21. പ്രവാചകനായ യെശയ്യാവും അപ്പോസ്തലനായ യോഹന്നാനും പറയുന്നതനുസരിച്ച് മരണത്തിന് എന്തു സംഭവിക്കും?
21 പറുദീസാഭൂമിയിൽ, ഇന്നു വളരെ വ്യർഥത ഉളവാക്കുന്ന മരണം നീക്കപ്പെടും. (റോമർ 8:19-21) യഹോവയാം ദൈവം “മരണത്തെ എന്നേക്കും യഥാർഥമായി നീക്കിക്കളയും” എന്നു പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിച്ചു. (യെശയ്യാവ് 25:8, NW) അനുസരണമുളള മനുഷ്യവർഗത്തിനു വേദനയിൽനിന്നും മരണത്തിൽനിന്നുമുളള വിടുതൽ അനുഭവപ്പെടുന്ന കാലത്തിന്റെ ഒരു ദർശനം അപ്പോസ്തലനായ യോഹന്നാനു കൊടുക്കപ്പെട്ടു. അതേ, “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:1-4.
22. പുനരുത്ഥാനത്തെക്കുറിച്ചുളള പരിജ്ഞാനം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?
22 ബൈബിളിലെ വ്യക്തമായ പഠിപ്പിക്കലുകൾ മരിച്ചവർക്കു സംഭവിക്കുന്നതിനെക്കുറിച്ചുളള ആശയക്കുഴപ്പം നീക്കംചെയ്യുന്നു. നശിപ്പിക്കപ്പെടാനിരിക്കുന്ന “ഒടുക്കത്തെ ശത്രു” മരണമാണെന്ന് തിരുവെഴുത്തുകൾ വ്യക്തമായി പ്രസ്താവിക്കുന്നു. (1 കൊരിന്ത്യർ 15:26) പുനരുത്ഥാനപ്രത്യാശയെക്കുറിച്ചുളള പരിജ്ഞാനത്തിൽനിന്ന് എന്തു ബലവും ആശ്വാസവും നമുക്ക് ആർജിക്കാൻ കഴിയും! ദൈവത്തിന്റെ ഓർമയിലുളള നമ്മുടെ മരിച്ച പ്രിയപ്പെട്ടവർ അവനെ സ്നേഹിക്കുന്നവർക്കുവേണ്ടി കരുതിയിരിക്കുന്ന എല്ലാ നൻമകളും ആസ്വദിക്കുന്നതിനായി മരണനിദ്രയിൽനിന്ന് ഉണർത്തപ്പെടുന്നതിൽ നമുക്ക് എത്ര സന്തോഷമുളളവരായിരിക്കാൻ കഴിയും! (സങ്കീർത്തനം 145:16) അങ്ങനെയുളള അനുഗ്രഹങ്ങൾ ദൈവരാജ്യം മുഖാന്തരം കൈവരുത്തപ്പെടും. എന്നാൽ അതിന്റെ ഭരണം എപ്പോൾ തുടങ്ങേണ്ടതായിരുന്നു? നമുക്കു കാണാം.
[അടിക്കുറിപ്പ്]
a നെഫെഷ് എന്ന എബ്രായപദം ബൈബിളിൽ ഏതാണ്ട് 700 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. എന്നാൽ ബൈബിൾ അതിനെ മനുഷ്യന്റെ വ്യതിരിക്തവും അമൂർത്തവുമായ ഏതോ ഭാഗമായി ഒരിക്കലും പരാമർശിക്കുന്നില്ല, പകരം സ്പർശനീയവും മൂർത്തവുമായ ഒന്നായിട്ടാണു പരാമർശിക്കുന്നത്.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
മനുഷ്യൻ എന്നാൽ എന്താണ്?
മരിച്ചവരുടെ അവസ്ഥയെ നിങ്ങൾ എങ്ങനെ വർണിക്കും?
ആർ ഉയിർപ്പിക്കപ്പെടും?
[85-ാം പേജിലെ ചിത്രം]
യേശു ലാസറെ കല്ലറയിൽനിന്നു വിളിച്ചുവരുത്തിയതുപോലെ, ദശലക്ഷങ്ങൾ ഉയിർപ്പിക്കപ്പെടും
[86-ാം പേജിലെ ചിത്രം]
‘ദൈവം മരണത്തെ എന്നേക്കുമായി നീക്കിക്കളയുമ്പോൾ’ സന്തോഷം കളിയാടും