ബൈബിൾ പുസ്തക നമ്പർ 22—ഉത്തമഗീതം
എഴുത്തുകാരൻ: ശലോമോൻ
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 1020
1. ഏതു വിധത്തിലാണ് ഇതു “ഗീതങ്ങളുടെ ഗീത”മായിരിക്കുന്നത്?
“ഇസ്രായേലിന് ഈ ഉൽകൃഷ്ട ഗീതം കൊടുക്കപ്പെട്ട നാളിനുളള അർഹത മുഴു ലോകത്തിനും ഇല്ലായിരുന്നു.” നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിൽ ജീവിച്ചിരുന്ന യഹൂദ “റബ്ബി”യായ അകിബ ഉത്തമഗീതത്തോടുളള തന്റെ വിലമതിപ്പു പ്രകടമാക്കിയത് അങ്ങനെയായിരുന്നു.a പുസ്തകത്തിന്റെ ശീർഷകം “ശലോമോന്റെ ഉത്തമഗീതം” എന്ന പ്രാരംഭവാക്കുകളുടെ ഒരു സംക്ഷേപമാണ്. എബ്രായ പദാനുപദ പാഠപ്രകാരം അതു “ഗീതങ്ങളുടെ ഗീതം” ആണ്, അത്യുന്നത സ്വർഗങ്ങളെസംബന്ധിച്ച “സ്വർഗ്ഗാധിസ്വർഗ്ഗം” എന്ന പദപ്രയോഗത്തോടു സമാനമായി അതിവിശിഷ്ട ഗുണോൽക്കർഷത്തെ സൂചിപ്പിക്കുന്നതുതന്നെ. (ആവ. 10:14) അതു ഗീതങ്ങളുടെ ഒരു സമാഹാരമല്ല, പിന്നെയോ ഒററ ഗീതമാണ്, “അത്യന്തം പൂർണതയുളള ഒരു ഗീതം, സ്ഥിതിചെയ്തിട്ടുളളതിലേക്കും അല്ലെങ്കിൽ എഴുതപ്പെട്ടിട്ടുളളതിലേക്കും ഉത്തമമായവയിൽ ഒന്നുതന്നെ.”b
2. (എ) ഉത്തമഗീതത്തിന്റെ എഴുത്തുകാരൻ ആരായിരുന്നു, അവന്റെ യോഗ്യതകൾ എന്തൊക്കെയായിരുന്നു, ഈ പുസ്തകത്തെ വിഫലസ്നേഹത്തിന്റെ ഒരു ഗീതമെന്നു വിളിക്കാവുന്നത് എന്തുകൊണ്ട്? (ബി) എവിടെവെച്ചാണു പുസ്തകം എഴുതപ്പെട്ടത്, എപ്പോൾ?
2 മുഖവുരയിൽനിന്നു തെളിയുന്നതുപോലെ, യെരുശലേമിലെ ശലോമോൻ രാജാവായിരുന്നു ഈ ഗീതത്തിന്റെ എഴുത്തുകാരൻ. ഈ അത്യന്തം മനോഹരമായ എബ്രായ കവിതയുടെ മാതൃക എഴുതാൻ അവൻ തികച്ചും യോഗ്യനായിരുന്നു. (1 രാജാ. 4:32) അത് അർഥഗർഭവും സൗന്ദര്യവർണനയിൽ അത്യന്തം നിറപ്പകിട്ടാർന്നതുമായ ഒരു ഗ്രാമീണകവിതയാണ്. പൗരസ്ത്യപശ്ചാത്തലം വിഭാവനചെയ്യാൻ കഴിയുന്ന വായനക്കാരൻ ഇത് ഏറെ വിലമതിക്കും. (ഉത്ത. 4:11, 13; 5:11; 7:4) അത് എഴുതിയ സന്ദർഭം അനുപമമായ ഒന്നാണ്. ജ്ഞാനത്തിൽ മഹത്ത്വമാർന്ന, ബലത്തിൽ കരുത്തനായ, ശേബയിലെ രാജ്ഞിയുടെപോലും ആദരവുണർത്തിയ ഭൗതികസ്വത്തിന്റെ തിളക്കത്തിൽ ഉജ്ജ്വലനായ, മഹാരാജാവായ ശലോമോനു താൻ സ്നേഹിച്ച ഒരു വെറും ഗ്രാമീണപെൺകുട്ടിയിൽ മതിപ്പുളവാക്കാൻ കഴിഞ്ഞില്ല. ഒരു ഇടയബാലനോടുളള അവളുടെ സ്നേഹത്തിന്റെ സ്ഥിരത നിമിത്തം രാജാവു പരാജയപ്പെട്ടു. അതുകൊണ്ട് ഈ പുസ്തകത്തെ ഉചിതമായി ശലോമോന്റെ വിഫലസ്നേഹത്തിന്റെ ഗീതം എന്നു വിളിക്കാവുന്നതാണ്. വരാനിരുന്ന യുഗങ്ങളിലെ ബൈബിൾവായനക്കാരുടെ പ്രയോജനത്തിനുവേണ്ടി ഈ ഗീതം രചിക്കാൻ യഹോവയാം ദൈവം അവനെ നിശ്വസ്തനാക്കി. അവൻ യെരുശലേമിൽവെച്ചാണ് അതെഴുതിയത്. ഒരുപക്ഷേ ഇത് ആലയം പൂർത്തിയായ ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞു പൊ.യു.മു. ഏതാണ്ട് 1020-ൽ ആയിരുന്നു. ശലോമോന്റെ വാഴ്ചയുടെ അവസാനത്തിലെ ‘എഴുനൂറു കുലീനപത്നികളോടും മുന്നൂറു വെപ്പാട്ടികളോടുമുളള’ താരതമ്യത്തിൽ ഈ ഗീതം എഴുതിയ സമയമായപ്പോഴേക്ക് “അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും” അവന് ഉണ്ടായിരുന്നു.—ഉത്ത. 6:8; 1 രാജാ. 11:3.
3. ഉത്തമഗീതത്തിന്റെ കാനോനികത്വത്തിന് എന്തു തെളിവുണ്ട്?
3 ഉത്തമഗീതത്തിന്റെ കാനോനികത്വം മുൻകാലങ്ങളിൽ അശേഷവും വെല്ലുവിളിക്കപ്പെട്ടിരുന്നില്ല. പൊതുയുഗത്തിനു ദീർഘനാൾമുമ്പുതന്നെ അത് എബ്രായകാനോന്റെ അവിഭാജ്യവും നിശ്വസ്തവുമായ ഭാഗമായി കരുതപ്പെട്ടിരുന്നു. അതു ഗ്രീക്ക് സെപ്ററുവജിൻറിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു. ജോസീഫസ് അതു തന്റെ വിശുദ്ധ പുസ്തകങ്ങളുടെ പട്ടികയിൽ ചേർത്തു. അതുകൊണ്ട് എബ്രായ തിരുവെഴുത്തുകളിലെ മററ് ഏതു പുസ്തകത്തിനും ഹാജരാക്കിയിരിക്കുന്ന തെളിവ് അതിന്റെ കാനോനികത്വത്തിനുണ്ട്.
4. (എ) “ദൈവം” എന്ന പദത്തിന്റെ അഭാവം ഉത്തമഗീതത്തിന്റെ കാനോനികത്വത്തിനെതിരായ വാദമാണോ? (ബി) ബൈബിൾകാനോനിലെ അതിന്റെ അനുപമമായ സ്ഥാനത്തിന് അതിനെ അർഹമാക്കുന്നതെന്ത്?
4 ഈ പുസ്തകത്തിൽ ദൈവത്തെ പരാമർശിക്കുന്നില്ല എന്ന കാരണത്താൽ ചിലർ ഇതിന്റെ കാനോനികത്വത്തെ ചോദ്യംചെയ്തിട്ടുണ്ട്. ദൈവമെന്നുളള പദത്തിന്റെ സാന്നിധ്യം അതിനെ കാനോനികമാക്കുകയില്ലാത്തതുപോലെ ദൈവത്തെക്കുറിച്ചുളള പ്രസ്താവത്തിന്റെ അഭാവം അതിനെ അയോഗ്യമാക്കുകയില്ല. അധ്യായം 8, വാക്യം 6-ൽ [NW] ദിവ്യനാമം അതിന്റെ ഹ്രസ്വരൂപത്തിൽ പ്രത്യക്ഷപ്പെടുകതന്നെ ചെയ്യുന്നുണ്ട്. അവിടെ സ്നേഹം “യാഹിന്റെ ജ്വാല”യാണെന്നു പറയുന്നു. “നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ” എന്നു പറഞ്ഞപ്പോൾ യേശുക്രിസ്തു അംഗീകാരത്തോടെ പരാമർശിച്ച ആ എഴുത്തുകളുടെ ഭാഗമാണ് ഈ പുസ്തകം എന്നതിനു സംശയമില്ല. (യോഹ. 5:39) തന്നെയുമല്ല, ക്രിസ്തുവിനും അവന്റെ മണവാട്ടിക്കുമിടയിൽ ഒരു ആത്മീയാർഥത്തിൽ സ്ഥിതിചെയ്യുന്ന പരസ്പരസ്നേഹത്തിന്റെ ഉത്കൃഷ്ടഗുണത്തിന്റെ ശക്തമായ ചിത്രീകരണം, ഉത്തമഗീതത്തിനു ബൈബിൾകാനോനിലെ അതിന്റെ അനുപമമായ സ്ഥാനത്തിന് അർഹത കൊടുക്കുന്നു.—വെളി. 19:7, 8; 21:9.
ഉത്തമഗീതത്തിന്റെ ഉളളടക്കം
5. (എ) നാടകത്തിലെ കഥാപുരുഷൻമാരെ തിരിച്ചറിയുന്നത് എങ്ങനെ? (ബി) ഏതു ഹൃദയസ്പർശിയായ പ്രതിപാദ്യവിഷയം പ്രകാശിപ്പിക്കപ്പെടുന്നു?
5 ഈ പുസ്തകത്തിലെ വിവരങ്ങൾ സംഭാഷണങ്ങളുടെ ഒരു പരമ്പരയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സംഭാഷണംനടത്തുന്നവരുടെ നിരന്തരമായ മാററമുണ്ട്. സംഭാഷണഭാഗങ്ങളുളള വ്യക്തികൾ യെരുശലേമിലെ രാജാവായ ശലോമോൻ, ഒരു ഇടയൻ, അയാളുടെ പ്രിയപ്പെട്ട ശൂലേംകാരത്തി, അവളുടെ സഹോദരൻമാർ, അരമനസ്ത്രീകൾ (“യെരൂശലേം പുത്രിമാർ”) യെരുശലേമിലെ സ്ത്രീകൾ, (“സീയോൻ പുത്രിമാർ”) എന്നിവരാണ്. (ഉത്ത. 1:5-7; 3:5, 11) അവർ തങ്ങളേക്കുറിച്ചുതന്നെ പറയുന്നതിനാലോ തങ്ങളോടു പറയപ്പെടുന്നതിനാലോ തിരിച്ചറിയപ്പെടുന്നു. നാടകത്തിന്റെ ചുരുളഴിയുന്നതു ശൂനേമിന് അല്ലെങ്കിൽ ശൂലേമിനു സമീപത്തുവെച്ചാണ്. അവിടെ ശലോമോൻ തന്റെ പരിവാരങ്ങളുമായി പാളയമടിച്ചിരിക്കുകയാണ്. അതു ഹൃദയസ്പർശിയായ ഒരു പ്രതിപാദ്യവിഷയം പ്രകാശിപ്പിക്കുന്നു—ശൂനേംഗ്രാമത്തിൽനിന്നുളള ഒരു നാടൻപെണ്ണിന് അവളുടെ ഇടയതോഴനോടുളള സ്നേഹം.
6. കന്യകയും ശലോമോന്റെ പാളയത്തിലെ അരമനസ്ത്രീകളും തമ്മിൽ ഏതു സംഭാഷണം നടക്കുന്നു?
6 ശൂലേമ്യകന്യക ശലോമോന്റെ പാളയത്തിൽ (1:1-14). കന്യക രാജകീയകൂടാരങ്ങളിൽ പ്രത്യക്ഷപ്പെടുന്നു, അവിടേക്ക് രാജാവ് അവളെ കൊണ്ടുവന്നിരിക്കുകയാണ്. എന്നാൽ അവൾക്കു തന്റെ ഇടയസ്നേഹിതനെ കാണാനുളള ആകാംക്ഷയേ ഉളളു. തന്റെ പ്രിയനോടുളള ആകാംക്ഷയോടെ അവൻ കൂടെയുണ്ടെന്നുളള മട്ടിൽ അവൾ സംസാരിക്കുന്നു. രാജാവിനെ പരിചരിക്കുന്ന അരമനയിലെ സ്ത്രീകൾ, “യെരൂശലേം പുത്രിമാർ,” ശൂലേംകാരത്തിയെ അവളുടെ കറുത്ത നിറം നിമിത്തം ജിജ്ഞാസയോടെ നോക്കുന്നു. തന്റെ സഹോദരൻമാരുടെ മുന്തിരിത്തോട്ടങ്ങളെ കാവൽചെയ്തതുനിമിത്തം വെയിലേററു കരിഞ്ഞതാണെന്ന് അവൾ വിശദീകരിക്കുന്നു. അവൾ പിന്നീടു താൻ സ്വതന്ത്രയാണെന്നുളളതുപോലെ തന്റെ സ്നേഹിതനോടു സംസാരിക്കുകയും തനിക്ക് അവനെ എവിടെ കണ്ടെത്താമെന്നു ചോദിക്കുകയും ചെയ്യുന്നു. അരമനസ്ത്രീകൾ പുറത്തുപോയി ഇടയൻമാരുടെ കൂടാരങ്ങൾക്കരികെ അവളുടെ ആടുകളെ മേയിക്കാൻ അവളെ അനുവദിക്കുന്നു.
7. ശലോമോൻ എന്തു മുന്നേററങ്ങൾ നടത്തുന്നു, എന്നാൽ ഫലമെന്തായിരുന്നു?
7 ശലോമോൻ മുന്നോട്ടുവരുന്നു. അവളെ വിടാൻ അവനു മനസ്സില്ല. അവൻ അവളുടെ സൗന്ദര്യത്തെ പുകഴ്ത്തുകയും അവളെ “സുവർണ്ണസരപ്പളി”യും “വെളളിമണികളും” അണിയിക്കാമെന്നു വാഗ്ദാനംചെയ്യുകയും ചെയ്യുന്നു. ശൂലേംകാരത്തി അവന്റെ മുന്നേററങ്ങളെ ചെറുക്കുകയും തനിക്കു തന്റെ പ്രിയനോടുമാത്രമേ സ്നേഹംതോന്നാൻ കഴികയുളളുവെന്ന് അവനെ അറിയിക്കുകയും ചെയ്യുന്നു.—1:11.
8. കന്യകയുടെ പ്രിയൻ അവളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ? അവൾ എന്തിനുവേണ്ടി വാഞ്ഛിക്കുന്നു?
8 ഇടയസ്നേഹിതൻ പ്രത്യക്ഷപ്പെടുന്നു (1:15–2:2). ശൂലേംകാരത്തിയുടെ സ്നേഹിതൻ ശലോമോന്റെ പാളയത്തിലേക്കു ചെല്ലുകയും അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവൻ അവൾക്കു തന്റെ സ്നേഹത്തിന് ഉറപ്പു കൊടുക്കുന്നു. ശൂലേംകാരത്തി അവളുടെ പ്രിയന്റെ സാമീപ്യവും വയലുകളിലും വനങ്ങളിലും അവനോടൊത്ത് ഒററക്കു വസിക്കുന്നതിന്റെ എളിയ ഉല്ലാസവും അഭിലഷിക്കുന്നു.
9. ബാലികയും അവളുടെ പ്രിയനും അവളുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നതെങ്ങനെ?
9 ശൂലേംകാരത്തി വിനീതയായ ഒരു പെൺകുട്ടിയാണ്. “ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു,” അവൾ പറയുന്നു. അവളുടെ ഇടയസ്നേഹിതൻ അവൾ അതുല്യയാണെന്നു വിചാരിച്ചുകൊണ്ടു പറയുന്നു: “മുളളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.”—2:1, 2.
10. കന്യക തന്റെ സ്നേഹത്തെക്കുറിച്ച് എന്ത് അനുസ്മരിക്കുന്നു?
10 കന്യക തന്റെ ഇടയനുവേണ്ടി വാഞ്ഛിക്കുന്നു (2:3–3:5). വീണ്ടും തന്റെ സ്നേഹിതനിൽനിന്നു വേർപിരിഞ്ഞപ്പോൾ, മറെറല്ലാവരിലുമുപരിയായി ശൂലേംകാരത്തി അവനെ എങ്ങനെ വിലമതിക്കുന്നുവെന്നു പ്രകടമാക്കുന്നു. മറെറാരാളോട് അനാവശ്യമായ പ്രേമം ഉണർത്താതിരിക്കാൻ യെരുശലേം പുത്രിമാർ പ്രതിജ്ഞാബദ്ധരാണെന്ന് അവരോട് അവൾ പറയുന്നു. തന്റെ ഇടയൻ തന്റെ വിളിക്ക് ഉത്തരംനൽകുകയും വസന്തകാലത്ത് അവളെ കുന്നുകളിലേക്കു ക്ഷണിക്കുകയും ചെയ്ത സമയം അവൾ ഓർക്കുന്നു. അയാൾ സന്തോഷത്താൽ തുളളിച്ചാടി പർവതങ്ങളിൻമേൽ കയറുന്നത് അവൾ കാണുന്നു. “എന്റെ പ്രിയേ എഴുന്നേൽക്ക; എന്റെ സുന്ദരീ വരിക” എന്ന് അയാൾ വിളിച്ചുപറയുന്നത് അവൾ കേൾക്കുന്നു. എന്നിരുന്നാലും, അവളുടെ സ്ഥിരതയെക്കുറിച്ച് ഉറപ്പില്ലാഞ്ഞ അവളുടെ സഹോദരൻമാർ കോപിക്കുകയും മുന്തിരിത്തോട്ടങ്ങൾ കാവൽചെയ്യുന്ന വേലക്ക് അവളെ ആക്കുകയും ചെയ്യുന്നു. “എന്റെ പ്രിയൻ എനിക്കുളളവൻ; ഞാൻ അവന്നുളളവൻ,” അവൾ പ്രഖ്യാപിക്കുന്നു. തന്റെ അടുക്കലേക്ക് അയാൾ ബദ്ധപ്പെട്ടുവരാൻ അവൾ അഭ്യർഥിക്കുന്നു.—2:13, 16.
11. ഏതു പ്രതിജ്ഞ ശൂലേംകാരത്തി യെരുശലേം പുത്രിമാരെ ഓർമിപ്പിക്കുന്നു?
11 ശൂലേംകാരത്തി ശലോമോന്റെ പാളയത്തിലെ അവളുടെ തടവിനെക്കുറിച്ചു വർണിക്കുന്നു. രാത്രിയിൽ കിടക്കയിൽ അവൾ തന്റെ ഇടയനെ വാഞ്ഛിക്കുന്നു. തന്നിൽ അനാവശ്യമായ പ്രേമം ഉണർത്താതിരിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണെന്ന് വീണ്ടും അവൾ യെരുശലേം പുത്രിമാരെ ഓർപ്പിക്കുന്നു.
12. കന്യകയെ ശലോമോൻ യെരുശലേമിലേക്കു കൊണ്ടുപോകുമ്പോൾ അവളുടെ പ്രിയൻ കൂടുതലായ എന്തു പ്രോത്സാഹനം കൊടുക്കുന്നു?
12 ശൂലേംകാരത്തി യെരുശലേമിൽ (3:6–5:1). ശലോമോൻ രാജകീയ പ്രതാപത്തിൽ യെരുശലേമിലേക്കു മടങ്ങിപ്പോകുന്നു, ജനം അവന്റെ ഘോഷയാത്രയെ പ്രശംസിക്കുന്നു. ഈ നിർണായകനാഴികയിൽ ഇടയസ്നേഹിതൻ ശൂലേംകാരത്തിയെ ഭഗ്നാശയാക്കുന്നില്ല. അവൻ മൂടുപടം ധരിച്ച തന്റെ തോഴിയെ പിന്തുടരുകയും അവളുമായി സമ്പർക്കത്തിലാകുകയും ചെയ്യുന്നു. അവൻ ഊഷ്മളമായ സ്നേഹപ്രകടനങ്ങളാൽ തന്റെ പ്രിയയെ ശക്തീകരിക്കുന്നു. താൻ സ്വതന്ത്രയാകാനും നഗരം വിട്ടുപോകാനും ആഗ്രഹിക്കുന്നുവെന്ന് അവൾ പറയുന്നു. അനന്തരം അവൻ സ്നേഹത്തിന്റെ ഒരു ഹർഷപാരവശ്യത്തിലേക്കു പ്രവേശിക്കുന്നു: “എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി.” (4:7) കേവലം അവളുടെ ഒരു നോട്ടംതന്നെ അവന്റെ ഹൃദയം പിടയ്ക്കാനിടയാക്കുന്നു. അവളുടെ സ്നേഹപ്രകടനങ്ങൾ വീഞ്ഞിനെക്കാൾ മെച്ചമാണ്, അവളുടെ സൗരഭ്യം ലെബാനോനിന്റേതുപോലെയാണ്, അവളുടെ ചർമം മാതളത്തിന്റെ ഒരു പറുദീസപോലെയാണ്. കന്യക തന്റെ പ്രിയനെ തന്റെ “തോട്ട”ത്തിലേക്കു വരാൻ ക്ഷണിക്കുന്നു, അവൻ ക്ഷണം സ്വീകരിക്കുന്നു. യെരുശലേമിലെ സൗഹൃദമുളള സ്ത്രീകൾ അവരെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “സുഹൃത്തുക്കളേ, തിന്നുക! കുടിക്കുകയും സ്നേഹപ്രകടനങ്ങളാൽ മത്തരാകുകയും ചെയ്യുക!”—4:16; 5:1, NW.
13. കന്യക ഏതു സ്വപ്നം കാണുന്നു, അവൾ തന്റെ സ്നേഹിതനെ അരമനസ്ത്രീകളോടു വർണിക്കുന്നത് എങ്ങനെ?
13 കന്യകയുടെ സ്വപ്നം (5:2–6:3). ശൂലേംകാരത്തി അരമനസ്ത്രീകളോട് ഒരു സ്വപ്നം പറയുന്നു, അതിൽ അവൾ ഒരു മുട്ടു കേൾക്കുന്നു. അവളുടെ പ്രിയൻ പുറത്തു നിൽക്കുന്നു, തന്നെ അകത്തു പ്രവേശിപ്പിക്കാൻ അഭ്യർഥിച്ചുകൊണ്ടുതന്നെ. എന്നാൽ അവൾ കിടക്കയിലാണ്. കതകു തുറക്കാൻ അവൾ ഒടുവിൽ എഴുന്നേൽക്കുമ്പോൾ അവൻ ഇരുട്ടിലേക്കു മറഞ്ഞിരിക്കുന്നു. അവൾ അവന്റെ പിന്നാലെ പോകുന്നു, എന്നാൽ അവനെ കണ്ടെത്താൻ കഴിയുന്നില്ല. കാവൽക്കാർ അവളോട് അപമര്യാദയായി പെരുമാറുന്നു. അരമനസ്ത്രീകളോട് അവർ അവനെ കാണുന്നപക്ഷം താൻ വിരഹതാപത്തിലാണെന്ന് അവനോടു പറയാൻ അവർക്കു കടപ്പാടുണ്ടെന്ന് അവൾ പറയുന്നു. അവനെ ഇത്ര പ്രമുഖനാക്കുന്നത് എന്താണെന്ന് അവർ ചോദിക്കുന്നു. അയാൾ “വെൺമയും ചുവപ്പുമുളളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ” എന്നു പറഞ്ഞുകൊണ്ട് അവൾ അവന്റെ ഒരു മനോഹരവർണനയിലേക്കു നീങ്ങുന്നു. (5:10) അവന്റെ സ്ഥിതിഗതികളെക്കുറിച്ച് അരമനസ്ത്രീകൾ ചോദിക്കുന്നു. അവൻ തോട്ടങ്ങളിൽ മേയിക്കാൻ പോയിരിക്കുന്നുവെന്ന് അവൾ പറയുന്നു.
14. ശലോമോന്റെ സകല ചാതുര്യവുമുണ്ടായിരുന്നിട്ടും അവൻ തന്റെ ആഗ്രഹത്തിൽ പരാജയപ്പെടുന്നതെങ്ങനെ?
14 ശലോമോന്റെ അന്തിമ മുന്നേററങ്ങൾ (6:4–8:4). ശലോമോൻരാജാവ് ശൂലേംകാരത്തിയെ സമീപിക്കുന്നു. അവൾ എത്ര സുന്ദരിയാണെന്നു വീണ്ടും അവൻ അവളോടു പറയുന്നു, ‘അറുപതു രാജ്ഞികളെയും എൺപതു വെപ്പാട്ടികളെ’യുംകാൾ സുന്ദരി. എന്നാൽ അവൾ അവനെ നിരസിക്കുന്നു. (6:8) ഒരു സേവനദൗത്യം മാത്രമാണ് അവളെ അവന്റെ പാളയത്തിനു സമീപം വരുത്തിയത്. ‘എന്നെ കാൺമാൻ ആഗ്രഹിക്കുന്നത് എന്തിന്?’ അവൾ ചോദിക്കുന്നു. ശലോമോൻ അവളുടെ നിഷ്കളങ്കമായ ചോദ്യത്തെ അവളുടെ ഉളളംകാൽമുതൽ നെറുകന്തലവരെയുളള അവളുടെ അഴകു വർണിക്കാൻ പ്രയോജനപ്പെടുത്തുന്നു. എന്നാൽ കന്യക അവന്റെ സകല ചാതുര്യത്തെയും നിരസിക്കുന്നു. അവൾ സധൈര്യം ഇടയനോടുളള തന്റെ നിഷ്കളങ്കസ്നേഹം പ്രഖ്യാപിക്കുന്നു, അവനുവേണ്ടി നിലവിളിച്ചുകൊണ്ടുതന്നെ. തന്റെ ഇഷ്ടത്തിനു വിരുദ്ധമായി തന്നിൽ പ്രേമം ഉണർത്താതിരിക്കാൻ യെരുശലേം പുത്രിമാർ പ്രതിജ്ഞാബദ്ധരാണെന്നു മൂന്നാം പ്രാവശ്യം അവൾ അവരെ ഓർമിപ്പിക്കുന്നു. ശലോമോൻ വീട്ടിലേക്കു പോകാൻ അവളെ അനുവദിക്കുന്നു. ശൂലേംകാരത്തിയുടെ സ്നേഹത്തിനുവേണ്ടിയുളള തന്റെ ആഗ്രഹത്തിൽ അവൻ പരാജയപ്പെട്ടിരിക്കുന്നു.
15. (എ) ഏത് അപേക്ഷയുമായി കന്യക തന്റെ സഹോദരൻമാരുടെ അടുക്കലേക്കു മടങ്ങുന്നു? (ബി) അനന്യഭക്തി എങ്ങനെ ജയംകൊണ്ടിരിക്കുന്നു?
15 ശൂലേംകാരത്തി മടങ്ങിപ്പോകുന്നു (8:5-14). അവൾ അടുത്തുവരുന്നത് അവളുടെ സഹോദരൻമാർ കാണുന്നു, എന്നാൽ അവൾ ഒററയ്ക്കല്ല. അവൾ തന്റെ ‘പ്രിയനിൽ ചാരിക്കൊണ്ടാണ് വരുന്നത്.’ തന്റെ പ്രിയനെ ഒരു ആപ്പിൾമരത്തിൻകീഴിൽ കണ്ടത് അവൾ ഓർക്കുകയും അവനോടുളള അഭഞ്ജമായ സ്നേഹം പ്രഖ്യാപിക്കുകയും ചെയ്യുന്നു. “ഒരു ചെറിയ പെങ്ങൾ” ആയിരുന്നപ്പോൾ അവളെക്കുറിച്ചു തങ്ങൾക്കുണ്ടായിരുന്ന ഉത്കണ്ഠയെക്കുറിച്ച് അവളുടെ സഹോദരൻമാരിൽ ചിലർ നടത്തിയ മുൻ അഭിപ്രായങ്ങൾ സൂചിപ്പിക്കപ്പെടുന്നു, എന്നാൽ താൻ പക്വതയും സ്ഥിരതയുമുളള ഒരു സ്ത്രീയാണെന്നു തെളിയിച്ചിരിക്കുന്നതായി അവൾ പ്രഖ്യാപിക്കുന്നു. (8:8) അവളുടെ സഹോദരൻമാർ ഇപ്പോൾ അവളുടെ വിവാഹത്തിനു സമ്മതിക്കട്ടെ. ശലോമോൻ രാജാവിനു തന്റെ സ്വത്ത് ഉണ്ടായിരിക്കാം! അവൾ തന്റെ ഏക മുന്തിരിത്തോട്ടത്തിൽ സംതൃപ്തയാണ്, കാരണം അവൾ തനിക്ക് അനന്യമായി പ്രിയപ്പെട്ടവനായ ഒരാളെയാണു സ്നേഹിക്കുന്നത്. അവളുടെ കാര്യത്തിൽ ഈ സ്നേഹം മരണംപോലെ ശക്തവും അതിന്റെ ജ്വലനങ്ങൾ “യാഹിന്റെ ജ്വാല”പോലെയും ആകുന്നു. “ഷീയോൾ പോലെ കീഴടങ്ങാത്ത” അനന്യഭക്തിയിലുളള നിഷ്കർഷ വിജയംവരിക്കുകയും തന്റെ ഇടയസ്നേഹിതനുമായുളള ഒന്നിക്കലിന്റെ മഹത്തായ ഉന്നതികളിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു.—8:5, 6, NW.
എന്തുകൊണ്ടു പ്രയോജനപ്രദം
16. ഈ ഗീതത്തിൽ ഏതു മൂല്യവത്തായ പാഠങ്ങൾ പഠിപ്പിക്കപ്പെടുന്നു?
16 ദൈവത്തിന്റെ മനുഷ്യന് ഇന്നു പ്രയോജനപ്രദമെന്നു കണ്ടെത്താവുന്ന എന്തു പാഠങ്ങളാണ് ഈ സ്നേഹഗീതത്തിൽ പഠിപ്പിക്കപ്പെടുന്നത്? വിശ്വസ്തതയും ഭക്തിയും ദൈവികതത്ത്വങ്ങളോടുളള ദൃഢമായ പററിനിൽപ്പും വ്യക്തമായി കാണിക്കപ്പെട്ടിരിക്കുന്നു. ഈ ഗീതം സദ്ഗുണത്തിന്റെ മനോഹാരിതയും ഒരു യഥാർഥസ്നേഹിതനിലുളള നിഷ്കളങ്കതയും പഠിപ്പിക്കുന്നു. യഥാർഥ സ്നേഹം അജയ്യവും കെടുത്താനാവാത്തതും വിലയ്ക്കുവാങ്ങാനാവാത്തതുമാണെന്ന് അതു പഠിപ്പിക്കുന്നു. യുവ ക്രിസ്തീയ സ്ത്രീപുരുഷൻമാർക്കും അതുപോലെതന്നെ ഭാര്യാഭർത്താക്കൻമാർക്കും പ്രലോഭനങ്ങൾ പൊന്തിവരുമ്പോഴും മോഹവിഷയങ്ങൾ വന്നുചേരുമ്പോഴും നിർമലതയുടെ ഈ സമുചിതമായ ദൃഷ്ടാന്തത്തിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയും.
17. (എ) ഈ ഗീതം ക്രിസ്തീയസഭയുടെ പ്രബോധനത്തിനുവേണ്ടി എഴുതപ്പെട്ടതാണെന്നു പൗലൊസ് പ്രകടമാക്കുന്നത് എങ്ങനെ? (ബി) കൊരിന്ത്യർക്കും എഫേസ്യർക്കും എഴുതിയപ്പോൾ പൗലൊസിന് അതു തീർച്ചയായും മനസ്സിലുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്? (സി) യോഹന്നാന്റെ നിശ്വസ്ത എഴുത്തുകളുമായി ഏതു രസാവഹമായ താരതമ്യങ്ങൾ നടത്താവുന്നതാണ്?
17 എന്നാൽ ഈ നിശ്വസ്ത ഗീതം ക്രിസ്തീയ സഭക്കു മൊത്തത്തിലും അത്യന്തം പ്രയോജനപ്രദമാണ്. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ അതിനെ നിശ്വസ്ത തിരുവെഴുത്തുകളുടെ ഭാഗമായി അംഗീകരിച്ചു, അവരിലൊരാൾ ഇങ്ങനെ എഴുതി: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമ. 15:4) ഇതേ നിശ്വസ്ത എഴുത്തുകാരനായ പൗലൊസ് “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു” എന്നു ക്രിസ്തീയസഭക്ക് എഴുതിയപ്പോൾ ഇടയനോടുളള ശൂലേമ്യബാലികയുടെ അനന്യമായ സ്നേഹം തീർച്ചയായും അവന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. ഒരു ഭർത്താവിനു ഭാര്യയോടുളള സ്നേഹംപോലെ സഭയോടു ക്രിസ്തുവിനുളള സ്നേഹത്തെക്കുറിച്ചും പൗലൊസ് എഴുതി. (2 കൊരി. 11:2; എഫെ. 5:23-27) യേശുക്രിസ്തു അവരുടെ നല്ല ഇടയനാണെന്നു മാത്രമല്ല, സ്വർഗത്തിൽ തന്നോടുളള “വിവാഹ”ത്തിന്റെ അവർണനീയമായ സന്തോഷം തന്റെ അനുഗാമികൾക്കു നീട്ടിക്കൊടുക്കുന്ന അവരുടെ രാജാവുകൂടെയാണ്.—വെളി. 19:9; യോഹ. 10:11.
18. ക്രിസ്തുയേശുവിന്റെ അഭിഷിക്താനുഗാമികൾക്ക് ഏതു വിധത്തിൽ ശൂലേമ്യബാലികയുടെ മാതൃകയിൽനിന്നു പ്രയോജനമനുഭവിക്കാവുന്നതാണ്?
18 തീർച്ചയായും ക്രിസ്തുയേശുവിന്റെ ഈ അഭിഷിക്താനുഗാമികൾക്കു ശൂലേമ്യബാലികയുടെ ദൃഷ്ടാന്തത്തിൽനിന്നു വളരെയധികം പഠിക്കാൻ കഴിയും. അവരും തങ്ങളുടെ സ്നേഹത്തിൽ വിശ്വസ്തരും ലോകത്തിലെ ഭൗതികത്വ തിളക്കത്താൽ വശീകരിക്കപ്പെടാത്തവരുമായി പ്രതിഫലലബ്ധിവരെ തങ്ങളുടെ നിർമലതയിൽ സമനില പാലിക്കുന്നവരായിരിക്കണം. അവർ മീതെയുളള കാര്യങ്ങളിൽ തങ്ങളുടെ മനസ്സു പതിപ്പിക്കുകയും ‘ഒന്നാമതു രാജ്യം അന്വേഷിക്കുകയും ചെയ്യുന്നു.’ അവർ തങ്ങളുടെ ഇടയന്റെ, യേശുക്രിസ്തുവിന്റെ, സ്നേഹനിർഭരമായ പ്രീതിപ്രകടനങ്ങളെ സ്വാഗതംചെയ്യുന്നു. കാണപ്പെടുന്നില്ലെങ്കിലും ഈ പ്രിയൻ ധൈര്യപ്പെടാനും ലോകത്തെ ജയിക്കാനും ആഹ്വാനംചെയ്തുകൊണ്ടു തങ്ങളുടെ സമീപത്തുണ്ടെന്ന് അറിയുന്നതിൽ അവർക്ക് അതീവസന്തോഷമുണ്ട്. തങ്ങളുടെ ഇടയരാജാവിനോടു “യാഹിന്റെ ജ്വാല”പോലെ ശക്തമായ അശമനീയ സ്നേഹമുളളതുകൊണ്ട് അവർ തീർച്ചയായും ജയംകൊളളുകയും മഹത്ത്വമാർന്ന സ്വർഗീയരാജ്യത്തിന്റെ കൂട്ടവകാശികളെന്ന നിലയിൽ തന്നോടു ചേർക്കപ്പെടുകയും ചെയ്യും. അങ്ങനെ യാഹിന്റെ നാമം വിശുദ്ധീകരിക്കപ്പെടും!—മത്താ. 6:33; യോഹ. 16:33.
[അടിക്കുറിപ്പുകൾ]
b ക്ലാർക്കിന്റെ ഭാഷ്യം, വാല്യം III, പേജ് 841.