മലങ്കാക്ക അതിനെ വ്യത്യസ്തമാക്കുന്നതെന്ത്?
കാനഡയിലെ ഉണരുക! ലേഖകൻ
This paragraph is not in vernacular
ഇരുണ്ട നിറവും വിഷാദം മുറ്റിനിൽക്കുന്ന ശബ്ദവുമുള്ള ഈ പക്ഷിക്ക് അസാധാരണമായ എന്തെങ്കിലും സവിശേഷതയുള്ളതായി ആരെങ്കിലും കരുതുമോ? എന്തിന്, പക്ഷികളെക്കുറിച്ച് അറിവില്ലാത്ത ഒരു വ്യക്തിക്ക് ഒറ്റ നോട്ടത്തിൽ ഇതു വലിയൊരു കാക്കയാണെന്നേ തോന്നൂ. മലങ്കാക്ക, അതിന്റെ കുടുംബത്തിൽപ്പെട്ട കടും നീലനിറത്തിലുള്ള ചിറകുകളോടുകൂടിയ മണികണ്ഠൻപക്ഷിയെപ്പോലെ അത്ര പെട്ടെന്നു ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. കൂടാതെ, കുരികിൽ അല്ലെങ്കിൽ ഗായകപ്പക്ഷികളുടെ കൂട്ടത്തിലാണു മലങ്കാക്കയെ പെടുത്തിയിരിക്കുന്നതെങ്കിലും അതിന്റെ ശബ്ദം ഒരു ഗാനമായി ആരും കരുതുകയില്ല. എങ്കിലും, ഈ പക്ഷിയെ താഴ്ത്തിമതിക്കരുത്. മധുരമായി പാടാനുള്ള കഴിവും വർണാഭമായ ശരീരവും ഇല്ലെങ്കിലും മറ്റനേകം വിധങ്ങളിൽ ഇത് ആ കുറവുകൾ നികത്തുന്നു. മലങ്കാക്കയ്ക്കു തനതായ സൗന്ദര്യവും സവിശേഷതകളുമുണ്ട്. വാസ്തവത്തിൽ, പല പക്ഷിശാസ്ത്രജ്ഞന്മാരും മലങ്കാക്കയെ തനിച്ച് ഒരു വർഗത്തിൽ പെടുത്തിയിരിക്കുന്നു.
വ്യതിരിക്ത സവിശേഷതകൾ
കാക്കക്കുടുംബത്തിൽവെച്ച് (കോർവിഡേ) ഏറ്റവും വലുതും തലയെടുപ്പുള്ളതും സാധാരണ മലങ്കാക്ക (കോർവസ് കോറേക്സ്) ആണ്. സാധാരണ കാക്കയുടേതിനെക്കാൾ രണ്ടിരട്ടി തൂക്കമുള്ള അതിന് 60 സെൻറിമീറ്റർ നീളം കാണും. വിടർത്തിനിൽക്കുന്ന ചിറകുകളുടെ മൊത്തം നീളം ഏകദേശം ഒരു മീറ്ററാണ്. കാക്കയുടേതിൽനിന്നു വ്യത്യസ്തമായി അതിന് കൂറേക്കൂടെ ഭാരിച്ച കൊക്കും നീളത്തിൽ, ആപ്പിന്റെ ആകൃതിയിലുള്ള വാലുമുണ്ട്. അടുത്തു നിരീക്ഷിച്ചാൽ മലങ്കാക്കയെ തിരിച്ചറിയിക്കുന്ന, കഴുത്തിനുചുറ്റുമുള്ള നീണ്ടുവളർന്ന തൂവലുകളും കാണാം. മറ്റു കാക്കകൾ ചിറകടിച്ചു വട്ടമിട്ടു പറക്കുമ്പോൾ മലങ്കാക്ക ഉയർന്നു പറക്കുന്നതിൽ പേരുകേട്ടതാണ്.
ചേക്കേറും പക്ഷികളിൽ ഏറ്റവും വലിയതു മലങ്കാക്കയാണെന്നു കണക്കാക്കുന്നു. ഒരു മരശിഖരത്തിൽ ചേക്കേറിയിരിക്കുന്ന ഈ വലിയ പക്ഷിയെ നിരീക്ഷിച്ചാൽ അതു വീണുപോകാതെ മരക്കൊമ്പിലിരിക്കുന്നത് എങ്ങനെയെന്നു നിങ്ങൾ അതിശയിക്കും. ഒരു ശിഖരത്തിലോ കമ്പിലോ അള്ളിപ്പിടിക്കുന്നതിനായി ഇരു പാദത്തിന്റെയും പുറകിലായി അതിനു ബലിഷ്ഠമായ നഖര് (claw) ഉണ്ട്; എങ്കിലും അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ രഹസ്യം അന്തർനിർമിത പൂട്ടൽസംവിധാനമാണ്. ആ പക്ഷി മരക്കൊമ്പിലിരിക്കുമ്പോൾ പേശികളും ഉപപേശികളും സ്വതവേ അതിന്റെ കാൽവിരലുകളെ ഒരു മുഷ്ടിപോലെ ശക്തിപ്പെടുത്തുന്നു. മലങ്കാക്ക എല്ലാറ്റിനും ഉപയോഗിക്കുന്ന അതിന്റെ ബലിഷ്ഠമായ പാദങ്ങൾ നടക്കാനും മാന്താനും പറ്റുന്ന തരത്തിലുള്ളതാണ്. അതുകൊണ്ട്, വിവിധ സ്ഥലങ്ങളിൽനിന്നു തീറ്റ ശേഖരിക്കാൻ അതിനു നല്ല കഴിവുണ്ട്.
“കറുത്ത മിന്നൽപ്പിണ”രിന്റെ ആവാസവും പറക്കലും
ഏതാനും ചില പക്ഷികൾക്കുമാത്രമേ മലങ്കാക്കയുടേതുപോലെ വലിയ ആവാസമുള്ളൂ. അതു വാസ്തവത്തിൽ ചുറ്റിത്തിരിയുന്ന ഒരു പക്ഷിയാണ്. ഉത്തരാർധഗോളത്തിന്റെ പല ഭാഗങ്ങളിലും അതിനെ കാണാവുന്നതാണ്. മരുപ്രദേശങ്ങൾ; കാനഡയിലെയും സൈബീരിയയിലെയും നിത്യഹരിത വനങ്ങൾ—ഇവിടെ അതു ചുള്ളിക്കമ്പുകളും ലഭ്യമായ മറ്റു വസ്തുക്കളുംകൊണ്ട് ഉയരമുള്ള വൃക്ഷങ്ങളിൽ സങ്കീർണമായ കൂടുകൂട്ടുന്നു; വടക്കേ അമേരിക്കയിലെയും സ്കാൻഡിനേവിയയിലെയും കടലിലെ കിഴുക്കാംതൂക്കായ പാറമടക്കുകൾ; ആർട്ടിക് സമുദ്രത്തിലെ ഉത്തര ധ്രുവസമതലപ്രദേശങ്ങൾ, ദ്വീപുകൾ എന്നിങ്ങനെ ഭൂമിശാസ്ത്രപരമായി വൈജാത്യമുള്ള പ്രദേശങ്ങളിൽ അവ ജീവിക്കുന്നു. അതിന്റെ സാധാരണ വാസസ്ഥലം മരുഭൂമിയിലാണെന്നു കാണപ്പെടുന്നു. കാരണം, മലങ്കാക്ക പൊതുവേ ഒരു മരുപ്പക്ഷിയാണ്.
അതിന്റെ വൈജാത്യമുള്ള വാസസ്ഥലത്തിന്റെ ദൃഷ്ടാന്തങ്ങൾ ബൈബിൾ ദേശത്തു കാണാവുന്നതാണ്. വലിയ കറുത്ത മലങ്കാക്കകളിൽ രണ്ട് ഇനം അവിടെയാണ് ജീവിക്കുന്നത്. ഒന്ന്, നീണ്ടുപരന്നു കിടക്കുന്ന തെക്കു ഭാഗത്തുള്ള മരുഭൂമിയിൽ കൂടുവെക്കുമ്പോൾ മറ്റേത് വടക്കു ഭാഗത്തു വസിക്കുന്നു. കറുത്ത മലങ്കാക്കകൾ മലയിടുക്കുകളുടെ പോതുകളിലും വിടവുകളിലും കൂടുകൂട്ടുന്നു. കെരീത്തിലെ നീരൊഴുക്കുള്ള താഴ്വരയിൽ ഏലിയാവ് ഒളിച്ചിരുന്നപ്പോൾ അവനെ പോറ്റാൻ യഹോവ ഉപയോഗിച്ചതു മലങ്കാക്കകളെയായിരുന്നു. (1 രാജാക്കന്മാർ 17:3-6, NW) ഏദോമിന്റെ ‘പാഴ്സ്ഥലത്തും ശൂന്യത്തിന്റെ തൂക്കുകട്ടിയിലും’ നിവസിക്കുന്ന മലങ്കാക്കകളെക്കുറിച്ചുള്ള യെശയ്യാവിന്റെ വൃത്താന്തവും അവയുടെ വാസസ്ഥലത്തിന്റെ വർണനയാണ്.—യെശയ്യാവു 34:11.
മലങ്കാക്കകൾ കെങ്കേമരായ പറവകളാണ്. താഴെ, നിലത്തു തീറ്റയ്ക്കുവേണ്ടി പരതിക്കൊണ്ട് അവ വലിയ വട്ടത്തിൽ അനായാസം ഉയർന്നുപറക്കുന്നതു കാണാൻ നല്ല ചന്തമാണ്. കരണംമറിഞ്ഞുകൊണ്ടും അൽപ്പസമയത്തേക്കു തലകീഴായി പറന്നുകൊണ്ടുപോലും അവ വായുവിൽ അഭ്യാസം കാണിക്കുന്നു, വിശേഷിച്ച് പ്രേമാഭ്യർഥന നടത്തുമ്പോൾ. ചില സമയങ്ങളിൽ വെറും ആനന്ദത്തിനായും അവ അങ്ങനെ ചെയ്യുന്നതായി കാണപ്പെടുന്നു. മലങ്കാക്കയുടെ പറക്കൽ റേവൻസ് ഇൻ വിന്റർ എന്ന പുസ്തകത്തിൽ ബെർൻറ് ഹൈൻറിക് യഥോചിതം വർണിക്കുന്നു: “ആകാശത്തുനിന്ന് അത് ഒരു കറുത്ത മിന്നൽപ്പിണർപോലെ ഊളിയിട്ട് മറിയുന്നു അല്ലെങ്കിൽ ചിറകടിക്കാതെ നിർവിഘ്നം പറക്കുന്നു.” “അത് ആകാശത്തിലെ വിശിഷ്ട പക്ഷിയാണ്, ഇതിലുമധികം കഴിവുകൾ അതിനുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രളയസമയത്തു പെട്ടകത്തിൽനിന്ന് ആദ്യമായി പുറത്തുവിടാൻ നോഹ മലങ്കാക്കയെ തിരഞ്ഞെടുത്തതിനുള്ള കാരണം അതിന്റെ പറക്കൽ ശക്തിയാണെന്നു കരുതപ്പെടുന്നു.—ഉല്പത്തി 8:6, 7.
സാഹചര്യവുമായി ഇണങ്ങുന്ന തന്ത്രശാലികളായ കള്ളന്മാർ
പക്ഷികളിൽവെച്ച് സാഹചര്യവുമായി ഏറ്റവുമധികം ഇണങ്ങുന്ന തന്ത്രശാലിയായ ഒന്നാണു മലങ്കാക്കയെന്നു പ്രകൃതിശാസ്ത്രജ്ഞന്മാർ പറയുന്നു. ഒരു പ്രസിദ്ധീകരണം പറയുന്നതുപോലെ “അതിന്റെ സൂത്രം ഐതിഹാസികമാണ്.” ഏതു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴും, പ്രത്യേകിച്ച് ആഹാരത്തിന്റെ കാര്യത്തിൽ, നിലവിലുള്ള ചുറ്റുപാടുകളുമായി ഇണങ്ങിപ്പോകാനുള്ള വെല്ലുവിളിയെ മലങ്കാക്ക വിജയകരമായി നേരിടുന്നതായി തെളിഞ്ഞിരിക്കുന്നു. തീർച്ചയായും, തീറ്റയുടെ കാര്യത്തിൽ നിർബന്ധം പിടിക്കാത്തതു നല്ലതുതന്നെ! നഖരുകൾകൊണ്ടു പിടിക്കാവുന്നതെന്തും—പഴങ്ങൾ, വിത്തുകൾ, അണ്ടിപ്പരിപ്പ്, മത്സ്യം, അഴുകിയ മാംസം, കൊച്ചു മൃഗങ്ങൾ, ഉച്ഛിഷ്ടം തുടങ്ങിയവ—മലങ്കാക്ക തിന്നും. തീറ്റ എവിടെനിന്നു കിട്ടുന്നുവെന്നതൊന്നും അതിനൊരു വിഷയമല്ല. താപനില പൂജ്യം ഡിഗ്രിക്കുതാഴെ വരുന്ന കാലാവസ്ഥയുള്ള അതിന്റെ വാസസ്ഥലത്ത് ചപ്പുചവറു നിറഞ്ഞ പ്ലാസ്റ്റിക്ക് സഞ്ചികൾ ചികയാൻ അതു മഞ്ഞിൽ ആഴത്തിൽ കുഴിക്കുകപോലും ചെയ്യുന്നു. കൂടാതെ, എങ്ങനെയും ആഹാരം കിട്ടുമെന്നു മണത്തറിഞ്ഞ് മലങ്കാക്കകൾ നായാട്ടുകാരെയും മീൻപിടുത്തക്കാരെയും ദിവസങ്ങളോളം പിന്തുടരും.
കോർവിഡേ അല്ലെങ്കിൽ കാക്കക്കുടുംബത്തിലെ അംഗങ്ങൾ പെരുങ്കള്ളന്മാരാണ്. മലങ്കാക്കകളും ഇതിൽനിന്നു വ്യത്യസ്തരല്ല. മറ്റു പക്ഷികളിൽനിന്നോ മൃഗങ്ങളിൽനിന്നോ ആഹാരം മോഷ്ടിക്കാൻ അവയ്ക്ക് ഒരു മടിയുമില്ല. ഇവ നായ്ക്കളെയും കബളിപ്പിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. രണ്ടു മലങ്കാക്കകളായിരിക്കും മാറിമാറി കബളിപ്പിക്കുന്നത്—ഒന്ന് നായുടെ ശ്രദ്ധ തിരിക്കുമ്പോൾ മറ്റേത് ആഹാരം തട്ടിയെടുക്കും. ഒരു ഇന്യൂട്ട് ചിത്രപ്പണിയിൽ, തന്ത്രശാലിയായ ഒരു മലങ്കാക്ക ഒരു ഐസ്-മീൻപിടുത്തക്കാരന്റെ പക്കൽനിന്നു മീൻ തട്ടിയെടുക്കുന്നതു ചിത്രീകരിച്ചിരിക്കുന്നു.
മലങ്കാക്കകളും ചെന്നായ്ക്കളും തമ്മിൽ ഒരു പ്രത്യേക അടുപ്പമുണ്ട്. അവ നിത്യവും ചെന്നായ്ക്കൂട്ടങ്ങളെ പിന്തുടരുന്നു, ചെന്നായ്ക്കൾ വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളെ തിന്നുന്നു. എന്നാൽ, ഇവിടെയും അവ ചിരിപ്പിക്കുന്ന ചില വിദ്യകൾ കാട്ടുന്നു. മലങ്കാക്കകൾ ചെന്നായ്ക്കളെ കബളിപ്പിക്കുന്നതു കണ്ടതായി ഡേവിഡ് മെക് രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു മലങ്കാക്കയുടെ കഥ പറയുന്നു. വിശ്രമിച്ചുകൊണ്ടിരുന്ന ഒരു ചെന്നായുടെ അടുക്കലേക്ക് അതു ചാടിച്ചാടി ചെന്ന് ചെന്നായുടെ വാലിൽ കൊത്തി. ചെന്നായ് അതിനെ പിടിക്കാനാഞ്ഞപ്പോൾ അതു മറുവശത്തേക്കു ചാടി. ചെന്നായ് മലങ്കാക്കയുടെ പിന്നാലെ പാത്തുംപതുങ്ങിയും ചെന്നു. എന്നാൽ, ചെന്നായ് തൊട്ടുപിന്നിലെത്തിയപ്പോഴാണ് അതു പറന്നത്. പിന്നെ അതു ചെന്നായ് ഇരിക്കുന്നതിന് ഏതാനും അടി അകലെ വന്നിരുന്ന് അതേ കൃത്യം ആവർത്തിക്കുകയായി. ചെന്നായ്ക്കുഞ്ഞുങ്ങളുമൊത്ത് ‘തൊട്ടുകളിക്കുന്ന’ ഒരു മലങ്കാക്കയെക്കുറിച്ച് മറ്റൊരു വിവരണം പറയുന്നു. ചെന്നായ്ക്കുഞ്ഞുങ്ങൾ കളിച്ചു ക്ഷീണിച്ചപ്പോൾ, അവ വീണ്ടും കളിക്കാൻ തുടങ്ങുന്നതുവരെ മലങ്കാക്ക ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് ഇരുന്നത്രെ.
ചരിഞ്ഞ, ലോഹനിർമിതമേൽക്കൂരകളുള്ള വാണിജ്യകെട്ടിടങ്ങളിൽ ചേക്കേറിയ ചില മലങ്കാക്കകളെക്കുറിച്ചു യെല്ലോനൈഫിലെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽനിന്നു പ്രക്ഷേപണം ചെയ്ത ഒരു റേഡിയോ പരിപാടിയെപ്പറ്റി കനേഡിയൻ ജിയോഗ്രഫിക് മാഗസിൻ പ്രതിപാദിക്കുകയുണ്ടായി. ഒന്നുമറിയാതെ കടന്നുപോകുന്ന കാൽനടക്കാരുടെ ശരീരത്തിലേക്കു മേൽക്കൂരകളിൽ കുമിഞ്ഞുകൂടിയിരുന്ന മഞ്ഞു തട്ടിയിടാൻ അവ കാത്തിരുന്നതുപോലെ വെളിവായി. കാനഡയിലെ പശ്ചിമ തീരത്തുള്ള ഹൈഡ ആളുകൾ മലങ്കാക്കയെ സൂത്രക്കാരൻ എന്നു വിളിക്കുന്നതിൽ അത്ഭുതപ്പെടാനില്ല!
ഉച്ചാരണവും പഠനപ്രാപ്തിയും
മലങ്കാക്കയുടെ “ശബ്ദസഞ്ചയം” അസാധാരണമാംവിധം വലിയതും വ്യത്യസ്തവുമാണ്. നിരന്തരം ശല്യപ്പെടുത്തുന്നതിന്റെ അടയാളമായി തിരിച്ചറിയിക്കുന്ന ഉച്ചത്തിലുള്ള കാതുതുളയ്ക്കുന്ന ശബ്ദത്തിനുപുറമേ അതിന്റെ ശബ്ദത്തിൽ ആർദ്രതയും സന്തോഷവും അത്ഭുതവും ഉത്സാഹവും ദേഷ്യവും പ്രകടമാകുന്നതായി പറയപ്പെടുന്നു. തങ്ങളുടെ ശബ്ദപരിധിക്കുള്ളിൽപ്പെടുന്ന മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കാനും—വിശേഷിച്ച് ഒരു കാക്കയുടെ ശബ്ദം കൃത്യമായി അനുകരിക്കാനും—മലങ്കാക്കകൾക്കു കഴിയും.
മലങ്കാക്കകളെ എത്രത്തോളം സംസാരിക്കാൻ പഠിപ്പിക്കാം എന്നതു ചെറിയൊരു തർക്കവിഷയമാണ്. എങ്കിലും ബേർഡ് ബ്രെയിൻസ് എന്ന തന്റെ പുസ്തകത്തിൽ കാൻഡെസ് സാവേജ്, ഇണക്കിയെടുത്ത ചില മലങ്കാക്കകളെ മനുഷ്യസംസാരം അനുകരിക്കാൻ പഠിപ്പിച്ചിട്ടുള്ളതിന്റെ രേഖകൾ നൽകുന്നു. എഡ്ഗർ അലൻ പോ എന്ന കവി ഒരു മലങ്കാക്കയെ സ്വന്തമാക്കി വിഷാദം കലർന്ന ശബ്ദത്തിൽ “ഒരിക്കലുമില്ല” എന്ന് അതിനെക്കൊണ്ട് ഉരുവിടുവിക്കാൻ കഠിനപ്രയത്നം നടത്തിയതായി പറയപ്പെടുന്നു. “ഒരു ചെറുപ്പക്കാരൻ തന്റെ പ്രിയപ്പെട്ടവളുടെ മരണത്തിൽ വിലപിക്കുന്നത്” വർണിച്ചിരിക്കുന്ന ദ റേവൻ എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ കവിതയ്ക്കു പ്രചോദനമേകിയത് ഇതായിരുന്നു.
മലങ്കാക്കയുടെ പഠനപ്രാപ്തിയെക്കുറിച്ച് ഒട്ടും തർക്കമില്ല. ബുദ്ധിശക്തി അനുസരിച്ചു തരംതിരിക്കുകയാണെങ്കിൽ പട്ടികയിൽ ഒന്നാമത്തെ സ്ഥാനം മലങ്കാക്കയ്ക്കായിരിക്കും. മലങ്കാക്കകൾ “പക്ഷിലോകത്തിലെ ബുദ്ധിശക്തിക്കു മകുടോദാഹരണമാണെന്നു വിചാരിക്കു”ന്നതായി വയൽ സസ്യശാസ്ത്രജ്ഞനായ ബേർൻറ് ഹെൻറിച്ച് അഭിപ്രായപ്പെടുന്നു. “പരീക്ഷണത്തിനു വിധേയമാക്കുമ്പോൾ മലങ്കാക്കകൾ ഉൾക്കാഴ്ച പ്രകടിപ്പിക്കുന്ന”തായി അദ്ദേഹം പറയുന്നു. ഒരു പരീക്ഷണത്തിൽ, ചരടിൽ തൂക്കിയിട്ടിരുന്ന ഒരു മാംസക്കഷണം കൈക്കലാക്കേണ്ട വിധം ഒരു മലങ്കാക്ക ആറു മണിക്കൂർകൊണ്ട് കണ്ടെത്തി. എന്നാൽ കാക്കകൾ 30 ദിവസത്തിനുശേഷവും അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. മലങ്കാക്കകളെ എണ്ണാനും പഠിപ്പിച്ചിട്ടുണ്ട്. അവയുടെ ബുദ്ധി ദീർഘായുസ്സിനു കാരണമായേക്കാം. മലങ്കാക്കകൾ വനത്തിൽ 40-ലേറെ വർഷംവരെയും കൂട്ടിൽ വളർത്തുമ്പോൾ 70 വർഷംവരെയും ജീവിക്കുന്നു. തീർച്ചയായും, മലങ്കാക്കയുടെ ഏതു പ്രാപ്തിക്കും ബഹുമതി കരേറ്റേണ്ടത് അതിനെ സൃഷ്ടിച്ചവന്റെ ജ്ഞാനത്തിനുതന്നെ.
ഈ പക്ഷി പരക്കെ അറിയപ്പെടുന്നു. അതിന്റെ സവിശേഷതകൾ അറിയുന്നവർ അതിനെ വിലമതിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളുടെ പഴങ്കഥകളിൽ അതു സ്ഥാനംപിടിച്ചിരിക്കുന്നു. ഗതകാലത്തെയും ഏതൽക്കാലത്തെയും എഴുത്തുകാർ അതിനെ പ്രസിദ്ധമാക്കിയിരിക്കുന്നു. (24-ാം പേജിലുള്ള ചതുരം കാണുക.) അതേ, മലങ്കാക്ക അങ്ങേയറ്റം രസകരമായ സ്വഭാവവിശേഷതകളുള്ള ഒരു പക്ഷിയാണ്. പക്ഷേ അതിന്റെ സൗന്ദര്യത്തെക്കുറിച്ച് എന്തു പറയാൻ കഴിയും?
തനതായ സൗന്ദര്യം
‘കുറുനിരകൾ കാക്കയെപ്പോലെ [“മലങ്കാക്ക,” NW] കറുത്തത്’ എന്നു കേട്ടിട്ടില്ലേ? (ഉത്തമഗീതം 5:11) മഴവില്ലുപോലെ വർണശബളമായ ചാരനിറംകലർന്ന നീലയും പർപ്പിൾ നിറവുമുള്ള—ചിലപ്പോൾ തൂവലുകൾക്കടിയിൽ പച്ചയുടെ സ്പർശവും ഉണ്ടായിരിക്കും—അതിന്റെ തിളങ്ങുന്ന കറുത്ത പുറംതൂവലുകൾ ഇംഗ്ലീഷിൽ അതിനെ വിളിക്കുന്ന “റേവൻ” എന്ന പദത്തിന് ശരിയായ അർഥം നൽകുന്നു. മതിപ്പുളവാക്കുന്ന ആകാരത്തോടും തിളങ്ങുന്ന കറുത്ത ചിറകുകളോടുംകൂടിയ മലങ്കാക്ക അതിന്റെ മണലാരണ്യ ഭവനത്തിന്റെ തരിശു നിലങ്ങളിൽ വ്യതിരിക്തമായി നിലകൊള്ളുന്നതു വിഭാവന ചെയ്യുക. അല്ലെങ്കിൽ കറുത്തു വെട്ടിത്തിളങ്ങുന്ന ഈ പക്ഷിയും വീണുകിടക്കുന്ന ശുദ്ധമായ പുതുമഞ്ഞും തമ്മിലുള്ള വൈരുദ്ധ്യം സങ്കൽപ്പിച്ചുനോക്കുക. കലാകാരന്മാർ മലങ്കാക്കയുടെ സൗന്ദര്യത്തെ പകർത്തിയിട്ടുണ്ട്. കലാകാരനായ റോബർട്ട് ബേറ്റ്മാൻ അനുസ്മരിക്കുന്നു: “ശക്തമായ, നല്ല വെളിച്ചമുള്ള ഒരു ഭൂപ്രദേശമായ യെല്ലോസ്റ്റോൺ പാർക്കിലെ വിശിഷ്ടമായ, മഞ്ഞുപുതച്ച മലനിരകളാൽ ഞാൻ ആകൃഷ്ടനായി. ഒരു മലങ്കാക്കയുടെ വിശിഷ്ടമായ ആകാരവുമായി നല്ല ചേർച്ചയായിരുന്നു അതിന്.”
വാസ്തവമായും, സൗന്ദര്യത്തിലും ചരിത്രത്തിലും ആവാസത്തിലും പറക്കലിലും സൂത്രത്തിലും നിശ്ചയദാർഢ്യത്തിലും മലങ്കാക്ക വ്യതിരിക്തമായ ഒരു പക്ഷിതന്നെ.
[24-ാം പേജിലെ ചതുരം]
മലങ്കാക്ക ഇതിഹാസങ്ങളിലും സാഹിത്യങ്ങളിലും
ഇതിഹാസങ്ങൾ:
ചൈനീസ്, ഈജിപ്ഷ്യൻ, ഗ്രീക്ക്, സെമിറ്റിക്, സൈബീരിയൻ എന്നീ ഭാഷകളിലെ ഇതിഹാസങ്ങൾ മലങ്കാക്കയെ കൊടുങ്കാറ്റോ മോശമായ കാലാവസ്ഥയോ മുൻകൂട്ടിപ്പറയുന്ന ഒന്നായി ചിത്രീകരിക്കുന്നു. ഒരുപക്ഷേ അത്തരം ഇതിഹാസങ്ങളുടെ ഉറവിടം നോഹയുടെ കാലത്തെ പ്രളയമായിരിക്കണം.
സൈബീരിയയിലെ ഇതിഹാസങ്ങളിൽ മലങ്കാക്ക ജീവനെയും സൃഷ്ടിപ്പിനെയും അർഥമാക്കുന്നു. വടക്കേ അമേരിക്കയിൽ ആദിവാസികൾക്ക് അത് സൃഷ്ടിപ്പിൻ ദൈവമാണ്.
ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഇതിഹാസങ്ങളിൽ മലങ്കാക്ക മരണത്തെ അർഥമാക്കുന്നു.
സാഹിത്യം:
ബൈബിളിൽ ആദ്യമായി പേരെടുത്തു പറഞ്ഞിരിക്കുന്ന പക്ഷിയെന്ന നിലയിൽ മലങ്കാക്ക വ്യത്യസ്തമാണ്.—ഉല്പത്തി 8:7.
ഷേക്സ്പിയറിന്റെ രചനകളിൽ മലങ്കാക്കയെ മുഖ്യമായും ദുശ്ശകുനവും ദുഷ്ടശക്തിയുമായി ചിത്രീകരിച്ചിരിക്കുന്നു (ജൂലിയസ് സീസർ, മാക്ബത്ത്, ഒഥല്ലോ). എന്നാൽ, ഉപേക്ഷിക്കപ്പെട്ട കുട്ടികളെ പോറ്റുന്ന ഉപകർത്താവായും അവയെ ചിത്രീകരിച്ചിരിക്കുന്നു.—റ്റൈറ്റസ് അഡ്രോണിക്കസ്, ദ വിന്റേഴ്സ് ടെയ്ൽ.
ബാർനബീ റഡ്ജ് എന്ന പുസ്തകത്തിൽ ചാൾസ് ഡിക്കൻസ് ഒരു രസിക കഥാപാത്രമായി മലങ്കാക്കയെ ചിത്രീകരിക്കുന്നു.
ദ റേവൻ എന്ന തന്റെ കവിതയിൽ എഡ്ഗർ അലൻ പോ നഷ്ടസ്നേഹത്തോടും നിരാശയോടും മലങ്കാക്കയെ ബന്ധപ്പെടുത്തിയിരിക്കുന്നു.
[25-ാം പേജിലെ ചതുരം]
പഠിക്കേണ്ട പാഠങ്ങൾ
മലങ്കാക്കയിൽ നിന്നു പഠിക്കേണ്ടതായ പാഠങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം പുത്രൻതന്നെയാണു മലങ്കാക്കയെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്: “അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു.” (ലൂക്കൊസ് 12:24, NW) അതിന്റെ ഭവനം മിക്കതും ആളൊഴിഞ്ഞ സ്ഥലങ്ങളിലായതുകൊണ്ട് വളരെ ദൂരെപ്പോയി തീറ്റി തേടേണ്ടിവരും. മലങ്കാക്കകൾ ആയുഷ്കാലത്തിൽ ഒരു ഇണയെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. കൂടാതെ അവ അർപ്പിത മാതാപിതാക്കളുമായിരിക്കും. കൂടുകൂട്ടുമ്പോൾ അവയുടെ വിശന്നുവലഞ്ഞ കുഞ്ഞുങ്ങളുടെ കരച്ചിൽ ശമിപ്പിക്കാൻ ആഹാരം നിരന്തരം എത്തിച്ചുകൊടുക്കേണ്ടതുണ്ട്. സൃഷ്ടിപ്പിൽ തെളിഞ്ഞുകാണുന്ന ജ്ഞാനം സംബന്ധിച്ച് ഇയ്യോബിനെ പഠിപ്പിച്ചപ്പോൾ യഹോവ ഒരു ഉദാഹരണമെന്ന നിലയിൽ മലങ്കാക്കയെ ഉൾപ്പെടുത്തി. (ഇയ്യോബ് 38:41, NW) മോശൈക ന്യായപ്രമാണത്തിൽ അശുദ്ധമെന്നു പ്രഖ്യാപിക്കപ്പെട്ട മലങ്കാക്കയ്ക്ക് ദൈവം ആഹാരം പ്രദാനം ചെയ്യുന്നതുകൊണ്ട്, അവനിൽ ആശ്രയിക്കുന്ന ആളുകളെ അവൻ ഉപേക്ഷിക്കുകയില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Ravens on pages 23-5: © 1996 Justin Moore