അധ്യായം 7
സംരക്ഷിക്കുന്നതിനുള്ള ശക്തി—‘ദൈവം നമ്മുടെ സങ്കേതം ആകുന്നു’
1, 2. ഇസ്രായേല്യർ പൊ.യു.മു. 1513-ൽ സീനായി പ്രദേശത്തു പ്രവേശിച്ചപ്പോൾ ഏത് അപകടാവസ്ഥയിലായിരുന്നു, യഹോവ അവരെ ആശ്വസിപ്പിച്ചത് എങ്ങനെ?
ഇസ്രായേല്യർ പൊ.യു.മു. 1513-ൽ സീനായി പ്രദേശത്ത് എത്തിയപ്പോൾ അവർ അപകടകരമായ ഒരവസ്ഥയിലായിരുന്നു. “അഗ്നിസർപ്പവും തേളും . . . ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി”യുള്ള ദുർഘടമായ ഒരു യാത്രയാണ് അവരുടെ മുന്നിലുണ്ടായിരുന്നത്. (ആവർത്തനപുസ്തകം 8:15) ശത്രുജനതകളുടെ ആക്രമണ ഭീഷണിയെയും അവർ അഭിമുഖീകരിച്ചു. യഹോവയാണ് തന്റെ ജനത്തെ ആ അവസ്ഥയിലേക്കു വരുത്തിയത്. അവരുടെ ദൈവമെന്ന നിലയിൽ, അവരെ സംരക്ഷിക്കാൻ അവൻ പ്രാപ്തനായിരിക്കുമോ?
2 യഹോവയുടെ വാക്കുകൾ വളരെ ആശ്വാസദായകമായിരുന്നു: “ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ.” (പുറപ്പാടു 19:4) തന്റെ ജനത്തെ ഈജിപ്തുകാരിൽനിന്നു വിടുവിച്ച്, ആലങ്കാരികമായി പറഞ്ഞാൽ, കഴുകന്മാരെ ഉപയോഗിച്ച് താൻ അവരെ സുരക്ഷിത സ്ഥലത്തേക്കു വഹിച്ചുകൊണ്ടുവന്നതായി യഹോവ അവരെ അനുസ്മരിപ്പിച്ചു. ‘കഴുകന്മാരുടെ ചിറകുകൾ’ ഉചിതമായി ദിവ്യസംരക്ഷണത്തെ ചിത്രീകരിച്ചതിനു മറ്റു കാരണങ്ങളും ഉണ്ടായിരുന്നു.
3. ‘കഴുകന്മാരുടെ ചിറകുകൾ’ ഉചിതമായി ദിവ്യ സംരക്ഷണത്തെ ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?
3 കഴുകന്മാർ അവയുടെ വിശാലവും ബലിഷ്ഠവുമായ ചിറകുകൾ ഉപയോഗിക്കുന്നത് പറക്കാൻ മാത്രമല്ല. പകലത്തെ ചൂടിൽ ഒരു തള്ളക്കഴുകൻ അതിന്റെ ചിറകുകൾ രണ്ടു മീറ്ററിലധികം വിസ്താരത്തിൽ വില്ലുപോലെ വിരിച്ച് തന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പൊള്ളുന്ന ചൂടിൽനിന്നു സംരക്ഷിക്കാൻ ഒരു മറ സൃഷ്ടിക്കുന്നു. മറ്റു സമയങ്ങളിൽ, തന്റെ കുഞ്ഞുങ്ങളെ തണുത്ത കാറ്റിൽനിന്നു സംരക്ഷിക്കാൻ തള്ളപ്പക്ഷി അവയെ ചിറകുകൾകൊണ്ടു പൊതിയുന്നു. കഴുകൻ അതിന്റെ കുഞ്ഞിനെ കാത്തുസൂക്ഷിക്കുന്നതുപോലെ, പുതുതായി രൂപംകൊണ്ട ഇസ്രായേൽ ജനതയെ യഹോവ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, അവർ വിശ്വസ്തരായി നിലകൊള്ളുന്നിടത്തോളം കാലം, ആ മരുഭൂമിയിൽ അവന്റെ ബലമുള്ള ചിറകിൻ കീഴിൽ തുടർന്നും അഭയം പ്രാപിക്കാൻ അവർക്കു കഴിയുമായിരുന്നു. (ആവർത്തനപുസ്തകം 32:9-11; സങ്കീർത്തനം 36:7) എന്നാൽ നമുക്ക് ഇന്ന് ഉചിതമായി ദിവ്യസംരക്ഷണം പ്രതീക്ഷിക്കാനാകുമോ?
ദിവ്യസംരക്ഷണം സംബന്ധിച്ച വാഗ്ദാനം
4, 5. ദൈവത്തിന്റെ സംരക്ഷണ വാഗ്ദാനത്തിൽ നമുക്കു പൂർണ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
4 യഹോവ തീർച്ചയായും തന്റെ ദാസന്മാരെ സംരക്ഷിക്കാൻ പ്രാപ്തനാണ്. അവൻ “സർവ്വശക്തിയുള്ള ദൈവം” ആണ്—അവന് അപ്രതിരോധ്യമായ ശക്തി ഉണ്ടെന്ന് ആ സ്ഥാനപ്പേര് സൂചിപ്പിക്കുന്നു. (ഉല്പത്തി 17:1) യഹോവയുടെ പ്രയുക്തശക്തി ഒരു വേലിയേറ്റം പോലെയാണ്. അതായത്, യഹോവ ശക്തി പ്രയോഗിക്കുമ്പോൾ അതിനെ തടയുക സാധ്യമല്ല. തനിക്കു ഹിതകരമായത് എന്തും ചെയ്യാൻ അവൻ പ്രാപ്തനായതിനാൽ നാം ചോദിച്ചേക്കാം, ‘തന്റെ ജനത്തെ സംരക്ഷിക്കാൻ തന്റെ ശക്തി പ്രയോഗിക്കണം എന്നുള്ളത് യഹോവയുടെ ഹിതമാണോ?’.
5 ഒറ്റ വാക്കിൽ പറഞ്ഞാൽ, അതേ! തന്റെ ജനത്തെ സംരക്ഷിക്കുമെന്ന് യഹോവ നമുക്ക് ഉറപ്പു നൽകുന്നു. “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു” എന്ന് സങ്കീർത്തനം 46:1 പറയുന്നു. ദൈവത്തിനു ‘ഭോഷ്കു പറയാൻ കഴിയാ’ത്തതിനാൽ അവന്റെ സംരക്ഷണ വാഗ്ദാനത്തിൽ നമുക്കു സമ്പൂർണ വിശ്വാസമുണ്ടായിരിക്കാൻ കഴിയും. (തീത്തൊസ് 1:2) തന്റെ സംരക്ഷണാത്മക പരിപാലനത്തെ സൂചിപ്പിക്കാൻ യഹോവ ഉപയോഗിക്കുന്ന ഉജ്ജ്വലമായ ചില വർണനകൾ നമുക്കു പരിചിന്തിക്കാം.
6, 7. (എ) ബൈബിൾ കാലങ്ങളിലെ ഇടയന്മാർ തന്റെ ആടുകൾക്ക് എന്തു സംരക്ഷണം കൊടുത്തു? (ബി) തന്റെ ആടുകളെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള യഹോവയുടെ ഹൃദയംഗമമായ ആഗ്രഹത്തെ ബൈബിൾ ചിത്രീകരിക്കുന്നത് എങ്ങനെ?
6 യഹോവ ഒരു ഇടയനാകുന്നു, നാം “അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.” (സങ്കീർത്തനം 23:1; 100:3) ആടുകളെപ്പോലെ നിസ്സഹായ ജീവികൾ അധികമില്ല. തന്റെ ആടുകളെ സിംഹങ്ങളിൽനിന്നും ചെന്നായ്ക്കളിൽനിന്നും കരടികളിൽനിന്നും മോഷ്ടാക്കളിൽനിന്നുമെല്ലാം സംരക്ഷിക്കുന്നതിന് ബൈബിൾ കാലങ്ങളിലെ ഇടയന്മാർ നല്ല ധൈര്യശാലികൾ ആയിരിക്കേണ്ടിയിരുന്നു. (1 ശമൂവേൽ 17:34, 35; യോഹന്നാൻ 10:12, 13) എന്നാൽ ആടുകളെ ആർദ്രതയോടെ സംരക്ഷിക്കേണ്ട സാഹചര്യങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, തൊഴുത്തിൽനിന്ന് അകലെ ആയിരിക്കെ ഒരു ആട് പ്രസവിച്ചാൽ കരുതലുള്ള ഇടയൻ അതിന്റെ നിസ്സഹായ നിമിഷങ്ങളിൽ അതിനെ കാക്കുകയും സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ആട്ടിൻകുട്ടിയെ എടുത്തു തൊഴുത്തിലേക്കു കൊണ്ടുപോകുകയും ചെയ്യുമായിരുന്നു.
7 ഒരു ഇടയനോടു തന്നെത്തന്നെ ഉപമിക്കുകവഴി, നമ്മെ സംരക്ഷിക്കാനുള്ള തന്റെ ഹൃദയംഗമമായ ആഗ്രഹത്തെ കുറിച്ചു യഹോവ നമുക്ക് ഉറപ്പു നൽകുന്നു. (യെഹെസ്കേൽ 34:11-16) യെശയ്യാവു 40:11-ൽ കാണുന്നതും ഈ പുസ്തകത്തിന്റെ 2-ാം അധ്യായത്തിൽ ചർച്ച ചെയ്തിരിക്കുന്നതുമായ യഹോവയെ കുറിച്ചുള്ള വർണന ഓർക്കുക: “ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും . . . ചെയ്യും.” ആട്ടിൻകുട്ടി ഇടയന്റെ “മാർവ്വിടത്തിൽ,” അയാളുടെ മേലങ്കിയുടെ മടക്കിനുള്ളിൽ, എത്തുന്നത് എങ്ങനെയാണ്? കുഞ്ഞാട് ഇടയനെ സമീപിക്കുകയും അയാളുടെ കാലിൽ പതുക്കെ ഉരുമ്മുക പോലും ചെയ്തേക്കാം. എന്നിരുന്നാലും, ഇടയനാണ് കുനിഞ്ഞ് അതിനെ എടുത്ത് സുരക്ഷിതമായി തന്റെ മാറോടു ചേർത്തുപിടിക്കുന്നത്. നമ്മെ സംരക്ഷിക്കാനായി വലിയ ഇടയൻ പ്രകടമാക്കുന്ന മനസ്സൊരുക്കത്തിന്റെ എത്ര മനോഹരമായ ചിത്രം!
8. (എ) ദൈവത്തിന്റെ സംരക്ഷണ വാഗ്ദാനം ആർക്കുള്ളതാണ്, സദൃശവാക്യങ്ങൾ 18:10-ൽ ഇത് എങ്ങനെ സൂചിപ്പിക്കപ്പെടുന്നു? (ബി) ദൈവനാമത്തിൽ അഭയം കണ്ടെത്തുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
8 ദൈവത്തിന്റെ സംരക്ഷണ വാഗ്ദാനം സോപാധികമാണ്—അവനോട് അടുത്തു ചെല്ലുന്നവർക്കു മാത്രമേ അത് അനുഭവിക്കാൻ സാധിക്കുകയുള്ളൂ. സദൃശവാക്യങ്ങൾ 18:10 ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.” ബൈബിൾ കാലങ്ങളിൽ, അഭയം പ്രാപിക്കാനുള്ള സുരക്ഷിത സ്ഥലങ്ങളായി മരുഭൂമിയിൽ ചിലപ്പോൾ ഗോപുരങ്ങൾ നിർമിച്ചിരുന്നു. എന്നാൽ സുരക്ഷിതത്വം കണ്ടെത്താൻ അത്തരമൊരു ഗോപുരത്തിലേക്ക് ഓടിപ്പോകേണ്ടത് അപകടത്തിലായിരിക്കുന്ന ആളിന്റെ ഉത്തരവാദിത്വമാണ്. ദൈവനാമത്തിൽ അഭയം കണ്ടെത്തുന്നതും അങ്ങനെതന്നെയാണ്. ഇതിൽ ദൈവനാമം കേവലം ഉരുവിടുന്നതിനെക്കാൾ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു; ദിവ്യനാമം അത്ഭുത മന്ത്രമല്ല. പകരം, നാം ആ നാമം വഹിക്കുന്ന വ്യക്തിയെ അറിയുകയും ആശ്രയിക്കുകയും അവന്റെ നീതിനിഷ്ഠമായ പ്രമാണങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. അതേ, നാം വിശ്വാസത്തോടെ യഹോവയിലേക്കു തിരിഞ്ഞാൽ അവൻ നമുക്ക് ഒരു സംരക്ഷക ഗോപുരം ആയിരിക്കുമെന്ന് അവൻ ഉറപ്പു നൽകുന്നു. എത്ര വലിയ കരുണ!
“ഞങ്ങളുടെ ദൈവത്തിന് . . . ഞങ്ങളെ രക്ഷിക്കാൻ പ്രാപ്തിയുണ്ട്”
9. യഹോവ സംരക്ഷണത്തെ കുറിച്ച് വാഗ്ദാനം നൽകിയിരിക്കുന്നതിലധികം ചെയ്തിരിക്കുന്നത് എങ്ങനെ?
9 യഹോവ സംരക്ഷണം വാഗ്ദാനം ചെയ്യുക മാത്രമല്ല ചെയ്തിരിക്കുന്നത്. തന്റെ ജനത്തെ അത്ഭുതകരമായ വിധത്തിൽ സംരക്ഷിക്കാൻ തനിക്കു കഴിയുമെന്ന് ബൈബിൾ കാലങ്ങളിൽ അവൻ പ്രകടമാക്കുകയുണ്ടായി. ഇസ്രായേലിന്റെ കാലത്ത്, യഹോവയുടെ ശക്തമായ “കൈ” മിക്കപ്പോഴും പ്രബലരായ ശത്രുക്കളെ തടഞ്ഞുനിറുത്തി. (പുറപ്പാടു 7:4) എന്നിരുന്നാലും, വ്യക്തികൾക്കു വേണ്ടിയും യഹോവ തന്റെ സംരക്ഷക ശക്തി ഉപയോഗിച്ചു.
10, 11. യഹോവ വ്യക്തികൾക്കു വേണ്ടി തന്റെ സംരക്ഷക ശക്തി ഉപയോഗിച്ചതായി ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
10 മൂന്ന് എബ്രായ ബാലന്മാർ—ശദ്രക്, മേശക്, അബേദ്നെഗോ എന്നിവർ—നെബൂഖദ്നേസ്സർ രാജാവ് നിർമിച്ച സ്വർണ പ്രതിമയെ കുമ്പിടാൻ വിസമ്മതിച്ചപ്പോൾ, കുപിതനായ രാജാവ് അവരെ അത്യധികം ചൂടാക്കിയ ഒരു ചൂളയിലേക്ക് എറിയുമെന്നു ഭീഷണിപ്പെടുത്തി. “നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ?” എന്നു ഭൂമിയിലെ ഏറ്റവും ശക്തനായ ഏകാധിപതിയായ നെബൂഖദ്നേസ്സർ പുച്ഛത്തോടെ ചോദിച്ചു. (ദാനീയേൽ 3:15) തങ്ങളെ സംരക്ഷിക്കാനുള്ള തങ്ങളുടെ ദൈവത്തിന്റെ ശക്തിയിൽ മൂന്നു ചെറുപ്പക്കാർക്കും സമ്പൂർണ വിശ്വാസം ഉണ്ടായിരുന്നു, എന്നാൽ അവൻ അങ്ങനെ ചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചില്ല. (ദാനീയേൽ 3:17, 18) ആ തീച്ചൂള സാധാരണയിലും ഏഴു മടങ്ങു ചൂടാക്കപ്പെട്ടപ്പോൾ പോലും അവരുടെ സർവശക്തനായ ദൈവത്തിന് അത് ഒരു വെല്ലുവിളി ആയില്ല. അവൻ അവരെ സംരക്ഷിക്കുകതന്നെ ചെയ്തു. “ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറെറാരു ദൈവവും ഇല്ല” എന്നു സമ്മതിക്കാൻ രാജാവ് നിർബന്ധിതനായി.—ദാനീയേൽ 3:29.
11 തന്റെ ഏകജാതനായ പുത്രന്റെ ജീവനെ മറിയ എന്ന യഹൂദ കന്യകയുടെ ഗർഭപാത്രത്തിലേക്കു മാറ്റിയപ്പോഴും യഹോവ തന്റെ സംരക്ഷക ശക്തിയുടെ തികച്ചും ശ്രദ്ധേയമായ ഒരു പ്രകടനം നടത്തി. മറിയ “ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും” എന്ന് ഒരു ദൂതൻ അവളോടു പറഞ്ഞു. ദൂതൻ ഇങ്ങനെ വിശദീകരിച്ചു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും.” (ലൂക്കൊസ് 1:31, 35) ദൈവപുത്രൻ ഇത്രയും വലിയ അപകട ഭീഷണിയിലായ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ലെന്നു തോന്നിയേക്കാം. മനുഷ്യ മാതാവിന്റെ പാപവും അപൂർണതയും ഗർഭസ്ഥ ശിശുവിനെ കളങ്കപ്പെടുത്തുമോ? പുത്രൻ ജനിക്കുന്നതിനു മുമ്പ് അവനു പരിക്കേൽപ്പിക്കുന്നതിനോ കൊല്ലുന്നതിനോ സാത്താനു കഴിയുമോ? അസാധ്യം! ഗർഭധാരണ നിമിഷം മുതൽ, വളർന്നുകൊണ്ടിരുന്ന ഗർഭസ്ഥ ശിശുവിനു ദ്രോഹം ചെയ്യാൻ യാതൊന്നിനും—അപൂർണതയ്ക്കോ ഏതെങ്കിലും ദുഷ്ട ശക്തികൾക്കോ ദുഷ്ട മനുഷ്യർക്കോ ഭൂതങ്ങൾക്കോ പോലും—കഴിയാത്ത വിധം യഹോവ മറിയയ്ക്കു ചുറ്റും ഫലത്തിൽ ഒരു സംരക്ഷക മതിൽ തീർത്തു. യേശുവിന്റെ യൗവനത്തിലും യഹോവ അവനെ സംരക്ഷിക്കുന്നതിൽ തുടർന്നു. (മത്തായി 2:1-15) ദൈവത്തിന്റെ നിയമിത സമയംവരെ അവന്റെ പ്രിയ പുത്രന് യാതൊരുവിധ ഉപദ്രവവും ഏൽക്കുകയില്ലായിരുന്നു.
12. ബൈബിൾ കാലങ്ങളിൽ യഹോവ ചില വ്യക്തികളെ അത്ഭുതകരമായി സംരക്ഷിച്ചത് എന്തുകൊണ്ട്?
12 യഹോവ ചില വ്യക്തികളെ അത്തരത്തിൽ അത്ഭുതകരമായി സംരക്ഷിച്ചത് എന്തുകൊണ്ട്? പല സന്ദർഭങ്ങളിലും വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യത്തിനുവേണ്ടി അതായത് തന്റെ ഉദ്ദേശ്യനിർവഹണത്തിനു വേണ്ടിയാണ് യഹോവ വ്യക്തികളെ സംരക്ഷിച്ചത്. ദൃഷ്ടാന്തത്തിന്, ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിക്കു ശിശുവായ യേശുവിന്റെ അതിജീവനം അത്യന്താപേക്ഷിതമായിരുന്നു, അത് ആത്യന്തികമായി സകല മനുഷ്യവർഗത്തിനും പ്രയോജനം ചെയ്യുമായിരുന്നു. സംരക്ഷക ശക്തിയുടെ അനേകം പ്രകടനങ്ങളെ കുറിച്ചുള്ള രേഖ നിശ്വസ്ത തിരുവെഴുത്തുകളുടെ ഭാഗമാണ്, അവ “നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമർ 15:4) അതേ, ഈ ദൃഷ്ടാന്തങ്ങൾ സർവശക്തനായ ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു. എന്നാൽ ഇന്നു ദൈവത്തിൽനിന്നു നമുക്ക് എന്തു സംരക്ഷണം പ്രതീക്ഷിക്കാനാകും?
ദിവ്യസംരക്ഷണം—അത് എന്ത് അർഥമാക്കുന്നില്ല
13. നമുക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്യാൻ യഹോവ ബാധ്യസ്ഥനാണോ? വിശദീകരിക്കുക.
13 ദിവ്യസംരക്ഷണത്തെ കുറിച്ചുള്ള വാഗ്ദാനം, നമുക്കു വേണ്ടി അത്ഭുതങ്ങൾ ചെയ്യാൻ യഹോവ ബാധ്യസ്ഥനാണെന്ന് അർഥമാക്കുന്നില്ല. നമ്മുടെ ദൈവം, ഈ വ്യവസ്ഥിതിയിൽ പ്രശ്നരഹിതമായ ഒരു ജീവിതം നമുക്ക് ഉറപ്പു നൽകുന്നില്ല. യഹോവയുടെ വിശ്വസ്ത ദാസന്മാരിൽ അനേകരും ദാരിദ്ര്യം, യുദ്ധം, രോഗം, മരണം തുടങ്ങി പല വിപത്തുകളും അരിഷ്ടതകളും അനുഭവിക്കുന്നു. തങ്ങളുടെ വിശ്വാസം നിമിത്തം, അവർ കൊല്ലപ്പെട്ടേക്കാം എന്ന് യേശു തന്റെ ശിഷ്യന്മാരോടു വ്യക്തമായി പറഞ്ഞു. അതുകൊണ്ടാണ് അവസാനത്തോളം സഹിച്ചു നിൽക്കേണ്ടതിന്റെ ആവശ്യം യേശു ഊന്നിപ്പറഞ്ഞത്. (മത്തായി 24:9, 13) എല്ലാ സന്ദർഭങ്ങളിലും, അത്ഭുതകരമായ വിടുതൽ പ്രദാനം ചെയ്യാൻ യഹോവ തന്റെ ശക്തി ഉപയോഗിക്കുകയാണെങ്കിൽ യഹോവയെ പരിഹസിക്കുന്നതിനും നമ്മുടെ ദൈവത്തോടുള്ള നമ്മുടെ ഭക്തിയുടെ സത്യതയെ ചോദ്യം ചെയ്യുന്നതിനും സാത്താന് ഒരു അടിസ്ഥാനം ലഭിച്ചേക്കാം.—ഇയ്യോബ് 1:9, 10.
14. യഹോവ തന്റെ സകല ദാസന്മാരെയും സമാനമായ വിധങ്ങളിൽ എല്ലായ്പോഴും സംരക്ഷിക്കുന്നില്ലെന്ന് ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
14 ബൈബിൾ കാലങ്ങളിൽ പോലും, തന്റെ ദാസന്മാരിൽ ഓരോരുത്തരെയും അകാല മരണത്തിൽനിന്നു രക്ഷിക്കാൻ യഹോവ തന്റെ സംരക്ഷക ശക്തി ഉപയോഗിച്ചില്ല. ദൃഷ്ടാന്തത്തിന്, പൊ.യു. ഏതാണ്ട് 44-ൽ ഹെരോദാവ് അപ്പൊസ്തലനായ യാക്കോബിനെ വധിച്ചു; എന്നിരുന്നാലും, പത്രൊസ് “ഹെരോദാവിന്റെ കയ്യിൽനിന്നു” വിടുവിക്കപ്പെട്ടു. (പ്രവൃത്തികൾ 12:1-11) യാക്കോബിന്റെ സഹോദരനായ യോഹന്നാൻ പത്രൊസിനെക്കാളും യാക്കോബിനെക്കാളും അധികം വർഷം ജീവിച്ചു. നമ്മുടെ ദൈവം തന്റെ സകല ദാസന്മാരെയും ഒരേ വിധത്തിൽ സംരക്ഷിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാവില്ലെന്നു വ്യക്തമാണ്. മാത്രവുമല്ല, ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ നമുക്ക് എല്ലാവർക്കും നേരിടുന്നു. (സഭാപ്രസംഗി 9:11, NW) അപ്പോൾ യഹോവ ഇന്നു നമ്മെ എങ്ങനെയാണു സംരക്ഷിക്കുന്നത്?
യഹോവ ശാരീരിക സംരക്ഷണം നൽകുന്നു
15, 16. (എ) യഹോവ തന്റെ ആരാധകർക്ക് ഒരു കൂട്ടമെന്ന നിലയിൽ ശാരീരിക സംരക്ഷണം നൽകിയിട്ടുണ്ട് എന്നതിന് എന്തു തെളിവുണ്ട്? (ബി) യഹോവ തന്റെ ദാസന്മാരെ ഇപ്പോഴും “മഹോപദ്രവ”കാലത്തും സംരക്ഷിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
15 ആദ്യം ശാരീരിക സംരക്ഷണത്തിന്റെ കാര്യം പരിചിന്തിക്കാം. യഹോവയുടെ ആരാധകരായ നമുക്ക് ഒരു കൂട്ടമെന്ന നിലയിൽ അത്തരം സംരക്ഷണം പ്രതീക്ഷിക്കാനാകും. അല്ലായിരുന്നെങ്കിൽ നാം അനായാസം സാത്താന്റെ ഇരകളാകുമായിരുന്നു. ഇതേക്കുറിച്ചു ചിന്തിക്കുക: സത്യാരാധന ഇല്ലാതാക്കുക എന്നതാണ് “ഈ ലോകത്തിന്റെ പ്രഭു” ആയ സാത്താന്റെ ഏറ്റവും വലിയ ആഗ്രഹം. (യോഹന്നാൻ 12:31; വെളിപ്പാടു 12:17) ലോകത്തിലെ ഏറ്റവും ശക്തമായ ഗവണ്മെന്റുകളിൽ ചിലത് നമ്മുടെ പ്രസംഗവേല നിരോധിക്കുകയും നമ്മെ പൂർണമായി തുടച്ചുനീക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും, യഹോവയുടെ ജനം ഉറച്ചുനിൽക്കുകയും അവിരാമം പ്രസംഗിക്കുന്നതിൽ തുടരുകയും ചെയ്തിരിക്കുന്നു! താരതമ്യേന ചെറുതും സംരക്ഷണമില്ലാത്തതായി കാണപ്പെടുന്നതുമായ ക്രിസ്ത്യാനികളുടെ ഈ കൂട്ടത്തിന്റെ പ്രവർത്തനത്തെ നിറുത്തലാക്കാൻ പ്രബല രാഷ്ട്രങ്ങൾക്കു കഴിഞ്ഞിട്ടില്ലാത്തത് എന്തുകൊണ്ട്? യഹോവ തന്റെ ശക്തമായ ചിറകുകളാൽ നമ്മെ സംരക്ഷിച്ചിരിക്കുന്നതുകൊണ്ടുതന്നെ!—സങ്കീർത്തനം 17:7-9.
16 വരാനിരിക്കുന്ന “മഹോപദ്രവ” കാലത്തെ ശാരീരിക സംരക്ഷണം സംബന്ധിച്ചെന്ത്? ദൈവത്തിന്റെ ന്യായവിധി നിർവഹണത്തെ നാം ഭയപ്പെടേണ്ടതില്ല. കാരണം, “ദൈവഭക്തിയുളള ആളുകളെ പരിശോധനയിൽനിന്ന് എങ്ങനെ വിടുവിക്കാമെന്നും എന്നാൽ നീതികെട്ടവരെ ന്യായവിധി ദിവസത്തിൽ ഛേദിക്കുന്നതിനായി എങ്ങനെ സൂക്ഷിക്കാമെന്നും യഹോവയ്ക്ക് അറിയാം.” (വെളിപ്പാടു 7:14, NW; 2 പത്രൊസ് 2:9, NW) നമുക്ക് എല്ലായ്പോഴും രണ്ടു കാര്യങ്ങൾ സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ഒന്ന്, യഹോവ ഒരിക്കലും തന്റെ വിശ്വസ്ത ദാസന്മാർ ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെടാൻ അനുവദിക്കുകയില്ല. രണ്ട്, നിർമലതാപാലകർക്ക് അവൻ തന്റെ നീതിയുള്ള പുതിയ ലോകത്തിൽ നിത്യജീവൻ പ്രതിഫലമായി നൽകും—ആവശ്യമെങ്കിൽ ഒരു പുനരുത്ഥാനം മുഖേന. മരിക്കുന്നവർക്ക്, ദൈവത്തിന്റെ സ്മരണയെക്കാൾ സുരക്ഷിതമായ മറ്റൊരിടത്തായിരിക്കാനാവില്ല.—യോഹന്നാൻ 5:28, 29, NW.
17. യഹോവ തന്റെ വചനത്തിലൂടെ നമ്മെ കാത്തുപരിപാലിക്കുന്നത് എങ്ങനെ?
17 ഇപ്പോൾ പോലും, യഹോവ നമ്മെ തന്റെ ജീവനുള്ള വചനത്തിലൂടെ കാത്തുപരിപാലിക്കുന്നു. അവന്റെ വചനത്തിന്, ഹൃദയങ്ങളെ സൗഖ്യമാക്കാനും ജീവിതങ്ങളെ നവീകരിക്കാനുമുള്ള ശക്തിയുണ്ട്. (എബ്രായർ 4:12) അതിലെ തത്ത്വങ്ങൾ പിൻപറ്റുന്നതിനാൽ ചില വിധങ്ങളിൽ നമുക്കു ശാരീരിക ദുരിതത്തിൽനിന്നു സംരക്ഷിക്കപ്പെടാനാകും. ‘നിനക്കുതന്നെ പ്രയോജനം ചെയ്യാൻ നിന്നെ പഠിപ്പിക്കുന്ന യഹോവ ഞാൻ തന്നേ’ എന്ന് യെശയ്യാവു 48:17 (NW) പറയുന്നു. ദൈവവചനത്തിനു ചേർച്ചയിൽ ജീവിക്കുകവഴി നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനും നമ്മുടെ ആയുസ്സ് ദീർഘിപ്പിക്കാനും കഴിയും എന്നതിൽ സംശയമില്ല. ദൃഷ്ടാന്തത്തിന്, പരസംഗം ഒഴിവാക്കാനും മലിനത നീക്കി നമ്മെത്തന്നെ ശുദ്ധീകരിക്കാനുമുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതുകൊണ്ട് ഭക്തികെട്ട പലരുടെയും ജീവിതത്തെ താറുമാറാക്കുന്ന അശുദ്ധ നടപടികളും ഹാനികരമായ ശീലങ്ങളും നാം ഒഴിവാക്കുന്നു. (പ്രവൃത്തികൾ 15:28, 29; 2 കൊരിന്ത്യർ 7:1) ദൈവവചനം നൽകുന്ന സംരക്ഷണത്തിനു നാം എത്ര നന്ദിയുള്ളവരാണ്!
യഹോവ നമ്മെ ആത്മീയമായി സംരക്ഷിക്കുന്നു
18. യഹോവ നമുക്ക് ഏത് ആത്മീയ സംരക്ഷണം നൽകുന്നു?
18 ഏറ്റവും പ്രധാനമായി, യഹോവ ആത്മീയ സംരക്ഷണം നൽകുന്നു. പരിശോധനകളെ സഹിച്ചുനിൽക്കുന്നതിനും നമ്മുടെ സ്നേഹവാനായ ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമായതു നൽകി നമ്മെ സജ്ജരാക്കുകവഴി അവൻ ആത്മീയ ഹാനിയിൽനിന്നു നമ്മെ രക്ഷിക്കുന്നു. അങ്ങനെ ഹ്രസ്വമായ ഒരു കാലത്തേക്കല്ല, പിന്നെയോ നിത്യമായി നമ്മുടെ ജീവനെ പരിരക്ഷിക്കാൻ യഹോവ പ്രവർത്തിക്കുന്നു. നമ്മുടെ ആത്മീയ സംരക്ഷണത്തിനായുള്ള ദൈവത്തിന്റെ കരുതലുകളിൽ ചിലതു പരിചിന്തിക്കുക.
19. നാം അഭിമുഖീകരിച്ചേക്കാവുന്ന ഏതു പരിശോധനകളെയും വിജയകരമായി കൈകാര്യം ചെയ്യാൻ യഹോവയുടെ ആത്മാവിനു നമ്മെ സഹായിക്കാൻ കഴിയുന്നത് എങ്ങനെ?
19 യഹോവ “പ്രാർത്ഥന കേൾക്കുന്നവ”നാണ്. (സങ്കീർത്തനം 65:2) ജീവിത സമ്മർദങ്ങൾ നമ്മെ ഭാരപ്പെടുത്തുന്നതായി തോന്നുമ്പോൾ അവന്റെ മുമ്പാകെ നമ്മുടെ ഹൃദയം പകരുന്നത് വളരെയധികം ആശ്വാസം കൈവരുത്തും. (ഫിലിപ്പിയർ 4:6, 7) അവൻ അത്ഭുതകരമായി നമ്മുടെ പരിശോധനകൾ നീക്കുകയില്ലായിരിക്കാം. എന്നാൽ നമ്മുടെ ഹൃദയംഗമമായ പ്രാർഥനകൾക്ക് ഉത്തരമായി, അവയെ കൈകാര്യം ചെയ്യാനുള്ള ജ്ഞാനം നമുക്കു നൽകാൻ അവനു കഴിയും. (യാക്കോബ് 1:5, 6) അതിലുപരി, യഹോവ തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. (ലൂക്കൊസ് 11:13) നാം അഭിമുഖീകരിച്ചേക്കാവുന്ന ഏതു പരിശോധനയെയും അല്ലെങ്കിൽ പ്രശ്നത്തെയും വിജയകരമായി കൈകാര്യം ചെയ്യുന്നതിനു നമ്മെ സഹായിക്കാൻ ശക്തമായ ആ ആത്മാവിനു കഴിയും. സമീപസ്ഥമായിരിക്കുന്ന പുതിയ ലോകത്തിൽ വേദനാകരമായ സകല പ്രശ്നങ്ങളും യഹോവ നീക്കം ചെയ്യുന്നതുവരെ സഹിച്ചുനിൽക്കാൻ ആവശ്യമായ “അത്യന്തശക്തി” നമുക്കു പകരാൻ അതിനു കഴിയും.—2 കൊരിന്ത്യർ 4:7.
20. യഹോവയുടെ സംരക്ഷക ശക്തി നമ്മുടെ സഹാരാധകരിലൂടെ എങ്ങനെ പ്രകടമാക്കപ്പെട്ടേക്കാം?
20 ചില സമയങ്ങളിൽ, യഹോവയുടെ സംരക്ഷക ശക്തി നമ്മുടെ സഹാരാധകരിലൂടെ പ്രകടമാക്കപ്പെട്ടേക്കാം. യഹോവ തന്റെ ജനത്തെ ഒരു ലോകവ്യാപക ‘സഹോദരവർഗ’മായി കൂട്ടിച്ചേർത്തിരിക്കുകയാണ്. (1 പത്രൊസ് 2:17; യോഹന്നാൻ 6:44) സാഹോദര്യത്തിന്റേതായ ആ ഊഷ്മള അന്തരീക്ഷത്തിൽ ആളുകളെ നന്മ ചെയ്യുന്നതിനു സ്വാധീനിക്കാനുള്ള ദൈവാത്മാവിന്റെ ശക്തിയുടെ ജീവിക്കുന്ന തെളിവു നാം കാണുന്നു. ആ ആത്മാവ് നമ്മിൽ സ്നേഹം, ദയ, നന്മ [NW] എന്നിവ ഉൾപ്പെടുന്ന ആകർഷകമായ, വിലയേറിയ ഗുണങ്ങൾ ഉളവാക്കുന്നു. (ഗലാത്യർ 5:22, 23) അതുകൊണ്ട്, നമ്മൾ അരിഷ്ടതയിലായിരിക്കുന്ന സമയത്ത്, ഒരു സഹവിശ്വാസി സഹായകമായ ബുദ്ധിയുപദേശമോ ആവശ്യമായ പ്രോത്സാഹനമോ നൽകാൻ പ്രേരിതനാകുമ്പോൾ യഹോവയുടെ സംരക്ഷണാത്മക പരിപാലനത്തിന്റെ അത്തരം പ്രകടനങ്ങൾക്കായി അവനു നന്ദി കൊടുക്കാൻ നമുക്കു കഴിയും.
21. (എ) “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ യഹോവ ഏതു സമയോചിത ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു? (ബി) നമ്മെ ആത്മീയമായി സംരക്ഷിക്കാനുള്ള യഹോവയുടെ കരുതലുകളിൽനിന്നു നിങ്ങൾക്ക് വ്യക്തിപരമായി പ്രയോജനം ലഭിച്ചിരിക്കുന്നത് എങ്ങനെ?
21 നമ്മെ സംരക്ഷിക്കുന്നതിന് യഹോവ മറ്റൊന്നു നൽകുന്നു: തക്കസമയത്തെ ആത്മീയ ആഹാരം. തന്റെ വചനത്തിൽനിന്നു ശക്തി ആർജിക്കാൻ നമ്മെ സഹായിക്കുന്നതിന് ആത്മീയ ആഹാരം വിതരണം ചെയ്യാൻ യഹോവ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ നിയോഗിച്ചിട്ടുണ്ട്. അതിനായി ആ വിശ്വസ്ത അടിമ വീക്ഷാഗോപുരം, ഉണരുക! എന്നീ പത്രികകൾ ഉൾപ്പെടെയുള്ള അച്ചടിച്ച പ്രസിദ്ധീകരണങ്ങളും അതുപോലെതന്നെ യോഗങ്ങളും സമ്മേളനങ്ങളും കൺവെൻഷനുകളും ഉപയോഗിക്കുന്നു. അങ്ങനെ, നമുക്ക് ‘തക്കസമയത്ത് ആഹാരം’ ലഭിക്കുന്നു—നമുക്ക് ആവശ്യമായിരിക്കുന്നത് ആവശ്യമുള്ളപ്പോൾത്തന്നെ. (മത്തായി 24:45, NW) ഒരു ക്രിസ്തീയ യോഗത്തിൽവെച്ച്—അഭിപ്രായത്തിലൂടെയോ പ്രസംഗത്തിലൂടെയോ പ്രാർഥനയിലൂടെയോ—ആവശ്യമായിരുന്ന ശക്തിയും പ്രോത്സാഹനവും ലഭിച്ച അനുഭവം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? നമ്മുടെ മാസികകളിലൊന്നിൽ പ്രസിദ്ധീകരിച്ച ഒരു പ്രത്യേക ലേഖനം എന്നെങ്കിലും നിങ്ങളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ടോ? നമ്മെ ആത്മീയമായി സംരക്ഷിക്കാനാണ് യഹോവ അങ്ങനെയുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത് എന്ന് ഓർക്കുക.
22. യഹോവ എല്ലായ്പോഴും ഏതു വിധത്തിൽ തന്റെ ശക്തി ഉപയോഗിക്കുന്നു, നമ്മുടെ അത്യുത്തമ താത്പര്യങ്ങളെ മുൻനിറുത്തിയാണ് അവൻ അങ്ങനെ ചെയ്യുന്നത് എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
22 യഹോവ തീർച്ചയായും “തന്നെ ശരണമാക്കുന്ന ഏവർക്കും” ഒരു പരിചയാണ്. (സങ്കീർത്തനം 18:30) നമ്മെ ഇപ്പോൾ സകല അനർഥത്തിൽനിന്നും രക്ഷിക്കാൻ അവൻ തന്റെ ശക്തി ഉപയോഗിക്കുന്നില്ലെന്നു നാം മനസ്സിലാക്കുന്നു. എന്നിരുന്നാലും, തന്റെ ഉദ്ദേശ്യങ്ങളുടെ നിവൃത്തി ഉറപ്പാക്കുന്നതിന് അവൻ എല്ലായ്പോഴും തന്റെ സംരക്ഷക ശക്തി ഉപയോഗിക്കുകതന്നെ ചെയ്യുന്നു. ആത്യന്തികമായി, അവൻ അങ്ങനെ ചെയ്യുന്നത് അവന്റെ ജനത്തിന്റെ അത്യുത്തമ താത്പര്യങ്ങളെ മുൻനിറുത്തിയാണ്. നാം അവനോട് അടുത്തു ചെല്ലുകയും അവന്റെ സ്നേഹത്തിൽ നിലനിൽക്കുകയും ചെയ്താൽ യഹോവ നമുക്കു പൂർണതയുള്ള നിത്യജീവൻ നൽകും. ആ പ്രത്യാശ മനസ്സിൽ വെച്ചുകൊണ്ട്, ഈ വ്യവസ്ഥിതിയിലെ ഏതു കഷ്ടപ്പാടിനെയും ‘നൊടിനേരത്തേക്കുള്ളതും ലഘുവു’മായി നമുക്കു തീർച്ചയായും വീക്ഷിക്കാൻ കഴിയും.—2 കൊരിന്ത്യർ 4:17.