മത്തായി എഴുതിയത്
2 യഹൂദ്യയിലെ ബേത്ത്ലെഹെമിലായിരുന്നു+ യേശുവിന്റെ ജനനം. ഹെരോദ് രാജാവാണ് അപ്പോൾ അവിടം ഭരിച്ചിരുന്നത്.+ യേശു ജനിച്ചശേഷം ഒരിക്കൽ കിഴക്കുനിന്നുള്ള ജ്യോത്സ്യന്മാർ യരുശലേമിലെത്തി. 2 അവർ ചോദിച്ചു: “ജൂതന്മാരുടെ രാജാവായി പിറന്നവൻ എവിടെയാണ്?+ കിഴക്കായിരുന്നപ്പോൾ അവന്റെ നക്ഷത്രം കണ്ടിട്ട് ഞങ്ങൾ അവനെ വണങ്ങാൻ വന്നതാണ്.” 3 ഇതു കേട്ട് ഹെരോദ് രാജാവും യരുശലേമിലുള്ള സകലരും ആകെ പരിഭ്രമിച്ചു. 4 രാജാവ് ജനത്തിന്റെ എല്ലാ മുഖ്യപുരോഹിതന്മാരെയും ശാസ്ത്രിമാരെയും വിളിച്ചുകൂട്ടി, ക്രിസ്തു ജനിക്കുന്നത് എവിടെയായിരിക്കുമെന്ന് അന്വേഷിച്ചു. 5 അവർ പറഞ്ഞു: “യഹൂദ്യയിലെ ബേത്ത്ലെഹെമിൽ;+ കാരണം പ്രവാചകനിലൂടെ ഇങ്ങനെ എഴുതിയിട്ടുണ്ട്: 6 ‘യഹൂദാദേശത്തിലെ ബേത്ത്ലെഹെമേ, നീ യഹൂദയിലെ അധിപതിമാരിൽ* ഒട്ടും താണവനല്ല; കാരണം, എന്റെ ജനമായ ഇസ്രായേലിനെ മേയ്ക്കാനുള്ള അധിപതി* വരുന്നതു നിന്നിൽനിന്നായിരിക്കും.’”+
7 തുടർന്ന് ഹെരോദ് രഹസ്യമായി ജ്യോത്സ്യന്മാരെ വിളിപ്പിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം കൃത്യമായി ചോദിച്ചറിഞ്ഞു. 8 അവരെ ബേത്ത്ലെഹെമിലേക്കു പറഞ്ഞയയ്ക്കുന്നതിനു മുമ്പ് രാജാവ് അവരോടു പറഞ്ഞു: “ചെന്ന് കുട്ടിയെ കണ്ടുപിടിക്കാൻ നല്ലൊരു അന്വേഷണം നടത്തുക. കണ്ടെത്തിയാൽ ഉടൻ വന്ന് എന്നെ അറിയിക്കണം. എനിക്കും ചെന്ന് അവനെ വണങ്ങാമല്ലോ.” 9 രാജാവ് പറഞ്ഞതു കേട്ടശേഷം അവർ അവിടെനിന്ന് പോയി. കിഴക്കുവെച്ച്+ അവർ കണ്ട നക്ഷത്രം അവർക്കു മുമ്പേ പോയി കുട്ടിയുള്ള സ്ഥലത്തിനു മുകളിൽ ചെന്ന് നിന്നു. 10 നക്ഷത്രം അവിടെ കണ്ടപ്പോൾ അവർക്കു വളരെ സന്തോഷമായി. 11 വീടിന് അകത്ത് ചെന്ന അവർ കുട്ടിയെ കണ്ടു. അവൻ അമ്മയായ മറിയയോടൊപ്പമായിരുന്നു. അവർ വീണ് അവനെ വണങ്ങി, നിക്ഷേപപാത്രങ്ങൾ തുറന്ന് സ്വർണവും കുന്തിരിക്കവും മീറയും അവനു സമ്മാനമായി കൊടുത്തു. 12 എന്നാൽ ഹെരോദിന്റെ അടുത്തേക്കു മടങ്ങരുതെന്നു സ്വപ്നത്തിൽ ദിവ്യമുന്നറിയിപ്പു ലഭിച്ചതുകൊണ്ട്+ അവർ മറ്റൊരു വഴിക്കു സ്വദേശത്തേക്കു മടങ്ങി.
13 അവർ പോയശേഷം യഹോവയുടെ ദൂതൻ യോസേഫിനു സ്വപ്നത്തിൽ പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: “എഴുന്നേറ്റ് കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് ഓടിപ്പോകുക. ഞാൻ പറയുന്നതുവരെ അവിടെത്തന്നെ താമസിക്കണം. കുട്ടിയെ കൊല്ലാൻവേണ്ടി ഹെരോദ് തിരച്ചിൽ നടത്താൻ ഒരുങ്ങുകയാണ്.” 14 അങ്ങനെ, യോസേഫ് എഴുന്നേറ്റ് കുട്ടിയെയും അമ്മയെയും കൊണ്ട് രാത്രിയിൽത്തന്നെ ഈജിപ്തിലേക്കു പോയി. 15 ഹെരോദിന്റെ മരണംവരെ അവിടെ താമസിച്ചു. അങ്ങനെ, “ഈജിപ്തിൽനിന്ന് ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി”+ എന്നു തന്റെ പ്രവാചകനിലൂടെ യഹോവ പറഞ്ഞതു നിറവേറി.
16 ജ്യോത്സ്യന്മാർ പറ്റിച്ചെന്നു കണ്ട് ഹെരോദ് വല്ലാതെ കോപിച്ചു. അവരോടു ചോദിച്ച് മനസ്സിലാക്കിയ സമയം+ കണക്കാക്കി ഹെരോദ് ബേത്ത്ലെഹെമിലും സമീപപ്രദേശങ്ങളിലും ആളയച്ച് രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നു. 17 അങ്ങനെ, പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി. യിരെമ്യ+ ഇങ്ങനെ പറഞ്ഞിരുന്നു: 18 “രാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലിന്റെയും വലിയ വിലാപത്തിന്റെയും ശബ്ദം. റാഹേൽ+ മക്കളെ ഓർത്ത് കരയുകയാണ്. അവർ മരിച്ചുപോയതുകൊണ്ട് ആശ്വാസം കൈക്കൊള്ളാൻ അവൾക്കു മനസ്സുവന്നില്ല.”+
19 ഹെരോദ് മരിച്ചശേഷം യഹോവയുടെ ദൂതൻ ഈജിപ്തിൽവെച്ച് ഒരു സ്വപ്നത്തിൽ യോസേഫിനു പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: 20 “കുട്ടിയുടെ ജീവൻ അപഹരിക്കാൻ നോക്കിയവർ മരിച്ചുപോയി. അതുകൊണ്ട് നീ എഴുന്നേറ്റ് കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഇസ്രായേൽ നാട്ടിലേക്കു പോകുക.” 21 അങ്ങനെ, അവൻ കുട്ടിയെയും മറിയയെയും കൂട്ടി ഇസ്രായേലിൽ വന്നു. 22 എന്നാൽ ഹെരോദിനു പകരം അയാളുടെ മകനായ അർക്കെലയൊസാണ് യഹൂദ്യ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ യോസേഫിനു പേടിയായി. സ്വപ്നത്തിൽ ദിവ്യമുന്നറിയിപ്പുകൂടെ ലഭിച്ചതുകൊണ്ട്+ യോസേഫ് ഗലീലപ്രദേശത്തേക്കു പോയി,+ 23 നസറെത്ത് എന്ന നഗരത്തിൽ ചെന്ന് താമസമാക്കി.+ അങ്ങനെ, “അവൻ നസറെത്തുകാരൻ* എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ പറഞ്ഞതു നിറവേറി.+