പഠനലേഖനം 1
“ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!”
“പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്. ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും.”—യശ. 41:10.
ഗീതം 7 യഹോവ നമ്മുടെ ബലം
പൂർവാവലോകനംa
1-2. (എ) യശയ്യ 41:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന സന്ദേശം യോഷികോയെ സഹായിച്ചത് എങ്ങനെ? (ബി) ആരുടെ പ്രയോജനത്തിനുവേണ്ടിയാണ് യഹോവ ആ സന്ദേശം തന്റെ വചനത്തിൽ സൂക്ഷിച്ചിരിക്കുന്നത്?
വിശ്വസ്തയായ ഒരു സഹോദരിയായിരുന്നു യോഷികോ. ഏതാനും മാസങ്ങൾ കൂടിയേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ യോഷികോയോട് പറഞ്ഞു. അതു കേട്ടപ്പോൾ സഹോദരി എങ്ങനെയാണു പ്രതികരിച്ചതെന്നോ? ഇഷ്ടപ്പെട്ട ഒരു ബൈബിൾവാക്യം യോഷികോ അപ്പോൾ ഓർത്തു, യശയ്യ 41:10. (വായിക്കുക.) യഹോവ തന്റെ കൈ പിടിച്ചിരിക്കുന്നതുകൊണ്ട് തനിക്കു പേടിയില്ലെന്നു സഹോദരി വളരെ ശാന്തമായി ഡോക്ടറോടു പറഞ്ഞു.b യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ആശ്വാസദായകമായ ആ തിരുവെഴുത്തു നമ്മുടെ പ്രിയസഹോദരിയെ സഹായിച്ചു. കടുത്ത പരിശോധനകൾ നേരിടുമ്പോൾ ശാന്തരായി നിൽക്കാൻ ആ തിരുവെഴുത്തു നമ്മളെയും സഹായിക്കും. അത് എങ്ങനെയെന്നു നമ്മൾ പഠിക്കും. അതിനുവേണ്ടി, യശയ്യ പ്രവാചകനു ദൈവം ആ ഉറപ്പു കൊടുത്തതിന്റെ കാരണം ഇപ്പോൾ നോക്കാം.
2 ഭാവിയിൽ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ട് പോകുമായിരുന്ന ജൂതന്മാരെ ആശ്വസിപ്പിക്കാനായിരുന്നു യഹോവ യശയ്യയെക്കൊണ്ട് ഈ വാക്കുകൾ രേഖപ്പെടുത്തിയത്. എന്നാൽ ഈ സന്ദേശം ജൂതരായ പ്രവാസികൾക്കുവേണ്ടി മാത്രമല്ല ദൈവം തന്റെ വചനത്തിൽ സൂക്ഷിച്ചത്. അന്നുമുതൽ ഇന്നുവരെയുള്ള തന്റെ ജനത്തെ മനസ്സിൽക്കണ്ടുകൊണ്ടായിരുന്നു യഹോവ അതു ചെയ്തത്. (യശ. 40:8; റോമ. 15:4) ‘ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിലാണ്’ നമ്മൾ ജീവിക്കുന്നത്. യശയ്യ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന പ്രോത്സാഹനം നമുക്ക് മുമ്പെന്നത്തെക്കാൾ കൂടുതൽ ഇന്ന് ആവശ്യമാണ്.—2 തിമൊ. 3:1.
3. (എ) 2019-ലെ വാർഷികവാക്യമായ യശയ്യ 41:10-ൽ യഹോവ ഏതെല്ലാം കാര്യങ്ങൾക്ക് ഉറപ്പു തന്നിട്ടുണ്ട്? (ബി) യഹോവയിൽനിന്നുള്ള ഈ ഉറപ്പു നമുക്ക് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
3 നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന, യശയ്യ 41:10-ലെ യഹോവ ഉറപ്പു തരുന്ന മൂന്നു കാര്യങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പരിശോധിക്കും: (1) യഹോവ നമ്മുടെകൂടെയുണ്ട്, (2) യഹോവ നമ്മുടെ ദൈവമാണ്, (3) യഹോവ നമ്മളെ സഹായിക്കും. ഇവ മൂന്നും യഹോവ നമുക്കു തരുന്ന ഉറപ്പാണ്.c നമുക്ക് ഇന്ന് ഇതു ശരിക്കും ആവശ്യമാണ്. കാരണം യോഷികോയെപ്പോലെ നമ്മൾ ഓരോരുത്തരും ജീവിതത്തിൽ പരിശോധനകൾ നേരിടുന്നു. കൂടാതെ, ലോകത്ത് മോശമായ കാര്യങ്ങൾ സംഭവിക്കുന്നതുകൊണ്ട് അതിന്റെ സമ്മർദങ്ങളും നമ്മൾ അനുഭവിക്കുന്നുണ്ട്. ശക്തരായ ഗവൺമെന്റ് അധികാരികൾ കാരണം നമ്മളിൽ ചിലർക്ക് ഉപദ്രവങ്ങൾപോലും സഹിക്കേണ്ടിവരുന്നു. അതുകൊണ്ട് ദൈവം ഉറപ്പു തന്നിരിക്കുന്ന ഓരോ കാര്യവും നമുക്കു ചിന്തിക്കാം.
“ഞാൻ നിന്റെകൂടെയുണ്ട്”
4. (എ) നമ്മൾ പഠിക്കാൻപോകുന്ന ആദ്യത്തെ ഉറപ്പ് ഏതാണ്? (അടിക്കുറിപ്പും കാണുക.) (ബി) നമ്മളോടുള്ള സ്നേഹം യഹോവ എങ്ങനെയാണു വർണിക്കുന്നത്? (സി) ദൈവത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
4 യഹോവ ആദ്യം നമുക്കു തരുന്ന ഉറപ്പ് ഇതാണ്: “പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.”d ഊഷ്മളമായ സ്നേഹവും തന്റെ മുഴുശ്രദ്ധയും നമുക്കു തന്നുകൊണ്ട് നമ്മുടെകൂടെയുണ്ടെന്ന് യഹോവ കാണിക്കുന്നു. യഹോവയ്ക്കു നമ്മളോടുള്ള അഗാധമായ സ്നേഹവും ആർദ്രതയും എങ്ങനെയാണു വർണിച്ചിരിക്കുന്നതെന്നു നോക്കുക. യഹോവ പറയുന്നു: “നീ എനിക്കു വളരെ വിലപ്പെട്ടവനാണ്, ഞാൻ നിന്നെ ആദരിക്കുന്നു, നിന്നെ സ്നേഹിക്കുന്നു.” (യശ. 43:4) തന്നെ സേവിക്കുന്നവരോടുള്ള യഹോവയുടെ സ്നേഹം ഇല്ലാതാക്കാൻ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും കഴിയില്ല. യഹോവ നമ്മളോട് എന്നും വിശ്വസ്തനായിരിക്കും. (യശ. 54:10) യഹോവയുടെ സ്നേഹവും സൗഹൃദവും നമുക്കു ധൈര്യം പകരുന്നു. തന്റെ സ്നേഹിതനായ അബ്രാമിനെ (അബ്രാഹാമിനെ) കാത്തുസംരക്ഷിച്ചതുപോലെ യഹോവ നമ്മളെയും കാക്കും. യഹോവ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “അബ്രാമേ, പേടിക്കേണ്ടാ. ഞാൻ നിനക്ക് ഒരു പരിചയാണ്.”—ഉൽപ. 15:1.
5-6. (എ) ജീവിതത്തിൽ പരിശോധനകൾ ഉണ്ടാകുമ്പോൾ നമ്മളെ സഹായിക്കാൻ യഹോവ തയ്യാറാണെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) യോഷികോയുടെ അനുഭവം നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
5 ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മളെ സഹായിക്കാൻ യഹോവ മനസ്സൊരുക്കമുള്ളവനാണെന്നു നമുക്ക് അറിയാം. കാരണം യഹോവ തന്റെ ജനത്തിന് ഈ ഉറപ്പ് നൽകിയിട്ടുണ്ട്: “നീ വെള്ളത്തിലൂടെ പോകുമ്പോൾ ഞാൻ കൂടെയുണ്ടാകും, നദികളിലൂടെ സഞ്ചരിക്കുമ്പോൾ അവ നിന്നെ മുക്കിക്കളയില്ല. തീയിലൂടെ നടക്കുമ്പോൾ നിനക്കു പൊള്ളലേൽക്കില്ല, അഗ്നിജ്വാലകളേറ്റ് നീ വാടിപ്പോകില്ല.” (യശ. 43:2) എന്താണ് ഈ വാക്കുകളുടെ അർഥം?
6 നമ്മുടെ ജീവിതം ദുരിതപൂർണമാക്കുന്ന പ്രശ്നങ്ങൾ ഈ വ്യവസ്ഥിതിയിൽ നീക്കിക്കളയുമെന്ന് യഹോവ വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷേ പ്രശ്നങ്ങളാകുന്ന ‘നദികളിൽ’ നമ്മൾ മുങ്ങിത്താഴാനോ പരിശോധനകളാകുന്ന “അഗ്നിജ്വാലകളേറ്റ്” നമുക്ക് ശാശ്വതഹാനി വരാനോ യഹോവ സമ്മതിക്കില്ല. നമ്മുടെ കൂടെയുണ്ടായിരിക്കുമെന്ന് യഹോവ ഉറപ്പു തന്നിട്ടുണ്ട്. അത്തരം പ്രയാസസാഹചര്യങ്ങളിലൂടെ ‘പോകാനുള്ള’ സഹായം യഹോവ തരുന്നു. എങ്ങനെ? ഉത്കണ്ഠകളുണ്ടാകുമ്പോൾ യഹോവ നമ്മുടെ മനസ്സ് ശാന്തമാക്കും. അതുവഴി, ജീവനു ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിൽപ്പോലും യഹോവയോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കാൻ നമുക്കു സാധിക്കും. (യശ. 41:13) തുടക്കത്തിൽ കണ്ട യോഷികോ സഹോദരിയുടെ അനുഭവം ഇതു സത്യമാണെന്നു തെളിയിക്കുന്നു. സഹോദരിയുടെ മകൾ പറയുന്നു: “മമ്മിയുടെ ശാന്തത കണ്ടപ്പോൾ ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. യഹോവ മമ്മിക്കു മനസ്സമാധാനം കൊടുക്കുന്നതു ഞങ്ങൾ ശരിക്കും കണ്ടറിഞ്ഞു. ഞങ്ങളെ വിട്ടുപോയ ആ ദിവസംവരെ മമ്മി നഴ്സുമാരോടും മറ്റു രോഗികളോടും യഹോവയെയും യഹോവയുടെ വാഗ്ദാനങ്ങളെയും കുറിച്ച് സംസാരിച്ചു.” യോഷികോയുടെ അനുഭവം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? “ഞാൻ നിന്റെകൂടെയുണ്ട്” എന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ നമ്മൾ വിശ്വാസം അർപ്പിക്കുന്നെങ്കിൽ പരിശോധനകൾ ഉണ്ടാകുമ്പോൾ ധൈര്യമുള്ളവരായിരിക്കാനും കരുത്തരായിരിക്കാനും നമുക്കും കഴിയും.
“ഞാനല്ലേ നിന്റെ ദൈവം”
7-8. (എ) നമ്മൾ ചിന്തിക്കാൻപോകുന്ന രണ്ടാമത്തെ ഉറപ്പ് ഏതാണ്, ‘ഭയപ്പെടുക’ എന്നതിന്റെ അർഥമെന്താണ്? (ബി) യഹോവ എന്തുകൊണ്ടാണ് ജൂതരായ പ്രവാസികളോടു “ഭയപ്പെടേണ്ടാ” എന്നു പറഞ്ഞത്? (സി) യശയ്യ 46:3, 4-ൽ കാണുന്ന ഏതു വാക്കുകൾ ദൈവജനത്തിന്റെ മനസ്സിന് ആശ്വാസം പകർന്നിരിക്കാം?
7 യശയ്യ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടാമത്തെ ഉറപ്പു ശ്രദ്ധിക്കുക: “ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!” ഈ വാക്യത്തിലെ ‘ഭയപ്പെടുക’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? “ഭയപ്പെടുക” എന്നതിനുള്ള മൂലഭാഷാപദം “പിന്നിൽനിന്ന് എന്തോ അപകടം വരുന്നു എന്ന ഭയത്താൽ തിരിഞ്ഞ് നോക്കുക” എന്ന ആശയമോ “അപകടകരമായ ഒരു സാഹചര്യത്തിൽ പരിഭ്രാന്തരാകുക” എന്ന ആശയമോ ആണ് ധ്വനിപ്പിക്കുന്നത്.
8 ബാബിലോണിലേക്കു ബന്ദികളായി പോകാനിരിക്കുന്നവരോട് യഹോവ എന്തുകൊണ്ടാണ് “ഭയപ്പെടേണ്ടാ” എന്നു പറഞ്ഞത്? കാരണം ആ ദേശത്ത് താമസിക്കുന്നവർക്കു ഭയം തോന്നുന്ന ഒരു സമയം വരുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. എന്തായിരിക്കും അവരുടെ ഭീതിക്കു കാരണം? ജൂതന്മാരുടെ 70 വർഷത്തെ പ്രവാസത്തിന്റെ അവസാനത്തോടടുത്ത് മേദ്യയുടെയും പേർഷ്യയുടെയും ശക്തമായ സൈന്യങ്ങൾ ബാബിലോണിനെ ആക്രമിക്കുമായിരുന്നു. ബാബിലോണിലെ അടിമത്തത്തിൽനിന്ന് തന്റെ ജനത്തെ സ്വതന്ത്രമാക്കാൻ ദൈവം ഈ സൈന്യത്തെ ഉപയോഗിക്കും. (യശ. 41:2-4) ശത്രുവിന്റെ മുന്നേറ്റത്തെക്കുറിച്ച് കേട്ടപ്പോൾ ബാബിലോൺകാരും മറ്റു ദേശക്കാരും “ധൈര്യമായിരിക്കുക” എന്നു പരസ്പരം പറഞ്ഞുകൊണ്ട് തങ്ങളുടെ ധൈര്യം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. അവർ കൂടുതൽ വിഗ്രഹങ്ങളെയും ഉണ്ടാക്കി. ആ വിഗ്രഹങ്ങൾ തങ്ങളെ രക്ഷിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. (യശ. 41:5-7) എന്നാൽ അവിടെയുണ്ടായിരുന്ന ജൂതന്മാർക്ക് ആശ്വാസം പകർന്നത് യഹോവ അവരോടു പറഞ്ഞ വാക്കുകളായിരുന്നു: “ഇസ്രായേലേ, (നീ നിന്റെ അയൽക്കാരെപ്പോലെയല്ല,) നീ എന്റെ ദാസൻ. . . . ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!” (യശ. 41:8-10) യഹോവ പറയുന്നത് ശ്രദ്ധിക്കുക: ‘ഞാൻ അല്ലേ നിന്റെ ദൈവം!’ താൻ അവരെ മറന്നുകളഞ്ഞിട്ടില്ലെന്ന് ഈ വാക്കുകളിലൂടെ തന്റെ വിശ്വസ്തരായ ആരാധകർക്കു ദൈവം ഉറപ്പു നൽകി. യഹോവ ഇപ്പോഴും അവരുടെ ദൈവമാണ്. അവർ ഇപ്പോഴും യഹോവയുടെ ജനവും. യഹോവ അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ . . . നിങ്ങളെ വഹിക്കുകയും . . . രക്ഷിക്കുകയും ചെയ്യും.” എത്ര ധൈര്യം പകരുന്ന വാക്കുകളാണ് ഇത്! ഇതു തീർച്ചയായും ജൂതരായ പ്രവാസികൾക്കു മനോബലമേകി.—യശയ്യ 46:3, 4 വായിക്കുക.
9-10. നമ്മൾ ഭയപ്പെടേണ്ട ഒരു ആവശ്യവുമില്ലാത്തത് എന്തുകൊണ്ട്? ഒരു ദൃഷ്ടാന്തം പറയുക.
9 ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ കണ്ട് നമുക്കു ചുറ്റുമുള്ള ആളുകൾ ഇന്ന് മുമ്പെന്നത്തെക്കാളും അധികം ഭയപ്പെട്ടാണു ജീവിക്കുന്നത്. ഈ പ്രശ്നങ്ങളിൽനിന്ന് നമ്മളും ഒഴിവുള്ളവരല്ല എന്നതു ശരിയാണ്. പക്ഷേ നമ്മൾ ഭയപ്പെടേണ്ട ഒരു ആവശ്യവുമില്ല. യഹോവ നമ്മളോടു പറയുന്നു: “ഞാനല്ലേ നിന്റെ ദൈവം!” ഈ വാക്കുകൾ ശാന്തരായി നിൽക്കാനുള്ള ശക്തമായ കാരണമായിരിക്കുന്നത് എന്തുകൊണ്ട്?
10 നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം: ജിമ്മും ബെന്നും ഒരു വിമാനത്തിൽ യാത്ര ചെയ്യുകയാണ്. പെട്ടെന്ന് ശക്തമായ കാറ്റിൽപ്പെട്ട് വിമാനം ആടിയുലയാൻ തുടങ്ങി. ലൗഡ്സ്പീക്കറിലൂടെ പൈലറ്റ് ഇങ്ങനെ ഒരു അറിയിപ്പ് നടത്തി: “എല്ലാവരും സീറ്റ് ബെൽറ്റ് ഇടൂ. കാറ്റ് ശക്തമാണ്. നമ്മൾ കുറച്ച് ദൂരം ഇങ്ങനെയായിരിക്കും പോകുന്നത്. ഭയപ്പെടേണ്ടാ. നിങ്ങളുടെ പൈലറ്റാണു സംസാരിക്കുന്നത്.” ഇതു കേട്ട് ജിം ബെന്നിനോടു പറഞ്ഞു: “പൈലറ്റിന് എങ്ങനെയാ പേടിക്കേണ്ടെന്ന് ഇത്ര ഉറപ്പിച്ചു പറയാൻ കഴിയുന്നത്?” ബെന്നിനാണെങ്കിൽ യാതൊരു കുലുക്കവുമില്ല. ജിം ചോദിച്ചു: “നിനക്കു പേടിയൊന്നുമില്ലേ?” ബെൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “എനിക്ക് ഈ പൈലറ്റിനെ നന്നായി അറിയാം. എന്റെ പപ്പയാണ് അത്.” എന്നിട്ടു ബെൻ പറഞ്ഞു: “എന്റെ പപ്പയെ നിനക്ക് അറിയാത്തതുകൊണ്ടാ. പപ്പയെ ശരിക്ക് അറിയാമെങ്കിൽ നീ ഒട്ടും പേടിക്കില്ലായിരുന്നു.”
11. രണ്ടു യാത്രക്കാരുടെ ദൃഷ്ടാന്തത്തിൽനിന്ന് എന്തു പഠിക്കാം?
11 ഈ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? ബെന്നിനെപ്പോലെ നമ്മളും ശാന്തരാണ്. കാരണം നമ്മുടെ സ്വർഗീയപിതാവായ യഹോവയെ നമുക്കു നന്നായി അറിയാം. ഈ വ്യവസ്ഥിതിയുടെ അവസാനനാളുകളിൽ കൊടുങ്കാറ്റുസമാനമായ പ്രശ്നങ്ങൾ നേരിടുമ്പോൾ യഹോവ നമ്മളെ കൈപിടിച്ച് നടത്തുമെന്നു നമുക്ക് അറിയാം. (യശ. 35:4) യഹോവയിൽ ആശ്രയിക്കുന്നതുകൊണ്ട് ലോകം മുഴുവൻ ഭയത്തിന്റെ പിടിയിലമർന്നാലും നമ്മൾ ശാന്തരായി നിൽക്കും. (യശ. 30:15) അയൽക്കാരോടു ദൈവത്തിൽ ഉറച്ച വിശ്വാസമുണ്ടായിരിക്കാൻ കഴിയുന്നതിന്റെ കാരണം പറയുമ്പോൾ നമ്മളും ബെന്നിനെപ്പോലെ പ്രവർത്തിക്കുകയാണ്. അപ്പോൾ അവർക്കും ഒരു കാര്യം ബോധ്യംവന്നേക്കാം: എന്തൊക്കെ പ്രശ്നങ്ങൾ നേരിട്ടാലും അവരെ സഹായിക്കാൻ യഹോവയുണ്ടായിരിക്കും.
“ഞാൻ നിന്നെ ശക്തീകരിക്കും,നിന്നെ സഹായിക്കും”
12. (എ) നമ്മൾ ചിന്തിക്കാൻപോകുന്ന മൂന്നാമത്തെ ഉറപ്പ് ഏതാണ്? (ബി) യഹോവയുടെ “കരം” എന്നു പറഞ്ഞിരിക്കുന്നതു നമ്മളെ ഏതു കാര്യം ഓർമിപ്പിക്കുന്നു?
12 യശയ്യ രേഖപ്പെടുത്തിയിരിക്കുന്ന മൂന്നാമത്തെ ഉറപ്പു ശ്രദ്ധിക്കുക: “ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും.” യഹോവ തന്റെ ജനത്തെ എങ്ങനെ ശക്തീകരിക്കുമെന്ന് വിവരിച്ചുകൊണ്ട് യശയ്യ നേരത്തേതന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “യഹോവ ശക്തിയോടെ വരും, ദൈവത്തിന്റെ കരം ദൈവത്തിനുവേണ്ടി ഭരിക്കും.” (യശ. 40:10) ശക്തിയെ കുറിക്കാനാണ് ബൈബിളിൽ പലപ്പോഴും “കരം” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് യഹോവയുടെ ‘കരം ഭരിക്കും’ എന്ന വാക്കുകൾ യഹോവ ശക്തനായ ഒരു രാജാവാണെന്ന കാര്യം നമ്മളെ ഓർമിപ്പിക്കുന്നു. തന്റെ ദാസന്മാരെ സഹായിക്കാനും സംരക്ഷിക്കാനും യഹോവ മുൻകാലങ്ങളിൽ തന്റെ അജയ്യമായ ശക്തി ഉപയോഗിച്ചിട്ടുണ്ട്. യഹോവയ്ക്കു മാറ്റമില്ല. ഇക്കാലത്തും തന്നിൽ ആശ്രയിക്കുന്നവരെ യഹോവ ശക്തീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.—ആവ. 1:30, 31; യശ. 43:10.
13. (എ) നമ്മളെ ശക്തീകരിക്കും എന്നുള്ള വാഗ്ദാനം പ്രത്യേകിച്ച് യഹോവ നിറവേറ്റുന്നത് ഏതു സമയത്തായിരിക്കും? (ബി) നമുക്കു ധൈര്യവും ആത്മവിശ്വാസവും പകരുന്ന ഉറപ്പ് ഏതാണ്?
13 “ഞാൻ നിന്നെ ശക്തീകരിക്കും” എന്ന വാഗ്ദാനം യഹോവ നിറവേറ്റുന്നത് പ്രത്യേകിച്ചും, ശത്രുക്കൾ നമ്മളെ ഉപദ്രവിക്കുമ്പോഴാണ്. ഇന്ന് ലോകത്തിന്റെ ചില ഭാഗങ്ങളിൽ പ്രസംഗപ്രവർത്തനം തടയാനോ സംഘടനയെ നിരോധിക്കാനോ ശത്രുക്കൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാലും അത്തരം ആക്രമണങ്ങളെക്കുറിച്ച് ഓർത്ത് നമ്മൾ അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ല. നമുക്കു ധൈര്യവും ആത്മവിശ്വാസവും പകരുന്ന ഒരു ഉറപ്പ് യഹോവ തന്നിട്ടുണ്ട്. “നിനക്ക് എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല” എന്ന വാഗ്ദാനം. (യശ. 54:17) ആ വാക്കുകൾ നമ്മളെ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ഓർമിപ്പിക്കുന്നു.
14. ദൈവത്തിന്റെ ശത്രുക്കൾ നമ്മളെ ആക്രമിക്കുമെന്നതിൽ നമ്മൾ അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
14 ഒന്ന്, ക്രിസ്തുവിന്റെ അനുഗാമികളായ നമ്മളെ മറ്റുള്ളവർ വെറുക്കുമെന്ന കാര്യം നമുക്ക് അറിയാം. (മത്താ. 10:22) അവസാനനാളുകളിൽ തന്റെ ശിഷ്യന്മാർ കഠിനമായ ഉപദ്രവങ്ങൾ ഏൽക്കേണ്ടിവരുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (മത്താ. 24:9; യോഹ. 15:20) ശത്രുക്കൾ നമ്മളെ വെറുക്കുക മാത്രമല്ല ചെയ്യുന്നത്. അവർ നമുക്ക് എതിരെ പല തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കുമെന്നും യശയ്യ പ്രവചനം മുന്നറിയിപ്പ് തരുന്നു. ഇതാണു രണ്ടാമത്തെ കാര്യം. ആ ആയുധങ്ങളിൽ വഞ്ചനയും കല്ലുവെച്ച നുണകളും ക്രൂരമായ ഉപദ്രവവും ഉൾപ്പെടുന്നു. (മത്താ. 5:11) ഇവ ഉപയോഗിച്ച് നമുക്ക് എതിരെ യുദ്ധം ചെയ്യുന്നതിൽനിന്ന് യഹോവ ശത്രുക്കളെ തടയില്ല. (എഫെ. 6:12; വെളി. 12:17) എന്നാൽ നമുക്ക് പേടി തോന്നേണ്ട ഒരു കാര്യവുമില്ല, എന്തുകൊണ്ട്?
15-16. (എ) നമ്മൾ ഓർത്തിരിക്കേണ്ട മൂന്നാമത്തെ കാര്യം ഏതാണ്, യശയ്യ 25:4, 5 അതിന് കൂടുതലായ ഉറപ്പു തരുന്നത് എങ്ങനെ? (ബി) നമുക്ക് എതിരെ യുദ്ധം ചെയ്യുന്നവർക്ക് സംഭവിക്കാൻ പോകുന്നത് എന്താണെന്ന് യശയ്യ 41:11, 12 വിശദീകരിക്കുന്നത് എങ്ങനെ?
15 നമ്മൾ ഓർത്തിരിക്കേണ്ട മൂന്നാമത്തെ കാര്യം അതിന് ഉത്തരം തരുന്നു. നമുക്ക് എതിരെ ഉപയോഗിക്കുന്ന “ഒരു ആയുധവും” ഒരിക്കലും “ഫലിക്കില്ല” എന്ന് യഹോവ ഉറപ്പു തന്നിട്ടുണ്ട്. വിനാശം വിതയ്ക്കുന്ന ശക്തമായ കാറ്റോടുകൂടിയ പേമാരിയിൽനിന്ന് ഒരു മതിൽ സംരക്ഷണം തരുന്നതുപോലെ “ക്രൂരരായ അധികാരികൾ കോപം ചൊരിയുമ്പോൾ” യഹോവ നമ്മളെ സംരക്ഷിക്കും. (യശയ്യ 25:4, 5 വായിക്കുക.) നമുക്കു നിലനിൽക്കുന്ന ദോഷം വരുത്തുന്ന ഒന്നും ചെയ്യാൻ ശത്രുക്കൾക്ക് ഒരിക്കലും കഴിയില്ല.—യശ. 65:17.
16 നമ്മളോടു ‘കോപിക്കുന്നവരെ’ കാത്തിരിക്കുന്നത് എന്താണെന്നു വിശദമായി പറഞ്ഞുകൊണ്ട് തന്നിൽ ആശ്രയിക്കാനുള്ള കൂടുതൽ കാരണങ്ങൾ യഹോവ നമുക്ക് തരുന്നു. (യശയ്യ 41:11, 12 വായിക്കുക.) ശത്രുക്കൾ നമുക്ക് എതിരെ എത്ര ശക്തമായി പോരാടിയാലും ശരി, യുദ്ധം എത്ര കടുത്തതായാലും ശരി, അന്തിമഫലത്തിന്റെ കാര്യത്തിൽ മാറ്റുമുണ്ടാകില്ല: ദൈവജനത്തിന്റെ ശത്രുക്കളെല്ലാം “ഇല്ലാതാകും; അവർ നശിച്ചുപോകും.”
യഹോവയിലുള്ള ആശ്രയം എങ്ങനെ ദൃഢമാക്കാം?
17-18. (എ) ബൈബിൾ വായിക്കുന്നത് ദൈവത്തിലുള്ള ആശ്രയം ദൃഢമാക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം പറയുക. (ബി) 2019-ലെ വാർഷികവാക്യത്തെക്കുറിച്ച് ധ്യാനിക്കുന്നത് നമ്മളെ എങ്ങനെ സഹായിക്കും?
17 യഹോവയെ കൂടുതലായി അടുത്ത് അറിഞ്ഞുകൊണ്ട് യഹോവയിലുള്ള ആശ്രയം നമുക്കു ദൃഢമാക്കാം. ശ്രദ്ധയോടെ ബൈബിൾ വായിക്കുകയും വായിച്ചതിനെക്കുറിച്ച് നന്നായി ചിന്തിക്കുകയും ചെയ്താൽ മാത്രമേ നമുക്കു ദൈവത്തെ ശരിക്കും അടുത്ത് അറിയാൻ കഴിയൂ. മുൻകാലത്ത് തന്റെ ജനത്തെ യഹോവ എങ്ങനെയാണു സംരക്ഷിച്ചതെന്നു ബൈബിൾ പറയുന്നുണ്ട്. ആ വിവരണങ്ങൾ, യഹോവ നമ്മളെ പരിപാലിക്കും എന്ന ഉറപ്പു തരുന്നു.
18 ഉദാഹരണത്തിന്, യഹോവ എങ്ങനെയാണ് നമ്മളെ സംരക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ യശയ്യ വാക്കുകൾകൊണ്ട് വരച്ച മനോഹരമായ ഒരു ചിത്രം സഹായിക്കും. ഈ ചിത്രത്തിൽ യഹോവ ഒരു ഇടയനാണ്, ദൈവദാസർ കുഞ്ഞാടുകളും. യശയ്യ പറയുന്നു: “(യഹോവ) കൈകൊണ്ട് കുഞ്ഞാടുകളെ ഒരുമിച്ചുകൂട്ടും, അവയെ മാറോടണച്ച് കൊണ്ടുനടക്കും.” (യശ. 40:11) യഹോവ ശക്തമായ തന്റെ കരങ്ങൾകൊണ്ട് നമ്മളെ ചേർത്തുപിടിക്കുന്നതായി അനുഭവപ്പെടുമ്പോൾ നമുക്കു സുരക്ഷിതത്വം തോന്നും. നമ്മൾ ശാന്തരായിരിക്കും. നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ എന്തായാലും ശാന്തരായി നിൽക്കാൻ നമ്മളെ സഹായിക്കുന്നതിന് വിശ്വസ്തനും വിവേകിയും ആയ അടിമ 2019-ലെ വാർഷികവാക്യമായി യശയ്യ 41:10-ലെ ഈ വാക്കുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്: “ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!” മുന്നിലുള്ള പാതയിൽ പ്രശ്നങ്ങൾ നമ്മളെ കാത്തിരിപ്പുണ്ട്. പക്ഷേ ധൈര്യം പകരുന്ന ആ വാക്കുകളെക്കുറിച്ച് ധ്യാനിക്കുക. പിടിച്ചുനിൽക്കാനുള്ള ശക്തി അത് നിങ്ങൾക്കു തരും.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
a നമ്മുടെ ജീവിതത്തിലും നമുക്കു ചുറ്റും മോശമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ ശാന്തത കൈവിടാതിരിക്കാൻ കഴിയുന്നതിന്റെ മൂന്നു കാരണങ്ങൾ 2019-ലെ വാർഷികവാക്യം വിശദീകരിക്കുന്നു. ആ കാരണങ്ങൾ എന്തൊക്കെയാണെന്ന് ഈ ലേഖനത്തിൽ നമ്മൾ വിശദമായി പഠിക്കും. ഉത്കണ്ഠകൾ കുറയ്ക്കാനും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഹോവയിൽ കൂടുതലായി ആശ്രയിക്കാനും അതു സഹായിക്കും. വാർഷികവാക്യത്തെക്കുറിച്ച് നന്നായി ചിന്തിക്കുക. സാധിക്കുമെങ്കിൽ അതു മനഃപാഠമാക്കുക. വരാൻപോകുന്ന പ്രശ്നങ്ങൾ നേരിടാനുള്ള ശക്തി അതു നിങ്ങൾക്ക് തരും.
c പദപ്രയോഗത്തിന്റെ വിശദീകരണം: വിശ്വാസയോഗ്യമായ ഒരു പ്രസ്താവന അല്ലെങ്കിൽ ഒരു കാര്യം നിശ്ചയമായും സംഭവിക്കും എന്ന വാഗ്ദാനം ആണ് ഉറപ്പ് എന്നു പറയുന്നത്. നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ഓർത്ത് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാൻ യഹോവ ഉറപ്പു തരുന്ന ഓരോ കാര്യവും നമ്മളെ സഹായിക്കും.
d അടിക്കുറിപ്പ്: “പേടിക്കേണ്ടാ” എന്ന പ്രയോഗം യശയ്യ 41:10, 13 വാക്യങ്ങളിലും “ഭയപ്പെടേണ്ടാ” എന്ന പ്രയോഗം യശയ്യ 41:14-ലും കാണാം. ഈ വാക്യങ്ങളിൽ കൂടെക്കൂടെ “ഞാൻ” (യഹോവയെ കുറിക്കാൻ) എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് “ഞാൻ” എന്ന വാക്ക് പല പ്രാവശ്യം ഉപയോഗിക്കാൻ യഹോവ യശയ്യയെ പ്രചോദിപ്പിച്ചത്? യഹോവയിൽ ആശ്രയിച്ചെങ്കിലേ ഉത്കണ്ഠകൾ ഉണ്ടാകുമ്പോൾ നമ്മുടെ മനസ്സ് ശാന്തമാക്കാൻ കഴിയൂ എന്ന പ്രധാനപ്പെട്ട സത്യം എടുത്തു കാണിക്കാൻ.
e ചിത്രക്കുറിപ്പ്: ജോലി, ആരോഗ്യം, സ്കൂൾ, ശുശ്രൂഷ എന്നിവയോടു ബന്ധപ്പെട്ട് പരിശോധനകൾ നേരിടുന്ന ഒരു കുടുംബം.
f ചിത്രക്കുറിപ്പ്: ഒരു വീട്ടിൽ മീറ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുമ്പോൾ പോലീസ് ഇരച്ചുകയറുന്നു. പക്ഷേ സഹോദരങ്ങൾ പേടിക്കുന്നില്ല.
g ചിത്രക്കുറിപ്പ്: പതിവായ കുടുംബാരാധന പിടിച്ചുനിൽക്കാനുള്ള ശക്തി നമുക്കു തരും.