പൗരസ്ത്യരും പാശ്ചാത്യരും സംഗമിക്കുമ്പോൾ
“പൗരസ്ത്യം പൗരസ്ത്യം തന്നെ, പാശ്ചാത്യം പാശ്ചാത്യവും, ഇവ രണ്ടും ഒരിക്കലും സംഗമിക്കാൻ പോകുന്നില്ല.” ബ്രിട്ടീഷ് കവിയായ റുഡ്യാർഡ് കിപ്ളിങ്ങിന്റെ ഈ വാക്കുകൾ നമ്മെ അനുസ്മരിപ്പിക്കുന്നത് ജനപദങ്ങളെ വിഭജിക്കുന്ന ആഴത്തിലുള്ള സാംസ്കാരിക ഭിന്നതകളെയാണ്. ഇവ ഇന്നു നമുക്കു ചുററും അലയടിച്ചുയരുന്ന ഗോത്രപരവും വർഗീയവും ദേശീയവാദപരവുമായ സ്പർധയെ ഊട്ടിവളർത്തുന്നു. ഈ സ്ഥിതിവിശേഷം സംബന്ധിച്ചു ദൈവത്തിന് എന്തെങ്കിലും ചെയ്തുകൂടേ? എന്നു പലരും ചോദിക്കാറുണ്ട്. ഉവ്വ്, ദൈവത്തിനു ചെയ്യാനാകും! അവിടുന്ന് ഇപ്പോൾപോലും ചില സംഗതികൾ ചെയ്യുന്നുമുണ്ട്! കിപ്ളിങ്ങിന്റെ കവിതയിലെ അടുത്ത വരി ഇതു പരാമർശിച്ചു. പൗരസ്ത്യരും പാശ്ചാത്യരും എത്ര നാൾ ഭിന്നിച്ചിരിക്കും? “ഭൂമിയും ആകാശവും ദൈവത്തിന്റെ മഹാന്യായാസനത്തിൻ മുമ്പാകെ അധികം താമസിയാതെ നിൽക്കും, അപ്പോൾവരെ” എന്നു കവി പറഞ്ഞു.
ന്യായംവിധിക്കാനുള്ള ഉത്തരവാദിത്വം ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഏൽപ്പിച്ചുകൊടുത്തിരിക്കുകയാണ്. (യോഹന്നാൻ 5:22-24, 30) എന്നാൽ ആ ന്യായവിധിസമയം എപ്പോഴാണ് ആരംഭിക്കുന്നത്? ആരെയാണു ന്യായംവിധിക്കുന്നത്, എന്തു ഫലത്തോടെ? 1914 എന്ന വർഷംമുതൽ മനുഷ്യവർഗത്തെ ദുരിതത്തിലാഴ്ത്താൻ തുടങ്ങിയ ലോകമഹായുദ്ധങ്ങളും അതേത്തുടർന്നുള്ള അരിഷ്ടതകളും പ്രവചനരൂപത്തിൽ വർണിച്ചതു യേശു ആയിരുന്നു. തന്റെ അദൃശ്യ “സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം” തിരിച്ചറിയിക്കുന്നത് ഇവയായിരിക്കുമെന്ന് അവിടുന്നു പ്രസ്താവിച്ചു.—മത്തായി 24:3-8, NW.
ഈ മഹത്തായ പ്രവചനത്തിന്റെ പാരമ്യത്തിൽ യേശു നമ്മുടെ കാലഘട്ടം ന്യായവിധിയുടെ ഒരു കാലഘട്ടമാണെന്നു തിരിച്ചറിയിക്കുന്നു, കാരണം അവിടുന്ന് ഇപ്രകാരം പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതൻമാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതു പോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.” പ്രതീകാത്മകമായി, ഭൂമിയിലെ സകല ജനങ്ങളും ഇപ്പോൾ ന്യായാധിപതിക്കു മുമ്പാകെ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്, അവിടുത്തെ രക്ഷാകരസന്ദേശത്തോടു പ്രതികരിക്കുന്ന വിധമനുസരിച്ചാണ് അവർ കണക്കുബോധിപ്പിക്കേണ്ടിവരിക. താമസിയാതെതന്നെ മഹോപദ്രവകാലത്തു ന്യായവിധി നടപ്പാക്കപ്പെടുമ്പോൾ അനുസരണയില്ലാത്ത കോലാടുതുല്യരായ ആളുകൾ “നിത്യഛേദനത്തിലേക്കും എന്നാൽ നീതിമാൻമാർ [അനുസരണമുള്ള ചെമ്മരിയാടുതുല്യരായ ആളുകൾ] നിത്യജീവനിലേക്കും പോകും.”—മത്തായി 25:31-33, 46, NW; വെളിപ്പാടു 16:14-16.
‘കിഴക്കുനിന്നും പടിഞ്ഞാറുനിന്നും’
വാസ്തവത്തിൽ, ഈ ലോകത്തിന്റെ ന്യായവിധി ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രക്ഷുബ്ധമായ വർഷങ്ങളിൽ തുടങ്ങി. ആ സമയത്ത്, ക്രൈസ്തവലോകത്തിന്റെ പുരോഹിതവർഗം യുദ്ധം ചെയ്യുന്നവരെ മുഴുഹൃദയത്തോടെ പിന്തുണച്ചു. ഇത് അവരെ “ദൈവക്രോധം” അർഹിക്കുന്ന ദുഷിച്ച ലോകത്തിന്റെ ഭാഗമായി തിരിച്ചറിയിച്ചു. (യോഹന്നാൻ 3:36) എന്നാൽ ദൈവത്തിൽ വിശ്വാസമർപ്പിച്ചിരുന്ന സമാധാനപ്രേമികളായ ക്രിസ്ത്യാനികളോ? 1919 എന്ന വർഷംമുതൽ ഇവർ രാജാവായ ക്രിസ്തുയേശുവിന്റെ പക്ഷത്തേക്കു കൂട്ടിച്ചേർക്കപ്പെടാൻ തുടങ്ങി.
ഗോളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി അവർ വന്നിരിക്കുന്നു, ആദ്യം 1,44,000 അഭിഷിക്തരിൽ ശേഷിക്കുന്നവർ. ഇവർ തിരഞ്ഞെടുക്കപ്പെട്ടതു ക്രിസ്തീയ വർഷം ആരംഭിച്ചതിനു ശേഷമുള്ള നൂററാണ്ടുകളിലൂടെയായിരുന്നു. സ്വർഗീയ രാജ്യത്തിൽ “ക്രിസ്തുവിന്നു കൂട്ടവകാശികൾ” ആയിരിക്കേണ്ടവരാണ് ഇവർ. (റോമർ 8:17) ഇവരോടു ദൈവത്തിന്റെ പ്രവാചകൻ പറയുന്നു: “ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കുകയും ചെയ്യും. ഞാൻ വടക്കിനോടു: തരിക എന്നും തെക്കിനോടു: തടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രൻമാരെയും ഭൂമിയുടെ അററത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.”—യെശയ്യാവു 43:5-7.
പക്ഷേ അതു മാത്രമല്ല! പ്രത്യേകിച്ച് 1930-കൾ മുതൽ ലക്ഷങ്ങളായി ഇപ്പോൾ കുതിച്ചുയരുന്ന ഒരു മഹാപുരുഷാരം ശേഖരിക്കപ്പെടാൻ തുടങ്ങി. മത്തായി 25:31-46-ൽ യേശു പരാമർശിച്ച “ചെമ്മരിയാടുകൾ” ഇവരാണ്. അവരെക്കാൾ മുമ്പ് എത്തിയ അഭിഷിക്ത ശേഷിപ്പിനെപ്പോലെ, “നിങ്ങൾ എന്റെ സാക്ഷികൾ . . . ഞാൻ ദൈവംതന്നേ” എന്നു പ്രഖ്യാപിക്കുന്നവനിൽ ഇവർ “വിശ്വസിക്കയും” ചെയ്തിരിക്കുന്നു. (യെശയ്യാവു 43:10-12) ഈ മഹാപുരുഷാരം ‘കിഴക്കുനിന്നും പടിഞ്ഞാറുനിന്നും, വടക്കുനിന്നും തെക്കുനിന്നും ഭൂമിയുടെ അററങ്ങളിൽനിന്നും’ കൂടെ ശേഖരിക്കപ്പെടുന്നു.
സമാധാനപ്രേമികളായ ഈ ചെമ്മരിയാടുകൾ ഒരു സാർവദേശീയ സഹോദരവർഗമായി വിളക്കിച്ചേർക്കപ്പെടുകയാണ്. അവർ ജീവിക്കുന്ന 231 രാജ്യങ്ങളിലെ വ്യത്യസ്തമായ അനേകം ഭാഷകളാണ് അവർ സംസാരിക്കുന്നത്. എന്നിട്ടും “യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു” അവർ ബൈബിളിലെ രാജ്യസന്ദേശത്തിന്റെ “നിർമ്മല” ഭാഷ പഠിക്കുന്നതിൽ ആത്മീയമായി ഏകീകൃതരാണ്. (സെഫന്യാവു 3:9) വിശ്വാസം, ഉദ്ദേശ്യം, പ്രവൃത്തി എന്നിവയിലുള്ള അവരുടെ ഐക്യം പൗരസ്ത്യരും പാശ്ചാത്യരും വാസ്തവത്തിൽ സംഗമിച്ചിരിക്കുന്നു എന്നതിനുള്ള വിസ്മയജനകമായ തെളിവു പ്രദാനം ചെയ്യുന്നു, അവർ പരമാധികാരിയാം കർത്താവായ യഹോവയുടെ സേവനത്തിനും സ്തുതിക്കുംവേണ്ടി എല്ലാദിക്കിൽനിന്നുള്ള ജനങ്ങളുമായി സംഗമിച്ചിരിക്കുന്നു.
ചില രാജ്യങ്ങളിൽ ഏററവും ശ്രദ്ധേയമായ സാഹചര്യങ്ങളിലാണ് ഈ സംഗമം സംഭവിച്ചുകൊണ്ടിരിക്കുന്നത്, പിൻവരുന്ന റിപ്പോർട്ട് അതു പ്രകടമാക്കും.