അധ്യായം 15
രാജ്യ വിവാദപ്രശ്നത്തിൻമേൽ ജനങ്ങൾ വേർതിരിക്കപ്പെടുന്നു
1. രാജ്യവിവാദത്തിന്റെ പേരിലുളള വിഭജനം നാം ഓരോരുത്തർക്കും വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ടാണ്?
നാം ഓരോരുത്തരും മർമ്മപ്രധാനമായ ഒരു തീരുമാനത്തെ അഭിമുഖീകരിക്കുന്നു. യേശുക്രിസ്തുവിന്റെ കൈകളിലെ യഹോവയുടെ മശിഹൈക രാജ്യത്തോടുളള നമ്മുടെ മനോഭാവമാണ് നിർണ്ണയിക്കേണ്ടിയിരിക്കുന്നത്. ഈ പ്രശ്നത്തിൻമേൽ എല്ലാ ജനതകളിലെയും ആളുകളുടെ ഒരു വേർതിരിക്കൽ നടന്നുകൊണ്ടിരിക്കുന്നു. ഓരോരുത്തരുടെയും പ്രവർത്തന ഗതിയുടെ അടിസ്ഥാനത്തിൽ ഒരുവൻ രണ്ടിൽ ഏതെങ്കിലും ഒരു കൂട്ടത്തിൽ ചേർക്കപ്പെടുന്നു. ഈ രണ്ടു കൂട്ടങ്ങളിൽ ഒന്നു മാത്രമായിരിക്കും വരാനിരിക്കുന്ന ലോകനാശത്തെ അതിജീവിക്കുന്നത്.—മത്തായി 24:40, 41.
2. (എ) ഈ മശിഹൈക രാജ്യം യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദത്തോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) വേഗത്തിൽത്തന്നെ രാജ്യം എന്തായിത്തീരും, അതുകൊണ്ട് നാം എന്ത് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു?
2 യഹോവ ഇതിനോടകം തന്റെ അഭിഷിക്ത പുത്രനെ, തന്റെ മശിഹായെ, സ്വർഗ്ഗങ്ങളിൽ സിംഹാസനസ്ഥനാക്കിയിരിക്കുന്നു. “ജനതകളുടെ നിയമിത കാലങ്ങളു”ടെ അവസാനത്തിങ്കൽ, 1914-ൽ, ദൈവം യേശുക്രിസ്തുവിന് ജനതകളെ അവന്റെ അവകാശമായും മുഴുഭൂമിയേയും അവന് കൈവശമായും കൊടുത്തു. (സങ്കീർത്തനം 2:6, 8) യഹോവയുടെ അഭിഷിക്ത രാജാവ് ഏതൊന്നിൽ സിംഹാസനസ്ഥനാക്കപ്പെട്ടിരിക്കുന്നുവോ ആ മശിഹൈക രാജ്യമാണ് ഭൂമിയെ സംബന്ധിച്ച തന്റെ ജ്ഞാനപൂർവ്വകവും സ്നേഹനിർഭരവുമായ ഉദ്ദേശ്യം നിവർത്തിക്കുന്നതിനുളള ദൈവത്തിന്റെ മാർഗ്ഗം. അതുകൊണ്ട് രാജ്യത്തോടുളള നിങ്ങളുടെ മനോഭാവം യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തെപ്പററി നിങ്ങൾ എന്തു വിചാരിക്കുന്നു എന്ന് പ്രകടമാക്കുന്നു. പെട്ടെന്നുതന്നെ ആ മശിഹൈക രാജ്യം മാനുഷ കാര്യാദികളെ ഇപ്പോൾ അടക്കിഭരിക്കുന്ന മുഴുരാഷ്ട്രീയ വ്യവസ്ഥിതിയെയും “തകർത്തു നശിപ്പിക്കുകയും” മുഴുഭൂമിയുടെയും മേലുളള ഏക ഗവൺമെൻറായിത്തീരുകയും ചെയ്യും. (ദാനിയേൽ 2:44; വെളിപ്പാട് 19:11-21) അത് ഭൂമിയെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്താൻ ആരംഭിക്കുമ്പോൾ നിങ്ങൾ എവിടെയായിരിക്കും? പൂർണ്ണ ജീവിതാസ്വാദനത്തിലേക്ക് അതിനാൽ നയിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ നിങ്ങൾ ഉണ്ടായിരിക്കുമോ? ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളുകൾക്ക് അങ്ങനെ ഒരു ഭാവി പ്രത്യാശയിൽ പങ്കെടുക്കാൻ കഴിയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് യേശു പ്രസ്താവിച്ചു.
രാജാവും അവന്റെ “സഹോദരൻമാരും”
3. മത്തായി 25:31-33-ൽ യേശു എന്തു വിവരിച്ചു?
3 തന്റെ അപ്പോസ്തലൻമാരോട് “വ്യവസ്ഥിതിയുടെ സമാപനത്തെപ്പററി” സംസാരിക്കയിൽ യേശു പല ഉപമകൾ അല്ലെങ്കിൽ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. അവസാനത്തേതിൽ അവൻ ഇപ്രകാരം പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ സകല ദൂതൻമാരോടുംകൂടി തന്റെ മഹത്വത്തിൽ ആഗതനാകുമ്പോൾ അവൻ തന്റെ മഹത്വമുളള സിംഹാസനത്തിൻമേൽ ഉപവിഷ്ഠനാകും. എല്ലാ ജനതകളും അവന്റെ മുമ്പാകെ കൂട്ടിച്ചേർക്കപ്പെടും, അവൻ ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്ന് വേർതിരിക്കുന്നതുപോലെ ജനങ്ങളെ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും എന്നാൽ കോലാടുകളെ തന്റെ ഇടത്തും നിർത്തും.”—മത്തായി 24:3; 25:31-33.
4. (എ) ഈ ഉപമ ദാനിയേൽ 7:13, 14-നോട് എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു? (ബി) പ്രയോജനകരമായ എന്തു ചോദ്യങ്ങൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാം?
4 ഈ പ്രവചനത്തിൽ നേരത്തെ പലപ്രാവശ്യം ചെയ്തതുപോലെ ഇവിടെയും യേശു തന്നെപ്പററിത്തന്നെ “മനുഷ്യപുത്രൻ” എന്ന് പരാമർശിക്കുന്നു എന്നത് കുറിക്കൊളളുക. (മത്തായി 24:27, 30, 37, 39, 44) ഈ പദപ്രയോഗം ഏകദേശം ആറ് നൂററാണ്ടുകൾക്കുമുൻപ് ദാനിയേലിന് നൽകപ്പെട്ട പ്രാവചനിക ദർശനത്തെപ്പററി ആളുകളെ അനുസ്മരിപ്പിച്ചു. അതെപ്പററി പ്രവാചകൻ ഇപ്രകാരം എഴുതി: “രാത്രിദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരുന്നു, അപ്പോൾ അതാ മനുഷ്യപുത്രനോട് [യേശുക്രിസ്തു] സദൃശനായ ഒരുവൻ ആകാശമേഘങ്ങളോടെ വരുന്നു! അവൻ നാളുകളിൽ പ്രാചീനനായവന്റെ [യഹോവയാം ദൈവം] അടുക്കൽ പ്രവേശിച്ചു, അവർ അവനെ ആ ഒരുവന്റെ മുമ്പാകെതന്നെ അടുത്തുവരുമാറാക്കി. ജനങ്ങളും ദേശീയ സംഘങ്ങളും ഭാഷക്കാരുമെല്ലാം അവനെത്തന്നെ സേവിക്കേണ്ടതിന് അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു. അവന്റെ ആധിപത്യം നീങ്ങിപ്പോകാത്തതായി അനിശ്ചിതമായി നിലനിൽക്കുന്ന ഒരു ആധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനിയേൽ 7:13, 14; എബ്രായർ 2:5-8) ആ ഭരണാധികാരം ഇപ്പോൾതന്നെ യേശുക്രിസ്തുവിന് നൽകപ്പെട്ടിരിക്കുന്നു. 1914 മുതൽ അവൻ തന്റെ സ്വർഗ്ഗീയ സിംഹാസനത്തിൽ നിന്ന് ഭരണം നടത്തുന്നു. അവന്റെ ഭരണാധിപത്യത്തോട് വ്യക്തിപരമായി നിങ്ങൾ എങ്ങനെയാണ് പ്രതികരിച്ചിട്ടുളളത്? നിങ്ങളുടെ ജീവിതരീതി ദൈവം തന്നെ മുഴുഭൂമിയുടെയും ഭരണാധിപനാക്കിവച്ചിരിക്കുന്ന ഈ ഒരുവനോടുളള ഉചിതമായ ആദരവിന്റെ തെളിവ് നൽകുന്നുണ്ടോ?
5. രാജാവെന്ന നിലയിൽ തന്നോടുളള ഭക്തിയെ സംബന്ധിച്ച ഒരുവന്റെ അവകാശവാദത്തിന്റെ വാസ്തവികത ക്രിസ്തു എങ്ങനെയാണ് തീരുമാനിക്കുന്നത്?
5 വെറും വാക്കുകൾ മാത്രം മതിയായിരിക്കുന്നില്ല. ഒരു വ്യക്തിക്ക് താൻ ദൈവരാജ്യത്തിൽ വിശ്വസിക്കുന്നുവെന്നും യേശുക്രിസ്തുവിനെ സ്നേഹിക്കുന്നുവെന്നും പറയാൻ എളുപ്പമാണ്. എന്നാൽ ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ചുളള തന്റെ ഉപമയിൽ താൻ സ്വർഗ്ഗങ്ങളിൽ അദൃശ്യനായിരിക്കുകയാൽ ഒരുവന്റെ അവകാശവാദങ്ങളുടെ വാസ്തവികത തിട്ടപ്പെടുത്തുന്നതിന് അവൻ കണക്കിലെടുക്കുന്ന ഒരു മുഖ്യഘടകം ക്രിസ്തുവിനെ ഭൂമിയിൽ പ്രതിനിധാനം ചെയ്യുന്നവരോട്, അവന്റെ “സഹോദരൻമാരോട്”, ഉളള ഒരുവന്റെ പെരുമാററമായിരിക്കുമെന്ന് യേശു പ്രകടമാക്കി.—മത്തായി 25:40, 45.
6. ക്രിസ്തുവിന്റെ ഈ “സഹോദരൻമാർ” ആരാണ്?
6 അവർ ആരാണ്? സ്വർഗ്ഗീയ രാജ്യത്തിൽ ക്രിസ്തുവിനോടുകൂടി അവകാശികളായിരിക്കാൻ മനുഷ്യവർഗ്ഗത്തിനിടയിൽനിന്ന് ദൈവം തെരഞ്ഞെടുത്തിട്ടുളളവരാണ് അവർ. അവർ 1,44,000 പേരാണ്, അവരിൽ ഒരു ശേഷിപ്പ് മാത്രമാണ് ഇപ്പോൾ ഭൂമിയിലുളളത്. (വെളിപ്പാട് 14:1, 4) അവർ ദൈവാത്മാവിന്റെ പ്രവർത്തനത്താൽ “വീണ്ടും ജനിച്ച”വരാകയാൽ അവർ ദൈവത്തിന്റെ പുത്രൻമാരാണ്, ആ കാരണത്താൽ തിരുവെഴുത്തുകളിൽ അവരെ യേശുക്രിസ്തുവിന്റെ “സഹോദരൻമാർ” എന്ന് വിളിച്ചിരിക്കുന്നു. (യോഹന്നാൻ 3:3; എബ്രായർ 2:10, 11) ഈ “സഹോദരൻമാർക്ക്,” അവരിൽ “ഏററം ചെറിയവർക്കു”പോലും, ആളുകൾ ചെയ്യുന്നതെല്ലാം തനിക്ക് ചെയ്തതായി യേശു കണക്കാക്കുന്നു.
7. ക്രിസ്തുവിന്റെ “സഹോദരൻമാർ” ക്രൈസ്തവലോകത്തിലെ സഭകളിൽ അംഗങ്ങളായിരിക്കാത്തതെന്തുകൊണ്ട്?
7 യേശുവിന്റെ ഈ “സഹോദരൻമാർ” നമ്മുടെ നാളിൽ എവിടെയാണ്? ക്രൈസ്തവലോകത്തിലെ പളളിയിൽ പോക്കുകാരുടെയിടയിൽ നിങ്ങൾ അവരെ കണ്ടെത്തുമോ? കൊളളാം, തന്റെ യഥാർത്ഥ അനുഗാമികളെ സംബന്ധിച്ച് യേശു എന്താണ് പറഞ്ഞത്? “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:16) അതു വാസ്തവത്തിൽ ക്രൈസ്തവലോകത്തിലെ പളളികളെയും അവയിലെ അംഗങ്ങളെയും സംബന്ധിച്ച് പറയാൻ കഴിയുമോ? വലിയ ഒരളവുവരെ അവരുടെ മനോഭാവങ്ങളും പെരുമാററവും അവർ എവിടെയായിരിക്കുന്നുവോ ആ ലോകത്തിൽ സാധാരണയായിരിക്കുന്ന മനോഭാവങ്ങളെയും പെരുമാററത്തെയും പ്രതിഫലിപ്പിക്കുകമാത്രം ചെയ്യുന്നു. രാഷ്ട്രീയകാര്യങ്ങളിലെ സഭകളുടെ ഉൾപ്പെടൽ എല്ലാവർക്കും അറിവുളളതാണ്. 1945-ൽ ഐക്യരാഷ്ട്രസംഘടനയുടെ ചാർട്ടർ തയ്യാറാക്കിയപ്പോൾ പ്രോട്ടസ്ററൻറുകാരുടെയും കത്തോലിക്കരുടെയും യഹൂദൻമാരുടെയും പ്രതിനിധിസംഘങ്ങൾ ഉപദേശകരെന്ന നിലയിൽ രംഗത്തുണ്ടായിരുന്നു. സമീപ വർഷങ്ങളിൽ “ഐക്യത്തിനും സമാധാനത്തിനുമുളള അന്തിമ പ്രത്യാശയെന്നും” “സമാധാനത്തിനും നീതിക്കും വേണ്ടിയുളള അത്യുന്നത പീഠം” എന്നും വിളിച്ചുകൊണ്ട് റോമിലെ പാപ്പാമാർ ഐക്യരാഷ്ട്രങ്ങളെ സ്തുതിച്ചിട്ടുണ്ട്. ഏതാണ്ട് 300 മതസംഘങ്ങൾക്ക് അംഗത്വമുളള സഭകളുടെ ലോകകൗൺസിൽ രാഷ്ട്രീയ വിപ്ലവങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ ധനസഹായം ലഭ്യമാക്കുകപോലും ചെയ്തിട്ടുണ്ട്. എന്നാൽ റോമൻ ഗവർണറായിരുന്ന പീലാത്തോസിനോട് യേശുക്രിസ്തു പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 18:36.
8. (എ) ക്രിസ്തുവിന്റെ “സഹോദരൻമാരെ” തിരിച്ചറിയാൻ നിങ്ങളെ സഹായിച്ചിരിക്കുന്നത് എന്ത്? (ബി) രാജ്യപ്രസംഗവേല അവർക്ക് എത്ര പ്രധാനമാണ്?
8 ലോകത്തിന്റെ രാഷ്ട്രീയകാര്യങ്ങളിൽ ഏതെങ്കിലും വിധത്തിൽ ഉൾപ്പെടുന്നതിനെ ഒഴിവാക്കിക്കൊണ്ടും ദൈവരാജ്യത്തെ ലോകവിസ്തൃതമായി ഘോഷിക്കുന്നതിന് കഠിന ശ്രമം ചെയ്തുകൊണ്ടും രാജ്യത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നത് ഒററ ഒരു കൂട്ടം മാത്രമാണെന്ന് വസ്തുതകൾ പ്രകടമാക്കുന്നു. ഈ കൂട്ടം യഹോവയുടെ സാക്ഷികളാണ്. ക്രിസ്തുവിന്റെ “സഹോദരൻമാരിൽ” ശേഷിപ്പുളളവർ കാണപ്പെടുന്നത് അവരുടെ ഇടയിലാണ്. അവരുടെ കർത്താവിനെയും അവന്റെ അപ്പോസ്തലൻമാരെയും അനുകരിച്ചുകൊണ്ട് ദൈവരാജ്യത്തിന്റെ സുവാർത്ത ആളുകളോട് പറയാൻ നഗരങ്ങൾതോറും, വീടുകൾതോറും പോകാൻ അവർ തങ്ങളെത്തന്നെ അർപ്പിച്ചിരിക്കുന്നു. (ലൂക്കോസ് 8:1; പ്രവൃത്തികൾ 8:12; 19:8; 20:20, 25) 1919-ൽ ഒഹായോവിലെ സീഡാർ പോയിൻറിൽ യഹോവയുടെ സാക്ഷികളുടെ (അന്ന് അന്താരാഷ്ട്ര ബൈബിൾ വിദ്യാർത്ഥികൾ എന്നറിയപ്പെട്ടിരുന്നു) ഒരു സമ്മേളനത്തിൽ വച്ച് തങ്ങളുടെ “വിളി മശിഹായുടെ ആസന്നമായിരിക്കുന്ന മഹത്വമുളള രാജ്യത്തെ പ്രഘോഷിക്കലായിരുന്നുവെന്നും അപ്പോഴും അങ്ങനെ ആണെന്നും” സമ്മേളിതർ ഓർമ്മിപ്പിക്കപ്പെട്ടു. 1922-ൽ അതുപോലൊരു സമ്മേളനത്തിൽ വച്ച് ഇത് വീണ്ടും ഊന്നിപ്പറയപ്പെട്ടു. അവർ ഇപ്രകാരം ആഹ്വാനം ചെയ്യപ്പെട്ടു: “രാജ്യത്തെയും രാജാവിനെയും പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക.” അവർക്ക് ലഭ്യമായിരിക്കുന്ന എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് ലോകവിസ്തൃതമായി അതു ചെയ്യുന്നതിൽ ഇന്നുവരെ അവർ തുടർന്നുകൊണ്ടിരിക്കുന്നു. (മത്തായി 24:14) അവരുടെ പ്രവർത്തനത്തിന്റെ ഫലമായി രാജ്യവിവാദവിഷയം നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ അതുസംബന്ധിച്ച് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
‘നിങ്ങൾ എന്റെ സഹോദരൻമാരിൽ ഒരുവന് ചെയ്തു’
9. (എ) മത്തായി 25:35-40 വരെ വിവരിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങൾ രാജ്യശുശ്രൂഷയോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) എല്ലായിടത്തുമുളള ആളുകൾ ഏതു പരിശോധനയെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്?
9 ലോകത്തിൽ നിന്ന് വേർപെട്ടുനിന്നുകൊണ്ട് ധൈര്യപൂർവ്വം ദൈവരാജ്യം ഘോഷിച്ചതിനാൽ ക്രിസ്തുവിന്റെ ആത്മാഭിഷിക്ത “സഹോദരൻമാർ” കഠിനമായ പരിശോധനകളെ നേരിടേണ്ടിവന്നിട്ടുണ്ട്. (യോഹന്നാൻ 15:19, 21) ചിലർ വിശപ്പും ദാഹവും വസ്ത്രത്തിന്റെ കുറവും അനുഭവിച്ചിട്ടുണ്ട്. തങ്ങൾ അപരിചിതരായിരുന്ന സ്ഥലങ്ങളിൽ പോയി സേവിക്കാൻവേണ്ടി അനേകർ തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിച്ചുപോയിട്ടുണ്ട്. തങ്ങളുടെ ശുശ്രൂഷയിലേർപ്പെട്ടിരിക്കെ രോഗവും ജയിൽവാസവും പീഡകരുടെ കയ്യാലുളള മരണവും പോലും അവർ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ക്രിസ്തുവിന്റെ “സഹോദരൻമാരുടെ” ഈ അനുഭവങ്ങൾ എല്ലാ ജനതകളിലെയും ആളുകൾ ഒരു പരിശോധനയെ നേരിടാൻ ഇടയാക്കിയിരിക്കുന്നു. ദൈവത്തോടും ക്രിസ്തുവിനോടുമുളള അവരുടെ സ്നേഹം അവർ സ്വർഗ്ഗീയരാജ്യത്തിന്റെ ഈ സ്ഥാനപതികളുടെ സഹായത്തിനെത്താൻ ഇടയാക്കുമോ? (മത്തായി 25:35-40; 2 കൊരിന്ത്യർ 5:20 താരതമ്യം ചെയ്യുക.) മുഖ്യമായി മനുഷ്യത്വത്തിന്റെ പേരിൽ കാണിക്കപ്പെടുന്ന ദയയല്ല, മറിച്ച് അവർ ക്രിസ്തുവിനുളളവർ ആയിരിക്കുന്നതിനാൽ നൽകപ്പെടുന്ന സഹായമാണ് തനിക്ക് വ്യക്തിപരമായി ചെയ്യപ്പെടുന്നതായി രാജാവ് കണക്കാക്കുന്നത്.—മർക്കോസ് 9:41; മത്തായി 10:42.
10. (എ) “കോലാടുകൾ” ഉയർത്തുന്ന പ്രതിഷേധം സാധുതയില്ലാത്തതായിരിക്കുന്നതെന്തുകൊണ്ട്? (ബി) അതിനു വിപരീതമായി “ചെമ്മരിയാടുകൾ” എന്തു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്?
10 അത്തരം സഹായം ചെയ്യുന്നവരെ യേശു ചെമ്മരിയാടുകളോട് ഉപമിച്ചിരിക്കുന്നു. തന്റെ “സഹോദരൻമാർക്ക്” സഹായം നൽകുന്നതിൽ പരാജയപ്പെടുന്നവരെ യേശുവിന്റെ ഉപമയിൽ കോലാടുകൾ എന്ന് പരാമർശിച്ചിരിക്കുന്നു. തങ്ങൾ യേശുക്രിസ്തുവിനെ കണ്ടില്ല എന്നു പറഞ്ഞുകൊണ്ട് “കോലാടുകൾ” പ്രതിഷേധിച്ചേക്കാം. എന്നാൽ അവൻ അവരുടെ അടുത്തേയ്ക്ക് തന്റെ ദാസൻമാരെ അയയ്ക്കുകയും അവർ തങ്ങളെത്തന്നെ വ്യക്തമായി തിരിച്ചറിയിക്കുകയും ചെയ്തിരിക്കുന്നു. എല്ലാ “കോലാടുകളും” ക്രിസ്തുവിന്റെ “സഹോദരൻമാരെ” പീഡിപ്പിക്കുകയില്ലായിരിക്കാം, എന്നാൽ സ്വർഗ്ഗീയ രാജാവിനോടുളള സ്നേഹത്താൽ അവന്റെ പ്രതിനിധികളുടെ സഹായത്തിനെത്താൻ അവർ പ്രേരിതരായിത്തീരുന്നതുമില്ല. (മത്തായി 25:41-45) പിശാചായ സാത്താൻ അദൃശ്യ ഭരണാധിപനായിരിക്കുന്ന ലോകത്തോട് അവർ പററിനിൽക്കുന്നു. “ചെമ്മരിയാടുകൾക്കു” അക്ഷരീയമായി ക്രിസ്തുവിനെ കാണാൻ കഴികയില്ല. എന്നാൽ “കോലാടുകളിൽ” നിന്ന് വ്യത്യസ്തമായി ദൈവരാജ്യ പ്രഘോഷകരെ പിന്താങ്ങിക്കൊണ്ട് ക്രിസ്തുവിന്റെ “സഹോദരൻമാരോ”ടൊപ്പം തിരിച്ചറിയപ്പെടാൻ തങ്ങൾക്ക് ഭയമില്ലെന്ന് അവർ തെളിയിക്കുന്നു. തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് “ചെമ്മരിയാടുകൾക്ക്” അറിയാം, യേശുക്രിസ്തു മുഖേനയുളള ദൈവരാജ്യത്തിനനുകൂലമായി അവർ ക്രിയാത്മകമായ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നു. അതുകൊണ്ടാണ് അവരുടെ പ്രവർത്തനത്തിന് രാജാവിന്റെ മുമ്പാകെ യോഗ്യതയുളളത്.
11. (എ) അനേകമാളുകൾ ക്രിസ്തുവിന്റെ “സഹോദരൻമാരി”ൽ ഒരാളെപ്പോലും നേരിൽ കണ്ടിട്ടില്ലാത്തതിനാൽ ഇവിടെ വിവരിച്ചിരിക്കുന്ന അടിസ്ഥാനത്തിൽ അവരെ എങ്ങനെ വിധിക്കാൻ കഴിയും? (ബി) ഈ വേല വിജയിക്കും എന്നതിന് എന്തുറപ്പുണ്ട്?
11 എന്നിരുന്നാലും എല്ലാ ജനതകളിലേയും ആളുകളെ ഇതിന്റെ അടിസ്ഥാനത്തിൽ ന്യായം വിധിക്കാൻ എങ്ങനെ സാദ്ധ്യമാകും? പിതാവ് ആർക്ക് സ്വർഗ്ഗീയ രാജ്യം അനുവദിച്ചുകൊടുക്കുമോ ആ തന്റെ “സഹോദരൻമാർ” ഒരു “ചെറിയ ആട്ടിൻകൂട്ടം” മാത്രമായിരിക്കുമെന്ന് യേശു പറഞ്ഞില്ലേ? (ലൂക്കോസ് 12:32) അനേകമാളുകൾ അവരിലൊരാളുമായി വ്യക്തിപരമായി ബന്ധപ്പെടുന്നില്ല. ശരി, എന്നാൽ ക്രിസ്തുവിന്റെ “സഹോദരൻമാർ” യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര സ്ഥാപനത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നു. ഈ സംഘടിത ജനത്തിലൂടെ ജീവൽപ്രധാനമായ രാജ്യവിവാദം എല്ലായിടത്തുമുളള ആളുകളുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ദൂതൻമാരുടെ സഹായത്തോടെ തന്റെ സ്വർഗ്ഗീയ സിംഹാസനത്തിൽനിന്ന് ക്രിസ്തുവിനാൽത്തന്നെ നയിക്കപ്പെടുന്നു. ഭൂമിക്കു ചുററുമായി ഏതാണ്ട് 210 രാജ്യങ്ങളിലും ദ്വീപസമൂഹങ്ങളിലും—ദൈവരാജ്യപ്രസംഗം ഗവൺമെൻറിന്റെ നിരോധനത്തിൻ കീഴിലായിരിക്കുന്നിടത്തുപോലും—ഈ വേർതിരിക്കൽ വേല അപ്രതിരോധ്യമാംവണ്ണം മുന്നേറുന്നു, ആളുകളുടെ ഒരു മഹാപുരുഷാരം ദൈവരാജ്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യുന്നു.
12. (എ) “ചെമ്മരിയാടുകൾ” എങ്ങനെയാണ് തങ്ങൾ എടുത്തിരിക്കുന്ന നിലപാട് വ്യക്തമാക്കുന്നത്? (ബി) അവരെന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്?
12 അവർ എങ്ങനെയാണ് അത് പ്രകടമാക്കുന്നത്? അഭിഷിക്തരോട് ഒത്തുചേർന്ന് പ്രവർത്തിച്ചുകൊണ്ട്, രാജ്യം ഭരണമാരംഭിച്ചിരിക്കുന്നുവെന്നും അത് പെട്ടെന്നുതന്നെ ലോകവ്യവസ്ഥിതിയെ അതിന്റെ അന്ത്യത്തിലേക്ക് കൊണ്ടുവരുമെന്നും ഉത്സാഹപൂർവ്വം ഘോഷിച്ചുകൊണ്ടു തന്നെ. അപ്രകാരം അവർ യഹോവയുടെ മശിഹൈക രാജ്യത്തിന്റെ പക്ഷത്ത് നിലകൊളളുന്നതായി വ്യക്തമായി തങ്ങളെത്തന്നെ തിരിച്ചറിയിക്കുകയും അങ്ങനെതന്നെ ചെയ്യാൻ മററുളളവരെ സ്നേഹപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശരിയായ ഹൃദയ നിലയുളള ഈ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നത് അതിജീവനത്തിനുവേണ്ടിയുളള ഒരു ആഗ്രഹത്തേക്കാൾ വളരെ കൂടിയ കാര്യങ്ങളാണ്. അവർ യഹോവയെയും അവന്റെ വഴികളെയും യഥാർത്ഥത്തിൽ സ്നേഹിക്കുന്നു. ക്രിസ്തു രാജാവായിട്ടുളള അവന്റെ രാജ്യത്തിന്റെ കരുതൽ അവരുടെ ഹൃദയങ്ങളെ നന്ദികൊണ്ട് നിറയ്ക്കുന്നു, അതിൽനിന്ന് മററുളളവർ പ്രയോജനമനുഭവിക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് രാജ്യസാക്ഷ്യം നൽകുന്നതിൽ അവർ തങ്ങളുടെ പരമാവധി പങ്കുപററുന്നു. യേശു തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതുപേലെ ഭൗതിക ആവശ്യങ്ങളെ സംബന്ധിച്ചുളള ഉത്ക്കണ്ഠ രാജ്യതാൽപര്യങ്ങളെ രണ്ടാം സ്ഥാനത്തേക്ക് പിൻതളളാൻ അനുവദിക്കാതെ അവർ ‘ഒന്നാമത് രാജ്യം അന്വേഷിക്കുന്നു’. ഇതുവഴി അവർ ഒരു മഹത്തായ അനുഗ്രഹത്തിന്റെ നിരയിൽ തങ്ങളെത്തന്നെ ആക്കിവെക്കുന്നു.—മത്തായി 6:31-33.
നിങ്ങൾ “രാജ്യം അവകാശമാക്കുമോ?”
13. (എ) ഈ ചെമ്മരിയാടുതുല്യർക്ക് ഒരു പ്രതിഫലം കൊടുക്കുന്ന കാര്യം എന്നുമുതൽ യഹോവയുടെ മനസ്സിലുണ്ടായിരുന്നു? (ബി) അവരെ സംബന്ധിച്ചിടത്തോളം “രാജ്യം അവകാശമാക്കുക” എന്നതിന്റെ അർത്ഥമെന്ത്?
13 യേശുവിന്റെ ഉപമയിലെ “ചെമ്മരിയാടുക”ളെന്ന് തെളിയുന്നവർക്കുവേണ്ടി കരുതിവയ്ക്കപ്പെട്ടിരിക്കുന്നത് വാസ്തവത്തിൽ അത്ഭുതകരം തന്നെ. തന്റെ സ്വർഗ്ഗീയ സിംഹാസനത്തിൽനിന്ന് അവൻ അവരോട് ഇങ്ങനെ പറയുന്നു: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.” (മത്തായി 25:34) ഉൽപ്പത്തി 3:15, 16 അനുസരിച്ച് മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കാനുളള ദൈവത്തിന്റെ കരുതലിൽനിന്ന് പ്രയോജനമനുഭവിക്കാൻ കഴിയുന്ന മക്കളെ ആദാമും ഹവ്വായും ഉൽപ്പാദിപ്പിച്ച സമയമായ “ലോക സ്ഥാപനം” മുതൽ ഈ “ചെമ്മരിയാടു”കൾക്ക് നൽകാനുളള പ്രതിഫലം യഹോവയുടെ മനസ്സിലുണ്ടായിരുന്നു. (ലൂക്കോസ് 11:50, 51 താരതമ്യം ചെയ്യുക.) ആദാം നഷ്ടപ്പെടുത്തിയ പൂർണ്ണതയുളള മാനുഷജീവൻ പുന:സ്ഥാപിക്കപ്പെടുന്ന പറുദീസയിൽ ആസ്വദിക്കാനുളള അവസരം അവരുടേതായിരിക്കും. അവർ ‘രാജ്യം അവകാശമാക്കുന്നു’ എന്നു പറഞ്ഞാൽ അവർ സ്വർഗ്ഗത്തിൽ പോകും എന്ന് അതിനർത്ഥമില്ല, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗീയ രാജ്യത്തിന്റെ അവകാശികളായിരിക്കുന്ന രാജാവിന്റെ “സഹോദരൻമാരും” “ചെമ്മരിയാടുകളും” ഒരേ കൂട്ടരല്ല എന്ന് ആ ഉപമ പ്രകടമാക്കുന്നു. അതുകൊണ്ട് “ചെമ്മരിയാടുകൾ” ആ സ്വർഗ്ഗീയ ഗവൺമെൻറിന്റെ ഭൗമിക പ്രജകളായിരിക്കണം. “രാജ്യം” എന്ന് ഇവിടെ തർജ്ജമ ചെയ്തിരിക്കുന്ന ബസീലിയ എന്ന ഗ്രീക്കുപദം “ഒരു രാജാവിനാൽ ഭരിക്കപ്പെടുന്ന” എന്ന് ഒരു അകർമ്മകാർത്ഥത്തിൽ മനസ്സിലാക്കാവുന്നതാണ് എന്ന് ലിഡെലിന്റെയും സ്കോട്ടിന്റെയും ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ പ്രസ്താവിക്കുന്നു. പ്രകടമായും ഈ അർത്ഥമാണ് ഇവിടെ ബാധകമാകുന്നത്.
14. “കോലാടു”കളുടെമേൽ ഉച്ചരിക്കപ്പെടുന്ന ന്യായവിധി “ചെമ്മരിയാടു”കളുടെ അവകാശത്തിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
14 “കോലാടുകൾ” “നിത്യഛേദനത്തിലേക്ക്”, അഗ്നിയാലെന്നവണ്ണം പൂർണ്ണമായ ഒരു നാശത്തിലേക്ക്, പോകുമ്പോൾ “ചെമ്മരിയാടുകൾ” മശിഹൈക രാജാവിനാൽ സംരക്ഷിക്കപ്പെടും. (മത്തായി 25:41, 46; വെളിപ്പാട് 21:8 താരതമ്യം ചെയ്യുക.) മരിക്കേണ്ട യാതൊരാവശ്യവുമില്ലാതെ അവർ സാത്താന്റെയും അവന്റെ ദുഷ്ട വ്യവസ്ഥിതിയുടെയും അധമ സ്വാധീനത്തിൽനിന്ന് സ്വതന്ത്രമായ മഹത്തായ “പുതിയ ഭൂമി”യിലേക്ക് മഹോപദ്രവത്തിലൂടെ സംരക്ഷിക്കപ്പെടും. ആ അനുഗ്രഹം അവരുടേതായിരിക്കും, എന്തുകൊണ്ടെന്നാൽ രാജ്യവിവാദം സംബന്ധിച്ച് ഇപ്പോൾ അവർ ഉചിതമായ തീരുമാനം ചെയ്യുന്നു.
15. (എ) ഈ ഉപമ ഇന്ന് ബാധകമാണെന്ന് നമുക്കെങ്ങനെയറിയാം? (ബി) അതുകൊണ്ട് ഏതു വേലയാണ് ജീവൽപ്രധാനമായിരിക്കുന്നത്?
15 “കോലാടുകളുടെ” നാശം നിത്യകാലത്തേക്കുളളതാകയാൽ ഈ ഉപമ പിൽക്കാലത്ത്, ഒരു പക്ഷേ ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചക്കാലത്ത് മാത്രം ബാധകമാകാനുളളതാണ് എന്ന് ന്യായവാദം ചെയ്യുന്നെങ്കിൽ അത് ഗൗരവമായ ഒരു പിശകായിരിക്കും. നേരെ മറിച്ച് “വ്യവസ്ഥിതിയുടെ സമാപനം” സംബന്ധിച്ച അടയാളത്തിന്റെ ഭാഗമായിട്ടാണ് യേശു ഈ ഉപമ ഉപയോഗിച്ചത്. (മത്തായി 24:3) അവൻ വർണ്ണിച്ചിരിക്കുന്ന കാര്യങ്ങൾ അവൻ സിംഹാസനസ്ഥനായശേഷം, എന്നാൽ അവന്റെ “സഹോദരൻമാർ” ജഡത്തിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന കാലത്താണ് സംഭവിക്കുന്നത്. നമ്മൾ ആ കാലത്താണ് ജീവിക്കുന്നത്, അത് അതിവേഗം കടന്നുപൊയ്ക്കൊണ്ടിരിക്കുകയുമാണ്. അതുകൊണ്ട് രാജ്യത്തിൽ പൂർണ്ണവിശ്വാസമർപ്പിക്കുന്നതു മാത്രമല്ല ഇന്ന് അങ്ങനെ ചെയ്യുന്നതിന്റെ പ്രാധാന്യം കാണാൻ മററുളളവരെ സഹായിക്കുന്നതും എത്ര ജീവൽപ്രധാനമാണ്.