അവർ ആരാണ്?
നിങ്ങൾ യഹോവയുടെ സാക്ഷികളെ കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയണമെന്ന് അവർ ആഗ്രഹിക്കുന്നു. അയൽക്കാരെന്ന നിലയിലോ സഹജോലിക്കാരെന്ന നിലയിലോ അല്ലെങ്കിൽ നിത്യജീവിതത്തിന്റെ മറ്റേതെങ്കിലും തുറകളിൽവെച്ചോ ഒക്കെ നിങ്ങൾക്ക് അവരെ പരിചയമുണ്ടായിരിക്കാം. അല്ലെങ്കിൽ തെരുവുകളിൽ, കടന്നുപോകുന്നവർക്കു തങ്ങളുടെ മാസികകൾ നൽകുന്നതിൽ വ്യാപൃതരായിരിക്കുന്ന അവരെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. ഇതൊന്നുമല്ലെങ്കിൽ സ്വന്തം വീട്ടുവാതിൽക്കൽ വെച്ചുതന്നെ അവരുമായി ഒരൽപ്പസമയം നിങ്ങൾ സംസാരിച്ചിട്ടുണ്ടാകാം.
വാസ്തവത്തിൽ, യഹോവയുടെ സാക്ഷികൾ നിങ്ങളിലും നിങ്ങളുടെ ക്ഷേമത്തിലും തത്പരരാണ്. നിങ്ങളുടെ സുഹൃത്തുക്കൾ ആയിരിക്കാൻ അവർ ആഗ്രഹിക്കുന്നു. ഒപ്പം, തങ്ങളെ കുറിച്ചും തങ്ങളുടെ വിശ്വാസങ്ങളെയും സംഘടനയെയും കുറിച്ചും കൂടുതൽ കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാനും. നാം ജീവിക്കുന്ന ഈ ലോകത്തെയും അതിലെ ആളുകളെയും തങ്ങൾ എങ്ങനെ വീക്ഷിക്കുന്നുവെന്നു നിങ്ങളോടു പറയാൻ അവർക്കു സന്തോഷമേയുള്ളൂ. ഇതിനെല്ലാം വേണ്ടിയാണ് ഈ ലഘുപത്രിക തയ്യാറാക്കിയിരിക്കുന്നതുതന്നെ.
മിക്ക കാര്യങ്ങളിലും യഹോവയുടെ സാക്ഷികൾ മറ്റുള്ളവരെപ്പോലെ തന്നെയാണ്. സാധാരണ എല്ലാവരെയും അലട്ടുന്ന സാമ്പത്തികവും ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങൾ അവർക്കും ഉണ്ട്. അവർക്കും തെറ്റുകൾ പറ്റാറുണ്ട്; കാരണം അവർ അപൂർണരാണ്, അപ്രമാദിത്വമോ അമാനുഷ ശക്തിയോ ഉള്ളവരല്ല. എന്നാൽ തങ്ങളുടെ അനുഭവങ്ങളിൽനിന്നു പാഠങ്ങൾ ഉൾക്കൊള്ളാൻ അവർ ശ്രമിക്കുന്നു. ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിന് അവർ ശുഷ്കാന്തിയോടെ ബൈബിൾ പഠിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനായി തങ്ങളെത്തന്നെ അവനു സമർപ്പിച്ചിട്ടുള്ളവരാണ് അവർ. ആ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ അവർ പരമാവധി ശ്രമിക്കുന്നു. തങ്ങളുടെ മുഴുപ്രവർത്തനങ്ങളും ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും മാർഗനിർദേശം അനുസരിച്ചായിരിക്കാൻ അവർ ശ്രദ്ധിക്കുന്നു.
തങ്ങളുടെ വിശ്വാസങ്ങൾ ബൈബിളിൽ അധിഷ്ഠിതമായിരിക്കണം എന്നത് അവരെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രധാനമാണ്. അവരുടെ വിശ്വാസങ്ങൾ കേവലം മാനുഷിക സിദ്ധാന്തങ്ങളെയോ മതപരമായ വിശ്വാസപ്രമാണങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല. നിശ്വസ്തതയിൽ പിൻവരുന്ന പ്രകാരം എഴുതിയ അപ്പൊസ്തലനായ പൗലൊസിന്റെ അതേ വികാരം തന്നെയാണ് അവർക്കുമുള്ളത്: “സകല മനുഷ്യരും ഭോഷ്കു പറയുന്നവരെന്നു തെളിഞ്ഞാലും ദൈവം സത്യവാൻ എന്നു തെളിയട്ടെ.” (റോമർ 3:4, NWa) ബൈബിൾ സത്യങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന പഠിപ്പിക്കലുകളുടെ കാര്യത്തിൽ, പുരാതന ബെരോവക്കാരുടെ രീതിയാണു പിൻപറ്റേണ്ടത് എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് പ്രസംഗിക്കുന്നതു കേട്ട ബെരോവക്കാർ എങ്ങനെയാണു പ്രതികരിച്ചത്? “ഇവർ അതീവ താത്പര്യത്തോടെ വചനം സ്വീകരിച്ചു, അവർ പറഞ്ഞതു സത്യമാണോയെന്ന് അറിയാൻ വിശുദ്ധഗ്രന്ഥങ്ങൾ അനുദിനം [ശ്രദ്ധാപൂർവം] പരിശോധിക്കുകയും ചെയ്തിരുന്നു.” (പ്രവൃത്തികൾ 17:11, പി.ഒ.സി. ബൈബിൾ) മതപരമായ എല്ലാ പഠിപ്പിക്കലുകളും—അതു സാക്ഷികളുടേതായാലും മറ്റുള്ളവരുടേതായാലും ശരി—ഇത്തരത്തിൽ തിരുവെഴുത്തുകളുമായി യോജിച്ചുപോകുന്നുണ്ടോ എന്നു പരിശോധിച്ചു നോക്കേണ്ടതാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. നിങ്ങൾ അവരുമായി ചർച്ചകളിൽ ഏർപ്പെടുമ്പോൾ ഇതു ചെയ്യാൻ അവർ നിങ്ങളെ ക്ഷണിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു.
യഹോവയുടെ സാക്ഷികൾ ബൈബിളിനെ ദൈവവചനമായാണ് കണക്കാക്കുന്നതെന്ന് ഇതിൽനിന്നു വ്യക്തമാണ്. അതിലെ 66 പുസ്തകങ്ങളും ദൈവനിശ്വസ്തവും ചരിത്രപരമായി കൃത്യതയുള്ളതുമാണെന്ന് അവർ വിശ്വസിക്കുന്നു. പുതിയനിയമം എന്നു പൊതുവേ വിശേഷിപ്പിക്കാറുള്ള ബൈബിൾ ഭാഗങ്ങളെ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ എന്നും പഴയനിയമത്തെ എബ്രായ തിരുവെഴുത്തുകൾ എന്നുമാണ് അവർ പരാമർശിക്കുക. ഈ രണ്ടു ബൈബിൾ ഭാഗങ്ങളെയും—ഗ്രീക്കു തിരുവെഴുത്തുകളെയും എബ്രായ തിരുവെഴുത്തുകളെയും—അവർ ഒരുപോലെ ആശ്രയിക്കുന്നു. തിരുവെഴുത്തു ഭാഗങ്ങളെ അക്ഷരാർഥത്തിൽ തന്നെയാണ് അവർ എടുക്കാറുള്ളത്. എന്നാൽ ഏതെങ്കിലും ഭാഗം ആലങ്കാരികമോ പ്രതീകാത്മകമോ ആയ അർഥത്തിലാണു മനസ്സിലാക്കേണ്ടത് എന്നു പശ്ചാത്തലമോ പ്രത്യേക പദപ്രയോഗങ്ങളോ വ്യക്തമായി സൂചിപ്പിക്കുന്ന പക്ഷം അവർ അവയെ അങ്ങനെ മനസ്സിലാക്കുന്നു. ബൈബിളിലെ അനേകം പ്രവചനങ്ങൾ ഇതിനോടകം നിവൃത്തിയേറിക്കഴിഞ്ഞതായി അവർ മനസ്സിലാക്കുന്നു. മറ്റു ചിലത് ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണെന്നും ഇനിയും ചിലതു നിവൃത്തിയേറാനുണ്ടെന്നും അവർ തിരിച്ചറിയുന്നു.
അവരുടെ പേര്
യഹോവയുടെ സാക്ഷികൾ എന്നോ? അതേ, അങ്ങനെയാണ് അവർ തങ്ങളെത്തന്നെ വിശേഷിപ്പിക്കാറുള്ളത്. ആ പേര് അതിൽത്തന്നെ പലതും വെളിപ്പെടുത്തുന്നുണ്ട്. യഹോവയെയും അവന്റെ ദൈവത്വത്തെയും ഉദ്ദേശ്യങ്ങളെയും കുറിച്ചു സാക്ഷ്യം വഹിക്കുന്നവരാണ് അവരെന്ന് അതു സൂചിപ്പിക്കുന്നു. “ദൈവം,” “കർത്താവ്,” “സ്രഷ്ടാവ്,” എന്നിവ “പ്രസിഡന്റ്,” “രാജാവ്,” “ജനറൽ” തുടങ്ങിയവ പോലെ പദവി നാമങ്ങൾ മാത്രമാണ്. ഉന്നതസ്ഥാനങ്ങളിലുള്ള വ്യത്യസ്ത ആളുകൾക്ക് ഈ പദവി നാമങ്ങൾ വഹിക്കാൻ കഴിയും. എന്നാൽ, “യഹോവ” എന്നത് വ്യക്തിപരമായ ഒരു നാമമാണ്, സർവശക്തനും പ്രപഞ്ച സ്രഷ്ടാവുമായ ദൈവത്തിന്റെ വ്യക്തിപരമായ നാമം. സങ്കീർത്തനം 83:18 അതു വ്യക്തമാക്കുന്നു: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.”—ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.
യഹോവ (അല്ലെങ്കിൽ യാഹ്വേ—ചില പണ്ഡിതന്മാരും റോമൻ കത്തോലിക്കാ ബൈബിളായ പി.ഒ.സി. ബൈബിളും മറ്റും ഇതിനെയാണ് അനുകൂലിക്കുന്നത്) എന്ന നാമം മൂല എബ്രായ തിരുവെഴുത്തുകളിൽ ഏതാണ്ട് 7,000 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ആ നാമം അതേപടി നിലനിറുത്തുന്നതിനു പകരം മിക്ക ബൈബിളുകളും ആ സ്ഥാനത്ത് “ദൈവം” എന്നോ “കർത്താവ്” എന്നോ ആണ് ഉപയോഗിച്ചിരിക്കുന്നത്. ‘യഹോവ’ എന്നോ ‘യാഹ്വേ’ എന്നോ ഉപയോഗിക്കുന്ന ഏതാനും ആധുനിക ബൈബിൾ ഭാഷാന്തരങ്ങൾ ഉണ്ട്. സത്യവേദപുസ്തകത്തിൽ യെശയ്യാവു 42:8 ഇങ്ങനെ വായിക്കുന്നു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം.”
യഹോവയുടെ സാക്ഷികൾ തങ്ങളുടെ പേര് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് യെശയ്യാവു 43-ാം അധ്യായത്തിലെ തിരുവെഴുത്തു വിവരണത്തിന്മേലാണ്. അവിടെ, ലോകാവസ്ഥയെ കോടതി മുറിയിൽ അരങ്ങേറുന്ന ഉദ്വേഗജനകമായ ഒരു രംഗം പോലെ വർണിച്ചിരിക്കുന്നു: ജാതികളുടെ ദൈവങ്ങളുടെ മുമ്പാകെ രണ്ടു തിരഞ്ഞെടുപ്പുകളാണ് ഉള്ളത്. ഒന്നുകിൽ തങ്ങൾ ചെയ്തെന്ന് അവകാശപ്പെടുന്ന നീതിപ്രവൃത്തികൾക്കു തെളിവു നൽകാൻ സാക്ഷികളെ ഹാജരാക്കുക. അല്ലെങ്കിൽ യഹോവയുടെ ഭാഗത്തെ സാക്ഷികളുടെ മൊഴികൾ ശ്രദ്ധിക്കുകയും സത്യം അംഗീകരിക്കുകയും ചെയ്യുക. അവിടെ യഹോവ തന്റെ ജനത്തോട് ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു; എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.”—യെശയ്യാവു 43:10, 11.
യേശു ഈ ഭൂമിയിൽ ജനിക്കുന്നതിന് സഹസ്രാബ്ദങ്ങൾക്കു മുമ്പും യഹോവയാം ദൈവത്തിന് ഇവിടെ സാക്ഷികൾ ഉണ്ടായിരുന്നു. എബ്രായർ 11-ാം അധ്യായത്തിൽ അക്കൂട്ടത്തിൽപ്പെട്ട വിശ്വസ്ത മനുഷ്യരിൽ ചിലരെ പരാമർശിച്ച ശേഷം 12:1 തുടരുന്നു: “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുററും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.” പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പാകെ യേശു ഇങ്ങനെ പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” ബൈബിൾ യേശുവിനെ “വിശ്വസ്തനും സത്യവാനുമായ സാക്ഷി” എന്നു വിളിക്കുന്നു. (യോഹന്നാൻ 18:37; വെളിപ്പാടു 3:14) യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.”—പ്രവൃത്തികൾ 1:8.
അതുകൊണ്ട്, ക്രിസ്തുയേശു മുഖാന്തരമുള്ള യഹോവയുടെ രാജ്യത്തെ സംബന്ധിച്ച സുവാർത്ത 235 രാജ്യങ്ങളിൽ അറിയിച്ചുകൊണ്ടിരിക്കുന്ന 61,00,000-ത്തോളം ആളുകൾ, യഹോവയുടെ സാക്ഷികൾ എന്ന തങ്ങളുടെ പേര് തികച്ചും ഉചിതമാണെന്നു വിശ്വസിക്കുന്നു.
[അടിക്കുറിപ്പ്]
a മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരം സത്യവേദപുസ്തകം ആണ്. NW വരുന്നിടത്ത് ഉപയോഗിച്ചിരിക്കുന്ന പരിഭാഷ ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് ആണ്.
[4-ാം പേജിലെ ആകർഷക വാക്യം]
അവർ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ സമർപ്പിതരാണ്
[4-ാം പേജിലെ ആകർഷക വാക്യം]
ബൈബിൾ ദൈവവചനമാണെന്ന് അവർ വിശ്വസിക്കുന്നു
[5-ാം പേജിലെ ആകർഷക വാക്യം]
ഒരു കോടതി മുറിയിലെ ഉദ്വേഗജനകമായ രംഗവുമായി ബന്ധമുള്ള പേര്
[5-ാം പേജിലെ ആകർഷക വാക്യം]
235 രാജ്യങ്ങളിലായി 61,00,000-ത്തോളം സാക്ഷികൾ
[3-ാം പേജിലെ ചിത്രം]
അവർ നിങ്ങളിൽ തത്പരരാണ്
[4-ാം പേജിലെ ചിത്രം]
പുരാതന എബ്രായയിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം