പാഠം 03
ദൈവവചനം പറയുന്നത് വിശ്വസിക്കാമോ?
ബൈബിളിൽ ധാരാളം വാഗ്ദാനങ്ങളും ഉപദേശങ്ങളും ഉണ്ട്. അതൊക്കെ അറിഞ്ഞാൽ കൊള്ളാമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടായിരിക്കാം. എന്നാൽ ചില സംശയങ്ങളും കാണും. പണ്ടുകാലത്ത് എഴുതിയ ഒരു പുസ്തകത്തിലെ നിർദേശങ്ങൾ അനുസരിച്ച് ഇപ്പോൾ ജീവിക്കാൻ കഴിയുമോ? ഭാവിയെക്കുറിച്ച് ബൈബിൾ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാവുന്നതാണോ? ലക്ഷക്കണക്കിന് ആളുകൾ ബൈബിളിലെ വാഗ്ദാനങ്ങൾ വിശ്വസിക്കുന്നു. നിങ്ങൾക്കും അത് വിശ്വസിക്കാൻ കഴിയുമോ? ചില തെളിവുകൾ പരിശോധിക്കാം.
1. ബൈബിൾ പറയുന്നതു കെട്ടുകഥയോ സത്യമോ?
ബൈബിൾ പറയുന്ന കാര്യങ്ങൾ ‘സത്യവും കൃത്യവും’ ആണെന്ന് ബൈബിൾതന്നെ ഉറപ്പു തരുന്നു. (സഭാപ്രസംഗകൻ 12:10) ബൈബിളിൽ പറഞ്ഞിരിക്കുന്ന വ്യക്തികളും സംഭവങ്ങളും സാങ്കല്പികമല്ല, യഥാർഥമാണ്. (ലൂക്കോസ് 1:3; 3:1, 2 വായിക്കുക.) അതിലെ പ്രധാനപ്പെട്ട തീയതികളും സ്ഥലങ്ങളും ഒക്കെ പല ചരിത്രകാരന്മാരും പുരാവസ്തുക്കളെക്കുറിച്ച് പഠനം നടത്തുന്നവരും അംഗീകരിച്ചിട്ടുണ്ട്.
2. ബൈബിൾ വെറും ഒരു പഴഞ്ചൻ പുസ്തകമാണോ?
ബൈബിൾ എഴുതിയ കാലത്തെ ആളുകൾ ഒരുപക്ഷേ കേൾക്കുകയോ ചിന്തിക്കുകയോ പോലും ചെയ്യാത്ത പല കാര്യങ്ങളും ബൈബിളിലുണ്ട്. ഉദാഹരണത്തിന്, ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില ശാസ്ത്രവിഷയങ്ങൾ നൂറ്റാണ്ടുകളോളം ആളുകൾ വിശ്വസിച്ചിരുന്നില്ല. എന്നാൽ പിന്നീട് അക്കാര്യങ്ങൾ സത്യമാണെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. അതുകൊണ്ട്, ബൈബിളിൽ നമുക്ക് ‘ഇന്നും എന്നും എപ്പോഴും ആശ്രയിക്കാനാകും.’—സങ്കീർത്തനം 111:8.
3. ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്നത് വിശ്വസിക്കാമോ?
‘ഇതുവരെ സംഭവിച്ചിട്ടില്ലാത്ത’ കാര്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾa ബൈബിളിലുണ്ട്. (യശയ്യ 46:10) അവ നടക്കുമോ? മുൻകാലങ്ങളിൽ നടന്നിട്ടുള്ള പല സംഭവങ്ങളും അവ നടക്കുന്നതിനു വളരെ മുമ്പേ ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നു. അത് അങ്ങനെതന്നെ നടന്നിട്ടുണ്ട്. കൂടാതെ, ഇന്നത്തെ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നും ബൈബിൾ കൃത്യമായി മുൻകൂട്ടി പറഞ്ഞിരിക്കുന്നു. ഈ പാഠത്തിൽ ബൈബിളിലെ ചില പ്രവചനങ്ങളെക്കുറിച്ച് നോക്കാം. അതു കൃത്യമായി നടന്നതിനെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നിങ്ങൾ അതിശയിച്ചേക്കാം.
ആഴത്തിൽ പഠിക്കാൻ
ബൈബിൾ പറയുന്ന കാര്യങ്ങൾ ശാസ്ത്രവുമായി യോജിക്കുന്നത് എങ്ങനെ? ചില ബൈബിൾപ്രവചനങ്ങൾ കൃത്യമായി നിറവേറിയത് എങ്ങനെ? നമുക്കു നോക്കാം.
4. ശാസ്ത്രം ബൈബിളിനോടു യോജിക്കുന്നു
പണ്ടുകാലത്ത് മിക്കവരും വിശ്വസിച്ചിരുന്നത്, ഭൂമി എന്തിന്റെയോ പുറത്താണ് ഇരിക്കുന്നത് എന്നാണ്. വീഡിയോ കാണുക.
ഏകദേശം 3,500 വർഷങ്ങൾക്കു മുമ്പ് ഇയ്യോബ് എന്ന ബൈബിൾ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ നോക്കാം. ഇയ്യോബ് 26:7 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
‘ഭൂമി ശൂന്യതയിൽ നിൽക്കുന്നു’ എന്ന കാര്യം ശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കുന്നതിനു മുമ്പേ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇതു കേട്ടപ്പോൾ നിങ്ങൾക്ക് എന്തു തോന്നി?
കടൽവെള്ളം നീരാവിയായി മുകളിലേക്കു പോകുന്നു, പിന്നെ മഴയായി കടലിലേക്കു തിരിച്ചെത്തുന്നു. ഇതിനെ ജലപരിവൃത്തി എന്നു വിളിക്കുന്നു. നമ്മൾ ഇതു മനസ്സിലാക്കിയിട്ട് ഏതാണ്ട് 200 വർഷമേ ആകുന്നുള്ളൂ. അതിനും 3,000-ത്തിലധികം വർഷം മുമ്പേ ബൈബിൾ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇയ്യോബ് 36:27, 28 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
ജലപരിവൃത്തിയെക്കുറിച്ചുള്ള ബൈബിളിന്റെ ലളിതമായ വിശദീകരണം കണ്ടപ്പോൾ നിങ്ങൾക്ക് എന്തു തോന്നി?
നമുക്ക് ബൈബിൾ പറയുന്നത് വിശ്വസിക്കാൻ കഴിയില്ലേ?
5. ബൈബിൾ മുൻകൂട്ടി പറഞ്ഞ ചില പ്രധാനപ്പെട്ട സംഭവങ്ങൾ
യശയ്യ 44:27–45:2 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ബാബിലോൺ നഗരം നശിപ്പിക്കപ്പെടുന്നതിനും 200 വർഷം മുമ്പ്, അതെക്കുറിച്ച് ബൈബിൾ എന്തൊക്കെയാണു മുൻകൂട്ടി പറഞ്ഞത്?
ബി.സി. 539-ൽb പേർഷ്യൻ രാജാവായ കോരെശും സൈന്യവും ബാബിലോൺ നഗരത്തെ ആക്രമിച്ച് കീഴ്പെടുത്തിയെന്നു ചരിത്രം പറയുന്നു. നഗരത്തിനു സംരക്ഷണമായിരുന്ന നദി അവർ വഴിതിരിച്ചുവിട്ടു. തുറന്നുകിടന്ന നഗരവാതിലിലൂടെ അകത്തു കടന്ന സൈന്യം ഒരു പോരാട്ടവും കൂടാതെ നഗരം പിടിച്ചടക്കി. 2,500 വർഷങ്ങൾക്കു ശേഷം ഇന്നും ബാബിലോൺ പാഴ്നിലമായി കിടക്കുന്നു. ഇതെക്കുറിച്ച് ബൈബിൾ മുൻകൂട്ടി പറഞ്ഞത് എന്താണെന്നു നോക്കാം.
യശയ്യ 13:19, 20 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ഈ വാക്യം ബാബിലോണിന്റെ നാശത്തെക്കുറിച്ച് എന്താണ് പറയുന്നത്?
6. നമ്മുടെ കാലത്ത് നിറവേറുന്ന ബൈബിൾപ്രവചനങ്ങൾ
നമ്മൾ ‘അവസാനകാലത്താണ്’ ജീവിക്കുന്നതെന്നു ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:1) ഈ കാലത്തെക്കുറിച്ച് ബൈബിൾ എന്താണു മുൻകൂട്ടി പറയുന്നത് എന്നു നോക്കാം.
മത്തായി 24:6, 7 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
അവസാനകാലത്ത് എന്തൊക്കെ പ്രത്യേകസംഭവങ്ങൾ നടക്കുമെന്നാണു ബൈബിൾ മുൻകൂട്ടി പറഞ്ഞിരിക്കുന്നത്?
2 തിമൊഥെയൊസ് 3:1-5 വായിക്കുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
അവസാനകാലത്ത് മിക്കവരുടെയും സ്വഭാവം എങ്ങനെയുള്ളതായിരിക്കും എന്നാണു ബൈബിൾ പറയുന്നത്?
ഇതിൽ ഏതൊക്കെയാണു നിങ്ങൾ ശ്രദ്ധിച്ചിട്ടുള്ളത്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ബൈബിൾ ഒരു പഴഞ്ചൻ പുസ്തകമാണ്. അതിൽ പലതും കെട്ടുകഥകളല്ലേ?”
ബൈബിൾ വിശ്വസിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്? എന്താണു നിങ്ങളുടെ അഭിപ്രായം?
ചുരുക്കത്തിൽ
ബൈബിൾ വിശ്വസിക്കാൻ പറ്റുമെന്നു ചരിത്രവും ശാസ്ത്രവും പ്രവചനങ്ങളും തെളിവ് തരുന്നു.
ഓർക്കുന്നുണ്ടോ?
ബൈബിൾ പറയുന്നതു കെട്ടുകഥയോ സത്യമോ?
ശാസ്ത്രം ബൈബിളുമായി യോജിക്കുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണ്?
ബൈബിൾ ഭാവി മുൻകൂട്ടി പറയുന്നുണ്ടോ? വിശദീകരിക്കുക.
കൂടുതൽ മനസ്സിലാക്കാൻ
ശാസ്ത്രവിഷയങ്ങളെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ സത്യമാണോ?
“ശാസ്ത്രം ബൈബിളുമായി യോജിപ്പിലാണോ?” (വെബ്സൈറ്റിലെ ലേഖനം)
‘അവസാനകാലത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ.’
“കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ” (വെബ്സൈറ്റിലെ ലേഖനം)
ഗ്രീക്ക് സാമ്രാജ്യത്തെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ സത്യമായത് എങ്ങനെയെന്നു കാണുക.
ബൈബിൾപ്രവചനങ്ങൾ മനസ്സിലാക്കിയപ്പോൾ ഒരാളുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടായി?
“എനിക്ക് ദൈവം ഇല്ലായിരുന്നു!” (വീക്ഷാഗോപുരം 2017 നമ്പർ 5)
a ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ദൈവം നൽകുന്ന സന്ദേശങ്ങളാണ് പ്രവചനങ്ങൾ.
b ബി.സി. എന്നത് യേശു ഭൂമിയിൽ വരുന്നതിനു മുമ്പുള്ള കാലത്തെയും എ.ഡി. എന്നത് അതിനു ശേഷമുള്ള കാലത്തെയും സൂചിപ്പിക്കുന്നു.