അധ്യായം പത്ത്
‘പ്രസാദകാലം’
1, 2. (എ) എന്ത് അനുഗ്രഹമാണ് യെശയ്യാവ് ആസ്വദിച്ചത്? (ബി) യെശയ്യാവു 49-ാം അധ്യായത്തിന്റെ ആദ്യ പകുതിയിലെ പ്രാവചനിക വചനങ്ങളിൽ ആരെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
വിശ്വസ്തരായ സകലരും ദൈവത്തിന്റെ അംഗീകാരവും സംരക്ഷണവും ദീർഘകാലം ആസ്വദിച്ചിട്ടുണ്ട്. എന്നിരുന്നാലും, യഹോവ എല്ലാ മനുഷ്യർക്കും അവ നൽകുന്നില്ല. അനുപമമായ അത്തരം അനുഗ്രഹത്തിനായി ഒരു വ്യക്തി യോഗ്യത നേടേണ്ടതുണ്ട്. അവ്വണ്ണം യോഗ്യത നേടിയ ഒരാളായിരുന്നു യെശയ്യാവ്. അവൻ ദൈവപ്രീതി ആസ്വദിക്കുകയും യഹോവയുടെ ഹിതം മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കപ്പെടുകയും ചെയ്തു. അതിനുള്ള ഒരു ഉദാഹരണം യെശയ്യാ പ്രവചനം 49-ാം അധ്യായത്തിന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2 ഈ വാക്കുകൾ പ്രാവചനികമായി അബ്രാഹാമിന്റെ സന്തതിയെ ഉദ്ദേശിച്ചുള്ളവയാണ്. പ്രാഥമിക നിവൃത്തിയിൽ ആ സന്തതി അബ്രാഹാമിന്റെ പിൻഗാമികളായ ഇസ്രായേൽ ജനതയാണ്. എന്നാൽ, അവിടെ ഉപയോഗിച്ചിരിക്കുന്ന പല പദപ്രയോഗങ്ങളും വ്യക്തമായും ദീർഘകാലമായി ആളുകൾ പ്രതീക്ഷിച്ചിരുന്ന അബ്രാഹാമിന്റെ സന്തതിക്ക്, വാഗ്ദത്ത മിശിഹായ്ക്ക് ബാധകമാണ്. ആ നിശ്വസ്ത വചനങ്ങൾ അബ്രാഹാമിന്റെ ആത്മീയ സന്തതിയുടെയും “ദൈവത്തിന്റെ യിസ്രായേലി”ന്റെയും ഭാഗമായിത്തീർന്ന, മിശിഹായുടെ ആത്മീയ സഹോദരങ്ങൾക്കും ബാധകമാണ്. (ഗലാത്യർ 3:7, 16, 29; 6:16) വിശേഷിച്ചും, യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗം യഹോവയും അവന്റെ പ്രിയ പുത്രനായ യേശുക്രിസ്തുവും തമ്മിലുള്ള പ്രത്യേക ബന്ധത്തെ വർണിക്കുന്നു.—യെശയ്യാവു 49:26.
യഹോവയാൽ നിയമിതനും സംരക്ഷിതനും
3, 4. (എ) മിശിഹായ്ക്ക് എന്തു പിന്തുണയുണ്ട്? (ബി) ആരോടാണു മിശിഹാ സംസാരിക്കുന്നത്?
3 മിശിഹാ ദൈവപ്രസാദം അഥവാ ദൈവാംഗീകാരം ആസ്വദിക്കുന്നു. തന്റെ ദൗത്യം നിർവഹിക്കാനുള്ള അധികാരവും അവകാശവും ദൈവം അവനു നൽകുന്നു. തന്മൂലം, ഭാവി മിശിഹാ ഇങ്ങനെ പറയുന്നത് തികച്ചും ഉചിതമാണ്: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.”—യെശയ്യാവു 49:1.
4 “ദൂരത്തുള്ള” ആളുകളോടാണ് ഇവിടെ മിശിഹാ സംസാരിക്കുന്നത്. മിശിഹായെ കുറിച്ചു പ്രത്യാശ നൽകിയിരിക്കുന്നത് യഹൂദർക്ക് ആണെങ്കിലും അവന്റെ ശുശ്രൂഷ സകല ജനതകളുടെയും അനുഗ്രഹത്തിൽ കലാശിക്കും. (മത്തായി 25:31-33) യഹോവയുമായി ഉടമ്പടിയിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും “ദ്വീപുക”ളും “വംശങ്ങ”ളും ഇസ്രായേലിന്റെ മിശിഹായ്ക്കു ചെവികൊടുക്കണം. കാരണം, മുഴു മനുഷ്യവർഗത്തിനും രക്ഷ പ്രദാനം ചെയ്യാനാണ് ദൈവം അവനെ അയച്ചിരിക്കുന്നത്.
5. ഒരു മനുഷ്യനായി പിറക്കുന്നതിനു മുമ്പുതന്നെ മിശിഹായ്ക്കു പേരിടപ്പെടുന്നത് എങ്ങനെ?
5 മനുഷ്യനായി പിറക്കുന്നതിനു മുമ്പുതന്നെ മിശിഹായ്ക്കു യഹോവ പേരിടുമെന്നു പ്രവചനം പറയുന്നു. (മത്തായി 1:21; ലൂക്കൊസ് 1:31) ജനിക്കുന്നതിന് ദീർഘനാൾ മുമ്പേ യേശുവിന് “അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു” എന്ന് പേരു നൽകപ്പെടുകയുണ്ടായി. (യെശയ്യാവു 9:6) യെശയ്യാവിന്റെ പുത്രനായ ‘ഇമ്മാനൂവേലി’ന്റെ പേരും മിശിഹായുടെ പ്രാവചനിക പേരായിത്തീരുന്നു. (യെശയ്യാവു 7:14; മത്തായി 1:21-23) മിശിഹാ അറിയപ്പെടാനിരിക്കുന്ന യേശു എന്ന പേരും ജനനത്തിനു മുമ്പ് മുൻകൂട്ടി പറയപ്പെട്ടതാണ്. (ലൂക്കൊസ് 1:30, 31) “യഹോവ രക്ഷയാകുന്നു” എന്ന് അർഥമുള്ള എബ്രായ പദത്തിൽ നിന്നാണ് ആ പേരു വന്നിരിക്കുന്നത്. യേശു സ്വയം നിയമിതനായ ക്രിസ്തുവല്ല എന്നതു വ്യക്തം.
6. ഏതു വിധത്തിൽ മിശിഹായുടെ വായിൽനിന്നു മൂർച്ചയുള്ള വാൾ പുറപ്പെടുന്നു, അവൻ ഒളിപ്പിക്കപ്പെടുകയും മറയ്ക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെ?
6 മിശിഹായുടെ പ്രാവചനിക വചനങ്ങൾ തുടരുന്നു: “അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണിയിൽ മറെച്ചുവെച്ചു.” (യെശയ്യാവു 49:2) പൊ.യു. 29-ൽ യഹോവയുടെ മിശിഹാ ഭൗമിക ശുശ്രൂഷ തുടങ്ങാൻ സമയമായപ്പോൾ യേശുവിന്റെ വാക്കുകളും പ്രവൃത്തികളും മൂർച്ചവരുത്തി മിനുക്കിയ ആയുധം പോലെയുള്ളതാണെന്ന്—കേൾവിക്കാരുടെ ഹൃദയത്തെ സ്പർശിക്കാൻ പോന്നവയാണെന്ന്—തെളിഞ്ഞു. (ലൂക്കൊസ് 4:31, 32) അവന്റെ വാക്കുകളും പ്രവൃത്തികളും യഹോവയുടെ വലിയ ശത്രുവായ സാത്താന്റെയും അവന്റെ പിണിയാളുകളുടെയും ക്രോധത്തെ ഇളക്കിവിട്ടു. യേശുവിന്റെ ജനനം മുതൽ സാത്താൻ അവന്റെ ജീവൻ കവർന്നെടുക്കാൻ ശ്രമിക്കുന്നെങ്കിലും യഹോവയുടെ പൂണിയിൽ മറെച്ചുവെച്ച അമ്പു പോലെയായിരുന്നു അവൻ.a അവനു തന്റെ പിതാവിന്റെ സംരക്ഷണത്തിൽ പൂർണമായി ആശ്രയിക്കാൻ കഴിയുമായിരുന്നു. (സങ്കീർത്തനം 91:1; ലൂക്കൊസ് 1:35) നിയമിത സമയത്ത് യേശു തന്റെ ജീവൻ മനുഷ്യവർഗത്തിനായി നൽകി. എന്നാൽ, വ്യത്യസ്തമായ അർഥത്തിൽ ആയുധമേന്തിയ, അതായത് വായിൽനിന്നു മൂർച്ചയേറിയ വായ്ത്തല പുറപ്പെടുന്ന ശക്തനായ സ്വർഗീയ പോരാളിയെന്ന നിലയിൽ അവൻ പുറപ്പെടുന്ന സമയം വന്നെത്തും. ഇത്തവണ മൂർച്ചയുള്ള വാൾ യഹോവയുടെ ശത്രുക്കൾക്കെതിരെ ന്യായവിധി നടത്താനുള്ള യേശുവിന്റെ അധികാരത്തെ പ്രതിനിധാനം ചെയ്യുന്നു.—വെളിപ്പാടു 1:16.
ദൈവദാസന്മാരുടെ സേവനം വ്യർഥമല്ല
7. യെശയ്യാവു 49:3-ലെ വാക്കുകൾ ബാധകമാകുന്നത് ആർക്ക്, എന്തുകൊണ്ട്?
7 അടുത്തതായി യഹോവ ഈ പ്രാവചനിക വചനങ്ങൾ അരുളിച്ചെയ്യുന്നു: “യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും.” (യെശയ്യാവു 49:3) ഇസ്രായേൽ ജനതയെ യഹോവ തന്റെ ദാസൻ എന്ന് പരാമർശിക്കുന്നു. (യെശയ്യാവു 41:8) എന്നുവരികിലും, യേശുക്രിസ്തുവാണു ദൈവത്തിന്റെ പ്രമുഖ ദാസൻ. (പ്രവൃത്തികൾ 3:13) യേശുവിനെക്കാൾ മെച്ചമായി യഹോവയുടെ ‘മഹത്വം’ പ്രതിഫലിപ്പിക്കാൻ ദൈവത്തിന്റെ മറ്റൊരു സൃഷ്ടിക്കും സാധിക്കുകയില്ല. തന്മൂലം, ഈ വാക്കുകൾ അക്ഷരാർഥത്തിൽ ഇസ്രായേലിനോടാണു പറയുന്നതെങ്കിലും അത് യേശുവിനാണ് യഥാർഥത്തിൽ ബാധകമാകുന്നത്.—യോഹന്നാൻ 14:9; കൊലൊസ്സ്യർ 1:15.
8. മിശിഹായുടെ സ്വന്തം ജനം അവനോടു പ്രതികരിച്ചത് എങ്ങനെ, തന്റെ വിജയം അളക്കാൻ മിശിഹാ ആരിലേക്കു നോക്കുന്നു?
8 സ്വന്തം ജനത്തിൽ ഭൂരിഭാഗവും യേശുവിനെ നിന്ദിക്കുകയും തിരസ്കരിക്കുകയും ചെയ്തുവെന്നതു ശരിയല്ലേ? അതേ. മൊത്തത്തിൽ ഇസ്രായേൽ ജനത യേശുവിനെ തിരസ്കരിക്കുകയാണു ചെയ്തത്. (യോഹന്നാൻ 1:11) ഭൂമിയിൽ ആയിരുന്നപ്പോൾ യേശു ചെയ്ത കാര്യങ്ങളെയെല്ലാം ഒട്ടും മൂല്യമില്ലാത്ത, വെറും നിസ്സാരമായ കാര്യങ്ങളായാണ് സമകാലികർ കണ്ടത്. പ്രത്യക്ഷത്തിൽ പരാജയമായി തോന്നിച്ച ആ ശുശ്രൂഷയെ കുറിച്ചാണ് മിശിഹാ അടുത്തതായി പറയുന്നത്. “ഞാനോ; ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു.” (യെശയ്യാവു 49:4എ) നിരുത്സാഹിതൻ ആയതുകൊണ്ടല്ല മിശിഹാ ഈ പ്രസ്താവനകൾ നടത്തിയത്. അടുത്തതായി അവൻ പറയുന്നതു കേൾക്കുക: “എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.” (യെശയ്യാവു 49:4ബി) മിശിഹായുടെ വിജയം അളക്കേണ്ടത് മനുഷ്യരല്ല മറിച്ച്, ദൈവമാണ്.
9, 10. (എ) യഹോവയിൽ നിന്ന് മിശിഹായ്ക്കു ലഭിക്കുന്ന നിയമനം എന്താണ്, അത് എന്തു ഫലം കൈവരുത്തുന്നു? (ബി) മിശിഹായുടെ അനുഭവങ്ങൾ ക്രിസ്ത്യാനികൾക്കു പ്രോത്സാഹനമായിരിക്കാൻ കഴിയുന്നത് എങ്ങനെ?
9 ദൈവത്തിന്റെ അംഗീകാരത്തിൽ അഥവാ പ്രസാദത്തിലാണ് യേശു മുഖ്യമായും തത്പരനായിരിക്കുന്നത്. പ്രവചനത്തിൽ മിശിഹാ പറയുന്നു: “ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു—ഞാൻ യഹോവെക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു.” (യെശയ്യാവു 49:5) ഇസ്രായേൽ പുത്രന്മാരുടെ ഹൃദയം വീണ്ടും തങ്ങളുടെ സ്വർഗീയ പിതാവിലേക്കു തിരിക്കാനാണു മിശിഹാ വന്നത്. വളരെ കുറച്ചു പേരാണ് അതിനോടു പ്രതികരിക്കുന്നത്. എന്നിരുന്നാലും, അവന് യഥാർഥത്തിൽ പ്രതിഫലം കൊടുക്കുന്നത് യഹോവയാം ദൈവമാണ്. മാനുഷിക പ്രമാണങ്ങളെ അടിസ്ഥാനമാക്കിയല്ല മറിച്ച്, യഹോവയുടെ പ്രമാണങ്ങൾ അനുസരിച്ചാണ് അവന്റെ വിജയം അളക്കപ്പെടുന്നത്.
10 തങ്ങൾ അധ്വാനിക്കുന്നതു വൃഥാവാണെന്ന് ഇന്ന് യേശുവിന്റെ ശിഷ്യന്മാർക്കു ചിലപ്പോഴൊക്കെ തോന്നിയേക്കാം. ചിലയിടങ്ങളിൽ ശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയത്തോടും ശ്രമത്തോടും ഉള്ള താരതമ്യത്തിൽ ഫലം തീരെ കുറവാണെന്നു കാണപ്പെട്ടേക്കാം. എങ്കിലും, യേശുവിന്റെ മാതൃകയിൽനിന്നു പ്രോത്സാഹനം നേടുന്ന അവർ സഹിച്ചുനിൽക്കുന്നു. പൗലൊസ് അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകളും അവർക്കു ബലമേകുന്നു: “ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുളളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.”—1 കൊരിന്ത്യർ 15:58.
‘ജാതികൾക്കു പ്രകാശം’
11, 12. മിശിഹാ ‘ജാതികൾക്കു പ്രകാശമായി’രിക്കുന്നത് എങ്ങനെ?
11 ദൈവദാസൻ ആയിരിക്കുന്നത് ‘നിസ്സാര കാര്യമല്ല’ [പി.ഒ.സി. ബൈ.] എന്ന് ഓർമിപ്പിച്ചുകൊണ്ട് യെശയ്യാവിന്റെ പ്രവചനത്തിൽ യഹോവ മിശിഹായെ പ്രോത്സാഹിപ്പിക്കുന്നു. “യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും” യേശു പ്രവർത്തിക്കേണ്ടതുണ്ട്. യഹോവ കൂടുതലായി വിശദീകരിക്കുന്നു: “എന്റെ രക്ഷ ഭൂമിയുടെ അററത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കി വെച്ചുമിരിക്കുന്നു.” (യെശയ്യാവു 49:6) തന്റെ ഭൗമിക ശുശ്രൂഷ ഇസ്രായേലിൽ മാത്രം ഒതുങ്ങിനിൽക്കെ, “ഭൂമിയുടെ അറ്റത്തോളം” ഉള്ളവർക്ക് യേശു പ്രകാശം ചൊരിയുന്നത് എങ്ങനെയാണ്?
12 യേശു ഭൗമികരംഗം വിട്ടതോടെ ‘ജാതികൾക്കുള്ള’ ദൈവത്തിന്റെ ‘പ്രകാശം’ അണഞ്ഞുപോയില്ല എന്നു ബൈബിൾ വൃത്താന്തം വെളിപ്പെടുത്തുന്നു. യേശു മരിച്ച് ഏകദേശം 15 വർഷം കഴിഞ്ഞ്, മിഷനറിമാരായ പൗലൊസും ബർന്നബാസും യെശയ്യാവു 49:6-ലെ പ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവിന്റെ ശിഷ്യന്മാർക്ക്, അവന്റെ അഭിഷിക്ത സഹോദരന്മാർക്ക്, അതു ബാധകമാക്കുകയുണ്ടായി. അവർ ഇങ്ങനെ വിശദീകരിച്ചു: ‘“നീ ഭൂമിയുടെ അററത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു.’ (പ്രവൃത്തികൾ 13:47) രക്ഷയുടെ സുവാർത്ത യഹൂദരോടു മാത്രമല്ല മറിച്ച്, ‘ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിലും’ ഘോഷിക്കപ്പെടുന്നത് പൗലൊസ് കാണുകയുണ്ടായി. (കൊലൊസ്സ്യർ 1:6, 23) ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരന്മാരിൽ ശേഷിച്ചവർ ഇന്ന് ആ വേലയിൽ തുടരുന്നു. ദശലക്ഷക്കണക്കിനു വരുന്ന “മഹാപുരുഷാര”ത്തിന്റെ പിന്തുണയോടെ അവർ ലോകമെമ്പാടും 230-ലധികം ദേശങ്ങളിൽ ‘ജാതികൾക്കു പ്രകാശമായി’ സേവിക്കുന്നു.—വെളിപ്പാടു 7:9.
13, 14. (എ) മിശിഹായുടെയും അവന്റെ അനുഗാമികളുടെയും പ്രസംഗവേലയ്ക്ക് എന്തു പ്രതികരണം ലഭിച്ചിരിക്കുന്നു? (ബി) സാഹചര്യങ്ങൾക്ക് എന്തു മാറ്റം ഉണ്ടായി?
13 തന്റെ ദാസനായ മിശിഹായ്ക്കും മിശിഹായുടെ അഭിഷിക്ത സഹോദരന്മാർക്കും അവരോടൊപ്പം സുവാർത്താ പ്രസംഗവേലയിൽ തുടരുന്ന മഹാപുരുഷാരത്തിനും ബലമേകുന്നത് യഹോവയാണെന്നു തെളിഞ്ഞിരിക്കുന്നു. യേശുവിനെ പോലെ അവന്റെ ശിഷ്യന്മാരും നിന്ദയും വിരോധവും സഹിച്ചിരിക്കുന്നു. (യോഹന്നാൻ 15:20) എങ്കിലും, തന്റെ വിശ്വസ്ത ദാസന്മാരെ രക്ഷിക്കാനും അവർക്കു പ്രതിഫലം നൽകാനുമായി തക്കസമയത്ത് യഹോവ സ്ഥിതിഗതികൾക്കു മാറ്റം വരുത്തും. “സർവ്വനിന്ദിതനും” “ജാതിക്കു വെറുപ്പുള്ളവനും” ആയ മിശിഹായെ കുറിച്ച് യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻനിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേല്ക്കയും പ്രഭുക്കന്മാർകണ്ടു നമസ്കരിക്കയും ചെയ്യും.”—യെശയ്യാവു 49:7.
14 പിന്നീട്, സ്ഥിതിഗതികളിൽ ഉണ്ടായ മുൻകൂട്ടി പറയപ്പെട്ട ഈ മാറ്റത്തെ കുറിച്ച് പൗലൊസ് അപ്പൊസ്തലൻ ക്രിസ്ത്യാനികൾക്ക് എഴുതി. യേശു ദണ്ഡനസ്തംഭത്തിൽ നിന്ദിക്കപ്പെട്ടെങ്കിലും ദൈവം അവനെ ഉയിർപ്പിച്ചതായി അവൻ വിവരിച്ചു. ‘യേശുവിന്റെ നാമത്തിങ്കൽ മുഴങ്കാൽ ഒക്കെയും മടങ്ങേണ്ടതിന്’ യഹോവ തന്റെ ദാസനായ അവനെ “ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.” (ഫിലിപ്പിയർ 2:8-11) പീഡിപ്പിക്കപ്പെടുമെന്ന് ക്രിസ്തുവിന്റെ വിശ്വസ്ത അനുഗാമികൾക്കും മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്. എന്നാൽ മിശിഹായെ പോലെ അവർക്കും ദൈവാംഗീകാരം സംബന്ധിച്ച ഉറപ്പു ലഭിച്ചിരിക്കുന്നു.—മത്തായി 5:10-12; 24:9-13; മർക്കൊസ് 10:29, 30.
“സുപ്രസാദകാലം”
15. യെശയ്യാ പ്രവചനത്തിൽ ഏതു പ്രത്യേക “കാല”ത്തെ കുറിച്ചാണു പരാമർശിച്ചിരിക്കുന്നത്, അത് എന്ത് അർഥമാക്കുന്നു?
15 വളരെ പ്രാധാന്യമുള്ള ഒരു പ്രസ്താവനയോടെ യെശയ്യാവിന്റെ പ്രവചനം തുടരുന്നു. യഹോവ മിശിഹായോട് ഇങ്ങനെ അരുളിച്ചെയ്യുന്നു: “‘പ്രസാദകാലത്ത് ഞാൻ നിനക്ക് ഉത്തരമരുളി, രക്ഷാദിനത്തിൽ ഞാൻ നിന്നെ സഹായിച്ചു; . . . ഞാൻ നിന്നെ നിലനിർത്തുകയും ജനത്തിന് ഒരു ഉടമ്പടിയായി നിന്നെ നല്കയും ചെയ്തു.” (യെശയ്യാവു 49:8എ, സി, ഓശാന ബൈ.) സമാനമായ ഒരു പ്രവചനം സങ്കീർത്തനം 69:13-18-ലും [പി.ഒ.സി. ബൈ.] കാണാനാകും. അവിടെ സങ്കീർത്തനക്കാരൻ “ഉചിതമെന്നു തോന്നുമ്പോൾ” എന്ന പ്രയോഗം ഉപയോഗിച്ചുകൊണ്ട് “പ്രസാദകാല”ത്തെ പരാമർശിക്കുന്നു. ഒരു പ്രത്യേക വിധത്തിൽ, അതും സുനിശ്ചിതമായ ഒരു താത്കാലിക കാലഘട്ടത്തിൽ മാത്രമേ, യഹോവയുടെ പ്രസാദവും സംരക്ഷണവും ലഭ്യമാകൂ എന്ന് ഈ പ്രയോഗങ്ങൾ വ്യക്തമാക്കുന്നു.
16. പുരാതന ഇസ്രായേല്യരോടുള്ള ബന്ധത്തിൽ യഹോവയുടെ പ്രസാദകാലം എന്തായിരുന്നു?
16 ആ പ്രസാദകാലം എപ്പോഴായിരുന്നു? തുടക്കത്തിൽ ആ വാക്കുകൾ പുനഃസ്ഥാപന പ്രവചനത്തിന്റെ ഭാഗമായിരുന്നു. യഹൂദർ പ്രവാസത്തിൽ നിന്നു മടങ്ങിവരുന്നതിനെ കുറിച്ച് അതു മുൻകൂട്ടി പറഞ്ഞു. “ദേശം പുനഃസ്ഥാപിക്കാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങൾ” കൈവശമാക്കാനും സാധിച്ചപ്പോൾ ഇസ്രായേൽ ജനതയ്ക്ക് ഒരു പ്രസാദകാലം അനുഭവിക്കാൻ കഴിഞ്ഞു. (യെശയ്യാവു 49:8ബി, ഓശാന ബൈ.) അവർ മേലാൽ ബാബിലോണിൽ ‘തടവുകാർ’ ആയിരുന്നില്ല. സ്വദേശത്തേക്കുള്ള യാത്രയിൽ അവർക്ക് “വിശക്കയോ ദാഹിക്കയോ ഇല്ല. ഉഷ്ണക്കാറ്റും വെയിലും അവരെ പീഡിപ്പിക്കയില്ല” എന്ന് യഹോവ ഉറപ്പുവരുത്തി. ചിതറിക്കപ്പെട്ട ഇസ്രായേല്യർ “വിദൂരത്തിൽനിന്നു . . . വടക്കു നിന്ന്, പടിഞ്ഞാറു നിന്ന്” തങ്ങളുടെ സ്വദേശത്തു കൂട്ടമായി മടങ്ങിയെത്തി. (യെശയ്യാവു 49:9-12, ഓശാന ബൈ.) ഈ വലിയ നിവൃത്തിക്കു പുറമേ, ഈ പ്രവചനം വിപുലമായ മറ്റു രീതികളിൽ ബാധകമാകുന്നുവെന്ന് ബൈബിൾ പ്രകടമാക്കുന്നു.
17, 18. ഒന്നാം നൂറ്റാണ്ടിൽ എന്തു പ്രസാദകാലമാണ് യഹോവ ഉൾപ്പെടുത്തിയത്?
17 ഒന്നാമതായി, യേശുവിന്റെ ജനനത്തിൽ ദൂതന്മാർ സമാധാനത്തെയും ദൈവപ്രസാദത്തെയും അഥവാ മനുഷ്യരോടുള്ള അവന്റെ പ്രീതിയെയും കുറിച്ചു ഘോഷിച്ചു. (ലൂക്കൊസ് 2:13, 14) ഈ പ്രസാദം മുഴു മനുഷ്യവർഗത്തിനുമല്ല, മറിച്ച് യേശുവിൽ വിശ്വാസം പ്രകടമാക്കുന്നവർക്കു മാത്രമുള്ളതായിരുന്നു. പിന്നീട്, യേശു പരസ്യമായി യെശയ്യാവു 61:1, 2-ലെ പ്രവചനം വായിച്ച് ‘യഹോവയുടെ പ്രസാദവർഷം’ ഘോഷിക്കുന്നവൻ എന്നനിലയിൽ അതു തനിക്കുതന്നെ ബാധകമാക്കി. (ലൂക്കൊസ് 4:17-21) ജഡിക മനുഷ്യനായി ജീവിച്ച നാളുകളിൽ യേശുവിന് യഹോവയുടെ പ്രത്യേക സംരക്ഷണം ലഭിച്ചതായി പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു. (എബ്രായർ 5:7-9) അതുകൊണ്ട്, ഒരു മനുഷ്യനായി ജീവിച്ച കാലത്ത് യേശുവിനു ലഭിച്ച ദൈവാംഗീകാരത്തെയാണ് ഈ പ്രസാദകാലം അർഥമാക്കുന്നത്.
18 എന്നിരുന്നാലും, ഈ പ്രവചനം മറ്റൊരു വിധത്തിലും ബാധകമാക്കാവുന്നതാണ്. പ്രസാദകാലത്തെ കുറിച്ചുള്ള യെശയ്യാവിന്റെ വാക്കുകൾ ഉദ്ധരിച്ചശേഷം പൗലൊസ് തുടർന്ന് ഇങ്ങനെ പറയുന്നു: “ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.” (2 കൊരിന്ത്യർ 6:2) യേശു മരിച്ച് 22 വർഷത്തിനു ശേഷമാണ് പൗലൊസ് ആ വാക്കുകൾ എഴുതിയത്. തെളിവനുസരിച്ച്, പൊ.യു. 33-ൽ ക്രിസ്തീയ സഭ പിറന്നതോടെ ക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികളെയും ഉൾപ്പെടുത്താൻ തക്കവണ്ണം യഹോവ തന്റെ പ്രസാദകാലം നീട്ടി.
19. യഹോവയുടെ പ്രസാദകാലത്തിൽനിന്ന് ക്രിസ്ത്യാനികൾക്ക് ഇന്ന് എങ്ങനെ പ്രയോജനം നേടാനാകും?
19 ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ പങ്കാളികളായി അഭിഷേകം ചെയ്യപ്പെടാത്ത യേശുവിന്റെ ഇന്നത്തെ ശിഷ്യന്മാരെ കുറിച്ചെന്ത്? ഭൗമിക പ്രത്യാശയുള്ളവർക്ക് ഈ പ്രസാദകാലത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ കഴിയുമോ? കഴിയും. “മഹോപദ്രവ”ത്തെ അതിജീവിച്ച് പറുദീസാ ഭൂമിയിൽ ജീവിതം ആസ്വദിക്കാൻ പോകുന്ന മഹാപുരുഷാരത്തിന് യഹോവ പ്രസാദകാലം നീട്ടിക്കൊടുക്കുന്നതായി ബൈബിൾ പുസ്തകമായ വെളിപ്പാടു വ്യക്തമാക്കുന്നു. (വെളിപ്പാടു 7:13-17, NW) തന്മൂലം, അപൂർണ മനുഷ്യരിൽ യഹോവ പ്രസാദിക്കുന്ന പരിമിതമായ ഈ കാലഘട്ടത്തിൽനിന്ന് എല്ലാ ക്രിസ്ത്യാനികൾക്കും പ്രയോജനം നേടാവുന്നതാണ്.
20. ദൈവത്തിന്റെ അനർഹ കൃപ ലഭിച്ചതു വ്യർഥമായിത്തീരുന്നില്ലെന്ന് ക്രിസ്ത്യാനികൾക്ക് ഏതു വിധത്തിൽ ഉറപ്പുവരുത്താനാകും?
20 യഹോവയുടെ പ്രസാദകാലത്തെ കുറിച്ചു പറയുന്നതിനു തൊട്ടുമുമ്പ് പൗലൊസ് അപ്പൊസ്തലൻ ഒരു മുന്നറിയിപ്പു നൽകി. “നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു” എന്ന് അവൻ ക്രിസ്ത്യാനികളോട് പറഞ്ഞു. (2 കൊരിന്ത്യർ 6:1) തന്നിമിത്തം, ദൈവത്തെ സന്തോഷിപ്പിക്കാനും അവന്റെ ഹിതം ചെയ്യാനും ക്രിസ്ത്യാനികൾ എല്ലാ അവസരവും തക്കത്തിൽ വിനിയോഗിക്കുന്നു. (എഫെസ്യർ 5:15, 16) അവർ പൗലൊസിന്റെ പിൻവരുന്ന അനുശാസനം പിൻപറ്റുന്നത് ഉചിതമായിരിക്കും: ‘സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ. നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.’—എബ്രായർ 3:12, 13.
21. യെശയ്യാവു 49-ാം അധ്യായത്തിന്റെ ആദ്യ പകുതിയിൽ സന്തോഷഭരിതമായ എന്തു പ്രസ്താവന കാണാം?
21 യഹോവയും മിശിഹായും തമ്മിലുള്ള പ്രാവചനിക സംഭാഷണം അവസാനിക്കവേ, യെശയ്യാവ് സന്തോഷഭരിതമായ ഈ പ്രസ്താവന നടത്തുന്നു: “ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.” (യെശയ്യാവു 49:13) പുരാതന കാലത്തെ ഇസ്രായേല്യർക്കും യഹോവയുടെ വലിയ ദാസനായ യേശുക്രിസ്തുവിനും അതുപോലെതന്നെ ഇന്ന് യഹോവയുടെ അഭിഷിക്ത ദാസന്മാർക്കും വേറെ ആടുകളിൽ പെട്ട അവരുടെ സഹകാരികൾക്കും ആശ്വാസം നൽകുന്ന എത്ര മനോഹരമായ വാക്കുകളാണ് അവ!
യഹോവ തന്റെ ജനത്തെ മറക്കുന്നില്ല
22. തന്റെ ജനത്തെ ഒരിക്കലും മറക്കുകയില്ലെന്ന് യഹോവ ഊന്നിപ്പറയുന്നത് എങ്ങനെ?
22 യെശയ്യാവ് യഹോവയുടെ അരുളപ്പാടുകൾ തുടർന്ന് അറിയിക്കുന്നു. പ്രവാസത്തിലായിരിക്കുന്ന ഇസ്രായേല്യർ ക്ഷീണിതരായി പ്രത്യാശ കൈവെടിയുമെന്ന് അവൻ മുൻകൂട്ടി പറയുന്നു. യെശയ്യാവു പറയുന്നതു ശ്രദ്ധിക്കൂ: “സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.” (യെശയ്യാവു 49:14) അതു വാസ്തവമാണോ? യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കുകയും മറന്നുകളയുകയും ചെയ്തോ? യഹോവയുടെ വക്താവായി പ്രവർത്തിച്ചുകൊണ്ട് യെശയ്യാവ് ഇങ്ങനെ തുടരുന്നു: “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.” (യെശയ്യാവു 49:15) യഹോവയിൽ നിന്നുള്ള എത്ര സ്നേഹനിർഭരമായ പ്രതികരണം! ഒരു അമ്മയ്ക്കു തന്റെ കുഞ്ഞിനോടുള്ള സ്നേഹത്തെക്കാൾ വലുതാണ് ദൈവത്തിനു തന്റെ ജനത്തോടുള്ള സ്നേഹം. അവൻ തന്റെ വിശ്വസ്ത ജനത്തെ കുറിച്ചു നിരന്തരം ചിന്തിക്കുന്നു. തന്റെ കൈകളിൽ എഴുതിയിരിക്കുന്നു എന്നവണ്ണം അവൻ അവരുടെ പേരുകൾ ഓർമിക്കുന്നു: “ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.”—യെശയ്യാവു 49:16.
23. യഹോവ തങ്ങളെ മറക്കുകയില്ലെന്ന് ഉറച്ചു വിശ്വസിക്കാൻ പൗലൊസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചത് എങ്ങനെ?
23 ഗലാത്യർക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ് അപ്പൊസ്തലൻ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.” (ഗലാത്യർ 6:9) എബ്രായ ക്രിസ്ത്യാനികൾക്ക് അവൻ പ്രോത്സാഹജനകമായ ഈ വാക്കുകൾ എഴുതി: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) യഹോവ തന്റെ ജനത്തെ മറന്നുകളഞ്ഞെന്നു നാം ഒരിക്കലും വിചാരിക്കരുത്. പുരാതന സീയോനെ പോലെ ക്രിസ്ത്യാനികൾക്ക് ആനന്ദിക്കാനും ക്ഷമാപൂർവം യഹോവയ്ക്കായി കാത്തിരിക്കാനും നല്ല കാരണമുണ്ട്. തന്റെ ഉടമ്പടി നിബന്ധനകളും വാഗ്ദാനങ്ങളും അവൻ മുറുകെ പിടിക്കുന്നു.
24. സീയോൻ പുനഃസ്ഥാപിതമാകുന്നത് ഏതു വിധത്തിൽ, അവൾ ഏതു ചോദ്യങ്ങൾ ഉന്നയിക്കും?
24 യെശയ്യാവ് മുഖാന്തരം യഹോവ കൂടുതലായ ആശ്വാസ വചനങ്ങൾ നൽകുന്നു: ‘[സീയോനെ] നശിപ്പിക്കുന്നവർ,’ അത് ബാബിലോണിയർ ആയിരുന്നാലും വിശ്വാസത്യാഗികളായ യഹൂദരായിരുന്നാലും ശരി, മേലാൽ ഒരു ഭീഷണി ആയിരിക്കുന്നില്ല. യഹോവയോടു വിശ്വസ്തരായിരിക്കുന്ന സീയോന്റെ “മക്കൾ,” പ്രവാസത്തിലായ യഹൂദർ, “ബദ്ധപ്പെട്ടു വരുന്നു.” അവർ ‘കൂട്ടപ്പെടും.’ യെരൂശലേമിലേക്കു തിരക്കിട്ടു മടങ്ങിയെത്തുന്ന യഹൂദർ തങ്ങളുടെ തലസ്ഥാന നഗരിക്ക് ഒരു അലങ്കാരമായിരിക്കും. “ആഭരണം” അണിഞ്ഞ ‘ഒരു മണവാട്ടിയെ’ പോലെ യെരൂശലേം വിഭൂഷിതയായിരിക്കും. (യെശയ്യാവു 49:17, 18) ‘ശൂന്യമാക്കപ്പെട്ട’ സീയോന്റെ പ്രദേശങ്ങളിൽ പൊടുന്നനെ നിരവധി നിവാസികൾ വന്നെത്തുന്നതിന്റെ ഫലമായി അവിടെ പാർപ്പാൻ സ്ഥലം പോരാതെവരുന്നു. (യെശയ്യാവു 49:19, 20 വായിക്കുക.) ഈ മക്കളെല്ലാം എവിടെനിന്ന് എത്തിയെന്ന് അവൾ ചിന്തിക്കുന്നതിൽ അതിശയിക്കാനില്ല: “അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും.” (യെശയ്യാവു 49:21) മച്ചിയായിരുന്ന സീയോനെ സംബന്ധിച്ചിടത്തോളം എത്ര സന്തോഷകരമായ ഒരു അനുഭവം!
25. ആധുനിക നാളുകളിൽ ആത്മീയ ഇസ്രായേൽ എന്ത് പുനഃസ്ഥാപനമാണ് അനുഭവിച്ചത്?
25 ഈ വാക്കുകൾക്ക് ഒരു ആധുനിക നിവൃത്തിയുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ ദുഷ്കര നാളുകളിൽ ആത്മീയ ഇസ്രായേല്യർ ശൂന്യമാക്കലിന്റെയും അടിമത്തത്തിന്റെയും ഒരു കാലഘട്ടത്തിലൂടെ കടന്നുപോയി. എന്നാൽ പുനഃസ്ഥാപിക്കപ്പെട്ട അവർ ആത്മീയ പറുദീസയിൽ ആയിത്തീർന്നു. (യെശയ്യാവു 35:1-10) ഒരിക്കൽ ശൂന്യമാക്കപ്പെട്ടതായി യെശയ്യാവു വർണിച്ച നഗരം പോലെ യഹോവയുടെ സജീവ സാക്ഷികളുടെ വർധനയിൽ ഇസ്രായേലും ആനന്ദഭരിതയായി.
“വംശങ്ങൾക്കു കൊടി”
26. വിമോചിതരായ ജനത്തിന് യഹോവ എന്തു മാർഗനിർദേശം നൽകുന്നു?
26 പ്രാവചനികമായ ഒരു വിധത്തിൽ, തന്റെ ജനം ബാബിലോണിൽനിന്നു വിടുവിക്കപ്പെടുന്ന സമയത്തേക്ക് യഹോവ യെശയ്യാവിനെ കൊണ്ടുപോകുന്നു. അവർക്കു ദിവ്യ മാർഗനിർദേശം ലഭിക്കുമോ? യഹോവ ഉത്തരം നൽകുന്നു: “ഞാൻ ജാതികൾക്കു എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ തങ്ങളുടെ മാർവ്വിൽ അണെച്ചും പുത്രിമാരെ തോളിൽ എടുത്തുംകൊണ്ടു വരും.” (യെശയ്യാവു 49:22) ആദിമ നിവൃത്തിയിൽ, ഭരണ കേന്ദ്രവും യഹോവയുടെ ആലയം സ്ഥിതി ചെയ്തിരുന്നിടവുമായ യെരൂശലേം യഹോവയുടെ “കൊടി” ആയിത്തീർന്നു. ‘രാജാക്കന്മാരും’ ‘രാജ്ഞികളും’ പോലെ ജനതകളിലെ പ്രമുഖരും ശക്തരും ആയവർ പോലും മടക്കയാത്രയ്ക്ക് ഇസ്രായേല്യരെ സഹായിക്കുന്നു. (യെശയ്യാവു 49:23എ) പാർസി രാജാവായ കോരെശും അർത്ഥഹ്ശഷ്ടാവ് ലോംഗിമാനസും അവരുടെ കുടുംബവും സഹായം നൽകിയവരിൽപ്പെടുന്നു. (എസ്രാ 5:13; 7:11-26) എന്നാൽ, യെശയ്യാവിന്റെ വാക്കുകൾക്കു കൂടുതലായ നിവൃത്തിയുണ്ട്.
27. (എ) വലിയ നിവൃത്തിയിൽ ആളുകൾ ഏതു “കൊടി”യിലേക്ക് ആകർഷിക്കപ്പെടും? (ബി) സകല ജനതകളും മിശിഹായുടെ ഭരണത്തിനു കീഴ്പെടാൻ നിർബന്ധിതരാകുന്നതിന്റെ ഫലമെന്തായിരിക്കും?
27 യെശയ്യാവു 11:10 “വംശങ്ങൾക്കു കൊടിയായി” നിൽക്കുന്നവനെ കുറിച്ചു പറയുന്നു. പൗലൊസ് അപ്പൊസ്തലൻ അത് ക്രിസ്തുയേശുവിനു ബാധകമാക്കുകയുണ്ടായി. (റോമർ 15:8-12) തന്മൂലം, വലിയ നിവൃത്തിയിൽ യേശുവും അവന്റെ ആത്മാഭിഷിക്ത സഹഭരണാധിപന്മാരും യഹോവയുടെ “കൊടി”യാണ്, അതിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നു. (വെളിപ്പാടു 14:1) തക്കസമയത്ത് ഭൂമിയിലെ സകല ജനതകളും—ഇന്നത്തെ ഭരണവർഗങ്ങൾ പോലും—മിശിഹായുടെ ഭരണത്തിനു കീഴ്പെടേണ്ടിവരും. (സങ്കീർത്തനം 2:10, 11; ദാനീയേൽ 2:44) ഫലമോ? യഹോവ പറയുന്നു: “ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.”—യെശയ്യാവു 49:23ബി.
“രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു”
28. (എ) എന്തു വാക്കുകളോടെയാണ് തന്റെ ജനം വിടുവിക്കപ്പെടുമെന്ന് യഹോവ വീണ്ടും അവർക്ക് ഉറപ്പേകുന്നത്? (ബി) തന്റെ ജനത്തോട് യഹോവയ്ക്ക് ഇപ്പോഴും എന്തു പ്രതിബദ്ധതയുണ്ട്?
28 ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ഇസ്രായേല്യർ വാസ്തവമായും വിടുവിക്കപ്പെടാൻ സാധ്യതയുണ്ടോ?’ പിൻവരുന്നപ്രകാരം ചോദിച്ചുകൊണ്ട് യഹോവ ആ ചോദ്യം കണക്കിലെടുക്കുന്നു: “ബലവാനോടു അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?” (യെശയ്യാവു 49:24) ഉവ്വ് എന്നാണ് ഉത്തരം. യഹോവ അവർക്ക് ഈ ഉറപ്പേകുന്നു: “ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം.” (യെശയ്യാവു 49:25എ) എത്ര ആശ്വാസദായകമായ ഉറപ്പ്! കൂടാതെ, ജനത്തോടുള്ള യഹോവയുടെ പ്രസാദം അവരെ സംരക്ഷിക്കാനുള്ള അവന്റെ പ്രതിബദ്ധതയിൽ വ്യക്തമാണ്. യഹോവ വ്യക്തമായി ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.” (യെശയ്യാവു 49:25ബി) ആ പ്രതിബദ്ധതയ്ക്കു മാറ്റമില്ല. സെഖര്യാവു 2:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യഹോവ തന്റെ ജനത്തോട് ഇങ്ങനെ പറയുന്നു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്മണിയെ തൊടുന്നു.’ അതേ, ഭൂമിയിലുടനീളമുള്ള ആളുകൾക്ക് ആത്മീയ സീയോനിലേക്ക് ആകർഷിക്കപ്പെടാൻ അവസരമുള്ള ഒരു പ്രസാദകാലം നാം ഇപ്പോൾ ആസ്വദിക്കുകയാണ്. എന്നാൽ, ആ പ്രസാദകാലത്തിന് ഒരവസാനമുണ്ടാകും.
29. യഹോവയെ അനുസരിക്കാൻ പരാജയപ്പെടുന്നവരുടെ ഭാവി എന്തായിരിക്കും?
29 യഹോവയെ അനുസരിക്കാൻ മനഃപൂർവം വിസമ്മതിക്കുകയും അവന്റെ ആരാധകരെ പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് എന്തു സംഭവിക്കും? യെശയ്യാവ് ഇങ്ങനെ പറയുന്നു: “നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീററും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവർക്കു ലഹരി പിടിക്കും.” (യെശയ്യാവു 49:26എ) എത്ര ശോചനീയമായ അവസ്ഥ! മർക്കടമുഷ്ടിക്കാരായ അത്തരം വിരോധികൾ അധികകാലം നിലനിൽക്കില്ല. അവർ നശിപ്പിക്കപ്പെടും. അങ്ങനെ തന്റെ ജനത്തെ രക്ഷിക്കുകയും അവരുടെ ശത്രുക്കളെ നശിപ്പിക്കുകയും ചെയ്തുകൊണ്ട് യഹോവ രക്ഷകനായി കാണപ്പെടും. “യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.”—യെശയ്യാവു 49:26ബി.
30. തന്റെ ജനത്തിനായി യഹോവ എന്ത് രക്ഷാപ്രവൃത്തികൾ ചെയ്തിരിക്കുന്നു, ഭാവിയിൽ അവൻ എന്തു ചെയ്യും?
30 ബാബിലോണിയൻ അടിമത്തത്തിൽനിന്നു തന്റെ ജനത്തെ വിടുവിക്കാൻ യഹോവ കോരെശിനെ ഉപയോഗിച്ചപ്പോൾ ആ വാക്കുകളുടെ ആദ്യ നിവൃത്തിയുണ്ടായി. അതുപോലെതന്നെ, 1919-ൽ യഹോവ തന്റെ ജനത്തെ ആത്മീയ അടിമത്തത്തിൽനിന്നു മോചിപ്പിക്കാൻ സിംഹാസനസ്ഥ പുത്രനായ യേശുക്രിസ്തുവിനെ ഉപയോഗിച്ചപ്പോൾ ആ വാക്കുകൾക്കു നിവൃത്തിയുണ്ടായി. തന്മൂലം, യഹോവയെയും യേശുവിനെയും രക്ഷകന്മാരായി ബൈബിൾ വിശേഷിപ്പിക്കുന്നു. (തീത്തൊസ് 2:11-13; 3:4-6) യഹോവയാണു നമ്മുടെ രക്ഷകൻ, മിശിഹായായ യേശു അവന്റെ പ്രമുഖ “നായക”നാണ്. (പ്രവൃത്തികൾ 5:31, ഓശാന ബൈ.) വാസ്തവമായും, യേശുക്രിസ്തു മുഖാന്തരമുള്ള ദൈവത്തിന്റെ രക്ഷാ പ്രവൃത്തികൾ അത്ഭുതകരമാണ്. സുവാർത്ത മുഖാന്തരം യഹോവ, വ്യാജമതത്തിന് അടിമകളായ പരമാർഥ ഹൃദയരെ വിടുവിക്കുന്നു. മറുവിലയാഗത്തിലൂടെ അവൻ അവരെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു വിമോചിപ്പിക്കുന്നു. 1919-ൽ അവൻ യേശുവിന്റെ സഹോദരന്മാരെ ആത്മീയ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു. ആസന്നമായ അർമഗെദോൻ യുദ്ധത്തിൽ പാപികളുടെമേൽ വരാൻ പോകുന്ന നാശത്തിൽനിന്ന് വിശ്വസ്തരായ ഒരു മഹാപുരുഷാരത്തെ അവൻ വിടുവിക്കും.
31. ദൈവപ്രസാദം ലഭിക്കുന്നവർ എന്ന നിലയിൽ ക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കണം?
31 ആ സ്ഥിതിക്ക്, ദൈവപ്രസാദം ലഭിക്കുന്നവർ ആയിരിക്കുക എന്നത് എന്തൊരു പദവിയാണ്! ഈ പ്രസാദകാലം നമുക്കെല്ലാം ബുദ്ധിപൂർവം വിനിയോഗിക്കാം. റോമർക്കുള്ള പൗലൊസ് അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകൾ പിൻപറ്റിക്കൊണ്ട് നമ്മുടെ കാലത്തിന്റെ അടിയന്തിരതയ്ക്കു ചേർച്ചയിൽ നമുക്കു പ്രവർത്തിക്കാം: “ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു. രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും. മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.”—റോമർ 13:11-14.
32. ദൈവജനത്തിന് എന്ത് ഉറപ്പ് ലഭിച്ചിരിക്കുന്നു?
32 തന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നവരോട് യഹോവ തുടർന്നും പ്രീതി കാണിക്കും. സുവാർത്ത പ്രസംഗം നിർവഹിക്കാൻ ആവശ്യമായ ബലവും പ്രാപ്തിയും അവൻ അവർക്കു പ്രദാനം ചെയ്യും. (2 കൊരിന്ത്യർ 4:7) യഹോവ തന്റെ ദാസന്മാരെ, അവരുടെ നായകനായ യേശുവിനെ ഉപയോഗിക്കുന്നതു പോലെതന്നെ ഉപയോഗിക്കും. അങ്ങനെ, സുവാർത്താ സന്ദേശംകൊണ്ട് സൗമ്യരുടെ ഹൃദയത്തെ സ്പർശിക്കേണ്ടതിന് അവൻ അവരുടെ വായെ “മൂർച്ചയുള്ള വാൾപോലെ”യാക്കും. (മത്തായി 28:19, 20) അവൻ തന്റെ ജനത്തെ “തന്റെ കയ്യുടെ നിഴലിൽ” സംരക്ഷിക്കും. ‘മിനുക്കിയ അമ്പു’ പോലെ അവൻ അവരെ “തന്റെ പൂണിയിൽ” മറച്ചുവെക്കും. യഹോവ തന്റെ ജനത്തെ ഒരിക്കലും ഉപേക്ഷിക്കില്ല!—സങ്കീർത്തനം 94:14; യെശയ്യാവു 49:2, 15.
[അടിക്കുറിപ്പ്]
a “ദൈവപുത്രനും തന്റെ തല തകർക്കുന്നവൻ എന്നു മുൻകൂട്ടി പറയപ്പെട്ടിരുന്നവനും ആയ യേശുവിനെ നശിപ്പിക്കാൻ സാത്താൻ തന്നാലാകുന്നതെല്ലാം ചെയ്തു. (ഉല്പ 3:15) യേശുവിനെ ഗർഭം ധരിക്കുമെന്നു മറിയയെ അറിയിച്ചുകൊണ്ട് ഗബ്രീയേൽ ദൂതൻ അവളോട് ഇങ്ങനെ പറഞ്ഞു: ‘പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.’ (ലൂക്കൊ 1:35) യഹോവ തന്റെ പുത്രനെ കാത്തുപരിപാലിച്ചു. ശിശു ആയിരുന്നപ്പോൾ യേശുവിനെ നശിപ്പിക്കാനുള്ള സാത്താന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.”—വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്നുള്ള ഉൾക്കാഴ്ച, വാല്യം 2 (ഇംഗ്ലീഷ്), പേജ് 868.
[139-ാം പേജിലെ ചിത്രം]
യഹോവയുടെ പൂണിയിലെ ‘മിനുക്കിയ അമ്പ്’ പോലെയാണ് മിശിഹാ
[141-ാം പേജിലെ ചിത്രം]
മിശിഹാ “ജാതികൾക്കു പ്രകാശ”മായിരിക്കുന്നു
[147-ാം പേജിലെ ചിത്രം]
ഒരു അമ്മയ്ക്കു കുഞ്ഞിനോടുള്ള സ്നേഹത്തെക്കാൾ വലുതാണ് ദൈവത്തിനു തന്റെ ജനത്തോടുള്ള സ്നേഹം